ബദാംതോട്ടങ്ങളില്‍ കീടനാശിനികളുടെ അമിത ഉപയോഗം, തേനീച്ചകള്‍ കൊല്ലപ്പെടുന്നത് കണക്കില്ലാതെ!

By Web TeamFirst Published Jan 10, 2020, 1:41 PM IST
Highlights

അമേരിക്കയില്‍ വന്‍തോതില്‍ ബദാം കൃഷി ചെയ്യുന്ന മേഖലകളില്‍ തേനീച്ചകളെ ഉപയോഗിച്ച് പരാഗണം നടത്തുന്നത് ഫെബ്രുവരി മുതല്‍ മാര്‍ച്ച് പകുതി വരെയുള്ള കാലയളവിലാണ്. ബദാമില്‍ പരാഗണകാരി പ്രധാനമായും തേനീച്ചകളാണ്. ഇവിടെയുള്ള തേനീച്ച കര്‍ഷകര്‍ തങ്ങളുടെ കൈയിലുള്ള തേനീച്ചക്കോളനികളുമായി ബദാം തോട്ടങ്ങള്‍ പൂക്കുന്നതിന് ഏതാനും ആഴ്‍ചകള്‍ക്കുമുമ്പേ അവിടെയത്തി പരാഗണം നടത്താനുള്ള ശ്രമങ്ങള്‍ ആരംഭിക്കും.
 

കീടനാശിനികളുടെ അമിതമായ ഉപയോഗം ലോകത്തുനിന്നും തുടച്ചുനീക്കിയാല്‍ മാത്രമേ ഇന്ന് അവശേഷിക്കുന്ന ഷഡ്‍പദങ്ങളെയും ഉപകാരികളായ പ്രാണികളെയും നമുക്ക് സംരക്ഷിക്കാന്‍ കഴിയുകയുള്ളൂ. അതുപോലെ പരിസ്ഥിതി സംരക്ഷണത്തിനുതകുന്ന തരത്തിലുള്ള കൃഷിരീതികള്‍ അവലംബിക്കുകയും വെള്ളവും വായുവും മലിനമാക്കപ്പെടാത്ത രീതിയില്‍ സംരക്ഷിക്കുകയും വേണം. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍, ജീവികളുടെ ആവാസവ്യവസ്ഥ നഷ്ടപ്പെടല്‍ എന്നിവയെല്ലാം മനുഷ്യരുടെ കൈകടത്തല്‍ മൂലം സംഭവിക്കുന്ന ദുരന്തങ്ങളാണെന്ന് പലവട്ടം ശാസ്ത്രജ്ഞന്‍മാര്‍ ഓര്‍മപ്പെടുത്തിക്കഴിഞ്ഞു. തേനീച്ചകളുടെ വന്‍തോതിലുള്ള നാശത്തിന് കാരണമാകുന്നത് ബദാം തോട്ടങ്ങളിലെ കീടനാശിനികളാണെന്നും ഇവര്‍ ഓര്‍മപ്പെടുത്തുന്നു. തേനീച്ചക്കൂട്ടങ്ങളെ യുദ്ധഭൂമിയിലേക്ക് പറഞ്ഞയക്കുന്നതിന് തുല്യമാണ് ബദാംതോട്ടങ്ങളില്‍ പരാഗണം നടത്താനായി കൊണ്ടുപോകുന്നതെന്നാണ് കര്‍ഷകരുടെ അഭിപ്രായം.

'നേച്ചര്‍ ഇക്കോളജി ആന്‍ഡ് ഇവല്യൂഷന്‍' പ്രസിദ്ധീകരിച്ച പഠനത്തില്‍ കാര്‍ഷിക വിളകള്‍ക്ക് ഉപയോഗപ്പെടുന്ന പരാഗണകാരികളെയും മണ്ണിലെ പോഷകമൂല്യങ്ങള്‍ നിലനിര്‍ത്താന്‍ സഹായിക്കുന്ന ജീവികളെയും കണ്ടെത്തി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടുന്നു. ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളലും കൃഷിഭൂമിയുടെ അശാസ്ത്രീയമായ ഉപയോഗവും എണ്ണിയാലൊടുങ്ങാത്ത ഷഡ്‍പദങ്ങളുടെ വംശനാശത്തിന് കാരണമായിക്കഴിഞ്ഞു. ഏകദേശം 40 ശതമാനത്തോളം ശലഭങ്ങളുടെ ഇനങ്ങള്‍ ഇന്ന് നശിച്ചുകഴിഞ്ഞു. 2019 ഫെബ്രുവരിയില്‍ ജര്‍മനിയില്‍ ഷഡ്‍പദങ്ങളെ സംരക്ഷിക്കാനുള്ള ആക്ഷന്‍ പ്ലാന്‍ ശാസ്ത്രജ്ഞന്‍മാരുടെ നേതൃത്വത്തില്‍ രൂപം നല്‍കിയിരുന്നു.

