ഫോട്ടോഗ്രാഫര്‍മാര്‍ക്കേറെ ഇഷ്‍ടം, ടാറ്റൂ രൂപത്തില്‍ യുവാക്കളുടെ കൈകളില്‍; ഈ പൂക്കള്‍ക്ക് എന്താണിത്ര പ്രത്യേകത?

By Web TeamFirst Published Jan 13, 2020, 5:26 PM IST
Highlights

വളച്ചൊടിച്ച രൂപത്തിലുള്ള ഇതളുകളാണ് ഈ പൂവിന്റെ ഏറ്റവും വലിയ സവിശേഷത. ഡിസംബറിലാണ് ഈ പൂക്കള്‍ ഏറെയുണ്ടാകുന്നതെങ്കിലും ഇപ്പോഴും ചിലയിടങ്ങളില്‍ പൂത്തുലഞ്ഞ് കാണപ്പെടുന്നുണ്ടെന്ന് ഇദ്ദേഹം പറയുന്നു.

ഈ പുഷ്പം തേനീച്ചകളെയും പക്ഷികളെയും മാത്രമല്ല ആകര്‍ഷിക്കുന്നത്. ഫോട്ടോഗ്രാഫര്‍മാരുടെ കണ്ണിലുണ്ണിയാണ് ഈ സുന്ദരിപ്പൂവ്. ടിലോപിയ ട്രങ്കേറ്റ (Telopea truncata) എന്ന ഈ പൂവ് ടാസ്‍മാനിയക്കാരുടെ പ്രിയപുഷ്‍പമാണ്. നവംബര്‍ മുതല്‍ ജനുവരി വരെയുള്ള കാലത്ത് ഇവിടങ്ങളില്‍ വിടര്‍ന്നുല്ലസിച്ച് കാഴ്ചക്കാരെ ആകര്‍ഷിക്കുന്ന ഈ പുഷ്പം പ്രാദേശികമായി പലയിടങ്ങളിലും കാണപ്പെടുന്നു.

ഇന്ന് ഈ പൂക്കള്‍ സാവധാനം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. പക്ഷേ, വര്‍ഷം മുഴുവന്‍ പൂക്കളുടെ സൗന്ദര്യം ആസ്വദിക്കാനും ചിലര്‍ വഴികള്‍ കണ്ടെത്തുന്നുണ്ട്. ഇവിടെ വളരെയേറെ പ്രചാരമുള്ള ഈ പുഷ്പം ടാറ്റൂ രൂപത്തില്‍ യുവാക്കളുടെ കൈകളിലും സ്ഥാനം പിടിച്ചു. അന്യഗ്രഹജീവികളോടെന്ന പോലെ ആകാംക്ഷയോടെയാണ് ഇവര്‍ ഈ പൂവിനെ കാണുന്നത്.

 

കഴിഞ്ഞ നാല് വര്‍ഷങ്ങളിലായി നിങ്ങള്‍ ടാസ്മാനിയയിലെ റോഡിലൂടെ സഞ്ചരിച്ചിട്ടുണ്ടെങ്കില്‍ ടിലോപിയയുടെ പൂക്കളുടെ ഡിസൈനുള്ള സ്റ്റിക്കറുകള്‍ വില്‍പ്പനയ്ക്ക് എത്തിച്ചത് കാണാം. 2016 മുതല്‍ 13,000 സ്റ്റിക്കറുകള്‍ വിറ്റഴിച്ചതായി ഇത് ഡിസൈന്‍ ചെയ്ത കലാകാരന്‍ ജോഷ് പ്രിങ്കിള്‍ പറയുന്നു. 24,000 ഡോളര്‍ ഇതില്‍ നിന്നും പ്രാദേശികമായ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിച്ചിട്ടുണ്ട്.

പൂന്തോട്ടത്തില്‍ ഈ പുഷ്പം വിടര്‍ന്നു നില്‍ക്കുന്ന കാഴ്ചയിലുള്ള പ്രത്യേകതയാണ് മറ്റുള്ളവരെ ആകര്‍ഷിക്കുന്നതെന്നാണ് ജോഷ് കരുതുന്നത്. കടുംചുവപ്പ് നിറത്തിലുള്ള പൂക്കള്‍ മലനിരകളുടെ മങ്ങിയ പച്ചപ്പില്‍ പൂത്തു നില്‍ക്കുമ്പോളാണ് ആകര്‍ഷണീയത. ടാസ്മാനിയയുടെ അടയാളമായി ഈ പുഷ്പം മാറിക്കഴിഞ്ഞു.

സസ്യശാസ്ത്രജ്ഞനായ നിക്ക് ഫിറ്റ്‌ഗെറാള്‍ഡ് പറയുന്നത് പര്‍വതനിരകളിലാണ് ഈ ചെടി കൂടുതലായി വളരുന്നതെന്നാണ്. എന്നിരുന്നാലും തെക്ക് പടിഞ്ഞാറ് ഭാഗത്ത് സമുദ്രനിരപ്പിലും വളരുന്നുണ്ടെന്ന് അറിയാന്‍ കഴിഞ്ഞിട്ടുണ്ട്.

'ടിലോപിയ ട്രങ്കേറ്റ ടാസ്മാനിയയില്‍ കണ്ടുവരുന്നതില്‍ വെച്ച് ഏറ്റവും വലതും അത്യാകര്‍ഷകവുമാണെന്നതാണ് ഇതിന്റെ പ്രത്യേകത' ഇദ്ദേഹം പറയുന്നു.

ഈ പുഷ്പം തേന്‍ കുടിക്കാനെത്തുന്ന പക്ഷികള്‍ വഴിയും ശലഭങ്ങള്‍ വഴിയും പരാഗണം നടക്കാന്‍ അനുയോജ്യമായ രീതിയിലാണ് പ്രകൃതി രൂപകല്‍പന ചെയ്തിട്ടുള്ളതെന്ന് നിക്ക് പറയുന്നു.

