സിഖ് ഹൃദയങ്ങൾക്കിടയിൽ വിസ വേണ്ടാത്ത ഒരു ഇടനാഴി, കർത്താർപൂർ ഉടമ്പടി ഇന്നൊപ്പിടും

By Web TeamFirst Published Oct 24, 2019, 3:45 PM IST
Highlights

നവ്‌ജ്യോത് സിംഗ് സിദ്ദു, പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ ഇസ്ലാമാബാദിൽ പോയപ്പോഴാണ്, വർഷങ്ങളായി അനങ്ങാതിരുന്ന പ്രോജക്ടിന് പുതുജീവൻ കിട്ടുന്നത്

പാകിസ്ഥാനിൽ  'നരോവാൾ' എന്നൊരു പട്ടണമുണ്ട്. അവിടെ നിന്ന് ഒരു മണിക്കൂർ നേരം റോഡുമാർഗം സഞ്ചരിച്ചാൽ ചെന്നെത്തുന്ന കർത്താർപുർ എന്നൊരു കൊച്ചുഗ്രാമമുണ്ട്. റാവിനദിക്കരയിൽ സ്ഥിതിചെയ്യുന്ന പ്രശാന്തമായ ഈ ഗ്രാമത്തിൽ ഒരു ഗുരുദ്വാരയുണ്ട്, ദർബാർ സാഹിബ്. അത് സിഖ് മത വിശ്വാസികളെ സംബന്ധിച്ചിടത്തോളം ലോകത്തിലേക്കും വെച്ച് ഏറ്റവും പവിത്രമായ പ്രാർത്ഥനാലയങ്ങളിൽ ഒന്നാണ്. ഗുരുനാനാക്ക് നേരിട്ടാണ് ഈ ഗുരുദ്വാര സ്ഥാപിച്ചത് എന്നാണ് വിശ്വാസം. ഇവിടെത്തന്നെയാണ് ഗുരു അന്ത്യവിശ്രമം കൊള്ളുന്ന മണ്ണുമുള്ളത്. അദ്ദേഹം തന്റെ ജീവിതത്തിന്റെ അവസാനദിനങ്ങൾ ചെലവിട്ട ഇടം. ഇവിടെ നിന്ന് വെറും നാലു കിലോമീറ്റർ അകലെയാണ് ഇന്ത്യയും പാകിസ്താനുമിടയിലുള്ള ഗുരുദാസ്‌പൂർ അതിർത്തി. അവിടെ ഒരു വേലിക്കപ്പുറമുള്ളത്  ഇന്ത്യയാണ്. 
 


സ്വാതന്ത്ര്യലബ്‌ധിക്ക് മുമ്പ്, അതായത് ഇന്ത്യ വിഭജിതമാകുന്നതിന് മുമ്പ്, ഗുരുദാസ്‌പൂരിന്റെ തന്നെ ഭാഗമായിരുന്നു കർത്താർപൂരും, അവിടത്തെ ദർബാർസാഹിബുമൊക്കെ. വിഭജനം നടന്ന സമയത്ത് ഇന്ത്യയിലുള്ള സിഖുകാർ ധരിച്ചിരുന്നത്, തങ്ങളുടെ തീർത്ഥാടനകേന്ദ്രമായ ദർബാർസാഹിബ് ഇന്ത്യയിൽ തന്നെ നിലനിർത്തപ്പെടുമെന്നായിരുന്നു. എന്നാൽ, സംഭവവശാൽ വിഭജനം കർത്താർപൂരിനെ പാകിസ്താന്റെ ഭാഗമാക്കി. അതോടെ ദർബാർസാഹിബും അവർക്കുപോയി. അവിടെ നിന്ന് വെറും ഏഴുകിലോമീറ്ററിൽ താഴെ ദൂരം വന്നാൽ, അതായത് ഗുർദാസ്‌പൂർ അതിർത്തി കടന്ന് മൂന്നുകിലോമീറ്ററോളം ദൂരം ഇന്ത്യക്കകത്തോട്ടു വന്നാൽ ദേരാ ബാബാ നാനക് സാഹേബ് എന്ന മറ്റൊരു പുണ്യസ്ഥാനമുണ്ട് സിഖുകാരുടെ. വിഭജനം ഈ രണ്ടു പുണ്യസ്ഥലങ്ങളെയും തമ്മിൽ എന്നെന്നേക്കുമായി വേലികെട്ടിത്തിരിച്ചു. 

