അമേരിക്കയില്‍നിന്നെത്തി ഇന്ത്യക്കാരിയായി, ദലിത് ജീവിതങ്ങള്‍ക്കൊപ്പം നിന്നു, ഗെയില്‍ ഓംവെദ് ഇനിയില്ല

By Web TeamFirst Published Aug 25, 2021, 1:28 PM IST
Highlights

അര നൂറ്റാണ്ട് നീണ്ട കാലയളവില്‍ അവര്‍ ചുമ്മാ ഗവേഷണം നടത്തുക മാത്രമായിരുന്നില്ല. ഇന്ത്യയിലെ സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളെ ആഴത്തില്‍ മനസ്സിലാക്കാന്‍ അവര്‍ ശ്രമിക്കുകയും വിജയിക്കുകയും ചെയ്തു. ജാതി എന്ന ഇന്ത്യനവസ്ഥയെ എല്ലാ സങ്കീര്‍ണ്ണതകളോടും അവര്‍ മനസ്സിലാക്കി.

അമേരിക്കന്‍ ജീവിതത്തില്‍നിന്നും ഇന്ത്യയിലെ ഏറ്റവും പിന്‍തള്ളപ്പെട്ട ദലിതര്‍ക്കിടയിലേക്കാണ് ഗെയില്‍ ഓംവെദ് ഇറങ്ങി ചെന്നത്. മാറ്റിനിര്‍ത്തപ്പെട്ട ദലിത് സമൂഹത്തോട് അകന്നുനില്‍ക്കുന്ന വരേണ്യ അക്കാദമിക്കുകളെ പോലെ ആയിരുന്നില്ല അവര്‍. അവരിലൊരാളായി, ഏറ്റവും സാധാരണക്കാര്‍ക്കൊപ്പം ഓംവെദ്  ഇടപഴകി. അവര്‍ക്കൊപ്പം ജീവിച്ചു. പ്രശ്‌നങ്ങള്‍ കണ്ടറിയുകയും അതിലിടപെടുകയും ചെയ്തു. സാധാരണ മനുഷ്യരുടെ അതിജീവന സമരങ്ങളുടെ ഭാഗമായി. ഒപ്പം, ജാതി അടക്കമുള്ള വിഷയങ്ങളില്‍ നിര്‍ഭയം സംസാരിക്കുകയും എഴുതുകയും ചെയ്തു.

 

 

വിദേശികള്‍ക്ക് അത്രയെളുപ്പം പിടികിട്ടാത്ത സങ്കീര്‍ണ്ണതയുണ്ട് ഇന്ത്യാ രാജ്യത്തിന്. പാമ്പുകളുടെയും പാമ്പാട്ടികളുടെയും ദേശമായി ഈ നാടിനെ കണ്ട കൊളോണിയല്‍ കാലം കഴിഞ്ഞിട്ടും, കണ്ണുകാണാത്തവര്‍ ആനയ കണ്ടതുപോലുള്ള അമ്പരപ്പ് പുറത്തുനിന്നുള്ള കാഴ്ചകളില്‍ തെളിഞ്ഞുനിന്നു. ജാതി അടക്കമുള്ള ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങള്‍ പലപ്പോഴും അവര്‍ക്ക് കീറാമുട്ടിയായി. ഇത്തരം വെല്ലുവിളികളെ ജീവിതം കൊണ്ട് മറികടന്നു എന്നതാണ്, ഇന്ന് വിടപറഞ്ഞ സാമൂഹ്യ ശാസ്ത്രജ്ഞയും ദലിത് പക്ഷ ചിന്തകയും എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ ഗെയില്‍ ഓംവെദിന്റെ പ്രസക്തി. 

അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന അവര്‍ മരിച്ചത് ഇന്ത്യയിലാണ്. അതിനു മുമ്പേ 1983-ല്‍ അവര്‍ ഇന്ത്യന്‍ പൗരയായിക്കഴിഞ്ഞിരുന്നു. 1963-64 കാലത്താണ് അവരാദ്യം ഇന്ത്യയില്‍ വരുന്നത്. അന്ന് വിദ്യാര്‍ത്ഥിയായിരുന്നു. പിന്നീട്, 1970 -ല്‍ അവര്‍ വീണ്ടും ഇന്ത്യയിലെത്തി. 'അധിനിവേശ സമൂഹത്തിലെ സാംസ്‌കാരിക കലാപം: പശ്ചിമ ഇന്ത്യയിലെ ബ്രഹ്മണേതര മുന്നേറ്റം' എന്ന വിഷയത്തില്‍ പി എച്ച് ഡി തിസീസ് തയ്യാറാക്കാനുള്ള ഗവേഷണങ്ങള്‍ക്കായിരുന്നു  വരവ്. യു.സി. ബെര്‍ക്കലി സര്‍വകാലാശാലയില്‍നിന്നും സോഷ്യോളജിയില്‍ ഡോക്ടറേറ്റ് നേടിയ ഓംവെദ് പിന്നീട് അമേരിക്കയിലെ സാന്‍ഡിയാഗോയില്‍ അധ്യാപികയായി. എന്നാല്‍, അവര്‍ വൈകാതെ ഈ ജോലി ഉപേക്ഷിച്ച് 1978-ല്‍ ഇന്ത്യയില്‍ സ്ഥിരതാമസമാക്കി. അഞ്ചു വര്‍ഷം കഴിഞ്ഞപ്പോള്‍ ഇന്ത്യന്‍ പൗരത്വം ലഭിച്ചു. ആക്ടിവിസ്റ്റും കര്‍ഷകനുമായിരുന്ന ഭരത് പട്‌നാകറെ വിവാഹം ചെയ്ത ശേഷം അവര്‍ ദക്ഷിണ മഹാരാഷ്ട്രയിലെ കാസിഗാന്‍ ഗ്രാമത്തിലാണ് താമസിച്ചുവന്നത്. 

 

ഭര്‍ത്താവ് ഭരത് പതങ്കറിനൊപ്പം

 

1963-ല്‍ ആദ്യമായി ഇന്ത്യയില്‍ വന്ന അവര്‍ മരണംവരെ ഇന്ത്യയുമായുള്ള ആഴമുള്ള ബന്ധം തുടര്‍ന്നു. ഏതാണ്ട് അര നൂറ്റാണ്ട് നീണ്ട കാലയളവില്‍ അവര്‍ ചുമ്മാ ഗവേഷണം നടത്തുക മാത്രമായിരുന്നില്ല. ഇന്ത്യയിലെ സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളെ ആഴത്തില്‍ മനസ്സിലാക്കാന്‍ അവര്‍ ശ്രമിക്കുകയും വിജയിക്കുകയും ചെയ്തു. ജാതി എന്ന ഇന്ത്യനവസ്ഥയെ എല്ലാ സങ്കീര്‍ണ്ണതകളോടും അവര്‍ മനസ്സിലാക്കി. ദലിത്പക്ഷ ചിന്തകള്‍ക്ക് മുനയും മൂര്‍ച്ചയും നല്‍കാനുള്ള കൂട്ടായശ്രമങ്ങളില്‍ മുന്നില്‍നിന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തെയും സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളെയും കുറിച്ച് പഠിക്കുകയും എഴുതുകയും അതിനെ കുറിച്ച് സംസാരിക്കുകയും നിരന്തര സമരങ്ങളില്‍ പങ്കാളിയാവുകയും ചെയ്തു. 

ഒട്ടും എളുപ്പമായിരുന്നില്ല അത്. അമേരിക്കന്‍ ജീവിതത്തില്‍നിന്നും ഇന്ത്യയിലെ ഏറ്റവും പിന്‍തള്ളപ്പെട്ട ദലിതര്‍ക്കിടയിലേക്കാണ് ഗെയില്‍ ഓംവെദ് ഇറങ്ങി ചെന്നത്. മാറ്റിനിര്‍ത്തപ്പെട്ട ദലിത് സമൂഹത്തോട് അകന്നുനില്‍ക്കുന്ന വരേണ്യ അക്കാദമിക്കുകളെ പോലെ ആയിരുന്നില്ല അവര്‍. അവരിലൊരാളായി, ഏറ്റവും സാധാരണക്കാര്‍ക്കൊപ്പം ഓംവെദ്  ഇടപഴകി. അവര്‍ക്കൊപ്പം ജീവിച്ചു. പ്രശ്‌നങ്ങള്‍ കണ്ടറിയുകയും അതിലിടപെടുകയും ചെയ്തു. സാധാരണ മനുഷ്യരുടെ അതിജീവന സമരങ്ങളുടെ ഭാഗമായി. ഒപ്പം, ജാതി അടക്കമുള്ള വിഷയങ്ങളില്‍ നിര്‍ഭയം സംസാരിക്കുകയും എഴുതുകയും ചെയ്തു. സാധാരണ മനുഷ്യരുടെ അതിജീവന സമരങ്ങളുടെ ഭാഗമായി. ഒപ്പം, ജാതി അടക്കമുള്ള വിഷയങ്ങളില്‍ നിര്‍ഭയം സംസാരിക്കുകയും എഴുതുകയും ചെയ്തു.

