കൊവിഡ് 19 കാലം; ജനങ്ങള്‍ ദാരിദ്ര്യത്തില്‍, വന്യജീവി വേട്ട വര്‍ധിക്കുമോ?

By Web TeamFirst Published Apr 16, 2020, 3:58 PM IST
Highlights

കാണ്ടാമൃഗങ്ങളും വംശനാശഭീഷണി നേരിടുന്ന മറ്റ് ജീവജാലങ്ങളും അപകടത്തിലാകുമെന്ന ആശങ്ക ആഫ്രിക്കയിലും വളരുകയാണ്. 
കടുവകളുടെ കാര്യത്തിലും വിദഗ്ദ്ധര്‍ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. 

ഇതുവരെ നേരിട്ടിട്ടില്ലാത്തതരം പ്രതിസന്ധികളിലൂടെ കടന്നുപോവുകയാണ് ലോകം. കൊവിഡ് 19 എന്ന മഹാമാരി നമ്മിലേല്‍പ്പിക്കുന്ന ആഘാതത്തിന്‍റെ വ്യക്തമായ ചിത്രം കിട്ടണമെങ്കില്‍ ഇനിയും കാത്തിരിക്കണം. സാമ്പത്തിക പ്രതിസന്ധിയോ, മനുഷ്യരുടെ നഷ്ടമോ എന്തുതന്നെയായാലും ലോകത്തിനിത് വല്ലാത്ത കാലമെന്നത് നേരാണ്. ഇപ്പോഴിതാ, ജനങ്ങളുടെ ദാരിദ്ര്യം മൃഗങ്ങളെയും പക്ഷികളെയും വേട്ടയാടുന്നത് വര്‍ധിപ്പിക്കുമെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. 

കമ്പോഡിയയില്‍ വംശനാശ ഭീഷണി നേരിടുന്ന ഒരിനം പക്ഷികള്‍ ഒറ്റ വേട്ടയില്‍ തന്നെ ഇല്ലാതാക്കപ്പെട്ടത് ഒരു ശതമാനമാണ്. വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ സൊസൈറ്റി പറയുന്നത് ഈ ഞാറ പക്ഷികളില്‍ ശേഷിക്കുന്ന വളരെ കുറച്ചെണ്ണത്തില്‍ മൂന്നെണ്ണത്തെ വിഷമേറ്റ നിലയില്‍ കണ്ടെത്തിയെന്നാണ്. തെക്കുകിഴക്കൻ ഏഷ്യയിലെ ഏറ്റവും വലിയ പക്ഷിസങ്കേതമായ കംബോഡിയയിലെ പ്രെക്ക് ടോളിൽ നൂറിലധികം വര്‍ണ്ണക്കൊക്കുകളാണ് കൊല്ലപ്പെട്ടത്. 


ഇങ്ങനെ വേട്ടയാടലിലേക്ക് പെട്ടെന്ന് തിരിയേണ്ട സാഹചര്യമില്ലാഞ്ഞിട്ടും ഇവിടെ ഗ്രാമീണര്‍ വേട്ടയാടലിലേക്ക് തിരിഞ്ഞിരിക്കുകയാണ്. വേട്ടയാടലില്‍ വര്‍ധനവുണ്ടായത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട് എന്നാണ് WCS (വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ സൊസൈറ്റി) പ്രാദേശിക ഡയറക്ടര്‍ നോം പേഹ് പറയുന്നത്. സംരക്ഷണ സംഘടനകള്‍ പ്രദേശവാസികള്‍ക്ക് പരമാവധി സഹായങ്ങളെത്തിക്കണം. പ്രതിരോധത്തിന്‍റെ അവസാനത്തെ കണ്ണികളാണവര്‍. ഈ കാടുകളെ, ഈ പക്ഷികളെ, ഈ തടാകങ്ങളെ സംരക്ഷിക്കാനുള്ളവര്‍. നിലവില്‍ പ്രകൃതി വിഭവങ്ങളെ ഉപയോഗിക്കേണ്ട ആവശ്യം അവര്‍ക്ക് വരുന്നില്ല. പകരം ജീവിക്കാനുള്ളത് കണ്ടെത്താനവരെ സഹായിക്കുകയാണ് വേണ്ടതെന്നും നോം പേഹ് പറയുന്നു. 

കാണ്ടാമൃഗങ്ങളും വംശനാശഭീഷണി നേരിടുന്ന മറ്റ് ജീവജാലങ്ങളും അപകടത്തിലാകുമെന്ന ആശങ്ക ആഫ്രിക്കയിലും വളരുകയാണ്. 
കടുവകളുടെ കാര്യത്തിലും വിദഗ്ദ്ധര്‍ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. പകർച്ചവ്യാധിയുടെ ഫലമായി ആഫ്രിക്കയിലെ ചില പ്രധാന വന്യജീവി സംരക്ഷണ കേന്ദ്രങ്ങളിലും ദേശീയ ഉദ്യാനങ്ങളിലും ടൂറിസം വരുമാനം പെട്ടെന്ന് കുറയുന്നതായി നേച്ചർ കൺസർവേൻസിയുടെ ആഫ്രിക്കൻ മേഖല ഡയറക്ടർ മാറ്റ് ബ്രൌൺ പറഞ്ഞു.



