നിരവധി പ്രണയങ്ങള്‍; മുന്‍ ഭാര്യ പാതി ഇന്ത്യക്കാരി; പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ വിശേഷങ്ങള്‍

By Web TeamFirst Published Jul 23, 2019, 6:21 PM IST
Highlights

ഇന്ത്യൻ ഭക്ഷണത്തോട് വല്ലാത്ത പ്രിയമുള്ള ബോറിസ് ഇന്ത്യൻ സംസ്കാരവുമായും എളുപ്പം യോജിച്ചുപോയിരുന്നതായി അദ്ദേഹത്തിന്റെ മുൻ പത്നിയുടെ ബന്ധുക്കളും സാക്ഷ്യപ്പെടുത്തുന്നുണ്ട്.

ബോറിസ് ജോൺസൺ ബ്രിട്ടന്റെ പ്രധാനമന്ത്രിയാകുന്നതോടെ, ചരിത്രം രചിക്കപ്പെടുകയാണ്. ഇന്ത്യയുമായി ഇത്രയ്ക്ക് അടുത്ത ബന്ധങ്ങളുള്ള മറ്റൊരു പ്രധാനമന്ത്രി ബ്രിട്ടീഷ് ചരിത്രത്തിൽ വേറെയില്ല..! 

ജോൺസന്റെ ഇന്ത്യൻ ബന്ധങ്ങൾ 

മുന്‍ ഭാര്യ മറീനാ വീലര്‍ പാതി ഇന്ത്യക്കാരിയാണ്.  54 -കാരിയായ ഈ അഭിഭാഷകയുമായി ഇപേപാള്‍ വേര്‍പിരിഞ്ഞു കഴിയുകയാണ്. കഴിഞ്ഞ സെപ്റ്റംബറിലാണ് വിവാഹമോചനം.  25 കൊല്ലം നീണ്ട ദാമ്പത്യകാലത്ത് ബോറിസ് പലവട്ടം മറീനയുമൊത്ത് ഇന്ത്യ സന്ദര്‍ശിച്ചിട്ടുണ്ട്. ദില്ലിയിലും മുംബൈയിലും ഒക്കെയുള്ള മറീനയുടെ ബന്ധുഗൃഹങ്ങളില്‍ പലകുറി പാര്‍ത്തിട്ടുമുണ്ട്.

ഇന്ത്യയുമായി ഇത്രയും കണക്ഷൻ ഉള്ള മറ്റൊരു ബ്രിട്ടീഷ് പ്രധാനമന്ത്രി ഇന്നുവരെ ഉണ്ടായിട്ടില്ല. ബോറിസിന്റെ മുൻ പത്നി മറീനയുടെ അമ്മ പടിഞ്ഞാറൻ സക്സസിൽ നിന്നുള്ള  ഒരു സിഖ് വംശജയാണ്. അവർ ദില്ലിയിൽ വെച്ചാണ് ബിൽഡർ സർ ശോഭാ സിങ്ങിന്റെ മകൻ ദൽജീത് സിംഗിനെ വിവാഹം കഴിക്കുന്നത്. പ്രമുഖ ബോളിവുഡ് നടിയും, നടൻ സെയ്ഫ് അലി ഖാന്റെ ആദ്യ ഭാര്യയുമായ അമൃതാ സിംഗുമായും മറീനയ്ക്ക് അകന്ന കുടുംബ ബന്ധങ്ങളുണ്ട്. 