ഒരു വിദേശി,  സാമൂഹ്യ വ്യവസ്ഥയെ കീറിമുറിച്ച് പരിശോധിക്കുന്നത് അംഗീകരിക്കുക സമൂഹത്തിന് എളുപ്പമല്ല. അതിനാല്‍ അഭിപ്രായങ്ങളുടെ പേരില്‍ അവര്‍ ആക്രമിക്കപ്പെട്ടു. അഭിപ്രായം പറയുന്ന സ്ത്രീകളോടുള്ള സാമൂഹ്യമായ ഈര്‍ഷ്യയെയും അവര്‍ നേരിട്ടു. ദലിത് വിഷയങ്ങളില്‍ ഇടപെടുന്നവര്‍ സ്വാഭാവികമായി നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങള്‍ പലമടങ്ങായി അവരെ തേടിയെത്തി. ഇവയൊക്കെ അവര്‍ അപാരമായ ക്ഷമയോടെയും ആഴത്തിലുള്ള അറിവോടെയും മൂര്‍ച്ചയുള്ള ഇടപെടലിലൂടെയും അഗാധമായ മനുഷ്യസ്‌നേഹത്തിലൂടെയും നേരിട്ടു. അതിന്റെ ഫലമായിരുന്നു, ഇന്ത്യന്‍ സമൂഹത്തില്‍ അവര്‍ക്ക് ലഭിച്ചിരുന്ന സമ്മതി. അമേരിക്കക്കാരി എന്ന പ്രിവിലേജ് അല്ല, കൂട്ടത്തിലൊരുവളായി ഇഴുകിച്ചേര്‍ന്ന അനുഭവമാണ് അവരെ എല്ലാ തലങ്ങളിലുമുള്ള മനുഷ്യരുടെ സ്വന്തക്കാരി ആക്കിയത്. 

 

ഭര്‍ത്താവ് ഭരത് പതങ്കറിനൊപ്പം

 

''ഇവിടെ എത്തിയ ശേഷമാണ് ദളിത് അവസ്ഥകളെപ്പറ്റി കൃത്യമായി ധാരണയുണ്ടാകുന്നത്. അതിനു മുന്‍പ് ജാതിവ്യവസ്ഥയെപ്പറ്റി കേട്ടിട്ടുണ്ട്. ഇവിടുത്തെ യാഥാര്‍ഥ്യങ്ങള്‍ നേരിട്ട് തിരിച്ചറിഞ്ഞ ശേഷം അതില്‍ ഇടപെട്ടേ മതിയാവൂ എന്നു തോന്നി.''-ജാതിയെക്കുറിച്ച് പഠിക്കാനുള്ള പ്രേരണ എന്തായിരുന്നു എന്ന ചോദ്യത്തിന് ഒരഭിമുഖത്തില്‍ അവര്‍ നല്‍കിയ ഉത്തരം ഇതായിരുന്നു. ആര്‍ കെ ബിജുരാജ് നടത്തിയ ആ അഭിമുഖത്തില്‍ അവര്‍ ഇങ്ങനെ കൂടി പറഞ്ഞു. ''ഇന്ത്യയുടെ സംസ്‌കാരമാണ് ഇവിടേക്ക് ആകര്‍ഷിച്ചത്. വളരെയേറെ സവിശേഷതകളുളള ഒന്നാണത്. അതെന്നെ ഇവിടെ തുടരാന്‍ പ്രേരിപ്പിച്ചു. പക്ഷേ, അതിനേക്കാള്‍ പ്രധാനമായിരുന്നു, സാമൂഹിക യാഥാര്‍ഥ്യങ്ങള്‍ മാറ്റുന്നതില്‍ പങ്കു വഹിക്കണമെന്ന തോന്നല്‍.''

