സമാധാനത്തിനുള്ള നൊബേൽ, സൂചകമായി മനുഷ്യാവകാശം; അവകാശപ്പോരാളികൾക്ക് ആദരം

By P R VandanaFirst Published Oct 7, 2022, 9:04 PM IST
Highlights

അധികാരവും അധികാരമോഹവും യുദ്ധക്കൊതിയും രാഷ്ട്രീയദുരയും എല്ലാം കവർന്നെടുക്കുന്ന അടിസ്ഥാന മനുഷ്യാവകാശങ്ങളാണ് നോബേൽ സമിതി മഹത്തരമായി കണ്ടത്. അവക്ക് വേണ്ടി പോരാടുന്നവരെയാണ് സമിതി ധീരൻമാരായി കണ്ടത്. മഹാൻമാരായി കണ്ടത്. അങ്ങനെയാണ് പുരസ്കാര ജേതാക്കളിലേക്ക് നോബേൽ സമിതി എത്തിയത്. 

സമാധാനത്തിനുള്ള നോബേൽ ഇക്കുറി ആർക്കു കൊടുക്കണം എന്ന ചോദ്യത്തിന് ഉത്തരം തേടാൻ നോബേൽ സമിതി കണ്ടെത്തിയ സൂചകം മനുഷ്യാവകാശം എന്നതായിരുന്നു. അധികാരവും അധികാരമോഹവും യുദ്ധക്കൊതിയും രാഷ്ട്രീയദുരയും എല്ലാം കവർന്നെടുക്കുന്ന അടിസ്ഥാന മനുഷ്യാവകാശങ്ങളാണ് നോബേൽ സമിതി മഹത്തരമായി കണ്ടത്. അവക്ക് വേണ്ടി പോരാടുന്നവരെയാണ് സമിതി ധീരൻമാരായി കണ്ടത്. മഹാൻമാരായി കണ്ടത്. അങ്ങനെയാണ് പുരസ്കാര ജേതാക്കളിലേക്ക് നോബേൽ സമിതി എത്തിയത്. 

യുദ്ധം എന്ന കെടുതി, ലോകസമാധാനത്തിനും സ്വാസ്ഥ്യത്തിനും ഭീഷണിയായ അധികാരത്തർക്കം. അത് കുറച്ചു കാലത്തെ ഇടവേളക്ക് ശേഷം വീണ്ടും ലോകത്തിന് മുന്നിൽ എത്തിയത് റഷ്യ യുക്രൈയ്നിലേക്ക് പടയെ അയച്ചപ്പോൾ ആണ്. ഇപ്പോഴും തുടരുന്ന സൈനികനടപടികൾ തുടങ്ങിയിട്ട് ഏഴ് മാസം പിന്നിടുമ്പോൾ യുദ്ധസമയത്ത് സമാധാനത്തിന് വേണ്ടിയും അവകാശങ്ങൾക്ക് വേണ്ടിയും പോരാടിയ രണ്ട് സംഘടനകളെയാണ് നോബേൽ സമിതി ആദരിച്ചിരിക്കുന്നത്. ആദ്യത്തേത് റഷ്യൻ മനുഷ്യാവകാശ സംഘടനയായ മെമ്മോറിയൽ. രണ്ടാമത്തേത് യുക്രൈയ്ൻ മനുഷ്യാവകാശ സംഘടനയായ സെന്‍റർ ഫോർ സിവിൽ ലിബർട്ടീസ്. 

