അനാഥത്വത്തില്‍ നിന്ന് അനേകരുടെ ബന്ധങ്ങളിലേക്ക് ചേക്കേറിയവന്‍ 'ജോമാങ്കി'

By K G BaluFirst Published Oct 20, 2021, 11:12 AM IST
Highlights


'ഒരു കുഞ്ഞിന്‍റെ നിഷ്ക്കളങ്കതയോടെ അവന്‍ അവരെ നോക്കിയപ്പോള്‍, ആ മൃഗവൈദ്യ വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. ജ്യോതിമോന്‍ പിയും സതീഷ് സി സിയും ഡോ.വിജോയും കൂടി സുഹൃത്ത് ജോസഫിന്‍റെ അംബാസഡര്‍ കാറിന്‍റെ ഡിക്കിയിലേക്ക് അവനെ എടുത്ത് കിടത്തി. അങ്ങനെ ആ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം പുണ്യപൂങ്കാവനത്തില്‍ നിന്നും അവനും ഇറങ്ങി.'

ഴിഞ്ഞ ദിവസം, കൃത്യമായി പറഞ്ഞാല്‍ മിനിയാന്ന്, കേരളത്തിലെ ഒരു സര്‍വ്വകലാശാലയില്‍ നിന്ന് പഠിച്ചിറങ്ങിയ ഒരു കൂട്ടം ആളുകളുടെ ഫേസ്ബുക്ക്, വാട്സാപ്പ്, ഇന്‍സ്റ്റാഗ്രമുകളില്‍ ഒരു കഴുത നിറഞ്ഞു നിന്നു. ഇളം വെയിലില്‍ ഒരു മരത്തിന് സമീപത്തായി പിന്‍കാലുകള്‍ തമ്മില്‍ പിരിഞ്ഞ നിലയില്‍ നില്‍ക്കുന്ന കഴുത. പെട്ടെന്നൊരു ദിവസം ഒരു കൂട്ടം ആളുകളുടെ ഓര്‍മ്മയിലേക്ക് കയറിവന്ന ആ കഴുതയാണ് 'ജോമാങ്കി'. ഓര്‍മ്മകളില്‍ നിന്നും അവനെ ഓര്‍ത്തെടുത്ത ആ  ആള്‍ക്കൂട്ടമാകട്ടെ തൃശ്ശൂര്‍ മണ്ണുത്തി വെറ്ററിനറി കോളേജിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളും വിദ്യാര്‍ത്ഥികളും അധ്യാപകരും മറ്റ് ജീവനക്കാരുമെല്ലാമായിരുന്നു. അവരുടെയെല്ലാവരുടെയും ഓര്‍മ്മകളെ ഉണര്‍ത്തി ജോമാങ്കി കടന്ന് പോയതാകട്ടെ മണ്ണുത്തി കോളേജിലെ വിഷ്ണു , തന്‍റെ ഇന്‍സ്റ്റാഗ്രാമിലിട്ട ആ ചിത്രത്തിലൂടെയായിരുന്നു.  

എന്തു കൊണ്ടാകും ജോമാങ്കിയെ അവരെല്ലാം പെട്ടെന്ന് ഓര്‍ക്കാന്‍ കാരണം ? അവന്‍, അവരെ വിട്ട് പോയിരിക്കുന്നുവെന്നത് തന്നെ. പ്രായാധിക്യത്തെ തുടര്‍ന്നുള്ള ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് ജോമാങ്കി അവരെ വിട്ട് പോയി. അവനെ കുറിച്ചുള്ള ഓര്‍മ്മകള്‍ അവരെയെല്ലാം ഒരു നിമിഷം മണ്ണുത്തി വെറ്ററിനറി കോളേജ് ക്യാംപസിലെത്തിച്ചു, ശരീരം കൊണ്ടല്ലെങ്കിലും മനസുകൊണ്ട് അവരെല്ലാം ജോമാങ്കിക്ക് ആദാരാഞ്ജലി അര്‍പ്പിച്ചു.  

