കെജിബി ചാരനിൽ നിന്ന് ട്രംപിന്റെ ഉറക്കം കെടുത്തുന്ന സൂപ്പർ ഹീറോയിലേക്കുള്ള പുടിന്റെ വളർച്ച

By Web TeamFirst Published Oct 7, 2019, 1:39 PM IST
Highlights

അമേരിക്കയെ അനിഷ്ടത്തോടെ കാണുന്ന പലർക്കും പുടിൻ ഹീറോയാണ്. അമേരിക്കയുടെ ഹുങ്കിനെ വെല്ലുവിളിക്കാൻ പോന്ന ഒരേയൊരു രാഷ്ട്രത്തലവൻ എന്നാണ് അവർ അദ്ദേഹത്തെ കരുതുന്നത്. 

വ്ളാദിമിർ പുടിൻ...

റഷ്യയെന്നു കേട്ടാൽ ഇന്ന് ആർക്കും ആദ്യം ഓർമ്മവരുന്ന വാക്കാണ് പുടിൻ എന്നത്. റഷ്യയിലുടനീളം ഒരു ഇതിഹാസനായകന്റെ പരിവേഷമുണ്ട് പുടിന്. അദ്ദേഹത്തെപ്പറ്റി നാനാവിധം ലെജൻഡുകളും നാട്ടിൽ പ്രചരിക്കുന്നുണ്ട്. പറഞ്ഞാൽ ചിലപ്പോൾ വിശ്വസിച്ചെന്നുവരില്ല, എന്നാലും പറയാം. റഷ്യയിലെ പല ഉൾനാടൻ ഗ്രാമങ്ങളിലുമുള്ളവർ വിശ്വസിക്കുന്നത് പുടിൻ കഴിഞ്ഞ നൂറ്റമ്പതു വർഷമായി ഇതേ രൂപത്തിലും ഭാവത്തിലും റഷ്യയെ പരിപാലിച്ചുകൊണ്ട് സംരക്ഷിച്ചുകൊണ്ട് പ്രസിഡന്റ് സ്ഥാനത്ത് വാഴുകയാണ് എന്നാണ്. ലോകത്തിലേക്കും വെച്ച് ഏറ്റവും തണുപ്പുള്ള പ്രദേശങ്ങളിൽ ഒന്നായ സൈബീരിയയിൽ നെഞ്ചും വിരിച്ചുകൊണ്ട് അർദ്ധനഗ്നനായി നിൽക്കുന്ന പുടിന്റെ ചിത്രം  ഇതിന്റെ സാക്ഷ്യമാണ്. തൊണ്ണൂറുകളിലൂടെ തുടക്കത്തിലെ സോവിയറ്റ് യൂണിയന്റെ പതനത്തിനു ശേഷം, ഉഗ്രപ്രതാപിയായ പുടിനെ വെല്ലാൻപോന്ന  നേതാക്കളാരും തന്നെ റഷ്യയിൽ ഉയർന്നുവന്നിട്ടില്ല. റഷ്യയിൽ മാത്രമല്ല, കടലും കടന്ന് ലോകമെങ്ങും പരന്നിട്ടുണ്ട്, ഇന്ന് പുടിന്റെ പ്രസിദ്ധി.

അമേരിക്കയെ അനിഷ്ടത്തോടെ കാണുന്ന പലർക്കും പുടിൻ ഹീറോയാണ്. അമേരിക്കയുടെ ഹുങ്കിനെ വെല്ലുവിളിക്കാൻ പോന്ന ഒരേയൊരു രാഷ്ട്രത്തലവൻ എന്നാണ് അവർ അദ്ദേഹത്തെ കരുതുന്നത്. അമേരിക്കയെ വെല്ലുവിളിച്ചുകൊണ്ട്  പുടിൻ തന്റെ സേനയെ ഉക്രെയിനിലേക്കയച്ച് ക്രിമിയ പിടിച്ചെടുത്തത് ഇന്ത്യയിൽ വരെ അദ്ദേഹത്തിന് ആരാധകരെ നേടിക്കൊടുത്തു. 

