'മന്ദാകിനി'യ്ക്ക് പിന്നിലെ മലയാളി വാറ്റുകാര്‍ ഇവരാണ്; ഒരു കനേഡിയന്‍ മലബാറി വാറ്റിന്‍റെ കഥ

By Web TeamFirst Published Sep 7, 2021, 12:01 PM IST
Highlights

1996-ൽ എ കെ ആന്റണി കേരളത്തിൽ ചാരായം നിരോധിച്ചെങ്കിലും വാറ്റിനെ കൈവിടാൻ ഇന്നും ആളുകള്‍ തയാറായിട്ടില്ല. 'ആരെല്ലാമാണ് ആ നാട്ടിൽ വാറ്റുന്നതെന്ന് നാട്ടിൽ എല്ലാവർക്കുമറിയാം. വിവാഹ സൽക്കാരങ്ങൾക്ക് വിഐപികൾക്കൊക്കെ വിദേശമദ്യം കൊടുക്കുമെങ്കിലും പ്രദേശവാസികൾക്ക് 50 ലിറ്ററിന്റെ കന്നാസിൽ പ്രത്യേകമായി ഓർഡർ ചെയ്ത വാറ്റാണ് നൽകുക. പറമ്പിന്റെ ഒരു കോണിലാകും കന്നാസ് വച്ചിരിക്കുക. എല്ലാവർക്കും ഒരു പ്ലാസ്റ്റിക് ഗ്ലാസ് കൊടുക്കും. അതിൽ നിന്നും ഊറ്റിയിട്ടാണ് എല്ലാവരും കുടിക്കുക. അതുകിട്ടിയാലെ നാട്ടുകാരുടെ മുഖവും മനസ്സും തെളിയുകയുള്ളു. പക്ഷേ ആ വാറ്റ് ചുമ്മാ പട്ടച്ചാരായമൊന്നുമല്ല. ഉണക്കമുന്തിരിയും നല്ല ശർക്കരയും മറ്റ് സുഗന്ധവ്യഞ്ജനങ്ങളുമൊക്കെയിട്ട് വാറ്റുന്നതാണ് അത്.

നാടൻ വാറ്റിനെ കാനഡയിൽ മന്ദാകിനിയെന്ന പേരിൽ പ്രീമിയം ബ്രാൻഡാക്കി വിപണനം ചെയ്ത കോതമംഗലം സഹോദരന്മാരേയും മൂവാറ്റുപുഴക്കാരനേയും കണ്ടെത്താനുള്ള തീവ്രശ്രമത്തിലായിരുന്നു സമൂഹമാധ്യമങ്ങള്‍. മന്ദാകിനിയുടെ അമരക്കാരനായ അബീഷ് ചെറിയാന്‍ സഹോദരനായ ഏലിയാസ് ചെറിയാന്‍ സുഹൃത്തായ സരീഷ് കുഞ്ഞപ്പന്‍ എന്നിവരെ ആദ്യമായി പരിചയപ്പെടുത്തുകയാണ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍.

 

 

കാനഡയിൽ നിന്ന് മന്ദാകിനിയെന്നു പേരുള്ള നാടൻ വാറ്റ് പുറത്തിറങ്ങുന്നുവെന്ന് കേട്ടപാടെ മദ്യത്തെപ്പറ്റി എന്ത് കേട്ടാലും ചാടി വീഴുന്ന മലയാളി സട കുടഞ്ഞെഴുന്നേറ്റു. മലബാറി വാറ്റ് എന്ന് കുപ്പിയിൽ എഴുതിയിരിക്കുന്നതിനാലും മലയാളത്തിൽ 'നാടൻ വാറ്റ്' എന്നും ഹിന്ദിയിലും പഞ്ചാബിയിലും മറാഠിയിലും തമിഴിലും അതാതിടത്തെ പ്രാദേശിക പേരുകൾ രേഖപ്പെടുത്തിയിരിക്കുന്നതിനാലും ഇതിനു പിന്നിൽ ലോകവ്യാപികളായ മലയാളികളിൽ ആരെങ്കിലും തന്നെയായിരിക്കുമെന്ന് സമൂഹമാധ്യമങ്ങള്‍ ഉറപ്പിക്കുകയും ചെയ്തു. കാരണം മറ്റൊന്നുമല്ല. ക്രിയേറ്റിവിറ്റിയും മദ്യപാനവും സമാസമം സമന്വയിക്കുന്ന ഒരു അപൂർവ ജനുസ്സാണല്ലോ മലയാളികൾ.  കവിയും എഴുത്തുകാരനുമായ റാം മോഹൻ പാലിയത്തിന്റെ എഫ് ബി പോസ്റ്റിലൂടെയാണ് ലേഖകനും ഇക്കാര്യം ശ്രദ്ധിച്ചത്. അന്നു വൈകിട്ട് റാം മോഹൻ എന്നെ വിളിച്ചു. 'ബിന്ദൂ, നിന്റെ ക്ലാസ്മേറ്റാണ് മന്ദാകിനിയുടെ പിന്നിൽ.' റാമിനോട് വിവരം പറഞ്ഞത് എന്റെ തന്നെ ക്ലാസ്മേറ്റായ അരുൺ കെ നായർ.

 

കാനഡയിൽ ഇത്തരമൊരു വാറ്റ് നിർമ്മിക്കാൻ പറ്റിയ ഞങ്ങളുടെ ക്ലാസ്മേറ്റ് ആരായിരിക്കുമെന്ന കാര്യത്തിൽ എനിക്ക് ഒട്ടും സംശയമുണ്ടായിരുന്നില്ല. 'അബീഷ് ചെറിയാനായിരിക്കും. അല്ലേ?' കേട്ടപാടെ ഞാൻ റാമിനോട് പറഞ്ഞു. കാനഡയിൽ നൂറിലധികം സുഹൃത്തുക്കളും ഒരുപാട് ക്ലാസ്മേറ്റുകളുമുള്ള ഞാൻ എങ്ങനെയാണ് കൃത്യമായി അബീഷിനെ കണ്ടെത്തിയതെന്നല്ലേ? ഉത്തരം ലളിതമാണ്. അതിനുള്ള ധൈര്യവും മാർക്കറ്റിങ് വിരുതും തൊലിക്കട്ടിയുമുള്ള മറ്റൊരാളുണ്ടാകാൻ തരമില്ല എന്ന് ഞാൻ ചിന്തിച്ചതു കൊണ്ടു തന്നെ. റസിഡൻഷ്യൽ സ്‌കൂളിൽ പഠിക്കുമ്പോൾ ഡോർമിട്ടറിയിൽ ഷർട്ട് മാത്രം ധരിച്ച്, 'അവളുടെ രാവുകളിലെ' സീമയുടെ പോസ് അവതരിപ്പിച്ചു കാട്ടിയവൻ ഇതും ഇതിലപ്പുറവും ചെയ്യുമെന്ന് പണ്ടേ എനിക്കറിയാമായിരുന്നു.

