ഭക്ഷണത്തിനായി നായകളെ കൊല്ലുന്നത് ദക്ഷിണ കൊറിയ നിരോധിക്കുമോ? വേറെ എവിടെയെല്ലാം നായയിറച്ചി വിളമ്പുന്നു?

By Web TeamFirst Published Sep 28, 2021, 10:40 AM IST
Highlights

മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ കുറേക്കാലങ്ങളായി രാജ്യത്ത് നായമാംസം നിരോധിക്കണം എന്ന ആവശ്യം ഉയര്‍ത്തുന്നുണ്ട്. അവര്‍ വലിയ ആവേശത്തോടെയാണ് മൂണിന്‍റെ വാക്കുകള്‍ സ്വീകരിച്ചത്.

ദക്ഷിണ കൊറിയ (South Korea) യിൽ നായമാംസം (dog meat) നിരോധിക്കുന്നതിന് സാധ്യതയേറുന്നു. പ്രസിഡണ്ട് മൂണ്‍ ജി ഇൻ (Moon Jae-in) ആണ് ഇത് സംബന്ധിച്ച സൂചന നല്‍കിയത്. മിക്ക കൊറിയക്കാരും നായമാംസം കഴിക്കാറില്ല, അതിന്റെ ആവശ്യകത സമീപ വർഷങ്ങളിൽ കുറഞ്ഞിരിക്കുകയാണ്. എന്നാൽ, ദക്ഷിണ കൊറിയയിൽ ഓരോ വർഷവും ഒരു മില്ല്യണ്‍ നായ്ക്കളെയെങ്കിലും ഇപ്പോഴും ഭക്ഷണത്തിനായി കൊല്ലുന്നുണ്ടെന്നാണ് കണക്ക്. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ സംസാരിക്കവെ മൂൺ, നായമാംസം  നിരോധിക്കുന്നതിനെ 'വിവേകപൂർവം പരിഗണിക്കാൻ' സമയമായോ എന്ന് ചോദിക്കുകയായിരുന്നു.

അറിയപ്പെടുന്ന നായപ്രേമിയാണ് ദക്ഷിണ കൊറിയയുടെ പ്രസിഡന്‍റ്. ആദ്യമായിട്ടാണ് മൂണ്‍ ഒരു സമ്പൂർണ്ണ നായമാസ നിരോധനത്തിനുള്ള സാധ്യത ഉയർത്തുന്നത്. രാജ്യത്ത് ഉപേക്ഷിക്കപ്പെട്ട മൃഗങ്ങളെ സംരക്ഷിക്കുന്നതിനുള്ള പുതിയ നടപടികളെക്കുറിച്ച് വിശദീകരിച്ചപ്പോൾ അദ്ദേഹം അഭിപ്രായങ്ങൾ പറഞ്ഞു. 

നായകളെയും പൂച്ചകളെയും ക്രൂരമായി കൊലപ്പെടുത്തുന്നതിനെതിരെ ഇപ്പോള്‍ തന്നെ ഒരു നിയമം രാജ്യത്ത് നിലവിലുണ്ട് എങ്കിലും ഭക്ഷണത്തിനായി നായകളെ കൊല്ലുന്നത് നിരോധിച്ചിട്ടില്ല. എന്നാല്‍, സമീപവര്‍ഷങ്ങളില്‍ ജനങ്ങള്‍ നായയെ ഭക്ഷിക്കുന്നത് ഉപേക്ഷിക്കുന്നുണ്ട്. പ്രത്യേകിച്ച് നായകളെ പെറ്റുകളായി വളര്‍ത്തുന്നത് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍. ഇതിന്‍റെ ഫലമായി രാജ്യത്ത് നായമാംസം കിട്ടുന്ന പ്രധാനപ്പെട്ട മൂന്ന് മാര്‍ക്കറ്റുകള്‍ അടച്ചിരുന്നു. 

2020 -ൽ നീൽസൺ ഫോർ ഹ്യൂമൻ സൊസൈറ്റി ഇന്റർനാഷണൽ നടത്തിയ ഒരു വോട്ടെടുപ്പിൽ 84% ദക്ഷിണ കൊറിയക്കാരും ഒരിക്കലും നായ മാംസം കഴിച്ചിട്ടില്ലെന്നും അല്ലെങ്കിൽ ഭാവിയിൽ അത് കഴിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും പറയുന്നു. ദക്ഷിണ കൊറിയയിലെ 59% പേരും നായ മാംസം നിരോധിക്കുന്നതിനെ പിന്തുണയ്ക്കുന്നതായും കണ്ടെത്തി.

മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ കുറേക്കാലങ്ങളായി രാജ്യത്ത് നായമാംസം നിരോധിക്കണം എന്ന ആവശ്യം ഉയര്‍ത്തുന്നുണ്ട്. അവര്‍ വലിയ ആവേശത്തോടെയാണ് മൂണിന്‍റെ വാക്കുകള്‍ സ്വീകരിച്ചത്. "ദക്ഷിണ കൊറിയക്കാരില്‍ ഏറെപ്പേരും നായ മാംസം കഴിക്കുന്നത് പാരമ്പര്യത്തേക്കാൾ മൃഗങ്ങളെ ദുരുപയോഗം ചെയ്യുന്നതായി പരിഗണിക്കുന്നു" എന്ന് കൊറിയ അനിമൽ റൈറ്റ്സ് അഡ്വക്കേറ്റ്സ് തലവൻ ജിയോൺ ജിൻ ക്യുങ് കൊറിയ ടൈംസിനോട് പറഞ്ഞു.

