ഓസ്ട്രേലിയൻ കുടുംബം ദത്തെടുത്തു, 25 വർഷത്തിനുശേഷം കുടുംബത്തെ കണ്ടെത്തി, അവിശ്വസനീയമായ കൂടിച്ചേരലിന്റെ കഥ

By Web TeamFirst Published Jun 9, 2021, 11:29 AM IST
Highlights

ജനലിലൂടെ വെളിയിലേക്ക് നോക്കിയ അവൻ ഞെട്ടിപ്പോയി. അവൻ പൂർണമായും ഒറ്റക്കായിരിക്കുന്നു. ചുറ്റും പരിചയമില്ലാത്ത ആളുകളും, പരിചയമില്ലാത്ത കടകളും കണ്ട് അവന്റെ കണ്ണുകൾ നിറഞ്ഞു. 

ഒരു ചെറിയ ഇന്ത്യൻ പട്ടണത്തിലാണ് സരൂ ബ്രയർലി ജനിച്ചത്. 1986 -ൽ,  അഞ്ച് വയസുള്ളപ്പോൾ അവൻ തന്റെ കുടുംബവുമായി വേർപ്പെട്ടു. ഒരു അഞ്ചു വയസുകാരൻ സ്വന്തം വീടും, നാടും എങ്ങനെ ഓർത്തെടുക്കാനാണ്. അവന് എത്ര ശ്രമിച്ചിട്ടും വീടെത്താൻ സാധിച്ചില്ല. ഒടുവിൽ ഒരു ഓസ്‌ട്രേലിയൻ കുടുംബം അവനെ ദത്തെടുത്തു. വർഷങ്ങൾ കഴിയുംതോറും അവന്റെ വേരുകൾ തേടിയുള്ള യാത്രകൾ അവൻ തുടർന്നു. ഒടുവിൽ 25 വർഷത്തിന് ശേഷം ഗൂഗിൾ എർത്തിന്റെ സഹായത്തോടെ അവൻ തന്റെ കുടുംബത്തെ കണ്ടെത്തി.  

2012 -ലെ അവരുടെ പുനഃസമാഗമം ലോകമെമ്പാടും പ്രധാനവാർത്തയായി. അവന്റെ ആത്മകഥ അന്താരാഷ്ട്ര ബെസ്റ്റ് സെല്ലറായ 'എ ലോങ് വേ ഹോം' എന്ന പുസ്തകത്തിൽ അവൻ വിവരിക്കുന്നു. അതിജീവനത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും ഹൃദയസ്പർശിയായ കഥയാണ് ഇത്.

 

സരൂ മുൻഷി ഖാൻ ഒരു വിദൂര ഗ്രാമത്തിലാണ് ജനിച്ചത്. അച്ഛൻ കുടുംബത്തെ ഉപേക്ഷിച്ച് വേറെ കല്യാണം കഴിച്ചു. അവന്റെ അമ്മയാണ് അവനെയും സഹോദരങ്ങളെയും നോക്കിയിരുന്നത്. നിർമ്മാണ മേഖലയിൽ കൂലിവേല ചെയ്താണ് അവർ മക്കളെ പോറ്റിയിരുന്നത്. സഹോദരന്മാർ അല്പസ്വല്പം ഭക്ഷണം മോഷ്ടിച്ചും, ചിലപ്പോൾ യാചിച്ചും പണമുണ്ടാക്കി. സരൂവിന്റെ ചേട്ടന്മാരായ ഗുഡ്ഡുവും കല്ലുവും ചെറിയ ജോലികൾ ചെയ്തു. അവരാരും സ്കൂളിൽ പോയിട്ടില്ല. അഞ്ചുവയസുള്ള സരൂവിന് തന്റെ പേര് എഴുതാനോ 10 വരെ എണ്ണാനോ അറിയില്ലായിരുന്നു. മറ്റെല്ലാവരും ഭക്ഷണത്തിനോ പണത്തിനോ വേണ്ടി തെരുവുകളിലും, റെയിൽവെ സ്റ്റേഷനുകളിലും പോകുമ്പോൾ, തന്റെ കുഞ്ഞു സഹോദരി ഷെകിലയെ നോക്കാൻ അവൻ വീട്ടിൽ തന്നെ ഇരിക്കും. ഒരുദിവസം, അവനെയും അവർ കൊണ്ടുപോയി. റെയിൽ‌വേ പ്ലാറ്റ്ഫോമിൽ ആളുകൾ ഉപേക്ഷിക്കുന്ന ഭക്ഷണമോ, നാണയമോ തിരഞ്ഞ് അവർ നടന്നു. ആദ്യമായാണ് സരൂ ഇത്രയും ദൂരം വരുന്നത്. അവന് നല്ല സന്തോഷം തോന്നി. ആളുകളെയും, കടകളെയും, ട്രെയിനുകളെയും എല്ലാം അവൻ കൗതുകത്തോടെ നോക്കിക്കണ്ടു. ഒരു ഉല്ലാസയാത്ര പോയ പ്രതീതിയായിരുന്നു അവന്.  

