ജീവിതം മാറ്റിമറിച്ച ഒറ്റയാത്ര, ആ സ്‍കൂളിനായി ഒരു വര്‍ഷക്കാലം അവളാ ഗ്രാമത്തില്‍ കഴിഞ്ഞു

By Web TeamFirst Published Jun 20, 2020, 2:17 PM IST
Highlights

നോങ്രിം എന്ന അവരുടെ ഗ്രാമത്തിന്‍റെ തലവനായിരുന്നു ആ സമയത്ത് ബാറ്റിസ്റ്റ. 2003 -ലാണ് ഗ്രാമത്തിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കണം എന്ന ആഗ്രഹത്തോടെ താനാ സ്‍കൂള്‍ തുടങ്ങാന്‍ തീരുമാനിച്ചതെന്ന് ബാറ്റിസ്റ്റ തൃഷ്‍ണയോട് പറഞ്ഞു. 

ഒരു യാത്രപ്രേമിയായിരുന്നു തൃഷ്‍ണ മൊഹന്തി, ഒപ്പം എഴുത്തുകാരിയും ഫോട്ടോഗ്രാഫറും. മേഘാലയയ്ക്കും നാഗാലാന്‍ഡിനും ഇടയിലുള്ള യാത്രയിലാണ് ചിറാപ്പുഞ്ചിയിലെ ഒരു ഒറ്റമുറി സ്‍കൂള്‍ അവളെ ഏറെ ആകര്‍ഷിച്ചത്. ഖാസി ദമ്പതികളായ ബാറ്റിസ്റ്റ, ലഖിന്തി എന്നിവര്‍ ചേര്‍ന്ന് നടത്തുന്ന സ്‍കൂളായിരുന്നു അത്. 

''2013 -ല്‍ ഞാന്‍ എന്‍റെ കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍ ജോലി രാജിവെച്ചു. ഫ്രീലാന്‍സര്‍ ട്രാവല്‍ എഴുത്തുകാരിയും ഫോട്ടോഗ്രാഫറുമായി. പല ഒറ്റപ്പെട്ട പ്രദേശങ്ങളിലും ഞാന്‍ യാത്ര ചെയ്‍തിട്ടുണ്ട്. പ്രത്യേകിച്ച് നോര്‍ത്ത് ഈസ്റ്റില്‍. അവിടെ മിക്ക ആളുകളും ഭക്ഷണമോ, പ്രാഥമികാരോഗ്യസൗകര്യമോ, വിദ്യാഭ്യാസമോ, ജോലിയോ ഒന്നും ലഭ്യമല്ലാതെ ജീവിക്കുന്നുണ്ട്. എന്നാല്‍, ആരും വേണ്ടപോലെ ഈ പ്രശ്‍നങ്ങളെ കൈകാര്യം ചെയ്‍തിട്ടില്ല. അങ്ങനെയാണ് 'യാത്ര' എന്ന ആശയത്തെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും എന്തെങ്കിലും അധികമായി ചെയ്യണമെന്നും എനിക്ക് തോന്നുന്നത്..'' തൃഷ്‍ണ പറയുന്നു. 

