വിശന്നിരിക്കുകയാണ് ഇന്ത്യ; ആഗോള വിശപ്പ് സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം ഇങ്ങനെ

By Web TeamFirst Published Oct 16, 2019, 1:03 PM IST
Highlights

ഇന്ത്യയിലെ ജനസംഖ്യ വളരെ കൂടുതലാണ് എന്നത് ഈ പട്ടിണിക്ക് കാരണം തന്നെയാണ്. ഇന്ത്യയിലെ കുട്ടികളുടെ പോഷകാഹാരക്കുറവും മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കൂടുതലാണ്. 20.8% ആണിത്. 

ദില്ലി: അതിഭീകരമായ പട്ടിണി പ്രശ്നങ്ങളിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നതെന്ന് ഗ്ലോബല്‍ ഹംഗര്‍ ഇന്‍ഡക്സ് (ആഗോള വിശപ്പ് സൂചിക). 2019 -ലെ വിശപ്പ് സൂചിക പ്രകാരം 117 രാജ്യങ്ങളില്‍ 102 -ാമതാണ് ഇന്ത്യയുടെ സ്ഥാനം. രാജ്യത്ത് ഒരു വലിയ വിഭാഗം ജനങ്ങളും പട്ടിണിയിലും ദാരിദ്ര്യത്തിലുമാണ് കഴിയുന്നത്. കുട്ടികളിലെ പോഷകാഹാരക്കുറവടക്കമുള്ള പ്രശ്നങ്ങള്‍ ഇന്ത്യയെ അലട്ടിക്കൊണ്ടിരിക്കുകയാണെന്നുമാണ് ഇത് വ്യക്തമാക്കുന്നത്. 

സെന്‍ട്രല്‍ ഏഷ്യന്‍ റിപ്പബ്ലിക്കിലെ ഗുരുതരമായ പട്ടിണി അനുഭവിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇതുപ്രകാരം ഇന്ത്യ. ആഗോള വിശപ്പ് സൂചിക വിവിധ രാജ്യങ്ങളിലെ വിശപ്പിന്റെയും പോഷകാഹാരക്കുറവിന്റെയും അളവ് കണക്കാക്കുകയാണ് ചെയ്യുന്നത്. പോഷകാഹാരക്കുറവ്, കുട്ടികളുടെ വളര്‍ച്ചയില്ലായ്‍മ, കുട്ടികളുടെ മരണനിരക്ക് എന്നിവ പ്രകാരമാണ് കണക്ക് തയ്യാറാക്കപ്പെട്ടിരിക്കുന്നത്. ലോകത്തിലാകെയായി വിശപ്പുള്ളവരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. ഗുരുതരം എന്നതില്‍നിന്നും  മിതവും എന്നാല്‍ ഗുരുതരമായതും എന്ന അവസ്ഥയിലേക്ക് മാറിയിട്ടുണ്ട് കാര്യങ്ങള്‍. സൂചിക പ്രകാരം, 1999 മുതൽ 2015 വരെ ദാരിദ്ര്യത്തിന്റെ തോത് ആഗോളമായി കുറഞ്ഞിട്ടുണ്ട്. ദാരിദ്ര്യവും വിശപ്പും തമ്മില്‍ അടുത്ത് ബന്ധപ്പെട്ട് കിടക്കുന്നതിന്‍റെ സൂചനയും ഇത് നല്‍കുന്നു. 

ഇന്ത്യയിലെ ജനസംഖ്യ വളരെ കൂടുതലാണ് എന്നത് ഈ പട്ടിണിക്ക് കാരണം തന്നെയാണ്. ഇന്ത്യയിലെ കുട്ടികളുടെ പോഷകാഹാരക്കുറവും മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കൂടുതലാണ്. 20.8% ആണിത്. കുട്ടികളുടെ വളര്‍ച്ചാ മുരടിപ്പ് 37.9% ആണ്. ഇന്ത്യയുടെ വിശപ്പ് 30.3 ആണ്, അതിനർത്ഥം ഇന്ത്യയിലെ പട്ടിണി പ്രശ്നം വളരെ വലുതും ഗൗരവപരമായതുമാണ് എന്നുതന്നെയാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളുടെ കണക്ക് നോക്കുമ്പോള്‍ ഇത് മെച്ചപ്പെട്ടതായി തോന്നുമെങ്കിലും (ഇന്ത്യയുടെ സ്കോർ 2000 -ൽ 38.8 ഉം 2005 -ൽ 38.9 ഉം 2010 ൽ 32 -ഉം ആയിരുന്നു) ഇന്ത്യയുടെ ദാരിദ്ര്യാവസ്ഥയെ തന്നെയാണ് അത് സൂചിപ്പിക്കുന്നത്. 

