സയനൈഡ് കൊടുത്തിട്ടും മരിക്കാതെ ആൾദൈവം, റാസ്‌പുട്ടിന്റെ കൊലപാതകത്തിന് പിന്നിലെ രഹസ്യങ്ങൾ ചുരുളഴിയുന്നു

By Babu RamachandranFirst Published Oct 12, 2019, 10:04 AM IST
Highlights

ഒരു തരി അകത്തുചെന്നാൽ ആളെക്കൊല്ലുന്ന വിഷം എന്തുകൊണ്ട് റാസ്‌പുട്ടിനെ കൊന്നില്ല..? ആൾദൈവത്തിന്റെ അമാനുഷികശക്തികൾക്ക് സയനൈഡിന്റെ വിഷത്തെ തടുത്തുനിർത്താനുള്ള ശേഷിയുണ്ടായിരുന്നോ..?

പണ്ടുപണ്ട്... പത്തൊമ്പതാം നൂറ്റാണ്ടിലെ റഷ്യയിൽ, കൃത്യമായിപ്പറഞ്ഞാൽ സൈബീരിയ എന്ന തണുത്തുറഞ്ഞു കിടക്കുന്ന ഒരു മരുഭൂമിയിൽ, ഗ്രിഗറി റാസ്പുട്ടിൻ എന്നൊരു ആൾദൈവമുണ്ടായിരുന്നു. അയാൾക്ക് സാർ ചക്രവർത്തിയുടെ പത്നിയോട് പതിവിൽ കവിഞ്ഞ ഒരടുപ്പമുണ്ടായി. അതിൽ ക്ഷുഭിതനായ രാജകുമാരൻ ആ സന്യാസിയെ വധിക്കാൻ ഉറപ്പിച്ചു. വിരുന്നിനെന്നും പറഞ്ഞ് റാസ്‌പുട്ടിനെ രാജകുമാരൻ കൊട്ടാരത്തിലേക്ക് വിളിച്ചുവരുത്തി. കൊടിയവിഷമായ പൊട്ടാസ്യം സയനൈഡ് ഭക്ഷണത്തിൽ കലർത്തി കൊല്ലാൻ നോക്കി. അത് റാസ്പുട്ടിന് ഏശിയില്ല. രണ്ടാമതും സയനൈഡ് വീഞ്ഞിൽ കലർത്തി കൊടുത്തിട്ടും റാസ്പുട്ടിൻ മരിച്ചില്ല. ഒടുവിൽ അവർ അയാളെ വെടിവെച്ചു കൊന്ന് നദിയിലെറിഞ്ഞു. 

അത് റാസ്‌പുട്ടിനെക്കുറിച്ചുള്ള മിത്തുകളുടെ തുടക്കം മാത്രമായിരുന്നു. ആരായിരുന്നു ഗ്രിഗറി റാസ്പുട്ടിൻ..? രാജകുമാരനും സംഘത്തിനും കൊല്ലാനും മാത്രം ദേഷ്യം എന്തിനായിരുന്നു റാസ്‌പുട്ടിനോട്? പത്താളെക്കൊല്ലാനുള്ള സയനൈഡ് കേക്കിൽ തേച്ചു കൊടുത്തിട്ടും, ഷാംപെയ്‌നിൽ കലക്കിയിട്ടും അതൊന്നും റാസ്‌പുട്ടിനെ കൊല്ലാതിരുന്നത് എന്തുകൊണ്ടാണ്..? അങ്ങനെ ചോദ്യങ്ങൾ പലതുണ്ട്. 