അങ്ങനെ 2017 -ല്‍ അവള്‍ അരുണാചല്‍ പ്രദേശ്, മേഘാലയ എന്നിവിടങ്ങളിലേക്ക് ഒരു യാത്ര നടത്തി. ഒരു ടൂറിസ്റ്റായിട്ടല്ല, മറിച്ച് ആ ഗ്രാമങ്ങളില്‍ താമസിച്ച് അവിടുത്തെ യഥാര്‍ത്ഥജീവിതം എന്താണ് എന്നറിയാനായിരുന്നു ആ യാത്ര. അവളാദ്യം എത്തിയത് ചിറാപ്പുഞ്ചിയിലാണ്. അവള്‍ അവിടെയൊരു ലോക്കല്‍ ലോഡ്‍ജില്‍ മുറി ബുക്ക് ചെയ്‍തു. അവിടെവച്ചാണ് അവള്‍ ബാറ്റിസ്റ്റയെ കണ്ടുമുട്ടുന്നത്. അയാളായിരുന്നു ആ ഭൂമിയുടെ ഉടമ. ഒരു ഫോട്ടോഗ്രാഫറാണെന്ന് പറഞ്ഞതോടെ അയാള്‍ അവളുടെ ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും അവളെടുത്ത ചിത്രങ്ങള്‍ കണ്ടു. അദ്ദേഹത്തിന്‍റെ ലോഡ്‍ജിന്‍റെ ഒരു ഫോട്ടോഷൂട്ട് നടത്താമോ എന്ന് അയാളവളോട് അന്വേഷിച്ചു. തൃഷ്‍ണ അതിന് സമ്മതിച്ചു. പകരം ഒരു കണ്ടീഷനും മുന്നോട്ടുവെച്ചു. ഫോട്ടോഷൂട്ട് നടത്താം. പക്ഷേ, അവളെ അയാളുടെ കുടുംബത്തിനൊപ്പം ഗ്രാമത്തിലെ വീട്ടില്‍ താമസിക്കാന്‍ സമ്മതിക്കണം. അയാളത് സമ്മതിച്ചു. താന്‍ ആവശ്യപ്പെട്ട ഏറ്റവും മികച്ച കാര്യം എന്നാണ് തൃഷ്‍ണ അതിനെ വിശേഷിപ്പിക്കുന്നത്. 

 

പിറ്റേദിവസം ബാറ്റിസ്റ്റയും പന്ത്രണ്ട് വയസ്സുകാരനായ മകനും അവളെ അവരുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഒരു കുന്നിന്‍മുകളിലായിരുന്നു ആ വീട്. വീട്ടിലെത്തിയതോടെ ബാറ്റിസ്റ്റ ഭാര്യക്ക് തൃഷ്‍ണയെ പരിചയപ്പെടുത്തി. അവരുടെ 10 മക്കള്‍ക്കും. അതില്‍ മൂന്നുപേര്‍ അവരുടെ സ്വന്തം മക്കളും ബാക്കി ദത്തുമക്കളുമായിരുന്നു. അവിടെ ഹോംസ്റ്റേക്കായി ഒരു മുറിയുണ്ടായിരുന്നു. വേറൊരു കാര്യം കൂടി തൃഷ്‍ണ മനസിലാക്കി. അവര്‍ ഗ്രാമത്തിലെ കുട്ടികള്‍ക്ക് വിദ്യ പകരുന്നതിനായി ഒരു വിദ്യാലയം കൂടി നടത്തുന്നുണ്ട്. എന്നാല്‍, ആ ദമ്പതികളുടെ ഏക വരുമാനമാര്‍ഗം ആ ലോഡ്‍ജില്‍ നിന്നും കിട്ടുന്ന തുക മാത്രമായിരുന്നു. ചിലപ്പോള്‍ സ്‍കൂളിനെ കുറിച്ചറിഞ്ഞശേഷം വിനോദസഞ്ചാരികള്‍ സംഭാവന എന്തെങ്കിലും നല്‍കും. 

നോങ്രിം എന്ന അവരുടെ ഗ്രാമത്തിന്‍റെ തലവനായിരുന്നു ആ സമയത്ത് ബാറ്റിസ്റ്റ. 2003 -ലാണ് ഗ്രാമത്തിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കണം എന്ന ആഗ്രഹത്തോടെ താനാ സ്‍കൂള്‍ തുടങ്ങാന്‍ തീരുമാനിച്ചതെന്ന് ബാറ്റിസ്റ്റ തൃഷ്‍ണയോട് പറഞ്ഞു. എന്നാല്‍, പ്രാഥമിക സൗകര്യങ്ങള്‍, അധ്യാപകര്‍, പഠനസാമഗ്രികള്‍ തുടങ്ങി പലതിനും പണം കണ്ടെത്തേണ്ടിയിരുന്നു. നഴ്‍സറി മുതല്‍ ഒമ്പതാം ക്ലാസ് വരെയായിരുന്നു സ്‍കൂളിലുണ്ടായിരുന്നത്. എല്ലാ ക്ലാസും ഒരൊറ്റ ഹാളിലായിരുന്നു ഉണ്ടായിരുന്നത്. അധ്യാപകരാകട്ടെ വിവിധ മേഖലകളിലുള്ളവരാണെങ്കിലും കൃത്യമായ അധ്യാപക പരിശീലനം നേടിയവരായിരുന്നില്ല. പലരും സിലബസ് പൂര്‍ത്തീകരിക്കാന്‍ പാടുപെട്ടു. കരിക്കുലം ഇംഗ്ലീഷില്‍ തന്നെയായിരുന്നു. പരീക്ഷ എഴുതുന്നതിന് ചില ബുദ്ധിമുട്ടുകള്‍ കുട്ടികള്‍ അനുഭവിച്ചുപോന്നു. 

