ദേശീയ പൗരത്വ രജിസ്റ്റര്‍ പുറത്തുവരാന്‍ ഇനി വെറും 11 ദിവസങ്ങള്‍ മാത്രം; അസമിലെ ആ 40 ലക്ഷം പേരുടെ ഭാവി എന്താവും?

By Babu RamachandranFirst Published Aug 20, 2019, 12:56 PM IST
Highlights

അസമിലെ ജനതയെ സ്വദേശികളെന്നും വിദേശികളെന്നും രണ്ടായി ഭാഗിക്കാൻ പോകുന്ന ഈ ദേശീയപൗരത്വ രജിസ്റ്ററിനെപ്പറ്റിയുള്ള ചില സംശയങ്ങളും അവയ്ക്കുള്ള മറുപടികളുമാണ് ചുവടെ. 
 

സമിലെ ജനങ്ങൾക്ക് ഇത് ഉദ്വേഗത്തിന്റെ ദിനങ്ങളാണ്. പതിനൊന്നു ദിവസം... ഇനി ആകെ അവശേഷിക്കുന്നത് വെറും പതിനൊന്നു ദിവസങ്ങളാണ്. ദേശീയ പൗരത്വ രജിസ്റ്റർ എന്ന NRC -യുടെ അന്തിമരൂപരേഖ പ്രസിദ്ധപ്പെടുത്താൻ സുപ്രീംകോടതി വിധിച്ചിട്ടുള്ള സമയപരിധി അവസാനിക്കുന്ന ദിവസം  ഓഗസ്റ്റ് 31 ആണ്. അതിനുള്ളിൽ എല്ലാവിധ പരിശോധനകളും പൂർത്തിയാക്കി, അസമിൽ ഇന്ന് പാർക്കുന്നവരിൽ എത്രപേർ ഇന്ത്യൻ പൗരന്മാരാണ്, എത്രപേർ വിദേശികളാണ് എന്ന വിവരം  കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കോടതിയെ ബോധിപ്പിച്ചുകൊള്ളണം എന്നാണ് സുപ്രീം കോടതിയുടെ നിർദേശം. അസമിൽ തലമുറകളായി താമസിക്കുന്ന നിരവധിപേരുടെ ജീവിതങ്ങളെ മാറ്റിമറിക്കാൻ പോകുന്ന ഒന്നാണീ ദേശീയ പൗരത്വ രജിസ്റ്ററിൽ പേരുണ്ടോ, ഇല്ലയോ എന്ന ചോദ്യത്തിനുള്ള ഉത്തരം. അത് നിർഭാഗ്യവശാൽ അവരുടെ നിയന്ത്രണത്തിലല്ലെന്നു മാത്രം. കൈവശമുള്ള രേഖകളെല്ലാം തപ്പിപ്പെറുക്കിക്കൊടുത്ത് അവരിൽ പലരും കാത്തിരിക്കുകയാണ് തങ്ങൾ ഇന്ത്യൻ പൗരന്മാർ തന്നെയാണ് എന്നൊന്ന് സ്ഥാപിച്ചുകിട്ടാൻ. അസമിലെ ജനതയെ സ്വദേശികളെന്നും വിദേശികളെന്നും രണ്ടായി ഭാഗിക്കാൻ പോകുന്ന ഈ ദേശീയപൗരത്വ രജിസ്റ്ററിനെപ്പറ്റിയുള്ള ചില സംശയങ്ങളും അവയ്ക്കുള്ള മറുപടികളുമാണ് ചുവടെ. 

എന്താണീ ദേശീയ പൗരത്വ രജിസ്റ്റർ ? 

ദേശീയ പൗരത്വ രജിസ്റ്റർ അഥവാ നാഷണൽ രജിസ്റ്റർ ഓഫ് സിറ്റിസൺസ്. ചുരുക്കിപ്പറഞ്ഞാൽ NRC. എന്താണിത്? 