 

 

രണ്ടിനെയും തൊട്ടുകൊണ്ട് റാവി നദി  ഒഴുകുന്നുണ്ടായിരുന്നു. ഇന്ത്യയിൽ നിന്ന് കർത്താർപൂർ വരെ പോയി, ഗുരുസന്നിധിയിൽ ചെന്ന് പ്രാർത്ഥിച്ച് തിരിച്ചു പോരാൻ, പാസ്പോർട്ടിന്റെയോ വിസയുടെയോ ഒന്നും നൂലാമാലകളില്ലാത്ത ഒരു വഴി, ഒരു കോറിഡോർ വേണമെന്ന് ഇന്ത്യയിലെ സിഖുകാർ ഏറെക്കാലമായി മോഹിക്കുന്നതാണ്. തിരിച്ച്  ദേരാ ബാബാ നാനക് സാഹേബിലേക്ക് അങ്ങനൊന്നു വേണമെന്ന് പാകിസ്താനിലുള്ളവരും. എന്നാൽ, ഇരുരാജ്യങ്ങൾക്കുമിടയിൽ നിലനിന്നിരുന്ന ശത്രുത കാരണം ഒന്നും നടന്നില്ല. 

1948 -ൽ തന്നെ അകാലിദൾ പാകിസ്ഥാനിൽ നിന്ന് കർത്താർപൂർ ദർബാർ സാഹേബ് സ്ഥിതിചെയ്യുന്ന സ്ഥലം ഏറ്റെടുക്കണമെന്ന ആവശ്യമുന്നയിച്ചിരുന്നു. വിഭജനത്തിനു ശേഷവും ഇന്ത്യയിൽ നിന്നുള്ള സിഖ് തീർത്ഥാടകർ റാവി നദിക്ക് കുറുകെയുള്ള പാലം കടന്ന്, കർത്താർപൂർ ദർബാർസാഹിബിലേക്ക് പോയി വന്നുകൊണ്ടിരുന്നു. എന്നാൽ, 1965 -ലെ ഇന്തോ-പാക് യുദ്ധത്തിൽ ആ പാലം തകർക്കപ്പെട്ടു. അതോടെ യാത്രകളും മുടങ്ങി. 1969 -ൽ ഗുരു നാനാക്കിന്റെ അഞ്ഞൂറാം ജന്മവാർഷികത്തിൽ ഇന്ദിരാഗാന്ധി പാകിസ്താനുമായി സ്ഥലം പരസ്പരം വെച്ചുമാറി, ദർബാർ സാഹേബ് ഇന്ത്യയുടേതാക്കാൻ ശ്രമിച്ചു. എന്നാൽ, ഒന്നും തന്നെ പ്രാവർത്തികമാവുകയുണ്ടായില്ല.  