ഏതായാലും ആറ് ദിവസം ആ ഗ്രാമത്തില്‍ ചെലവഴിച്ച ശേഷം തൃഷ്‍ണ അവളുടെ യാത്ര തുടര്‍ന്നു നാഗാലാന്‍ഡിലേക്ക്. പൂനെയിലേക്ക് തിരികെവരും മുമ്പ് രണ്ടാഴ്‍ച അവളവിടെ ചെലവഴിച്ചു. എന്നാല്‍, നാട്ടിലേക്ക് തിരിച്ചുപോകും മുമ്പ് അവളൊരു തീരുമാനമെടുത്തിരുന്നു താന്‍ ഇവിടേക്ക് തിരികെ വരും ഒരു വര്‍ഷത്തിനുള്ളില്‍. 

മടങ്ങിവരവ് 

2018 ഡിസംബറില്‍ ഒമ്പത് മാസത്തേക്ക് നോങ്രിമിലേക്ക് അവള്‍ തിരികെവന്നു. മൂന്ന് ലക്ഷ്യമായിരുന്നു അവളുടെ ആ വരവിന്. അധ്യാപകര്‍ക്ക് കൃത്യമായ പരിശീലനം നല്‍കുക, സ്‍കൂളില്‍ ഒരു ടോയ്‍ലെറ്റ് നിര്‍മ്മിക്കുക, ഒരു ലൈബ്രറി നിര്‍മ്മിക്കുക. 

ഫെബ്രുവരിയിലായിരുന്നു അക്കാദമിക് ഇയര്‍ തുടങ്ങുന്നത്. എന്നാല്‍, രണ്ടുമാസം നേരത്തെ എത്തുകയായിരുന്നു തൃഷ്‍ണ. അധ്യാപകരുടെ കൂടെയിരുന്ന് അവര്‍ക്ക് വേണ്ട പ്ലാന്‍ തയ്യാറാക്കുകയായിരുന്നു പ്രാഥമിക ലക്ഷ്യം. എന്നാല്‍, എല്ലാവര്‍ക്കും അത് സ്വീകാര്യമായിരുന്നില്ല. ചിലരൊക്കെ ജോലി തന്നെ ഉപേക്ഷിച്ചുപോയി. പകരം അധ്യാപകരെ കണ്ടെത്തുക എന്നത് ബുദ്ധിമുട്ടായിരുന്നു. അങ്ങനെ ഒമ്പതാം ക്ലാസിലേക്ക് വെറും നാല് അധ്യാപകര്‍ മാത്രമായി സ്‍കൂള്‍ തുറക്കേണ്ടി വന്നു. ഫെബ്രുവരി മുതല്‍ 2019 സപ്‍തംബര്‍ വരെ തൃഷ്‍ണ അവിടെ താമസിക്കുകയും ഖാസി ജീവിതരീതി പരിശീലിക്കുകയും കുട്ടികളെ സ്‍കൂളില്‍ പഠിപ്പിക്കുകയും ചെയ്‍തു. 

