ജയ് ഭീം ഇവര്‍ക്കൊരു സിനിമയല്ല, ജീവിതം തന്നെയാണ്!

By Web TeamFirst Published Nov 4, 2021, 6:57 PM IST
Highlights

സൂര്യ നായകനായ ജയ് ഭീം സിനിമയിലെ ഇരുള സമുദായത്തിന്റെ ജീവിതാവസ്ഥകള്‍. പ്രതീക്ഷ എന്നൊന്ന് ബാക്കിയില്ലാത്ത അവരുടെ കണ്ണുകളിലെ നിശ്ശൂന്യത.   മഞ്ജുഷ തോട്ടുങ്ങല്‍ എഴുതുന്നു

ഉള്ളിലാകെ ബ്ലേഡ് കൊണ്ട് വരിയുന്നതുപോലുള്ള ഒരു കാഴ്ചാനുഭവമായിരുന്നു സൂര്യ നായകനായ ജയ് ഭീം എന്ന സിനിമ. 1993 -ല്‍ തമിഴ്നാട്ടില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ ആധാരമാക്കിയാണ് 2021 ല്‍ -ജയ് ഭീം പുറത്തിറങ്ങുന്നത്. ജാതിയും ഉച്ചനീചത്വവും ചേര്‍ന്ന് മനുഷ്യരെ പുഴുക്കളെപ്പോലെ ട്രീറ്റ് ചെയ്യുന്ന തമിഴകത്തിന്റെ യാഥാര്‍ത്ഥ്യം കണ്ടറിഞ്ഞവര്‍ക്കുപോലും ഞെട്ടലുണ്ടാക്കുന്നതാണ് ആ ചലച്ചിത്രത്തിന്റെ കാഴ്ചാനുഭവം. ആര്‍ക്കും വേണ്ടാത്ത മനുഷ്യര്‍ക്കുവേണ്ടി ചന്ദ്രു എന്ന ആക്ടിവിസ്റ്റായ അഭിഭാഷകന്റെ വേഷമിട്ട്, സൂര്യ നടത്തുന്ന നിയമപോരാട്ടങ്ങള്‍ കണ്ടുകൊണ്ടിരിക്കെ മനസ്സിലാകെ കലങ്ങിമറിഞ്ഞത് തമിഴ്‌നാട്ടിലെ പഠനകാലമായിരുന്നു. അവിടെക്കണ്ട ഇരുള വിഭാഗത്തില്‍പെട്ട മനുഷ്യര്‍. പ്രതീക്ഷ എന്നൊന്ന് ബാക്കിയില്ലാത്ത അവരുടെ കണ്ണുകളിലെ നിശ്ശൂന്യത. 

 

 

പുന്നയ്പ്പാക്കത്തെ ഇരുളര്‍

തമിഴ്‌നാട് രാജീവ് ഗാന്ധി നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലായിരുന്നു ഞാന്‍ എം എസ് ഡബ്ല്യൂ പഠിച്ചത്. 2020 -ലായിരുന്നു അത്. ഫീല്‍ഡ് വര്‍ക്കിന്റെ ഭാഗമായാണ് അന്ന് ഞങ്ങള്‍ തിരുവള്ളൂര്‍ ജില്ലയിലെ പുന്നയ്പ്പാക്കം എന്ന ഗ്രാമം സന്ദര്‍ശിക്കുന്നത്. മെഡിക്കല്‍ ക്യാമ്പും കുട്ടികള്‍ക്കുള്ള സ്‌കില്‍ ഡെവലപ്‌മെന്റ് ക്ലാസുകളും സംഘടിപ്പിക്കുന്നതിനിടയ്ക്ക് പുന്നയ് മിഡില്‍ സ്‌കൂള്‍ ഹെഡ് ടീച്ചര്‍ ജയന്തിയാണ് ഇരുള സമുദായത്തെക്കുറിച്ച് പറയുന്നത്. അങ്ങനെയാണ് ഇരുള വിഭാഗത്തിലെ മനുഷ്യരെ കാണുന്നതും അറിയുന്നതും. 

