പട്ടിണിയില്‍ നിന്നും ദാരിദ്ര്യത്തില്‍ നിന്നും ഐ ഐ എമ്മിലേക്ക്; ഈ അച്ഛനും അമ്മയ്ക്കും അഭിമാന നിമിഷം

By Web TeamFirst Published Apr 11, 2019, 1:04 PM IST
Highlights

ഈ സന്തോഷവാർത്ത ഹിതേഷിന്റെ അച്ഛനും അമ്മയ്ക്കും വിശ്വസിക്കാൻ ആവുന്നില്ല. തങ്ങൾ ചോരനീരാക്കി വളർത്തി വലുതാക്കിയ പ്രിയപുത്രൻ   പ്രതീക്ഷകൾക്കൊത്തുയർന്ന്, തന്നെക്കാൾ എത്രയോ ഇരട്ടി മെച്ചപ്പെട്ട സാഹചര്യങ്ങളിൽ വളരുന്ന എത്രയോ കുട്ടികളെ മറികടന്ന്‌, ഒന്നാമതെത്തി കൈവരിച്ച ഈ അപൂർവ നേട്ടം അവരെ തെല്ലൊന്നുമല്ല ആനന്ദിപ്പിക്കുന്നത്. 
 

ജോലി എന്നുകേട്ടാൽ ഹിതേഷിന് ഓർമ്മവരിക സ്വന്തം അമ്മയുടെ മുഖമാണ്.  അവരുടെ മുഖത്തു പൊടിയുന്ന വേർപ്പുതുള്ളിയാണ് ഹിതേഷിൻറെ ഓർമകളിൽ നിറഞ്ഞു നിൽക്കുന്നത്. ദിവസവും രാത്രി 2-3 മണിവരെ ഇരുന്നു സമോസയുണ്ടാക്കും അമ്മ. പകലുമുഴുവൻ വണ്ടി ഓടിക്കലാണ് അച്ഛന്റെ ജോലി. വൈകുന്നേരം വീട്ടിൽ വന്നാൽ അച്ഛനും കൂടും അമ്മയ്‌ക്കൊപ്പം സമോസ പൊരിക്കുന്ന പണിയ്ക്ക്. ആവുന്ന മുറയ്ക്ക് അച്ഛൻ അതും കൊണ്ട് മാർക്കറ്റിലേക്ക് പോവും. ചൂടോടെ ആളുകൾക്ക് വിൽക്കാൻ. രണ്ടു മക്കൾക്കും കിട്ടാവുന്നതിൽ വെച്ച് ഏറ്റവും നല്ല വിദ്യാഭ്യാസം കൊടുക്കാൻ എത്ര അദ്ധ്വാനിച്ചാലും മതിയാവില്ലെന്ന് അവർക്കറിയാമായിരുന്നു. 

ദൈവം സഹായിച്ച് അവരുടെ കുട്ടികൾ രണ്ടും അതി സമർത്ഥരായിരുന്നു. ആ കുട്ടികൾക്ക് പഠിക്കാൻ വേണ്ട സാധനസാമഗ്രികളൊക്കെയും ഓടിപ്പാഞ്ഞുനടന്ന് കിട്ടുന്ന ചില്ലറക്കാശുകൾ സ്വരുക്കൂട്ടി ആ ദമ്പതികൾ വാങ്ങിക്കൊടുത്തു. ഇടയ്ക്കൊക്കെ പൊരിവെയിലത്തുള്ള ഈ ഓട്ടപ്പാച്ചിലിനിടെ ആകെ തളർന്ന് ഇരുന്നുപോകാറുണ്ടവർ വഴിവക്കിൽ. ഒരു ദിവസം പോലും സ്വൈരമായൊന്നു വിശ്രമിക്കാതെ, സുഖമെന്തെന്നറിയാതെ ഇങ്ങനെ ജീവിച്ചിട്ടെന്ത് എന്നുവരെ അവർക്കുതോന്നും. പക്ഷേ,  മക്കളുടെ മുന്നിൽ അവർ ഒരിക്കലും തങ്ങളുടെ വിഷമതകൾ പുറത്തു കാട്ടിയില്ല. കുട്ടികൾ അല്ലലറിയാതെ പഠിക്കണം എന്നുമാത്രം അവർ കരുതി. 

