Latest Videos

അതിർത്തി കടന്നുള്ള ചൈനയുടെ പ്രകോപനം ലഡാക്കിൽ മാത്രമല്ല, അയൽരാജ്യങ്ങൾക്കെല്ലാം ഭീഷണി ചൈനയുടെ ഈ മുഷ്‌ക്

By Web TeamFirst Published Jun 17, 2020, 4:59 PM IST
Highlights

കഴിഞ്ഞ രണ്ടാഴ്ചയായി തായ്‌വാൻ, വിയറ്റ്നാം, ജപ്പാൻ, ഹോങ്കോങ് എന്നിങ്ങനെ രാജ്യത്തിന് ചുറ്റുമുള്ള ഒരു വിധം എല്ലാ അതിർത്തി രാജ്യങ്ങളോടും ചെന്ന് കോർത്തുകൊണ്ടിരിക്കുകയാണ് ചൈന


ഇന്ത്യൻ മണ്ണിലേക്ക് അതിക്രമിച്ചു കയറി, ഇന്ത്യൻ സൈനികർക്കുനേരെ ചൈനീസ് സൈന്യം നടത്തിയ അപ്രതീക്ഷിതമായ ആക്രമണത്തിൽ നടുങ്ങിയിരിക്കുകയാണ് ലോകം. ഇതുവരെ ഇരുപതു സൈനികരുടെ മരണം ഇന്ത്യൻ സൈന്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു കഴിഞ്ഞു. ചൈനീസ് പക്ഷത്തും സൈനികർ മരിച്ചിട്ടുണ്ടെന്ന് അഭ്യൂഹമുണ്ടെങ്കിലും കൃത്യമായ എണ്ണം ലഭ്യമല്ല. മെയ് 5 -നു ശേഷം നിരന്തരമായ പ്രകോപനങ്ങളാണ് ചൈനയുടെ സൈനികരിൽ നിന്ന് അതിർത്തി കാക്കുന്ന ഇന്ത്യൻ സൈന്യത്തിന് നേരിടേണ്ടി വന്നിട്ടുള്ളത്.

എന്നാൽ, ചൈനയുടെ ഈ പ്രകോപനങ്ങളും കടന്നു കയറ്റവും ഒക്കെ ഇന്ത്യക്ക് നേരെ മാത്രമല്ല എന്നതാണ് ഇതിലെ മറ്റൊരു വസ്തുത. കഴിഞ്ഞ രണ്ടാഴ്ചയായി രാജ്യത്തിന് ചുറ്റുമുള്ള ഒരു വിധം എല്ലാ അതിർത്തി രാജ്യങ്ങളോടും ചെന്ന് കോർത്തുകൊണ്ടിരിക്കുകയാണ് ചൈന. ചൈനയുടെ ഈ തിണ്ണമിടുക്ക് കാരണം പ്രയാസങ്ങൾ നേരിടുന്ന രാജ്യങ്ങൾ തായ്‌വാൻ, വിയറ്റ്നാം, ജപ്പാൻ, ഹോങ്കോങ് എന്നിങ്ങനെ പലരുമുണ്ട്. 

ഒരു പക്ഷേ ലോകത്തിൽ തന്നെ ഏറ്റവും അധികം അയൽരാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽ ഒന്നാകും ചൈന. ഇന്ത്യയടക്കം പതിനാലു രാജ്യങ്ങളുമായിട്ടാണ് ചൈനയ്ക്ക് അതിർത്തിയുള്ളത്. അതിൽ ഒട്ടുമിക്ക രാജ്യങ്ങളുമായും ചെന്ന് കോർത്ത് പ്രശ്നമുണ്ടാക്കുന്ന വളരെ മുഷ്‌കോട് കൂടിയ ഒരു നിലപാടാണ് എന്നും ചൈനയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്. 

