'ഹം ദേഖേംഗേ' - സിയാ ഉൾ ഹഖ് മുതൽ നരേന്ദ്ര മോദി വരെ, സർക്കാർ വിരുദ്ധ പോരാട്ടങ്ങൾക്ക് ഊർജം പകരാനുള്ള ഒരു ഫൈസ് കവിതയുടെ നിയോഗം

By Babu RamachandranFirst Published Jan 2, 2020, 3:25 PM IST
Highlights

അന്നത്തെ ആ രാഷ്ട്രീയ സാഹചര്യത്തില്‍ വിക്ഷുബ്ധരായിരുന്ന ജനങ്ങള്‍  ഈ കവിതയിലെ വരികള്‍ ഉള്ളിലേറ്റുവാങ്ങി 'ഇങ്ക്വിലാബ്‌..' വിളികള്‍ മുഴക്കുകയും പാട്ടിനൊത്ത്‌ ‌ കയ്യടിക്കുകയും ചെയ്യുന്നത്‌ ഈ റെക്കോര്‍ഡിങ്ങില്‍ നമുക്ക്‌ കേള്‍ക്കാം

 " ദൈവത്തിന്റെ ഭവനത്തിൽ നിന്ന് 
  എല്ലാ വിഗ്രഹങ്ങളും നീക്കപ്പെടും,
  അവർ ഇന്നുവരെ അയിത്തം കല്പിച്ചു 
   മാറ്റിനിർത്തപ്പെട്ടിരുന്നവർ 
  നമ്മൾ തന്നെ ഇനി നാട് ഭരിക്കും, 
  അവരുടെ സ്വർണ്ണക്കിരീടങ്ങൾ 
  വലിച്ചെറിയപ്പെടും. 
  ആ സിംഹാസനങ്ങൾ തച്ചു തകർക്കപ്പെടും,
  കാണാം, നമുക്ക് തീർച്ചയായും അത് കാണാം..! "

ഇത് 'ഹം ദേഖേംഗേ' എന്നു തുടങ്ങുന്ന ഒരു ഫൈസ് അഹമ്മദ് ഫൈസ് കവിതയിലെ വരികളാണ്. കവിതയുടെ യഥാർത്ഥത്തിലുള്ള ശീർഷകം, ഖുറാനിൽ നിന്ന് കടംകൊണ്ട, 'വാ യക്ബാ വജ്ഹോ റബ്ബിക്' അഥവാ 'നിന്റെ പടച്ചവന്റെ മുഖം' എന്നാണെങ്കിലും ഉറുദു സാഹിത്യലോകത്തും പൊതുജനങ്ങൾക്കിടയിലും ഇത് പരക്കെ അറിയപ്പെടുന്നത് 'ഹം ദേഖേംഗേ' അഥവാ 'നമുക്ക് കാണാം' എന്ന അതിന്റെ ആദ്യ വരിയുടെ പേരിലാണ്. 

ഈ ഉർദു നസം എഴുതിയത് ഫൈസ് അഹമ്മദ് ഫൈസെന്ന പാകിസ്താനി കവിയാണ്. അദ്ദേഹം ഇസ്ലാമിക ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിൽ ഒന്നിനെത്തന്നെ, സ്വേച്ഛാധിപതികളോടുള്ള പ്രതിഷേധത്തിനുള്ള ഉപാധിയാക്കി മാറ്റുകയാണ് ഈ കവിതയിലൂടെ ചെയ്തത്. പ്രവാചകനായ മുഹമ്മദ് നബിയുടെ മക്കാ പ്രവേശമാണ് വിഷയം. ഇസ്ലാമിക സൈന്യം മെക്ക കീഴടക്കിയശേഷം പ്രവാചകൻ ആദ്യം ചെയ്തത്, ഇബ്രാഹിം നബി പണിതീർത്ത ലോകത്തിലെ ആദ്യത്തെ പള്ളിയായ കഅബയ്ക്കുള്ളിൽ ഉണ്ടായിരുന്ന വിഗ്രഹങ്ങൾ എടുത്ത് പുറത്തെറിയുകയാണ്. ഇബ്രാഹിം നബിയുടെ നിർദേശങ്ങൾ അവഗണിച്ചു കൊണ്ട് പ്രദേശവാസികളായ പ്രമാണിമാരാണ് ഈ വിഗ്രഹങ്ങൾ പള്ളിക്കുള്ളിൽ എടുത്ത് പ്രതിഷ്ഠിച്ചിരുന്നത്. " സത്യം പുലർന്നിരിക്കുന്നു, അസത്യം അസ്തമിച്ചിരിക്കുന്നു" എന്നാണ് പ്രവാചകനായ മുഹമ്മദ് നബി അന്ന് പറഞ്ഞത്. 

