Climate Change : ഇന്ത്യയ്ക്കും മുന്നറിയിപ്പ്, അര്‍ജന്റീന തീച്ചൂളയായി; പുറത്തിറങ്ങാനാവാതെ ജനം

By Web TeamFirst Published Jan 13, 2022, 3:15 PM IST
Highlights

വരും ദശകങ്ങളില്‍ കൂടുതല്‍ തീവ്രവുമായ ഉഷ്ണതരംഗങ്ങള്‍ക്ക് ഇന്ത്യ സാക്ഷിയാകുമെന്ന് കാലാവസ്ഥ വ്യതിയാനത്തിന്റെ കുറിച്ച് പഠിച്ച ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍ (IPCC) മുന്നറിയിപ്പ് നല്‍ക്കുന്നു.

വര്‍ഷം ചെല്ലുന്തോറും ചൂടിന്റെ തീവ്രത കൂടി വരികയാണ്. ഇടക്കിടെ വന്ന് പോകുന്ന ന്യുനമര്‍ദ്ദങ്ങള്‍ക്കോ, മഴക്കോ ഒന്നും ചുട്ടു പഴുത്ത ഭൂമിയെ തണുപ്പിക്കാന്‍ സാധിക്കുന്നില്ല. പണ്ടൊക്കെ ഏപ്രില്‍ മെയ് മാസങ്ങളിലായിരുന്നു ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെട്ടിരുന്നതെങ്കില്‍, ഇപ്പോള്‍ മാസങ്ങള്‍ക്ക് മുന്‍പേ ചൂടിന്റെ കാഠിന്യം വര്‍ധിക്കുന്നു. എന്നാല്‍ ഇതുവരെ നമ്മള്‍ അനുഭവിച്ചതല്ല, ശരിക്കുള്ള ചൂട് വരാനിരിക്കുന്നതേയുള്ളൂ എന്നാണ് ഗവേഷകര്‍ പറയുന്നത്. കാലാവസ്ഥ വ്യതിയാനം മൂലം ലോകത്തിലെ പല രാജ്യങ്ങളും അതികഠിനമായ താപത്തെയാണ് നേരിടുന്നത്.  അക്കൂട്ടത്തില്‍ ചരിത്രത്തിലൊരിക്കലും അനുഭവിക്കാത്ത ഉഷ്ണതരംഗത്തെയാണ് അര്‍ജന്റീന ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്. 40 ഡിഗ്രി സെല്‍ഷ്യസിനു മുകളിലാണ് അവിടെ താപനില.  

കൊടും ചൂടില്‍ ആ രാജ്യം തീച്ചൂളയായി മാറുകയാണ്. ചൂട് സഹിക്കാനാകാതെ ജനങ്ങള്‍ പുറത്തിറങ്ങാനാവാത്ത അവസ്ഥയാണ്. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ താപനില ഏകദേശം 45 ഡിഗ്രി സെല്‍ഷ്യസായി ഉയര്‍ന്നതോടെ, ജനസാന്ദ്രതയുള്ള തലസ്ഥാന നഗരമായ ബ്യൂണസ് അയേഴ്‌സിലും പരിസരത്തും പവര്‍ ഗ്രിഡുകള്‍ തകരാറിലായി. ഇതിനെ തുടര്‍ന്ന്, ലക്ഷക്കണക്കിന് ആളുകള്‍ വൈദ്യുതി ഇല്ലാതെ, ഇരുട്ടിലായി. ഈ അതികഠിനമായ ചൂടില്‍ വൈദ്യുതി കൂടി ഇല്ലാതായാലുള്ള അവസ്ഥ പറയേണ്ടതിലല്ലോ. 'ഞാന്‍ വീട്ടില്‍ വന്നു നോക്കുമ്പോള്‍ വൈദ്യുതി ഇല്ല. വീട് ഒരു തീ ചൂളയായിരുന്നു,' ജോസ് കാസബല്‍ പറഞ്ഞു. വെളുപ്പാം കാലത്ത് പോലും സഹിക്കാന്‍ പറ്റാത്ത ചൂടാണെന്നും, ഫാനില്‍ നിന്ന് വരുന്ന ചൂട് കാറ്റ് അസഹനീയമാണെന്നും ടൈഗ്രെയില്‍ നിന്നുള്ള ഗുസ്താവോ ബാരിയോസ് പറയുന്നു.

ഈ വരണ്ട ചൂടുള്ള കാലാവസ്ഥ മൂലം വിളകള്‍ക്കും നാശം സംഭവിക്കുന്നു. സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാനും നേരിയ വസ്ത്രങ്ങള്‍ ധരിക്കാനും ജലാംശം നിലനിര്‍ത്താനും ഭരണാധികാരികള്‍ താമസക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നുവെങ്കിലും, അത്‌കൊണ്ട് കാര്യമായ ആശ്വാസം ഒന്നും ഉണ്ടാകുന്നില്ല എന്നതാണ് വാസ്തവം. ലോകത്തിലെ ഏറ്റവും ചൂടേറിയ ഇടമായി രാജ്യം മാറുകയാണ്. 