സ്ഥിതിഗതികളിൽ പുരോഗതിയുണ്ടാകുന്നത് 2018 ഓഗസ്റ്റിലാണ്. പഞ്ചാബിലെ ടൂറിസം മന്ത്രിയും ഇന്ത്യൻ ടീമിലെ മുൻകാല ഓപ്പണിങ്ങ് ബാറ്റ്‌സ്മാനുമായ നവജ്യോത് സിങ്ങ് സിദ്ധു, തന്റെ ക്രിക്കറ്റ് കാലത്തെ സുഹൃത്തായ ഇമ്രാൻ ഖാന്റെ പ്രധാനമന്ത്രി സ്ഥാനാരോഹണത്തിൽ പങ്കെടുക്കാൻ വേണ്ടി ഇസ്ലാമാബാദ് സന്ദർശിക്കുന്നു. അവിടെ വെച്ച് പാക് സൈനിക മേധാവിയായ ഖമർ ജാവേദ് ബാജ്‌വയാണ് സിദ്ധുവിനോട് വീണ്ടും 'കർത്താർപൂർ കോറിഡോർ' എന്ന ആശയം പൊടിതട്ടി എടുക്കുന്നതിനെപ്പറ്റി പറയുന്നത്. ആ മാസം തന്നെ പഞ്ചാബ് നിയമസഭയിൽ അമരിന്ദർ സിങ്ങും ഇതേ വിഷയം ഉന്നയിച്ചുകൊണ്ട് പ്രമേയം അവതരിപ്പിക്കുകയും, അത് ഏകകണ്ഠമായി പാസാക്കപ്പെടുകയും ചെയ്‌തു. ഒക്ടോബറിൽ അമേരിക്കൻ സിഖ് വംശജരുടെ ഒരു നിവേദകസംഘം പ്രധാനമന്ത്രിയെ ചെന്നുകണ്ട് ഇതേ ആവശ്യം ഉന്നയിച്ചു. നവംബറിൽ കേന്ദ്ര മന്ത്രിസഭ ഇങ്ങനെ ഒരു കോറിഡോറിന്റെ നിർമാണത്തിന് അനുമതി നൽകി. പാകിസ്ഥാനി വിദേശകാര്യമന്ത്രി എസ് എം ഖുറേഷിയും ഇതേ വിഷയത്തിൽ സഹകരിക്കാൻ താത്പര്യം പ്രകടിപ്പിച്ചതോടെ നിർമ്മാണത്തിനുള്ള ഗ്രീൻ സിഗ്നലായി. 2019  ഓഗസ്റ്റിലാണ് വിസ കൂടാതെ തീർത്ഥാടനം അനുവദിക്കാൻ തീരുമാനമായത്. 

ദർബാർ സാഹേബ് ഗുരുദ്വാരയെ ചുറ്റിപ്പറ്റി നിലവിലുള്ള ഐതിഹ്യം 

ഗുരു നാനാക്ക് മരിച്ചപ്പോൾ അദ്ദേഹത്തിന്റെ മൃതദേഹം ഈ ഗുരുദ്വാരയിൽ നിന്ന് അപ്രത്യക്ഷമായി എന്നും, മരിച്ചു കിടന്നേടത്ത് ഒരുപിടി പൂക്കൾ മാത്രമാണ് അവശേഷിച്ചിരുന്നത് എന്നുമാണ് പറയപ്പെടുന്നത്. പാതി പൂക്കൾ സിഖുകാർക്ക് കിട്ടി. പാതി പൂക്കൾ മുസ്ലിങ്ങൾക്കും കിട്ടി. സിഖുകാർ  തങ്ങൾക്കു കിട്ടിയ പൂക്കളെ വിധിപ്രകാരം ചിതയിൽ ദഹിപ്പിച്ച് അതിൽ നിന്ന് ഭസ്മമെടുത്ത് ഒരു കുംഭത്തിൽ സൂക്ഷിച്ച് അതിനെ സമാധിയാക്കി.  മുസ്ലിങ്ങൾ അവർക്കു കിട്ടിയ പാതി, മണ്ണിൽ മറവുചെയ്ത് അതിനു ചുറ്റും ഒരു ശവകുടീരം കെട്ടി. അതിനെ പ്രാർത്ഥിച്ചുതുടങ്ങി. പതിറ്റാണ്ടുകൾക്ക് ശേഷവും, നിരവധി മുസ്ലീങ്ങൾ  ഈ കുടീരത്തിൽ വന്ന് പ്രാർത്ഥിക്കാറുണ്ട്. സിഖുകാർക്ക് നാനാക്ക് ഗുരുവാണെങ്കിൽ, മുസ്ലീങ്ങൾക്ക് അദ്ദേഹം പ്രവാചകനാണ്. 
 

