ചിരിച്ചു കൊണ്ട് നമ്മളെ സ്വാഗതം ചെയ്യുന്ന എയർ ഹോസ്റ്റസുകളുടെ മനസ്സിലിരിപ്പെന്താണ് ?

By Web TeamFirst Published Jun 13, 2019, 11:15 AM IST
Highlights

ആ ഒന്നോ രണ്ടോ സെക്കൻഡ് നേരം കൊണ്ട്  ഓരോ യാത്രക്കാരനെയും പരിചയപ്പെട്ടേ മതിയാവൂ. അടുത്ത മണിക്കൂറുകളിൽ, പത്തുപതിനായിരം മീറ്റർ ഉയരത്തിൽ, കാബിൻ എന്ന ഒരു കുടുസ്സു മുറിയ്ക്കുള്ളിൽ പത്തുനൂറ് പേരോട് ഇടപെടാൻ പോവുകയാണ്

നാട്ടിലെ ജ്വല്ലറികളിലും തുണിക്കടകളിലും നിൽക്കുന്ന സെയിൽസ് ഗേൾസ് കഴിഞ്ഞാൽ ഒരു പക്ഷേ, ജീവിതത്തിൽ നമ്മളോട് ഏറ്റവും സൗമ്യമായി പെരുമാറിയിട്ടുണ്ടാവുക വിമാനത്തിലേക്ക് കേറിചെല്ലുന്ന വഴിക്ക് നമ്മളെ എതിരേൽക്കാൻ നിൽക്കുന്ന എയർ ഹോസ്റ്റസുമാർ ആയിരിക്കും. ഫ്ളൈറ്റിന്‍റെ കാബിനിനകത്തേക്ക്  കയറിചെല്ലുന്ന നമ്മൾ ഓരോരുത്തരെയും അവർ പുഞ്ചിരി തൂക്കിക്കൊണ്ട് സ്വാഗതം ചെയ്യും. സ്വർഗീയമായ ഒരു ആകാശയാത്ര നമുക്ക് ആശംസിക്കും. എന്നാൽ അങ്ങനെ ചെയ്യുമ്പോഴും ആ എയർ ഹോസ്റ്റസുകൾ യഥാർത്ഥത്തിൽ നിങ്ങളെ ചുഴിഞ്ഞു നോക്കുകയാണ്. വിലയിരുത്തുകയാണ്. അത് അവരുടെ പരിശീലനത്തിന്റെ ഭാഗമായി അവർ ആർജ്ജിച്ചിരിക്കുന്ന ഒരു സിദ്ധിയാണ്, അതിലുപരി അവരുടെ ജോലിയുടെ ഒരു അവിഭാജ്യ ഘടകമാണ്.  
 

ക്വോറ എന്ന ഇന്റർനെറ്റ് സൈറ്റിൽ നമുക്ക് എന്ത് ചോദ്യങ്ങൾ വേണമെങ്കിലും ചോദിക്കാം. അവിടെ ഒരാൾ ഇതേ ചോദ്യം ചോദിക്കുകയുണ്ടായി. ഏറെ ഹൃദ്യമായി നമ്മളെ സ്വാഗതം ചെയ്തുകൊണ്ട് പുഞ്ചിരിതൂകി നിൽക്കുന്ന എയർ ഹോസ്റ്റസുമാർ ആ നിമിഷം എന്താണ് ചിന്തിക്കുന്നത്. ആ ചോദ്യത്തിന്, ഒരു പ്രൊഫഷണൽ കാബിൻ ക്രൂ മെമ്പർ ആയ ഗേയ്യ പേരെഗ്രിനോർ  നൽകിയ ഉത്തരമാണ് ചുവടെ.