അമേരിക്കയില്‍ വന്‍തോതില്‍ ബദാം കൃഷി ചെയ്യുന്ന മേഖലകളില്‍ തേനീച്ചകളെ ഉപയോഗിച്ച് പരാഗണം നടത്തുന്നത് ഫെബ്രുവരി മുതല്‍ മാര്‍ച്ച് പകുതി വരെയുള്ള കാലയളവിലാണ്. ബദാമില്‍ പരാഗണകാരി പ്രധാനമായും തേനീച്ചകളാണ്. ഇവിടെയുള്ള തേനീച്ച കര്‍ഷകര്‍ തങ്ങളുടെ കൈയിലുള്ള തേനീച്ചക്കോളനികളുമായി ബദാം തോട്ടങ്ങള്‍ പൂക്കുന്നതിന് ഏതാനും ആഴ്‍ചകള്‍ക്കുമുമ്പേ അവിടെയത്തി പരാഗണം നടത്താനുള്ള ശ്രമങ്ങള്‍ ആരംഭിക്കും.

 

കാലിഫോര്‍ണിയയില്‍ എല്ലാ തരത്തില്‍പ്പെട്ട വിളകള്‍ക്കും കീടനാശിനികള്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍, ബദാം തോട്ടങ്ങളില്‍ മറ്റേതൊരു വിളയേക്കാളും കൂടിയ അളവില്‍ കീടനിയന്ത്രണമാര്‍ഗങ്ങള്‍ അവലംബിക്കുന്നുണ്ട്. ഗ്ലൈഫോസേറ്റ് എന്ന കുമിള്‍നാശിനിയാണ് ഇവിടെ വ്യാപകമായി ഉപയോഗിച്ചു വരുന്നത്. മാരകകീടനാശിനിയായ ഇത് തേനീച്ചകള്‍ക്ക് മാത്രമല്ല, മനുഷ്യര്‍ക്കും അപകടകരമാണ്.

കാലിഫോര്‍ണിയയില്‍ ബദാം കൃഷി വന്‍തോതിലുണ്ട്. ലോകത്ത് വില്‍പ്പനയ്ക്ക് എത്തിക്കുന്ന ബദാമില്‍ വളരെ വലിയ പങ്ക് കാലിഫോര്‍ണിയിലെ തോട്ടങ്ങളില്‍ നിന്നുമാണ്. 2018 -ല്‍ ഏകദേശം ഒരു മില്യന്‍ ടണ്‍ ബദാം ഇവര്‍ ഉല്‍പ്പാദിപ്പിച്ചിട്ടുണ്ട്. ബദാം മിഠായിയിലും ചോക്ലേറ്റുകളിലും ചേര്‍ക്കുന്ന പ്രധാനപ്പെട്ട ഘടകമാണ്. ജാം, പേസ്റ്റുകള്‍, ചീസ് തൈര്, ഐസ്‌ക്രീം എന്നിവയിലും ചേര്‍ക്കുന്നു. ബദാം മാവ് ഉപയോഗിച്ച് കേക്കുകളും നിര്‍മിക്കാം. ബദാം ലോകത്തിന്റെ പല ഭാഗങ്ങളിലും വളരുന്നുണ്ടെങ്കിലും അമേരിക്കയില്‍ വന്‍തോതില്‍ ഉത്പാദിപ്പിക്കുന്നുണ്ട്. ഒരു ശരാശരി അമേരിക്കക്കാരന്‍ ഒരു വര്‍ഷം 900 ഗ്രാം ബദാം കഴിക്കുന്നുണ്ട്. അതുപോലെ ബദാം മില്‍ക്ക് വിപണനം കഴിഞ്ഞ അഞ്ചുവര്‍ഷങ്ങള്‍ക്കുള്ളില്‍ ഏകദേശം 250 ശതമാനത്തോളം  ഉയര്‍ന്നതായാണ് വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. മറ്റേതൊരു സസ്യത്തില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന പാലിനേക്കാള്‍ നാല് മടങ്ങ് അധികമാണ് ബദാം മില്‍ക്കിന്റെ ഉപയോഗം.