 

ഈ കവിത പാകിസ്താനിലെ ജനങ്ങൾക്ക് ആവേശവും ഉന്മാദവും പകർന്നത് എങ്ങനെ? 

ഈ കവിതയ്ക്ക് വിപ്ലവവുമായുള്ള ബന്ധം മനസ്സിലാകണമെങ്കിൽ പാകിസ്ഥാനിൽ അന്ന് നിലനിന്നിരുന്ന രാഷ്ട്രീയ സാഹചര്യങ്ങളെപ്പറ്റി നിശ്ചയം വേണം. ഫൈസ് ഈ കവിതയെഴുതുന്നത് 1979 -ലാണ്. അതിനു രണ്ടു വർഷം മുമ്പ്, എഴുപത്തേഴിൽ ഇന്ത്യ അടിയന്തരാവസ്ഥയില്‍ നിന്നും ഏതാണ്ട് മോചിതമായപ്പോൾ പാകിസ്ഥാൻ അതിലേക്ക്‌ കാലെടുത്ത്‌ വെക്കുന്ന നേരമായിരുന്നു. പട്ടാളത്തലവനായ ജനറല്‍ സിയാ ഉൾ ഹഖ് ,  'ഓപ്പറേഷന്‍ ഫെയര്‍പ്ളേ' എന്ന ഒരു പട്ടാള അട്ടിമറിയിലൂടെ, പാകിസ്ഥാനിലെ ജനപ്രിയ നേതാവായ സുള്‍ഫിക്കര്‍ അലി ഭൂട്ടോയെ പ്രധാനമന്ത്രിപദത്തിൽ നിന്നും നീക്കുന്നു. തൊണ്ണൂറു ദിവസത്തിനകം തെരഞ്ഞെടുപ്പു നടത്തി പുതിയ സർക്കാരിനെ തിരഞ്ഞെടുക്കും എന്നായിരുന്നു വാദമെങ്കിലും അതുണ്ടായില്ല.  

'മുസ്ലിങ്ങൾക്ക് പാകിസ്ഥാൻ' എന്ന സങ്കല്പമാണ് മുഹമ്മദലി ജിന്നയ്ക്ക് ഉണ്ടായിരുന്നത് എങ്കിലും, മറ്റുമതക്കാർക്കും അവിടെ ജീവിക്കാൻ കാര്യമായ പ്രയാസമൊന്നും ഉണ്ടായിരുന്നില്ല. സുൾഫിക്കർ അലി ഭൂട്ടോയുടെ കാലത്തും പാകിസ്ഥാൻ അതിന്റെ മതേതര നിലപാടുകളിൽ ഉറച്ചുനിന്നിരുന്നു. എന്നാൽ അതിൽ നിന്നൊക്കെ കാതലായ മാറ്റങ്ങൾ കൊണ്ടുവന്നത് ജനറൽ സിയാ ഉൽ ഹഖ് ആണ്. തന്റെ അധികാരം ബലപ്പെടുത്താനായി  ജനറൽ സിയാ ഇസ്ലാമിക മതഗ്രന്ഥമായ ഖുറാനെ കൂട്ടുപിടിച്ച്‌  'ഹുദൂദ്‌ ഓര്‍ഡിനന്‍സ്‌' എന്നൊരു പുതിയ നിയമം ഉണ്ടാക്കുന്നു. ആ നിയമത്തിന്റെ പരിധിയിൽ, എപ്പോൾ വേണമെങ്കിലും എതിരാളികള്‍ക്കുമേല്‍ ഉപയോഗിക്കാനായി എങ്ങനെയും വളച്ചൊടിക്കാവുന്ന 'മതനിന്ദ', 'പരസ്ത്രീഗമനം' പോലെയുള്ള വകുപ്പുകള്‍ അതില്‍ ഉള്‍പ്പെടുത്തുന്നു. ‍അതിനോടുള്ള പ്രതിഷേധമായിട്ടാണ്  സ്ഥാനഭ്രഷ്ടനായ സുൾഫിക്കർ അലി ഭൂട്ടോ നാടൊട്ടുക്കും നടന്ന് ജനങ്ങളെ സംഘടിപ്പിച്ച് പട്ടാള അട്ടിമറിക്കെതിരെ പ്രസംഗങ്ങൾ നടത്തിക്കൊണ്ടിരുന്നത്. ജനരോഷം ആളിക്കത്തുന്നതും, ഭൂട്ടോയ്ക്ക് പിന്തുണ ഏറിവരുന്നതും കണ്ടപ്പോൾ ഒടുവിൽ തന്റെ എതിരാളിയെ ഇല്ലാതാക്കാൻ തന്നെ സിയാ ഉൾ ഹഖ് തീരുമാനിച്ചു. 1977 സെപ്തംബർ 3 -ന്, രാഷ്ട്രീയ എതിരാളികളിൽ ഒരാളെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കുറ്റം ചാർത്തി സിയയുടെ പോലീസ്  ഭൂട്ടോയെ അറസ്റ്റു ചെയ്യുന്നു. 