1987ലാണ് മെമ്മോറിയൽ രൂപീകരിക്കുന്നത്.  ഗോർബച്ചേവിന്റെ പെരിസ്ട്രോയിക്കയും ഗ്ലാസ്ത്നോസ്തും സോവിയറ്റ് യൂണിയനിൽ പിറവി കൊള്ളുന്ന കാലത്ത്. പഴയ USSRന്റെ ആണവശാസ്ത്ര രംഗത്തെ കേമനും പിന്നീട് നിരായുധീകരണത്തിനും സമാധാനത്തിനും മനുഷ്യാവകാശ പാലനത്തിനും വേണ്ടി വാദിക്കുകയും പോരാടുകയും ചെയ്ത ശാസ്ത്രജ്ഞൻ ആന്ദ്രെയ് സഖാറോവ് ആയിരുന്നു ആദ്യ കയ്യാൾ. ഒപ്പം ഉണ്ടായിരുന്നത് മനുഷ്യാവകാശ പ്രവർത്തക സ്വെറ്റ്‍ലാന ഗനുഷ്കിന. സ്റ്റാലിന്റെ ഭരണകാലത്ത് സോവിയറ്റ് യൂണിയനിൽ നടന്ന അടിച്ചമർത്തലുകളെ കുറിച്ച് മെമ്മോറിയൽ ലോകത്തോട് വിളിച്ചു പറഞ്ഞു. ഗുലാഗ് (GULAG ) എന്ന ജയിലുകളിൽ ( നാസി ഭരണകാലത്തെ കോൺസൻട്രേഷൻ ക്യാമ്പുകളുടെ USSR പതിപ്പ് )നടന്ന ക്രൂരതകളും അടിച്ചമർത്തലുകളും ലോകം മെമ്മോറിയലിലൂടെ അറിഞ്ഞു.  ചെച്ചൻ യുദ്ധങ്ങളുടെ കാലത്ത് റഷ്യൻ സൈന്യം നടത്തിയ യുദ്ധക്കുറ്റങ്ങളെക്കുറിച്ചുള്ള വിവരങ്ങളും മെമ്മോറിയൽ പുറത്തു കൊണ്ടു വന്നു. ഏതു കാലത്തും ഭരണകൂടത്തിന് അപ്രിയരായിരുന്നു മെമ്മോറിയൽ. രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നവർ എന്നായിരുന്നു ഭരണകൂടം അവർക്കിട്ട പേര്. പലകുറി പലതരം നടപടികൾ നേരിട്ടു. കഴിഞ്ഞ ഡിസംബർ മുതൽ സംഘടനയെ ഇല്ലാതാക്കാനുള്ള നടപടികൾ റഷ്യ തുടങ്ങിയിരുന്നു. വിദേശ ഏജന്റ് എന്ന പേര് ചാർത്തി രാഷ്ട്രീയ വിമർശകരെയും എതിരാളികളേയും അടിച്ചമർത്താനുള്ള നടപടികളെ കുറിച്ചും അങ്ങനെ ഇരുട്ടറയിൽ അകപ്പെട്ടു പോകുന്നവരുടെ ശബ്ദമായും പ്രവർത്തിച്ച സംഘടനയെ ഒതുക്കാൻ റഷ്യൻ സർക്കാർ മുന്നോട്ടു വെച്ചത് ഒരു ചെറിയ പിഴവിന്റെ ന്യായം. സോഷ്യൽ മീഡിയ പോസ്റ്റുകളിൽ വിദേശ ഏജൻറ് അല്ല എന്ന നിഷേധക്കുറിപ്പ്  ( നമ്മുടെ നാട്ടിലെ സിനിമകളിൽ മൃഗങ്ങളെ ഉപയോഗിച്ചില്ല, അക്രമം പ്രോത്സാഹിപ്പിക്കുന്നില്ല എന്നൊക്കെ ഉള്ള പോലെ disclaimer ) വെച്ചില്ല എന്നതാണ് ആ ന്യായം. മെമ്മോറിയൽ പ്രവർത്തകർക്ക് മാത്രമല്ല നാട്ടുകാർക്കും ലോകത്തിനാകെയും അറിയാം, ഇപ്പറയുന്നതല്ല കാരണം. അപ്രിയ സത്യങ്ങൾ ആ‌ർക്കാണ് ഇഷ്ടം?  അവർ പക്ഷേ ഓർമപ്പെടുത്തുന്നു. റഷ്യൻ പൗരൻമാരുടെ ആവശ്യമാണ് മെമ്മോറിയൽ. അവരുടെ ഭൂതകാലത്തെ വേദനകളും അവർക്ക് മുന്നേയും ഒപ്പവും നടന്ന ലക്ഷക്കണക്കിന് ആളുകളുടെ വിധിയും അറിയാൻ അവർക്കൊപ്പം മെമ്മോറിയലും വേണം. ഈ ഓർമപ്പെടുത്തലോ ലോകത്തെ മനുഷ്യാവകാശ സംഘടനകളുടെ ആവശ്യമോ റഷ്യൻ സർക്കാർ അംഗീകരിച്ചില്ല. ആറുമാസം മുമ്പ് സംഘടന നിരോധിക്കപ്പെട്ടു. നിയമപരമായ വ്യക്തിത്വമോ അസ്തിത്വമോ ഇല്ലാതെ മെമ്മോറിയൽ പ്രവർത്തകർ ഒപ്പമുള്ളവരുടെ മനുഷ്യാവകാശങ്ങൾക്കായി പോരാട്ടം തുടരുന്നു. 

