ഈ വീട് മുഴുവനും കാടാണല്ലോ? ന​ഗരത്തിൽ ഫാൻ പോലും വേണ്ടാത്ത ഒരു വീട്!

By Web TeamFirst Published Apr 2, 2021, 11:34 AM IST
Highlights

എങ്ങനെ ചുരുങ്ങിയ സ്ഥലത്ത് പോലും ഒരു തോട്ടമുണ്ടാക്കാനും പക്ഷികളെയും ശലഭങ്ങളെയും എല്ലാം ആകര്‍ഷിക്കാനും പറ്റുമെന്നതിന്‍റെ ഉത്തമോദാഹരണമാണ് നടരാജന്‍റെ തോട്ടം.

ഇത് നല്ല ചൂടുകാലമാണ് അല്ലേ? ഓരോ വര്‍ഷവും വേനലില്‍ ചൂട് കൂടിക്കൂടി വരികയാണ്. ഫാനോ എസിയോ ഇല്ലാതെ വീട്ടിലിരിക്കാനേ പറ്റില്ല എന്ന അവസ്ഥ. ബംഗളൂരുവിലുള്ള നടരാജ ഉപാധ്യയ്ക്കും ഇത് തന്നെ ആയിരുന്നു നേരത്തെ അവസ്ഥ. എന്നാൽ, ഇപ്പോൾ അങ്ങനെയല്ല. അദ്ദേഹത്തിന്‍റെ വീട്ടുമുറ്റത്ത് ഒരു പൂന്തോട്ടം ഉണ്ടായിരുന്നു. എന്തുകൊണ്ട് ടെറസിന് മുകളിലും അങ്ങനെ ഒരു തോട്ടം ഒരുക്കിക്കൂടാ എന്ന് അദ്ദേഹം ചിന്തിച്ചു. ബംഗളൂരു അറിയപ്പെടുന്നത് തന്നെ ഗാര്‍ഡന്‍ സിറ്റി എന്നാണ്. എന്നാല്‍, ഇന്ന് എല്ലായിടത്തും കോണ്‍ക്രീറ്റ് കെട്ടിടങ്ങളാണ്. മരങ്ങള്‍ മുറിക്കുന്നതും നഗരവല്‍ക്കരണവും കാലാവസ്ഥയിലെ വ്യതിയാനവും എല്ലാം ചേര്‍ന്ന് ചൂട് കൂടുന്നതിന് കാരണമായിത്തീര്‍ന്നു എന്ന് നടരാജ പറയുന്നു. 

2008 വരെ തിരക്ക് പിടിച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്‍റേത്. എന്നാല്‍, വിരമിച്ച ശേഷം അമ്പത്തിയെട്ടുകാരനായ ഈ മുന്‍ ഐടി പ്രൊഫഷണല്‍ തന്‍റെ ആരോഗ്യത്തില്‍ ശ്രദ്ധിച്ച് തുടങ്ങി. മണിക്കൂറുകള്‍ നീണ്ട ജോലിയും ഡ്രൈവിംഗും, കൂടാതെ ഭിന്നശേഷിക്കാരിയായ ഭാര്യയുടെയും മക്കളുടെയും കാര്യവും എല്ലാം കൂടി ഓട്ടമായിരുന്നു അദ്ദേഹം. എന്നാല്‍, വിരമിച്ചതോടെ തന്‍റെയും കുടുംബത്തിന്‍റെയും കാര്യം നോക്കാന്‍ കൂടുതല്‍ നേരം കിട്ടി. 

ഉടുപ്പിയില്‍ നിന്നുള്ള ഒരു കര്‍ഷക കുടുംബമാണ് നടരാജയുടേത്. അങ്ങനെ ആ വേരുകളിലേക്ക് തന്നെ തിരികെ പോകാന്‍ അദ്ദേഹം തീരുമാനിച്ചു. തോട്ടം പരിപാലനത്തോടും പ്രകൃതിയോടും ഉള്ള ഇഷ്‍ടം വീണ്ടെടുത്തു. ചെറുപ്പത്തില്‍ അച്ഛനൊപ്പം ചെടികള്‍ നടാനും പരിപാലിക്കാനും എല്ലാം പോവുമായിരുന്നു നടരാജനും. എന്നാല്‍, പിന്നീട് എഞ്ചിനീയറിംഗിലേക്ക് തിരിഞ്ഞു. അതോടെ തോട്ടം ബാല്‍ക്കണിയിലായി. 

നേരത്തെ ഉള്ള അനുഭവം വച്ച് നടരാജ ബാഗിലും ഒഴിഞ്ഞ പാത്രങ്ങളിലും എല്ലാം അരി വളര്‍ത്തിയെടുക്കാന്‍ തുടങ്ങി. ഒപ്പം കുറച്ച് പച്ചക്കറികളും ഔഷധസസ്യങ്ങളും നട്ടുവളര്‍ത്താന്‍ തുടങ്ങി. അദ്ദേഹത്തിന്‍റെ വീടിന്‍റെ ടെറസ് 1500 സ്ക്വയര്‍ ഫീറ്റിലായിരുന്നു. അതിനാല്‍ തന്നെ അതില്‍ വലിയ മരങ്ങളും ചെടികളും നടാനുള്ള സൗകര്യവും ഉണ്ടായിരുന്നു. 2012 ആയപ്പോഴേക്കും റീസൈക്കിള്‍ ചെയ്‍തെടുത്ത 55 ലിറ്റര്‍ വീപ്പയിൽ മരങ്ങള്‍ വളര്‍ത്തി തുടങ്ങി. 