അസം സംസ്ഥാനത്തിന് 262 കിലോമീറ്റർ നീളത്തിൽ വളരെ വിസ്തൃതമായ ഒരു അതിർത്തിയുണ്ട് ബംഗ്ലാദേശ് എന്ന വിദേശരാജ്യവുമായി. അതിർത്തിയിൽ കാര്യമായ സുരക്ഷാസംവിധാനങ്ങളോ മതിലുകളോ വേലികളോ ഒന്നുമില്ലാത്തതുകൊണ്ട് അതിർത്തി കടന്നുകൊണ്ട് ബംഗ്ലാദേശ് സ്വദേശികളിൽ പലരും കഴിഞ്ഞ അമ്പതുകൊല്ലങ്ങളായി ഇന്ത്യയിലേക്ക് വന്നു കുടിയേറിയിട്ടുണ്ട്. ഇവർക്ക് പാസ്പോർട്ടോ, വിസയോ മറ്റു രേഖകളോ ഒന്നുമില്ല. ഒരു തൊഴിലോ, മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളോ ആഗ്രഹിച്ചോ, ചിലപ്പോഴൊക്കെ യുദ്ധക്കെടുതികളിൽ നിന്നും രക്ഷപ്പെടാനോ ഒക്കെയാണ് ഇങ്ങനെ ജനങ്ങൾ പലായനം ചെയ്ത് എത്തുന്നത്. അവരിൽ ബംഗ്ലാ ഭാഷ സംസാരിക്കുന്ന ഹിന്ദുക്കളും മുസ്ലിംകളും ഒക്കെയുണ്ടായിരുന്നു. ലക്ഷക്കണക്കിന് പേർ ഇങ്ങനെ അതിർത്തികടന്നു വന്ന് അസമിൽ താമസമായപ്പോൾ അവിടത്തെ ജനങ്ങൾക്ക് തങ്ങൾ സ്വന്തം നാട്ടിൽ അഭയാർത്ഥികളായിപ്പോകുമോ എന്ന് ഭയം തോന്നി. 1948 മുതൽക്ക് തന്നെ നാട്ടുകാർക്കിടയിൽ മുറുമുറുപ്പുണ്ടായിരുന്നു എങ്കിലും, 1971 -ൽ കിഴക്കൻ പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്ന പേരിൽ സ്വതന്ത്ര രാഷ്ട്രമായതോടെയാണ് അസമിൽ സ്വദേശികളുടെ പ്രതിഷേധം അക്രമാസക്തമാകുന്നത്.

1979 -ൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിലായിരുന്നു ഏറെക്കുറെ സായുധരീതിയിൽ തന്നെയുള്ള പ്രതിഷേധങ്ങൾ ശക്തിപ്പെടുന്നത്. അക്കൊല്ലം, ആൾ അസം സ്റ്റുഡന്റ്സ് യൂണിയൻ (AASU), ആൾ അസം ഗണ സംഗ്രാം പരിഷദ് (AAGSP) എന്നിവയുടെ നേതൃത്വത്തിൽ ആരംഭിച്ച 'അസം പ്രക്ഷോഭം' ( Assam Agitation) എന്ന പേരിൽ തുടങ്ങിയ സമരം ആറു വർഷത്തോളം നീണ്ടുനിന്നു.

ആ കലാപം 860 -ലധികം പേരുടെ ജീവനെടുത്ത ഏറെ രക്തരൂഷിതമായ ഒന്നായിരുന്നു. ഒടുവിൽ 1985 -ൽ രാജീവ്ഗാന്ധി കലാപകാരികളുടെ ഒത്തുതീർപ്പുണ്ടാക്കി. അനധികൃത കുടിയേറ്റക്കാരെ അസമിൽ നിന്ന് പുറത്താക്കാം എന്ന് രാജീവ് ഗാന്ധി തദ്ദേശീയർക്ക് ഉറപ്പു നൽകി. അങ്ങനെ ആ ഒരു വാക്കിന്റെ പുറത്ത് AASU -വും കേന്ദ്ര സംസ്ഥാന സർക്കാരുകളും തമ്മിൽ ഒപ്പുവെച്ച പരസ്പരധാരണയായ  'അസം അക്കോർഡി'ലാണ് ഇത് പര്യവസാനിക്കുന്നത്.