ഫോണിൽ അബീഷിന്റെ നമ്പറുള്ളതിനാൽ അപ്പോൾ തന്നെ അബീഷിനൊരു ആശംസ അറിയിച്ചു.
രാവിലെ ഉണർന്നപ്പോൾ അവന്റെ മറുപടിയെത്തി. 'എന്നാൽപ്പിന്നെ നീ തന്നെ എന്റെ ആദ്യ അഭിമുഖം എടുക്ക്....'

അങ്ങനെയാണ് മന്ദാകിനിയെന്ന കനേഡിയൻ നാടൻ വാറ്റിനു പിന്നിൽ പ്രവർത്തിക്കുന്ന കോതമംഗലം ചേലാട് സ്വദേശിയായ അബീഷ് ചെറിയാനേയും അബീഷിന്റെ സഹോദരൻ ഏലിയാസ് ചെറിയാനേയും സുഹൃത്തായ മൂവാറ്റുപുഴക്കാരൻ സരീഷ് കുഞ്ഞപ്പനേയും മന്ദാകിനി നിർമ്മിക്കുന്ന കാനഡയിലെ ഡിസ്റ്റിലറി ഉടമയായ ഇറ്റാലിയൻ വംശജനായ കനേഡിയനേയും അടുത്തറിയാൻ തീരുമാനമായത്. പക്ഷേ ആ കഥ പറയുന്നതിനു മുമ്പായി പതിനാറു വർഷങ്ങൾക്കു മുമ്പ് കാനഡയിലെത്തിയ ഒരു മലയാളി നേരിട്ട വെല്ലുവിളികൾ എന്തെല്ലാമായിരുന്നുവെന്ന് അറിയണം. വിപണിയിലെ വിജയമന്ത്രങ്ങൾ പഠിച്ച് പ്രയോഗത്തിലാക്കാൻ അത്തരമൊരാൾ നടത്തിയ അതിജീവനപോരാട്ടങ്ങളുമറിയണം.

 

നാട്ടിൽ നിന്നും കാനഡയിലേക്ക്....

സ്‌കൂൾ പഠനകാലത്തെ ഞങ്ങളുടെ ക്ലാസ്മേറ്റായ സഞ്ജിത്ത് ജേക്കബ് ഫിസിയോതെറാപ്പി പഠനം കഴിഞ്ഞ് കാനഡയിലെത്തിയതിനു പിന്നാലെയാണ് 2005-ൽ അബീഷ് ചെറിയാൻ കാനഡയിലെത്തുന്നത്. നാട്ടിലെ പോളിടെക്‌നിക്കിൽ ടെക്‌സ്റ്റൈൽ ടെക്‌നോളജി പഠിച്ചശേഷം വടക്കേ ഇന്ത്യയിലും തമിഴ്‌നാട്ടിലും ബംഗലുരുവിലുമൊക്കെ ടെക്‌സ്റ്റൈൽ കമ്പനികളിൽ സൂപ്രവൈസറായും പ്രൊഡക്ഷനിലുമൊക്കെ തൊഴിലെടുത്തശേഷമാണ്  അബീഷ്  കാനഡയിലെത്തിയത്. അക്കാലത്ത് കാനഡയിൽ ഇന്നത്തെപ്പോലെ എളുപ്പത്തിൽ തൊഴിൽ കിട്ടുന്ന അവസ്ഥയൊന്നുമല്ല ഉണ്ടായിരുന്നത്. അബീഷിന്റെ കഷ്ടകാലത്തിന് അവൻ കാനഡയിലെത്തിയപ്പോഴേയ്ക്ക് വസ്ത്ര നിർമ്മാണ ഫാക്ടറികൾ പകുതിയും ഇന്ത്യയിലേക്കും ചൈനയിലേക്കും കൂടുമാറിയിരുന്നു. ടൊറന്റോയിലെ മലയാളി സമൂഹത്തിലെ എല്ലാവരും തന്നെ പരസ്പരം അറിയുന്ന മട്ടിലുള്ള ചെറിയൊരു സംഘമായിരുന്നു അന്ന്. അങ്ങനെ അതിജീവനത്തിനായി അബീഷ് അരി വയ്ക്കാനും ചിക്കൻ കറി വയ്ക്കാനുമൊക്കെ പഠിച്ചു. ടൊറന്റോയിലെ മലയാളി ടേക്ക്ഔട്ട് റസ്റ്റോറന്റും കാറ്ററിങ് സ്ഥാപനവുമായ കേരയിൽ പാചകക്കാരനായിട്ടായിരുന്നു കാനഡയിൽ അബീഷിന്റെ തുടക്കം.