മുൻകാലങ്ങളിൽ മറീനയുടെ കുടുംബത്തിൽ നടന്നിട്ടുള്ള വിവാഹങ്ങളിൽ പങ്കുചേരാൻ വേണ്ടി പലകുറി ബോറിസ് ഇന്ത്യ സന്ദർശിച്ചിട്ടുണ്ട്. ഇന്ത്യൻ ഭക്ഷണത്തോട് വല്ലാത്ത പ്രിയമുള്ള ബോറിസ് ഇന്ത്യൻ സംസ്കാരവുമായും എളുപ്പം യോജിച്ചുപോയിരുന്നതായി മറീനയുടെ ബന്ധുക്കളും സാക്ഷ്യപ്പെടുത്തുന്നുണ്ട്.  മുമ്പ് ലണ്ടൻ മേയറായിരുന്ന കാലത്തും അവിടത്തെ സിഖ് വംശജരായ ബ്രിട്ടീഷ് പൗരന്മാർക്ക് ഏറെ ജനപ്രിയനായിരുന്നു ബോറിസ് ജോൺസൺ എന്നാൽ ബോറിസിനെ ചുറ്റിപ്പറ്റി നിരവധി വിവാദങ്ങളും പലപ്പോഴായി ഉയർന്നു വന്നിട്ടുണ്ട്. ബുർഖയിട്ട സ്ത്രീകളെ ഒരിക്കൽ ലെറ്റർ ബോക്‌സുകളോട് ഉപമിച്ചതിന് കടുത്ത വിമർശനം ഏറ്റുവാങ്ങിയ ആളാണ് ബോറിസ്. നിരവധി സ്ത്രീകളുമായി ബന്ധം പുലർത്തുകയും, അവരിൽ ചിലരിലെങ്കിലും കുഞ്ഞുങ്ങൾ ഉണ്ടാവുകയും ഒക്കെ ചെയ്തിട്ടുണ്ട്  അച്ഛന്റെ കുടുംബം വഴി ടർക്കിഷ് പാരമ്പര്യവും കൈമുതലായുള്ള ഈ ബ്രിട്ടീഷ് നേതാവിന്.   

പത്രപ്രവർത്തനത്തിൽ തുടക്കം   

ഒരു പത്രപ്രവർത്തകനായിട്ടായി ബോറിസ് ജോൺസന്റെ തുടക്കം.  1987 -ൽ ഓക്സ്ഫോർഡ് യൂണിവേഴ്‌സിറ്റിയിൽ നിന്നും ബിരുദമെടുത്ത ശേഷം, ടൈംസ് പത്രത്തിൽ ആയിരുന്നു ആദ്യ ജോലി. എന്നാൽ, ജോലിയിൽ പ്രവേശിച്ച ആദ്യവർഷം തന്നെ അദ്ദേഹത്തെ ഒരു ലേഖനത്തിൽ എഡ്വേർഡ് രാജാവിന്മേൽ സ്വവർഗ്ഗാനുരാഗത്തിന്റെ  ആരോപണം ഉന്നയിച്ചു എന്ന പേരിൽ അവിടെ നിന്നും പിരിച്ചുവിട്ടു. താൻ ആ ഒരു സംഭവത്തിൽ കടുത്ത പശ്ചാത്താപബോധം പേറിയിരുന്നതായി പിൽക്കാലത്ത് ബിബിസിക്ക് നൽകിയ ഒരു അഭിമുഖത്തില്‍ ജോൺസൺ പറഞ്ഞിട്ടുണ്ട്. അധികം താമസിയാതെ അദ്ദേഹം രാഷ്ട്രീയത്തിൽ പ്രവേശിച്ചു. കൺസർവേറ്റീവ് പാർട്ടി എംപി ആയി. എന്നാൽ, ഒരു വിവാഹേതര ബന്ധത്തെ ചുറ്റിപ്പറ്റി നടന്ന വിവാദങ്ങൾക്കൊടുവിൽ  അന്നത്തെ പാർട്ടി നേതാവായിരുന്ന മൈക്കൽ ഹൊവാർഡ് അദ്ദേഹത്തെ പിരിച്ചുവിട്ടു. 