 

തീരുമാനമൊക്കെ എടുത്തെങ്കിലും നടപടികൾ ഇഴഞ്ഞു. അതോടെ സുപ്രീംകോടതി ഇടപെട്ടു. ഒരു രജിസ്റ്റർ രൂപീകരിക്കപ്പെട്ടു. പ്രസ്തുത രജിസ്റ്ററിൽ അസമിലെ യഥാർത്ഥപൗരന്മാരുടെ പേരുകൾ ചേർക്കപ്പെട്ടു. ഇതാണ് ഇന്ന് NRC അഥവാ ദേശീയ പൗരത്വ രജിസ്റ്റർ എന്ന പേരിലറിയപ്പെടുന്നത്. 2015 -ൽ ലെഗസി ഡാറ്റ പ്രസിദ്ധീകരിക്കപ്പെട്ടു. 

രജിസ്റ്ററിൽ പേരുചേർക്കൽ നടപടികൾ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്, ഫാലി നരിമാൻ എന്നിവരടങ്ങുന്ന ബെഞ്ച് സൂക്ഷ്മമായി പിന്തുടരുന്നുണ്ട്. NRC -യുടെ രണ്ടാം ഡ്രാഫ്റ്റ് 31 ജൂലൈ 2018 -ന് പുറത്തുവന്നു. അതിൽ ഏകദേശം മൂന്നുകോടി 29  ലക്ഷം പേര്‍ NRC -യിൽ പേരുവരാൻ വേണ്ടി അപേക്ഷ നൽകി. തങ്ങളുടെ പൗരത്വം തെളിയിക്കാൻ വേണ്ടി അവർക്ക് പന്ത്രണ്ടിനം രേഖകളിൽ ഏതെങ്കിലുമൊന്ന് ഹാജരാക്കാൻ അവസരമുണ്ടായിരുന്നു. ആ രേഖകളോടെ അപേക്ഷിച്ചവരിൽ നിന്നും രണ്ടുകോടി 89 ലക്ഷം പേർക്ക് NRC -യിൽ അംഗത്വം ലഭിച്ചു. മറ്റുള്ളവരുടെ അപേക്ഷ തള്ളിപ്പോയി.  

അപ്പോൾ ഉയരുന്ന പ്രസക്തമായ ഒരു ചോദ്യമുണ്ട്, അതാണ് രണ്ടാമത്തേത്. 

അപേക്ഷ നിരസിക്കപ്പെട്ട 40  ലക്ഷം പേരും ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത നുഴഞ്ഞുകയറ്റക്കാരാണോ?   

എല്ലാവരും അല്ല എന്നാണുത്തരം. ബന്ധുക്കളുടെ എല്ലാവരുടെയും പേരുണ്ടായിട്ടും ചിലരുടെ അപേക്ഷ നിരസിക്കപ്പെട്ടു. മുഴുവൻ കുടുംബവും വന്നിട്ടും അമ്മയോ, മുത്തച്ഛനോ ഒക്കെ NRC -ക്കു പുറത്തായ കേസുകളുണ്ട്. വിശിഷ്ട സേവാ മെഡൽ നേടിയ പട്ടാളക്കാരനും, നിയമസഭാ സാമാജികനും, എന്തിന് മുൻ രാഷ്‌ട്രപതി ഫക്രുദ്ദീൻ അലി അഹമ്മദിന്റെ അടുത്ത ചില ബന്ധുക്കളും NRC -ക്കു വെളിയിലാണ്. 

നാല്പതുലക്ഷം പേരിൽ പലരും ബംഗ്ലാദേശികൾ തന്നെയായിരിക്കാം. അനധികൃത കുടിയേറ്റക്കാർ. എന്നാൽ അതിൽ, തലമുറകളായി ഇന്ത്യയിൽ തന്നെ കഴിഞ്ഞുപോരുന്നവരായിട്ടും അധികാരികൾക്കുമുന്നിൽ ഹാജരാക്കാൻ രേഖകളൊന്നും ഇല്ലാത്തതുകൊണ്ട് രജിസ്റ്ററിൽ പേരുവരാതിരുന്ന പല ഇന്ത്യൻ പൗരന്മാരുമുണ്ട്. 

ഇന്ത്യക്കാരുടെ പൗരത്വം നഷ്ടമാകുമോ? 