'സുൾഫിക്കർ അലി ഭൂട്ടോയും മകൾ ബേനസീർ ഭൂട്ടോയും '

ഒരു വർഷത്തിലധികം നീണ്ടുനിന്ന വിചാരണ എന്ന പ്രഹസനത്തിലൂടെ, വ്യാജ സാക്ഷിമൊഴികളുടെ സഹായത്തോടെ, ഭൂട്ടോ വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്നു. ജയിലിലെ വളരെ മോശപ്പെട്ട സാഹചര്യങ്ങളിൽ, കടുത്ത പീഡനങ്ങൾക്ക് വിധേയനായി, കഴിച്ചു കൂട്ടിയ ആ വിചാരണക്കാലയളവ് ഭൂട്ടോയെ ആകെ  പരിക്ഷീണനാക്കി.അദ്ദേഹത്തിന്റെ ശരീരഭാരം ഇരുപതു കിലോയോളം കുറഞ്ഞു. അദ്ദേഹം ജയിലിൽ നിന്നും തന്റെ മകൾ ബേനസീറിന് എഴുതിയ കത്തിൽ ഇങ്ങനെ കുറിച്ചു, " ഞാൻ ആ മനുഷ്യനെ കൊന്നിട്ടില്ല, കൊല്ലാൻ ആർക്കും നിർദ്ദേശവും  നൽകിയിട്ടില്ല. എന്റെ ദൈവത്തിന് അത് കൃത്യമായി അറിയാം. അങ്ങനെ ഒരു കൃത്യം ഞാൻ ചെയ്തിട്ടുണ്ടെങ്കിൽ അത് തുറന്നു സമ്മതിക്കാനുള്ള ധൈര്യമൊക്കെ എനിക്കുണ്ട്. അങ്ങനെ ഒരു കുറ്റസമ്മതമാണ് വിചാരണ എന്ന പേരിൽ ഇപ്പോൾ ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുന്ന പീഡനത്തെക്കാൾ ഭേദം. ഞാൻ ഒരു മുസ്ലീമാണ്. ഇസ്‌ലാമിൽ വിശ്വസിക്കുന്ന ഒരാളുടെ വിധി അല്ലാഹുവിന്റെ കരങ്ങളിലാണ്. തെളിഞ്ഞ പ്രജ്ഞയോടെ തന്നെ എനിക്ക് സിയയോട് ഒരു കാര്യം  പറയാനാവും. ഇന്ന് അയാൾ നിയന്ത്രണമേറ്റെടുത്തിരിക്കുന്ന 'ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് പാകിസ്ഥാ'നെ ഞാനാണ് ചാരത്തിൽ നിന്നും ഇന്ന് കാണുന്ന ലോകം ബഹുമാനിക്കുന്ന ഒരു രാഷ്ട്രമാക്കി വളർത്തിക്കൊണ്ടുവന്നത്. ഖോട്ട് ലഖ്‍പതിലെ ഈ കാരാഗൃഹത്തിലും എന്റെ മനസ്സാക്ഷി അചഞ്ചലമാണ്. എനിക്ക് മരണത്തെ പേടിയില്ല.. ഞാൻ കടന്നുവന്നിട്ടുള്ള നരകത്തീകളെപ്പറ്റി നിനക്ക് അറിയാമല്ലോ.." ഈ കത്തെഴുതി അധികം താമസിയാതെ, കൃത്യമായി പറഞ്ഞാൽ 1979  ഏപ്രിൽ 4 ന്  സിയാ ഉൾ ഹഖ്, സുൾഫിക്കർ അലി ഭൂട്ടോയെ കഴുമരത്തിലേറ്റുന്നു.

