'ഞങ്ങൾക്കും സ്വതന്ത്രരായി ജീവിക്കാൻ മോഹമുണ്ട് ' - ഒടുവില്‍ മുഖം വെളിപ്പെടുത്തി ചൈനയിലെ പൊളിറ്റിക്കല്‍ കാര്‍ട്ടൂണിസ്റ്റ്

By Web TeamFirst Published Jun 5, 2019, 5:55 PM IST
Highlights

"എന്റെ മുന്നിൽ ഒരേയൊരു ചോദ്യമാണുണ്ടായിരുന്നത്. എക്കാലത്തേക്കുമായി മൗനം പാലിക്കണോ അതോ തിരിച്ചടികൾ പ്രതീക്ഷിച്ചു കൊണ്ട്, ഈ സാഹചര്യത്തെ നേരിടണോ..? " അദ്ദേഹം പറഞ്ഞു.

വളരെ ജനപ്രിയനായ ഒരു ചൈനീസ് പൊളിറ്റിക്കൽ കാർട്ടൂണിസ്റ്റും ഗ്രാഫിറ്റി ആർട്ടിസ്റ്റുമാണ് 'ബാഡ്യുകാവോ'. "ചൈനയിലും കാർട്ടൂണിസ്റ്റോ..? അതും പൊളിറ്റിക്കൽ കാർട്ടൂണിസ്റ്റ്..? " എന്ന് അതിശയിക്കേണ്ട. അങ്ങനെ ഒരു അതിക്രമം കാണിച്ചിട്ടും ജീവനോടെ അവശേഷിക്കാൻ ഭാഗ്യം സിദ്ധിച്ച അപൂർവം ആളുകളിൽ ഒരാളാണ് ബാഡ്യുകാവോ. ഒരു ക്ഷേ, രാജ്യം ഭരിക്കുന്ന ചൈനീസ് കമ്യൂണിസ്റ്റ്  ഭരണകൂടത്തെ തമാശയുടെ, പരിഹാസത്തിന്റെ ഒക്കെ കാരിക്കേച്ചർ കണ്ണിലൂടെ കണ്ടിട്ടും ഫയറിങ്ങ് സ്‌ക്വാഡിന് മുന്നിൽ എത്തിപ്പെടാതെ ഭൂമുഖത്തവശേഷിച്ച ഒരേയൊരു ഭാഗ്യവാൻ.  

'ബാഡ്യുകാവോ' എന്ന പേര് ചൈനീസ് ഭരണകൂടത്തിന്റെ ഹിറ്റ് ലിസ്റ്റിൽ ആയിട്ട് നാളുകുറെയായി.  അദ്ദേഹം ഭരണകൂടത്തിന്റെ ജനാധിപത്യ വിരുദ്ധമായ നടപടികൾക്കെതിരെ നിരന്തരം ഗ്രാഫിറ്റികളും കാർട്ടൂണുകളും മറ്റും വരച്ചു കൊണ്ടിരിക്കുകയാണ് എന്നതുതന്നെ കാരണം. തന്റെ സ്വത്വം വെളിപ്പെടുത്താതിരുന്നതുകൊണ്ടു മാത്രമാണ് അദ്ദേഹം ഇത്രയും നാൾ പിടിച്ചു നിന്നത്. എന്നാൽ ആ ഒളിച്ചുകളി അദ്ദേഹത്തിനും മടുത്തിരിക്കുന്നു.

