അനില്‍ നെടുമങ്ങാടിനെപ്പോലെ എത്രപേര്‍;  പുഴ എങ്ങനെയാണ് മരണമാവുന്നത്?

By Web TeamFirst Published Dec 28, 2020, 4:25 PM IST
Highlights

കഴിഞ്ഞ ദിവസം ജലമരണത്തിലേക്ക് മറഞ്ഞുപോയ അനില്‍ നെടുമങ്ങാട് അടക്കം ഒരുപാടു പേര്‍ ആ മുഖം കണ്ടവരാണ്. ബാക്കിയുള്ളവരില്‍ തീരാത്ത സങ്കടം വിതച്ച് മാഞ്ഞുപോയ ഒരു പാട് മനുഷ്യര്‍. ഒരിക്കലും വറ്റാത്ത സങ്കടങ്ങളില്‍ തറഞ്ഞുപോയ ഉറ്റവര്‍. ബിജു ദാസ്  തൃത്താല എഴുതുന്നു

ആഴമേറിയ കയം. അടിത്തട്ടിലേക്കാരോ പിടിച്ചു വലിക്കുന്നത് പോലെ. ചെരിഞ്ഞുകിടക്കുന്ന മണല്‍തിട്ടയില്‍ ചവിട്ടുമ്പോഴൊക്കെ മണല്‍ വഴുതി മാറുന്നു. എങ്ങനെയോ തല്ലിപ്പതച്ച് മുകളിലേക്കെത്തി. ഒരു ദീര്‍ഘനിശ്വാസമെടുക്കുന്നതിനുള്ള സമയം. അന്നേരം കണ്ടു, തൊട്ടടുത്ത് മുങ്ങിത്താഴുന്ന സുനി. നിലാവിന്റെ അരണ്ട വെളിച്ചത്തില്‍ വ്യക്തമായി ഒന്നും മനസ്സിലാവുന്നില്ല. വീണ്ടും അടിയിലേക്ക് പോയി. രണ്ടാമതും പൊങ്ങി വന്നപ്പോളേക്കും ജയന്‍ സുനിയുടെ അടുത്തേക്ക് നീന്തി വരുന്നത് കണ്ടു. ഒഴുകുന്ന വെള്ളത്തിന്റെ ശബ്ദം ഭീകരമായി തോന്നി.

 


 

 

''നീരാടുവാന്‍ നിളയില്‍ നീരാടുവാന്‍...''

''മാമാങ്കം പല കുറി കൊണ്ടാടി
നിളയുടെ തീരങ്ങള്‍ നാവായില്‍...''

''നിള പോലെ കൊഞ്ചിയൊഴുകുന്നി
തെന്നുമഴകേ...''

പാട്ടിലെത്തുമ്പോള്‍ പുഴയ്ക്ക് എന്ത് ഭംഗിയാണ്. കവിതയിലും കഥയിലുമെല്ലാം അതു തിടംവെച്ച് പായുന്നു. എന്നാല്‍, മനോഹരമായ ഒരിടമായിരിക്കുമ്പോഴും പുഴയ്ക്ക് മറ്റൊരു മുഖമുണ്ട്. മലയാള സിനിമയ്ക്ക് ഏറെ പ്രതീക്ഷകള്‍ നല്‍കി കഴിഞ്ഞ ദിവസം ജലമരണത്തിലേക്ക് മറഞ്ഞുപോയ അനില്‍ നെടുമങ്ങാട് അടക്കം ഒരുപാടു പേര്‍ ആ മുഖം കണ്ടവരാണ്. ബാക്കിയുള്ളവരില്‍ തീരാത്ത സങ്കടം വിതച്ച് മാഞ്ഞുപോയ ഒരു പാട് മനുഷ്യര്‍. ഒരിക്കലും വറ്റാത്ത സങ്കടങ്ങളില്‍ തറഞ്ഞുപോയ ഉറ്റവര്‍. 

അതുപോലൊരനുഭവമാണ് നിള ഞങ്ങള്‍ക്കും തന്നത്. ഞാനാദ്യം പറഞ്ഞ പാട്ടുകളിലേതുപോലെ നിളയെ ഇഷ്ടപ്പെട്ടവരായിരുന്നു ഞങ്ങള്‍. എന്നിട്ടും പുഴ നീട്ടിയ മരണക്കെകളില്‍നിന്ന് ഊര്‍ന്നുപോയത് ഭാഗ്യം കൊണ്ടുമാത്രമായിരുന്നു. 