കഴിഞ്ഞയാഴ്ച ചൈനയുടെ പോർവിമാനങ്ങൾ മൂന്നിലധികം തവണ തായ്‌വാന്റെ നിയന്ത്രണത്തിലുള്ള വ്യോമഗതാഗത മേഖലയിലേക്ക് അതിക്രമിച്ചു കയറി എന്ന് തായ്‌വാന്റെ പ്രതിരോധ വകുപ്പ് അറിയിക്കുകയുണ്ടായി. ചൈനയുടെ ഒരു ജെ-10 ഫൈറ്റർ വിമാനത്തെ തായ്‌വാന്റെ യുദ്ധ വിമാനങ്ങൾ ഓടിച്ചുവിട്ടത് ഇന്നലെയായിരുന്നു. അതിനു മുമ്പ് ജൂൺ 12 നും ജൂൺ 9 നും ഒക്കെ ഇതുപോലുള്ള വ്യോമാതിക്രമണങ്ങൾ ചൈനയുടെ ഭാഗത്തുനിന്നുണ്ടായി. 


 


കഴിഞ്ഞ മാസത്തെ പ്രകോപനം ജപ്പാനോടായിരുന്നു. തങ്ങളുടെ വിമാനവാഹിനിക്കപ്പലായ ലിയോണിങ്ങിനെയും അതിലെ പോർസംഘത്തെയും അവർ ഒരു റൌണ്ട് ട്രിപ്പ് മിഷനുവേണ്ടി അവർ പറഞ്ഞയച്ചത് മിയാക്കോ കടലിടുക്കിലേക്കാണ്. ഈ അപ്രതീക്ഷിത നീക്കത്തെ ഒരു യുദ്ധത്തിനുള്ള ക്ഷണമായിട്ടാണ് ജപ്പാൻ കണക്കാക്കിയത്. കഴിഞ്ഞ കുറെ മാസങ്ങളായി പ്രസ്തുത പ്രദേശത്ത് നിരന്തരം ലൈവ് പോരാട്ട പരിശീലനങ്ങൾ  ചൈനീസ് നേവിയുടെ യുദ്ധക്കപ്പലുകൾ നടത്തി വരുന്നതാണ്. 

മലേഷ്യയുടെ ദേശീയ എണ്ണക്കമ്പനിയുടെ വെസ്റ്റ് കപ്പേല്ല എന്ന സർവേ ഷിപ്പിന്റെ പിന്നാലെ ചൈനയുടെ കോസ്റ്റ് ഗാർഡും, മറ്റു സായുധ സംഘങ്ങളും വെച്ചുപിടിച്ചതും വിവാദമായതാണ്. ദക്ഷിണ ചൈനാ കടലിൽ വെച്ച് അമേരിക്കൻ ചൈനീസ് നാവിക സേനകൾ നൂറുമീറ്റർ അടുത്തുവരെ യുദ്ധകാഹളവുമായി എത്തിയിരുന്നു അടുത്തിടെ. കൊവിഡുമായി ബന്ധപ്പെട്ട വിഷയങ്ങളിലും അമേരിക്കയുമായി നിരന്തരം തർക്കങ്ങളിലും ആരോപണപ്രത്യാരോപണങ്ങളിലും ആണ് ചൈനയും അമേരിക്കയും. സൗത്ത് ചൈനാ കടലിലെ ചൈനയുടെ ഇടപെടലുകളിൽ ഫിലിപ്പീൻസിനും പരാതിയുണ്ട്. 

 

 

പുതിയ സുരക്ഷാ നിയമം ഉണ്ടാക്കി അടിച്ചേൽപ്പിച്ച് ഹോങ്കോങിനെതിരെയും ചൈന ഭീഷണികൾ മുഴക്കിക്കൊണ്ടിരിക്കുകയാണ്. ഹോങ്കോങ്ങിനെ ഒരു സവിശേഷകാധികാര മേഖലയായി നിലനിർത്താൻ ചൈനക്ക് ഒട്ടും താത്പര്യമില്ല. ഇതുവരെയുണ്ടായിരുന്നതിൽ നിന്ന് ഒരിഞ്ചുപോലും പിന്നോട്ട് പോകാൻ ഹോങ്കോങ്ങിലെ ജനങ്ങൾക്കും ഇഷ്ടമല്ല. അതിന്റെ പേരിലാണ് അവിടത്തെ ബഹളങ്ങൾ അത്രയും നടക്കുന്നത്. ജനാധിപത്യത്തിനായുള്ള ഹോങ്കോങ്ങിലെ ജനങ്ങളുടെ ആവശ്യം എന്തോ ക്രിമിനൽ കുറ്റം എന്ന മട്ടിലാണ് ചൈന കൈകാര്യം ചെയ്യുന്നതും, അടിച്ചമർത്താൻ ശ്രമിക്കുന്നതും. 