വൈകിട്ടായപ്പോൾ, ഏകദേശം രണ്ട് മണിക്കൂർ ട്രെയിനിൽ യാത്ര ചെയ്ത് അകലെയുള്ള ബുർഹാൻപൂരിലേക്ക് അവർ പോയി. സ്റ്റേഷനിൽ ഇറങ്ങിയപ്പോൾ സരൂവിന് ക്ഷീണം തോന്നി. ചേട്ടൻ അവനോട് ഒരു ബെഞ്ചിൽ വിശ്രമിച്ചോളാൻ പറഞ്ഞു. താൻ ഉടൻ മടങ്ങിവരാമെന്നും അവനോട് ചേട്ടൻ പറഞ്ഞു. എന്നാൽ, അത് അവരുടെ അവസാനത്തെ കൂടിക്കാഴ്ചയായിരുന്നു. സരൂ ഉറക്കമുണർന്നപ്പോൾ രാത്രിയായി. സഹോദരനെ അവിടെ എങ്ങും കണ്ടില്ല. "ഇനി പുറത്ത് ഉണ്ടാകുമോ" അവൻ ചിന്തിച്ചു. 

എന്നാൽ, പുറത്തുപോയി നോക്കിയിട്ടും ചേട്ടനെ കണ്ടില്ല. അവൻ പരിഭ്രാന്തനായി അടുത്ത് കണ്ട ട്രെയിനിൽ ചാടി കയറി. "ചേട്ടൻ അടുത്ത ബോഗിയിലുണ്ടാകും" അവൻ സ്വയം ആശ്വസിക്കാൻ ശ്രമിച്ചു. വിശപ്പും ക്ഷീണവും കാരണം അറിയാതെ അവൻ ഉറങ്ങിപ്പോയി. ട്രെയിൻ എവിടേക്കാണ് പോകുന്നതെന്ന് സരൂവിന് അറിയില്ലായിരുന്നു. അവൻ ഉറക്കമുണർന്ന് പുറത്തേക്ക് നോക്കി.