കരിയറിന്റെ തുടക്കം കെജിബിയിൽ 

1952 ഒകോബാർ 7 -ന് പഴയ സോവിയറ്റ് റഷ്യയിലെ ലെനിൻഗ്രാഡിലാണ് വ്ളാദിമിർ സ്‌പിരിഡിനോവിച്ച് പുടിന്റെയും മരീന ഇവാനോവ പുടിനയുടെയും മൂന്നുമക്കളിൽ ഇളയവനായി വ്ളാദിമിർ വ്ളാദിമിറോവിച്ച് പുടിൻ പിറന്നുവീഴുന്നത്. ലെനിന്റെ കുശിനിക്കാരനായിരുന്നു പുടിന്റെ മുത്തച്ഛൻ. അച്ഛൻ സോവിയറ്റ് നേവിയിൽ ഗുമസ്തനായിരുന്നു, അമ്മ ഒരു ഫാക്ടറി ജീവനക്കാരിയും. പുടിൻ ജനിക്കുന്നതിനു മുമ്പുതന്നെ സഹോദരങ്ങൾ രണ്ടുപേരും ബാലാരിഷ്ടതകളാൽ മരണപ്പെട്ടിരുന്നു. സ്‌കൂളിൽ പ്രാഥമികവിദ്യാഭ്യാസം നേടിക്കൊണ്ടിരുന്ന ബാല്യകാലത്തുതന്നെ ലെനിന്റെ 'യങ്ങ് പയനീർ ഓർഗനൈസേഷൻ' എന്ന യുവജനസംഘടനയിൽ ചേർന്ന് പ്രവർത്തിച്ചു പുടിൻ. പന്ത്രണ്ടാം വയസ്സുതൊട്ടേ സാംബോ, ജൂഡോ തുടങ്ങിയ ആയോധനകലകളിൽ പ്രാവീണ്യം നേടിയിരുന്നു അദ്ദേഹം. രണ്ടിലും ബ്ലാക്ക് ബെൽറ്റിന് തുല്യമായ യോഗ്യതകൾ നേടിയിട്ടുണ്ട് പുടിൻ.

1970 -ൽ ലെനിൻഗ്രാഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് നിയമത്തിൽ ബിരുദം നേടിയ ശേഷമാണ് റഷ്യൻ കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമാവുന്നത്. 1975 -ൽ കെജിബിയിൽ ഏജന്റായി പ്രവർത്തനം തുടങ്ങുന്നു. കിഴക്കൻ ജർമനിയിൽ ദീർഘകാലം സേവനമനുഷ്ഠിച്ച പുടിൻ  1989 -ൽ ജർമൻ മതിൽ തകരുന്നതിനൊക്കെ സാക്ഷ്യം വഹിച്ചിട്ടുണ്ട്. തൊണ്ണൂറുകളിൽ സോവിയറ്റ് യൂണിയന്റെ ദുർദ്ദശ തുടങ്ങുന്നു. കടുത്ത സാമ്പത്തികപ്രതിസന്ധിയിൽ ആടിയുലഞ്ഞ USSR 1991 ഡിസംബർ 26 -ന്  തകർന്നടിയുന്നു. റഷ്യ ആകെ നിരാശയിലേക്ക് കൂപ്പുകുത്തുന്നു. 1991 -ൽ അന്നത്തെ പ്രസിഡണ്ട് മിഖായിൽ ഗോര്‍ബച്ചേവിനെതിരെ സൈന്യം അട്ടിമറിശ്രമം തുടങ്ങിയതിന്റെ രണ്ടാംനാൾ അതിൽ പ്രതിഷേധിച്ചുകൊണ്ട് ലെഫ്റ്റനെന്റ് കേണൽ സ്ഥാനത്തിരിക്കെ, രാജിവെച്ച് പുറത്തുപോരുന്നു. 

രാഷ്ട്രീയമായ അസ്വസ്‌ഥതകൾക്കിടയിലും റഷ്യയിൽ ദേശീയവികാരങ്ങൾക്ക് കുറവൊന്നുമുണ്ടായിരുന്നില്ല. തെക്കുഭാഗത്ത് കിടന്നിരുന്ന ചെച്‌നിയയുമായി റഷ്യ കോർത്തു. നൂറ്റമ്പതുവർഷങ്ങൾ റഷ്യ കയ്യടക്കി വെച്ചശേഷം 1954 -ൽ സ്വാതന്ത്രമാക്കിയതാണ് ചെച്‌നിയയെ. 1996-മുതൽ റഷ്യയിൽ പുടിൻ എന്ന പേരിന് ജനപ്രീതി കൂടാൻ തുടങ്ങിയിരുന്നു. 