ഈ വർഷത്തെ ടിയാനൻ മെൻ കൂട്ടക്കൊലയുടെ വാർഷിക ദിനത്തിൽ അദ്ദേഹം തന്റെ ജീവിതത്തിലെ ഏറെ സുപ്രധാനമായ ആ തീരുമാനമെടുത്തു. തന്റെ മുഖം ലോകത്തിനു മുന്നിൽ വെളിപ്പെടുത്തുക എന്ന ധീരമായ തീരുമാനം. രാജ്യത്ത് ജനാധിപത്യം പുലർന്നുകാണണമെന്നു സ്വപ്നം കണ്ടതിന്റെ പേരിൽ മാത്രമാണ് പതിനായിരത്തിലധികം വരുന്ന കോളേജുവിദ്യാര്ഥികളെ 1989 ജൂൺ 4 -ന്  ചൈനയിലെ പീപ്പിൾസ് ലിബറേഷൻ ആർമി എന്ന പട്ടാളം ടാങ്ക് കയറ്റിയും വെടിവെച്ചും ബയണറ്റിനു കുത്തിയും ഒക്കെ വധിച്ചത്. അന്ന് വിദ്യാർത്ഥികൾ നടത്തിയ സമാധാനപരമായ പ്രക്ഷോഭത്തെ ഭരണകൂടം നിർദയം അടിച്ചമർത്തി. 

33 -കാരനായ ബാഡ്യുകാവോ തന്റെ സൃഷ്ടികളുടെ  പേരിൽ ബാങ്ക്സി എന്ന അന്താരാഷ്ട്ര പ്രസിദ്ധിയാർജ്ജിച്ച ഗ്രാഫിറ്റി കലാകാരനുമായിട്ടാണ്  പലപ്പോഴും കലാലോകം താരതമ്യപ്പെടുത്തപ്പെടുന്നത്.  നിയമ വിദ്യാർത്ഥിയായിരിക്കെ ഒരു ഡോര്‍മിറ്ററിയിൽ ഒളിച്ചിരുന്ന് കണ്ട 'ടിയാനൻമെൻ കൂട്ടക്കൊല'യെപ്പറ്റിയുള്ള ' ദി ഗേറ്റ് ഓഫ് ഹെവൻലി പീസ്' എന്ന  ഡോകുമെന്ററിയാണ് അദ്ദേഹത്തെ വരയിൽ രാഷ്ട്രീയ വിമർശനത്തിന്റെ പാതയിലേക്ക് നയിക്കുന്നത്.  അന്നുവരെ അവരാരും തന്നെ തങ്ങളുടെ മുന്‍തലമുറയിലെ വിദ്യാർത്ഥികൾക്കുനേരെ നടന്ന ആ അതിക്രമങ്ങളുടെ നേരനുഭവങ്ങളേപ്പറ്റി അറിഞ്ഞിരുന്നില്ല. കടുത്ത സെൻസർഷിപ്പ് കാരണം ആ അതിക്രമങ്ങൾ 'പത്തുനൂറ് പേർ മരിച്ച ഒരു ഭരണകൂടവിരുദ്ധ കലാപം' എന്ന മട്ടിൽ ലഘൂകരിച്ചുകൊണ്ടാണ് എന്നും ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത് ചൈനയിൽ.  ചൈനയിലെ ഭരണാധികാരികളെ അവരുടെ പൗരാവകാശ ധ്വംസനങ്ങളുടെ പേരിൽ കണക്കറ്റു പരിഹസിച്ചിട്ടുള്ള ബാഡ്യുകാവോ ഇനിയും ജീവനിലുള്ള കൊതിയുടെ പേരിൽ ഒളിച്ചിരിക്കാൻ തയ്യാറില്ല. കൊല്ലുന്നെങ്കിൽ കൊല്ലട്ടെ എന്നാണ് ഇപ്പോൾ അദ്ദേഹം പറയുന്നത്. 

