ഇന്ത്യക്കാർ കൂടുതൽ 'രാജ്യദ്രോഹി'കളാകുന്നുവോ? കേസുകളുടെ എണ്ണത്തിൽ ഏറ്റവും മുന്നിൽ ഈ സംസ്ഥാനമെന്ന് കണക്കുകൾ

By Web TeamFirst Published Jan 10, 2020, 2:31 PM IST
Highlights

കണക്കുകൾ പ്രകാരം രണ്ടുവർഷത്തെ കാലയളവിനുള്ളിൽ ഇന്ത്യയിൽ രാജ്യദ്രോഹക്കുറ്റത്തിന്റെ കേസുകൾ ഇരട്ടിച്ചിരിക്കുകയാണ്. 

നാഷണൽ ക്രൈംസ് റെക്കോർഡ്‌സ് ബ്യൂറോ ഓഫ് ഇന്ത്യ -യുടെ 2018 -ലെ കണക്കുകൾ പുറത്തുവന്നിരിക്കയാണ്. ഈ കണക്കുകൾ പ്രകാരം രണ്ടുവർഷത്തെ കാലയളവിനുള്ളിൽ ഇന്ത്യയിൽ രാജ്യദ്രോഹക്കുറ്റത്തിന്റെ കേസുകൾ ഇരട്ടിച്ചിരിക്കുകയാണ്. 2016 -ൽ രാജ്യത്ത് രാജ്യദ്രോഹക്കുറ്റം ചുമത്തി 35 കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടപ്പോൾ, 2018 അത് 70 ആയി കൂടിയിട്ടുണ്ട്. രാജ്യദ്രോഹത്തിന്റെ കാര്യത്തിൽ 18 കേസുകളുമായി ഝാര്‍ഖണ്ഡ് ഒന്നാം സ്ഥാനത്താണ്. 

ആദ്യ അഞ്ചുസ്ഥാനങ്ങളിലുള്ളത് ആരൊക്കെ? 

രണ്ടാം സ്ഥാനത്ത് അസം ആണുള്ളത്. 17 രജിസ്റ്റേർഡ് കേസുകളുണ്ട് അസമിൽ. മൂന്നാം സ്ഥാനത്ത് ജമ്മു കശ്മീർ. അവിടെ രജിസ്റ്റർ ചെയ്യപ്പെട്ടത് ആകെ 12  കേസുകൾ നാലാമത് നമ്മുടെ കേരളമാണ്. ഇവിടെ രേഖപ്പെടുത്തപ്പെട്ടത് ഒമ്പത് കേസുകളാണ്. മണിപ്പൂർ നാല് കേസുകളുമായി ടോപ്പ് ഫൈവ് ലിസ്റ്റിൽ അവസാന സ്ഥാനത്തുണ്ട്. 
 