ടൂറിസം വരുമാനം കരുതിയിരുന്നതിന്‍റെ പകുതിയായി കുറഞ്ഞു. കയറ്റുമതിയടക്കമുള്ളവ നിര്‍ത്തിവച്ചതോടെ ആ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ കാര്യവും കഷ്ടത്തിലാണ്. ഇതെല്ലാം നല്‍കുന്ന സമ്മര്‍ദ്ദം ജനങ്ങളെ വന്യജീവിവേട്ടയിലേക്ക് നയിക്കുമോ എന്ന് ഭയക്കുന്നതായും മാറ്റ് ബ്രൌണ്‍ പറയുന്നു. 

പകർച്ചവ്യാധിയുടെ പ്രത്യാഘാതങ്ങൾ പരിഹരിക്കുന്നതിനുള്ള സാമ്പത്തികം വീണ്ടെടുക്കൽ പദ്ധതികൾ ചർച്ച ചെയ്യുന്നതിനായി ജി 20 രാജ്യങ്ങളിൽ നിന്നുള്ള ധനമന്ത്രിമാർ ഈ ആഴ്ച യോഗം ചേരുന്നുണ്ട്. ഏഷ്യ, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധർ ഉൾപ്പെടുന്ന കൺസർവേഷൻ ഗ്രൂപ്പ് കാമ്പെയ്ൻ ഫോർ നേച്ചർ അവരുടെ പദ്ധതികളിൽ പ്രകൃതി സംരക്ഷണം ഉൾപ്പെടുത്താൻ മന്ത്രിമാരോട് ആവശ്യപ്പെടുകയും ചെയ്തു.

ഫ്രാങ്ക്ഫർട്ട് സുവോളജിക്കൽ സൊസൈറ്റിയിലെ ഹ്യൂഗോ വാൻ ഡെർ വെസ്റ്റുയിസെൻ പറയുന്നത്, പ്രകൃതിയുടെ മൂല്യം വീണ്ടും വിലയിരുത്താനുള്ള ഏറ്റവും ഉചിതമായ സമയമാണിതെന്നാണ്. ടൂറിസം വരുമാനത്തിലോ ദാതാക്കളുടെ ധനസഹായത്തിലോ മാത്രം ജീവജാലങ്ങള്‍ക്ക് സംരക്ഷണമേര്‍പ്പെടുത്താനും പരിപാലിക്കാനും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരുമിച്ച് നിന്ന് വെള്ളവും വായുവുമെല്ലാം ശുദ്ധമാക്കി നിര്‍ത്താന്‍ നാം തയ്യാറാവണം. എല്ലാം നഷ്ടമാവുന്നതിനും മുമ്പ് നാമതിനെ കുറിച്ച് പഠിക്കണം. പ്രകൃതിയെ നമുക്കൊരിക്കല്‍ നഷ്ടമായാല്‍ പിന്നൊരിക്കലും അത് പുനര്‍നിര്‍മ്മിക്കാനാവില്ലെന്നും അദ്ദേഹം പറയുന്നു.  

ഏതായാലും വന്യജീവികളെ വേട്ടയാടുന്ന സ്ഥിതിവിശേഷത്തിലേക്ക് മനുഷ്യര്‍ തിരിഞ്ഞാല്‍ വളരെ വലിയ പ്രത്യാഘാതമായിരിക്കും അവ ഉണ്ടാക്കുന്നത്. നിലവില്‍ വംശനാശ ഭീഷണി നേരിടുന്ന ജീവിവര്‍ഗങ്ങളെ അത് കൂടുതല്‍ അപകടകരമായ അവസ്ഥയിലേക്ക് നയിക്കുമെന്നതില്‍ യാതൊരു സംശയവും വേണ്ട. പട്ടിണി കൂടാതെ എല്ലാ തലത്തില്‍ പെട്ട മനുഷ്യര്‍ക്കും കഴിയാനുള്ള സംവിധാനങ്ങള്‍ ഓരോ രാജ്യത്തെ സര്‍ക്കാരുകളും ഒരുക്കുക, പ്രകൃതിയെയും പ്രകൃതി വിഭവങ്ങളെയും ചൂഷണം ചെയ്യുന്നത് തടയാനുള്ള മാര്‍ഗങ്ങളെ കുറിച്ച് ആലോചിക്കുക എന്നതേ നിലവില്‍ ചെയ്യാനുള്ളൂ. 

click me!