കഴിഞ്ഞ കുറേക്കാലമായി ഓസ്‌ട്രേലിയയിൽ സ്ഥിരതാമസമാണ് ബാഡ്യുകാവോ. അദ്ദേഹത്തെപ്പറ്റിയുള്ള ഡോകുമെന്ററി ചിത്രം, "ചൈനാസ് ആർട്ട്ഫുൾ ഡിസിഡന്റ്" ചൊവ്വാഴ്ച എബിസി ടെലിവിഷനിൽ കാണിക്കുകയുണ്ടായി. അതിലാണ് അദ്ദേഹം തന്റെ മുഖം ആദ്യമായി വെളിപ്പെടുത്തിയത്.  ഒപ്പം തന്റെ ഹോങ്കോങ്ങിലെ എക്സിബിഷൻ അട്ടിമറിക്കാനുള്ള ചൈനീസ് സർക്കാരിന്റെ  ശ്രമങ്ങളെയും, ഇന്നും ചൈനയിൽ തന്നെ കഴിയുന്ന തന്റെ കുടുംബത്തിനു നേരെയുള്ള പോലീസിന്റെ ഭീഷണിപ്പെടുത്തലുകളെയും ഒക്കെപ്പറ്റി അദ്ദേഹം അതിൽ വ്യക്തമാക്കുകയുണ്ടായി. 

"എന്റെ മുന്നിൽ ഒരേയൊരു ചോദ്യമാണുണ്ടായിരുന്നത്. എക്കാലത്തേക്കുമായി മൗനം പാലിക്കണോ അതോ തിരിച്ചടികൾ പ്രതീക്ഷിച്ചു കൊണ്ട്, ഈ സാഹചര്യത്തെ നേരിടണോ..? " അദ്ദേഹം പറഞ്ഞു. ഇന്ന് അദ്ദേഹം കഴിയുന്നത് മെൽബണിൽ ആണെങ്കിലും തന്നെ നിരീക്ഷിച്ചുകൊണ്ട് ചൈനീസ് ചാരക്കണ്ണുകൾ തൊട്ടടുത്തുതന്നെ ഉണ്ടെന്നുള്ള സത്യം അദ്ദേഹം തിരിച്ചറിയുന്നുണ്ട്. 

"ഇത്തരത്തിൽ ഒരു സുപ്രധാനമായ കാര്യം ചെയ്യാൻ,  ടിയാനൻമെൻ കൂട്ടക്കൊലയുടെ വാർഷിക ദിനത്തേക്കാൾ പറ്റിയ മറ്റൊരു ദിവസം എനിക്ക് സങ്കല്പിക്കാനാവുന്നില്ല"  അദ്ദേഹം പറഞ്ഞു. 

ചൈനയിൽ നിന്നുകൊണ്ട് തന്റെ കലാസൃഷ്ടികൾ പുറം ലോകം കാണിക്കാൻ സാധിക്കില്ല എന്നറിഞ്ഞ നിമിഷം മുതൽ ബാഡ്യുകാവോ പുറത്ത് കടക്കാനുള്ള പരിശ്രമത്തിലായിരുന്നു. അങ്ങനെ ഒടുവിൽ വളരെ നാൾ നീണ്ട പരിശ്രമങ്ങൾക്കൊടുവിലാണ് അദ്ദേഹം ഓസ്‌ട്രേലിയയിലെ മെൽബണിലെക്ക് കുടിയേറിയത്. അവിടെ നിന്നും അദ്ദേഹം തന്റെ കാർട്ടൂണുകളും മറ്റും  ഇന്റർനെറ്റിലൂടെ പ്രസിദ്ധപ്പെടുത്തി. അതോടെ അദ്ദേഹത്തിന്റെ വർക്കുകൾ ലോകപ്രസിദ്ധമായി. അന്നൊന്നും പക്ഷേ, അദ്ദേഹം തന്റെ മുഖം വെളിപ്പെടുത്തിയിരുന്നില്ല. ഒരു മുഖം മൂടി ധരിച്ചുകൊണ്ടായിരുന്നു എപ്പോഴും സോഷ്യൽ മീഡിയാ പോസ്റ്റുകളിൽ വന്നിരുന്നത്.