വിയറ്റ്നാമിനെയും നിരന്തരം ശല്യം ചെയ്യുന്ന നിലപാടാണ് ചൈനയുടേത്. തങ്ങളുടെ മത്സ്യബന്ധന ബോട്ടുകളെ ചൈനീസ്ക നേവിയും കോസ്റ്റ് ഗാർഡും ചേർന്ന് കഴിഞ്ഞ കുറേക്കാലമായി ശല്യം ചെയ്യുകയാണ് എന്ന പരാതി വിയറ്റ്നാമിന്റെ ഭാഗത്തുനിന്നുണ്ട്. പത്തുവർഷത്തിനിടെ ആദ്യമായി വിയറ്റ്നാമിന് ഒരു പ്രതിരോധ ധവളപത്രം പുറപ്പെടുവിക്കേണ്ടി വന്നത് ചൈനയുടെ അതിർത്തിക്കകത്തേക്ക് കയറിയുള്ള അതിക്രമങ്ങൾ കൊണ്ട് പൊറുതി മുട്ടിയിട്ടാണ്. സൗത്ത് ചൈനാ സീയിലുള്ള ചൈനയുടെ അക്രമാസക്തമായ മുന്നേറ്റങ്ങളാണ് വിയറ്റ്നാമിലെ ചൊടിപ്പിക്കുന്നത്. വാങ് ഗാർഡ് ബാങ്കിന് അടുത്തുള്ള വിയറ്റ്നാമിന്റെ സ്‌പെഷ്യൽ എക്കണോമിക് സോണിലേക്ക് തങ്ങളുടെ ജിയോളജിക്കൽ സർവേ കപ്പൽ ഓടിച്ചുകയറ്റിയാണ് ചൈന അവസാനമായി പ്രകോപനമുണ്ടാകുന്നത്. വിയറ്റ്നാമിനോട് ചേർന്നുള്ള സകല സൈനികാബേസുകളിലും ചൈനയുടെ ശക്തിപ്രകടനങ്ങൾ സജീവമായി നടക്കുന്നതും ഹാനോയിയെ അസ്വസ്ഥമാക്കുന്നുണ്ട്. വിയറ്റ്നാമിനോട്  ചേർന്ന് കിടക്കുന്ന പല ആളില്ലാ ദ്വീപുകളും അനധികൃതമായി പിടിച്ചെടുത്ത് അവിടെ സൈനിക പ്രസ്ഥാനങ്ങളും മിസൈൽ ലോഞ്ചറുകളും സ്ഥാപിച്ചുകൊണ്ട് പരസ്യമായ ഭീഷണി സൃഷ്ടിക്കുന്നതാണ് ചൈനയുടെ നയം. ഇരു രാജ്യങ്ങളുടെയും നയതന്ത്ര പ്രതിനിധികൾ ഉണ്ടാക്കുന്ന ഉടമ്പടികൾ നഗ്നമായി ലംഘിക്കുക എന്നത് ചൈനീസ് സൈന്യത്തിന്റെ ഒരു ഹോബിയാണ്. നിരന്തരമുള്ള ഈ പ്രകോപനങ്ങളാൽ വിയറ്റനാമീസ് ജനതയ്ക്കിടയിൽ ചൈനാ വിരോധം പുകയുന്ന സാഹചര്യമാണ് നിലവിലുള്ളത്. 