അതിനുശേഷം ലെനിൻഗ്രാഡ് മേയറായിരുന്ന അനാറ്റൊലി സോബ്ഷാക്കിന്റെ ആഭ്യന്തരകാര്യ ഉപദേശകനായി സ്ഥാനമേൽക്കുന്നു. 1997 -ൽ ബോറിസ് യെൽത്സിൻ പുടിനെ ഡെപ്യൂട്ടി ചീഫ് ഓഫ് പ്രസിഡൻഷ്യൽ സ്റ്റാഫ് ആയി നിയമിക്കുന്നു. 1998 -ൽ റഷ്യൻ രഹസ്യാന്വേഷണ സേനയുടെ തലവൻ സ്ഥാനത്തേക്ക് പുടിൻ ഉയർത്തപ്പെടുന്നു. അടുത്തകൊല്ലം തന്നെ  യെൽത്സിൻ റഷ്യയുടെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പുടിന്റെ പേര് നിർദേശിക്കുന്നു. അക്കൊല്ലം, ആരോപണങ്ങളുടെ പെരുമഴയിൽ, പ്രസിഡന്റ് യെൽത്സിൻ രാജി സമർപ്പിക്കാൻ നിർബന്ധിതനാകുന്നു. തൽക്കാലത്തേക്കെങ്കിലും ആര് എല്ലാം ഒന്ന് ഏറ്റെടുക്കും എന്നായി ചോദ്യം. അങ്ങനെ, ആക്ടിങ്ങ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കേണ്ടി വന്നു പുടിന്. ആ അവസരം മുന്നോട്ടുവെച്ച ചുമതലകളെല്ലാം തന്നെ അദ്ദേഹം വളരെ വെടിപ്പായി നിർവഹിച്ചു. ആ കാലാവധി കഴിഞ്ഞതോടെ യെൽത്സിന്റെ അനുയായികൾ പോലും പുടിന്റെ പാളയത്തിലേക്കെത്തി. 2000 മെയ് 7 -ന്  പുടിന്റെ ആദ്യത്തെ പ്രസിഡണ്ട്‌ കാലാവധിയ്ക്കും തുടക്കമാകുന്നു. തുടർന്നിങ്ങോട്ട് നീണ്ട പത്തൊമ്പതു വർഷക്കാലത്തെ ആധിപത്യമായിരുന്നു റഷ്യക്കുമേൽ പുടിന്റെ..! 

വിപ്ലവകരമായ പല മാറ്റങ്ങളും രാജ്യത്ത് കൊണ്ടുവന്ന പുടിൻ, തകർന്നടിഞ്ഞു കിടന്ന ഒരു രാജ്യത്തെ കൈപിടിച്ച് നടത്തിച്ചു. രാജ്യത്തെ പ്രൊവിൻസുകളായി തിരിച്ച പുടിൻ അവിടെക്കെല്ലാം തന്റെ വിശ്വസ്തരെ ഗവർണർമാരായി നിയമിച്ചു. ഇഷ്ടക്കേട് തോന്നുന്ന ആ നിമിഷം അദ്ദേഹം അവരെ നിർദാക്ഷിണ്യം പിരിച്ചുവിടുകയും ചെയ്തിരുന്നു. ഒരു സ്വേച്ഛാധിപതിയാണ് പുടിൻ എന്ന ഇമേജ് അന്താരാഷ്ട്ര സമൂഹത്തിനു മുന്നിൽ കൊണ്ടുവരാൻ വേണ്ടി അമേരിക്കൻ മാധ്യമങ്ങൾ പരമാവധി പരിശ്രമിച്ചുകൊണ്ടിരുന്നു. എന്നാൽ, അതൊക്കെയും അദ്ദേഹത്തിന്റെ ഗുണകരമാകുന്ന അവസ്ഥയാണ് സംജാതമായത്. എന്തായാലും റഷ്യയിൽ പുടിൻ തലപ്പത്തുവന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ നിർണായകമായ പല വാണിജ്യ ഉടമ്പടികളും സാക്ഷാത്കരിക്കുന്നതിനു കാരണമായി. 

