ജീവിതകാലം മുഴുവൻ ഒറ്റ ഇണ മാത്രമുള്ള, ഒരു രക്ഷിതാവിന്‍റെ എല്ലാ ചുമതലകളും പങ്കിടുന്ന പക്ഷി; വംശനാശ ഭീഷണിയില്‍ ഹാര്‍പി കഴുകന്‍

By Web TeamFirst Published Jan 2, 2020, 4:05 PM IST
Highlights

ഇവയുടെ കൂടിനുമുണ്ട് പ്രത്യേകതകൾ. പക്ഷിയുടെ കുടുംബത്തിന് സുഖകരമായി കഴിയാൻ പറ്റുന്ന വിസ്‍താരമുള്ള കൂടുകളാണ് അവ നിർമ്മിക്കുക. ഹാർപ്പി കഴുകന്മാർ 300 ഓളം കമ്പുകളാണ് ഇത്തരത്തിലുള്ള കൂടുകൾ നിർമ്മിക്കാനായി ഉപയോഗിക്കുന്നത്.

ഒരുപക്ഷേ, നമ്മള്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു പക്ഷിയായിരിക്കും ഹാർപി കഴുകൻ. അവയുടെ സവിശേഷമായ രൂപംകൊണ്ട് ഇൻറർ‌നെറ്റിൽ‌ വളരെ പ്രശസ്‍തി നേടിയിട്ടുണ്ടവ. എന്നാല്‍ ഈ കഴുകന്‍‌ വംശനാശത്തിന്‍റെ വക്കിലാണ്. വനനശീകരണവും, വേട്ടയാടലും ഈ പക്ഷിയുടെ ഭക്ഷണവും ആവാസവ്യവസ്ഥയും ഇല്ലാതാക്കി. ഹാര്‍പി കഴുകനെ കുറിച്ച് ചിലത്:

ലോകത്തിലെ ഏറ്റവും വലുതും ശക്തവുമായ കഴുകന്മാരിൽ ഒന്നാണ് ഇത്. അവരുടെ നഖങ്ങൾക്ക് ഏകദേശം 3-4 ഇഞ്ച് നീളമുണ്ട്. ഒരു കരടിയുടെ നഖങ്ങളുടെ അതേ വലുപ്പം! ഹാർപി കഴുകന്മാർ ഇപ്പോഴും ബ്രസീലിലും തെക്കേ അമേരിക്കയുടെ ചില ഭാഗങ്ങളിലും കാണാം. ഈ മനോഹരമായ പക്ഷികൾ ഭൂമിയിലെ ഏറ്റവും വലിയ കഴുകന്മാരിൽ ഒന്നാണ്. ഒരിക്കൽ കണ്ടാൽ പിന്നെ നമുക്ക് അതിനെ മറക്കാനാവില്ല.

ഹാർപി കഴുകനെ ആദ്യമായി കാണുന്നൊരാൾ ചിലപ്പോൾ ഇതൊരു അന്യഗ്രഹജീവിയാണെന്നും, ഒരു നരഭോജിയായ ജീവിയാന്നെന്നും തെറ്റിദ്ധരിക്കാം. അവയുടെ നീളമുള്ള കൂർത്ത നഖങ്ങൾ, അവയെ വലിയ മൃഗങ്ങളെ വേട്ടയാടാൻ പ്രാപ്‍തമാക്കുന്നു. കൂടുതൽ സമയവും മരങ്ങളിൽ ചെലവഴിക്കുന്ന അവ റാക്കൂണുകളെയും, ഇഗ്വാനകളെയും, കുറുക്കന്മാരെയും ഭക്ഷിക്കാറുണ്ട്. ഒരാഴ്‍ചവരെ ഭക്ഷണം കഴിക്കാതെ ജീവിക്കാനും അവയ്ക്ക് കഴിയും. ഇങ്ങനെയൊക്കെയാണെങ്കിലും, പെൺ കഴുകന് ഇണയെക്കാൾ രണ്ട് മടങ്ങ് വരെ ഭാരം ഉണ്ടാകും.  