നിളാനദിയിലെ പിടയല്‍

പണ്ട് മിക്കവാറും സന്ധ്യകളെല്ലാം ചിലവഴിച്ചിരുന്നത് നിളയിലെ മണല്‍ പരപ്പിലായിരുന്നു. ചിലപ്പോഴൊക്കെ നിലാവുള്ള രാത്രികളില്‍ കവിതകളും രാഷ്ട്രീയചര്‍ച്ചകളും കൂട്ടുകാരുമൊക്കെയായി പുഴയില്‍ ഏറെ നേരമിരിക്കും. ഒരു പത്ത് പതിനാറ് വര്‍ഷം മുമ്പാണ് സുഹൃത്ത് സുനില്‍ ഞങ്ങളുടെ കൈകളില്‍നിന്നൂര്‍ന്ന് പുഴക്കൈകളിലേക്ക് പതിച്ചത്. അവിടെ നിന്നും എ്‌ന്തോ ഭാഗ്യത്തിന് ജീവിതത്തിലേക്ക് തിരിച്ചു കയറിയത്. 

സുനില്‍ ആദ്യമായി ശബരിമലക്ക് പോകാന്‍ മാലയിട്ട ദിവസങ്ങളായിരുന്നു അത്. പിന്നെ മഞ്ഞിന്‍ തണുപ്പുള്ള മണ്ഡലകാലം മുഴുവന്‍ സന്ധ്യയോടെ പുഴയില്‍ കുളിച്ച് പുഴക്കരയിലുള്ള യജ്ഞേശ്വരം ക്ഷേത്രത്തില്‍ നിറമാല തൊഴുന്നത് പതിവാക്കി.സന്ധ്യയുടെ ഇരുളില്‍ തെളിഞ്ഞ് കത്തി നില്‍ക്കുന്ന കല്‍വിളക്കിന്റെ നാളങ്ങളും കര്‍പ്പൂരത്തിന്റെയും ചന്ദനത്തിന്റെയും സുഗന്ധവും ഭക്തി സാന്ദ്രമായ അന്തരീക്ഷവും ഒരു പ്രത്യേക അനുഭവമായിരുന്നു. 

മണികണ്‌ഠേട്ടനും ജയനുമൊക്കെയാണ് കൂട്ടിനുണ്ടായിരുന്നത്. സുനി ഓട്ടോ ഡ്രൈവറാണ്. അതുകൊണ്ട് ചില ദിവസങ്ങളില്‍ ഓട്ടം കഴിഞ്ഞെത്തുമ്പോള്‍ നേരം വൈകും. അന്ന് അമ്പലത്തില്‍ പോക്കുണ്ടാവില്ല. പകരം പുഴയിലെ മണല്‍തിട്ടയില്‍ ഒരു പാട് നേരമിരിക്കും. അല്ലെങ്കില്‍ ആഴം കുറഞ്ഞ ഭാഗത്ത് വെള്ളത്തില്‍ കളിക്കും. ബാത്ത് റൂമില്‍ മാത്രം കുളിച്ച് ശീലിച്ചതോണ്ട് വെള്ളത്തിലിങ്ങനെ സമയം ചെലവഴിക്കാന്‍ ഭയങ്കര ഇഷ്ടമായിരുന്നു, എനിക്ക്. പക്ഷെ നീന്താനറിയില്ല. സുനിയും അതുപോലെ തന്നെ. 

വെള്ളിയാങ്കല്ലിനോട് ചേര്‍ന്ന് ചെറിയ ഒരു നീരൊഴുക്ക് മാത്രമേ  ആ കാലങ്ങളിലുണ്ടാവാറുള്ളൂ. റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ പണി നടക്കുന്ന തേ ഉള്ളൂ. സുനി വൈകിയെത്തിയ ഒരു ദിവസം, ഏകദേശം എട്ടു മണിയായിക്കാണും, നിലാവുദിക്കുന്നതേ ഉള്ളൂ. പതിവുപോലെ കളിച്ച് ചിരിച്ച് വെള്ളത്തില്‍ ഏറെ നേരം ചിലവിട്ടു. പെട്ടെന്നൊരു തിരിച്ചറിവുണ്ടാകുന്നത് മൂക്ക് മണലിലിടിച്ചപ്പോഴാണ്. മൂക്ക് മാത്രം. അതും വളരെ പതുക്കെ

ഈരാന്തിരി മഴ പെയ്യുന്ന കര്‍ക്കിടക പ്രഭാതങ്ങളില്‍ എണീക്കാന്‍ മടിച്ച് വീണ്ടും പുതപ്പിനുള്ളിലേക്ക് ചുരുണ്ടുകൂടി ഉറങ്ങാന്‍ തോന്നുന്ന പോലെ ഒരു ഫീലിങ്. ഒരു നിമിഷം മാത്രം. പൊടുന്നനെയാണ് തിരിച്ചറിവുണ്ടായത്, വെള്ളത്തിന്നടിയിലാണെന്ന്... 