ഇപ്പോൾ വന്നിട്ടുള്ളത് NRC -യുടെ കരടുരൂപം മാത്രമാണ്. ഇതിൽ പ്രശ്നങ്ങളുണ്ട് എന്ന് കേന്ദ്ര സർക്കാർ തന്നെ സമ്മതിക്കുന്നുണ്ട്. കുറവുകൾ പരിഹരിക്കും എന്നും പറയുന്നു. 2015  ഓഗസ്റ്റ് 31 -ന് മുമ്പ് അപേക്ഷിച്ചിട്ടുള്ളവരിൽ, പൗരത്വം നിരസിക്കപ്പെട്ടവർക്ക്, ഓഗസ്റ്റ് 7  മുതൽ കാരണം അപേക്ഷിച്ചാൽ കാരണം കാണിച്ചുകൊണ്ടുള്ള മറുപടി കിട്ടും. ഇവർക്ക് ഓഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 28 വരെ, രേഖകൾ പുനഃസമർപ്പിച്ച് അംഗത്വം നേടാനുള്ള അവസരമുണ്ട്. എന്നാൽ, ഇന്നുവരെ ഈ ഒരാവശ്യവും കാണിച്ചുകൊണ്ട് അപേക്ഷ സമർപ്പിക്കുകപോലും ചെയ്യാത്തവരും നിരവധിയുണ്ട്. ഉദാ. 20,000 -ലധികം വരുന്ന ട്രാൻസ്ജെൻഡറുകൾ പൗരത്വത്തിനായി ഇതുവരെ അപേക്ഷിച്ചിട്ടില്ല. അവരുടെ വിധി എന്താകും എന്നതിൽ അവ്യക്തതയുണ്ട്.

 

NRC -യിൽ പേരുവന്നില്ലെങ്കിൽ 'വിദേശി'/'നുഴഞ്ഞുകയറ്റക്കാരൻ' എന്ന് മുദ്രകുത്തപ്പെടുമോ?

ഇല്ല, ഉടനെയില്ല. ഇങ്ങനെ NRC-യിൽ പേര് വരാതെ ഇന്ത്യയിൽ തുടരുന്നവരുടെ വിഷയം തുടർന്ന് ഫോറിനേഴ്‌സ് ട്രൈബ്യുണലിന്റെ പരിഗണനയ്ക്ക് വരും. ഇന്ത്യയിൽ തങ്ങുന്ന ആരെയും 'വിദേശി' എന്ന് പ്രഖ്യാപിക്കാനുള്ള അവകാശം 'ഫോറിനേഴ്‌സ് ട്രൈബ്യുണലി'നു മാത്രമാണ്. ഇക്കാര്യത്തിൽ അന്തിമ തീരുമാനവും ട്രൈബ്യുണലിന്റേതായിരിക്കും.

അങ്ങനെ 'വിദേശി' എന്ന് പ്രഖ്യാപിക്കപ്പെട്ടാൽ നാടുകടത്തപ്പെടുമോ? 

NRC -യുടെ പശ്ചാത്തലത്തിൽ നോക്കുമ്പോൾ 'വിദേശി' എന്ന വാക്കിനർത്ഥം  'ബംഗ്ലാദേശി' എന്നാണ്. ഒന്നുകൂടി കൃത്യമായിപ്പറഞ്ഞാൽ, ഇതുവരെ മനസ്സിലാക്കപ്പെട്ടിരിക്കുന്ന അർത്ഥം അതാണ്. എന്നാൽ, കഴിഞ്ഞ ദിവസം, ബംഗ്ലാദേശിന്റെ വാർത്താവിതരണവകുപ്പുമന്ത്രി ഹസ്സൻ ഉൾ ഹഖ് പറഞ്ഞത്, NRC-യും, നുഴഞ്ഞുകയറ്റവും, 'വിദേശി'യും ഒക്കെ ഇന്ത്യയുടെ ആഭ്യന്തരവിഷയങ്ങളാണ്, അതിലൊന്നും ബംഗ്ലാദേശ് ഇടപെടില്ല എന്നാണ്. എന്നുവെച്ചാൽ, വിദേശികൾ എന്ന് ഇന്ത്യൻ സർക്കാർ മുദ്രകുത്തുന്നവരെ തിരിച്ച് ബംഗ്ലാദേശിലേക്ക് പ്രവേശിപ്പിക്കില്ല എന്ന് സാരം. NRC -യെ ഒരു 'ദണ്ഡനോപാധി' (Punitive Measure)യായി ഉപയോഗിക്കരുത് എന്നാണ് സുപ്രീംകോടതിയും നിർദ്ദേശിച്ചിട്ടുള്ളത്. അപ്പോൾ ഒരു കാര്യം വ്യക്തമാണ്. 'വിദേശി' എന്ന് സംശയലേശമെന്യേ തെളിഞ്ഞാൽപ്പോലും ഒരു വ്യക്തിയുടെ കാര്യത്തിൽ എടുക്കേണ്ട നടപടികൾ പോലും ഏറെ ജടിലമാണ്. ആഭ്യന്തര വകുപ്പ് 2018 -ൽ ലോക്സഭയിൽ നൽകിയ ഒരു സത്യവാങ്മൂലത്തിൽ പറഞ്ഞത് 2016-18 കാലയളവിൽ അസമിൽ നിന്ന് ആകെ തിരിച്ചയക്കാനായത് 39 അനധികൃത കുടിയേറ്റക്കാരെ മാത്രമാണ് എന്നായിരുന്നു. 