കഴിഞ്ഞ ഒരു വർഷത്തിൽ അധികമായി ജലമാർഗ്ഗത്തിലൂടെ ചൈന ഇന്തോനേഷ്യൻ ഗവണ്മെന്റിന്റെ പരമാധികാരത്തെ പട്ടാപ്പകൽ ചോദ്യം ചെയ്യുന്ന നടപടികൾ സ്വീകരിക്കുന്നു. മെയിൻ ലാൻഡ് ചൈനയിൽ നിന്ന് 1500 കിലോമീറ്റർ മാത്രം അകലെ കിടക്കുന്ന ഇന്ത്യോനേഷ്യയുടെ അവിഭാജ്യ ഘടകമായ നഥുന ദ്വീപുകൾ ലക്ഷ്യമിട്ടാണ് ചൈനയുടെ പ്രകോപനം. ഇടയ്ക്കു കിടക്കുന്ന ജലസമ്പത്തിൽ മത്സ്യബന്ധനം നടത്തുന്നതിന്റെ പേരും പറഞ്ഞുകൊണ്ടാണ് പ്രധാനമായും ചൈന ഇന്തോനേഷ്യയോട് ഇടയാറുള്ളത്. ചൈനയുടെ കടന്നുകയറ്റങ്ങളിലും സൈനിക തിണ്ണമിടുക്കിലും പ്രതിഷേധിച്ച് ഇന്തോനേഷ്യ ഇതിനകം തന്നെ ഐക്യരാഷ്ട്ര സഭയ്ക്ക് കത്തെഴുതുകയും, ചൈനീസ് ഭീഷണി നിലനിൽക്കുന്ന തങ്ങളുടെ ദ്വീപുകളിൽ പ്രസിഡന്റിന്റെ സന്ദർശനങ്ങൾ നടത്തുകയും, ഒറ്റയ്ക്കും തെറ്റയ്ക്കും ഓരോ ചൈനീസ് മത്സ്യ ബന്ധന ബോട്ടുകൾ മുക്കുകയും ഒക്കെ ചെയ്തു കഴിഞ്ഞു. " ഇന്തോനേഷ്യ അംഗീകരിച്ചാലും ഇല്ലെങ്കിലും, ഈ ജലസമ്പത്തിൽ ചൈനയ്ക്ക് അനിഷേധ്യമായ അവകാശമുണ്ട് " എന്നാണ് ഇക്കാര്യത്തിലെ ചൈനീസ് പ്രതിനിധിയുടെ നയം. 

 

മറ്റു രാജ്യങ്ങളോടുള്ള ചൈനീസ് സൈനികരുടെ പ്രകോപനങ്ങൾ അതിന്റെ സകല പരിധികളും ലംഘിച്ച കാഴ്ചയാണ്  2020 -ൽ കാണുന്നത്. ലോകത്തിൽ മുഴുവൻ സംഹാരതാണ്ഡവമാടിയ ഒരു മഹാമാരിയുടെ ഭൂതത്തെ കുപ്പിതുറന്നുവിട്ട ബീജിംഗ് അതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞു മാറാൻ വേണ്ടി പല ഗിമ്മിക്കുകളും ഇതിനകം ചൈനയിൽ നിന്നുണ്ടായിട്ടുണ്ട്. ഏറ്റവും ഒടുവിൽ, കഴിഞ്ഞ ദിവസങ്ങളിൽ ബീജിങ്ങിൽ പൊട്ടിപ്പുറപ്പെട്ട, ഒരു പക്ഷേ രാജ്യം മുഴുവൻ രണ്ടാമതും അലയടിക്കാൻ സാധ്യതയുള്ള പുതിയ കൊവിഡ് ബാധയിൽ നിന്ന് ലോകശ്രദ്ധ തിരിക്കാൻ വേണ്ടി ചൈന മനഃപൂർവം നടത്തുന്നതാണ് ഇത്തരം പ്രകോപനങ്ങൾ എന്ന ആക്ഷേപവും സജീവമായിത്തന്നെ നിലനിൽക്കുകയാണ്. 

click me!