ഒരു കെട്ടിടത്തിലെ വാച്ച്മാനായിട്ടായിരുന്നു ആദ്യം ജോലികിട്ടിയത്

സരിതാ ദേവി - പങ്കജ് സിങ്ങ് ദമ്പതികളുടെ മകനായ ഹിതേഷ് സിങ്ങ്, തന്റെ അച്ഛനമ്മമാരുടെ പെടാപ്പാടിനെ ബഹുമാനിച്ചു. അവർ ആഗ്രഹിച്ച പോലെ അവൻ ഉറക്കമിളച്ച് പഠിച്ചു. തന്റെ കഴിവിന്റെ പരമാവധി അവൻ പഠിക്കാൻ ശ്രമിച്ചു. അവന് അതിന്റെ പ്രതിഫലവും കിട്ടി. ഇന്ന് രാജ്യത്തെ ഏറ്റവും ശ്രേഷ്ഠമായ ബിസിനസ്സ് സ്‌കൂളുകളിൽ ഒന്നായ  IIM അഹമ്മദാബാദിൽ പ്രവേശനം കിട്ടിയിരിക്കുകയാണ്‌ ഹിതേഷിന്. അതും തന്റെ കഴിവിന്റെ ബലത്തിൽ മാത്രം..!

ഈ സന്തോഷവാർത്ത ഹിതേഷിന്റെ അച്ഛനും അമ്മയ്ക്കും വിശ്വസിക്കാൻ ആവുന്നില്ല. തങ്ങൾ ചോരനീരാക്കി വളർത്തി വലുതാക്കിയ പ്രിയപുത്രൻ   പ്രതീക്ഷകൾക്കൊത്തുയർന്ന്, തന്നെക്കാൾ എത്രയോ ഇരട്ടി മെച്ചപ്പെട്ട സാഹചര്യങ്ങളിൽ വളരുന്ന എത്രയോ കുട്ടികളെ മറികടന്ന്‌, ഒന്നാമതെത്തി കൈവരിച്ച ഈ അപൂർവ നേട്ടം അവരെ തെല്ലൊന്നുമല്ല ആനന്ദിപ്പിക്കുന്നത്. 

"മക്കൾക്ക് ഏറ്റവും നല്ല വിദ്യാഭ്യാസം കൊടുക്കുക. അതാണ് അവരോട് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ ഉപകാരം. അത് ഞങ്ങൾ ചെയ്തു.." സരിതാ ദേവി പറഞ്ഞു. 

ബിഹാറിലെ ഭാഗൽപൂർ ജില്ലയിലെ രജൗൻ എന്ന കുഗ്രാമത്തിൽ ജനിച്ച പങ്കജ് അവിടത്തെ ദാരിദ്ര്യത്തിൽ നിന്നും കരകയറാൻ വേണ്ടി നാടുവിട്ട് ഗുജറാത്തിലെ ആനന്ദിൽ എത്തുന്നത് 1989 -ലാണ്. ഒരു കെട്ടിടത്തിലെ വാച്ച്മാനായിട്ടായിരുന്നു ആദ്യം ജോലികിട്ടിയത്. അവിടെ ഒറ്റയ്ക്ക് കഴിഞ്ഞുകൊണ്ട്, മുണ്ടുമുറുക്കിയുടുത്ത്, കിട്ടുന്നതെല്ലാം മിച്ചം പിടിച്ച് അദ്ദേഹം വീട്ടിലേക്ക് അയച്ചുകൊണ്ടിരുന്നു. 1995 -ൽ നാട്ടിൽ ചെന്ന് തിരിച്ചു പോന്നപ്പോൾ അദ്ദേഹം തന്റെ ഭാര്യ സരിതാ ദേവിയെക്കൂടി ഒപ്പം കൂട്ടി. 