ഭൂട്ടോയുടെ അടുത്ത സ്നേഹിതനായിരുന്നു, സുപ്രസിദ്ധ കവിയും തികഞ്ഞ മാര്‍ക്സിസ്റ്റുമായിരുന്ന ഫൈസ്‌ അഹമ്മെദ്‌ ഫൈസ്‌. ഭൂട്ടോയടക്കമുള്ള പല സുഹൃത്തുക്കളുടെയും രാഷ്ട്രീയ കഴുവേറ്റങ്ങള്‍ അദ്ദേഹത്തെ ഏറെ കുപിതനാക്കിയിരുന്നു. സിയക്കെതിരെ പ്രതികരിക്കാന്‍ വീര്‍പ്പുമുട്ടി നിന്ന അക്കാലത്ത്‌ അദ്ദേഹം, 'തീവ്ര മതാഭിനിവേശം' എന്ന സിയയുടെ തന്നെ നയം ഉപയോഗിച്ച്‌ എഴുതിയ കവിതയാണ്‌, ' ഹം ദേഖേംഗേ..' - അതായത്, 'നമുക്ക് കാണാം.. ' എന്ന്. ഇസ്ലാമിക ബിംബങ്ങളെ നിയമത്തിന്റെ ഭാഗമാക്കി ശത്രുക്കൾക്കെതിരെ ദുരുപയോഗം ചെയ്ത സിയ എന്ന സ്വേച്ഛാധിപതിയ്‌ക്കെതിരെ, അതേ ബിംബങ്ങളുടെ സൂചന പ്രയോജനപ്പെടുത്തി ഫൈസ് തിരിച്ചൊരു കവിത എഴുതുകയായിരുന്നു. സൃഷ്ടിച്ച ദൈവം മനുഷ്യന്‌ ചിന്തിക്കാന്‍ ഒരു തലച്ചോറും വഴികാട്ടിയായൊരു പുണ്യഗ്രന്ഥവും, അതുപയോഗിച്ച്‌ ഈ ഭൂമിയില്‍ ജീവിക്കാനുള്ള സ്വാതന്ത്ര്യവും തന്നു . പക്ഷേ, അന്ത്യനാളില്‍ ദൈവത്തിന്റെ മുന്നില്‍ നമുക്ക്‌ ഹാജരാവേണ്ടി വരുമെന്നും, ചെയ്തതിനൊക്കെയും അന്ന്  നമുക്ക്‌ ന്യായം ബോധിപ്പിക്കേണ്ടി വരുമെന്നും ആണല്ലോ മതം പറയുന്നത്‌. അതേ നാണയത്തില്‍ തന്നെ സിയയ്ക്കുള്ള മറുപടി നല്‍കുകയാണ്‌ ഫൈസ്‌ കവിതയിലൂടെ.സിയ ഇന്ന് കാണിക്കുന്നതിനെല്ലാം ഖയാമന്നാളിൽ ദൈവത്തിനുമുന്നിൽ മറുപടി നൽകേണ്ടി വരും എന്നാണ് കവിതയിൽ പറയുന്നത്. 