 

കഴിഞ്ഞ വർഷം നവംബറിൽ ഇങ്ങനെ ഒരു പ്രോജക്റ്റ് പ്രഖ്യാപിക്കപ്പെട്ടപ്പോൾ തന്നെ, വരാനിരിക്കുന്ന തീർത്ഥാടകരുടെ ഒഴുക്ക് മുന്നിൽ കണ്ടുകൊണ്ട്,  ഗുരുദ്വാരയോട് ചേർന്ന് എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയ ഹോട്ടൽ, മ്യൂസിയം, ലോക്കർ മുറികൾ, എമിഗ്രെഷൻ സെന്റർ തുടങ്ങിയവയുടെ നിർമ്മാണം തുടങ്ങിയിരുന്നു. അതിർത്തിക്ക് അപ്പുറമിപ്പുറമായി റോഡിന്റെയും മറ്റു കെട്ടിടങ്ങളുടെയും പണികൾ ത്വരിതഗതിയിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. 

പണിയാൻ ഉദ്ദേശിക്കുന്ന ടെർമിനൽ 

ദിവസേന 10,000 തീർഥാടകർക്ക് സന്ദർശനം നടത്താനുള്ള സൗകര്യം ഈ കോറിഡോർ വരുന്നതോടെ ലഭ്യമാകുമെന്നാണ് അധികൃതർ പറയുന്നത്.  ഇങ്ങനെ ഒരു കോറിഡോർ എത്രയും പെട്ടെന്ന് പ്രവർത്തനസജ്ജമാക്കാൻ വേണ്ട ഉടമ്പടിയാണ് ഇന്ന് ഇരുരാജ്യങ്ങൾക്കുമിടയിൽ ഒപ്പുവെക്കപ്പെടുന്നത്. ഇങ്ങനെ ഒരുടമ്പടിയിൽ ഭാരത സർക്കാർ ഏറെ തത്പരരാണ് എങ്കിലും, സന്ദർശകരായെത്തുന്ന ഇന്ത്യൻ പൗരന്മാരിൽനിന്ന് 20 ഡോളർ വീതം സർവീസ് ചാർജായി ഈടാക്കാനുള്ള പാകിസ്താന്റെ തീരുമാനത്തിൽ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഉടമ്പടി ഒപ്പിടുന്നതിനു പിന്നാലെ സന്ദർശകർക്ക് ഓൺലൈൻ രജിസ്‌ട്രേഷൻ നടത്താൻ വേണ്ടി ഒരു പോർട്ടലും ലോഞ്ച് ചെയ്യപ്പെടും. ഒക്ടോബർ 20  മുതൽ തീർത്ഥാടകർക്ക് രജിസ്റ്റർ ചെയ്തു തുടങ്ങാം എന്ന് പ്രതീക്ഷിക്കുന്നു. പാസ്പോർട്ടോ വിസയോ ഒന്നും ഇന്ത്യൻ ടൂറിസ്റ്റുകൾക്ക് വരില്ല എങ്കിലും, ഒരു ചെറിയ പെർമിറ്റ് എടുത്താൽ മാത്രമേ അവർക്ക് സന്ദർശനം നടത്താൻ സാധിക്കുകയുള്ളൂ. ഗുരുനാനാക്കിന്റെ 550 ജന്മ വാർഷിക ദിനമായ നവംബർ 9 -ന്  550 സിഖ് തീർത്ഥാടകർ അടങ്ങുന്ന ആദ്യസംഘത്തോടൊപ്പം ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി, കർത്താർപൂർ കോറിഡോർ ഉദ്ഘാടനം ചെയ്യുമെന്നാണ് കരുതപ്പെടുന്നത്. ഒപ്പം ഗുരുനാനാക്കിന്റെ ജന്മവാർഷികത്തോടനുബന്ധിച്ചുള്ള ആഘോഷപരിപാടികൾക്കും തുടക്കമാകും. 

click me!