മലയാളം കേട്ട്, എഴുതി, സംസാരിച്ച് വളര്‍ന്നാല്‍ ആത്മവിശ്വാസമുണ്ടാകില്ലേ?

By Nasee MelethilFirst Published Sep 15, 2019, 2:23 PM IST
Highlights

കല്യാണച്ചെറുക്കന് ജപ്പാനിലേക്കൊരു ജോലി മാറ്റം! വിരഹം, വിഷാദം, ഒടുവിൽ പ്രതീക്ഷിക്കാതെ ജപ്പാനിൽ. അവിടെയാണ് ഭാഷ പണി പറ്റിച്ചത്. 13 കൊല്ലം മുമ്പത്തെ ടോക്യോ, വിദേശികൾ നന്നേ കുറവ്, ജാപ്പനീസ് അല്ലാതെ എന്തെങ്കിലും കാണുന്നതോ കേൾക്കുന്നതോ അപൂർവ്വം! 

ചെമ്മണ്ണ് പാത മാത്രമുണ്ടായിരുന്ന ഉൾനാടൻ ഗ്രാമപ്രദേശത്താണ് ജനിച്ചു വളർന്നത്. സർക്കാർ സ്കൂളുകളിൽ, മലയാളം മീഡിയത്തിലാണ് പഠിച്ചത്. ഏറ്റവുമടുത്തുള്ള യു പി സ്കൂൾ 5 കിലോമീറ്ററും ഹൈസ്കൂൾ 12 കിലോമീറ്ററും അകലെയുമായിരുന്നു. വിവിധതരം പത്രങ്ങളും മാസികകളും നിറയെ പുസ്തകങ്ങളുമുണ്ടായിരുന്നു വീട്ടിൽ. അതൊക്കെ വായിച്ചു വളരാൻ കഴിഞ്ഞത് മഹാ ഭാഗ്യവുമായിരുന്നു. എൽ പി, യു പി സ്കൂൾ കാലത്ത് വിജ്ഞാനോത്സവങ്ങൾ വഴിയാണ് അടുത്ത പഞ്ചായത്തുകളും, ചെറിയ പട്ടണങ്ങളും, മറ്റു സ്കൂളുകളിൽ പഠിക്കുന്ന മിടുമിടുക്കരായ കുട്ടികളെ യുമൊക്കെ കണ്ടു തുടങ്ങിയത്. പിന്നീട്, ശാസ്ത്ര ഗണിത മേളകളിലും, കലോത്സവങ്ങളിലുമൊക്കെ പങ്കെടുത്ത് വിജയിക്കുവാനുള്ള ഭാഗ്യവുമുണ്ടായി.

ഹൈസ്കൂളിൽ എത്തിയപ്പോൾ നോട്ടീസ് ബോർഡ് പോയി അരിച്ചു പെറുക്കി എന്തെങ്കിലും മത്സരങ്ങൾ ഉണ്ടോയെന്ന് തപ്പി നടന്ന് പേര് കൊടുക്കാൻ തുടങ്ങിയത് അകലെയുള്ള ദേശങ്ങൾ കാണാനുള്ള കൊതി കൊണ്ട് കൂടിയായിരുന്നു. കോഴിക്കോടും പാലക്കാടും തൃശൂരും എറണാകുളവും കൊല്ലവും കോട്ടയവും ഇടുക്കിയും തിരുവനന്തപുരവുമൊക്കെ അന്യരാജ്യങ്ങളെ പോലെ ഏതോ മഹാനഗരങ്ങളെ പോലെ അത്ഭുതത്തോടെ കണ്ട കുട്ടിയെ ഇപ്പോഴും മറന്നിട്ടില്ല.

മലയാളത്തിലും ഇംഗ്ലീഷിലും ഒരുപോലെ എഴുതി/പറഞ്ഞ് മത്സരിക്കാവുന്ന ഉപന്യാസ രചനകളും, സയൻസ് സെമിനാറുകളും ഒന്നും ഇല്ലായിരുന്നെങ്കിൽ അകലെയുള്ള കുഗ്രാമത്തിലെ സർക്കാർ സ്കൂളിലെ മെലിഞ്ഞുണങ്ങിയ പെൺകുട്ടിക്ക് സംസ്ഥാന നാഷണൽ തലങ്ങളിൽ വല്യ വല്യ സ്കൂളുകളിലെ, സായ്പ്പിനെക്കാളും നന്നായി ഇംഗ്ലീഷ് സംസാരിക്കുന്ന, നല്ല വർണ്ണ ശബളമായ യൂണിഫോമിട്ട, കുട്ടികളുടെയൊപ്പം മത്സരിക്കാനോ സമ്മാനം നേടാനോ ഒന്നും സാധിക്കില്ലായിരുന്നു. അത്തരം അവസരങ്ങളും അനുഭവങ്ങളും ഒക്കെ തന്ന ആത്മവിശ്വാസം എഴുതി ഫലിപ്പിക്കാൻ ഈ ജൻമം സാധിക്കുമെന്നും തോന്നുന്നില്ല.