ജനലിലൂടെ വെളിയിലേക്ക് നോക്കിയ അവൻ ഞെട്ടിപ്പോയി. അവൻ പൂർണമായും ഒറ്റക്കായിരിക്കുന്നു. ചുറ്റും പരിചയമില്ലാത്ത ആളുകളും, പരിചയമില്ലാത്ത കടകളും കണ്ട് അവന്റെ കണ്ണുകൾ നിറഞ്ഞു. അവിടെയെങ്ങും അവന്റെ ചേട്ടനെ അവൻ കണ്ടില്ല. അവൻ ചേട്ടന്റെ പേര് വിളിച്ചു അവിടെയെല്ലാം കരഞ്ഞുകൊണ്ട് നടന്നു. പക്ഷേ, ചേട്ടൻ ഒരിക്കലും ആ വിളി കേട്ടില്ല. ട്രെയിൻ 1,600 കിലോമീറ്ററിലധികം സഞ്ചരിച്ച് കൊൽക്കത്തയിൽ എത്തിയിരുന്നു അപ്പോഴേക്കും. അവൻ ഇറങ്ങി നടന്നു. അവൻ അവന്റെ വീടിനെയും, അമ്മയെയും ഓർത്തു. ഇനി തനിക്ക് ഒരിക്കലും അമ്മയെ കാണാൻ സാധിക്കില്ലേ എന്നവൻ ഭയന്നു.  

'ലയണ്‍' സിനിമയുടെ പ്രദര്‍ശനത്തിനിടെ

അവൻ വീട്ടിലേയ്ക്ക് തിരിച്ച് പോകാൻ ശ്രമിച്ചു. ഹൗറ സ്റ്റേഷനിൽ, ഒരു കൊച്ചുകുട്ടി പ്ലാറ്റ്ഫോമിൽ നിന്ന് പ്ലാറ്റ്‌ഫോമിലേക്ക് കരഞ്ഞുകൊണ്ട് ഓടുന്നത് ആരും ശ്രദ്ധിച്ചില്ല. നിലത്തുവീണ നിലക്കടലയും, മറ്റ് ഭക്ഷണസാധനങ്ങളും കഴിച്ച് അവൻ വിശപ്പടക്കി. കൊൽക്കത്ത പോലുള്ള ഒരു വലിയ നഗരത്തിൽ അവൻ എങ്ങനെയെല്ലാം ദുരുപയോഗം ചെയ്യപ്പെടാം എന്ന് ഊഹിക്കാവുന്നതേ ഉള്ളൂ. ബാലവേല മുതൽ ലൈംഗികമായ ദുരുപയോ​ഗം വരെ അവന് നേരിടേണ്ടി വരാം. എന്നാൽ, തിരിച്ച് പോകാൻ വഴിയില്ലാതെ കൊൽക്കത്തയിലെ തെരുവുകളിൽ അവൻ  മാസങ്ങളോളം കഴിഞ്ഞു. തെരുവുകളിൽ പതിയിരിക്കുന്ന അപകടങ്ങളെക്കുറിച്ച് അവന് അറിയാമായിരുന്നു. 

പക്ഷേ, ആളുകൾ അവനോട് ദയ കാണിച്ചു. ഒരിക്കൽ വെള്ളത്തിൽ മുങ്ങി മരിക്കാൻ പോയപ്പോൾ രക്ഷിച്ച ഒരാളും, വിശന്നപ്പോൾ ഭക്ഷണം നൽകിയ ഒരമ്മയും, അഭയം നൽകിയ ഒരു ആൺകുട്ടിയും എല്ലാം ദൈവത്തിന്റെ രൂപത്തിൽ അവന്റെ കഷ്ടപ്പാടിൽ അവനെ തുണച്ചു. ഒരു ദിവസം ഒരാൾ അവനെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. 1987 ആയിരുന്നു അത്. അവന്റെ മനസിൽ ഓർമ്മ വരുന്ന ഒരു പേര് “ബെറാംപൂർ” എന്ന് മാത്രമാണ്. എന്നാൽ, അത് എവിടെയാണെന്ന് പൊലീസുകാർക്ക് മനസിലായില്ല. ഒടുവിൽ, സരൂവിനെ ജുവനൈൽ ഹോമിലേക്ക് പൊലീസ് മാറ്റി. ഇന്ത്യൻ സൊസൈറ്റി ഫോർ സ്പോൺസർഷിപ്പ് ആൻഡ് അഡോപ്ഷൻ എന്ന എൻ‌ജി‌ഒ അവനെ ദത്തെടുക്കൽ പട്ടികയിൽ ചേർത്തു.

