പ്രതിരോധത്തിന്‍റെ പാഠം പഠിപ്പിച്ച് കുങ്ഫു സന്യാസിനിമാര്‍; മാറ്റത്തിന്‍റെ പാതയില്‍ സന്യാസജീവിതം

By Web TeamFirst Published Oct 22, 2019, 3:32 PM IST
Highlights

നിങ്ങളൊരിക്കലും നിശബ്ദരായിരിക്കേണ്ടവരല്ല. ചുറ്റുമുള്ളവരോട് നിങ്ങളുടെ കഥകള്‍ പറയൂ. സ്ത്രീകള്‍ക്ക് എന്തിനും സാധിക്കുമെന്ന് അവരെ പഠിപ്പിക്കൂ. നമുക്ക് ചെയ്യാന്‍ കഴിയാത്തതായി ഒന്നും പുരുഷന്മാരും ചെയ്യുന്നില്ല.

പതിമൂന്നാമത്തെ വയസ്സിലാണ്, ജിഗ്‍മെ മിഗ്യുര്‍ പാമോ എന്ന പെണ്‍കുട്ടി മാംസാഹരങ്ങള്‍ കഴിക്കുന്നത് അവസാനിപ്പിക്കുന്നത്. മേക്കപ്പ് ഉപയോഗിക്കുന്നത് നിര്‍ത്തുന്നത്, ആ പ്രായത്തില്‍തന്നെ അവള്‍ പുതുവസ്ത്രങ്ങള്‍ വാങ്ങുന്നതും അവസാനിപ്പിച്ചു. തല മുഴുവനായും വടിച്ചുകളഞ്ഞു. ഭാവിയിലൊരിക്കലും തനിക്കൊരു പങ്കാളി വേണ്ടായെന്ന് തീരുമാനമെടുത്തു. അവളൊരു ബുദ്ധ സന്യാസിനിയാകാന്‍ തയ്യാറെടുക്കുകയായിരുന്നു. 

ഏത് സംഘടനയാണെങ്കിലും മതമാണെങ്കിലും അതിലെല്ലാം പരിഷ്‍കരിക്കപ്പെടല്‍ നടക്കണം. എങ്കിലേ അത് കാലത്തിനനുസരിച്ച് നീതിക്കുവേണ്ടി നിലകൊള്ളുന്നതാകൂ. മാറ്റമില്ലാത്തയിടങ്ങള്‍ ജീര്‍ണ്ണിച്ച വ്യവസ്ഥിതികളെ പുണരുന്നവയായിരിക്കും. എന്നാല്‍, കുറച്ച് വര്‍ഷങ്ങളായി ഈ ബുദ്ധ സന്യാസിനിമാര്‍ കടന്നുപോകുന്നത് മാറ്റത്തിന്‍റെ പാതയിലൂടെയാണ്. പുരുഷന്മാരുടേത് എന്ന് പൊതുസമൂഹം പോലും എഴുതിവെച്ചിരിക്കുന്ന മേഖലകളിലേക്ക് കൂടി അവര്‍ കടന്നുചെല്ലുന്നു. അതിലെ പ്രധാനമായ മാറ്റമാണ് ഈ കുങ്ഫു സന്യാസിനിമാര്‍.

''നിങ്ങള്‍ കരുതും സന്യാസിനിയെന്ന നിലയില്‍ ഞാനൊരു കാട്ടില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുകയാണെന്ന് അല്ലേ? അല്ല, ഞങ്ങള്‍ ലോകത്തിന്‍റെ പല ഭാഗങ്ങളിലും ദ്രുക്പ കുങ്ഫു സന്യാസിനിമാര്‍ (Drukpa Kung Fu Nuns) എന്നറിയപ്പെടുന്നു. കുങ്ഫുവുമായി സഞ്ചരിക്കുന്നു...'' ഇരുപത്തിയെട്ടുകാരിയായ പാമോ എന്ന ബുദ്ധ സന്യാസിനി പറയുന്നു. വര്‍ഷങ്ങളായി, പാമോയും കൂടെയുള്ള സന്യാസിനിമാരും കുങ്ഫു അഭ്യസിക്കുകയും അഭ്യസിപ്പിക്കുകയും ചെയ്യുന്നു. ദില്ലിയില്‍ വ്യാഴാഴ്‍ച നടന്ന പരിപാടിയിലാണ് ജിഗ്‍മെ രൂപ ലാമോ എന്ന സന്യാസിനി തന്‍റെ പ്രകടനം കൊണ്ട് കാണികളെ അമ്പരപ്പിച്ചത്. 