സൈബീരിയൻ മരുഭൂമിയിൽ വെച്ചുണ്ടായ വെളിപാട് 

1869 ജനുവരി 10-ന് റഷ്യയിലെ സൈബീരിയ എന്ന മരുപ്രദേശത്താണ് റാസ്പുട്ടിൻ ജനിക്കുന്നത്. 46  ലക്ഷം ചതുരശ്ര മൈലിൽ പടർന്നുപന്തലിച്ചുകിടക്കുന്ന ലോകത്തിലെ ഏറ്റവും വിസ്തൃതമായ മരുഭൂമിയാണ് സൈബീരിയ. എന്നാൽ നൂറ്റാണ്ടുകളായി മതഭ്രഷ്ടരെയും, കൊടും ക്രിമിനലുകളെയും കൊണ്ടുതള്ളാനുള്ള ഇടമായും റഷ്യ ഈ മരുഭൂമിയെ പ്രയോജനപ്പെടുത്തി വരുന്നുണ്ട്. ആൾദൈവങ്ങൾക്കും അവരുടെ പിന്തുടർച്ചക്കാർക്കും തീവ്രമത വിശ്വാസിസമൂഹങ്ങൾക്കും താവളമായിരുന്നു സൈബീരിയ. ആ പേര് കേൾക്കുമ്പോൾ ഓർക്കേണ്ടത് അതിവിശാലമായ ഒരു ഭൂപ്രദേശമെന്നാണ്. നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന ഭൂമി. സഞ്ചരിക്കാൻ അധികം നിരത്തുകളില്ലാതെ, മറ്റുപ്രദേശങ്ങളിൽ നിന്ന് വേർപെട്ടുകിടന്നിരുന്നു, എന്നും സൈബീരിയ. തണുപ്പ്, ചൂളം കുത്തുന്ന തണുപ്പായിരുന്നു സൈബീരിയയുടെ മുഖമുദ്ര. 

റാസ്പുട്ടിന്റെ ജനനം സൈബീരിയയിലെ പൊക്രോവ്സ്‌കി എന്ന ടൗണിലായിരുന്നു. നാഗരികത അവസാനിക്കുന്ന ഒരു തുരുത്തായിരുന്നു ആ സൈബീരിയൻ പട്ടണം. നിരവധി സഭകൾ മതം പ്രചരിപ്പിച്ചുകൊണ്ടിരുന്നിട്ടും, സഭാവിശ്വാസങ്ങളിൽ നിന്നുള്ള ചാഞ്ചല്യം അവിടെ എല്ലാവരെയും ബാധിച്ചിരുന്നു. റാസ്പുട്ടിൻ എന്ന യുവാവ്, കടുത്തൊരു മദ്യപാനിയായിരുന്നു എങ്കിലും വെളിപാടിനുവേണ്ടി കൊതിച്ചുകൊണ്ടിരുന്ന, അതേക്കുറിച്ചുള്ള സ്വപ്‌നങ്ങൾ കണ്ടുകൊണ്ടിരുന്ന ഒരു ശുഭാപ്തിവിശ്വാസി കൂടിയായിരുന്നു. ഇടയ്ക്കിടെ ദിവ്യദർശനങ്ങൾ ഉണ്ടാകുമായിരുന്നു റാസ്പുട്ടിന്. റാസ്പുട്ടിൻ അരികിൽ വന്ന് കുഞ്ചിരോമങ്ങളിൽ ഒന്ന് തൊട്ടുതഴുകിയാൽ മാത്രം മതി, രോഗങ്ങൾ മൂർച്ഛിച്ച് മുതിരയെടുക്കാതെ നിൽക്കുന്ന കുതിരകൾ ഉഷാറാകും. അസുഖമെല്ലാം പമ്പകടക്കും. സൈബീരിയ അത്ഭുതവൃത്തികൾ കണ്ടുവളർന്ന ഒരു നാടായിരുന്നിട്ടും ഈ ബാലന്റെ പ്രകടനങ്ങൾ തദ്ദേശവാസികളിൽ ഒരളവുവരെ ഭീതിപടർത്തി. അവനിൽ സാത്താൻ അധിവസിക്കുന്നുണ്ട് എന്ന് പലരും വിശ്വസിച്ചു. 