ഫൈസ് കവിതകളുടെ കാലാതിവർത്തിയായ രാഷ്ട്രീയപ്രസക്തി 

ഒരു കാലഘട്ടത്തിൽ എഴുതപ്പെട്ട ഫൈസ് കവിത മറ്റൊരു സാഹചര്യത്തിൽ, മറ്റൊരു കാലഘട്ടത്തിൽ വീണ്ടും ചർച്ചയാവുകയും, വിവാദങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നത് ഇതാദ്യമായിട്ടല്ല. ഇതേപ്പറ്റി ആരോ ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് ഇപ്രകാരമാണ്, " ഞാൻ അന്നത്തെ സാഹചര്യത്തിനനുസരിച്ച് എഴുതേണ്ടത് എഴുതി. കാലം മാറിയിട്ടും ഇവിടത്തെ സാഹചര്യം മാറാത്തതിന് ഞാൻ എന്ത് ചെയ്യാനാണ്?" എന്നാണ് ഫൈസ് പറഞ്ഞത്. ഫൈസ് പറഞ്ഞതുതന്നെയാണ് അദ്ദേഹത്തിന്റെ കാവ്യപ്രതിഭയെ അടയാളപ്പെടുത്തുന്നത്. മതവിദ്വേഷം, വംശീയത, ലിംഗവിവേചനം എന്നിവയ്ക്കെതിരെ നിരന്തരം പോരാടുകയും, എഴുതുകയും ചെയ്തയാളാണ് ഫൈസ് അഹമ്മദ് ഫൈസ്. അനുദിനം വഷളായിക്കൊണ്ടിരിക്കുന്ന രാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങളിൽ അദ്ദേഹത്തിന്റെ കവിതകളിലെ വരികളുടെ പ്രസക്തി ഏറിവരികയാണ് ചെയ്യുന്നത്. 

ജീവിച്ചിരുന്ന കാലത്ത് എഴുത്തിന്റെ പേരിൽ നിരവധിതവണ ജയിലിൽ അടക്കപ്പെട്ടിട്ടുണ്ട് ഫൈസും. 1951 -ൽ ലിയാഖത് അലി ഖാന്റെ ഗവൺമെന്റിനെ അട്ടിമറിക്കാൻ ശ്രമിച്ചു എന്നപേരിൽ നാലുവർഷത്തേക്ക് അദ്ദേഹം കാരാഗൃഹവാസം അനുഷ്ഠിച്ചു. അദ്ദേഹത്തിന്റെ  'ഹം ദേഖേംഗേ...' എന്ന ഈ കവിത പ്രതിഷേധത്തിന്റെ പരമകാഷ്ഠ പ്രാപിക്കുന്നത്‌, 1986  - ലാണ്. അക്കൊല്ലമാണ്  നിർബന്ധിത ഇസ്ലാമൈസേഷൻ നയത്തിന്റെ ഭാഗമായി, അന്നുവരെ അവിടത്തെ സ്ത്രീകള്‍ സർവ്വസാധാരണമായി ധരിച്ചുപോന്നിരുന്ന 'സാരി'ക്ക്‌ പാക്കിസ്താനില്‍ നിരോധനമേര്‍പ്പെടുത്തിയത്. 1985  നവംബർ 24 -ന് കറുത്ത സാരി ഞൊറിഞ്ഞുടുത്തുകൊണ്ട് ഒരു യുവതി ലാഹോറിലെ അൽഹംബറാ ഹാളിലെ ആർട്സ് കൗൺസിൽ ഹാളിലെ സ്റ്റേജിലേക്ക് കയറി. അവരുടെ കയ്യിൽ  'ഹം ദേഖേംഗേ...'യുടെ വരികൾ എഴുതിവെച്ച ഒരു കടലാസുണ്ടായിരുന്നു.ആ ഹാളിനുള്ളിൽ  നിറഞ്ഞു കവിഞ്ഞ ആയിരക്കണക്കിന് ജനങ്ങളെ സാക്ഷി നിര്‍ത്തി, അന്ന് ആ കവിത ഈണമിട്ടു പാടിയ യുവതി പാകിസ്താനിലെ  പ്രസിദ്ധയായൊരു ഗസൽ ഗായികയായിരുന്നു. അവരുടെ പേര് ഇഖ്ബാൽ ബാനോ എന്നായിരുന്നു.  നിരവധി സിനിമാ ഗാനങ്ങളും ഗസലുകളും നസ്മുകളും ഒക്കെ പാടി പാകിസ്ഥാനിലെ ലക്ഷോപലക്ഷം പേരുടെ ഹൃദയങ്ങളിൽ അവർ ഇടം പിടിച്ചിരുന്നു എങ്കിലും, അത് ഒരിക്കലും മായാത്ത രീതിയിൽ അവിടെ കൊത്തി വെക്കപ്പെട്ടത് ഈ ഒരൊറ്റ കവിതാ കവിതാലാപനത്തിന്റെ പേരിലായിരുന്നു. ആ കവിത എഴുതിയ ഫൈസ് അഹമ്മദ് ഫൈസ് അടക്കമുള്ള പല നേതാക്കളും തുറുങ്കിലടക്കപ്പെട്ടിരുന്നു എന്നത് ആ ആലാപനത്തിന്റെ രാഷ്ട്രീയ പ്രാധാന്യം വർധിപ്പിച്ചു. 
 