ഇത്രയൊക്കെ ശ്രദ്ധിച്ചിട്ടും, മുൻകരുതലുകൾ എടുത്തിട്ടും ചൈനീസ് രഹസ്യപൊലീസ് അദ്ദേഹത്തെപ്പറ്റിയുള്ള വിവരങ്ങൾ ചോർത്തിയെടുക്കുന്നതിൽ വിജയിച്ചു. ഒരു പക്ഷേ അത്യാധുനികമായ ഡിജിറ്റൽ സർവൈലൻസ് സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ടായിരിക്കും അവരതു സാധിച്ചിരിക്കുക. അദ്ദേഹം ഹോങ്കോങ്ങിൽ വെച്ച് തന്റെ ആദ്യത്തെ ഇന്റർനാഷണൽ എക്സിബിഷൻ നടത്താൻ പോവുന്ന വിവരവും ചൈനീസ് രഹസ്യപ്പോലീസിനു എങ്ങനെയോ ചോർന്നുകിട്ടി. ഒടുവിൽ ആ ഷോ തന്നെ അദ്ദേഹത്തിന് റദ്ദാക്കേണ്ടി വന്നു. 

ചൈനയിലെ വിമത നേതാവും നൊബേൽ സമ്മാന ജേതാവുമായ ലിയു സിയാബോയുടെ നിയോൺ ശില്പവും, പ്രസിഡന്റ് സി ജിൻ പിങ്ങ് 'വിന്നി ദി പൂ'ന്റെ തൊട്ടടുത്തായി ഒരു റൈഫിളുമേന്തിക്കൊണ്ട് നിൽക്കുന്ന കാർട്ടൂണുമാണ് ബാഡ്യുകാവോവിന്റെ ഏറ്റവും ജനപ്രസിദ്ധിയാർജ്ജിച്ച വർക്കുകള്‍.  സി ജിൻ പിങ്ങിനെ വിന്നി ദി പൂവുമായി സാമ്യപ്പെടുത്തിക്കൊണ്ടായി പിന്നീടങ്ങോട്ട് ചൈനയിലെ രാഷ്ട്രീയ വിമർശനം. സി ജിൻ പിങ്ങിന്റെ പേര് പറയാൻ വിലക്കുള്ളിടങ്ങളിലൊക്കെ ആളുകൾ വിന്നി ദി പൂവിന്റെ പേരുപയോഗിക്കാൻ തുടങ്ങി. 

ചൈനീസ് സർക്കാരിന് ഹോങ്കോങ്ങിന്റെ മണ്ണിലുള്ള സ്വാധീനം പരസ്യമായ ഒരു രഹസ്യമാണ്. ഹോങ്കോങ് കേന്ദ്രമായി ചൈനീസ് വിമർശന സാഹിത്യം പ്രസിദ്ധപ്പെടുത്തിയിരുന്ന ഒരു  പ്രസാധകനെ ചൈനീസ് രഹസ്യപൊലീസ് തട്ടിക്കൊണ്ടുപോയി. അദ്ദേഹം പിന്നീട് പൊങ്ങിയത് മെയിൻ ലാൻഡ് ചൈനയിലെ വിചാരണക്കോടതിയിലാണ്. അതുപോലെ സർക്കാരിനെ വിമർശിച്ചതിന്റെ പേരിൽ പലരും കോടതിയിലും, ജയിലിലും, ഫയറിങ്ങ് സ്‌ക്വാഡിന് മുന്നിലുമൊക്കെ എത്തിയിട്ടുണ്ട്. 

നിലത്തേക്ക് വീണുകൊണ്ടിരിക്കുന്ന ഒരു കോഴിമുട്ട പോലെയാണ് ഹോങ്കോങ്ങെന്നാണ് ബാഡ്യുകാവോന്റെ അഭിപ്രായം. ഇതുവരെ തറയിൽ വീണിട്ടില്ല, എന്നാൽ ഏതാണ്ട് തറയിൽ എത്താറായിട്ടുമുണ്ട്. എപ്പോൾ വേണമെങ്കിലും തറയിൽ വീണു ചിതറാവുന്ന പരുവം. 