നമ്മെപ്പോലെ അവയ്ക്കും കുടുംബവും കുട്ടികളുമായി കഴിയാനാണ് ആഗ്രഹം. ഹാർപി കഴുകന്മാർക്ക് ജീവിതത്തിൽ ഒരു പങ്കാളിമാത്രമേ ഉണ്ടാവുകയുള്ളൂ. ആ പങ്കാളിക്കൊപ്പം, കുടുംബമായി ഇത് 30 വർഷം വരെ ജീവിക്കുന്നു! മറ്റ് പക്ഷികളിൽ കാണാത്ത ഒരു പ്രവണതയാണ് ഇത്. എന്തിനേറെ ഇന്നത്തെ കാലത്ത് മനുഷ്യരുടെ ഇടയിൽപോലും ഇത് കാണാൻ പ്രയാസമാണ്.

ഇവയുടെ കൂടിനുമുണ്ട് പ്രത്യേകതകൾ. പക്ഷിയുടെ കുടുംബത്തിന് സുഖകരമായി കഴിയാൻ പറ്റുന്ന വിസ്‍താരമുള്ള കൂടുകളാണ് അവ നിർമ്മിക്കുക. ഹാർപ്പി കഴുകന്മാർ 300 ഓളം കമ്പുകളാണ് ഇത്തരത്തിലുള്ള കൂടുകൾ നിർമ്മിക്കാനായി ഉപയോഗിക്കുന്നത്. ഇത്ര വലിയ കൂടൊക്കെ പണിത് കഴിയുമ്പോൾ, അമ്മ മുട്ടയിടും. അതും രണ്ടു മുട്ട മാത്രം. ഒരു കുഞ്ഞ്‌ കഴുകനെ ഈ ലോകത്തേക്ക്‌ കൊണ്ടുവരുന്നതിന്‌ അവൾ‌ക്ക് 55 ദിവസമെടുക്കും.

സാധാരണയായി ഒരു മുട്ട മാത്രമേ അതിജീവിക്കാറുള്ളൂ. ഒന്നുകിൽ ആദ്യത്തേത് വിരിഞ്ഞു കഴിഞ്ഞാൽ അമ്മ രണ്ടാമത്തേതിന് അടയിരിക്കുന്നത് നിർത്തുന്നു. അങ്ങനെ അത് ഉപേക്ഷിക്കുന്നു. അതല്ലെങ്കിൽ ആദ്യത്തെ മുട്ടയിൽ നിന്നുള്ള കുഞ്ഞ് ഉണ്ടാകുന്നില്ലെങ്കിൽ, ദമ്പതികൾ ശേഷിക്കുന്ന മുട്ടയെ വിരിയിക്കാൻ നോക്കും. ഹാർപ്പി കഴുകന്മാർ കുഞ്ഞുങ്ങൾ വിരിഞ്ഞതിനുശേഷം പുതിയ പച്ച ചില്ലകളും ശാഖകളും കൂട്ടിലേക്ക് കൊണ്ടുവരുന്നു. ചില ഗവേഷകർ കരുതുന്നത് ഇത് പ്രാണികളെയും മറ്റും അകറ്റി നിർത്താൻ സഹായിക്കും എന്നാണ്. അത് മാത്രമല്ല കൂടിന് തണുത്ത അന്തരീക്ഷം നൽകാനും ഇതിന് കഴിയും.

നമ്മുടെ കൈത്തണ്ടയുടെ അത്ര കട്ടിയുള്ള കാലുകളുള്ള ഒരു വലിയ പക്ഷിയെ സങ്കല്പിക്കാൻ സാധിക്കുമോ? കുരങ്ങുകളെയും കുറുക്കന്മാരെയും വേട്ടയാടാൻ കഴിയുന്ന ഒരു പക്ഷി. ജീവിതകാലം മുഴുവൻ ഒരു ഇണയുമായി മാത്രം കഴിയുന്ന, ഒരു രക്ഷിതാവിന്‍റെ എല്ലാ ചുമതലകളും പങ്കിടുന്ന ഒരു പക്ഷി. അതാണ് ഹാർപി കഴുകൻ. ഏതായാലും ഇവയ്ക്ക് വംശനാശം വരാതെയിരിക്കാന്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. 

click me!