അന്നത്തെ ആ രാഷ്ട്രീയ സാഹചര്യത്തില്‍ വിക്ഷുബ്ധരായിരുന്ന ജനങ്ങള്‍  ഈ കവിതയിലെ വരികള്‍ ഉള്ളിലേറ്റുവാങ്ങി 'ഇങ്ക്വിലാബ്‌..' വിളികള്‍ മുഴക്കുകയും പാട്ടിനൊത്ത്‌ ‌ കയ്യടിക്കുകയും ചെയ്യുന്നത്‌ ഈ റെക്കോര്‍ഡിങ്ങില്‍ നമുക്ക്‌ കേള്‍ക്കാം. ബാനോവിന്റെ ഈ പെർഫോർമൻസ്‌ അന്ന് ഒരു ബൂട്ട് ലെഗ് കാസറ്റിൽ  റെക്കോർഡ്‌ ചെയ്യപ്പെടുകയും തുടർന്ന് അതിന്റെ പ്രതികൾ രാജ്യമെമ്പാടും രഹസ്യമായി പ്രചരിപ്പിക്കപ്പെടുകയും ചെയ്തിരുന്നു. സിയാ ഉൾ ഹഖിനെതിരെയുള്ള രാഷ്ട്രീയ പ്രതിരോധങ്ങൾക്കും പിന്നീട് സുൾഫിക്കർ അലി ഭൂട്ടോയുടെ മകൾ ബേനസീർ ഭൂട്ടോ എന്ന നേതാവിന്റെ ഉയർച്ചയ്ക്കും ഏറെ പ്രചോദനമേകി ഇത്തരത്തിൽ പ്രചരിക്കപ്പെട്ട പാട്ടുകൾ. 

പൗരത്വ നിയമഭേദഗതി വിരുദ്ധ സമരങ്ങളിലെ ഈ കവിതയുടെ റോൾ 

എന്നാൽ ഈ അതിപ്രസിദ്ധമായ നസം ഇപ്പോൾ വീണ്ടും പ്രതിഷേധങ്ങളുടെ പ്രതീകമായി മാറുകയാണ്. ഇത്തവണ ഇത് വീടിനു മുഴങ്ങുന്നത് പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെയായ സമരങ്ങൾ നടക്കുന്ന വേദികളിലാണ്. ഇത് ആലപിക്കപ്പെടുന്നത് സമര വേദിയിൽ ആയതുകൊണ്ട് ഇതിൽ എന്തെങ്കിലുമൊക്കെ ദേശീയതാ വിരുദ്ധമായി കാണും എന്നാവും മോദി-ഷാ പിന്തുണക്കാരുടെ തോന്നൽ. അതുകൊണ്ട് ഈ നസമിന് എതിരായും ചോദ്യങ്ങൾ പല കോണുകളിൽ നിന്ന് ഉയർന്നു. 

ഈ കവിതയുടെ ചില വരികൾ ഹിന്ദു മതത്തെ അപമാനിക്കുന്നതാണ് എന്നാണ് ഐഐടി കാൺപൂരിലെ ഒരു പ്രൊഫസറുടെ വാദം. 

