കൊവിഡിനെ തുടര്‍ന്ന് തൊഴില്‍ നഷ്‍ടപ്പെട്ടാല്‍, ആശങ്കപ്പെടാതെ പുതിയവയെങ്ങനെ കണ്ടെത്താം

By Web TeamFirst Published Jun 1, 2020, 11:50 AM IST
Highlights

പുതിയ മേഖലകളിൽ വൈദഗ്ദ്ധ്യം ഉണ്ടാക്കി എടുക്കുക (re-skill): പ്രത്യേകിച്ചും നിർമ്മാണ മേഖല, ഹോട്ടൽ, ടൂറിസം, ഹോസ്പിറ്റാലിറ്റി സെക്ടറിൽ ഉള്ളവർ തൊഴിൽ സാധ്യതകൾ ഉള്ള പുതിയ മേഖലകളിൽ റീ-ട്രെയിൻ ചെയ്യാനായി സജ്ജമാക്കുക.

തൊഴിലുകളും തൊഴിൽ മേഖലകളും അനുദിനം മാറുകയാണ്. എന്താണ് COVID-19 -ന് ശേഷം സാധ്യതകൾ? ഒരു വലിയ സാമ്പത്തികമാന്ദ്യമാണ് ലോകരാജ്യങ്ങളെ കാത്തിരിക്കുന്നത്. ഏതൊക്കെ തൊഴിൽ മേഖലകൾക്കാണ് അടുത്ത അഞ്ചു വർഷത്തേക്ക് സാധ്യത ഉള്ളത്? ചില മേഖലകളിൽ ഉള്ളവർ പൂർണ്ണമായും റീ-ട്രെയിൻ ചെയ്തു വേറെ മേഖലകളിലേക്ക് മാറാൻ ശ്രമിക്കണം (ഉദാഹരണം ടൂറിസം, ഹോസ്പിറ്റാലിറ്റി സെക്ഷൻ).

ഓൺലൈൻ ടീച്ചിങ്ങ്: അടുത്ത കുറെ നാളത്തേയ്ക്ക് ധാരാളം സാധ്യതൾ ഉള്ള മേഖലയാണ് ഓൺലൈൻ ടീച്ചിങ്. സൂം വഴിയും, സ്കൈപ്പ് വഴിയും ഒക്കെ ക്ലാസുകൾ നടത്തി പലർക്കും സ്വയം പര്യാപ്തമായി ജോലി ചെയ്യാനുള്ള അവസരം കൂടിയാണ് COVID കൊണ്ടുവന്നിരിക്കുന്നത്. ഒരു ലാപ് ടോപ്പും, നല്ല ഇന്‍റർനെറ്റ് കണക്ഷനും, ഉണ്ടെങ്കിൽ വീട് തന്നെ ഒരു അന്താരാഷ്ട്ര ട്യൂഷൻ സെന്‍റർ ആയി വിപുലപ്പെടുത്തിയെടുക്കാം. അക്കാദമിക് വിഷയങ്ങൾ മാത്രമല്ല, ഡ്രം പഠിപ്പിക്കാം, സംഗീതം, ഗിറ്റാർ മുതൽ പല നോൺ അക്കാദമിക്ക് വിഷയങ്ങളും ഓൺലൈൻ ആയി പഠിപ്പിക്കാനുള്ള സാധ്യത ഉണ്ട്.

മെഡിക്കൽ, നഴ്‍സിംഗ്, പാരാ മെഡിക്കൽ: ഇനിയുള്ള കുറെ നാളുകൾ മെഡിക്കൽ, നഴ്‍സിംഗ്, പാരാ മെഡിക്കൽ രംഗങ്ങളിൽ ഉള്ളവർക്ക് കരിയർ വൈസ് നല്ല കാലമാണ്. വിദേശത്തേക്ക് ചേക്കേറാൻ ഉദ്ദേശിക്കുന്നവർക്കും ഇത് നല്ല ഒരു അവസരമാണ്. പല രാജ്യങ്ങളും ആരോഗ്യ പ്രവർത്തകർക്കുള്ള വിസ നിയമങ്ങളിൽ അയവുകൾ വരുത്തിയിട്ടുണ്ട്.