 

 

മറ്റ് പലരേയും പോലെ തന്നെ ഒരുപാട് ബുദ്ധിമുട്ടുള്ള ജീവിതം. അതിനിടെ കൂടുതൽ മെച്ചപ്പെട്ട ഒരു തൊഴിൽ കണ്ടെത്തുന്നതിനായി ജോര്ജ് ബ്രൗൺ കോളേജിൽ ഇന്റർനാഷണൽ ഫാഷൻ മാനേജ്മെന്റ് ആന്റ് മാർക്കറ്റിങ് കോഴ്സ് പഠിച്ചു. പക്ഷേ പഠിച്ചിറങ്ങിയ നേരത്താണ് ആഗോളമാന്ദ്യം സംഭവിക്കുന്നത്. 2008-ൽ ലോകം സാമ്പത്തികമാന്ദ്യത്തിലായതോടെ അബീഷും കുത്തുപാളയെടുത്തു. കഷ്ടപ്പാടിന്റേയും ഇല്ലായ്മയുടേയും വല്ലായ്മയുടേയും ആ കാലത്തിൽ അബീഷ് പഴയ തൊഴിലുകളിലേക്ക് തന്നെ മടങ്ങി. പിന്നെ മെക്കാനിക്കൽ മേഖലയിലേക്ക് കൂടുമാറി. ഇൻഡസ്ട്രിയൽ മെക്കാനിക്കായി ലൈസൻസ് എടുത്തു. ഇപ്പോൾ ഒരു കമ്പനിയിൽ മെയിന്റനൻസ് മാനേജറായി തൊഴിലെടുക്കുന്നു.

അന്നത്തെക്കാലത്ത് ടൊറന്റോയിൽ കേരള എന്ന ആ ഒരു  മലയാളി റസ്റ്റോറന്റ് മാത്രമേ ഉണ്ടായിരുന്നുള്ളു. അതുകൊണ്ടു തന്നെ മലയാളി സമൂഹത്തിലെ എല്ലാവരും തന്നെ ഒത്തുചേർന്നിരുന്നത് അവിടെയായിരുന്നു. ഒരുപാട് പ്രമുഖ വ്യക്തികളുമായൊക്കെ നല്ല ബന്ധമുണ്ടായിരുന്നു അബീഷിനെങ്കിലും ആ ബന്ധങ്ങളൊക്കെ സാമ്പത്തികമാന്ദ്യകാലത്ത് മുറിഞ്ഞുപോയി. 2010 ആയതോടെ കാനഡയിലേക്ക് നിരവധി പേർ കുടിയേറാൻ ആരംഭിച്ചു. അതിന് മുമ്പുവരെ കാനഡയിലെ കുടിയേറ്റക്കാരിൽ ഭൂരിപക്ഷവും അവിടെ സ്ഥിര താമസമാക്കിയവരുടെ ബന്ധുക്കളോ ഉയർന്ന ജോലിയുള്ള പ്രൊഫഷണലുകളോ മാത്രമായിരുന്നു. 2010-നുശേഷമാണ് മധ്യവർഗക്കാരുടെ സംഘം കാനഡയിലേക്ക് ധാരാളമായി എത്താൻ തുടങ്ങിയത്. അതിനൊപ്പം തന്നെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ധാരാളമായി ആരംഭിച്ച കാനഡയിലേക്ക് വിദ്യാർത്ഥികളുമെത്താൻ തുടങ്ങിയത്. വിദ്യാർത്ഥികളുടെ കോളേജുകളിലേക്കുള്ള പ്രവേശനമൊക്കെ സർക്കാർ മുൻകൈയെടുത്ത് വളരെ എളുപ്പമാക്കി. അതിനു മുമ്പ് കാനഡയിലേക്ക് ഒരു വിസ കിട്ടുകയെന്നതു പോലും വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. വിസ നിയമങ്ങളെല്ലാം വളരെ ലഘുവാക്കി മാറ്റി. രക്ഷിതാക്കൾക്ക് കുട്ടികൾക്കൊപ്പം വരാനാകുന്നതടക്കമുള്ള രീതിയിൽ ചട്ടങ്ങൾ പരിഷ്‌ക്കരിച്ചു. 2010 മുതൽ 2021 വരെയുള്ള വർഷങ്ങളിൽ അവിടെയെത്തിയ മലയാളി സമൂഹം പഴയതിന്റെ നാലിരട്ടിയിലധികമായി. 

 

 

നേരത്തെ കാനഡയിലുണ്ടായിരുന്ന മലയാളി സമൂഹം പ്രായം ചെന്നവരും നാടുമായുള്ള ബന്ധം വിട്ടുപോയവരുമായിരുന്നു. മുൻകാലങ്ങളിൽ കമ്യൂണിക്കേഷൻ സംവിധാനങ്ങൾ ഇന്നത്തെപ്പോലെയല്ലായിരുന്നുവെന്നതായിരുന്നു ഈ ബന്ധമറുക്കലിന്റെ പ്രധാന കാരണം. എന്നാൽ പുതുതായി കാനഡയിലെത്തിയ യുവാക്കളുടെ സംഘമാകട്ടെ നാടുമായി നല്ല ബന്ധം വച്ചുപുലർത്തുന്നവരാണെന്നും കേരളത്തെപ്പറ്റി അഭിമാനം കൊള്ളുന്നവരാണെന്നുമാണ് അബീഷ് പറയുന്നത്. ''അവർ എളുപ്പം പണം സമ്പാദിക്കാനും എളുപ്പം ചെലവഴിക്കാനും ആരംഭിക്കുന്നു. മുൻകാലങ്ങളിലെത്തിയ കുടിയേറ്റക്കാർ എട്ടോ പത്തോ വർഷമെടുത്താണ് കാനഡയിൽ അവരുടെ ജീവിതം കരുപ്പിടിപ്പിച്ചിരുന്നതെങ്കിൽ ഇപ്പോൾ എത്തുന്നവർ എളുപ്പത്തിൽ ജോലിയിൽ പ്രവേശിക്കുകയും വീടും കാറും അടക്കമുള്ള കാര്യങ്ങൾ എളുപ്പത്തിൽ സ്വന്തമാക്കുകയും ചെയ്യുന്നു. അവരുടെ ചെലവഴിക്കൽശേഷിയാകട്ടെ ഏറെ കൂടുതലുമാണ്. നാട്ടിൽ നല്ല സാമ്പത്തികശേഷിയുള്ളവരുടെ മക്കളാണ് ഇന്ന് കാനഡയിലേക്ക് കോഴ്സുകൾ പഠിക്കാനെത്തുന്നത്. അവർ ഇവിടത്തെ കോളേജുകളിൽ കോഴ്സുകൾ പഠിച്ചശേഷം എളുപ്പം ജോലിയിൽ കയറുക,'' അബീഷ് ചെറിയാൻ പറയുന്നു.