റാസ്പുട്ടിൻ നാട്ടിലെ ഒരു യുവതിയെ വിവാഹം ചെയ്തു. വയസ്സ് മുപ്പതായപ്പോഴേക്കും, അവരിൽ അയാൾക്ക് നാല് കുഞ്ഞുങ്ങളും ജനിച്ചു കഴിഞ്ഞിരുന്നു. 'മദോന്മത്തനായ മോഷ്ടാവ്' എന്ന ദുഷ്‌പേരുകൂടി റാസ്പുട്ടിന് അപ്പോഴേക്കും ആർജ്ജിച്ചു. കുതിരമോഷണത്തിന്റെ പേരിൽ, ഒടുവിൽ തടികേടാവും എന്ന അവസ്ഥ വന്നപ്പോൾ, റാസ്പുട്ടിൻ പട്ടണത്തിൽ നിന്നും അല്പം അകലെയുള്ള ഒരു മൊണാസ്ട്രിയിൽ പോയി ഒളിച്ചു പാർക്കാൻ തുടങ്ങി. ആ മൊണാസ്ട്രി കാലം റാസ്‌പുട്ടിനിൽ സമൂലമായ മാറ്റങ്ങൾ ഉളവാക്കി. തന്നിൽ ഒരു സന്യാസിയുടെ ആത്മാവാണുള്ളത് എന്ന് റാസ്പുട്ടിൻ തിരിച്ചറിയുന്നതും സന്യാസത്തെ ജീവിതവ്രതമാക്കുന്നതും അവിടെ വെച്ചാണ്. മതത്തിന്റെ ആചാര നിഷ്ഠകൾ അയാൾ അഭ്യസിക്കുന്നതും, പരിശീലിക്കുന്നതും അവിടെ വെച്ചാണ്. 

മക്കാരി എന്ന അവധൂതൻ 

മൊണാസ്ട്രിയിൽ ചെലവിട്ട മാസങ്ങളിൽ റാസ്പുട്ടിൻ മക്കാരി എന്ന ഒരു അവധൂതനെ പരിചയിച്ചു. സാർ ചക്രവർത്തിയുടെയും അലക്‌സാൻഡ്ര ചക്രവർത്തിനിയുടെയും മാനസഗുരുവും വഴികാട്ടിയുമായിരുന്നു മക്കാരി. മക്കാരിയുമായുള്ള സംഭാഷണങ്ങൾ റാസ്‌പുട്ടിനെ ആ വഴിക്ക് തിരിച്ചുവിട്ടു. അങ്ങനെ റാസ്പുട്ടിൻ ഒരു സുദീർഘമായ ആത്മീയ യാത്രയ്ക്കിറങ്ങി. തണുത്തുറഞ്ഞുകിടന്ന സൈബീരിയൻ മരുഭൂമിയിലൂടെയുള്ള ആ യാത്ര വല്ലാത്തൊരു തീർത്ഥാടനമായിരുന്നു.

ആത്മാവിനെ തിരഞ്ഞുള്ള ആ യാത്രയിൽ റാസ്പുട്ടിന്‍ കുളിച്ചില്ല, വസ്ത്രം മാറിയില്ല, സ്വന്തം ദേഹത്ത് സ്പർശിച്ചില്ല. പീഡനത്തിന് കടുപ്പമേകാൻ ഉരുക്കുചങ്ങലകൾ വരെ ധരിച്ചു. വർഷങ്ങൾ നീണ്ട യാത്ര. പട്ടിണി ജീവിതവ്രതമാക്കി. സ്വന്തം ദേഹത്തെ പീഡിപ്പിച്ചുകൊണ്ടിരുന്നു. യാത്ര പൂർത്തിയാക്കി തിരികെ സ്വന്തം ഗ്രാമത്തിലേക്ക് ചെന്ന റാസ്പുട്ടിന് അതോടെ വല്ലാത്തൊരു ദിവ്യത്വം കല്പിച്ചുകൊടുത്തു നാട്ടുകാർ. അദ്ദേഹവുമായി സംസാരിച്ചവർക്കൊക്കെ റാസ്പുട്ടിൻ ചെന്നെത്തിയിരിക്കുന്ന ആത്മീയചൈതന്യം അനുഭവിച്ചറിയാനായി. 