അവർ രണ്ടുപേരും ജീവിതസാഹചര്യങ്ങൾ നിമിത്തം പത്താം തരത്തിൽ പഠനം നിർത്തേണ്ടി വന്നവരാണ്. അവർക്ക് താമസിയാതെ രണ്ടാൺകുഞ്ഞുങ്ങൾ ജനിച്ചപ്പോൾ അവർ ഒരു കാര്യം ഉറപ്പിച്ചു. തങ്ങൾക്ക് കിട്ടാതെ പോയ വിദ്യാഭ്യാസം തങ്ങളുടെ മക്കൾക്ക് എന്തായാലും കൊടുക്കണം. വേണ്ടത്ര കാശ് അപ്പോഴും കിട്ടിത്തുടങ്ങിയില്ലായിരുന്നു എങ്കിലും, അവർ കിട്ടിയതിൽ നിന്നും മിച്ചം വെച്ച് കുട്ടികളെ പഠിപ്പിക്കാൻ ശ്രമിച്ചു. 

പങ്കജിന് വളരെ തുച്ഛമായ ശമ്പളം മാത്രമേ കിട്ടിയിരുന്നുള്ളൂ. ഒരു വാച്ച്മാന്റെ ജോലി ചെയ്തുകൊണ്ട് രണ്ടു പിള്ളേരെയും താൻ സ്വപ്നം കാണുന്ന രീതിയിൽ പഠിപ്പിച്ചെടുക്കാൻ കഴിയില്ലെന്നു പങ്കജിന് ബോധ്യപ്പെട്ടു. അതുകൊണ്ടയാൾ ഡ്രൈവിങ്ങ് പഠിച്ചെടുത്തു. താമസിയാതെ ഒരു ഡ്രൈവിങ്ങ് ജോലിയും അയാൾ നേടിയെടുത്തു. ഭർത്താവിന്റെ മേൽ ഒരു ഭാരമാവരുത് എന്ന് നിര്ബന്ധമുണ്ടായിരുന്നു സരിതയ്ക്ക്. അവർ തയ്യൽ പഠിച്ചു. ചെറിയതോതിൽ തുന്നൽ പണികൾ ഏറ്റെടുത്ത് ചെയ്യാൻ തുടങ്ങി. ഒപ്പം ഭാര്യയും ഭർത്താവും കൂടി സമോസയുണ്ടാക്കി വിൽക്കുന്ന പരിപാടിയും തുടങ്ങി. അതൊക്കെ പച്ചപിടിച്ചു തുടങ്ങിയതോടെ അവർക്ക് കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള പണം കഷ്ടിച്ച് കിട്ടിത്തുടങ്ങി. 

അവിടെയും തന്റെ ധിഷണയാൽ അവൻ ശ്രദ്ധേയനായി

മക്കൾ പഠിക്കുന്നത് ഗുജറാത്തി മീഡിയത്തിലായിരുന്നു. അവരെ വീട്ടിൽ പഠനത്തിൽ സഹായിക്കാൻ വേണ്ടി അവർ മിനക്കെട്ട് ഗുജറാത്തി പഠിച്ചു. മൂത്തവൻ ഹിതേഷ്  പഠിക്കാൻ മിടുക്കനായിരുന്നു. അഞ്ചാം ക്ളാസിലെത്തിയപ്പോൾ അവന് ആദ്യമായി ഒരു സ്‌കോളർഷിപ്പ് കിട്ടി. അത് അവന്റെ കണ്ണുകൾ തുറപ്പിച്ചു. വേണ്ടത്ര അധ്വാനിച്ചു പഠിച്ചാൽ തന്റെ അച്ഛനമ്മമാരുടെ വിഷമതകൾക്ക് പരിഹാരമുണ്ടാക്കാൻ തനിക്ക് കഴിയുമെന്ന് അവൻ തിരിച്ചറിഞ്ഞു. സ്കോളർഷിപ്പുകളിലൂടെ തന്റെ സ്‌കൂൾ ഫീസുകൾക്കായി  പണമുണ്ടാക്കുന്ന ഭാരത്തിൽ നിന്നെങ്കിലും അവരെ ഒഴിവാക്കാം എന്നവന് മനസ്സിലായി. 