സ്വന്തം നാടിൻറെ നേർക്ക് ഉയർന്നുവരുന്ന ഏതൊരു യുദ്ധ-സായുധകലാപ ഭീഷണിയും ഒരു രാഷ്ട്രത്തലവനെ സംബന്ധിച്ചിടത്തോളം സ്വന്തം പ്രതിച്ഛായ കെട്ടിപ്പടുക്കാനുള്ള സുവർണ്ണാവസരം കൂടിയാണ്. രണ്ടാം ചെച്ചൻ യുദ്ധം തുടങ്ങിയപ്പോൾ ഈ സുവർണ്ണാവസരം പുടിനെ തേടിയെത്തി. ഇത്തവണ ചെച്‌നിയയോട് യാതൊരു ദയവും പുടിൻ കാണിച്ചില്ല. തച്ചുതകർത്തുകളഞ്ഞു. 1999 -ൽ തുടങ്ങി ഒരു പതിറ്റാണ്ടുകാലത്തോളം നീണ്ടുനിന്ന ഈ യുദ്ധത്തിനിടെയാണ് 2004 -ൽ ബെസ്ലാനിൽ ചെച്‌നിയൻ തീവ്രവാദികൾ ഒരു സ്‌കൂളിൽ കുട്ടികളെ ബന്ദികളാക്കുന്നത്. ബന്ദികളെ മോചിപ്പിക്കാൻ അവർ പല ആവശ്യങ്ങളും ഉന്നയിച്ചു എങ്കിലും വിഷയത്തിൽ മനുഷ്യത്വരഹിതമായി ഇടപെട്ടുകൊണ്ട്, ഒരു മിലിട്ടറി ആക്ഷൻ തന്നെ നടത്തിയ പുടിൻ തീവ്രവാദികളെ ഒന്നില്ലാതെ വെടിവെച്ചു കൊന്നു. പോരാട്ടത്തിൽ 126 സ്‌കൂൾ വിദ്യാർത്ഥികൾ തീവ്രവാദികളുടെ വെടിയേറ്റുമരിച്ചു. ഈ വിഷയത്തിൽ അന്താരാഷ്ട്ര മാധ്യമങ്ങളുടെ വിമർശനങ്ങൾ ഏറെ ഏറ്റുവാങ്ങേണ്ടിവന്നിരുന്നു അന്ന് പുടിന്. മനുഷ്യാവകാശ സംഘടനകളും അദ്ദേഹത്തെ തീക്ഷ്ണമായി വിമർശിച്ചു. എന്നാൽ, ഈ സംഭവം പൊതുജനത്തിനിടെ പുടിന്റെ 'കർക്കശക്കാരൻ' ഇമേജിന് കാര്യമായ ഏറ്റമുണ്ടാക്കി. തീവ്രവാദത്തിനെതിരെ 'നോ കോമ്പ്രമൈസ് ' എന്ന പുടിന്റെ നയം തന്നെയാണ് ശരി എന്ന് അന്ന് പലരും ഏറ്റുപറഞ്ഞു. 

പുടിന്റെ ഈ വർധിച്ചുവരുന്ന ജനപ്രീതി അമേരിക്കയുടെ കണ്ണിൽ കരടായി മാറിക്കൊണ്ടിരുന്നു. കാരണം, ശീതയുദ്ധാനന്തരം ഗോർബച്ചേവിന്റെ കാലത്ത് തകർന്നുതരിപ്പണമായിരുന്ന സോവിയറ്റ് റഷ്യയുടെ ചാരത്തിൽ നിന്ന് പുടിൻ കെട്ടിപ്പടുത്തുകൊണ്ടുവന്ന റഷ്യ എന്ന രാജ്യം അപ്പോഴേക്കും അമേരിക്കയെ വെല്ലുവിളിക്കാൻ മാത്രം പ്രബലമായി മാറിക്കഴിഞ്ഞിരുന്നു. എന്തിനും മടിക്കാത്ത ഒരു പ്രകൃതക്കാരനായിരുന്നു പുടിൻ. പഴയ കെജിബി തലവന്റെ അടിസ്ഥാന സ്വഭാവം പ്രസിഡന്റായിട്ടും പുടിനെ വിട്ടുപോയിരുന്നില്ല. തന്നെ വിമർശിച്ച, പുടിൻ ഭരണത്തെ രാഷ്ട്രീയ 'മാഫിയ' എന്ന് ആദ്യമായി വിളിച്ച, ഒടുവിൽ കുടുങ്ങുമെന്നായപ്പോൾ റഷ്യ വിട്ടു പലായനം ചെയ്ത കെജിബി ചാരൻ അലക്‌സാണ്ടർ ലിറ്റ്‌വിങ്കോയെ  ബ്രിട്ടനിൽവെച്ച് വിഷം കൊടുത്തു കൊല്ലാൻ ശ്രമിച്ച സംഭവം തന്നെ ഏറ്റവും നല്ല ഉദാഹരണം. അതുപോലെ തന്നെ പുടിൻ തനിക്കെതിരെ പ്രവർത്തിക്കുന്ന പ്രതിപക്ഷ നേതാക്കളെയും രഹസ്യമായി വകവരുത്തുന്നുണ്ട് എന്നുള്ള ആരോപണവും ഇടക്ക് ഉയർന്നുവന്നിരുന്നു. പുടിൻ അത് കാലാകാലങ്ങളിൽ നിഷേധിച്ചു പോരുന്നുണ്ട് എങ്കിലും. 

