Latest Videos

മഴ പെയ്ത് പെയ്ത് ഒടുവില്‍, വേനല്‍ കാലം തന്നെ ഇല്ലാതായ വര്‍ഷം; അതെ 1816 ല്‍ സംഭവിച്ചത് എന്തെന്ന് അറിയാം

By Web TeamFirst Published Apr 18, 2024, 3:35 PM IST
Highlights

സുംബാവയിലെ ആകാശം അഞ്ച് ദിവസത്തേക്ക് വെളിച്ചം കാണിച്ചില്ല. എങ്ങും കൂരാകൂരിരുട്ട്. ചുറ്റുമെന്താണ് സംഭിവക്കുന്നത് എന്നറിയാതെ നാ‌ടും ന​ഗരവും വിറങ്ങലിച്ചു.


വേനൽ ചൂടിൽ വലയുകയാണ് നാട്.  ഒരു മഴ പെയ്തെങ്കിലെന്ന് ദിവസത്തിൽ ഒരു തവണയെങ്കിലും ആഗ്രഹിക്കാത്തവര്‍ കുറവല്ല. ഒരു പക്ഷേ, എല്ലാവരും അത്തരമൊരു ആഗ്രഹവുമായി ഓരോ ദിവസവും തള്ളിനീക്കുന്നവരാകും. എന്നാൽ, ഭൂമിയില്‍ വേനക്കാലം ഇല്ലാതിരുന്ന ഒരു വര്‍ഷം ഉണ്ടായിരുന്നെന്ന് കേട്ടാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? എന്നാല്‍, അങ്ങനെ ഒരു വര്‍ഷം ഭൂമിയില്‍ ഉണ്ടായിരുന്നു. 1816 ലായിരുന്നു അത്.  നിര്‍ത്താതെ പെയ്ത മഴയായിരുന്നു അതിന് കാരണം. എന്നാല്‍ മഴയെ ഇടതടവില്ലാതെ പെയ്യിച്ചതാകട്ടെ ഒരു അഗ്നി പര്‍വ്വത സ്ഫോടനവും. അതെങ്ങനെയെന്നല്ലേ? 

ലോകത്തിലെ ഏറ്റവും ഭീകരമായ ഒരു അഗ്‌നിപർവത സ്ഫോടനമായിരുന്നു ഇത്തരമൊരു അസാധാരണ കാര്യത്തിന് വഴി തുറന്നത്. 1815 ഏപ്രിലിൽ ഇന്തൊനീഷ്യയിലെ സുംബാവ ദ്വീപിലെ ടംബോറ അഗ്‌നിപർവതം പൊട്ടിത്തെറിച്ചു. എന്നാല്‍ ആ അഗ്നിപര്‍വ്വത സ്ഫോടനത്തിന്‍റെ പ്രത്യാഘാതം ഇന്തോനേഷ്യയില്‍ മാത്രം ഒതുങ്ങി നിന്നില്ല. അത് ലോകം മൊത്തം അനുഭവിച്ചു. അഗ്നിപര്‍വ്വത സ്ഫോടനത്തെ തുടര്‍ന്ന് പിറ്റേവര്‍ഷം അതിശക്തമായ മഴ പെയ്തപ്പോള്‍ ഭൂമിയില്‍ നിന്നും ആ വര്‍ഷം വേനല്‍ക്കാലം മാറി നിന്നു. വേനല്‍ ഒഴിഞ്ഞ് നിന്നെങ്കിലും അതൊരു ദുരിതകാലമായിരുന്നു. 

ആ ദുരന്തകാലത്തിന്‍റെ കഥ  ഇങ്ങനെ, 4,300 മീറ്റർ പൊക്കമുള്ള അഗ്‌നിപർവതമായിരുന്നു ടംബോറ. ഒരുപാട് കാലമായി യാതൊരു അനക്കവും ഇല്ലാതിരുന്നതിനാൽ ടംബോറ, ഒരു അഗ്‌നിപർവതമാണെന്ന് അറിയാവുന്നവർ പോലും സുംബാവയിൽ അക്കാലത്ത് കുറവായിരുന്നു.  എന്നാൽ, ശാന്തമായിരുന്ന ആ കാലങ്ങളിലൊക്കെയും വലിയൊരു പൊട്ടിത്തെറിക്ക് ഒരുങ്ങുകയായിരുന്നു ടംബോറ. അഗ്‌നിപർവതത്തിന്‍റെ ഉള്ളറകളിൽ ഇക്കാലത്ത് മാഗ്മ ഉറഞ്ഞുകൂടുന്നുണ്ടായിരുന്നു.  1812 മുതൽ ആസന്നമായ ദുരന്തത്തിന്‍റെ താക്കീത് പോലെ ഇതിൽ സ്ഫോടനത്തിന് മുന്നോടിയായുള്ള ചില മാറ്റങ്ങളൊക്കെ വന്നു തുടങ്ങി. നീരാവിയും ചാരവുമൊക്കെ ഇടയ്ക്കിടയ്ക്ക് അഗ്‌നിപർവതം മുകളിലേക്ക് വമിപ്പിച്ചു. പക്ഷേ, ആ സൂചനകളൊന്നും ആരും കാര്യമായെടുത്തില്ല.

(തംബോറ അഗ്നിപർവ്വതം)

30 ഏക്കര്‍ തോട്ടം, പതിനേഴ് ലക്ഷം ചെടികള്‍, കശ്മീരിന് ചായമടിച്ച് ട്യുലിപ് വസന്തം!