റിപ്പോർട്ട് സ്വച്ഛ് ഭാരത് പ്രചാരണത്തെക്കുറിച്ചും പരാമർശിക്കുന്നുണ്ട്. സ്വച്ഛ് ഭാരത് പ്രചാരണം പ്രധാനപ്പെട്ടതാണെങ്കിലും ഇത് വേണ്ടത്ര പ്രാവർത്തികമായിട്ടില്ലായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു: ''പുതിയ ശൗചാലയ നിർമ്മാണമുണ്ടാവുന്നുണ്ടെങ്കില്‍പ്പോലും തുറന്ന സ്ഥലത്തെ മലമൂത്രവിസര്‍ജ്ജനം ഇപ്പോഴും നടക്കുന്നുണ്ട്. അത് ജനങ്ങളുടെ ആരോഗ്യത്തെ അപകടത്തിലാക്കുന്നു. തന്മൂലം, പോഷകങ്ങൾ ആഗിരണം ചെയ്യാനുള്ള അവരുടെ കഴിവ് കുറയുന്നതിനും കുട്ടികളുടെ വളർച്ചയും വികാസവും തടസ്സപ്പെടുന്നതിനും കാരണമാകുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.''

ഇന്ത്യ, ലോകത്തെ പട്ടിണി കൂടിയ രാജ്യങ്ങളില്‍ ഒന്നായി നില്‍ക്കുമ്പോഴും, അയൽരാജ്യങ്ങളായ ബംഗ്ലാദേശിലും നേപ്പാളിലും അവസ്ഥ മെച്ചപ്പെടുന്നുവെന്നും സൂചിക കാണിക്കുന്നു. 1997 -നും 2011 -നും ഇടയിൽ ബംഗ്ലാദേശിലെ മുരടിപ്പ് 58.5 ശതമാനത്തിൽ നിന്ന് 49.2 ശതമാനമായി കുറഞ്ഞു. 2001 -ൽ 56.6 ശതമാനത്തിൽ നിന്ന് 2011 ൽ 40.1 ശതമാനമായിട്ടാണ് നേപ്പാളില്‍ ഈ കുറവ്. 

ഇന്ത്യയുടെ 102 എന്ന റാങ്ക് അർത്ഥമാക്കുന്നത് ഈ സൂചികയിൽ മറ്റ് പതിനഞ്ച് രാജ്യങ്ങൾ മാത്രമാണ് ഇന്ത്യയേക്കാൾ മോശമായതെന്നാണ്. ഇവയെല്ലാം ആഫ്രിക്കൻ രാജ്യങ്ങളാണ്: സിയറ ലിയോൺ, ഉഗാണ്ട, ജിബൂട്ടി, കോംഗോ, സുഡാൻ, അഫ്ഗാനിസ്ഥാൻ, സിംബാബ്‌വെ, തിമോർ-ലെസ്റ്റെ, ഹെയ്തി, ലൈബീരിയ, സാംബിയ, മഡഗാസ്കർ, ചാഡ്, യെമൻ, മധ്യ ആഫ്രിക്കൻ റിപ്പബ്ലിക് എന്നിങ്ങനെയാണത്.

117 രാജ്യങ്ങൾ മാത്രമാണ് ഈ സൂചികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കൃത്യമായ വിവരങ്ങളില്ലാത്തതിനാൽ പതിനഞ്ച് രാജ്യങ്ങളെ ഉൾപ്പെടുത്തിയിട്ടില്ല. ഇവയിൽ ചിലത് താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളായതിനാൽ തന്നെ അവയും ഈ പട്ടികയില്‍ വിശപ്പ് കൂടിയവയായി അടയാളപ്പെടുത്തിയേക്കാവുന്നതാണ്. 

click me!