പുന്നയ്പ്പാക്കം എന്ന കര്‍ഷക ഗ്രാമത്തിന്റെ പുറമ്പോക്ക് ഭൂമിയില്‍ പാലത്തോട് ചേര്‍ന്നുള്ള പാഴ്‌നിലത്തിലാണ് പത്തോളം ഇരുള കുടുംബങ്ങള്‍ താമസിച്ചിരുന്നത്. അടുത്തൊന്നും മറ്റു വീടുകളോ കുടുംബങ്ങളോ ഒന്നുമില്ല. അങ്ങോട്ടുള്ള വഴികള്‍ പോലും തീര്‍ത്തും വിജനം. മണ്ണും പനയോലയും കൊണ്ടുണ്ടാക്കിയ, കഷ്ടിച്ച് കുനിഞ്ഞു മാത്രം കയറാനൊക്കുന്ന നാല് കുടിലുകള്‍.  അവിടെ പത്തു സ്ത്രീകളും പത്തു കുട്ടികളും ഏഴ് പുരുഷന്മാരുമുള്‍പ്പടെ ഇരുപത്തിയേഴ് പേര്‍. 

കഴിഞ്ഞ പത്തു വര്‍ഷമായി അവരവിടെയാണ് ജീവിക്കുന്നത്. വെള്ളമോ, വൈദ്യുതിയോ, സ്വന്തമായി ഭൂമിയോ, തിരിച്ചറിയല്‍ രേഖകളോ ഒന്നും അവര്‍ക്കില്ല. ഏത് നിമിഷവും അടിച്ചിറക്കപ്പെടാമെന്ന ഭീതിയിലാണ് പത്തു വര്‍ഷങ്ങള്‍  അവര്‍ തള്ളി നീക്കിയത്. അതിനുശേഷമുള്ള കാലത്തും അതുതന്നെയാവും അവരുടെ അവസ്ഥ. 

 

 

ജാതി എന്ന യാഥാര്‍ത്ഥ്യം

പുന്നയ്പ്പാക്കത്തിന്റെ  സമീപ ഗ്രാമങ്ങളില്‍  നിന്ന് പലപ്പോഴായി അടിച്ചിറക്കപ്പെട്ടവരായിരുന്നു ആ ഇരുളര്‍. വായിച്ചും കേട്ടുമുള്ള അറിവുകള്‍ വെച്ച് ഇരുളര്‍ പാമ്പിനെയും എലികളെയും പിടിച്ചു ഉപജീവനം നടത്തുന്നവരാണ്. എന്നാല്‍ സംസാരിച്ചു തുടങ്ങിയപ്പോള്‍ അവരാ കാര്യം പറഞ്ഞു, ഇപ്പോള്‍ അവരിലാരും പാമ്പു പിടുത്തതിന് പോകുന്നില്ല. പുരുഷന്മാരെല്ലാം തൊട്ടടുത്ത റെഡ് ഹില്‍സ് റൈസ് മില്ലില്‍ കുറഞ്ഞ വേതനത്തിന് ജോലിക്ക് പോകുന്നു. സ്ത്രീകള്‍  മിക്കപ്പോഴും വീട്ടില്‍ തന്നെ. ചിലര്‍ മാത്രം കൃഷിപ്പണിക്കു പോവുന്നു. മറ്റുചിലര്‍ കല്യാണ മണ്ഡപത്തില്‍ വല്ലപ്പോഴും കിട്ടുന്ന ജോലി ചെയ്യുന്നു. 

അവിടെ ആകെയുള്ളത് പത്ത് കുട്ടികളാണ്. അവരില്‍ നാല് കുട്ടികള്‍ മാത്രമാണ് സ്‌കൂളില്‍ പോകുന്നത്. അതില്‍ തന്നെ സ്ഥിരമായി സ്‌കൂളില്‍ പോകുന്നത് ഒന്നോ രണ്ടോ പേര്‍ മാത്രം. കാലം 2020 ആണ്. എന്നിട്ടും എന്ത് കൊണ്ടായിരിക്കും ആ കുട്ടികള്‍ സ്‌കൂളില്‍ പോകാത്തത്? എന്തു കൊണ്ടാണ് പുരുഷന്മാര്‍ കുറഞ്ഞ വേതനത്തില്‍ ജോലി ചെയ്യേണ്ടി വരുന്നത? സ്ത്രീകള്‍ പട്ടിണി കിടന്നാലും ജോലിക്ക് പോകാതിരിക്കുന്നത് എന്തു കൊണ്ടാണ്? 

എല്ലാ ചോദ്യത്തിനും ഒരുത്തരമേ ഉള്ളു-ജാതി!