മേയർകാലത്തും അടങ്ങാത്ത വിവാദങ്ങൾ

പിന്നീട് അദ്ദേഹം തിരിച്ചെത്തുന്നത്  ലണ്ടൻ മേയർ ആയിട്ടാണ്. അക്കാലവും അദ്ദേഹത്തിന് വിവാദങ്ങൾ ഒഴിഞ്ഞതായിരുന്നില്ല. തെംസ് നദിക്ക് കുറുകെ ഒരു പാലം നിർമിക്കാനുള്ള ശ്രമം പാളിയത് ചീത്തപ്പേരുണ്ടാക്കി.  പിന്നീട് കലാപങ്ങൾ നിയന്ത്രിക്കാനെന്നും പറഞ്ഞ് മൂന്നു ലക്ഷം പൗണ്ട് ചിലവിട്ട് വാങ്ങിയ ജലപീരങ്കി, ജനങ്ങൾക്ക് പരിക്കേൽപ്പിക്കുന്നതാണ് എന്ന കാരണത്താൽ ഗവണ്മെന്റ് നിരോധിച്ചതും അദ്ദേഹത്തിന് തിരിച്ചടിയായി. 

ബ്രെക്സിറ്റ്‌ കാലം

പിന്നീട് ജോൺസൺ തിരിച്ചെത്തുന്നത് 2016 -ലെ ബ്രെക്സിറ്റ്‌ റഫറണ്ടം കാമ്പയിന്റെ പ്രധാന പ്രചാരകരിൽ  ഒരാളായിട്ടാണ്.
ബ്രെക്സിറ്റ്‌ നടന്നാൽ പിന്നെ  ആഴ്ചയ്ക്കാഴ്ചയ്ക്ക് യൂറോപ്യൻ യൂണിയന്  350  മില്യൺ പൗണ്ട് വെച്ച് അടക്കുന്നത് ഒഴിവാക്കാം എന്നതായിരുന്നു ജോൺസന്റെ പ്രധാന വാദം. എന്നാൽ, ആ കണക്കിൽ പറഞ്ഞ തുക തെറ്റായിരുന്നു. അത്,  യൂറോപ്യൻ യൂണിയനുള്ള ബ്രിട്ടന്റെ ആകെ സംഭാവനയായിരുന്നു. മാത്രവുമല്ല, യൂറോപ്യൻ യൂണിയനിൽ നിന്നും ബ്രിട്ടനിലെ പൊതുമേഖലയ്ക്ക് കിട്ടിക്കൊണ്ടിരുന്ന കിഴിവുകൾ കൂടി പരിഗണിച്ചാൽ യഥാർത്ഥത്തിലുള്ള  സംഭാവന അതിലും എത്രയോ  കുറവായിരുന്നു. 

അന്ന് ഈ സംഖ്യ കാണിച്ചുകൊണ്ടുള്ള പരസ്യങ്ങൾ ലണ്ടനിലെ ട്രാൻസ്‌പോർട്ട് ബസ്സുകളിൽ ജോൺസൺ പതിപ്പിക്കുകയുണ്ടായി. "നിങ്ങൾ ബസ്സിൽ എഴുതിപ്പിടിപ്പിച്ചിരിക്കുന്ന കള്ളങ്ങൾ തൂത്തുകളയൂ.." എന്നാണ് ഒരു ടിവി ഡിബേറ്റിൽ ഒരിക്കൽ അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രതിയോഗികളിൽ ഒരാൾ ജോൺസനോട് പറഞ്ഞത്. 


