വളർത്തുമൃഗങ്ങൾക്ക് ജപ്പാൻകാരുടെ സമ്മാനം; കൊടുംചൂടിലും തണുപ്പേകും ഈ ഫാനുടുപ്പ്

By Web TeamFirst Published Sep 9, 2022, 11:36 AM IST
Highlights

ഉപകരണത്തിൽ ചെറുതും ഭാരം കുറഞ്ഞതും ബാറ്ററിയിൽ പ്രവർത്തിക്കുന്നതുമായ ഫാൻ അടങ്ങിയിരിക്കുന്നു,  മൃഗത്തിന്റെ ശരീരത്തിന് ചുറ്റും കാറ്റ് കിട്ടത്തക്ക വിധത്തിൽ ഇത് പ്രത്യേകം രൂപകൽപ്പന ചെയ്ത വസ്ത്രത്തിൽ ഘടിപ്പിക്കുന്നു.

കണ്ടുപിടുത്തങ്ങളുടെ കാര്യത്തിൽ ജപ്പാൻ എന്നും മുന്നിൽ തന്നെയാണ്. നമ്മൾ ആരും ചിന്തിക്കാത്ത രീതിയിൽ ചിലപ്പോൾ അവർ ചിന്തിച്ചു കളയും. കാഴ്ചയിൽ നിസാരം എന്ന് തോന്നുമെങ്കിലും അനുദിന ജീവിതത്തെ ആയാസകരമാക്കുന്ന നിരവധി നിത്യോപകരണ സാധനങ്ങൾ ആണ് ഇത്തരത്തിൽ അവർ കണ്ടെത്തിയിട്ടുള്ളത്. ഹാർഡ് വർക്കിനെക്കാൾ സ്മാർട്ട് വർക്ക് ആണ് ജപ്പാൻകാർക്ക് ഇഷ്ടം എന്ന് ചുരുക്കം. ഇപ്പോഴിതാ കൗതുകകരമായ മറ്റൊരു കണ്ടുപിടിത്തം കൂടി നടത്തിയിരിക്കുകയാണ് ജപ്പാൻ. വളർത്തു മൃഗങ്ങൾക്കായി രൂപകൽപ്പന ചെയ്ത ഒരു ധരിക്കാവുന്ന ഫാൻ ആണിത്. ഒരു ഫാൻ ഉടുപ്പ് എന്ന് വേണമെങ്കിൽ പറയാം. ടോക്കിയോയിലെ പ്രമുഖ വസ്ത്ര വ്യാപാര ശൃംഖലയും മൃഗപരിപാലന വിദഗ്ധരും ചേർന്നാണ് ഇത് ഉപകൽപ്പന ചെയ്തത്. ചൂടുകാലത്ത് വളർത്തുമൃഗങ്ങളിൽ ഉണ്ടാകുന്ന എല്ലാ അസ്വസ്ഥതകളും മാറ്റി അവരുടെ ശരീരം എപ്പോഴും തണുപ്പിച്ച് നിറുത്താൻ സഹായിക്കുന്ന ഒരു വസ്ത്രം ആണിത്.

ഉപകരണത്തിൽ ചെറുതും ഭാരം കുറഞ്ഞതും ബാറ്ററിയിൽ പ്രവർത്തിക്കുന്നതുമായ ഫാൻ അടങ്ങിയിരിക്കുന്നു,  മൃഗത്തിന്റെ ശരീരത്തിന് ചുറ്റും കാറ്റ് കിട്ടത്തക്ക വിധത്തിൽ ഇത് പ്രത്യേകം രൂപകൽപ്പന ചെയ്ത വസ്ത്രത്തിൽ ഘടിപ്പിക്കുന്നു. ഈ വസ്ത്രം മൃഗങ്ങളെ ധരിപ്പിക്കുന്നതിലൂടെ അവയ്ക്ക് ചൂടിൽ നിന്നും ആശ്വാസം ലഭിക്കുന്നു. ടോക്കിയോയിലെ സ്വീറ്റ് മമ്മി എന്ന വസ്ത്ര നിർമ്മാതാക്കളാണ് ഇത് പുറത്തിറക്കിയിരിക്കുന്നത്. ജൂലൈയിലാണ് ഈ വസ്ത്രത്തിന്റെ ആദ്യപതിപ്പ് ഇവർ പുറത്തിറക്കിയത്. 

മൃഗസ്നേഹികളായ ആളുകളിൽ നിന്നും വലിയ സ്വീകാര്യതയാണ് ഈ വസ്ത്രത്തിന് ലഭിക്കുന്നത് എന്ന് ഇവർ പറയുന്നു. ആദ്യഘട്ടത്തിൽ തന്നെ നൂറോളം ഓർഡറുകൾ ഇവർക്ക് ലഭിച്ചു. ഇപ്പോഴും കൂടുതൽ ആളുകൾ ഇത് അന്വേഷിച്ചു വരുന്നുണ്ടെന്നും ഇവർ പറയുന്നു. അഞ്ച് വ്യത്യസ്ത വലുപ്പങ്ങളിൽ വരുന്ന ഇതിന്റെ വില 9,900 യെൻ (£60) ആണ്. അതായത് ഇന്ത്യൻ രൂപ ഏകദേശം 5500 ഓളം വരും.

click me!