കഴിഞ്ഞ വർഷങ്ങളിൽ, നടരാജന്റെ നിരന്തരമായ പരിശ്രമത്തിൽ 72 ഇനത്തിലുള്ള 100 മരങ്ങൾ, ഫലവൃക്ഷങ്ങൾ, പച്ചക്കറികൾ എന്നിവയുൾപ്പെടെ 300 ഇനം സസ്യങ്ങള്‍ അവിടെ വളര്‍ത്തിയിട്ടുണ്ട്. മുരിങ്ങ, മുള, പുളി, അത്തി എന്നിവ ഉൾപ്പടെയുള്ള മരങ്ങള്‍ അവിടെയുണ്ട്. 50 തരം ചിത്രശലഭങ്ങൾ, ഒരു ഡസനോളം ഇനം പക്ഷികൾ, നൂറുകണക്കിന് പ്രാണികൾ, അണ്ണാൻ, വവ്വാലുകൾ എന്നിവ ഉദ്യാനത്തിലെത്തുന്നു. നടരാജന് വേനൽക്കാലത്ത് ഒരു എസിയുടെയോ ഫാനിന്‍റെയോ ആവശ്യമില്ല എന്നതും അദ്ദേഹം എടുത്തു പറയുന്നു. 

“പച്ചപ്പ് ഒരിക്കലും മങ്ങാത്തതിനാൽ ഞാൻ അതിനെ ഒരു നഗര നിത്യഹരിത വനം എന്ന് വിളിക്കുന്നു. പൂന്തോട്ടത്തിന്റെ 400 ചതുരശ്രയടി വിസ്തീർണത്തിലും വീടിന്റെ സംരക്ഷണ ഭിത്തിയിലും ചില തോട്ടങ്ങളുണ്ട്. മൊത്തത്തിലുള്ള പച്ചപ്പ് 2-3 ഡിഗ്രി സെൽഷ്യസ് വരെ താപനില നിലനിർത്താൻ സഹായിക്കുന്നു” അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

എന്നാല്‍, ഇതൊന്നും അത്ര എളുപ്പമായിരുന്നില്ല. ഒരുപാട് കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ടായിരുന്നു. 1987 -ല്‍ നിര്‍മ്മിച്ചതാണ് വീട്. അതിനാൽ, മേൽക്കൂരയിലെ സമ്മർദ്ദം കുറയ്ക്കുന്നതിന്, അദ്ദേഹം തൂണുകളുടെ ചുറ്റളവിൽ വീപ്പകള്‍ സ്ഥാപിച്ചു. സ്ലാബ് സുരക്ഷിതമായി നിലനിര്‍ത്തുന്നതിന് ഭാരം തൂണുകളിലേക്കാക്കി. ടെറസിലെ ചോർച്ചയും മറ്റ് വാട്ടർപ്രൂഫിംഗും ശ്രദ്ധിച്ചു. 

എങ്ങനെ ചുരുങ്ങിയ സ്ഥലത്ത് പോലും ഒരു തോട്ടമുണ്ടാക്കാനും പക്ഷികളെയും ശലഭങ്ങളെയും എല്ലാം ആകര്‍ഷിക്കാനും പറ്റുമെന്നതിന്‍റെ ഉത്തമോദാഹരണമാണ് നടരാജന്‍റെ തോട്ടം. തന്റെ വീട്ടിലെ എല്ലാ സസ്യങ്ങളും കമ്പോസ്റ്റിലാണ് വളർത്തുന്നതെന്നും ജൈവ രീതികളാണ് പിന്തുടരുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. കമ്പോസ്റ്റ് ഉപയോഗിക്കുന്നത് വീപ്പകളുടെ ഭാരം കുറയ്ക്കാൻ സഹായിക്കുന്നു. അതുപോലെ തന്നെ കീടനാശിനികളോ ഒന്നും തന്നെ അദ്ദേഹം തന്‍റെ തോട്ടത്തില്‍ ഉപയോഗിച്ചിട്ടില്ല. 2010 മുതല്‍ അടുക്കളയില്‍ നിന്നുള്ള മാലിന്യങ്ങളൊന്നും തന്നെ അദ്ദേഹം കളയുന്നില്ല. മറിച്ച് എല്ലാം കംപോസ്റ്റ് ആക്കുകയാണ് ചെയ്യുന്നത്. 

അയല്‍പക്കക്കാര്‍ക്ക് കൂടി അദ്ദേഹത്തിന്‍റെ ഈ തോട്ടം കൊണ്ട് കുളിര്‍മ്മയും നല്ല വായുവും കിട്ടുന്നു. യൂട്യൂബിലൂടെ തന്‍റെ തോട്ടത്തിലെ ചെടികളുടെ വളര്‍ച്ചയെ കുറിച്ച് അദ്ദേഹം വിശദീകരിക്കാറുണ്ട്. അതുപോലെ തന്നെ ഫേസ്‍ബുക്കിലൂടെയും ഇങ്ങനെ ചെടികളും മരങ്ങളും വളര്‍ത്താന്‍ ആഗ്രഹിക്കുന്നവരുമായി അദ്ദേഹം സംവദിക്കുകയും ചെയ്യുന്നു. എത്ര ചെറിയ സ്ഥലത്താണെങ്കിലും നമുക്കെല്ലാവര്‍ക്കും ഇങ്ങനെ പച്ചപ്പുണ്ടാക്കിയെടുക്കാം എന്നും അദ്ദേഹം പറയുന്നു. 

(വിവരങ്ങള്‍ക്ക് കടപ്പാട് ദി ബെറ്റര്‍ ഇന്ത്യ)

click me!