'തൊണ്ണൂറ്റി അഞ്ച് കാലത്താണ് അവന്‍ ക്യാംപസിലെത്തുന്നത്.' മണ്ണുത്തി വെറ്ററിനറി കോളേജിലെ മുന്‍ അസിസ്റ്റന്‍റ് പ്രഫസര്‍ ബിജു ശ്രീധര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. മണ്ഡലകാലത്ത് ശബരിമലയില്‍ എത്തിയ വെറ്ററിനറി കോളേജിലെ ചില വിദ്യാര്‍ത്ഥികള്‍ തിരിച്ച് വരുമ്പോള്‍ കൂടെ കൂട്ടിയതായിരുന്നു അവനെ. പിന്നീട് ഇവിടെ ക്യാംപസില്‍ തന്നെയായിരുന്നു ഇത്രയും കാലം. അവന്‍റെ കാലുകള്‍ക്ക് ജന്മനാ ചില പ്രശ്നങ്ങളുണ്ടായിരുന്നു. ആദ്യം ഒരു ചെറിയ വേലിയൊക്കെ കെട്ടി അവിടെയാണ് വളര്‍ത്തിയിരുന്നത്. പക്ഷേ, അവന് അത് അസൌകര്യമായി തോന്നിയപ്പോള്‍ തുറന്ന് വിട്ടു. പകല്‍ മെത്തം ക്യാംപസിലൂടെ കറങ്ങി നടന്ന് വൈകീട്ട് മെന്‍സ് ഹോസ്റ്റലിനടുത്ത് വന്ന് കിടക്കും.'  ബിജു ശ്രീധര്‍ കൂട്ടിച്ചേര്‍ത്തു. 

'അവനെപ്പോഴും ഒറ്റയ്ക്കായിരുന്നു. പെള്ളേരൊക്കെ സെല്‍ഫിയെടുക്കാനൊക്കെ നോക്കുമ്പോള്‍ അവന്‍ പിടിച്ച് കടിക്കും. ഈ കടി പേടിച്ച് അധികമാരും അവന്‍റെ അടുത്തേക്ക് പോകാറില്ല. ക്യാംപസില്‍ ആരും അവന് അങ്ങനെ പ്രത്യേകിച്ചൊരു 'കെയറും' കൊടുത്തിരുന്നില്ല.' ജോമാങ്കിയുടെ ചിത്രം പകര്‍ത്തിയ വിഷ്ണു ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. ' കോളേജില്‍ നമ്മളെവിടെ പോയാലും അവനവിടെ കാണും. ഒരു സ്ഥിരം സാന്നിധ്യമായിരുന്നു അവന്‍. ജോമാങ്കിയെ പോലെ തന്നെ ക്യാംപസില്‍ ഒരു പട്ടിയുമുണ്ട്, 'രതീഷ്'. അവന്‍ കുറച്ചൂടെ ഇണങ്ങിയ ആളാണ്. അതുകൊണ്ട് തന്നെ രതീഷുമായി പല വിദ്യാര്‍ത്ഥികള്‍ക്കും അടുപ്പവുമുണ്ട്. എന്നാല്‍, ജോമാങ്കി അങ്ങനല്ല. അവന്‍ എപ്പോഴുമൊരു ഒറ്റയാനായിരുന്നു. ഉപദ്രവിക്കുമെന്നത് കൊണ്ട് ആരും അവന്‍റെയടുത്ത് പോകാറുമില്ല. അവന്‍ തിരിച്ചും അങ്ങനെ തന്നെ. പക്ഷേ, എല്ലാവര്‍ക്കും അവനെ ഇഷ്ടമാണ്. എന്താ പറയാ.. നമ്മടെ കൂടെ ഒള്ള ഒരാളല്ലേ.. അതിന്‍റെ ഒര് അടുപ്പം.' വിഷ്ണു തുടര്‍ന്നു. 