മലയാളി സമൂഹം കൂടുതലായി കാനഡയിലെത്തിയതോടെ, ടൊറന്റോ പോലെ വലിയ തോതിൽ മലയാളി സമൂഹമുള്ള ഇടങ്ങളിൽ പത്തോളം മലയാളി റസ്റ്റോറന്റുകളുണ്ടായി. മലയാളികളുടേതായ പത്തിലധികം ഗ്രോസറി സ്റ്റോറുകളും ടൊറന്റോയിലുണ്ടായി. അബീഷ് താമസിക്കുന്ന ലണ്ടൻ ഒൺടാറിയോ പ്രവിശ്യയിലാണ് ഇന്ന് അതിവേഗം വളരുന്നുവരുന്ന മലയാളി സമൂഹമുള്ളത്. അവിടെ മാത്രം കഴിഞ്ഞ വർഷം നാല് മലയാളി ഹോട്ടലുകളും ഗ്രോസറി സ്റ്റോറുകളും ആരംഭിച്ചുവെന്നതു തന്നെ മലയാളി സമൂഹത്തിന്റെ പ്രദേശത്തെ വളർച്ചയെയാണ് കാണിക്കുന്നത്.

മന്ദാകിനിയെപ്പറ്റിയുള്ള ചിന്ത


കോതമംഗലം ചേലാട് സ്വദേശിയാണ് അബീഷ് ചെറിയാൻ. ഭൂതത്താൻകെട്ട്, കുട്ടമ്പുഴ, വടാട്ടുപാറ, പൂയ്യംകുട്ടി തുടങ്ങി പെരിയാറിന്റെ തീരത്തുള്ള പ്രദേശങ്ങളിൽ വാറ്റ് ജീവിതത്തിന്റെ ഭാഗം തന്നെയാണെന്നതാണ് വാസ്തവം. 1996-ൽ എ കെ ആന്റണി കേരളത്തിൽ ചാരായം നിരോധിച്ചെങ്കിലും ഈ പ്രദേശത്തുകാർ വാറ്റിനെ കൈവിടാൻ ഇന്നും തയാറായിട്ടില്ല. ''ആരെല്ലാമാണ് ആ നാട്ടിൽ വാറ്റുന്നതെന്ന് ആ നാട്ടിൽ എല്ലാവർക്കുമറിയാം. വിവാഹ സൽക്കാരങ്ങൾക്ക് വിഐപികൾക്കൊക്കെ വിദേശമദ്യം കൊടുക്കുമെങ്കിലും പ്രദേശവാസികൾക്ക് 50 ലിറ്ററിന്റെ കന്നാസിൽ പ്രത്യേകമായി ഓർഡർ ചെയ്ത വാറ്റാണ് നൽകുക. പറമ്പിന്റെ ഒരു കോണിലാകും കന്നാസ് വച്ചിരിക്കുക. എല്ലാവർക്കും ഒരു പ്ലാസ്റ്റിക് ഗ്ലാസ് കൊടുക്കും. അതിൽ നിന്നും ഊറ്റിയിട്ടാണ് എല്ലാവരും കുടിക്കുക. അതുകിട്ടിയാലെ നാട്ടുകാരുടെ മുഖവും മനസ്സും തെളിയുകയുള്ളു. പക്ഷേ ആ വാറ്റ് ചുമ്മാ പട്ടച്ചാരായമൊന്നുമല്ല. ഉണക്കമുന്തിരിയും നല്ല ശർക്കരയും മറ്റ് സുഗന്ധവ്യഞ്ജനങ്ങളുമൊക്കെയിട്ട് വാറ്റുന്നതാണ് അത്.''

 

 

അബീഷിന്റെ സഹോദരൻ ഏലിയാസ് കാനഡയിലെത്തിയപ്പോൾ കക്ഷി കുറച്ചുകാലം കാനഡയിൽ വിന്നിപെഗ്ഗിൽ രണ്ടുവർഷത്തോളം വർക്ക് വിസ കിട്ടാതെ വെറുത നിന്നു. നാട്ടിൽ ചാലക്കുടി ഐ ടി ഐയിൽ നി്ന്നും മെക്കാനിക്കൽ എഞ്ചിനിയറിങ് ട്രേഡ് ആണ് ഏലിയാസ് പഠിച്ചത്. ഏലിയാസിന്റെ ഭാര്യ ജിലു കാനഡയിൽ സ്റ്റുഡന്റ് വിസയിലായിരുന്നു എത്തിയത്. ആ സമയത്ത് അവിത്തെ ബെവ്കോ മോഡൽ മദ്യവിൽപനകേന്ദ്രമായ ലിക്വർ കൺട്രോൾ ബോർഡ് ഓഫ് ഒൺടാറിയോ (എൽ സി ബി ഒ)യുടെ സ്റ്റോറുകൾ സ്റ്റോറുകൾ കയറിയിറങ്ങി വിവിധ മദ്യങ്ങളെ പരിചയപ്പെടുകയും രുചിച്ചറിയുകയുമൊക്കെയായിരുന്നു ഏലിയാസിന്റെ പണി. ഡിസ്പ്ലേയിലുള്ള മദ്യങ്ങളുടെ ബ്രാൻഡുകളൊക്കെ എടുത്തു വായിക്കുകയും അതിലെ ആൽക്കഹോൾ ശതമാനം എത്രയെന്ന് പരിശോധിക്കുകയും ചെയ്യുകയായിരുന്നു പ്രധാന പരിപാടി. പിന്നെ വീ്ട്ടിലേക്ക് മദ്യം വാങ്ങിയെത്തി അവ രുചിച്ച്, അബീഷിനെ വിളിച്ച് അതിന്റെ സവിശേഷതകൾ വർണിക്കും. അതിൽ നിന്നും ഒരു കാര്യം ഏലിയാസ് കണ്ടെത്തി. ലോകത്തെ മദ്യങ്ങളിൽ 40 ശതമാനത്തിനു മേൽ ആൽക്കഹോളുള്ള മദ്യങ്ങൾ നന്നേ കുറവാണ്. ഈ മദ്യഗവേഷണത്തിൽ നിന്നും ലഭിച്ച വിവരങ്ങളൊക്കെ തന്നെ ഏലിയാസ് അബീഷുമായി പങ്കിടുകയും ചെയ്യുമായിരുന്നു. 'സത്യത്തിൽ അവിടെ നിന്നുമാണ് മദ്യനിർമ്മാണമെന്ന ആശയം മുളപൊട്ടുന്നത്,' പൊള്ളാച്ചിയിൽ തൊഴിലെടുക്കുന്ന കാലത്ത് തമിഴ്‌നാട് അതിർത്തിയിൽ നിന്നും ആദ്യമായി വാറ്റു നുകർന്ന അബീഷിന് പൊട്ടിച്ചിരി.