രാജ്യദ്രോഹത്തിന്റെ വിവിധവകുപ്പുകൾ പ്രകാരം കേസുകൾ 

2017 -ൽ രാജ്യദ്രോഹത്തിന്റെ 51 കേസുകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടിരുന്നത്. അതിന്റെ അമ്പത് ശതമാനം കൂടി 2018 -ൽ അത് 70 ആയി. രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് വിരുദ്ധമായി  ചെയ്യുന്ന പ്രവൃത്തികളെ ഈ നിയമപ്രകാരം ഗുരുതരമായ കുറ്റകൃത്യമായി കണക്കാക്കി വിചാരണ ചെയ്യുന്നു. സർക്കാരുകൾക്ക് വളരെ എളുപ്പത്തിൽ അവർക്കിഷ്ടമുള്ള രീതിയിൽ എങ്ങനെയും വ്യാഖ്യാനിച്ചെടുക്കാവുന്ന ഒരു നിയമമാണിത്.  പ്രസംഗം, സംഘാടനം, ലഘുലേഖ വിതരണം ചെയ്യൽ തുടങ്ങിയവയെല്ലാം ഇതിന്റെ പരിധിയിൽ വരുന്നു. പ്രസംഗം, സംഘാടനം തുടങ്ങിയവയെല്ലാം ഇതിന്റെ പരിധിയിൽ വരുന്നു. ഭരണഘടനക്ക് വിരുദ്ധമായി കലാപം ചെയ്യൽ, നിയമവിരുദ്ധമായ പ്രവർത്തനത്തിന് പ്രോത്സാഹനം ചെയ്യൽ എല്ലാം ഇതിലുൾപ്പെടുന്നതാണ്. ഐപിസി 124 എ വകുപ്പ് പ്രകരമാണ് ഇന്ത്യയിൽ രാജ്യദ്രോഹത്തെ നിർവചിച്ചിട്ടുള്ളത്. പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയി, പ്രശസ്ത ആക്ടിവിസ്റ്റായ ഡോ.ബിനായക് സെൻ, സുപ്രസിദ്ധ കാർട്ടൂണിസ്റ്റ് അസീം ത്രിവേദി, വിദ്യാർത്ഥി യൂണിയൻ നേതാവ് കനയ്യ കുമാർ, കൊൽക്കത്തയിലെ ബിസിനസുകാരനായ പിയൂഷ് ഗുഹ എന്നിവർ രാജ്യദ്രോഹകുറ്റം ചുമത്തപ്പെട്ടവരിൽ ചിലരാണ്. പല അറസ്റ്റുകളും അതാതുകാലത്ത് വൻ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. 


 

UAPA /OSA കേസുകളുടെ അവസ്ഥ

1967 -ൽ നിലവിൽ വന്ന ഒരു നിയമമാണ് UAPA. ഇന്ത്യയിൽ ഇപ്പോൾ ദേശവ്യാപകമായി നിലനിൽക്കുന്ന നിയമങ്ങളിൽ ഏറെ വിമർശിക്കപ്പെട്ട ഒന്നും ആണത്. ക്രിമിനൽ നടപടിക്രമം പ്രകാരം, കസ്റ്റഡി 15 ദിവസവും അധികമായി വാങ്ങുന്ന കസ്റ്റഡി 30 ദിവസവുമാകുമ്പോൾ യു.എ.പി.എ പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ടാൽ 30 ദിവസം സാധാരണ കസ്റ്റഡിയും 90 ദിവസം അധിക കസ്റ്റഡിയുമായി അത് നീണ്ടുപോകും. അങ്ങനെ വരുമ്പോൾ കുറ്റപത്രം പോലും സമർപ്പിക്കാതെ 180 ദിവസം വരെ കുറ്റാരോപിതരെ ജയിലിലിടാൻ കഴിയും. ഇനി കുറ്റപത്രം സമർപ്പിച്ചാലോ, വിചാരണ അനിശ്ചിതമായി വൈകി കുറ്റാരോപിതന്റെ  ജയിൽവാസം നീളും. ഫലത്തിൽ, ജാമ്യം എന്ന അടിസ്ഥാന അവകാശത്തെ പോലും ഈ നിയമം റദ്ദ് ചെയ്യുന്നു. കേരളത്തിൽ ഈയിടെ ഈ നിയമപ്രകാരം അലൻ, താഹ എന്നീ രണ്ടു യുവാക്കൾ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റുചെയ്യപ്പെട്ടതും നിരവധി ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
 


 

 2017 -ൽ UAPA ചുമത്തി രാജ്യത്ത് 901 കേസുകൾ ചാർജ് ചെയ്യപ്പെട്ടിരുന്നത്, 2018 ആയപ്പോൾ അത് 1182 ആയി വർധിച്ചു. ഒഫീഷ്യൽ സേഫ്റ്റി ആക്ട് (OSA) പ്രകാരം 2017 -ൽ 18 കേസുകൾ ചാർജ് ചെയ്തപ്പോൾ, അത് 2018 -ൽ വർധിച്ച് 40 ആയിരുന്നു. ആസാമിലാണ് UAPA ഏറ്റവും കൂടുതൽ ചുമത്തപ്പെട്ടത്, അവിടെ 308 കേസുകൾ വന്നു. മണിപ്പൂരിൽ 289,  ഝാര്‍ഖണ്ടിൽ 137 എന്നിങ്ങനെയായിരുന്നു കേസുകൾ. അത് 2017 -ൽ മണിപ്പൂരിൽ 330, ജമ്മുകാശ്മീരിൽ 156 എന്നിങ്ങനെ ആയിരുന്നു.  