അപ്പോൾ ഈ 'വിദേശികളെ' തിരിച്ച് ബംഗ്ലാദേശിലേക്ക് നാടുകടത്താൻ സാധിച്ചില്ലെങ്കിൽ പിന്നെ അവരെ ഇവിടെ എന്ത് ചെയ്യും? 

ഇക്കാര്യത്തിൽ പ്രഥമദൃഷ്ട്യാ രണ്ടുപായങ്ങളാണുള്ളത്. ഒന്ന്, അവരെ ഡിറ്റൻഷൻ ക്യാമ്പുകളിൽ പാർപ്പിക്കുക. ഇതിന് നയപരമായ വിമുഖത കേന്ദ്രസർക്കാരിനുണ്ടെങ്കിലും, കൃത്യമായ ഒരു തീരുമാനം ഇതുവരെ കൈക്കൊണ്ടിട്ടില്ല. രണ്ട്, ഇത്തരത്തിലുള്ള അനധികൃത കുടിയേറ്റക്കാർക്ക് ബയോമെട്രിക് ആയ ഒരു വർക്ക് പെർമിറ്റ് ഏർപ്പെടുത്തുക. ആധാർ കാർഡുപോലെ ഒന്ന്. അതെന്താവും എന്നത് ഇപ്പോഴും ചർച്ചകളിലാണ്. തീരുമാനമൊന്നും ഇക്കാര്യത്തിലും ഉണ്ടായിട്ടില്ല. 

ഇപ്പോഴത്തെ അവസ്ഥയിൽ 'വിദേശികൾ' എന്ന് ചാപ്പകുത്തപ്പെടുന്നവർക്ക് ഇനി വോട്ടുചെയ്യാൻ സാധിക്കുമോ? 

ഈ നാൽപതു ലക്ഷത്തിൽ വോട്ടേഴ്‌സ് ലിസ്റ്റിൽ പേരുള്ളവരുണ്ട്. ഇലക്ഷൻ ഐഡി കയ്യിലുള്ളവരുണ്ട്. NRC -യിൽ പേര് വരാത്ത, വോട്ടേഴ്‌സ് ലിസ്റ്റിൽ പേരുള്ളവരുടെ മേൽ നിരീക്ഷണം ഏർപ്പെടുത്താൻ ഉദ്ദേശ്യമുണ്ടെങ്കിലും അവർക്ക് വോട്ടവകാശം നിഷേധിക്കാനുള്ള തീരുമാനമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.

 