11 വര്‍ഷങ്ങള്‍ക്ക് മുമ്പാണ്, പന്ത്രണ്ടാമത് ഗ്യാല്‍വാങ് ദ്രുക്പയും ഇപ്പോഴത്തെ ആത്മീയതലവനുമായ ജിഗ്‍മെ പെമ വാങ്ചെന്‍, 500 ബുദ്ധ സന്യാസിനികള്‍ക്ക് കുങ്ഫുവില്‍ പരിശീലനം നല്‍കുന്നത്. ശാരീരികവും മാനസികവുമായി കരുത്താര്‍ജ്ജിക്കുന്നതിന് സന്യാസിനിമാരെ സഹായിക്കുന്നതിനുവേണ്ടിയായിരുന്നു ഇത്. ഹിമാചല്‍ പ്രദേശിന്‍റെ വിവിധ ഭാഗങ്ങള്‍, ലഡാക്ക്, നേപ്പാള്‍, ഭൂട്ടാന്‍ എന്നിവിടങ്ങളില്‍ നിന്നടക്കം 700 സന്യാസിനിമാര്‍ നേപ്പാളിലെ കാഠ്മണ്ഡുവില്‍നിന്ന് ഇന്ത്യയിലെ ലേ -യിലേക്ക് സൈക്കിള്‍ ചവിട്ടിയതും വാര്‍ത്തകളിലിടംപിടിച്ചിരുന്നു. വെറുമൊരു യാത്രയായിരുന്നില്ല അത്. ഹിമാലയത്തിലെ എത്രയോ കിലോക്കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അവര്‍ ശേഖരിച്ചു.

 

എട്ട് വയസ്സ് മുതല്‍ 80 വയസ്സിനിടയിലുള്ള സ്ത്രീകള്‍ക്കായി സ്വയം പ്രതിരോധ ക്ലാസുകളും സംഘടിപ്പിക്കുന്നുണ്ട് ഈ കുങ്ഫു സന്യാസിനിമാര്‍. ഇനിയും വേണ്ടത്ര ശ്രദ്ധയെത്തിയിട്ടില്ലാത്ത മേഖലകളിലെ സ്ത്രീകള്‍ക്കാണ് പരിശീലനം നല്‍കുന്നത്. ''പതിമൂന്നാമത്തെ വയസ്സുവരെ ഞാന്‍ ഭയങ്കര നാണക്കാരിയായിരുന്നു. ഒട്ടും ആത്മവിശ്വാസമില്ലായിരുന്നു. പക്ഷേ, ഇപ്പോഴെന്‍റെ പേരിന്‍റെ കൂടെ ജിഗ്‍മെ എന്നുണ്ട്. അതിനര്‍ത്ഥം ഭയമില്ലാത്ത എന്നാണ്.'' പാമോ പറയുന്നു.

 

ലാമോയാണ് ദില്ലിയില്‍ പരിപാടിയവതരിപ്പിച്ചവരുടെ കൂട്ടത്തിലേറ്റവും ഇളയ ആളും ചെറിയ ആളും. ''അവിടെക്കൂടിയിരിക്കുന്ന സ്ത്രീകളോട് ഒരേയൊരു സന്ദേശം നല്‍കണമെന്നാണ് ഞാനാഗ്രഹിക്കുന്നത്. നിങ്ങള്‍തന്നെ സ്വയം അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്ന അവസ്ഥയില്‍നിന്നും മോചനം നേടണം. നിങ്ങളൊരിക്കലും നിശബ്ദരായിരിക്കേണ്ടവരല്ല. ചുറ്റുമുള്ളവരോട് നിങ്ങളുടെ കഥകള്‍ പറയൂ. സ്ത്രീകള്‍ക്ക് എന്തിനും സാധിക്കുമെന്ന് അവരെ പഠിപ്പിക്കൂ. കാരണം, സ്ത്രീകൾക്ക് അസാധ്യവും, പുരുഷന്മാർക്ക് സാധ്യവുമായ യാതൊന്നുമില്ല.'' -ലാമോ പറയുന്നു.