എന്തുകൊണ്ട് ഇവിടെ ഒരു മദ്യ ബിസിനസ് ആരംഭിച്ചുകൂടാ എന്ന് ഏലിയാസ് ചുമ്മാതെ ചോദിക്കാൻ തുടങ്ങിയ ചോദ്യമാണ് വാസ്തവത്തിൽ മന്ദാകിനി മലബാറി വാറ്റായി മാറിയത്. മൂന്നു വർഷം മുമ്പ്, ഗൗരവമായി തന്നെ ഈ തമാശയെ യാഥാർത്ഥ്യമാക്കിക്കൂടെ എന്ന് അബീഷ് ചിന്തിച്ചു. പക്ഷേ കാനഡയിൽ ഡിസ്റ്റിലറി ലൈസൻസ് കിട്ടുകയെന്നത് അത്ര എളുപ്പമുള്ള കാര്യമൊന്നുമല്ലെന്ന് അബീഷിന് നന്നായി അറിയാമായിരുന്നു. വലിയ മുതൽമുടക്ക് നടത്തിയശേഷം ഒരു വർഷത്തോളം ഡിസ്റ്റിലറി ലൈസൻസിന് കാത്തിരുന്നാൽ മാത്രമേ അത് സാധ്യമാകൂ. അനുമതി ലഭിക്കുമെന്നു പോലും ഉറപ്പില്ല. അങ്ങനെയാണ് കാനഡയിൽ അഞ്ചു വർഷം മുമ്പ് ഇറ്റാലിയൻ വംശജനായ കനേഡിയൻ ഡോണ്ടിമോണ്ടെ ആരംഭിച്ച ലാസ്റ്റ് സ്ട്രോ ഡിസ്റ്റിലറിയെ അബീഷും പങ്കാളികളും സമീപിക്കുന്നത്. 2012-ൽ ഗൾഫിൽ നിന്നും കാനഡയിലേക്ക് പറിച്ചുനട്ട മൂവാറ്റുപുഴ സ്വദേശിയായ ഇൻസ്ട്രുമെന്റേഷൻ എഞ്ചിനീയറായ സരീഷ് കുഞ്ഞപ്പനായിരുന്നു ഏലിയാസിനു പുറത്തുള്ള പങ്കാളി. കാലങ്ങളായി അബീഷിന്റെ സുഹൃത്തായിരുന്നു സരീഷ്. മദ്യത്തിന്റെ നിർമ്മാണരീതിയും മറ്റും അദ്ദേഹത്തോട് ഇവർ പറയുകയും മദ്യത്തിന്റെ ബ്രാൻഡിങ് അടക്കമുള്ള കാര്യങ്ങളിൽ ഡിസ്റ്റിലറിയെ തങ്ങൾ സഹായിക്കാമെന്ന് അവർ ഡോണ്ടിമൊണ്ടെയ്ക്ക് ഉറപ്പു നൽകുന്നു. കാനഡയിലെ പഴക്കം ചെന്ന ഡിസ്റ്റിലറികളുമായി മത്സരിച്ച് കനേഡിയൻ വിസ്‌കി പുരസ്‌കാരമൊക്കെ നേടിയ ടീമാണ് ലാസ്റ്റ് സ്ട്രോ ഡിസ്റ്റിലറി എന്ന് അവർ അറിയുന്നതൊക്കെ പിന്നീടാണ്.

'മദ്യനിർമ്മാണത്തെപ്പറ്റി വലിയ ഗ്രാഹ്യമൊന്നുമില്ലാത്ത ഞങ്ങൾ ഇതൊരു പാഷന്റെ പുറത്തും ഹോബിയായും ആരംഭിച്ചതാണ്. നാട്ടിൽ നിന്നും മദ്യനിർമ്മാണ റെസീപ്പികൾ സംഘടിപ്പിച്ച് ഡിസ്റ്റിലറിയിലെത്തി ട്രയലുകൾ നടത്തുകയായിരുന്നു ആദ്യ പരിപാടി. ശർക്കരയും മസാലയുമടക്കം നാട്ടിൽ ലഭിക്കുന്ന എല്ലാ ചേരുവകളും തന്നെ ഇപ്പോൾ കാനഡയിൽ ലഭ്യമായതിനാൽ അത് ലഭിക്കുന്നതിന് ബുദ്ധിമുട്ടുണ്ടായിരുന്നില്ല. ബ്രാൻഡിങ്ങ് ആയിരുന്നു അടുത്തപടി' അബീഷ് പറയുന്നു. അങ്ങനെയാണ് ഞങ്ങളുടെ തന്നെ ക്ലാസ്മേറ്റായിരുന്ന, അബുദാബിയിലെ പ്രമുഖ ഡിസൈനറുമായി (മറ്റൊരു സ്ഥാപനത്തിലായതിനാൽ പേര് വെളിവാക്കാനാവില്ല) അബീഷ് ബന്ധപ്പെടുന്നത്. 'ബിനോയ് ഏർപ്പാട് ചെയ്തു തന്നെ ഒരു പയ്യനാണ് (മറ്റൊരു സ്ഥാപനത്തിൽ തൊഴിലെടുക്കുന്നതിനാൽ പേര് പറയാനാവില്ല) ഇത്ര മനോഹരമായി മന്ദാകിനിയുടെ ലേബലുകൾ രൂപകൽപന ചെയ്തത്.

മദ്യം മന്ദാകിനിയാകുന്നു...


