സിന്ധുനദീതട സംസ്‍കാരത്തിലെ മനുഷ്യര്‍ കാണാന്‍ ഇങ്ങനെയായിരുന്നോ? പഠനം 4500 വര്‍ഷം പഴക്കമുള്ള അസ്ഥികൂടത്തില്‍

By Web TeamFirst Published Oct 12, 2019, 3:47 PM IST
Highlights

എന്നാല്‍, ഇപ്പോള്‍ ഏകദേശം 4500 വര്‍ഷം പഴക്കമുള്ള സെമിത്തേരികളില്‍ നിന്നായി ശേഖരിച്ച അസ്ഥികൂടങ്ങളിലായി നടത്തിയ പഠനത്തില്‍നിന്ന് ശാസ്ത്രജ്ഞര്‍ക്ക് ഒരു ഏകദേശ രൂപം കിട്ടിയിരിക്കുകയാണ്.

ലോകത്തിലെ തന്നെ ഏറ്റവും പഴക്കമുള്ള സംസ്‍കാരമാണ് സിന്ധു നദീതട സംസ്‍കാരം. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വടക്കുപടിഞ്ഞാറ് ഭാഗത്ത്, ഇന്നത്തെ ഇന്ത്യയിലും പാകിസ്താനിലുമായി സിന്ധുനദീതടങ്ങളിൽ ബി.സി. 3300 മുതൽ ബി.സി. 1700 വരെ നിലവിലുണ്ടായിരുന്ന ഒരു വെങ്കലയുഗ സംസ്കാരമാണ് ഇത്. കാലങ്ങളായി ശാസ്ത്രജ്ഞരെ കുഴക്കിയിരുന്ന ചോദ്യമാണ് അന്നത്തെ ജനങ്ങളെങ്ങനെയായിരുന്നു കാണാനെന്നത്.

എന്നാല്‍, ഇപ്പോള്‍ ഏകദേശം 4500 വര്‍ഷം പഴക്കമുള്ള സെമിത്തേരികളില്‍ നിന്നായി ശേഖരിച്ച അസ്ഥികൂടങ്ങളിലായി നടത്തിയ പഠനത്തില്‍നിന്ന് ശാസ്ത്രജ്ഞര്‍ക്ക് ഒരു ഏകദേശ രൂപം കിട്ടിയിരിക്കുകയാണ്. 'വര്‍ഷങ്ങളായി ഞങ്ങള്‍ അവരുടെ ആര്‍ക്കിടെക്ചര്‍, വസ്ത്ര രീതി, ആഭരണരീതി എല്ലാം പഠിക്കുകയും ധാരണയുണ്ടാക്കുകയും ചെയ്‍തിരുന്നു. അപ്പോഴും അവരുടെ മുഖം എങ്ങനെയായിരുന്നുവെന്ന കാര്യത്തില്‍ നിഗമനത്തിലെത്താന്‍ സാധിച്ചിരുന്നില്ല.' എന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഡബ്ബ്യു ജെ ലീ, വസന്ത് ഷിന്‍ഡേ എന്നിവരുടെ നേതൃത്വത്തിലാണ് പുതിയ പഠനം നടത്തിയത്. കമ്പ്യൂട്ടഡ് ടോമോഗ്രഫി ഡാറ്റ, ക്രാണിയോഫേഷ്യല്‍ റീകണ്‍സ്ട്രക്ഷന്‍ എന്നിവയെല്ലാമുപയോഗിച്ചാണ് പഠനം നടന്നിരിക്കുന്നത്. 2013 മുതല്‍ 2016 വരെ നടന്ന ഖനനത്തില്‍ രാഖിഗരി സെമിത്തേരിയില്‍ സംസ്‍കരിച്ച 4500 വര്‍ഷം പഴക്കമുള്ള മൃതദേഹങ്ങളിലായിരുന്നു പഠനം. 

''സി‌എഫ്‌ആർ സാങ്കേതികവിദ്യ ഉപയോഗിച്ച് രണ്ട് രാഖിഗരി തലയോട്ടികളുടെ മുഖങ്ങൾ സൃഷ്ടിക്കുകയായിരുന്നു. ഇത്, ഒരു പ്രധാന വഴിത്തിരിവാണ്'' ഡെക്കാൻ കോളേജ് പോസ്റ്റ് ഗ്രാജ്വേറ്റ് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് പ്രൊഫസർ ഷിൻഡെ പറഞ്ഞു. പ്രശസ്ത അനാട്ടമിക്കൽ സയൻസ് ഇന്‍റർനാഷണൽ ജേണലിൽ ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും ഗവേഷകർ ഇതുവരെ നിഗമനങ്ങളിൽ എത്തിയിട്ടില്ല, പഠനം തുടരും.
 

click me!