കീവിൽ രൂപീകരിച്ച സംഘടനയാണ് സെന്റർ ഫോർ സിവിൽ ലിബർട്ടീസ്. 2007ലാണ് തുടക്കം. റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിന് പിന്നാലെയാണ് സംഘടന കൂടുതൽ ലോകശ്രദ്ധയിൽ എത്തുന്നത്. അധിനിവേശത്തിന് പിന്നാലെ റഷ്യൻ സൈന്യം നടത്തുന്ന യുദ്ധക്കുറ്റങ്ങൾ കൃത്യമായി കണ്ടെത്തി പുറംലോകത്തെ അറിയിച്ചതോടെയാണത്. മനുഷ്യാവകാശങ്ങൾക്കും ജനാധിപത്യത്തിനും വേണ്ടി പോരാടുന്ന ഒലെക്സാൻഡ്ര മാത്‍വിചുക്ക് എന്ന അഭിഭാഷകയാണ് സംഘടനയുടെ മുഖ്യശിൽപി.  യുക്രെയ്നെ പൂർണമായും ജനാധിപത്യവത്കരിക്കുക എന്നതായിരുന്നു ഉദ്ദേശം. 2013ലും 2014ലും അന്ന് പ്രസിഡന്റ് ആയിരുന്ന വിക്ടർ യാന്യുകോവിച്ചിന്റെ സുരക്ഷാസേന നടത്തിയ അധികാര ദുർവിനിയോഗവും അക്രമവും പുറത്തെത്തിച്ചതും ജനാധിപത്യ ധ്വംസനത്തിന് എതിരെ പ്രതിഷേധിച്ചവർക്കായി നിയമസഹായം നൽകിയതും സംഘടനയായിരുന്നു. അന്താരാഷ്ട്ര നീതിന്യായ കോടതിയുമായി യുക്രൈയ്ൻ പൂർണമായും സഹകരിക്കണമെന്ന ആവശ്യവും സംഘടന മുന്നോട്ടു വെച്ചു. 2014ൽ കിഴക്കൻ യുക്രൈയ്നിൽ റഷ്യൻ പടവിന്യാസം നടന്നപ്പോൾ ഉണ്ടായ മനുഷ്യാവകാശ ധ്വംസനങ്ങളും ആക്ടിവിസ്റ്റുകളുടേയും മാധ്യമപ്രവർത്തരുടെയും കാണാതാവലും എല്ലാം കൃത്യമായി സംഘടന രേഖപ്പെടുത്തുകയും വിവരങ്ങൾ പുറത്തുവിടുകയും ചെയ്തു.   ഏഴ് മാസം മുമ്പ് റഷ്യൻ സേന യുക്രൈയ്നിലേക്ക് പടപ്പുറപ്പാട് തുടങ്ങിയപ്പോൾ ആ പ്രർത്തനം സംഘടന കൂടുതൽ ഉഷാറാക്കുകയും കൃത്യത ഉറപ്പാക്കുകയും ചെയ്തു. സമാധാനത്തിനായി പ്രവർത്തിക്കുന്ന ദേശീയ, അന്തർദേശീയ സംഘടനകളുമായി സഹകരിക്കുകയും ചെയ്തു. നോബേൽ നേട്ടം കൂടുതൽ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കാൻ ഊർജം നൽകുന്നു എന്നായിരുന്നു ഒലെക്സാൻഡ്രയുടെ പ്രതികരണം. ഒപ്പം അവ‌ർ പറഞ്ഞ വാചകം ഉത്തരവാദിത്തബോധമുള്ള ഏതൊരു വ്യക്തിക്കുമുള്ള ഓർമപ്പെടുത്തലാണ്. ‘  ലോകചരിത്രം മാറ്റിമറിക്കാൻ ഐക്യരാഷ്ട്രസഭ നടത്തുന്ന ഇടപെടലിനേക്കാൾ ശക്തിയുള്ള നീക്കവും നടപടിയും ആകും   പല നാടുകളിൽ നിന്നുള്ള സാധാരണക്കാർ ഒന്നിച്ചു ചേർന്ന് ശബ്ദം ഉയർത്തിയാൽ ‘.