ഹൈസ്കൂൾ കഴിഞ്ഞ് ഒരു കൊല്ലം നന്നായി ബുദ്ധിമുട്ടി, ഇംഗ്ലീഷ് മീഡിയത്തിലേക്കും രീതിയിലേക്കും മാറാൻ. അന്നൊക്കെ ഇംഗ്ലീഷ് മീഡിയത്തിൽ പഠിക്കാത്തതിന്റെ ചെറിയൊരു വിഷാദവുമുണ്ടായിരുന്നു ഉള്ളിൽ. സർക്കാർ എഞ്ചിനീയറിംഗ് കോളേജിലോ എഴുത്ത് മുഴുവൻ ഇംഗ്ലീഷിൽ ആയിരുന്നെങ്കിലും ക്ലാസുകൾ പകുതി മുക്കാലും മംഗ്ളീഷിൽ.

പാടത്തിനപ്പുറത്തുള്ള പഴകിയ കുടുംബ വീട്ടിൽ നിന്നും വരമ്പത്തു കൂടി സാരി ചുറ്റി ഓടുന്ന മലയാളം ടീച്ചർ - അതായിരുന്നു കുട്ടിക്കാലത്തു കണ്ട ആദ്യത്തെ ജോലി സ്വപ്നം. ഓഫീസ് ജോലിയും പത്രപ്രവർത്തനവുമൊക്കെ സ്വപ്നം കണ്ട് ഒടുവിൽ എത്തിച്ചേർന്നത് ഐ ടി മേഖലയിൽ. വിക്രം സാരാഭായ് സ്പേസ് സെൻറ്ററിൽ ഇന്റേൺഷിപ് പ്രൊജക്റ്റ്, പഠിച്ചു കൊണ്ടിരിക്കുമ്പോൾ പങ്കെടുത്ത ആദ്യത്തെ പ്ലേസ്‌മെന്‍റ് ടെസ്റ്റിൽ തന്നെ ജോലി. അന്നത്തെ അവസാനത്തെ ഇൻറ്റർവ്യൂ ചെയ്ത ഹ്യൂമൻ റിസോഴ്സ് മാനേജർ പ്രത്യേകം പറഞ്ഞിരുന്നു, ഇംഗ്ലീഷ് സംസാരം മെച്ചപ്പെടുത്താൻ.

ചെന്നെയിൽ ട്രെയിനിങ് കഴിഞ്ഞ് ബാംഗ്ലൂരിൽ വന്ന് എല്ലാ ദിവസവും ഇംഗ്ലീഷിൽ സംസാരിക്കാനും എഴുതാനുമൊക്കെ തുടങ്ങി, ആദ്യത്തെ ക്ലയിന്‍റ് ഇന്റർവ്യൂ ഒക്കെ ക്ലിയർ ചെയ്ത്, ഒടുവിൽ നാലാളുടെ മുന്നിൽ ഇംഗ്ലീഷിൽ പ്രസൻറ്റേഷൻ ഒക്കെ കാച്ചി, ചെറുതായി ടീം ലീഡിങ് ഒക്കെ തുടങ്ങി അമേരിക്കയിലും ജർമനിയിലും ഇസ്രയേലിലും ഒക്കെയുള്ള സഹപ്രവർത്തകരോട് പേശി ഒരുവിധം ആത്മവിശ്വാസം നേടിയ നേരത്തായിരുന്നു കല്യാണം.

കല്യാണച്ചെറുക്കന് ജപ്പാനിലേക്കൊരു ജോലി മാറ്റം! വിരഹം, വിഷാദം, ഒടുവിൽ പ്രതീക്ഷിക്കാതെ ജപ്പാനിൽ. അവിടെയാണ് ഭാഷ പണി പറ്റിച്ചത്. 13 കൊല്ലം മുമ്പത്തെ ടോക്യോ, വിദേശികൾ നന്നേ കുറവ്, ജാപ്പനീസ് അല്ലാതെ എന്തെങ്കിലും കാണുന്നതോ കേൾക്കുന്നതോ അപൂർവ്വം! ഒരു തരി പോലും ഇംഗ്ലീഷ് സംസാരിക്കാത്ത ആദ്യത്തെ കമ്പനിയിലെ സഹപ്രവർത്തകർ. കോഡെഴുത്തിനും, ഫ്ലോ ഡയഗ്രത്തിനും ഭാഷ ഇല്ലാത്തതിനാൽ ആംഗ്യഭാഷയിൽ തട്ടിമുട്ടി ആദ്യത്തെ കൊല്ലം. ഹിരാഗാന , കത്താകാന കാഞ്ചി എന്നീ മൂന്നു തരത്തിലുള്ള ലിപികളിലായി പഠിച്ചെടുക്കേണ്ട 1500 ഓളം അക്ഷരങ്ങൾ, ഒരേ അക്ഷരത്തിന്‍റെ നിരവധി സ്വരഭേദങ്ങൾ ഒക്കെ തുറിച്ചു നോക്കി പേടിപ്പിച്ചു കൊണ്ടേയിരുന്നു.