ഓരോ പ്രദേശത്തിന്റെയും പേരിലും കഥകളുടെ പിൻബലത്തോടെയുമാണ് ഇന്ന് ലോകത്ത് മദ്യങ്ങളിറങ്ങുന്നത്. എല്ലാ മദ്യങ്ങളുടെയും അടിസ്ഥാനം എത്തനോൾ ആണെങ്കിലും പ്രാദേശികമായ കൂട്ടുചേരുവകൾ അവയെ വ്യത്യസ്തമാക്കി നിർത്തുന്നുണ്ട്. അതേപോലെ തന്നെ പ്രധാനമാണ് മദ്യം എങ്ങനെ പുറത്തിറക്കുന്നുവെന്നത്. മലയാളികൾ പൊതുവേ, നല്ല കുപ്പിയും സുന്ദരമായ ലേബലിങ്ങുമൊക്കെ ഇഷ്ടപ്പെടുന്നവരാണെന്നാണ് അബീഷിന്റെ നിരീക്ഷണം. അതുകൊണ്ടു തന്നെ വാറ്റിനു പിന്നിൽ ഒരു കഥ ജനിച്ചു. ഹെൻട്രിക് വാൻ റീഡ് ഇന്ത്യൻ മരുന്നുചെടികളെക്കുറിച്ചെഴുതിയ പുസ്തകത്തിൽ നിന്നും പ്രചോദിതമായാണ് ഇത് നിർമ്മിച്ചതെന്നായിരുന്നു അതിലൊന്ന്. സ്‌കോട്ട്ലണ്ടിലെ സ്‌കോച്ച് വിസ്‌ക്കി പോലെയും ഫ്രാൻസിലെ കോണ്യാക് പോലെയും ഇറ്റലിയിലെ വൈനുകൾ പോലുമൊക്കെ പ്രാദേശികമായി നാടൻ വാറ്റ് ബ്രാൻഡ് ചെയ്തെടുക്കാൻ ഇതിനേക്കാൾ നല്ലൊരു കഥ വേറെയുണ്ടായിരുന്നില്ല. ഇന്ത്യയിൽ നാടൻ വാറ്റ് കരിമ്പ് കർഷകരെ സഹായിക്കുന്നതിനായി പഞ്ചാബിലേയും മഹാരാഷ്ട്രയിലേയുമൊക്കെ പ്രാദേശിക വിപണികളിൽ നിയമാനുസൃതമായി തന്നെ വിൽക്കുന്ന ഒന്നാണെന്നിരിക്കേ, കാനഡയിൽ ആ സമൂഹത്തെക്കൂടി മലബാറി വാറ്റിലേക്ക് ആകർഷിക്കുന്നതിനായി ദേശീ ദാരു എന്നു കൂടി ലേബലിൽ രേഖപ്പെടുത്തി. ഇതേപോലെ തന്നെ ശ്രീലങ്കൻ തമിഴരും ധാരാളമായുള്ള പ്രദേശമാണ് കാനഡ. '''മലയാളികളെപ്പോലെ തന്നെ കാര്യമായി കള്ളുകുടിക്കുന്നവരാണ് ഇവരെല്ലാം തന്നെ. അങ്ങനെയാണ് മലയാളിക്കു പുറമേ മറ്റു ഇന്ത്യൻ സംസ്ഥാനങ്ങളിലുള്ളവരെക്കൂടി ഉൾച്ചേർത്താൽ കൂടുതൽ ആകർഷകമാകുമെന്നു മനസ്സിലായത്. നാടൻ വാറ്റ് എന്ന് ആദ്യം നാമകരണം ചെയ്ത മദ്യം പിന്നെ മലബാറി വാറ്റായി. എല്ലാ സമൂഹങ്ങളേയും ഒരുപോലെ ആകർഷിക്കുന്ന ഒരു പേരു വേണമെന്ന തോന്നിയത് അപ്പോഴാണ്. എന്റെ മനസ്സിൽ മന്ദാകിനിയെന്നൊരു പേര് കിടപ്പുണ്ടായിരുന്നു. 'മറിയം വന്നു വിളക്കൂതി' എന്ന ചിത്രത്തിൽ നിന്നാണത് കിട്ടിയത്. 'രാം തേരി ഗംഗാമൈലി'യിലെ നടിയായിരുന്ന, ദാവൂദ് ഇബ്രാഹിമിന്റെ കീപ്പ് ആയിരുന്ന മന്ദാകിനിയേയും എല്ലാവർക്കുമറിയാം. മാത്രവുമല്ല, മന്ദാകിനി എല്ലാ ഭാഷകളിലും മനസ്സിലാകുന്ന, വളരെ ക്യാച്ചി ആകുന്ന പേരായതിനാലാണ് മന്ദാകിനി എന്ന പേര് തെരഞ്ഞെടുത്തത്. അതിമനോഹരമായി ലേബൽ ഡിസൈൻ ചെയ്യുകയും ചെയ്തു,' അബീഷ് ചെറിയാൻ പറയുന്നു.