അടുത്ത വർഷം നടക്കാനിരിക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഈ വിഷയത്തെക്കുറിച്ചുള്ള ചർച്ച ശക്തമാവുകയാണ്. നായയുടെ മാംസം നിരോധിക്കാനുള്ള സാധ്യത നിരവധി സ്ഥാനാർത്ഥികൾ ഇതിനകം ഉയർത്തിയിട്ടുണ്ട്. ശക്തനായ സ്ഥാനാർത്ഥിയായി കണക്കാക്കപ്പെടുന്ന ഗ്യോങ്ഗി പ്രവിശ്യാ ഗവർണർ ലീ ജെയ്-മ്യുങ് തന്റെ പ്രചാരണത്തിൽ അത് പരാമർശിക്കുകയും ചെയ്തിരുന്നു. 'സാമൂഹിക സമവായം' അടിസ്ഥാനമാക്കിയുള്ള പുതിയ നിയമങ്ങളും നയങ്ങളും ഉണ്ടാവണമെന്ന് ലീ ജെയ് മ്യുങ് അനുയായികളോട് പറഞ്ഞു.

നായകളെ തിന്നുന്ന മറ്റ് രാജ്യങ്ങളേതെല്ലാമാണ്?

ഇന്ന്, പാശ്ചാത്യ സംസ്കാരങ്ങളിൽ നായമാംസം കഴിക്കുന്നത് അപമാനകരമായിട്ടാണ് കാണുന്നത്. എന്നിരുന്നാലും, ലോകമെമ്പാടുമുള്ള പല രാജ്യങ്ങളിലും പരമ്പരാഗത, സാംസ്കാരിക, ആചാരപരമായ അല്ലെങ്കിൽ മതപരമായ കാരണങ്ങൾ കൊണ്ട് നായമാംസം കഴിക്കുന്നവരുണ്ട്. 

പ്രതിവർഷം 20 മില്ല്യൺ നായ്ക്കളെ ഭക്ഷണത്തിന് വേണ്ടി കൊല്ലുന്ന ചൈനയാണ് ആഗോളതലത്തിൽ നായ മാംസത്തിന്റെ ഏറ്റവും വലിയ ഉപഭോക്താവ്. ചൈനയിൽ പട്ടിയിറച്ചിക്ക് ഒരു നീണ്ട പാരമ്പര്യമുണ്ട്, എല്ലാ വർഷവും നായമാംസം ഉത്സവം നടത്തുന്ന യൂലിൻ പോലുള്ള രാജ്യത്തിന്റെ പല പ്രദേശങ്ങളിലും ഇപ്പോഴും ഇത് കഴിക്കുന്നു. ലിച്ചി ആൻഡ് ഡോഗ് മീറ്റ് ഫെസ്റ്റിവൽ വ്യാപകമായി പ്രതിഷേധത്തിനിരയാവുന്നുണ്ട്. എന്നിരുന്നാലും എല്ലാ വർഷവും ഇത് വലിയ ജനക്കൂട്ടത്തെ ആകർഷിക്കുന്നു, ഇത് നായ മാംസത്തിന്റെ ആവശ്യവും വിലയും വർദ്ധിപ്പിച്ചു. എന്നാൽ നിരവധി പ്രതിഷേധത്തിന്റെ ഫലമായി രാജ്യത്ത് നായമാംസം നിരോധിക്കുന്ന തരത്തിലുള്ള നിയമങ്ങൾ വരികയും അവ വിളമ്പുന്നത് ഹോട്ടലുകൾ അവസാനിപ്പിക്കുകയും ചെയ്തു.

വിയറ്റ്നാമാണ് നായമാംസം വിളമ്പിയിരുന്ന മറ്റൊരു സ്ഥലം. അത് അവരുടെ സംസ്കാരവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒപ്പം നായഇറച്ചിക്ക് ഔഷധ​ഗുണമുണ്ട് എന്ന് വിശ്വസിക്കുന്നവരും കുറവല്ല. എന്നാൽ, എല്ലാ രാജ്യങ്ങളെയും പോലെ നായകൾ പെറ്റ് ആയി മാറിയതോടെ ഒരു വിരുദ്ധവികാരം ഇതിനെതിരെ ഉണ്ടായിട്ടുണ്ട്. ഇതിനെതിരെ നിയമമൊന്നും ഇല്ലെങ്കിലും വിയറ്റ്നാമിൽ ഇപ്പോൾ നായയിറച്ച് വിളമ്പാറില്ല എന്നാണ് പറയുന്നത്. 

അതുപോലെ തന്നെ ആഫ്രിക്കയുടെ ചില ഭാ​ഗങ്ങളിലും നായമാംസം വിളമ്പാറുണ്ടായിരുന്നു. ഏതായാലും, നായമാംസം ചരിത്രപരമായും നിലവിൽ പല സംസ്കാരങ്ങളിലും ഒരു പ്രധാന പങ്ക് വഹിക്കുന്നു. നായയുടെ മാംസം നിരോധിച്ചിട്ടില്ലാത്ത ലോകത്തിന്റെ പല ഭാഗങ്ങളിലും, ആരോ​ഗ്യ സുരക്ഷയെ ചൊല്ലിയും മൃ​ഗങ്ങളുടെ അവകാശങ്ങളെ ചൊല്ലിയും ആശങ്കകളും വ്യാപകമാണ്. 

(ചിത്രങ്ങൾ പ്രതീകാത്മകം) 

 

click me!