അതിനുശേഷം അവൻ സ്കോളർഷിപ്പുകൾക്ക് തേടിപ്പിടിച്ച് അപേക്ഷകൾ അയക്കാൻ തുടങ്ങി. അങ്ങനെ അപേക്ഷിക്കുന്നതിൽ പലതും അവൻ കഠിനമായി അദ്ധ്വാനിച്ചുകൊണ്ട് നേടിയെടുത്തു. 

പത്താം ക്‌ളാസിൽ വെച്ചാണ് പങ്കജ് ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ്ങ് ഫെഡറേഷന്റെ എം ഡി ആയിരുന്ന ആർ എസ് സോധിയെ കണ്ടുമുട്ടുന്നത്. അദ്ദേഹത്തിന്റെ ഡ്രൈവർ തസ്തികയിൽ ഒരു താത്കാലിക  ജോലി കിട്ടിയപ്പോഴാണ് അവർ തമ്മിൽ കാണുന്നത്. താമസിയാതെ അദ്ദേഹം ആ  കുടുംബവുമായി അടുത്തു. പങ്കജിന്റെ GCMMFലെ ജോലി സ്ഥിരപ്പെടുത്തപ്പെട്ടു.  

പങ്കജിന് അക്കാലത്ത് തന്റെ ബോസിനെ പലവട്ടം IIM അഹമ്മദാബാദിൽ ഗസ്റ്റ്  ലെക്ച്ചറുകൾക്കായി കൊണ്ടുപോവേണ്ടി വന്നിട്ടുണ്ട്. അക്കാലത്തൊന്നും IIM-A പോലെ ഉന്നതമായ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ തന്റെ മകന്  പ്രവേശനം കിട്ടും ഭാവിയിൽ എന്ന് പങ്കജ് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. എന്നാലും അങ്ങനെ ഒരു ആഗ്രഹം അദ്ദേഹത്തിന്റെ മനസ്സിൽ പതിയെ മുളപൊട്ടി. മകനെ എങ്ങനെയെങ്കിലും ഒരു എംബിഎക്കാരനാക്കണം. അദ്ദേഹം മനസ്സിൽ ഉറപ്പിച്ചു. 

അങ്ങനെയിരിക്കെ ഹിതേഷ് പത്താംക്ലാസ് പാസ്സായി. മികച്ച മാർക്കുണ്ടായിരുന്നെകിലും, നല്ല കോളേജുകളിൽ പഠിക്കാനുള്ള ചെലവുകളെക്കുറിച്ച് ആലോചിക്കുമ്പോൾ അവന് മടിയായി. പക്ഷേ, വഴിയേ പോവുന്ന സ്കോളര്‍ഷിപ്പുകൾക്കെല്ലാം അപേക്ഷിക്കുന്ന അവന്റെ പ്രകൃതം അവനു ഗുണം ചെയ്തു. അക്കൂട്ടത്തിൽ ഉണ്ടായിരുന്ന D Z പാട്ടീൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ നിന്നും അവന്റെ സകല ഫീസും ഇളവുചെയ്തുകൊണ്ടുള്ള ഒരു സ്‌കോളർഷിപ്പ് അവനെത്തേടിയെത്തി. നഗരത്തിലെ ഏറ്റവും പണക്കാരായ ആളുകൾക്കുമാത്രം പഠിക്കാൻ സാധിച്ചിരുന്ന എലീറ്റ് ആയ  ഒരു സ്‌കൂളായിരുന്നു അത്. ഏറ്റവും മികച്ച മാർക്ക് സ്‌കോർ ചെയ്യുന്ന കുട്ടികളെ  മാത്രം  പ്രവേശിപ്പിക്കുന്ന ഒരിടവും.  അവിടെയും തന്റെ ധിഷണയാൽ അവൻ ശ്രദ്ധേയനായി. 