ഒരു ഞെട്ടല്‍ നട്ടെല്ലിലൂടെ തലച്ചോറിലേക്കിരച്ച് കയറി. 

ആഴമേറിയ കയം. അടിത്തട്ടിലേക്കാരോ പിടിച്ചു വലിക്കുന്നത് പോലെ. ചെരിഞ്ഞുകിടക്കുന്ന മണല്‍തിട്ടയില്‍ ചവിട്ടുമ്പോഴൊക്കെ മണല്‍ വഴുതി മാറുന്നു. എങ്ങനെയോ തല്ലിപ്പതച്ച് മുകളിലേക്കെത്തി. ഒരു ദീര്‍ഘനിശ്വാസമെടുക്കുന്നതിനുള്ള സമയം. 

അന്നേരം കണ്ടു, തൊട്ടടുത്ത് മുങ്ങിത്താഴുന്ന സുനി. നിലാവിന്റെ അരണ്ട വെളിച്ചത്തില്‍ വ്യക്തമായി ഒന്നും മനസ്സിലാവുന്നില്ല. വീണ്ടും അടിയിലേക്ക് പോയി. രണ്ടാമതും പൊങ്ങി വന്നപ്പോളേക്കും ജയന്‍ സുനിയുടെ അടുത്തേക്ക് നീന്തി വരുന്നത് കണ്ടു. ഒഴുകുന്ന വെള്ളത്തിന്റെ ശബ്ദം ഭീകരമായി തോന്നി. കരയോട് ചേര്‍ന്ന് വേറെ രണ്ട് പേര്‍ കുളിക്കുന്നു. മണകണ്‌ഠേട്ടന്‍ സോപ്പ് പതപ്പിച്ച് തേക്കുന്നുണ്ട്. 

കയ്യും കാലും തളര്‍ന്നുതുടങ്ങി. കരയില്‍ നിന്ന് അധികം ദൂരമൊന്നുമില്ല. താഴേക്കുള്ള വലിവിനോടെതിര്‍ത്ത് നില്‍ക്കാന്‍ പറ്റാത്ത പോലെ. മൂന്നാമതും മുങ്ങുന്നതിന് മുന്‍പെ രണ്ട് കവിള്‍ വെള്ളം കുടിച്ചു. പിന്നെയും കൈകാലിട്ടടിച്ച് പൊന്തി വന്നപ്പോഴേക്കും അവശനായിരുന്നു. വെള്ളത്തിന് മുകളിലെത്തിയപ്പോള്‍ മുന്നിലൊരു കൈ... കുളിച്ചോണ്ടിരുന്നവര്‍ക്ക് കാര്യം മനസ്സിലായിരുന്നു. നീട്ടിയ കയ്യില്‍ വെപ്രാളത്തോടെ കയറി പിടിച്ചു.

നില കിട്ടിയതോടെ എല്ലാം ശാന്തമായി. മൂക്കിലും ചെവിയിലും വെള്ളം കയറിയതിന്റെ അസ്വസ്ഥത. 

അന്നേരം, മണികണ്‌ഠേട്ടനും മറ്റ് രണ്ട് പേരും കൂടി സുനിയെ താങ്ങിയെടുത്ത് കൊണ്ടുവന്നു. പ്രത്യേകിച്ച് കുഴപ്പമൊന്നുമില്ല. കുറച്ച് വെള്ളം കുടിച്ചെന്നേയുള്ളൂ. തൃത്താലയില്‍ ആധാരമെഴുതുന്ന രാജേട്ടനാണ് കൈ നീട്ടി എന്നെ പിടിച്ച് കയറ്റിയത്. പിന്നെ കൂടെയുള്ളയാളും മണികണ്‌ഠേട്ടനും കൂടി സുനിയെ രക്ഷപ്പെടുത്തി. 

ജയനെവിടെ...?