അങ്ങനെ ഓസ്‌ട്രേലിയക്കാരായ ദമ്പതികൾ ജോണും സ്യൂ ബ്രയർലിയയും അവനെ ദത്തെടുത്തു. ഓസ്ട്രേലിയയിലേക്ക് പറന്നപ്പോൾ, ഒരു ഇംഗ്ലീഷ് വാക്കുപോലും സംസാരിക്കാൻ അവനറിയില്ലായിരുന്നു. അവർക്കാണെങ്കിൽ ഹിന്ദിയും അറിയില്ല. എന്നാൽ, സ്നേഹത്തിന് ഭാഷ വേണ്ടല്ലോ. അവൻ അവരുടെ മകനായി അവിടെ വളർന്നു. അവന്റെ കുട്ടിക്കാലത്തിന്റെ ഒരു ഓർമ്മയായി സ്യൂ അവന്റെ മുറിയുടെ ചുവരിൽ ഒരു മാപ്പ് തൂക്കിയിട്ടിരുന്നു. സരൂ മണിക്കൂറുകളോളം അതിൽ നോക്കി ഇരിക്കുമായിരുന്നു. അവൻ അവന്റെ നാട് ഓർത്തു, അമ്മയെയും സഹോദരങ്ങളെയും ഓർത്തു.

പ്രായമാകുന്തോറും വീട്ടിലേക്കുള്ള വഴി കണ്ടെത്താനുള്ള ആഗ്രഹം അവനിൽ ശക്തിപ്പെട്ടു. എന്നാൽ, അത് എവിടെയാണെന്ന് അവന് ഓർമ്മ വന്നില്ല. ഒടുവിൽ സരൂ, ഗൂഗിൾ എർത്ത് കണ്ടെത്തി. പിന്നീടുള്ള ഓരോ രാത്രിയും മണിക്കൂറുകളോളം അവൻ അതിൽ ചെലവഴിച്ചു. എന്നാൽ, അതിന് വർഷങ്ങളെടുക്കുമെന്ന് അവനറിയാമായിരുന്നു.  ക്രമേണ, അവൻ ട്രെയിൻ ട്രാക്കുകൾ പിന്തുടരാൻ തുടങ്ങി. അത് ഒരു ട്രെയിൻ സ്റ്റേഷനിലേക്ക് നയിച്ചു. അത് അവന്റെ ഓർമ്മകളിൽ നിന്ന് ചികഞ്ഞെടുത്ത അതേ ചിത്രമായിരുന്നു. അവൻ ബുർഹാൻപൂർ കണ്ടെത്തി. വാട്ടർ ടാങ്ക്, പാലം, റിംഗ് റോഡ് എല്ലാം അതേപോലെ തന്നെയുണ്ടായിരുന്നു. അടുത്ത സ്റ്റേഷനിലേക്കുള്ള പാത അവൻ പിന്തുടർന്നു. പക്ഷേ, ഖണ്ട്വ റെയിൽ‌വേ സ്റ്റേഷൻ അവന് തിരിച്ചറിയാൻ കഴിഞ്ഞില്ല.  