വളച്ചൊടിച്ച രൂപത്തിലുള്ള ഇതളുകളാണ് ഈ പൂവിന്റെ ഏറ്റവും വലിയ സവിശേഷത. ഡിസംബറിലാണ് ഈ പൂക്കള്‍ ഏറെയുണ്ടാകുന്നതെങ്കിലും ഇപ്പോഴും ചിലയിടങ്ങളില്‍ പൂത്തുലഞ്ഞ് കാണപ്പെടുന്നുണ്ടെന്ന് ഇദ്ദേഹം പറയുന്നു.

വെല്ലിങ്ടണിലെ മലയോരങ്ങളിലും വെസ്റ്റ്‌കോസ്റ്റിലും ഹാര്‍സിലും ക്രാഡിലിലും ഈ ചെടികള്‍ ധാരാളം വളരുന്നു. ജീനുകളില്‍ സ്വാഭാവികമായ ഉത്പരിവര്‍ത്തനം സംഭവിച്ച് കുടംചുവപ്പിനെക്കൂടാതെ മറ്റുള്ള നിറങ്ങളിലും ഈ പൂവ് വിരിയാറുണ്ട്. പക്ഷേ, അത് അപൂര്‍വമായ കാഴ്ചയാണെന്ന് നിക്ക് സൂചിപ്പിക്കുന്നു. നിങ്ങള്‍ക്ക് ഭാഗ്യമുണ്ടെങ്കില്‍ മഞ്ഞനിറത്തിലും ഈ പൂക്കള്‍ കാണാം.

പ്രോട്ടിയ സസ്യകുടുംബത്തിലെ അംഗമാണ് ഈ പുഷ്പം. സൗത്ത് ആഫ്രിക്കയിലെ ദേശീയ പുഷ്പമാണ് കിങ്ങ് പ്രോട്ടിയ. ഈ ചെടികള്‍ സാധാരണയായി പര്‍വതപ്രദേശങ്ങളിലാണ് കണ്ടുവരുന്നത്. തേന്‍ ഇഷ്ടപ്പെടുന്ന പക്ഷികളെ കാന്തംപോലെ ആകര്‍ഷിക്കാനുള്ള കഴിവാണ് ഇത്തരം പുഷ്പവര്‍ഗങ്ങളുടെ പ്രത്യേകത.

 

കളിമണ്ണ് നിറഞ്ഞ സ്ഥലങ്ങളില്‍ ഈ ചെടി വളരില്ല. നല്ല വായുസഞ്ചാരമുള്ളതും സൂര്യപ്രകാശമുള്ളതുമായ സ്ഥലങ്ങളില്‍ പാത്രങ്ങളിലാക്കി വീടുകളില്‍ ഈ ചെടി വളര്‍ത്താവുന്നതാണ്. നല്ല നീര്‍വാര്‍ച്ചയുള്ള സ്ഥലങ്ങളാണ് ഇഷ്ടം. വരള്‍ച്ചയെ പ്രതിരോധിക്കാന്‍ കഴിവുള്ള ചെടിയാണിത്. ആഴ്ചയില്‍ ഒരിക്കല്‍ നനച്ചാലും അതിജീവിക്കും. കാര്യമായ വളപ്രയോഗം ആവശ്യമില്ല. പോഷകമൂല്യങ്ങള്‍ തീരെ കുറഞ്ഞ മണ്ണിലും നന്നായി വളരുന്ന ചെടിയാണ്.

താഴ്ന്ന പ്രദേശങ്ങളില്‍ ഈ ചെടി വളര്‍ത്തുകയെന്നത് വെല്ലുവിളിയാണെന്ന് കര്‍ഷകര്‍ പറയുന്നു. കൊമ്പുകോതല്‍ ആവശ്യമാണ്. ചെടിയുടെ തലപ്പ് പ്രൂണ്‍ ചെയ്യുന്നതാണ് ഇവിടങ്ങളിലെ രീതി. അതുപോലെ നിര്‍ജീവമായ പൂക്കള്‍ പറിച്ചുമാറ്റണം.

ടാസ്മാനിയയിലെ എസ്സി ഹക്‌സിലി എന്ന വനിത പൂന്തോട്ടങ്ങളുടെ നിര്‍മാണത്തില്‍ പ്രശസ്തയാണ്. ഇവരുടെ പൂന്തോട്ടത്തില്‍ ഈ പൂച്ചെടിയുടെ വലിയൊരു ശേഖരമുണ്ട്. മഞ്ഞ നിറത്തിലുള്ള പൂക്കളും ഇവിടെ കാണാം. നിരവധി പൂക്കളെക്കുറിച്ച് അറിവുള്ളയാളും വളരെ അപൂര്‍വമായി മാത്രം കാണപ്പെടുന്ന ചെടികള്‍ തന്റെ വീട്ടില്‍ വളര്‍ത്താന്‍ താല്പര്യമുള്ള സ്ത്രീയുമായിരുന്നു അവര്‍.

ചിലപ്പോള്‍ 3 മീറ്റര്‍ ഉയരത്തിലുള്ള കുറ്റിച്ചെടിയായും മറ്റു ചിലപ്പോള്‍ 10 മീറ്റര്‍ വരെ ഉയരമുള്ള മരമായും ഈ ചെടി വളരാറുണ്ട്. ഫെബ്രുവരി വരെയുള്ള കാലത്തും പൂക്കള്‍ കാണാറുണ്ട്. 1805 -ലാണ് ഈ ചെടി ആദ്യമായി ശാസ്ത്രലോകം കണ്ടെത്തിയത്.

click me!