റാസ്പുട്ടിൻ കൾട്ടും സാറിനയുമായുള്ള അടുപ്പവും  

തനിക്കു ചുറ്റും വിശ്വാസികളുടേതായ ഒരു കൾട്ട് രൂപപ്പെടുത്തിയെടുക്കാൻ റാസ്പുട്ടിന് കഴിഞ്ഞു. അവർ റാസ്പുട്ടിന് വേണ്ടി ഒരു പള്ളിമേട പണിഞ്ഞു. അതിൽ രഹസ്യകുർബാനകൾ സംഘടിപ്പിച്ചു. ആ സമ്മേളനങ്ങളിൽ വെച്ച് സ്ത്രീകളായ അനുയായികൾ റാസ്‌പുട്ടിനെ സ്നാനം ചെയ്യിച്ചു. ഗ്രാമീണർ അന്നോളം കേട്ടിട്ടില്ലാത്ത ഭാഷകളിലെ പ്രാർത്ഥനാഗീതങ്ങൾ ആ പള്ളിയിൽ നിന്ന് ഉയർന്നുപൊങ്ങി. അതോടെ റാസ്‌പുട്ടിനെ ചുറ്റിപ്പറ്റിയുള്ള നിഗൂഢതകൾ ഇരട്ടിച്ചു. ഖ്ലിസ്റ്റി എന്ന് പേരായ ഒരു ക്രിമിനൽ സംഘവുമായി റാസ്പുട്ടിന് ബന്ധമുണ്ടെന്ന് നാട്ടുകാർ കരുതി. ആത്മപീഡനങ്ങളും, പുലരും വരെയുള്ള സംഘരതിരാത്രികളും ആ കൾട്ടിന്റെ രീതികളാണെന്ന മട്ടിലുള്ള പ്രചാരണങ്ങളുണ്ടായി. എന്തായാലും റാസ്‌പുട്ടിന്റെ പ്രസിദ്ധി റഷ്യയെങ്ങും പരന്നു. മറ്റുള്ള സഭയുമായി ചങ്ങാത്തങ്ങളുണ്ടായി. 

'അനുയായിവൃന്ദത്തോടൊപ്പം റാസ്പുട്ടിൻ'

ഒരുദിവസം, സാർ ചക്രവർത്തിമാരുടെ കുടുംബത്തിന്റെ അകത്തളങ്ങളിലേക്ക് അങ്ങനെ റാസ്പുട്ടിന് ക്ഷണം കിട്ടി. അലക്‌സാൻഡ്ര ഫിയോദോറോവ്ന എന്ന സാർ ചക്രവർത്തിനിയുടെ മകനും സാർ ചക്രവർത്തിയുടെ അനന്തരാവകാശിയുമായ അലക്സിയുടെ അസുഖം ഭേദപ്പെടുത്തുക എന്ന അത്ഭുതപ്രവൃത്തിയിലൂടെയായിരുന്നു റാസ്‌പുട്ടിന്റെ അന്തഃപുരപ്രവേശം. ഹീമോഫീലിയ രോഗം മൂർച്ഛിച്ച് പിഞ്ചുകുഞ്ഞ് വേദനകൊണ്ട് പിടഞ്ഞിരുന്ന കാലമാണത്. അവിടെച്ചെന്ന് ആ കുട്ടിയുടെ നിറുകയിൽ തടവുകയും എന്തൊക്കെയോ ഒറ്റമൂലികൾ അവന് നൽകുകയും ചെയ്തു റാസ്പുട്ടിൻ. എന്തായാലും അതോടെ അലക്സിയുടെ മാറാരോഗം ശമിച്ചു. അത് റാസ്‌പുട്ടിന്റെ ദിവ്യശക്തി ഒന്നുകൊണ്ടുമാത്രമാണ് എന്ന് സാറിനയ്ക്ക് തോന്നുകയും ചെയ്തു. അതോടെ ചക്രവർത്തിനിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരനായി റാസ്പുട്ടിൻ മുനി മാറി. പക്ഷേ, ഈ ബന്ധം റാസ്പുട്ടിന് അപഖ്യാതി മാത്രമാണ് സമ്മാനിച്ചത്. 'സെക്സ് മെഷീൻ', 'സാറിനയുടെ രഹസ്യകാമുകൻ' എന്നിങ്ങനെ പല പട്ടങ്ങളും പൊതുജനം റാസ്പുട്ടിന് ചാർത്തിനൽകി. ആദ്യത്തേത് ഒരു പക്ഷേ, അതിശയോക്തി മാത്രമാവാം. രണ്ടാമത്തേതിൽ തെല്ലും സത്യമുണ്ടായിരുന്നില്ല. 