" ദൈവത്തിന്റെ ഭവനത്തിൽ നിന്ന് 
  എല്ലാ വിഗ്രഹങ്ങളും നീക്കപ്പെടും,
  അവർ ഇന്നുവരെ അയിത്തം കല്പിച്ചു 
   മാറ്റിനിർത്തപ്പെട്ടിരുന്നവർ 
  നമ്മൾ തന്നെ ഇനി നാട് ഭരിക്കും, 
  അവരുടെ സ്വർണ്ണക്കിരീടങ്ങൾ 
  വലിച്ചെറിയപ്പെടും. 
  ആ സിംഹാസനങ്ങൾ തച്ചു തകർക്കപ്പെടും,
  കാണാം, നമുക്ക് തീർച്ചയായും അത് കാണാം..! "

ഈ വരികളാണ് പ്രൊഫസറുടെ സന്ദേഹത്തിന് കാരണം. ഇവിടെ ഈ വിഗ്രഹം എന്നു പറഞ്ഞിരിക്കുന്നത് അമ്പലത്തിലെ വിഗ്രഹങ്ങളാണ് എന്നമട്ടിലാണ് പ്രചാരണം. എന്നാൽ, പാകിസ്താനിലെ സാഹചര്യത്തിൽ അന്ന് എഴുതിയ ഈ കവിതയിൽ, കവി സൂചിപ്പിക്കുന്നത് ഇസ്ലാം മതത്തിന്റെ പതാകാവാഹകർ എന്നു പറയപ്പെടുന്നവർ തന്നെ അധികാര കേന്ദ്രങ്ങളിൽ വിഗ്രഹങ്ങളായി സ്വയം അവരോധിക്കുന്നതിനെപ്പറ്റിയാണ്. നമുക്ക് വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന ആ അന്ത്യനാളിൽ, ഈ സ്വേച്ഛാധിപതികളായ വിഗ്രഹങ്ങൾ ഒക്കെയും തകർത്തെറിയപ്പെടും എന്നാണു ഫൈസ് പറഞ്ഞത്. ഇസ്ലാമിൽ വിഗ്രഹാരാധന ശിക്ഷാർഹവുമാണല്ലോ. എന്തായാലും, ഈ വരികളിലെ ഹൈന്ദവവിരുദ്ധത പരിശോധിക്കാൻ ഐഐടി ഒരു ഉന്നതതല സമിതിയെ നിയോഗിച്ചിട്ടുണ്ട്.

 എഴുപതുകളിൽ പാകിസ്താനിലെ ഭരണകൂടത്തിന്റെ ഇസ്ലാമിക യാഥാസ്ഥിതികത്വത്തിന്റെ നടുമ്പുറത്ത് ഒരു ഊക്കനടിയായി വന്നുപതിച്ച ഈ കവിത, പതിറ്റാണ്ടുകൾക്കിപ്പുറം ഇന്ത്യയിൽ ഹൈന്ദവാഭിമുഖ്യമുള്ള ഗവൺമെന്റിന്റെ മുസ്ലിം വിരുദ്ധമായ നയങ്ങൾക്കെതിരെ നടത്തപ്പെടുന്ന പ്രതിഷേധങ്ങളുടെയും പ്രതിഷേധഗീതമായി മാറുമ്പോൾ അത് ഏറെ കൗതുകമുളവാക്കുന്ന ഒരു സംഗതിയാണ്. ഇന്ന് കാൺപൂർ ഐഐടിയിലെ പ്രൊഫസർക്ക് ഹിന്ദുമതവികാരം വ്രണപ്പെടുത്തുന്നു എന്നു തോന്നിയ അതേ വരികളാണ് അന്ന് സിയാ ഉൽ ഹഖിന്റെ ഭരണകാലത്തും ഇസ്ലാം മതവിരുദ്ധമെന്നും പറഞ്ഞു കൊണ്ട് നിരോധിക്കപ്പെട്ടത് എന്നതാണ് ഇതിലെ ഏറ്റവും വലിയ വിരോധാഭാസം. 

click me!