ഭാഗ്യം ... കുറച്ച് മാറി ഇരിപ്പുണ്ട്. ഞങ്ങള്‍ രണ്ട് പേരും മുങ്ങി പോയെന്ന് ആദ്യം മനസ്സിലായതവനാണ്. നല്ല നീന്തല്‍ക്കാരനാണ് ജയന്‍. പക്ഷെ രക്ഷിക്കാന്‍ ചെന്ന അവനെ സുനി പിടിച്ച് ചവിട്ടിത്താഴ്ത്തിക്കളഞ്ഞു. അവിടന്ന് എങ്ങനെയോ നീന്തി രക്ഷപ്പെട്ട് ക്ഷീണിച്ചിരിക്കുകയാണ് പാവം. 

കുറച്ച് നേരം മണലില്‍ മലര്‍ന്ന് കിടന്നു. നിലാവുദിച്ചിരിക്കുന്നു. വെറും രണ്ട് മിനുട്ടാണ് വെള്ളത്തില്‍ പെട്ടിട്ടുണ്ടാവുക. ആ രണ്ട് മിനുട്ടു കൊണ്ട് ലോകം മുഴുവന്‍ മാറിയതുപോലെ തോന്നി. പുഴയിലെ ഓളങ്ങളില്‍ നിലാവ് വെട്ടിത്തിളങ്ങുന്നു. എന്ത് മനോഹരമായ കാഴ്ച!

വെള്ളത്തിന് കാര്യമായ ഒഴുക്കൊന്നുമില്ലായിരുന്നെങ്കിലും വെള്ളിയാങ്കല്ലിനോട് ചേര്‍ന്ന് ഒരു ചുഴിയും കയവും രൂപപ്പെട്ടിരുന്നു. പുറമെ നോക്കിയാല്‍ വളരെ ശാന്തം.  ഒരു സ്റ്റെപ്പ് അതിലോട്ട് പോയാല്‍ പലപ്പോഴും രക്ഷപ്പെടാനുള്ള ഭാഗ്യം അധികമാര്‍ക്കും ഉണ്ടാവാറില്ല. പ്രത്യേകിച്ച് രാത്രിയിലൊക്കെ. ഇരുട്ടില്‍ കൂടെയുള്ളവര്‍ക്ക് പോലും മനസ്സിലാവില്ല. അന്നെങ്ങനെയോ രക്ഷപ്പെടാന്‍ കഴിഞ്ഞു.

പുഴയെക്കുറിച്ച് നമുക്ക് എന്തറിയാം? 
ഒരു സുരക്ഷിത ദൂരത്ത് നിന്ന് മാത്രമേ പുഴയെ വാഴ്ത്തിപ്പാടാനും കവിതയെഴുതാനുമൊക്കെ കഴിയൂ. വളരെ ശാന്തമാണെങ്കിലും ആസുര ശക്തിയാണ് പലപ്പോഴുമത്. നിറഞ്ഞ് കവിഞ്ഞ് ആര്‍ത്തലച്ചൊഴുകുന്ന നിള എല്ലായ്‌പ്പോഴും ഭീതിയുണര്‍ത്തുന്ന കാഴ്ചയാണ് . താരാശങ്കര്‍ ബാനര്‍ജിയുടെ ആരോഗ്യനികേതനം എന്ന നോവലില്‍ ഒരിടത്ത് പറയുന്നുണ്ട്, 'ഭൂമിയെ നമ്മള്‍ മാതാവായും ദേവിയായുമൊക്കെ കാണുന്നു, വാഴ്ത്തുന്നു. മുഖമടച്ചൊന്ന് വീണാല്‍ മാത്രമേ അതിന്റെ കാഠിന്യമെന്താണെന്നറിയൂ. മണ്‍ തരികളും കല്ലുകളുമെല്ലാം എത്രമാത്രം മുറിപ്പെടുത്താന്‍ കഴിയുന്നതാണെന്നറിയൂ' എന്ന്. 

വേനലില്‍ വെറും നീര്‍ച്ചാല് മാത്രമായൊഴുകുന്ന നിളയാണ് പ്രളയമായൊഴുകുന്ന നിളയെക്കാളും മനുഷ്യ ജീവനെടുത്തിട്ടുള്ളത്. ഈയടുത്ത കാലത്താണ് കൂടെ കുളിക്കാനിറങ്ങിയവര്‍ക്ക് മനസ്റ്റിലാക്കാന്‍ പോലും കഴിയുന്നതിന് മുന്‍പെ ഒരു കൊച്ചു കുട്ടിയെ ഒരു ദിവസം മുഴുവന്‍ നിള തന്റെ അഗാധതയിലൊളിപ്പിച്ചു വെച്ചത്. മിക്കവാറും എല്ലാ വര്‍ഷങ്ങളിലും ഇത്തരം ദുരന്തങ്ങളാവര്‍ത്തിക്കുന്നു. 