ഡാറ്റ ഈസ് കിംഗ് ഓഫ് ദി വേൾഡ്: വിശ്വാസങ്ങളല്ല, മുൻവിധികളല്ല മറിച്ച് ഡാറ്റയാണ് നമ്മളുടെ തീരുമാനങ്ങളെ മുൻപോട്ട് നയിക്കുന്നത് എന്നത് COVID 19 കാട്ടിത്തന്ന പാഠങ്ങളിൽ ഒന്നാണ്. സാമ്പത്തിക, രാഷ്ട്രീയ തീരുമാനങ്ങൾ ഒക്കെ ഡാറ്റയെ ആശ്രയിച്ചായിരുന്നു. തീരുമാനങ്ങളെ നിയന്ത്രിക്കുന്നത് ഡാറ്റയാണ് എന്നും ഇപ്പോഴാണ് നമുക്ക് പൂർണ്ണമായ ബോധ്യം ഉണ്ടായത്. ഡാറ്റ അനാലിസിസ്, ഡാറ്റ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേർണിംഗ്, കംപ്യൂട്ടേഷണൽ മോഡലിംഗ് തുടങ്ങിയ മേഖലയിൽ ഇനി ഒരു വൻ കുതിപ്പ് പ്രതീക്ഷിക്കാം.

ഇപ്പോളുള്ള തൊഴിൽ നഷ്ടപ്പെട്ടേക്കും എന്ന് തോന്നിയാൽ ചെയ്യാവുന്ന മൂന്ന് കാര്യങ്ങൾ ആണ്

വൈദഗ്ദ്ധ്യം വർധിപ്പിക്കുക (up-skill)
പുതിയ മേഖലകളിൽ വൈദഗ്ദ്ധ്യം ഉണ്ടാക്കി എടുക്കുക (re-skill)
ബഹുമുഖ വൈദഗ്ദ്ധ്യം നേടിയെടുക്കുക (cross skill)

പുതിയ മേഖലകളിൽ വൈദഗ്ദ്ധ്യം ഉണ്ടാക്കി എടുക്കുക (re-skill): പ്രത്യേകിച്ചും നിർമ്മാണ മേഖല, ഹോട്ടൽ, ടൂറിസം, ഹോസ്പിറ്റാലിറ്റി സെക്ടറിൽ ഉള്ളവർ തൊഴിൽ സാധ്യതകൾ ഉള്ള പുതിയ മേഖലകളിൽ റീ-ട്രെയിൻ ചെയ്യാനായി സജ്ജമാക്കുക.

വൈദഗ്ദ്ധ്യം വർധിപ്പിക്കുക (up-skill)- continuous learning: നിരന്തരം പഠിച്ചു കൊണ്ടിരിക്കുക. നിങ്ങൾ ജോലി ചെയ്യുന്ന ഏരിയയിൽ ഉണ്ടാകുന്ന ഡെവലപ്പ്മെന്‍റ് അറിഞ്ഞിരിക്കുക. നിങ്ങളുടെ ഇൻഡസ്‍ട്രിയിലെ ട്രെൻഡ് അനുസരിച്ച് പുതിയ മേഖലകളിൽ ട്രെയിനിങ് എടുക്കുക.

ബഹുമുഖ വൈദഗ്ദ്ധ്യം നേടിയെടുക്കുക (cross skill): പല ജോലികളിൽ പ്രാവീണ്യം നേടുന്നതാണ് ക്രോസ് സ്‍കില്‍. 

ഉദാഹരണത്തിന് പ്ലംബർ തന്നെ ഇലക്ട്രിക്കൽ ജോലിയും, നിർമ്മാണ ജോലിയും, തടിപ്പണിയും ഒക്കെ ചെയ്യാൻ പ്രാപ്‍തരാകുന്നതാണ് ക്രോസ് സ്‍കില്‍.