തമിഴ്‌നാട്ടില്‍ വന്ന് ആദ്യ രണ്ടാഴ്ച കൊണ്ട് തന്നെ മനസിലാക്കിയ കാര്യമാണ് ദാരിദ്ര്യത്തേക്കാളും കുടിവെള്ള ക്ഷാമത്തെക്കാളുമൊക്കെ ഈ നാടിന്റെ പ്രധാന പ്രശ്‌നം ജാതി ആണെന്നത്. സവര്‍ണനും അവര്‍ണനും തമ്മില്‍ മാത്രമല്ല ഇവിടെ ജാതിപ്രശ്‌നം. ഓരോ ജാതിയിലും എണ്ണമറ്റ ഉപജാതികള്‍. അവര്‍ക്കിടയില്‍ സംഘര്‍ഷങ്ങള്‍, വാക്ക്തര്‍ക്കങ്ങള്‍, കൊലവിളികള്‍. 

കാമ്പസിലെ തമിഴ് സുഹൃത്തുക്കളേറെയും ജാതിയെ കുറിച്ച് വീറോടെ സംസാരിച്ചു. ജാതിയെ ചൊല്ലിയുള്ള പ്രശ്‌നങ്ങളില്‍ അവര്‍ അത്രമേല്‍ ആശങ്കാകുലരാണെന്ന് തോന്നി. ജാതി കേന്ദ്രമാക്കി അടിമയെയും ഉടമയേയും ഉരുവാക്കുന്ന സമൂഹം. കണക്കുകളില്‍ പോലും പെടാത്ത എണ്ണമറ്റ ദുരഭിമാനക്കൊലകള്‍-സത്യത്തിലവ ജാതിക്കൊലകള്‍ തന്നെയാണ്. 

 


 

സമുദായക്കൊടി പാറുന്ന ദേശങ്ങള്‍

തമിഴ്‌നാട്ടില്‍ സ്വന്തം നിലമുള്ള ദലിത് വിഭാഗക്കാര്‍ വളരെ കുറവാണ്. ഫീല്‍ഡ് വര്‍ക്കിന്റെ ഭാഗമായി പോയ ആറണി ഗ്രാമത്തില്‍ സ്വന്തമായി ഭൂമിയുള്ള പട്ടികജാതി വിഭാഗത്തില്‍ പെടുന്ന കര്‍ഷകരെ കണ്ടു. അടുത്ത ഗ്രാമത്തിലെ മേല്‍ജാതിക്കാര്‍ വേലി കെട്ടിയും വഴി തടഞ്ഞും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു എന്നായിരുന്നു ആ കര്‍ഷകരുടെ പരാതി. പുന്നപ്പാക്കം വില്ലേജിലേക്ക് ചെന്നപ്പോഴാകട്ടെ ഓരോ വീടിനു മുകളിലും സമുദായക്കൊടി പാറുന്നുണ്ടായിരുന്നു. വാഹനങ്ങള്‍ക്ക് പോലും ആ നിറം. റൂറല്‍ ക്യാമ്പിന് തിരഞ്ഞെടുത്ത പൊന്നൂരില്‍ ചായക്കടകളില്‍ ജാതി അടിസ്ഥാനത്തില്‍ പ്രത്യേകം പ്രത്യേകം ഗ്ലാസ്സുകള്‍. ഒരു വശത്തു ജാതിയുടെ പേരില്‍ വെട്ടും കുത്തും കൊലയുമായി നടക്കുന്ന മനുഷ്യരെയാണ് കണ്ടത്. മറുവശത്ത് വീട്ടിലൊരു കക്കൂസില്ലാത്തതിനാല്‍ ഞങ്ങളെ വീട്ടിലേക്ക് ക്ഷണിക്കാന്‍ മടിച്ച സഹപാഠിയുടെ കണ്ണീരു കണ്ടു. 

കൊറോണക്കാലത്ത് ആശുപത്രികളില്‍ പോലും ജാതിപ്പേരില്‍ ചികിത്സ നിഷേധിക്കുന്നതായാണ് കേട്ടറിഞ്ഞത്. ദ്രാവിഡ രാഷ്ട്രീയത്തിന്റെയും പെരിയോറിന്റെയും എണ്ണമറ്റ പോരാട്ടങ്ങളുടെയും ദേശമായ ഇവിടെ ഇങ്ങനെയെങ്കില്‍ എത്ര ഭീകരമായിരിക്കണം ഉത്തരേന്ത്യന്‍ ഉള്‍ഗ്രാമങ്ങളെന്ന് ഓര്‍ത്തുപോയി. സത്യത്തില്‍, ഇതാണ് ഇന്ത്യ. കേരളം പോലൊരിടത്തിരുന്ന് ചിന്തിക്കുമ്പോള്‍ നമുക്കിതൊക്കെ വെറും കെട്ടുകഥകള്‍ ആയി തോന്നാം. പക്ഷെ ബെന്യാമിന്‍ എഴുതിയത് പോലെ കെട്ടുകഥകളേക്കാള്‍ വിചിത്രമായ ജീവിതങ്ങള്‍ ജീവിക്കുന്ന മനുഷ്യരുടെ നാടാണ് ഈ ഇന്ത്യ.