ഹിതേഷ് പന്ത്രണ്ടാം ക്ലാസിൽ ഫിസിക്സ്, കെമിസ്ട്രി, മാത്‍സ് സ്ട്രീമിൽ നിന്നും 97  ശതമാനം മാർക്കോടെ പാസായി. തുടർന്ന് അവന് SMC കോളേജ് ഓഫ് ഡയറി ടെക്‌നോളജിയിൽ ബി ടെക്കിന് പ്രവേശനം കിട്ടി. അവൻ പലതും ഓർത്താണ് ആ കോഴ്‌സും ആ കോളേജും തിരഞ്ഞെടുത്തത്. പ്രധാന പരിഗണന ആ രംഗത്തെ ഉയർന്ന ജോലി സാധ്യത തന്നെ. മാത്രമല്ല, അതൊരു സർക്കാർ കോളജ് ആയിരുന്നതിനാൽ സെമസ്റ്റർ ഫീസ്  ആറായിരം രൂപ മാത്രമേ ഉണ്ടായിരുന്നുള്ളു. അവന്റെ മാതാപിതാക്കൾക്ക് വഹിക്കാനാവുമാണ് ഒരു സംഖ്യയായിരുന്നു അത്. അവിടെയും അതിന്റെ മുക്കാൽ ഭാഗത്തോളം സ്കോളർഷിപ്പായി അവനു കിട്ടി. 

ജോലിയ്‌ക്കൊപ്പം  CAT പരീക്ഷയ്ക്ക് തയ്യാറെടുക്കാനും തുടങ്ങി ഹിതേഷ്

എഞ്ചിനീയറിങ്ങ് ഡിഗ്രി മൂന്നാം വർഷമായപ്പോഴേക്കും ഹിതേഷിന് ഒരു കാര്യം പിടികിട്ടി. ഗ്രാമഗ്രാമാന്തരങ്ങളിലെ ക്ഷീരകർഷകർക്ക് അവരുടെ ഉത്പന്നങ്ങൾ നേരാം വണ്ണം  മാർക്കറ്റുചെയ്യാനുള്ള സംവിധാനങ്ങൾ ഇന്നും ലഭ്യമല്ല എന്ന്. അതുകൊണ്ടുതന്നെ അവൻ ആ രംഗത്ത് ഉന്നത പഠനം നടത്താൻ ആഗ്രഹിച്ചിരുന്നു. മാത്രവുമല്ല, അവന്റെ അച്ഛന്റെയും അമ്മയുടെയും കുടുംബങ്ങൾ കാർഷിക പാരമ്പര്യമുള്ള കുടുംബങ്ങളാണ്. അച്ഛൻ കുട്ടിക്കാലത്ത് പഠിക്കാൻ മടി കാണിച്ചാൽ എപ്പോഴും  അവനോടു പറയുമായിരുന്നു.. "നല്ലോണം പഠിച്ചില്ലെങ്കിൽ നാട്ടിലേക്ക് തിരിച്ചു പോയി പാടത്ത് പണിക്കു പോവേണ്ടി വരും നിനക്ക്.." അമ്മയും പേടിപ്പിക്കുമായിരുന്നു.. " മര്യാദയ്ക്ക് പഠിച്ചോ.. ഇല്ലെങ്കിൽ തിരിച്ചു പോയി നാട്ടിൽ വല്ല കാലിയെയും മേയ്‌ക്കേണ്ടി വരും.. "  എന്തുകൊണ്ടാണ് കാലിയെ മേയ്ക്കുന്നതും, പാടത്ത് പണിയെടുക്കുന്നതും ഒക്കെ ഗതികേടായി ആളുകൾക്ക് തോന്നുന്നത്..? എന്തുകൊണ്ട് അതൊക്കെ ലാഭകരമായ, അഭിമാനപൂർവം ചെയ്യാവുന്ന തൊഴിലുകളാവുന്നില്ല..? ഇതൊക്കെയായിരുന്നു ഹിതേഷിന്റെ മനസ്സിൽ. 