റെസീപ്പിയുടെ അന്വേഷണം അബീഷ് ആരംഭിച്ചത് നാട്ടിൽ നിന്നുമായിരുന്നു. ഇരുപതോളം റെസീപ്പികൾ കണ്ടെത്തി. അതിൽ പലതും കഷായത്തിന്റെ റെസീപ്പി പോലെയായിരുന്നു. 'കോതമംഗലത്തൊക്കെ ആയുർവേദ കടയിൽപോയി വാറ്റ് ഉണ്ടാക്കാനുള്ള കൂട്ട് ചോദിച്ചു കഴിഞ്ഞാൽ എത്ര മദ്യമാണ് ഉണ്ടാക്കാൻ ആഗ്രഹിക്കുന്നുവോ അതിനാവശ്യമായ മസാലക്കൂട്ട് കടക്കാരൻ പൊതിഞ്ഞു നൽകും. അതിൽ എന്തൊക്കെയാണ് ഉള്ളതെന്നൊന്നും പലർക്കുമറിയില്ല. വാഷിന് കൃത്യമായി എത്ര സമയമെടുക്കുമെന്നൊന്നും ആർക്കുമറിയില്ല. നാട്ടിൽ ഓരോരുത്തർക്ക് തോന്നും പോലെയാണ് ഓരോന്നു ചെയ്യുന്നത്. ആൽക്കഹോളിന്റെ കണ്ടന്റ് എത്രയാണെന്നു പോലും അറിയില്ല. പക്ഷേ കാനഡയിൽ കൃത്യമായ ആൽക്കഹോൾ കണ്ടന്റെ അടക്കം വേണം. നമ്മുടെ പോലെ തന്നെയുള്ള കാലാവസ്ഥയുള്ള രാജ്യങ്ങളാണ് കരീബിയൻ രാജ്യങ്ങളായ ജമൈക്ക, പോർട്ടോറിക്കോ ഒക്കെ. ഇവർക്കെല്ലാം തന്നെ അവരുടെ സ്വന്തം മദ്യങ്ങളുമുണ്ട്. പക്ഷേ നമുക്ക് മദ്യത്തെപ്പറ്റി ഇത്രയധികം അറിവുണ്ടായിട്ടുപോലും നാം അത് ആഗോളതലത്തിൽ ബ്രാൻഡ് ചെയ്ത് ഒരു ഉൽപന്നമാക്കിയില്ലെന്ന് എനിക്ക് തോന്നിയിരുന്നു.,''' അബീഷ് പറയുന്നു.

വളരെ ചെറിയ ഒരു മാത്രയിൽ വിപണിയിൽ മന്ദാകിനി ടെസ്റ്റ് മാർക്കറ്റ് ചെയ്യാനായിരുന്നു ടീമിന്റെ ആദ്യപദ്ധതി. അങ്ങനെ ഒടുവിൽ മദ്യം അവതരിപ്പിക്കപ്പെട്ടു. പക്ഷേ ലോഞ്ച് ചെയ്യുന്ന നേരത്താണ് വെബ്സൈറ്റ് ചെയ്യുന്ന പയ്യനും ഡിസൈൻ ചെയ്യുന്ന പയ്യനും ക്വാറന്റയ്നിലാകുന്നത്. 'തലയ്ക്ക് വട്ടുപിടിച്ചു നടന്നിരുന്ന ആ സമയത്ത് ഞാൻ തന്നെയാണ് തട്ടിക്കൂട്ട് പടങ്ങളുമൊക്കെയായി വെബ്സൈറ്റ് ഉണ്ടാക്കിയത്. തുടങ്ങിയശേഷം അടുത്തറിയാവുന്ന ചിലർക്കൊക്കെ ഇത് ഫേസ്ബുക്കിലൂടെ ഷെയർ ചെയ്തു. എന്റെ ബന്ധുക്കളെ ഉപയോഗിച്ചാണ് ഞാൻ ഫോട്ടോകളൊക്കെ എടുത്തത്. jകഴിഞ്ഞതിനു മുന്നത്തെ വെള്ളിയാഴ്ച രാവിലെയാണ് ഞാൻ പോസ്റ്റ് ഷെയർ ചെയ്തത്. വൈകിട്ട് ഞാൻ രണ്ടാം റൗണ്ട് ഷെയറിങ് തുടങ്ങിയപ്പോൾ പലരും തങ്ങൾക്കിത് നേരത്തെ തന്നെ കിട്ടിയെന്ന് പറഞ്ഞപ്പോൾ ഞാൻ അമ്പരന്നു. ഞാനാണ് ഈ മദ്യത്തിന്റെ പിന്നിലെന്ന് അവർക്കാർക്കും മനസ്സിലായിരുന്നില്ല. സോഷ്യൽ മീഡിയയിൽ നിന്നും അവർക്കിത് കിട്ടിത്തുടങ്ങിയെന്നും എനിക്കിത് വീണ്ടും അയക്കണ്ട എന്ന മട്ടിലായിരുന്നു അവരുടെ പ്രതികരണം. ഓഗസ്റ്റ് 27-ാം തീയതിയാണ് ഞാൻ ആദ്യ ചിത്രം പോസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാവിലെ ഞാൻ ജോലിക്കു പോയ സമയത്താണ് എന്റെ സഹോദരൻ ഏലിയാസ് എന്നെ വിളിച്ച് വാട്ട്സാപ്പ് നോക്കാൻ പറഞ്ഞത്. നോക്കുമ്പോൾ ഏഷ്യാനെറ്റ് ന്യൂസിൽ അത് വലിയ വാർത്തയായിരിക്കുന്നു. ഇതിന്റെ പിന്നിലുള്ളവർ ആരാണെന്നൊക്കെ ചോദിച്ചുകൊണ്ടുള്ള ഒരു റിപ്പോർട്ട്. പിന്നെ വൈറലോട് വൈറലായിരുന്നു. മലയാളികൾ ഒന്നടങ്കം അത് ഏറ്റെടുത്തു. ഞാൻ ഡിസ്റ്റിലറിയിൽ ചെന്നപ്പോൾ ഡിസ്റ്റിലറി ഉടമ ആകെ നടുങ്ങി നിൽക്കുകയാണ്. കക്ഷി ഡിസറ്റിലറി തുടങ്ങിയതിനുശേഷം ഇതാദ്യമായാണ് ഇത്രയും വലിയ ഒരു ആൾക്കൂട്ടം അവിടെ കാണുന്നത്. രണ്ടും മൂന്നും മണിക്കൂറും ഡ്രൈവ് ചെയ്ത് ഡിസ്റ്റിലറിയിലെത്തിയാണ് ഈ മലയാളിക്കൂട്ടം മന്ദാകിനി വാങ്ങാനെത്തിയത്. ഒന്നും രണ്ടും കെയ്സ് വച്ചൊക്കെ ആളുകൾ വാങ്ങിക്കൊണ്ട് പോകാൻ തുടങ്ങിയതോടെ, ഇതൊന്നും മുൻകൂട്ടി കാണാതിരുന്ന ഞങ്ങൾക്ക് ആവശ്യത്തിന് മന്ദാകിനി നൽകാനാകാത്ത അവസ്ഥയാണിപ്പോൾ,' അബീഷിന്റെ അമ്പരപ്പ് ഇനിയും മാറിയിട്ടില്ല.