ചക്രവർത്തിനി അലക്‌സാൻഡ്ര ഫിയോദോറോവ്ന റഷ്യൻ ചക്രവർത്തിയായിരുന്ന സാർ നിക്കോളാസ് രണ്ടാമന്റെ പത്നിയായിരുന്നു. 1914-ൽ ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ട കാലത്ത് രാജകൊട്ടാരത്തിലെ അന്തഃപുരങ്ങളെ ആവേശിച്ചിരിക്കുന്ന ഇരുണ്ടശക്തികളെപ്പറ്റിയുള്ള പ്രചാരണങ്ങൾക്കും കാറ്റുപിടിച്ചു. അക്കാലത്ത് റഷ്യയുടെ വിദേശനയം വരെ തീരുമാനിച്ചിരുന്നത് റാസ്പുട്ടിൻ മുനിയാണ് എന്നായിരുന്നു ഷേണികൾ പറഞ്ഞുനടന്നിരുന്നത്. 

ഒടുവിൽ റാസ്‌പുട്ടിനെ വധിക്കാൻ തീരുമാനമാകുന്നു 

1916 -ലാണ് റാസ്‌പുട്ടിനെ വധിക്കാൻ രാജകൊട്ടാരത്തിനകത്തു നിന്നുതന്നെ ഗൂഢാലോചനയുണ്ടാകുന്നത്. അതിനു ചുക്കാൻ പിടിക്കുന്നതോ രാജകുമാരനായ ഫെലിക്സ് യുസുപോവും, വ്ലാദിമിർ പുരിഷ്കേവിച്ച് എന്ന ഒരു പാർലമെന്റംഗവും ചേർന്നും. 1916 ഡിസംബർ 30-ന് രാത്രി, തന്റെ ഭാര്യ ഐറിനയ്ക്ക് അടിയന്തരമായി റാസ്‌പുട്ടിനെ കാണണം എന്ന ആവശ്യവും പറഞ്ഞുകൊണ്ട് യുസുപോവ് റാസ്‌പുട്ടിനെ കൊട്ടാരത്തിലേക്ക് വിളിച്ചുവരുത്തുന്നു. എന്നാൽ ഐറിന ആ സമയത്ത് അങ്ങ് ദൂരെ ക്രിമിയയിലെ അവധിക്കാലവസതിയിലായിരുന്നു. റാസ്‌പുട്ടിനെ നേരെ കൊണ്ടുപോയിരുത്തിയത് കൊട്ടാരത്തിന്റെ നിലവറയിലെ മുറിയിലായിരുന്നു. അവിടെ വെച്ച് അവർ റാസ്പുട്ടിനെ സയനൈഡ് കലർത്തിയ കേക്ക് കഴിപ്പിച്ചു. അത് റാസ്പുട്ടിന് ഏശിയതുപോലുമില്ല.  മുകളിലത്തെ നിലയിൽ ഗ്രാമഫോണിൽ 'യാങ്കീ ഡൂഡിൽ' എന്ന പാട്ട് ഇട്ടുകൊണ്ട് അവർ റാസ്‌പുട്ടിനെ അവിടെ ഒരു പാർട്ടി നടക്കുന്നുണ്ട്, ഐറിന അവിടെയാണ് എന്ന് തെറ്റിദ്ധരിപ്പിച്ചു. മുകളിലേക്ക് പോകണം, ഐറീനയെക്കാണണം എന്ന് റാസ്പുട്ടിന് ഇടയ്ക്കിടെ പറഞ്ഞുകൊണ്ടിരുന്നു.

'ഫെലിക്സ് യുസുപോവ് ഭാര്യ ഐറിനയുമൊത്ത്' 