 

 

അതിനിടെ സന്നിധാനത്ത് അനാഥനായി ഒന്നെങ്കില്‍, ദയാവധം അല്ലെങ്കില്‍ കാട്ടിലെ ഏതെങ്കിലും മൃഗത്തിന് ഭക്ഷണം ആകേണ്ടിയിരുന്ന ഒരു പാവം കഴുതക്കുട്ടിയെ, ഒരു വെറ്ററിനറി കോളേജിന്‍റെ മൊത്തം സ്നേഹഭാജനമാക്കി മാറ്റിയ ആ പഴയ ചങ്ങാതികളുടെ കുറിപ്പ് ഫേസ് ബുക്കില്‍ പ്രത്യക്ഷപ്പെട്ടു. ആ കഥ ഇങ്ങനെ.: 

അമേരിക്ക ആസ്ഥാനമാക്കിയുള്ള 'ഡോങ്കി സാങ്ച്വറി' എന്ന എന്‍ജിയോയുടെ ഇന്ത്യന്‍ ചാപ്റ്ററിന്‍റെ പ്രജക്ട് ഹെഡ്ഡായി കോളേജ് അധ്യാപകനായ വിജോ വി ടി (92 ബാച്ച്) പ്രവര്‍ത്തിക്കുന്ന കാലം. അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ ശബരിമലയില്‍ ചുമടെടുക്കാനായി തമിഴ്നാട്ടില്‍ നിന്നും എത്തിക്കുന്ന കഴുതകളെ ശുശ്രൂഷിക്കാന്‍ പമ്പയില്‍ ക്യാംപ് നടത്തി. തീര്‍ത്ഥാടനം കഴിഞ്ഞ് സാമിമാര്‍ മലയിറങ്ങി. കഴുതകളുമായി വന്നവരും തിരിച്ച് പോയി. പക്ഷേ, കൂട്ടത്തില്‍ ഏതാനും മാസം പ്രായമുള്ള ഒരു കഴുത കുട്ടി മാത്രം ഉപേക്ഷിക്കപ്പെട്ടു. എപ്പഴോ ഒടിഞ്ഞ കാലുകള്‍ കൃത്യമായ പരിചരണം ഇല്ലാതിരുന്നതിനാല്‍ ശരിയായ രീതിയില്‍ അല്ലാതെ കൂടിച്ചേര്‍ന്ന (Malunion) നിലയിലായതിനാല്‍ ഉപേക്ഷിക്കപ്പെട്ടതായിരുന്നു അവന്‍. തങ്ങളും കൂടി അവനെ അവിടെ ഉപേക്ഷിച്ചാല്‍ വന്യജീവികളുടെ ഇരയായി മാറും. പിന്നെ , കഴുതകളെ ശുശ്രൂഷിക്കാനെത്തിയവരുടെ മുന്നില്‍ രണ്ട് വഴികളെ ഉണ്ടായിരുന്നൊള്ളൂ. ഒന്നെങ്കില്‍ ദയാവധം (Euthanasia)അല്ലെങ്കില്‍ വളര്‍ത്തല്‍. 

ഒരു കുഞ്ഞിന്‍റെ നിഷ്ക്കളങ്കതയോടെ അവന്‍ അവരെ നോക്കിയപ്പോള്‍, ആ മൃഗവൈദ്യ വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. ജ്യോതിമോന്‍ പിയും സതീഷ് സി സിയും ഡോ.വിജോയും കൂടി സുഹൃത്ത് ജോസഫിന്‍റെ അംബാസഡര്‍ കാറിന്‍റെ ഡിക്കിയിലേക്ക് അവനെ എടുത്ത് കിടത്തി. അങ്ങനെ ആ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം പുണ്യപൂങ്കാവനത്തില്‍ നിന്നും അവനും ഇറങ്ങി. മണ്ണുത്തി വെറ്ററിനറി കോളേജ് മെന്‍സ് ഹോസ്റ്റലിലും പിന്നെ കോളേജിന്‍റെ ഇരുപതോളം വര്‍ഷത്തെ ചരിത്രത്തിലേക്കും  അവന്‍റെതായൊരു ഇടം ഒരുങ്ങുകയായിരുന്നു. 