 

 

നാട്ടിലെ ബെവ്കോ പോലെ തന്നെ ഒൺടാറിയോ പ്രവിശ്യയിൽ മദ്യവിതരണത്തിനായുള്ള ലിക്വർ കൺട്രോൾ ബോർഡ് ഓഫ് ഒൺടാറിയോയുടെ (എൽ സി ബി ഒ) സ്റ്റോറുകളിൽ മാത്രമേ മദ്യം ലഭിക്കുകയുള്ളു. മന്ദാകിനിയ്ക്ക് അവരുമായി വിതരണ ലൈസൻസ് നിലവിൽ ഇല്ലാത്തതിനാൽ ഡിസ്റ്റിലറിയിലൂടെ മാത്രമേ ഇപ്പോൾ മദ്യം വിൽക്കുന്നുള്ളു. എൽ സി ബി ഒയുടെ മദ്യപ്പട്ടികയിൽ കയറിപ്പയറ്റാൻ വളരെ ബുദ്ധിമുട്ടാണ്. ടേസ്റ്റിങ് അപ്രൂവലും സാമ്പിളിങ് അപ്രൂവലും നടത്തിയശേഷം ലോജിസ്റ്റ് എല്ലാം കൃത്യമായി അറിയിക്കണം. ഇതെല്ലാം കഴിഞ്ഞ് ഈ മദ്യം വേണമോ വേണ്ടയോ എന്നത് ബോർഡിന്റെ തീരുമാനത്തിനനുസരിച്ചിരിക്കും. അതുകൊണ്ടു തന്നെ കടകളിലെത്താൻ ഇനിയും മന്ദാകിനിയ്ക്ക് കടമ്പകളേറെയുണ്ട്.

ലാസ്റ്റ് സ്ട്രോ ഡിസ്റ്റിലറിയുടെ ഉടമ ഡോണ്ടിമോണ്ടെ ആകെ അമ്പരപ്പിലാണ്. മദ്യത്തെ ഇത്ര ആദരവോടെയും സ്നേഹത്തോടെയും സമീപിക്കുന്ന മറ്റൊരു സമൂഹത്തെ താൻ വേറെ കണ്ടിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്. മന്ദാകിനി രണ്ടാമത്തെ ആഴ്ചയിൽ തന്നെ ഉണ്ടാക്കിയ മുഴുവൻ കെയ്സുകളും വിറ്റുപോയതോടെ ഡോണ്ടിമോണ്ടെ ആകെ ഞെട്ടിത്തരിച്ചിരിക്കുകയാണ്. ആറു മാസത്തേക്കുള്ള സ്റ്റോക്ക് കണക്കാക്കി ഉണ്ടാക്കിയ മദ്യമാണ് ഒരാഴ്ച കൊണ്ട് കെയ്സ് കണക്കിനു വാങ്ങി മലയാളികൾ തീർത്തുകളഞ്ഞത്. ഇനി മൂന്നോ നാലോ ദിവസത്തേക്കുള്ള മദ്യം മാത്രമേ സ്റ്റോക്കുള്ളു. പിന്നെ രണ്ടര ആഴ്ച കൂടി കഴിഞ്ഞാൽ മാത്രമേ മന്ദാകിനിയുടെ അടുത്ത ബാച്ച് ഡിസ്റ്റിലറിയിൽ ഉണ്ടാക്കാനാകൂ. പക്ഷേ മദ്യപ്രേമിയായ മലയാളിയ്ക്ക് ക്ഷമ കുറവാണല്ലോ. അതുകൊണ്ട് ഡിസ്റ്റിലറിയിലേക്ക് ഫോൺകോളിന്റെ ബഹളമാണ്....

'വിവരമറിഞ്ഞ് മദ്യത്തിന്റെ വിതരണക്കാരെല്ലാം ഇപ്പോൾ ഞങ്ങളെ തേടി വരികയാണ്. ജോണിവാക്കർ കമ്പനിയെ പ്രതിനിധീകരിക്കുന്ന വ്യക്തി എന്നോട് പറഞ്ഞത് അവരുടെ കമ്പനി പരസ്യത്തിനായി ഏറ്റവും പണം മുടക്കുന്നത് ഇന്ത്യയിലാണെന്നാണ്. ഇന്ത്യൻ പ്രവാസി സമൂഹം ഇതേപോലെ തന്നെ വലിയ തോതിൽ മദ്യത്തിന്റെ ഉപഭോക്താക്കളാണ്. ഇന്ത്യാക്കാർക്കായി ഒരു പ്രീമിയം ബ്രാൻഡായി മന്ദാകിനിയെ വളർത്താനായാൽ ദശലക്ഷക്കണക്കിന്റെ ഒരു വിപണിയായി ഇത് മാറാം,' അബീഷിന്റെ ശുഭാപ്തി വിശ്വാസം. 


മന്ദാകിനിക്കാരുടെ കുടുംബങ്ങളും തൊഴിലും...


മന്ദാകിനിയുടെ അണിയറക്കാരായ അബീഷും ഏലിയാസും സരീഷ് കുഞ്ഞപ്പനും മെക്കാനിക്കൽ എഞ്ചീനിയറിങ് രംഗത്താണ് ഇന്ന് തൊഴിലെടുക്കുന്നത്. അബീഷ് ഒരു കമ്പനിയിൽ മെയിന്റനൻസ് മാനേജറാണ്. സരീഷ് ഇൻസട്രുമെന്റേഷൻ എഞ്ചിനീയറാണ്. ഏലിയാസ് മെക്കാനിക്കും. അബീഷിന്റെ ഭാര്യ പെരുമ്പാവൂർകാരിയായ ലീനയാണ്. ഏക മകൾ മിഷ. സഹോദരൻ ഏലിയാസ് ചെറിയാന്റെ ഭാര്യ ജിലു. അവരുടെ മകൻ എയ്ഡൻ. പങ്കാളിയായ മൂവാറ്റുപുഴക്കാരൻ സരീഷ് കുഞ്ഞപ്പന്റെ ഭാര്യ ജിസയും അവർക്ക് ആഡവും അന്നയും എന്ന രണ്ടു മക്കളും.
 

click me!