കാലഹരണപ്പെട്ട നിയമങ്ങൾ, ദുരുപയോഗം വ്യാപകം 

അടുത്തകാലത്ത് മേൽപ്പറഞ്ഞ നിയമങ്ങൾ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നു എന്ന പരാതി വർധിച്ചുവരികയാണ്. ഭരിക്കുന്ന സർക്കാരുകൾക്കെതിരെ വിമർശനമുയർത്തുന്ന ബുദ്ധിജീവികൾ, മനുഷ്യാവകാശ പ്രവർത്തകർ, സിനിമാരംഗത്ത് പ്രവർത്തിക്കുന്നവർ, ആർട്ടിസ്റ്റുകൾ, യൂണിവേഴ്സിറ്റി അധ്യാപകർ,വിദ്യാർത്ഥി സംഘടനാ നേതാക്കൾ എന്നിവർക്കെതിരെ മേൽപ്പറഞ്ഞ വകുപ്പുകൾ ചുമത്തി അവരെ വേട്ടയാടുന്നു എന്ന ആക്ഷേപമുണ്ട്. 1837 -ൽ ലോർഡ് മെക്കാളെ ആണ് രാജ്യദ്രോഹക്കുറ്റം ഇന്ത്യൻ പീനൽ കോഡിൽ ഉടപ്പെടുത്തുന്നത്. ബ്രിട്ടീഷുകാർ അവർക്കെതിരെ ശബ്ദിച്ചിരുന്ന ഇന്ത്യക്കാരെ അടിച്ചമർത്താൻ ഉപയോഗിച്ചിരുന്ന ഒരു കരിനിയമമാണ് ഇത്. ഐപിസി 124 A പ്രകാരം, "ആരെങ്കിലും വാക്കുകളാലോ, (എഴുതപ്പെട്ടതോ, പറയപ്പെട്ടതോ, ഇനി ആംഗ്യഭാഷയിൽ ഉള്ളതായാൽപോലും ), ദൃശ്യങ്ങളിലൂടെയോ, മറ്റെന്തെങ്കിലും മാർഗ്ഗത്തിലൂടെയോ ഒക്കെ രാജ്യം ഭരിക്കുന്ന ഗവണ്മെന്റിനെതിരെ വെറുപ്പുത്പാദിപ്പിക്കാൻ ശ്രമിച്ചാൽ അത് രാജ്യദ്രോഹമാണ് " എന്നാണ്. UAPA , OSA തുടങ്ങിയ വകുപ്പുകളും രാജ്യദ്രോഹ വകുപ്പിനെപ്പോലെ തന്നെ ജാമ്യം കിട്ടാത്ത വകുപ്പുകളാണ്. ഈ വകുപ്പുകൾ ചാർത്തപ്പെടുന്നവർക്ക് പിന്നീട് സർക്കാർ ജോലി കിട്ടുകയില്ല. പാസ്പോർട്ട് കിട്ടാനുള്ള സാധ്യതയും വിദൂരമാകുന്നു. കേസും കോടതിയുമായി ജീവിതത്തിന്റെ നല്ലൊരു ഭാഗം തീർന്നുകിട്ടും. പ്രതിഷേധസ്വരങ്ങളെ ഭീഷണിപ്പെടുത്തി അടക്കാൻ ഈ നിയമങ്ങളെക്കാൾ നല്ല മറ്റെന്ത് ആയുധമാണുള്ളത് ?

click me!