ഇന്ത്യയിലെ യാഥാസ്ഥിതിക സമൂഹത്തില്‍ നിലനില്‍ക്കുന്ന ലിംഗവിവേചനത്തോട് എതിരിട്ടുനില്‍ക്കാന്‍ തന്നെയാണ് ഈ സന്യാസിനിമാര്‍ ആയോധകലകളുമായി മുന്നോട്ട് വന്നിരിക്കുന്നത്. പ്ലംബിങ്, എലക്ട്രിക്കല്‍ ഫിറ്റിങ്, ഡ്രൈവിങ്, സൈക്ലിങ് തുടങ്ങി സാധാരണ പുരുഷന്മാര്‍ ചെയ്യുന്ന ജോലികളെല്ലാം ഈ സന്യാസിനിമാരേയും ഗ്യാല്‍വാങ് ദ്രുക്പ പരിശീലിപ്പിക്കുന്നുണ്ട്. ''ഞങ്ങളൊരിക്കലും പുരുഷന്മാരെ വെറുക്കാന്‍ പറയുന്നില്ല. പക്ഷേ, കാലങ്ങളായി അവര്‍ നമ്മളേക്കാള്‍ എത്രയോ ഉയരത്തില്‍ നില്‍ക്കുന്നു. ഇപ്പോള്‍ സ്ത്രീകളേയും സമത്വത്തോടെ കാണാനുള്ള കാലമായിരിക്കുന്നു.'' എന്നാണ് പാമോ പറയുന്നത്. 

ലാമോയുടെ മുഴുവന്‍ സമയജീവിതവും ഒരു സന്യാസിനിയുടേതായ എല്ലാ അച്ചടക്കവും പാലിച്ചുകൊണ്ടാണ്. രാവിലെ മൂന്ന് മണിക്ക് ഉറക്കമുണരുന്നു. രണ്ട് മണിക്കൂറിന് ശേഷം തനിച്ചുള്ള ധ്യാനം. അഞ്ച് മണിക്ക് എല്ലാവരും ചേര്‍ന്നുള്ള പ്രാര്‍ത്ഥന പ്രധാന ഹാളില്‍ ആരംഭിക്കും. മൂന്ന് മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന പ്രാര്‍ത്ഥനയാണിത്. പ്രഭാതഭക്ഷണത്തിന് ശേഷം ഇംഗ്ലീഷ്, ഫിലോസഫി, സംഗീതം എന്നിവയിലെല്ലാമുള്ള ക്ലാസുകള്‍. അത് ഉച്ചഭക്ഷണത്തിന് ശേഷം രണ്ട് മണിയോടെ വീണ്ടും തുടങ്ങും. വൈകുന്നേരം നാല് മണിക്ക് ചായ. അവസാനം എട്ട് മണി മുതല്‍ 10 മണിവരെ കുങ്ഫു ക്ലാസ്. 

സ്വതവേ ഈ സന്യാസിനിമാര്‍ രാത്രിഭക്ഷണം കഴിക്കാറില്ല. പാലോ പാലുത്പന്നങ്ങളോ കഴിക്കാറാണ് പതിവ്. ജിഗ്‍മെ ടോന്‍താം വാംഗ്മോ എന്ന ഇരുപത്തിയേഴുകാരി പറയുന്നു. ''ഒരു സാധാരണ ജീവിതമാകാമായിരുന്നു എന്ന്, ഈ സന്യാസജീവിതം വേണ്ടായിരുന്നുവെന്ന് നമുക്കൊരിക്കലും തോന്നിയിട്ടില്ല. ചിലനേരങ്ങളില്‍ ചെറിയ ചെറിയ കാര്യങ്ങള്‍ക്കായുള്ള ജീവിതം വളരെ കഠിനമാണെന്നാണ് തോന്നാറുള്ളത്. മുടി കെട്ടുന്നതിന്, മേക്കപ്പിന് ഒക്കെ ഒരുപാട് സമയം ചെലവഴിച്ച്, വസ്ത്രങ്ങള്‍ക്കായി ഒരുപാട് പണം ചെലവഴിച്ച്... പക്ഷേ, ഞങ്ങളെ സംബന്ധിച്ച് ലോകത്തിന്‍റെ നന്മയ്ക്കായി എന്തെങ്കിലും ചെയ്യുക, പ്രകൃതിക്ക് എന്തെങ്കിലും തിരികെ നല്‍കുക, ജനങ്ങളെ നന്നായി, സന്തോഷത്തോടെ, ആത്മവിശ്വാസത്തോടെ ജീവിക്കാന്‍ സഹായിക്കുക എന്നിവയെല്ലാം ചെയ്യുന്നതിലാണ് സന്തോഷം.'' 