എന്നാല്‍ നമ്മളീ പറയുന്ന വിചിത്ര ജീവിതങ്ങളില്‍ പോലും പെടാതെ, പുറന്തള്ളപ്പെട്ടു കഴിയുന്നവരാണ് ഇരുളര്‍ അടങ്ങുന്ന തമിഴ് നാട്ടിലെ ഗോത്രവിഭാഗങ്ങള്‍. കാടുകളില്‍നിന്നും പുറത്താക്കപ്പെട്ടവരാണ് അവര്‍. പിന്നീട് നാട് വളരുമ്പോള്‍ അവരുടെ ഇടം ചുരുങ്ങിച്ചുരുങ്ങി വന്നു. കാലങ്ങളായി കഴിയുന്ന ഇടങ്ങളില്‍ നിന്നും ആട്ടിയിറക്കിയും അയിത്തവും തൊട്ടു കൂടായ്മയും കല്‍പ്പിച്ചും കുറഞ്ഞ കൂലിക്ക് പട്ടിയെ പോലെ പണിയെടുപ്പിച്ചും എല്ലാത്തിനുമുപരി കള്ളക്കേസുകളില്‍ കുടുക്കിയും അവരെ പൊതു സമൂഹം വേട്ടയാടിക്കൊണ്ടേയിരിക്കുന്നു. ചൂഷണം ചെയ്തു കൊണ്ടേയിരിക്കുന്നു. ആ ഗ്രാമങ്ങളിലൂടെ സഞ്ചരിച്ച ദിവസങ്ങളില്‍ വല്ലാത്തൊരു മുറിവായി ഈ യാഥാര്‍ത്ഥ്യം മുന്നില്‍നിന്നു. 

കാര്യം ഇങ്ങനെയൊക്കെയാണ്. പക്ഷേ, എന്തു ചെയ്യാനാവും? ഞങ്ങളെല്ലാവരും ആേലാചിച്ചത് ആ കാര്യമാണ്. അങ്ങനെയാണ് ആദിവാസി സോഷ്യല്‍ സര്‍വീസ് എജുക്കേഷനല്‍ ട്രസ്റ്റിന്റെ മാനേജിങ് ട്രസ്റ്റിയായ സ്വര്‍ണ്ണലത എന്ന സമൂഹ്യ പ്രവര്‍ത്തകയില്‍ എത്തിയത്.  ഏറെക്കാലം ഇരുള കമ്മ്യൂണിറ്റിക്ക് വേണ്ടി പ്രവര്‍ത്തിച്ച ഒരാളാണ് അവര്‍. പുന്നൈ ഗ്രാമം അടങ്ങുന്ന  തിരുവള്ളൂര്‍ ഉള്‍പ്പടെയുള്ള ചുരുക്കം ജില്ലകളില്‍, പ്രാന്ത പ്രദേശങ്ങളില്‍ കഴിഞ്ഞുപോരുകയാണ് ഇരുളര്‍ എന്നാണ് സ്വര്‍ണ്ണലതയില്‍നിന്നും അറിഞ്ഞത്. 

രേഖകള്‍ക്ക് പുറത്തായതിനാല്‍, അവരുടെ പൂര്‍ണമായ കണക്കുകളോ വിവരങ്ങളോ ഒന്നും ലഭ്യമല്ല. യാതൊരു തിരിച്ചറിയല്‍ രേഖകളുമില്ലാത്ത അവരുടെ പ്രശ്‌നങ്ങള്‍ പുറത്തേക്ക് കൊണ്ടു വരുന്നതും എളുപ്പമല്ല. എങ്കിലും വിദ്യാര്‍ത്ഥികള്‍ എന്ന നിലക്ക്, അവരുടെ പേരും ഫോട്ടോയുമെല്ലാം ശേഖരിച്ച്  ആധാര്‍ കാര്‍ഡിന് അപേക്ഷ തയ്യാറാക്കി തിരുവള്ളൂര്‍ കലക്ടറേറ്റില്‍ നല്‍കാന്‍ അവര്‍ നിര്‍ദ്ദേശിച്ചു. അതിനുള്ള ശ്രമങ്ങള്‍ക്കിടെ പക്ഷേ, ഞങ്ങളുടെ ജീവിതമാകെ മാറി. കൊവിഡ് എല്ലാം മാറ്റിമറിച്ചു. കാമ്പസ് അടച്ചു പൂട്ടി. ഞങ്ങളെല്ലാം വീടുകളിലേക്ക് മടങ്ങി. പിന്നെയൊരിക്കലും ഞങ്ങള്‍ക്കവിടേക്ക് മടങ്ങി ചെല്ലാനായില്ല.