രണ്ട് സംഘടനകൾക്കൊപ്പം നോബേൽ സമിതി അംഗീകരിച്ചിരിക്കുന്നത് ഒരു വ്യക്തിയെ ആണ്.  ബെലാറൂസിലെ മനുഷ്യാവകാശ പ്രവർത്തകൻ അലെസ് ബിയാലിയറ്റ്സ്കി. ഭരണകൂടത്തിന് എതിരായ പോരാട്ടത്തിന്റെ പേരിൽ രണ്ടു വർഷമായി തടവിലാണ് അദ്ദേഹം.  വസന്തം എന്ന വിയസ്ന (Viasna) എന്ന മനുഷ്യാവകാശ സംഘടനയുടെ സ്ഥാപകനാണ് ബിയാലിയറ്റ്സ്കി. 96ലാണ് സ്ഥാപനം. തെരുവുകളിൽ ഉയർന്നു കേട്ട പ്രതിഷേധസ്വരം അടിച്ചമർത്താൻ അലെക്സാണ്ടർ ലുകാഷെൻകോ സകല അധികാരവും ദുർവിനിയോഗം ചെയ്തപ്പോളാണ് വസന്തം അഥവാ വിയസ്ന പൊട്ടി വിരിഞ്ഞത്. ജയിലിൽ ആയവർക്കും അവരുടെ കുടുംബത്തിനും വേണ്ട സഹായങ്ങൾ എത്തിച്ചും അധികൃതരുടെ മർദനമുറകൾ രേഖപ്പെടുത്തിയും വിയസ്ന അവകാശപ്പോരാളിയായി. അതേ ലുകാഷെൻകോ അധികാരം നിലനിർത്താൻ തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന ആരോപണങ്ങൾക്ക് പിന്നാലെ ബെലാറൂസിൽ ഉയർന്ന പ്രതിഷേധജ്വാലയുടെ തീനാളങ്ങളിലേറി 2020ൽ തടവിലായി ബിയാലിയറ്റ്സ്കി.   ഇതിന് മുന്പും ജയിലിൽ കിടന്നിട്ടുണ്ട് അദ്ദേഹം. 2011ൽ. എല്ലായ്പ്പോഴും നിഷേധിച്ച നികുതിവെട്ടിപ്പ് ആരോപണങ്ങളുടെ പേരിൽ അദ്ദേഹത്തെ തടവിലിട്ടത് മൂന്ന് കൊല്ലമാണ്.  ഇപ്പോൾ വിചാരണ ഇല്ലാതെ തടവിൽ രണ്ടു വർഷം പിന്നിടുന്നു. തടവറ ആ അറുപതുകാരന്റെ ആശയസ്ഥൈര്യമോ വീര്യമോ  തളർത്തിയില്ല. അവകാശപ്പോരാട്ടത്തിന്റെ പാതയിൽ നിന്ന് ഒരിഞ്ച് അദ്ദേഹം പിന്നോട്ട് മാറിയിട്ടില്ല.   ജനാധിപത്യത്തെ പ്രോത്സാഹിപ്പിക്കണമെന്ന, അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്ന  ബോധ്യത്തിന് പ്രായമോ തടവറയോ അധികാരത്തിന്റെ മർക്കടമുഷ്ടിയോ സമരത്തിന്റെ കാർക്കശ്യമോ ഒന്നും തെളിമ കുറച്ചില്ല. അതിനുള്ള ആദരമാണ് നോബേൽ പുരസ്കാരം. 
ലുകാഷെൻകോ ഉരുക്കുമുഷ്ടിയുടെ കാർക്കശ്യത്തിൽ എതിർശബ്ദങ്ങളെ അടിച്ചമർത്തി 94മുതൽ രാജ്യം ഭരിക്കുന്നു. യുക്രൈയ്ന് എതിരെ മിസൈലുകളും ആയുധങ്ങളും ഉപയോഗിക്കാൻ റഷ്യക്കായി ബെലാറൂസ് പ്രദേശങ്ങൾ തുറന്നിട്ട ആൾ. അതിന് കാരണമോ വ്ലാദിമീർ പുട്ടിനുമായുള്ള അടുത്ത സൗഹൃദവും പങ്കാളിത്തവും. പുട്ടിനോ, സ്വന്തം നാടും സേനയും ലോകമാകെയും പറഞ്ഞിട്ടും യുക്രൈയ്ന് എതിരെ പടപ്പുറപ്പാടിനിറങ്ങിയ സ്വേച്ഛാധിപതി. നിങ്ങൾ ഒറ്റക്ക് ആണെന്നും ജനങ്ങളുടെ അവകാശത്തിനും ജനാധിപത്യത്തിനും ഒപ്പമാണ് ലോകമെന്നും വിളിച്ചുപറയുന്നതാണ് നോബേൽ സമാധാന പുരസ്കാര പ്രഖ്യാപനം. അവകാശപ്പോരാളികൾക്ക് ആദരം...
 
  


 

click me!