കൊട്ടാരത്തിൽ റാസ്പുട്ടിന് ഒരു അഭ്യുദയകാംക്ഷിയുണ്ടായിരുന്നു, അലക്‌സാണ്ടർ പ്രോട്ടോപ്പോപ്പോവ്. ഒരു വധശ്രമം നടക്കാൻ സാധ്യതയുണ്ട്, കുറച്ചുകാലത്തേക്ക് അടങ്ങിയിരിക്കണം എന്ന് മുനിക്ക് പ്രോട്ടോപ്പോപ്പോവ് മുന്നറിയിപ്പും നൽകിയിരുന്നു. അത് അവഗണിച്ചുകൊണ്ടാണ് റാസ്പുട്ടിൻ തന്റെ മരണത്തിലേക്ക് നടന്നുകയറിയത്. സയനൈഡ് കേക്ക് കൊണ്ട് കാര്യം സാധിക്കാതെ വന്നപ്പോൾ സംഘം ശേഷിച്ച് സയനൈഡ് പൗഡർ മാഡറിന എന്ന ഒരു പ്രത്യേകതരം വീഞ്ഞിൽ കലക്കി റാസ്പുട്ടിന് നൽകി. വീഞ്ഞിൻ ചഷകങ്ങൾ ഒന്നിന് പിന്നാലെ ഒന്നായി കാലിയാക്കിക്കൊണ്ടിരുന്ന റാസ്പുട്ടിന് തലക്ക് നേരിയ ഒരു പിടുത്തവും, വയറ്റിൽ കാളിച്ചയും തോന്നിയതല്ലാതെ ജീവാപായമുണ്ടായില്ല. 

റാസ്‌പുട്ടിനെ കൊല്ലാനുള്ള ശ്രമങ്ങൾ രണ്ടും പരാജയപ്പെട്ടതോടെ അക്ഷമനായ യുസുപോവ് റാസ്പുട്ടിന് നേർക്ക് വെടിയുതിർത്തു. വെടിയുണ്ട റാസ്‌പുട്ടിന്റെ വയറുതുളച്ചുകൊണ്ട് കടന്നുപോയി. ഒരു നിമിഷം രാജകുമാരനെ അവിശ്വാസം നിറഞ്ഞ കണ്ണുകളോടെ ഉറ്റുനോക്കിയ ശേഷം, ഒരു ചെകുത്താന്റെ ഗർജ്ജനത്തോടെ റാസ്പുട്ടിൻ പിടഞ്ഞെണീറ്റു. ഇരുകൈകളും കൊണ്ട് യൂസുപോവിന്റെ കഴുത്ത് ഞെരിച്ച് വകവരുത്താനായിരുന്നു ശ്രമം. സംഗതി വഷളാകും എന്ന് മനസ്സിലായ രാജകുമാരൻ എഴുന്നേറ്റ് ഓട്ടമായി. കൊട്ടാരത്തിന്റെ അകത്തളങ്ങളിലൂടെ, പൂന്തോട്ടത്തിലൂടെ, കല്ലുപാകിയ തിരുമുറ്റങ്ങളിലൂടെ റാസ്പുട്ടിൻ രാജകുമാരനെ തലങ്ങും വിലങ്ങും ഓടിച്ചു. പിന്നാലെ ഓടിയെത്തിയ പുരിഷ്കേവിച്ച് നാല് വെടിയുണ്ടകൾ കൂടി റാസ്‌പുട്ടിന്റെ ദേഹത്ത് നിക്ഷേപിച്ചു. ഒടുവിൽ ആ ആൾദൈവം മരിച്ചു വീണു. 

സയനൈഡ് ഫലിക്കാതിരുന്നതിന്റെ കാരണം 

അപ്പോൾ കേക്കിലും വീഞ്ഞിലും പുരട്ടിയ സയനൈഡോ..? ഒരു തരി അകത്തുചെന്നാൽ ആളെക്കൊല്ലുന്ന വിഷം എന്തുകൊണ്ട് റാസ്‌പുട്ടിനെ കൊന്നില്ല..? ആൾദൈവത്തിന്റെ അമാനുഷികശക്തികൾക്ക് സയനൈഡിന്റെ വിഷത്തെ തടുത്തുനിർത്താനുള്ള ശേഷിയുണ്ടായിരുന്നോ..? വിഷം ഏശാതിരുന്നതിന് പല വിശദീകരണങ്ങളും അന്നുതൊട്ടേ വന്നിരുന്നു. ഏറ്റവും കൂടുതൽ പേർ വിശ്വസിക്കുന്ന കാരണം, ഈ സയനൈഡ് കഥ യൂസുപോവിന്റെ മനോരാജ്യമാണ് എന്നതാണ്. കഥയ്ക്ക് ഒരിത്തിരി പഞ്ച് കൂടുതൽ കിട്ടാൻ വേണ്ടി രാജകുമാരൻ അടിച്ച പുളു ആണ് സയനൈഡ് കഥ എന്ന് വിശ്വസിക്കുന്നവരാണ് അധികം പേരും. രണ്ടാമത്തെ വിശദീകരണം, അത് എക്സ്പയറി ഡേറ്റ് കഴിഞ്ഞ വിഷമായിരിക്കും എന്നതാണ്. പിന്നെയുമുണ്ട് എണ്ണമില്ലാത്തത്ര വിശദീകരണങ്ങൾ ഈ ലെജൻഡറി കൊലപാതകത്തിലെ സയനൈഡ് ഫാക്ടറിന്. ഏതിനും, റാസ്‌പുട്ടിന്റെ മരണകാരണമായ അന്ന് രേഖപ്പെടുത്തപ്പെട്ടത്, വയറിനേറ്റ വെടിയുണ്ടയാണ്, വെടികൊണ്ട് ചോര അളവിലധികം നഷ്ടപ്പെട്ടതാണ്. 