അമേരിക്കയ്‌ക്കെതിരെ പറയാനോ പ്രവർത്തിക്കാനോ കിട്ടുന്ന ഒരവസരം പോലും പുടിൻ പാഴാക്കുമായിരുന്നില്ല. 2007 -ൽ അമേരിക്കയുടെ ഏറ്റവും വലിയ ശത്രുവായ ഇറാനുമായി സൗഹൃദം സ്ഥാപിക്കാന്‍ ശ്രമിച്ചു. ഇറാഖിന് ശേഷം ആണവ/രാസായുധങ്ങൾ ഉണ്ടെന്ന ആരോപണം ഇറാനുമേൽ ഉന്നയിച്ചുകൊണ്ട് അമേരിക്ക ഇറാനെ ഒറ്റപ്പെടുത്തുന്ന കാലമാണത്. 1943 -ന് ശേഷം ഇറാൻ സന്ദർശിച്ച ആദ്യത്തെ റഷ്യൻ പ്രസിഡണ്ടായിരുന്നു പുടിൻ. അങ്ങനെയിരിക്കെ 2008 -ൽ ആഗോള സാമ്പത്തിക പ്രതിസന്ധി കടന്നുവരുന്നു. റഷ്യയിലെ നിയമപ്രകാരം രണ്ടു തവണയിൽ അധികം പ്രസിഡന്റ് പദവിയിലേക്ക് തുടർച്ചയായി തെരഞ്ഞെടുക്കപെടാനാവില്ല ആർക്കും. ആ സാങ്കേതികത്വത്തിൽ കുരുങ്ങി, മനസ്സില്ലാ മനസ്സോടെയെങ്കിലും അക്കൊല്ലം പുടിന് സ്ഥാനമൊഴിയേണ്ടിവന്നു. 

അത് റഷ്യയുടെ രാഷ്ട്രീയത്തിൽ നടന്ന വലിയ ഒരു ചലനമായിരുന്നു. ദിമിത്രി മെദ്‌വെദേവ് പ്രസിഡണ്ടായി. പുടിൻ പ്രധാനമന്ത്രിപദം കൊണ്ട് തൃപ്തിപ്പെട്ടു. എന്നാൽ, പുടിന്റെ വ്യക്തിപ്രഭാവത്തിന്റെ ആക്കം നോക്കണം. അന്നുവരെ പ്രധാനമന്ത്രിയെക്കാൾ അധികാരം കൊണ്ട് മേലെ നിന്നിരുന്ന പ്രസിഡണ്ട് പദവി അതോടെ ഒരടി താഴെയായി മാറി. അധികാരങ്ങളെല്ലാം പ്രസിഡണ്ടിൽ നിന്ന് പ്രധാനമന്ത്രിയിലേക്ക് വന്നുചേർന്നു. എന്നാൽ, ഈ അവസരവും കൃത്യമായി മുതലെടുത്ത പുടിൻ അവിടെയും സ്‌കോർ ചെയ്‌തു. ലോകം മുഴുവൻ സാമ്പത്തികമാന്ദ്യത്തിൽ മുങ്ങി നിന്നപ്പോഴും റഷ്യയിൽ എല്ലാം സുഗമമായിരുന്നു. സകലരംഗങ്ങളിലും പുടിന്റെ റഷ്യ മുന്നേറ്റം നടത്തി. അതോടെ പുടിന്റെ ഇമേജ് പലമടങ്ങു വർധിച്ചു. 2012 -ൽ വീണ്ടും തെരഞ്ഞെടുപ്പുനടന്നു. പുടിൻ വീണ്ടും പ്രസിഡണ്ടായി. അക്കൊല്ലം റഷ്യ ലോകവ്യാപാരസംഘടനയിൽ അംഗമായി. അമേരിക്ക കൊടികുത്തി വാണിരുന്ന WTO -യിലേക്കുള്ള റഷ്യയുടെ കടന്നുവരവിൽ പലരും സംശയം പ്രകടിപ്പിച്ചു. 