പലപ്പോഴും ദൂരസ്ഥലങ്ങളില്‍ നിന്ന് വരുന്നവരാണ് ഇരകള്‍. മിക്കവാറും എല്ലാവരും നീന്തലറിയുന്നവര്‍ കൂടിയായിരിക്കും. പക്ഷെ അവര്‍ക്കാര്‍ക്കും നിളയെ (പുഴയെ) കൃത്യമായറിയില്ല എന്നതാണ് വസ്തുത. അടിയൊഴുക്കുണ്ടോ മണല്‍ കുഴികളുണ്ടോ ചുഴികളോ കയങ്ങളോ  ഉണ്ടോ എന്നിങ്ങനെ പ്രത്യേകിച്ചൊരു ധാരണയുമില്ലാതെയാണ് പലരും പുഴയിലിറങ്ങുന്നത്. നീന്താനറിയാമെന്ന ആത്മവിശ്വാസം മാത്രം പോരാ, വെള്ളത്തിലിറങ്ങാന്‍. വെള്ളത്തില്‍ നിന്നുണ്ടാകുന്ന അപകടങ്ങളുടെ ഒരു സാമാന്യ ധാരണയെങ്കിലും വേണം.


എന്തുകൊണ്ട് പുഴയില്‍ അപകടങ്ങള്‍ ഉണ്ടാവുന്നു?
അപകടത്തിലേക്ക് നയിക്കുന്നതില്‍ പ്രധാന കാരണം നദിയല്ല, നിലയില്ലാതായെന്നോ മുങ്ങിപ്പോയെന്നോ അറിയുന്ന നിമിഷം ഉണ്ടാകുന്ന പരിഭ്രാന്തിയാണ് (PANIC ). പാനിക് ആവുന്നതോടെ ദ്രുതഗതിയില്‍ ശ്വാസമെടുക്കുകയും (Hyper ventilation ) അത് തലച്ചോറിലേക്കുള്ള രക്തസഞ്ചാരം കുറക്കുകയും ചെയ്യുന്നു. അബോധാവസ്ഥയോ മയക്കമോ ആയിരിക്കും ഫലം. വെള്ളത്തില്‍ ഇത്തരമൊരവസ്ഥ മാരകമായിരിക്കും. 

രണ്ടാമതായി,വെള്ളത്തിന്റെ ഒഴുക്കാണ്. ശക്തമായ ഒഴുക്കിന് ശരീരത്തിന്റെ ചലനങ്ങളെ പരിമിതപ്പെടുത്താന്‍ (Restrict ) കഴിയും. അടിയൊഴുക്കുള്ള വെള്ളത്തില്‍ നീന്തല്‍ വിദഗ്ദര്‍ പോലും അപകടത്തിലാവുന്നത് ഇതു കൊണ്ടാണ്. 

മൂന്നാമതായി, വളരെയേറെ സമയം വെള്ളത്തില്‍  ചിലവഴിക്കുമ്പോള്‍ ശരീരത്തിന്റെ ആന്തരിക താപം ( Core temperature ) കുറയുന്നതാണ്. പ്രവര്‍ത്തിക്കാനുള്ള കഴിവ് മന്ദീഭവിക്കാനും അപകടത്തിലാവാനും ഉള്ള സാധ്യത ഇത് വര്‍ദ്ധിപ്പിക്കുന്നു. 

മറ്റൊന്ന്, ഡിഹൈഡ്രേഷന്‍ ആണ്. നീണ്ട സമയം വെള്ളത്തില്‍ ചിലവഴിക്കുമ്പോള്‍ സംഭവിക്കാന്‍ സാധ്യതയുള്ള അവസ്ഥയാണ് നിര്‍ജ്ജലീകരണവും. 

നമ്മളധികം ശ്രദ്ധിക്കാത്ത കുറച്ച് കാര്യങ്ങള്‍ മാത്രമാണിതെല്ലാം. പുഴയിലിറങ്ങരുത്, അപകടമാണ് എന്നൊന്നുമല്ല പറഞ്ഞ് വരുന്നത്. നിളയെ സ്‌നേഹിക്കാതിരിക്കാനാര്‍ക്ക് കഴിയും? അത്രക്ക് മനോഹരിയല്ലേ നിള. പുഴയെ സ്‌നേഹിക്കാം, ഒപ്പം, അല്‍പ്പം ബഹുമാനവും കൊടുക്കാം. സുരക്ഷിതമായി ഇറങ്ങാം. അത്രയേ ഉളളൂ...

click me!