കാലിഫോര്‍ണിയയില്‍ തേനീച്ചകള്‍ എല്ലാ തരത്തില്‍പ്പെട്ട അസുഖങ്ങളും ബാധിക്കാന്‍ സാധ്യതയുള്ളതാണെന്ന് കര്‍ഷകര്‍ പറയുന്നു.  തേനീച്ചകളെ പരിചരിക്കുകയും നോര്‍ത്തേണ്‍ അരിസോണ സര്‍വകലാശാലയിലെ പരിസ്ഥിതി വിഭാഗത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പാട്രിക് പൈന്‍സ് പറയുന്നത് ബദാം തോട്ടങ്ങളില്‍ പരാഗണത്തിനായി കൊണ്ടുപോകുന്ന തേനീച്ചകള്‍ വന്‍തോതില്‍ ചൂഷണം ചെയ്യപ്പെടുകയാണെന്നാണ്. അവയുടെ നാശത്തിന് കാരണമാകുന്നത് പരിസ്ഥിതിയില്‍ മനുഷ്യരുടെ വിവേകമില്ലാത്ത ഇടപെടല്‍ കാരണമാണെന്ന് ഇദ്ദേഹം സൂചിപ്പിക്കുന്നു.

യു.എസിലെ അരിസോണയില്‍ തേനീച്ച കര്‍ഷകര്‍ക്കിടയില്‍ നടത്തിയ സര്‍വേയില്‍ ഏകദേശം 50 ബില്യണ്‍ തേനീച്ചകള്‍ 2018-19 ല്‍ നശിച്ചുകഴിഞ്ഞതായി മനസിലാക്കുന്നു. ബദാംതോട്ടങ്ങളില്‍ കീടനാശിനികള്‍ അമിതമായി ഉപയോഗിക്കുന്നതാണ് തങ്ങളുടെ തേനീച്ചകളെ കൊന്നൊടുക്കിയതെന്ന് കര്‍ഷകര്‍ പറയുന്നു.

 

ഇത് കൂടാതെ 'ട്രക്കിയല്‍ മൈറ്റ്' എന്നറിയപ്പെടുന്ന ഒരുതരം പുഴുക്കള്‍ തേനീച്ചകളുടെ ശ്വസനവ്യവസ്ഥയില്‍ തകരാറുണ്ടാക്കുന്നു. ചില പ്രത്യേകതരം പുഴുക്കള്‍ തേനീച്ചകളുടെ ശരീരത്തിനകത്ത് നിന്ന് ആഹാരം സ്വീകരിക്കുകയും പ്രതിരോധ ശേഷി തകര്‍ക്കുകയും തേനീച്ചകളെ കൊല്ലുകയും ചെയ്യുന്നു.

അമേരിക്കയിലെ അഗ്രികള്‍ച്ചര്‍ ഡിപ്പാര്‍ട്ട്‌മെന്റ് തേനീച്ചകളെ വളര്‍ത്തുമൃഗങ്ങളുടെ ഗണത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കാരണം തേനീച്ചകള്‍ക്ക് ഭക്ഷ്യോത്പാദനത്തില്‍ വലിയ പങ്കുണ്ട്. എന്നാല്‍, മറ്റൊരു ജീവികള്‍ക്കും നേരിടേണ്ടി വരാത്തത്ര വലിയ ദുരന്തമാണ് തേനീച്ചകള്‍ അനുഭവിക്കുന്നതെന്നാണ് ഇവര്‍ വിലയിരുത്തുന്നത്. കഴിഞ്ഞ 50 വര്‍ഷങ്ങളിലായി 77 ശതമാനത്തോളം ചിത്രശലഭങ്ങളുടെ ആവാസവ്യവസ്ഥകള്‍ നശിച്ചു. അമേരിക്കയില്‍ കഴിഞ്ഞ 25 വര്‍ഷക്കാലമായി കീടനാശിനികളുടെ ഉപയോഗം വലിയ അളവില്‍ വര്‍ധിച്ചതായി കണ്ടെത്തിയിരിക്കുന്നു.

click me!