ജാതിയെക്കുറിച്ച് യാഥാര്‍ത്ഥ്യബോധത്തിലധിഷ്ഠിതവും പക്വവും പ്രായോഗികവുമായ നിലപാടുകളായിരുന്നു അവരുടേത്. 
''ജാതിയെ ജനാധിപത്യ മാര്‍ഗത്തിലൂടെയാണ് ഇല്ലായ്മ ചെയ്യേണ്ടത്. പ്രതിഷേധങ്ങള്‍ അക്രമരഹിതമായിരിക്കണം. മാര്‍ക്സ്, അംബേദ്കര്‍, മഹാത്മ ഫുലേ എന്നിവരുടെ ആശയങ്ങള്‍ സ്വീകരിച്ചുകൊണ്ടാവണം മുന്നേറ്റങ്ങള്‍ സംഘടിപ്പിക്കേണ്ടത്. ജാതിയെ നിര്‍മാര്‍ജനം ചെയ്യുന്നതിന് എളുപ്പ വഴിയില്ല. ജാതിയെ നിലനിര്‍ത്തുന്ന വസ്തുനിഷ്ഠ സാഹചര്യങ്ങളെ മാറ്റിത്തീര്‍ക്കുകയാണ് വേണ്ടത്.'-അവര്‍ പറഞ്ഞു. ഇന്ത്യന്‍ സവര്‍ണ്ണ സമൂഹം എങ്ങനെയാണ് ജാതിയെക്കുറിച്ചുള്ള വ്യവഹാരങ്ങളെ ഇല്ലാതാക്കുന്നത് എന്നതിനെ കുറിച്ച് വ്യക്തതയുണ്ടായിരുന്നു അവര്‍ക്ക്. ജാതിയെപ്പറ്റി പറയുന്നവരെ ജാതിവാദികളായി മുദ്രകുത്തുന്നത് വായടക്കാന്‍ മാത്രമായിരുന്നു എന്നവര്‍ തിരിച്ചറിഞ്ഞിരുന്നു. ജാതി ഇല്ലെന്നു പറയുന്നതും ജാതി അത്ര മോശമല്ലെന്ന് പറയുകയും അതേ സമയം തന്നെ മറ്റാരും അതിനെ കുറിച്ച് പറയുന്നില്ല എന്നുറപ്പുവരുത്തുകയുമാണ് ബ്രാഹ്മണ്യം എന്ന് അവര്‍ തുറന്നു പറഞ്ഞിരുന്നു. 

തനിക്ക് ശരിയെന്ന കാര്യങ്ങള്‍ എവിടെയായാലും തുറന്നുപറയുക എന്നതായിരുന്നു ഗെയില്‍ ഓംവെദിന്റെ രീതി. ഇന്ത്യന്‍ ഇടതുപക്ഷത്തെക്കുറിച്ചുള്ള അതിരൂക്ഷമായ വിമര്‍ശനങ്ങള്‍ അവര്‍ പച്ചയ്ക്ക് തന്നെ പറഞ്ഞിരുന്നു. അതോടൊപ്പം, ബ്രാഹ്മണ്യത്തിന്റെ നവഅധിനിവേശത്തെയും സംഘപരിവാരം മുന്നോട്ടുവെക്കുന്ന ദേശീയതാ സങ്കല്‍പ്പത്തെയും നിശിതമായി അവര്‍ വിമര്‍ശിച്ചു. ഗാന്ധിയെയും സ്വാതന്ത്ര്യ സമരത്തിലെ ബ്രാഹ്മണ്യധാരയെയും അവര്‍ വസ്തുതകളുടെ ബലത്തില്‍ ആക്രമിച്ചു. എന്നാല്‍, ഈ എതിര്‍പ്പുകള്‍ക്കിടയിലും, സ്വീകരിക്കാവുന്ന നല്ല സാദ്ധ്യതകളെ അവര്‍ ഉള്‍ക്കൊണ്ടിരുന്നു. ദലിത് പ്രസ്ഥാനങ്ങള്‍ക്കും ദലിത് മോചനത്തിനും ഗാന്ധിയില്‍ നിന്ന് ഒന്നും സ്വീകരിക്കാനില്ല എന്ന് പറയുമ്പോഴും 'ഗാന്ധിയില്‍ നിന്ന് നമുക്ക് പലതും ഉള്‍ക്കൊള്ളാനുണ്ട്.' എന്നവര്‍ കൂട്ടിച്ചേര്‍ത്തു. 'ജനങ്ങളെ അണിനിരത്താനുള്ള കഴിവ്, അക്രമരഹിത രീതീകളുടെ ചലനാത്മകത എന്നിവ നമ്മള്‍ ഗാന്ധിയില്‍ നിന്ന് പഠിക്കണം.' എന്നാണ് അവര്‍ ഒരഭിമുഖത്തില്‍ പറയുന്നത്. അംബേദ്കറിനെയും മഹാത്മാ ഫൂലെയെയും സൂക്ഷ്മമായി മനസ്സിലാക്കിയിരുന്ന അവരുടെ ചിന്തകള്‍ക്ക് അംബേദ്കര്‍, ഫൂലെ ദര്‍ശനങ്ങളുടെ തെളിമയുണ്ടായിരുന്നു. 