 

 

ഇവിടെ ഇനിയുമുണ്ട് സെങ്കേനിമാര്‍

ജയ് ഭീം പോലുള്ള സിനിമകള്‍ ശക്തമായ രാഷ്ട്രീയം പറഞ്ഞു നിര്‍ത്തുമ്പോള്‍ രോമാഞ്ചവും നെഞ്ച് കലങ്ങുന്ന വേദനയും മാത്രമല്ല ദശകങ്ങള്‍ക്കിപ്പുറവും കാര്യങ്ങള്‍ക്ക് വലിയ മാറ്റമൊന്നുമില്ലെന്ന തിരിച്ചറിവാണ് നമുക്കുണ്ടാവേണ്ടത്. കാടാണ് അവരുടെ ഇടം. അവിടെനിന്നാണ് അവരെ ആദ്യം കുടിയൊഴിപ്പിച്ചത്. കാടു കയ്യേറ്റക്കാരായും പശ്ചിമ ഘട്ടം നശിപ്പിക്കുന്നവരായുമൊക്കെ ചിത്രീകരിച്ചാണ് അവരെ കാട്ടില്‍നിന്നിറക്കി വിട്ടത്്. നാട്ടില്‍ വന്നപ്പോഴോ? നിങ്ങള്‍ക്കെന്താണ് നാട്ടില്‍ കാര്യം എന്ന ചോദ്യമാണ് അവര്‍ നേരിട്ടത്. കാടുകളിലും മലകളിലുമാണ് ജീവിക്കേണ്ടതെന്ന് പറഞ്ഞാണ് നാട്ടില്‍നിന്നും അവരെ ആട്ടിയോടിച്ചത്. ഇതിനിടയില്‍ ചൂഷണം ചെയ്തും ചോരതുപ്പുംവരെ പണിയെടുപ്പിച്ചും അവരെ കൊണ്ട് ലാഭമുണ്ടാക്കാന്‍ തക്കം നോക്കിയിരിക്കുന്ന  കോര്‍പ്പറേറ്റുകളും മേലാളന്മാരും ഭരണകൂടവും. കൊന്ന് ചോര കുടിക്കാന്‍ തക്കം പാര്‍ത്തു നില്‍ക്കുന്ന പൊതുസമൂഹം. സെങ്കേനിയെ പോലുള്ള എത്രയോ മനുഷ്യര്‍ക്ക് ഇന്നും ഇതാണ് ജീവിതം. 

രണ്ട് ദിവസമായി നമ്മുടെയൊക്കെ സ്റ്റാറ്റസുകളില്‍ കാണുന്ന ജയ് ഭീമിലെ  ആ രംഗമില്ലേ. അങ്ങനെയൊന്നു നടക്കണമെങ്കില്‍ ഇനിയും ഒരു നൂറു കൊല്ലങ്ങള്‍കൂടി കഴിയേണ്ടി വരും. ചിലപ്പോള്‍ അതിനേക്കാളേറെ വര്‍ഷങ്ങള്‍. മനുഷ്യര്‍ കൂടുതല്‍ കൂടുതല്‍ ജാതിയിലേക്കും മതത്തിലേക്കുമൊക്കെ ചുരുങ്ങുന്നൊരു കാലത്ത് കാര്യങ്ങള്‍ മാറുക എന്നത് ഒട്ടും എളുപ്പമല്ല.  

അതിനാല്‍, ആ മനുഷ്യര്‍ ഇന്നും ജീവിക്കുന്നുണ്ടെന്ന് നമുക്ക് തിരിച്ചറിയാം. സെങ്കേനിയോടും മണികണ്ഠനോടും സഹതാപമല്ല സഹജീവി സ്‌നേഹമാണ് വേണ്ടതെന്നു മനസിലാക്കാം. ചന്ദ്രു അവരെ സഹായിക്കുകയല്ല, അവരുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ കൂടെ നില്‍ക്കുകയാണ് ചെയ്തതെന്ന് തിരിച്ചറിയാം. നാളെ അങ്ങനെ ആരുടേയുമെങ്കിലുമൊക്കെ ശബ്ദമാകാന്‍ നമുക്കൊരോരുത്തര്‍ക്കും സാധിക്കണം എന്ന് സ്വയം ബോധ്യപ്പെടുത്താം. 
 

click me!