'ഖണ്ട്വ: മൈ ഹോം ടൗൺ' എന്ന ഫേസ്ബുക്ക് ഗ്രൂപ്പ് അവൻ കണ്ടെത്തി. അവൻ അവരോട് നാടിനെ കുറിച്ചുള്ള വിവരണങ്ങൾ ചോദിച്ചു. ഒടുവിൽ ആ സ്ഥലത്തിന്റെ പേര് ഒരാൾ അവന് അയച്ചു കൊടുത്തു, 'ഗണേഷ് തലായ്.' പതിനൊന്ന് മാസങ്ങൾക്ക് ശേഷം, 2012 -ൽ അവൻ ഇന്ത്യയിലേക്ക് വിമാനം കയറി. പിച്ചവച്ച വഴികളിലൂടെ അവൻ വീണ്ടും യാത്ര നടത്തി. കുട്ടിക്കാലത്ത് കളിച്ചിരുന്ന തെരുവ്, കുളം എല്ലാം ഇന്നലെ എന്ന പോലെ അവൻ ഓർത്തു. ഒടുവിൽ തന്റെ പഴയ വീടിന് മുന്നിൽ അവൻ നിന്നു. നാട് മുഴുവൻ അവന്റെ വരവിനായി കാത്ത് നിന്നിരുന്ന പോലെ തോന്നി. എന്നാൽ, അടുത്ത് ചെന്നപ്പോൾ ആ വീട് ശൂന്യമായിരുന്നു. അവന്റെ ഹൃദയം ഉടഞ്ഞു. ചുറ്റും കൂടിയ ആളുകളോട് അവൻ തന്റെ പേര് പറഞ്ഞു, ചേട്ടന്മാരുടെ പേര് പറഞ്ഞു. ഒടുവിൽ ഒരാൾ പറഞ്ഞു, “എന്നോടൊപ്പം വരൂ. ഞാൻ നിങ്ങളെ നിങ്ങളുടെ അമ്മയുടെ അടുത്തേക്ക് കൊണ്ടുപോകാം.”

ഒടുവിൽ അമ്മയെ അവൻ കണ്ടെത്തി. കണ്ടമാത്രയിൽ ആ അമ്മ മകനെ തിരിച്ചറിഞ്ഞു. കമല മകനെ കെട്ടിപ്പിടിച്ച് കരഞ്ഞു. മകന്റെ കൈ പിടിച്ച് അവനെ അവരുടെ വീട്ടിലേക്ക് നയിച്ചു. “ഷെരു, ഷെരു” അവൾ മകന്റെ പേര് ഉരുവിട്ട് കൊണ്ടിരുന്നു. അപ്പോഴാണ് അവന് മനസ്സിലായത്, തന്റെ പേര് ഇത്രയും കാലം തെറ്റായി ഉച്ചരിക്കുകയായിരുന്നു. അവന്റെ സഹോദരങ്ങളും ഇപ്പോൾ കല്യാണം കഴിഞ്ഞ് കുടുംബമായി കഴിയുന്നു. കല്ലു ഒരു ഫാക്ടറിയിൽ ജോലി ചെയ്യുന്നു. വിവാഹം കഴിഞ്ഞ് മൂന്ന് കുട്ടികളുടെ അച്ഛനാണ് അവൻ. ഷെക്കിലയും വിവാഹിതയായിരുന്നു. ഗുഡ്ഡു ഒരിക്കലും വീട്ടിൽ തിരിച്ചെത്തിയില്ല. ട്രെയിൻ ട്രാക്കിൽ നിന്ന് പിന്നീട് അവന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.  ഇപ്പോൾ അദ്ദേഹം ഇടക്കിടെ തന്റെ വീട് സന്ദർശിക്കുന്നു. 

'ലയണ്‍ 'സിനിമയില്‍ നിന്ന്

പ്രശസ്‌ത ദേശീയ അന്തർ‌ദ്ദേശീയ സ്ഥാപനങ്ങളിലും ഓർ‌ഗനൈസേഷനുകളിലും സരൂ പതിവായി പൊതുപ്രസംഗങ്ങൾ‌ നടത്തുന്നു. ലോകമെമ്പാടുമുള്ള ആളുകൾ അദ്ദേഹത്തിന്റെ അവിശ്വസനീയമായ കഥ കേട്ട് തരിച്ചിരിക്കുന്നു. 'ലയൺ' എന്ന പേരിലിറങ്ങിയ ഓസ്ട്രേലിയൻ ബയോ​ഗ്രഫിക്കൽ ഡ്രാമാ ഫിലിം സരൂവിന്റെ ജീവിതമാണ് പറയുന്നത്. 

 

 

click me!