ഒരിക്കൽ ഒരു ചൈനീസ് വിരുദ്ധ പ്രകടനത്തിനായി ഹോങ്കോക്ക് സന്ദർശിച്ചിട്ടുണ്ടെങ്കിലും മുഖം വെളിപ്പെടുത്തിയ സാഹചര്യത്തിൽ ഇനി ഹോങ്കോങ്ങിലേക്ക് ചെന്ന് സ്വന്തം ജീവൻ അപകടത്തിലാക്കാനില്ല എന്ന് ബാഡ്യുകാവോ പറയുന്നു. "ഇന്ന് ഹോങ്കോങിനുള്ളിൽ ചൈനയ്ക്കുള്ള സ്വാധീനവും ശക്തിയും അപാരമാണ്. അങ്ങോട്ടേക്ക് ഇനി പോവുന്നത് ആത്മഹത്യാപരമാണ് "  അദ്ദേഹം പറഞ്ഞു. 

കഴിഞ്ഞ വർഷം ബാഡ്യുകാവോ 'ടാങ്ക് മാൻ' എന്ന പേരിൽ ഒരു ആർട്ട് പ്രോജക്ട് തുടങ്ങിയിരുന്നു. ടിയാനൻമെൻ ചത്വരത്തിൽ സൈനിക ടാങ്കുകളുടെ വ്യൂഹത്തിനു കുറുകെ കയറി നിന്ന് അതിനെ ഒറ്റയ്ക്ക് ചെറുത്ത ഒരു അജ്ഞാതനായ പ്രക്ഷോഭകാരിയാണ് ടാങ്ക് മാൻ എന്നറിയപ്പെടുന്നത്. ആ ധീരന്റെ പേരോ, അയാളുടെ വിധിയോ ഒന്നും ഒരിക്കലും വെളിപ്പെടുത്തപ്പെട്ടിട്ടില്ല. ചരിത്രത്തിൽ അങ്ങനെയൊരു ആളുണ്ടെന്നുപോലും ഗവണ്മെന്റ് പ്രതിനിധികൾ സമ്മതിക്കാറില്ല. ചൈനയിൽ ടിയാനൻമെൻ കൂട്ടക്കൊലയെപ്പറ്റി ഒരക്ഷരം മിണ്ടുന്നതു കൊടിയ കുറ്റമാണ്. അതിന് കടുത്ത നിരോധനമുണ്ട് അവിടെ. അതുമായി ബന്ധപ്പെട്ട നുണകളെയെല്ലാം താമസിയാതെ തന്നെ താൻ പൊളിച്ചടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. 

ചൈനയിൽ ഭരണകൂടം പൗരന്മാർക്കുമേൽ അഴിച്ചുവിടുന്ന  അതിക്രമങ്ങളെയും മൗലികാവകാശ ധ്വംസനങ്ങളെയും ചെറുത്ത് തോൽപ്പിക്കുന്നതിന്റെ ആദ്യ പടി, അതിനെയൊക്കെ ലോകത്തിനുമുന്നിൽ തുറന്നുകാട്ടുക എന്നതാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു. തന്റെ വരയെയും ശില്പങ്ങളെയും അതിനുള്ള മാധ്യമങ്ങളായാണ് അദ്ദേഹം പ്രയോജനപ്പെടുത്തുന്നത്. 

"ശരീരത്തെ അവർക്ക് വേണമെങ്കിൽ ചതച്ചരയ്ക്കാം. വെടിവെച്ചുവീഴ്ത്താം, എന്നാൽ മനുഷ്യന്റെ ആത്മാവിനെ അവർക്ക് തൊടാൻ പോലുമാവില്ല.. " അദ്ദേഹം പറഞ്ഞു. "എന്റെ കലാഹൃദയം, അതിന്റെ സർവ ശക്തിയും സംഭരിച്ചു കൊണ്ട് '89 -ന്റെ ആത്മാവിനെ തൊട്ടുണർത്തുക തന്നെ ചെയ്യും എന്ന് ഞാൻ കരുതുന്നു.. "
 

click me!