 

 

ദലിത് രാഷ്ട്രീയം, സ്ത്രീപക്ഷ സമരം, ജാതി വിരുദ്ധ പ്രസ്ഥാനം എന്നിങ്ങനെ വ്യത്യാസ്ത വിഷയങ്ങളില്‍ 25 -ലേറെ പുസ്തകങ്ങള്‍ അവര്‍ രചിച്ചിട്ടുണ്ട്. ഇന്‍ കൊളോണിയല്‍ സൊസൈറ്റി-നോണ്‍ ബ്രാഹ്മിന്‍ മൂവ്‌മെന്റ് ഇന്‍ വെസ്റ്റേണ്‍ ഇന്ത്യ, സീക്കിംഗ് ബേഗംപുര, ബുദ്ധിസം ഇന്‍ ഇന്ത്യ, ഡോ. ബാബാസാഹേബ് അംബേദ്കര്‍, മഹാത്മാ ഫൂലെ, ദളിത് ആന്‍ഡ് ദ ഡെമോക്രാറ്റിക് റവല്യൂഷന്‍, അണ്ടര്‍സ്റ്റാന്‍ഡിംഗ് കാസ്റ്റ്, വീ വില്‍ സ്മാഷ് ദ പ്രിസണ്‍ ആന്‍ഡ് ന്യൂ സോഷ്യല്‍ മൂവ്‌മെന്റ് ഇന്‍ ഇന്ത്യ തുടങ്ങിയവയാണ് പ്രധാന ഗ്രന്ഥങ്ങള്‍. കൊയ്‌ന അണക്കെട്ട് മൂലം കുടിയൊഴിപ്പിക്കപ്പെട്ട ആളുകളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ളത് ഉള്‍പ്പെടെ രാജ്യത്തെ വിവിധ ജനകീയ പ്രസ്ഥാനങ്ങളിലും അവര്‍ പങ്കെടുത്തു.

ഇന്ദിരാഗാന്ധി നാഷണല്‍ ഓപണ്‍ യൂണിവേഴ്സിറ്റിയില്‍ ഡോ. അംബേദ്കര്‍ ചെയര്‍ മേധാവി, പൂനെ സര്‍വകലാശാലയിലെ ഫൂലെ-അംബേദ്കര്‍ ചെയര്‍ മേധാവി എന്നീ പദവികള്‍ വഹിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഏഷ്യന്‍ സ്റ്റഡീസ്, കോപ്പന്‍ഹേഗന്‍. നെഹ്റു മെമ്മോറിയല്‍ മ്യൂസിയത്തിലെ സീനിയര്‍ ഫെലോയും ക്രാന്തിവീര്‍ ട്രസ്റ്റിന്റെ ലൈബ്രറി ആന്‍ഡ് റിസര്‍ച്ച് ഡയറക്ടറുമായിരുന്നു. 

ഇന്ത്യക്കാരിയായി മാറിയ അവര്‍ അമേരിക്കയിലെ ഉറ്റവര്‍ക്കരികിലേക്ക് അപൂര്‍വ്വമായേ പോയിരുന്നുള്ളൂ. അച്ഛനും അമ്മയും നേരത്തെ മരിച്ചിരുന്നു. മകള്‍ ബ്രൂക്ലിനിലാണ് ജീവിക്കുന്നത്. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!