ഒടുവിൽ 1815 ഏപ്രിൽ അഞ്ചിന് പർവതം ഭീകരരൂപിയായി. രണ്ട് മണിക്കൂറോളം നീണ്ടു നിന്ന മഹാ വിസ്ഫോടനത്തിന് ആയിരം പീരങ്കികൾ ഒരുമിച്ച് വെടിവച്ച പോലെയുള്ള ശബ്ദമായിരുന്നെന്നാണ് പറയപ്പെടുന്നത്. 30 കിലോമീറ്റർ പൊക്കത്തിൽ പുകമേഘങ്ങൾ പർവതത്തിൽ നിന്ന് ആകാശത്തേക്ക് ഉയർന്നു പൊങ്ങിയത്രേ.  പക്ഷേ. ടംബോറ അത്രവേഗം ശാന്തമാകാൻ ഒരുക്കമായിരുന്നില്ല. പിന്നാലെ ഏപ്രിൽ പതിനൊന്നിന് രണ്ടാം സ്ഫോടനം നടന്നു. അഗ്‌നിമുഖത്ത് നിന്നും കിലോമീറ്ററുകൾ അകലെവരെ ലാവ ഒഴുകിപ്പരന്നു. അഗ്‌നിപർവതത്തിന്‍റെ മുകളിലെ 30 മീറ്ററോളം പൊക്കം വരുന്ന ഭാഗം കല്ലുകളായി പൊടിഞ്ഞ് പ്രദേശത്തെങ്ങും മഴ പോലെ പെയ്തിറങ്ങി. പുകയുടെ ഒരു വലിയ തൂണ്‍ പർവതത്തിൽ നിന്ന് ആകാശത്തേക്ക് ഉയർന്നു.  സുംബാവയിലെ ആകാശം അഞ്ച് ദിവസത്തേക്ക് വെളിച്ചം കാണിച്ചില്ല. എങ്ങും കൂരാകൂരിരുട്ട്. ചുറ്റുമെന്താണ് സംഭിവക്കുന്നത് എന്നറിയാതെ നാ‌ടും ന​ഗരവും വിറങ്ങലിച്ചു.

രോമാവൃതമായ മെലിഞ്ഞ ശരീരം; ഭൂമിക്കടിയിലെ ഭീകരൻമാരായ വേട്ടക്കാരന് ഹാരി പോർ‌ട്ടർ കഥയിലെ വില്ലന്‍റെ പേര്

ഒടുവിൽ, പ്രകാശം തിരിച്ചെത്തിയപ്പോൾ കണ്ട കാഴ്ച ഹൃദയഭേദകമായിരുന്നു. സ്ത്രീകളും കുട്ടികളും അടക്കം പന്ത്രണ്ടായിരത്തിലധികം ഗ്രാമീണർ സ്ഫോടനത്തിൽ മരിച്ചിരുന്നു. പച്ചപ്പ് നിറഞ്ഞു നിന്ന ​ഗ്രാമങ്ങൾ കറുത്ത മരുഭൂമിയായി മാറി. ​ഗ്രാമങ്ങളും കൃഷിയിടങ്ങളും അപ്രതിക്ഷമായി. തുടർന്നുണ്ടായ ക്ഷാമത്തിലും പട്ടിണിയിലും പതിനായിരങ്ങൾ മരിച്ചു വീണു.ആ ദുരന്തത്തിന്റെ ബാക്കിയെന്നവണം തുടർന്ന് വന്ന ഒരു വർഷക്കാലം ലോകം സാഷ്യം വഹിച്ചത് പെയ്ത് തീരാത്ത കാലവർഷത്തിനായിരുന്നു.  അഗ്നിപര്‍വ്വത സ്ഫോടനത്തിന് പിന്നാലെ 20 കോടി ടൺ സൾഫർ കണങ്ങൾ അന്തരീക്ഷത്തിൽ നിറഞ്ഞതായിരുന്നു ഈ അസാധാരണമായ മഴ പെയ്ത്തിന് കാരണമായത്. ഇത് ഭൂമിയിലേക്കുള്ള സൂര്യപ്രകാശത്തിന് മറ തീർത്തു. ചൂടുകൂടേണ്ട വേനൽക്കാലം ഇതുമൂലം തണുത്ത് വിറങ്ങലിച്ചു. അഗ്‌നിപർവതത്തിൽ നിന്ന് തെറിച്ച വൻ പാറകൾ കപ്പൽച്ചാലുകളിൽ വീണ് ഗതാഗതം മുടങ്ങി. യൂറോപ്പിലുടനീളം കാലം തെറ്റിയ പേമാരികളും ക്ഷാമവും രോഗങ്ങളും പട്ടിണി മരണങ്ങളും ഉണ്ടായി.  അതിശക്തമായ പേമാരികള്‍ 1816 -ൽ കനത്ത കൃഷിനാശവും ക്ഷാമവുമുണ്ടാക്കി.  ഇന്തോനേഷ്യയിലാണ് അഗ്നി പര്‍വ്വത സ്ഫോടനം ഉണ്ടായതെങ്കിലും കാനഡയുടെ അറ്റ്ലാന്‍റിക് തീരം, പശ്ചിമ ഇംഗ്ലണ്ട്, പടിഞ്ഞാറന്‍ യൂറോപ്പ് എന്നിവിടങ്ങളെയാണ് ഈ ഇല്ലാതെ പോയ വേനല്‍ക്കാലം ഏറ്റവും നാശം വിതച്ചത്. 

4,500 വർഷം പഴക്കമുള്ള ശൗചാലയം, സ്റ്റേഡിയം, ബഹുനില കെട്ടിടങ്ങൾ; സിന്ധു നദീതട കാലത്തെ ഏറ്റവും വലിയ കണ്ടെത്തൽ

click me!