പാമോ, ലാമോ, വാംഗ്‍മോ, ജിഗ്‍മേ ഒസെല്‍ ദിപം എന്നിവരടങ്ങുന്ന എട്ടു കുങ്ഫു സന്യാസിനികള്‍ ഒക്ടോബര്‍ 24 -ന് ന്യൂയോര്‍ക്ക് സിറ്റിയില്‍ വെച്ച് നടക്കുന്ന ഏഷ്യ സൊസൈറ്റിയുടെ ഗെയിംചേഞ്ചര്‍ അവാര്‍ഡ് സ്വീകരിക്കാനുള്ള യാത്രയിലാണ്. ''ഞങ്ങളുടെ 2019 ഏഷ്യ ഗെയിംചേഞ്ചർ അവാര്‍ഡ് അവരുടെ സ്വന്തം രാജ്യങ്ങളിൽ സമൂഹത്തിനും സാമൂഹിക ഘടനകൾക്കും സംഭാവനകൾ നൽകുന്ന, ലിംഗസമത്വത്തിന് മുൻ‌തൂക്കം നൽകുന്ന സ്ത്രീകള്‍ക്കാണ്'' ഏഷ്യ സൊസൈറ്റി പ്രസിഡന്റും സിഇഒയുമായ ജോസെറ്റ് ഷീരൻ ഒരു ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നുണ്ട്. ആ അവാര്‍ഡിലേക്കാണ് ഈ ബുദ്ധസന്യാസിനികളെയും അവരുടെ പ്രവര്‍ത്തനങ്ങള്‍  നയിച്ചിരിക്കുന്നത്. 

കാലാവസ്ഥാവ്യതിയാനങ്ങള്‍ സംബന്ധിച്ച പോരാട്ടത്തിലും കൃത്യമായ പങ്കുവഹിച്ചവരാണ് ഈ സന്യാസിനിമാര്‍. അതുപോലെ തന്നെ 2015 -ലെ നേപ്പാള്‍ ഭൂകമ്പത്തിനുശേഷം മക്കളെ നോക്കാന്‍ കഴിവില്ലാത്തതിനാല്‍ എല്ലാം നശിച്ച മാതാപിതാക്കള്‍ അവരെ വില്‍ക്കാന്‍ ശ്രമിച്ചിരുന്നു. ആ മനുഷ്യക്കടത്തിനെതിരെ ശക്തമായ പ്രതിരോധവും ഇവരുടെ ഭാഗത്തുനിന്നുമുണ്ടായി. 2015 -ലെ ആ ദുരന്തത്തിനുശേഷം പലരും അവിടം വിട്ട് രക്ഷപ്പെട്ടോടിയപ്പോള്‍ അവിടെനിന്നു പോകാന്‍ ഈ സന്യാസിനിമാര്‍ തയ്യാറായില്ല. അവര്‍ ആ സ്ഥലത്തെ തിരിച്ചുപിടിക്കാനും അവിടെ ശേഷിച്ച മനുഷ്യര്‍ക്ക് അതിജീവിക്കാനുള്ള ഭക്ഷണമടക്കമുള്ള  സാധനങ്ങളെത്തിച്ചുനല്‍കുകയും ചെയ്‍തു. 

''എവിടെയെങ്കിലും എന്തെങ്കിലും പ്രശ്നമുണ്ടാവുമ്പോള്‍ അതില്‍പ്പെടുന്ന മനുഷ്യരെ ഉപേക്ഷിച്ച് ഓടിപ്പോവാന്‍ ഞങ്ങള്‍ക്ക് കഴിയില്ല. രണ്ടുവര്‍ഷത്തോളം ഞങ്ങളവിടെ ടെന്‍റുകളില്‍ താമസിച്ചു. ഇങ്ങനെയൊക്കെ പ്രവര്‍ത്തിക്കാനാണ് ഞങ്ങള്‍ പഠിച്ചത്. അത്തരം പ്രവൃത്തികളിലാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. ഈ ലോകത്തിന് നിങ്ങളെ ആവശ്യമുള്ളപ്പോള്‍ നിങ്ങളവിടെയുണ്ടാവണം.'' പാമോ പറയുന്നു. 

ഏതായാലും ഈ കുങ്ഫു സന്യാസിമാരടക്കമുള്ള ബുദ്ധസന്യാസിനിമാര്‍ വെല്ലുവിളിക്കുന്നത് സമൂഹത്തില്‍ നിലനില്‍ക്കുന്ന ലിംഗവിവേചനത്തെ തന്നെയാണ്. പ്രവൃത്തി കൂടിയാണ് പ്രാര്‍ത്ഥന എന്നതിന് ഇവരല്ലാതെ വേറൊരു തെളിവെന്തിനാണ്.  

(വിവരങ്ങള്‍ക്ക് കടപ്പാട്: ദ പ്രിന്‍റ്)

click me!