രാജ്യത്ത് വിദേശികൾക്ക് സ്ഥിരമായി തങ്ങാമോ ഇല്ലയോ? തൊഴിലുകളിൽ ഏർപ്പെടാമോ ഇല്ലയോ? ഇതൊന്നും അത്ര എളുപ്പത്തിൽ ഉത്തരം പറയാവുന്ന ചോദ്യങ്ങളല്ല. വടക്കുപടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ പലയിടത്തും തിബത്തിൽ നിന്നുള്ള പൗരന്മാർ താമസമുണ്ട്. അവർ വിദേശികളാണ്, അതേസമയം അഭയാർത്ഥികളും. അതുപോലെത്തന്നെ ശ്രീലങ്ക വിട്ടുവരുന്ന തമിഴ് വംശജരും, പാകിസ്ഥാൻ വിട്ടുവരുന്ന ഹിന്ദുക്കളും ഒക്കെയുണ്ട്. അവരെ അഭയാർത്ഥികളായി ഔപചാരികമായി അംഗീകരിച്ചിട്ടില്ല എങ്കിലും, അവർ ഇന്നും ഇന്ത്യൻ മണ്ണിൽ കഴിയുന്നുണ്ട്. അതുപോലെതന്നെ, ഇന്ത്യക്കാർ അല്ലാതിരുന്നിട്ടും, ഇവിടെ തൊഴിലെടുക്കുന്ന നിരവധി  നേപ്പാളികളും ഉണ്ട്. അവർക്കെതിരെയും പൊതുജനവികാരം ഉയർന്നിട്ടില്ല ഇതുവരെ. എന്നാൽ, അസമിൽ സ്ഥിതിഗതികൾ വ്യത്യസ്തമാണ്. അസമിലേക്ക് നടന്ന അനധികൃത കുടിയേറ്റം വളരെ വലുതായിരുന്നു. ദശാബ്ദങ്ങളായി അത് യാതൊരു നിയന്ത്രണവുമില്ലാതെ തുടർന്നത് പ്രദേശത്തിന്റെ സ്വഭാവം തന്നെ മാറ്റിമറിച്ചു. അത് അവിടെ കലാപങ്ങളുണ്ടാക്കി. നൂറുകണക്കിനുപേർ കൊല്ലപ്പെട്ടു. ആ ഒരു പരിപ്രേക്ഷ്യത്തിൽ വേണം അസം NRC വിഷയത്തെ കാണാൻ. 

ആരൊക്കെയാണ് യഥാർത്ഥ അസം നിവാസികൾ. ആരൊക്കെയാണ് അനധികൃതമായി കുടിയേറിയവർ. നുഴഞ്ഞുകയറ്റക്കാർ ആരൊക്കെ. ഇങ്ങനെ നെല്ലും പതിരും തിരിച്ചുകൊണ്ടുള്ള ഒരു ലിസ്റ്റ് ഇപ്പോൾ ഏറെക്കുറെ തയ്യാറായി വരുന്നു. അതിൽ അപാകതകൾ ഏറെയുണ്ട്. ലിസ്റ്റിൽ നിന്നും പുറത്താക്കപ്പെട്ട് ഭാവി തുലാസിലായതിന്റെ പേരിൽ മാത്രം അസമിൽ നിരവധി ആത്മഹത്യകൾ നടന്നു.

 

പലരോടും നീതികാട്ടാൻ ഈ പ്രക്രിയക്ക് സാധിച്ചിട്ടില്ല എന്ന് വെളിപ്പെടുത്തുന്ന വ്യക്തിപരമായ അനുഭവസാക്ഷ്യങ്ങൾ അനുദിനം മാധ്യമങ്ങളിലൂടെ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഒരുപക്ഷേ, ഏതൊരു രാജ്യത്തും നടക്കുന്ന ഇത്തരത്തിലൊരു വ്യവച്ഛേദനപ്രക്രിയയിൽ യാദൃച്ഛികമായി സംഭവിച്ചേക്കാവുന്ന നാശനഷ്ടങ്ങളാകാം ഇതും. എന്നാൽ, അതിനെയൊക്കെ മനുഷ്യത്വത്തോടെ പരിചരിക്കാനുള്ള ധാർമികമായ ബാധ്യത ഗവണ്മെന്റുകൾക്കുണ്ട്. പരാതികൾ ക്ഷമയോടെ കേൾക്കാനും, അർഹിക്കുന്ന നീതി ലഭ്യമാക്കാനും സാധിക്കണം. കാരണം, ഇവിടെ തീരുമാനിക്കപ്പെടുന്നത് മനുഷ്യജീവിതങ്ങളുടെ ഭാവിയാണ്. തിടുക്കം കൂടാതെ, തികഞ്ഞ വിവേകത്തോടെ മാത്രം കൈക്കൊള്ളപ്പെടേണ്ടതാണ് ഈ തീരുമാനങ്ങൾ!

click me!