അവളുടെ ഏറ്റവും വലിയ സ്വപ്‍നമായിരുന്നു ഒരു ലൈബ്രറി തുടങ്ങുക എന്നത്. അതിനും മാത്രമുള്ള സാമ്പത്തികം അവള്‍ക്കില്ലായിരുന്നു. ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ട്രാവല്‍ സ്റ്റോറി ചെയ്യുന്നതോടൊപ്പം പഴയ പുസ്‍തകങ്ങള്‍ സംഭാവന ചെയ്യാന്‍ കൂടി അവള്‍ അപേക്ഷിച്ചു. അപ്പോഴാണ് കുറച്ചുപേര്‍ ആമസോണ്‍ വിഷ്‍ലിസ്റ്റ് ക്രിയേറ്റ് ചെയ്യാന്‍ പറയുന്നത്. അങ്ങനെ ചെയ്‍തതിന്‍റെ ഫലമായി 60,000 രൂപയോളം വിലവരുന്ന 200-250 പുസ്‍തകങ്ങള്‍ അവള്‍ക്ക് ലഭിച്ചു. 24 മണിക്കൂറിനുള്ളില്‍ വിഷ്‍ലിസ്റ്റിലെ മുഴുവന്‍ പുസ്‍തകങ്ങളും ലഭിച്ചു. അതില്‍ നോവലും എന്‍സൈക്ലോപീഡിയയും അടക്കം നാനാതരത്തിലുള്ള പുസ്‍തകങ്ങളുണ്ട്. ചിലരാകട്ടെ നോട്ടുപുസ്‍തകങ്ങളും സ്റ്റേഷനറികളും കുട്ടികള്‍ക്കായി നല്‍കി. 

 

അടുത്ത നഗരമായ ഷില്ലോംഗിലാണ് സാധനങ്ങളെത്തുക. അവ ശേഖരിക്കുന്നതിനായി ബാറ്റിസ്റ്റയും തൃഷ്‍ണയും ഷില്ലോംഗിലേക്ക് പോയി. എന്നാല്‍, കനത്ത മഴ പെയ്യുന്ന സ്ഥലമാണ് ചിറാപുഞ്ചി. ഒരിക്കല്‍ കനത്ത മഴ പെയ്‍ത് വെള്ളം കയറിയതിന്‍റെ ഭാഗമായി വീടും പുസ്‍കവുമെല്ലാം വെള്ളം കയറി. ഒരുവിധത്തില്‍ അവരത് സ്‍കൂളിലേക്ക് മാറ്റി. ഒരാഴ്‍ചയ്ക്ക് ശേഷം തൃഷ്‍ണയുടെ ഒരു സുഹൃത്ത് 30,000 രൂപ സംഭാവന നല്‍കി. അതുപയോഗിച്ച് അവര്‍ ടേബിളുകളും കസേരകളും സെക്കന്‍ഡ് ഹാന്‍ഡ് ഷെല്‍ഫും വാങ്ങി. ഒടുവില്‍, 2019 - ആഗസ്‍തില്‍ ലൈബ്രറി പൂര്‍ത്തിയായി. നോങ്രിമില്‍ തങ്ങിയതിന്‍റെ അവസാന നാളുകളായപ്പോഴേക്കും ബാറ്റിസ്റ്റ അവിടെയൊരു ടോയ്‍ലെറ്റ് പണിയാനുള്ള തുക കണ്ടെത്തിയിരുന്നു.

സപ്‍തംബര്‍ 2019 -ല്‍ അവള്‍ പൂനെയിലേക്ക് മടങ്ങി. തന്‍റെ രണ്ടാം കുടുംബമെന്ന് അവള്‍ കരുതുന്നനോങ്രിമിലെ വീട്ടിലേക്ക് എന്നും വിളിച്ച് അവള്‍ കാര്യങ്ങള്‍ അന്വേഷിക്കുന്നുണ്ട്. അവിടെ താമസിച്ച ഒരു വര്‍ഷക്കാലം താന്‍ എത്രമാത്രം പ്രിവിലേജ്‍ഡ് ആണ് എന്ന് തിരിച്ചറിഞ്ഞുവെന്നും ആ വലിയ യാത്ര തുടങ്ങിയതോടെ മറ്റ് യാത്രകളില്ലാതായി എന്നും അവള്‍ പറയുന്നു. ഇപ്പോഴും പലവിധത്തിലുള്ള പരാധീനതകള്‍ സ്‍കൂള്‍ നേരിടുന്നുണ്ട്. അതെല്ലാം ശരിയാവുമെന്നും കുട്ടികളെല്ലാം വായിക്കുന്നുണ്ടെന്നും വിദ്യാഭ്യാസം അവരെയും ഇനി വരുന്നവരെയും മാറ്റിത്തീര്‍ക്കുമെന്നും പ്രതീക്ഷിക്കുന്നതായി തൃഷ്‍ണ പറയുന്നു. 

 

(കടപ്പാട്: ദ ബെറ്റര്‍ ഇന്ത്യ)

click me!