അതേസമയം,  ഇന്ത്യയെയും കാത്തിരിക്കുന്നത് ഒട്ടും സുഖകരമായ കാലാവസ്ഥയല്ലെന്നാണ് കാലാവസ്ഥ വിദഗ്ധര്‍ പറയുന്നത്. വരും ദശകങ്ങളില്‍ കൂടുതല്‍ തീവ്രവുമായ ഉഷ്ണതരംഗങ്ങള്‍ക്ക് ഇന്ത്യ സാക്ഷിയാകുമെന്ന് കാലാവസ്ഥ വ്യതിയാനത്തിന്റെ കുറിച്ച് പഠിച്ച ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍ (IPCC) മുന്നറിയിപ്പ് നല്‍ക്കുന്നു. ചൂടിന് പുറമെ, അതിശക്തമായ മഴ, ക്രമരഹിതമായ കാലവര്‍ഷം, ഇടക്കിടെ ആഞ്ഞടിക്കുന്ന ചുഴലിക്കാറ്റ് എന്നിവയാണ് രാജ്യത്തെ കാത്തിരിക്കുന്നതെന്നാണ് കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ക്ലൈമറ്റ് ചേഞ്ച് 2021: ദി ഫിസിക്കല്‍ സയന്‍സ് ബേസിസ് എന്ന അവരുടെ   റിപ്പോര്‍ട്ടില്‍ പറയുന്നത്.  

ഇന്ത്യയും ദക്ഷിണേഷ്യയും കാലാവസ്ഥാ വ്യതിയാനത്തിന് വലിയ രീതിയില്‍ ഇരയാകുമെന്നും വിദഗ്ധര്‍ പറയുന്നു. കാട്ടുതീ, അതിശക്തമായ മഴ, വിനാശകരമായ വെള്ളപ്പൊക്കം, ചുഴലിക്കാറ്റുകള്‍ എല്ലാം നമ്മെ ബാധിച്ചേക്കാമെന്ന് ഗവേഷകര്‍ പറയുന്നു. കാലാവസ്ഥാ വ്യതിയാനം ഇതിനകം തന്നെ ഇന്ത്യയെ സാരമായി ബാധിച്ചിട്ടുണ്ട്. ഇത് സമീപ വര്‍ഷങ്ങളില്‍ വലിയ സാമ്പത്തിക, സാമൂഹിക നഷ്ടങ്ങള്‍ക്ക് വഴി ഒരുക്കിയിട്ടുണ്ട്. 1950 മുതല്‍ നോക്കിയാല്‍ മഴയുടെ കാഠിന്യം മൂന്നിരട്ടി വര്‍ധിച്ചിട്ടുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു, എന്നാല്‍ മൊത്തം ലഭിച്ച മഴയുടെ തോത് കുറയുകയും ചെയ്തു. അതുകൊണ്ട് തന്നെ, രാജ്യത്ത് കുറഞ്ഞത് ഒരു ബില്യണ്‍ ആളുകള്‍ പ്രതിവര്‍ഷം ചുരുങ്ങിയത് ഒരു മാസമെങ്കിലും കടുത്ത ജലക്ഷാമത്തെ നേരിടുമെന്ന് അനുമാനിക്കുന്നു.    

2020-ല്‍ പല നഗരങ്ങളിലും 48 ഡിഗ്രി സെല്‍ഷ്യസിന് മുകളിലുള്ള താപനില റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഉഷ്ണതരംഗങ്ങള്‍ കൂടുതല്‍ സാധാരണവും കഠിനവുമായി മാറുന്നു. 2021 ല്‍ ദ ലാന്‍സെറ്റ് പ്ലാനറ്ററി ഹെല്‍ത്ത് ജേണല്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍, കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട അസാധാരണമായ ചൂടും തണുപ്പും മൂലം ഇന്ത്യയില്‍ പ്രതിവര്‍ഷം 7,40,000 അധികമരണങ്ങള്‍ സംഭവിക്കുമെന്ന് കണക്കാക്കിയിരുന്നു. ഇത് ജീവന് ഭീഷണിയാവുക മാത്രമല്ല, രാജ്യത്തെ പട്ടിണിയുടെ വക്കിലേക്ക് തള്ളിവിടുമെന്നും, രാജ്യവ്യാപകമായി അസമത്വം വര്‍ദ്ധിപ്പിക്കുമെന്നും പറയുന്നു.  'ഇന്ത്യ ഏറ്റവും കൂടുതല്‍ കാലാവസ്ഥാ ദുരന്തങ്ങള്‍ അനുഭവിക്കുന്ന രാജ്യങ്ങളിലൊന്നായതിനാല്‍, ഭൂമിശാസ്ത്രപരമായി വിദൂരമായ കാലാവസ്ഥാ വ്യതിയാനങ്ങള്‍ പോലും നമ്മുടെ കാലവര്‍ഷത്തിനെയും, ഉഷ്ണതരംഗങ്ങളെയും മറ്റ് കാലാവസ്ഥ സാഹചര്യങ്ങളെയും തീവ്രമായി തന്നെ ബാധിക്കുമെന്ന് നാം തിരിച്ചറിയണം,' ഊര്‍ജ്ജ, പരിസ്ഥിതി, ജല കൗണ്‍സില്‍ സിഇഒ അരുണാഭ ഘോഷ് പറഞ്ഞു.  


 

click me!