ജോതിമോന്‍റെ പേരും സതീഷിന്‍റെ കോളേജ് വാസക്കാലത്തെ ഇരട്ടപ്പേരും പിന്നെ 'ഡോങ്കി' എന്ന വാക്കും ചേര്‍ത്ത് മെന്‍സ് ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍ അവനെ 'ജോമാങ്കി' എന്ന് പേര് ചൊല്ലിവിളിച്ചു. അങ്ങനെ അവന്‍ മണ്ണുത്തി വെറ്ററിനറി കോളേജിന്‍റെ ദത്തുപുത്രനായി. ഏതാണ്ട് ഇരുപത് വര്‍ഷത്തിന് മേലെ അവന്‍ ആ കോളേജിന്‍റെ ഭാഗമായി. ഓരോ വര്‍ഷവും പുതിയ പുതിയ ബാച്ച് വിദ്യാര്‍ത്ഥികള്‍ വന്നു, പോയി. പോയവരില്‍ പലരും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് ചേക്കേറി. പലരും ജീവിതത്തിനിടെ ജോമാങ്കിയെ മറന്നു. ഒടുവില്‍ ഒരുനാള്‍, അവന്‍ അവരുടെ എല്ലാവരുടെയും 'ഓര്‍മ്മകളിലേക്ക് മരണില്ലാതെ' കടന്നു ചെന്നു. രണ്ട് പതിറ്റാണ്ടിന്‍റെ ഓര്‍മ്മകളുമായി ജോമാങ്കി ഇന്ന് ലോകത്തിന്‍റെ പലഭാഗങ്ങളിലിരിക്കുന്ന ആളുകളുടെ ഓര്‍മ്മകളിലേക്ക് ചേക്കേറിയിരിക്കുന്നു. 

മണ്ണുത്തിയില്‍ നിന്നും മൃഗവൈദ്യം പഠിച്ചിറങ്ങിയ അനേകര്‍ ലോകത്തിന്‍റെ പല ഭഗങ്ങളില്‍ നിന്ന് ഇന്ന് അവന്‍ അപദാനങ്ങള്‍ അയവിറക്കുന്നു. കെടുത്താതെ എറിഞ്ഞു കളയുന്ന സിഗരറ്റ് നാക്കുകൊണ്ട് നക്കി അകത്താക്കുന്ന, 'വിപ്ലവം' തോല്‍ക്കുമെന്ന് തോന്നിയമ്പോള്‍ (തെരഞ്ഞെടുപ്പ് പരാജയം) ഡോണ്‍ ക്വിക്സോട്ടിനെ കയറ്റിയ കുതിരയെ പോലെ തോറ്റ വിപ്ലവകാരിയെ പുറത്ത് കയറി മെന്‍സ് ഹോസ്റ്റലിനെ വലം വച്ച ജോമാങ്കി, വന്ധീകരണത്തിന് വിധേയനായത് കൊണ്ട് അവനൊരു ഇണയേ വേണമെന്ന് ആരും ഓര്‍ത്തില്ല. എങ്കിലും മെന്‍സ് ഹോസ്റ്റലില്‍ നിന്ന്  ലേഡീസ് ഹോസ്റ്റലിലേക്ക് കൂട്ടുപോകുന്ന, 'കഴുത' എന്ന പദത്തില്‍ നിന്ന് പുറത്തേക്കിറങ്ങിയ അവന്‍, ജോമാങ്കി, ജൊമ്മന്‍, ജോമാംഗി, എന്നിങ്ങനെ പല തലമുറകളില്‍ പല പേരുകളില്‍ നിറഞ്ഞ് നിന്നു. ലോകത്തിന്‍റെ പല കോണുകളില്‍ ഇരിക്കുന്ന ഒരു കൂട്ടം മൃഗവൈദ്യന്മാരെ ഒന്നിച്ച് നിര്‍ത്തുന്ന ഒരു കണ്ണിയായി അവശേഷിക്കുന്നു. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

click me!