2018 -ൽ അവൻ ബി ടെക്ക് ഒന്നാം റാങ്കോടുകൂടി പാസായി. അഞ്ചു ഗോൾഡ് മെഡലുകൾ അവൻ നേടി. പഠിച്ചിറങ്ങിയ പാടെ അവനൊരു നല്ല കമ്പനിയിൽ ജോലിയും കിട്ടി. ജോലിയ്‌ക്കൊപ്പം  CAT പരീക്ഷയ്ക്ക് തയ്യാറെടുക്കാനും തുടങ്ങി ഹിതേഷ്. 

രാവിലെ എട്ട് മണി മുതൽ വൈകുന്നേരം നാല്  മണി വരെയായിരുന്നു ഹിതേഷിന്റെ ജോലി. വീട്ടിൽ വന്ന് അധികം താമസിയാതെ CAT പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പായി. കോച്ചിങ്ങ് സെന്ററുകൾക്കൊന്നും കൊടുക്കാനുള്ള പണം അവന്റെ പക്കൽ ഇല്ലായിരുന്നതിനാൽ അവൻ തന്റെ സ്നേഹിതരിൽ നിന്നും സ്റ്റഡി മെറ്റീരിയൽ കടം വാങ്ങി പഠിത്തം തുടർന്നു. കഴിഞ്ഞ കൊല്ലം CAT പരീക്ഷയിൽ മികച്ച വിജയം നേടി എംബിഎയ്ക്ക് അഡ്മിഷൻ നേടിയ ചില സുഹൃത്തുക്കൾ തങ്ങളുടെ സ്റ്റഡി മെറ്റീരിയൽ സൗജന്യമായി കൊടുത്ത് അവനെ സഹായിച്ചു. ഇന്റർനെറ്റിലെ പല സൈറ്റുകളിൽ നിന്നും കിട്ടിയ സൗജന്യ വിവരങ്ങളും തന്നെ സഹായിച്ചു എന്ന് ഹിതേഷ് പറഞ്ഞു. 

ഹിതേഷിന് CAT  പരീക്ഷയിൽ 96.7 ശതമാനം മാർക്ക് കിട്ടി. ഇപ്പോൾ IIM അഹമ്മദാബാദിൽ ഫുഡ് ആൻഡ് അഗ്രി ബിസിനസ്സ് മാനേജ്‌മെന്റിൽ എംബിഎയ്ക്ക് പഠിക്കുകയാണ് ഹിതേഷ്. 

തന്റെ സ്വപ്നം, മകൻ സാക്ഷാത്കരിച്ചിരിക്കുന്നു

എൻട്രൻസ് ഫലം വന്ന് സന്തോഷവാർത്ത ഹിതേഷ് അച്ഛൻ പങ്കജ് സിംഗിനെ അറിയിച്ചപ്പോൾ ആദ്യമൊന്നും അദ്ദേഹം വിശ്വസിച്ചില്ല. തന്റെ സ്വപ്നം, മകൻ സാക്ഷാത്കരിച്ചിരിക്കുന്നു എന്ന സത്യം വിശ്വസിക്കാൻ ഏറെ സമയമെടുത്തു അദ്ദേഹത്തിന്. 

സരിതാ ദേവി ഇന്ന് സന്തുഷ്ടയാണ്. മകന്റെ വിജയത്തെപ്പറ്റി അറിഞ്ഞതിനുശേഷം അവർക്ക് തന്റെ ദുരിത ദിനങ്ങളുടെ നേരിയ ഓര്‍മ്മ പോലുമില്ല. ഒരു കുഞ്ഞിന് രക്ഷിതാക്കൾക്ക് നല്കാനാവുന്ന ഏറ്റവും വലിയ സമ്മാനം മികച്ച വിദ്യാഭ്യാസമാണെന്ന്  തന്റെ ജീവിതം തന്നെ മുന്നോട്ടുവച്ചുകൊണ്ട് സരിതാ ദേവി പറയുന്നു. 

click me!