വിദേശത്തൊക്കെ വളരെ പ്രചാരത്തിൽ ഉള്ളതാണ് 'ഹാൻഡി മാൻ' എന്ന പദം. തടിപ്പണി, ഇലക്ട്രിക്കൽ വർക്ക്, ഗാർഡനിങ്, പ്ലംബിംഗ് മുതൽ ഒരു വീട്ടിൽ അത്യാവശ്യം ചെയ്യാവുന്ന എല്ലാ ജോലികളും അറിയാവുന്നവർ ആണ് ഹാൻഡിമാൻ. ഉദാഹരണത്തിന് വീട്ടിൽ ഉള്ള അഞ്ചു ജോലികൾ സങ്കൽപ്പിക്കുക, പൊട്ടിക്കിടക്കുന്ന ടാപ്പ്, കത്താതെ ഉള്ള ലൈറ്റ്, ഒടിഞ്ഞുപോയ ഷെൽഫ്, വർക്ക് ചെയ്യാത്ത ഡോർ ഹാൻഡിൽ, ബാത്റൂമിലെ ഇളകിയ ടൈൽ. എല്ലാം ചെറിയ ജോലികൾ, ഒരാൾക്ക് രണ്ടോ മൂന്നോ മണിക്കൂർ കൊണ്ട് ചെയ്യാവുന്ന ജോലി.

ഇങ്ങനെയുള്ള ജോലികൾ അഞ്ചുപേരെ വിളിക്കാതെ ഒരു 'ഹാൻഡിമാൻ' ചെയ്യുന്നതാണ് പൈസയും, സമയവും ലാഭം. ഒരു വരവിന് (രണ്ടു മണിക്കൂറിന്) നിങ്ങൾക്ക് 500 മുതൽ 1000 രൂപ വച്ച് ചാർജ് ചെയ്‍താലും രണ്ടു കൂട്ടർക്കും നഷ്ടം ഉണ്ടാവില്ല. മുകളിൽ പറഞ്ഞ അഞ്ചു ജോലികൾ അഞ്ചുപേരെ വിളിച്ചു ചെയ്യിപ്പിച്ചാൽ ഉള്ള പൈസ കണക്കു കൂട്ടി നോക്കൂ. നാട്ടിൽ ഒരുപക്ഷെ വിദേശത്തു നിന്നും നിരവധി സ്‍കില്ലുകളുമായി തിരിച്ചു വരുന്നവർക്ക് ചെയ്യാവുന്ന ഒരു ജോലിയാണ് ഹാൻഡി മാൻ -ന്‍റേത്. ഫ്ലാറ്റുകൾ, ഹൗസിങ് കോംപ്ലക്സുകൾ ഇവിടെയൊക്കെ ധാരാളം ഹാൻഡി മാൻ ജോലികൾക്ക് നല്ല ഡിമാൻഡ് ഉണ്ടാവും. നിങ്ങളിൽ കുറച്ചു പേരെങ്കിലും ഈ രീതിയിൽ ചിന്തിക്കണം. ഗ്രാമങ്ങളിൽ അല്ലെങ്കിൽ പട്ടണങ്ങളിൽ വൃദ്ധരായവർ, റിട്ടയർ ചെയ്‍തു വിശ്രമ ജീവിതം നയിക്കുന്നവർ ഇവർക്കെല്ലാം 'ഹാൻഡി മാൻ' ഒരു സഹായം ആകും. വിദേശത്തു നിന്നും തൊഴിൽ നഷ്ടമായി വന്ന കുറച്ചു പേരെങ്കിലും തീർച്ചയായും കുറച്ചു പേരെങ്കിലും ഈ രീതിയിൽ ചിന്തിക്കണം.

ഇതും കൂടി പറഞ്ഞു നിർത്താം, ഡെല്‍ ടെക്നോളജീസിന്‍റെ സ്ഥാപകനും, ചെയര്‍മാനും സിഇഒ -യും ഒക്കെ ആയ മൈക്കൽ ഡെൽ പറഞ്ഞത്, "നിങ്ങൾ നിങ്ങളുടെ ജീവിതത്തിൽ വിജയിക്കാൻ അതീവ ബുദ്ധിമാനോ, ദാർശനികനോ ആവണമെന്നില്ല. ഒരു കോളേജ് ഡിഗ്രി പോലും വേണമെന്നില്ല. നിങ്ങൾക്ക് വേണ്ടത് ഒരു സ്വപ്നവും, അത് സാക്ഷാൽക്കരിക്കാനുള്ള പദ്ധതികളും മാത്രമാണ്. (You don’t need to be a genius or a visionary, or even a college graduate for that matter, to be successful. You just need framework and a dream.)

click me!