ജാപ്പനീസ് ആവശ്യമില്ലാത്ത ജോലി തേടി ഒളിച്ചോടാനായി പിന്നീട് ശ്രമം. ഒടുവിൽ അതും കിട്ടി. സ്വദേശികളോടും വിദേശികളോടുമൊപ്പം മിക്കവാറും ഇംഗ്ലീഷിൽ, വളരെ കുറച്ചു മാത്രം ജാപ്പനീസിൽ സംസാരിച്ചു അഞ്ചര വർഷം. അപ്പോഴേക്കും തിരിച്ചറിഞ്ഞിരുന്നു, ജപ്പാനിൽ സുഗമമായി ജീവിക്കണമെങ്കിൽ ജാപ്പനീസ് ഭാഷയുടെ ആവശ്യകത.

ഇപ്പോഴത്തെ ജോലിയിൽ കയറിയത്, 6 കൊല്ലങ്ങൾക്കു മുന്നേയായിരുന്നു. ആദ്യ ദിവസം തന്നെ എനിക്ക് ജാപ്പനീസ് പഠിക്കണം എന്നങ്ങു തട്ടി വിട്ടു. ജാപ്പനീസിൽ മാത്രം സംസാരിക്കുന്ന മീറ്റിംഗുകളിൽ കയറി കുന്തം വിഴുങ്ങി ഇരുന്ന് പതിയെ പതിയെ കേട്ടും കണ്ടും അങ്ങ് ഒരുവിധം പഠിച്ചു, ഇപ്പോഴും പഠിച്ചു കൊണ്ടേയിരിക്കുന്നു. ഒടുക്കത്തെ പ്രോത്സാഹനവും ആ വഴി കിട്ടിയ ആത്മവിശ്വാസവും കൂടി ആയതു കൊണ്ട് ഇമെയിലും, ജാപ്പനീസിൽ അവതരണവും, വിരട്ടും (negotiation), പേയ്മെറ്റ് ബില്ലിൽ ഒപ്പിടലും, ഇടീപ്പിക്കലും, കോൺട്രാക്റ്റും, ലീഗലും, പണിയെടുപ്പും, എടുപ്പിക്കലും മാത്രമല്ല, രണ്ടു കൊല്ലം മുന്നേ കമ്പനിക്കുള്ളിൽ കൊല്ലത്തിൽ കോടികൾ വിറ്റു വരവുള്ള ഒരു കുഞ്ഞി സ്റ്റാർട്ടപ്പ് വരെ തുടങ്ങി ഇപ്പോഴും ഓടിച്ചു കൊണ്ടേയിരിക്കുന്ന കോർ ടീമിലും കൂടി അംഗമാണ്.

ജപ്പാനും കൊറിയയും ചൈനയും യൂറോപ്യനുമുൾപ്പടെ പത്തിരുപത്തഞ്ചു രാജ്യങ്ങൾ കാണുകയും അത്ര തന്നെ രാജ്യക്കാരുടെയും ഇന്ത്യയിലെ മറ്റു സംസ്ഥാനക്കാരുടെയും കൂടെ ജോലി ചെയ്തതുമായ ചെറിയ അനുഭവത്തിൽ ഇത്രമാത്രം പറയാം, "ഭാഷ എന്നത് ആവശ്യ സമയത്ത് ആർക്കും ഉപയോഗത്തിലൂടെ പഠിച്ചെടുക്കാൻ പറ്റിയ ഒരു ആശയവിനിമയ മാധ്യമം മാത്രമാണ്".

മലയാളം കേട്ട്, സംസാരിച്ചു, എഴുതി, പഠിച്ചു വളർന്നത് പിന്നീട് ഇംഗ്ലീഷോ ജാപ്പനീസൊ പഠിച്ചെടുക്കാനോ മേൽത്തരം ബിസിനസ്സ് സ്കൂളുകളിലെ ഉപരിപഠനത്തിനോ ഒന്നും വിലങ്ങു തടിയുമായിട്ടില്ല.

ഭൂരിഭാഗം ജനങ്ങളും മലയാളം സംസാരിക്കുന്ന ഒരു ദേശത്ത്, യാതൊരു പ്രിവിലേജുകളുമില്ലാത്ത ഒരുപാട് കുട്ടികൾ മലയാളം മീഡിയത്തിൽ പഠിച്ചു കൊണ്ടേയിരിക്കുന്ന ഒരു നാട്ടിൽ, പി എസ് സി പോലെയുള്ള മത്സര പരീക്ഷകൾ ഇംഗ്ലീഷിനോടൊപ്പം ഔദ്യോഗിക ഭാഷകളിൽ ഒന്നായ മലയാളത്തിൽ കൂടി നടത്തപ്പെടേണ്ടത് തന്നെയാണ്.
 

click me!