2016  മുതൽ 2018  വരെയുള്ള വിദേശകാര്യ സെക്രട്ടറി ചുമതല 

ഇക്കാലത്തും വിവാദങ്ങൾ ജോൺസനെ വിട്ടുമാറിയില്ല. അതിൽ ഏറ്റവും പ്രധാനം ബ്രിട്ടീഷ് ഇറാനിയൻ പത്രപ്രവർത്തക നാസ്‍നിന്‍ സഗാരി റാറ്റ്ക്ലിഫുമായി ബന്ധപ്പെട്ടതായിരുന്നു. ഇറാനിയൻ-ബ്രിട്ടീഷ് ഇരട്ട പൗരത്വമുണ്ടായിരുന്ന, തോംസൺ റോയിട്ടേഴ്‌സ് ഫൗണ്ടേഷനിലെ അംഗമായിരുന്ന,  നാസ്‍നിനെ ദേശദ്രോഹ കുറ്റം ആരോപിച്ചുകൊണ്ട്  2016 മുതൽ ഇറാൻ തടവിലിട്ടിരിക്കുകയാണ്. നാസ്‍നിന്‍ അറസ്റ്റിലായ അന്നുമുതൽ തന്റെ മേൽ ആരോപിച്ചിരിക്കുന്ന കുറ്റം നിഷേധിക്കുക തന്നെയായിരുന്നു. 

പക്ഷേ, 2017 -ൽ ബ്രിട്ടീഷ് പാർലമെന്റിൽ നടത്തിയ ഒരു സംവാദത്തിൽ 'നാസ്‍നിന്‍ ഇറാനിലെ ജേർണലിസ്റ്റുകളെ പരിശീലിപ്പിച്ചിരുന്ന'തായി ജോൺസൺ പറഞ്ഞിരുന്നു. അത് നാസ്‍നിനെ പ്രതികൂലമായി ബാധിച്ചു. അതിൽ പിടിച്ചുതൂങ്ങി ഇറാൻ ആക്രമണം തുടങ്ങിയതോടെ ലണ്ടനിലെ ഇറാൻ സ്ഥാനപതിയെ വിളിച്ചുവരുത്തി കാര്യങ്ങൾ വിശദീകരിക്കേണ്ട ഗതികേടുവന്നു ബ്രിട്ടന്. പിന്നീട് ജോൺസൺ ആ പ്രസ്താവനയെപ്പറ്റി പറഞ്ഞത് തനിക്കു സംഭവിച്ച ഒരു 'നാക്കുപിഴ' എന്നായിരുന്നു.  

ഏറ്റവും ഒടുവിൽ പ്രധാനമന്ത്രിപദത്തിലേക്കുള്ള മത്സരം

എന്നാൽ, ഇപ്പോൾ ബോറിസ് ജോൺസൺ തന്റെ എതിർ സ്ഥാനാർഥി ജെറെമി ഹണ്ടിന്റെ ഇരട്ടി വോട്ടുകൾ നേടിക്കൊണ്ടാണ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് കടന്നുവരുന്നത്. തെരേസാ മേ ബുധനാഴ്ച ബക്കിങ്ങ് ഹാം പാലസിൽ ചെന്ന് എലിസബത്ത് രാജ്ഞിയെ കാണുകയും, രാജ്ഞി ഔപചാരികമായി ബോറിസ് ജോൺസന്റെ പേര് നിർദ്ദേശിക്കുകയും ചെയ്യുന്നതോടെ അദ്ദേഹത്തിന് ഡൗണിങ്ങ് സ്ട്രീറ്റിലേക്കുള്ള വഴി തെളിയും. 

തന്നിൽ അർപ്പിച്ചിരിക്കുന്ന വിശ്വാസത്തിനനുസരിച്ചുള്ള പ്രകടനം കാഴ്ചവെക്കാൻ വേണ്ടി കഠിനമായി പ്രയത്നിക്കും എന്നും, തന്റെ ശ്രമങ്ങൾ ഇതാ ഈ നിമിഷം മുതൽ തുടങ്ങുകയാണ് എന്നും ബോറിസ് ജോൺസൺ പറഞ്ഞു. എന്തായാലും, കടുത്ത ഒരു ബ്രെക്സിറ്റ്‌ വാദിയായ  ജോൺസന്റെ പ്രധാനമന്ത്രിപദാരോഹണത്തോടെ  ആ വഴിക്കുള്ള ചർച്ചകൾ വീണ്ടും ചൂടുപിടിക്കും എന്നുറപ്പാണ്. 

click me!