പൂന്തോട്ടത്തിൽ വെടിയേറ്റുവീണ റാസ്‌പുട്ടിനെ രാജകുമാരന്റെ സംഘം ക്രൂരമായി മർദ്ദിക്കുകയുമുണ്ടായി. അതുകൊണ്ടും കലി തീരാഞ്ഞ് അവർ റാസ്‌പുട്ടിനെ തണുത്തുറഞ്ഞു കിടന്ന നേവാ നദിയിലേക്ക് പാലത്തിൽ നിന്ന് വലിച്ചെറിഞ്ഞു. ബോൾഷെവിക്ക് വിപ്ലവത്തെത്തുടർന്ന് പാരീസിലേക്ക് പലായനം ചെയ്ത യൂസുപോവ് എൺപതുവയസ്സുവരെ ജീവിച്ചിരുന്നിട്ടിട്ടാണ് മരിച്ചത്. പുരിഷ്കേവിച്ചിനെ 1918-ൽ പെട്രോഗ്രാഡിൽ വെച്ച് കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റുചെയ്യുകയുണ്ടായി എങ്കിലും, റഷ്യൻ രഹസ്യപ്പോലീസിന്റെ നിർദേശപ്രകാരം വെറുതെ വിട്ടു. അദ്ദേഹം പക്ഷെ, രണ്ടുവർഷത്തിനുള്ളിൽ റഷ്യൻ ആഭ്യന്തരയുദ്ധത്തിനിടെ ടൈഫോയ്ഡ് വന്ന് അകാലത്തിൽ മരണമടഞ്ഞു. 

തന്റെ മരണം പോലും റാസ്പുട്ടിൻ നേരത്തെകൂട്ടി അറിഞ്ഞിരുന്നു എന്ന് വേണം കരുതാൻ. കാരണം, സാർ നിക്കോളാസ് രണ്ടാമന് ഒരിക്കൽ എഴുതിയ കത്തിൽ, താൻ ഇല്ലാതെയായാൽ അത് രാജഭരണത്തിന്റെ തന്നെ നാശത്തിനിടയാക്കും എന്ന് പറഞ്ഞിരുന്നു. പറഞ്ഞപോലെ തന്നെ, റാസ്‌പുട്ടിന്റെ മരണശേഷം നടന്ന 1918-ൽ വിപ്ലവത്തിനൊടുവിൽ കമ്യൂണിസ്റ്റുകാർ രാജകുടുംബത്തിൽ ഒരൊറ്റക്കുട്ടിയെപ്പോലും ബാക്കിവെക്കാതെ നിഷ്കരുണം കൊന്നൊടുക്കിക്കളഞ്ഞു. ബോൾഷെവിക്ക് വിപ്ലവകാലത്ത് രാജഭരണം നേരിട്ട തിരിച്ചടികളും, അന്നുണ്ടായ കോലാഹലങ്ങളും എല്ലാം റാസ്പുട്ടിൻ മുൻകൂട്ടി കണ്ടിരുന്നു. റാസ്‌പുട്ടിന്റെ വാക്കുകൾ അക്ഷരംപ്രതി ശരിയായിരുന്നു, " ഞാനില്ലെങ്കിൽ എല്ലാം തകർന്നു തരിപ്പണമാകും.." 

click me!