2013 -ലാണ് പുടിൻ യുക്രെയ്ൻ ആക്രമിച്ച് ക്രിമിയ പിടിച്ചെടുക്കുന്നത്. 2015 -ൽ സിറിയൻ യുദ്ധത്തിൽ അമേരിക്ക അധികാരത്തിൽ നിന്ന് പുറത്താക്കാൻ ശ്രമിച്ചുകൊണ്ടിരുന്ന ബഷർ അൽ അസദിന് വേണ്ട ആയുധങ്ങളും മറ്റും വിറ്റുകൊണ്ട് റഷ്യ അമേരിക്കയുമായുള്ള നിഴൽ യുദ്ധങ്ങൾ തുടർന്നു. ഇറാഖ് യുദ്ധത്തിലും അമേരിക്കയുടെ എതിർപക്ഷത്താണ് പുടിൻ സ്ഥാനംപിടിച്ചത്. എഡ്വേർഡ് സ്‌നോഡൻ എന്ന അമേരിക്ക തേടിക്കൊണ്ടിരുന്ന സൈബർ കുറ്റവാളിക്ക് അഭയം നൽകിക്കൊണ്ട് പുടിൻ വീണ്ടും അമേരിക്കയെ ചൊടിപ്പിച്ചു. 

എന്തായാലും, സുദീർഘമായ തന്റെ ഭരണകാലത്തെ തീരുമാനങ്ങളും, വാക്കുകളും, പ്രവൃത്തികളും ഒക്കെച്ചേർന്ന്, തന്റെ ആരാധകർക്കിടയിൽ പുടിന് ഒരു സൂപ്പർ ഹീറോ, അല്ലെങ്കിൽ ഒരു 'ടഫ് ഗയ് ' ഇമേജ് ഉണ്ടാക്കിക്കൊടുത്തിട്ടുണ്ട്. 'Be Like Putin' എന്നൊരു മൂവ്മെന്റ് പോലും സാമൂഹ്യമാധ്യമങ്ങളിൽ നടത്തപ്പെട്ടു. ആ ഇമേജ് അങ്ങനെ തന്നെ നിലനിർത്താൻ വേണ്ട ഗിമ്മിക്കുകളൊക്കെ പുടിൻ നടത്തി. ഫൈറ്റർ ജെറ്റുകൾ പരതി, മാർഷ്യൽ ആർട്ട് പ്രദർശനങ്ങൾ നടത്തി, കുതിരസവാരി നടത്തി, കാട്ടിൽ പോയി അരുവിയിൽ മീൻപിടിച്ചു, സൈബീരിയയിൽ ഷർട്ടിടാതെ നെഞ്ചും കാണിച്ച് നടന്നു, കരടിയെ വേട്ടയാടി, അനായാസം സൂപ്പർ ബൈക്കുകൾ ഓടിച്ചു, എന്തിന് തിമിംഗല വേട്ടയ്ക്കുവരെ ഇറങ്ങി. 

പുടിനും മോദിയും തമ്മിലുള്ള സൗഹൃദവും ഏറെ പ്രസിദ്ധമാണ്. റഷ്യൻ മാധ്യമമായ ടാസിനു നൽകിയ സുദീർഘമായ അഭിമുഖത്തിൽ തങ്ങൾക്കിടയിൽ അടുപ്പത്തിന്റെ ആഴത്തെപ്പറ്റി മോദി വിശദീകരിക്കുന്നത് ഇവിടെ വായിക്കാം. 

click me!