" ഞാൻ കഴിഞ്ഞ 25  വർഷമായി ഒരു ഫ്‌ളൈറ്റ് അറ്റൻഡൻഡ് ആണ്. ജോലിക്ക് തെരഞ്ഞെടുത്തതിന് ശേഷമുള്ള പരിശീലനവേളയിൽ അവർ ഞങ്ങളെ പറഞ്ഞു പഠിപ്പിക്കുന്ന ഒരു കാര്യമുണ്ട്, വാതിൽക്കൽ നിന്നുകൊണ്ട്, അകത്തേക്ക് കടന്നുവരുന്ന യാത്രക്കാരെ സ്വാഗതം ചെയ്യുക എന്നതാണ് നിങ്ങളുടെ ജോലിയുടെ  പ്രയാസമുള്ള ഭാഗം. കാരണം, ആ ഒന്നോ രണ്ടോ സെക്കൻഡ് നേരം കൊണ്ട് നിങ്ങൾക്ക് ഓരോ യാത്രക്കാരനെയും പരിചയപ്പെട്ടേ മതിയാവൂ. അടുത്ത മണിക്കൂറുകളിൽ നിങ്ങൾ പത്തുപതിനായിരം മീറ്റർ ഉയരത്തിൽ, കാബിൻ എന്ന ഒരു കുടുസ്സു മുറിയ്ക്കുള്ളിൽ പത്തുനൂറ് പേരോട് ഇടപെടാൻ പോവുകയാണ്. നിങ്ങളുടെ ജീവിതം തന്നെ മാറ്റി മറിയ്ക്കാൻ സാധ്യതയുള്ള പത്തുനൂറ് പേരോട്. അതിൽ ഓരോരുത്തരെയും നിങ്ങൾ അറിഞ്ഞേ പറ്റൂ. യാത്ര മുഴുമിക്കും വരെയെങ്കിലും. അതിന് കേറി വരുന്ന ആ രണ്ടു സെക്കൻഡ് നേരം മാത്രമേയുള്ളൂ.. നിങ്ങളെ അടുത്ത് നിരീക്ഷിക്കാൻ. നിങ്ങൾ എനിക്കുമുന്നിൽ നിർത്തുന്ന സാദ്ധ്യതകൾ പഠിക്കാൻ. 

ഞങ്ങൾ മദ്യ ലഹരിയിലാണോ..? മയക്കുമരുന്ന്..? 

ഇയാൾ ഇത്തരക്കാരനാണ്..?  സൗമ്യനാണോ..? അതോ കലിപ്പാണോ..? അതോ ഇൻട്രോവെർട്ടോ..?

ആളുടെ ആരോഗ്യം എങ്ങനെ..? ആയോധന മുറകൾ അറിയുന്ന ആരെങ്കിലും ആണോ.? എങ്കിൽ അയാൾ ഏത് സീറ്റിലാണ് ഇരിക്കുന്നത്..?

ശാരീരിക അവശതകൾ ഉള്ള ആരെങ്കിലുമാണോ..? നടക്കാൻ പ്രയാസമുണ്ടോ..? ഒടിഞ്ഞ കയ്യോ കാലോ മറ്റോ..?

ഒറ്റയ്ക്കാണോ യാത്ര ചെയ്യുന്നത്..? അതോ ഒരു ഗ്രൂപ്പിന്റെ ഭാഗമായിട്ടോ..?

ഇംഗ്ലീഷ് എങ്ങനെ..? മനസ്സിലാവുമോ വല്ലതും പറഞ്ഞാൽ..?

മേൽപ്പറഞ്ഞ എല്ലാ കാര്യങ്ങളും ഞാൻ ആ ഒരു രണ്ടു നിമിഷനേരത്തെ വരവേൽപ്പിനിടെ ആലോചിക്കും. കാരണം, ആകാശത്തേക്ക് പൊന്തിപ്പറന്നു കഴിഞ്ഞാൽ പിന്നെ, ഇവരൊക്കെത്തന്നെയാണ് എന്റെ ശത്രുക്കളും മിത്രങ്ങളും. 
ആകാശത്ത് എന്തങ്കിലും ക്രമസമാധാനപ്രശ്നങ്ങൾ ഉടലെടുത്താൽ എനിക്ക് അതിന് എനിക്ക് എന്റെ കാബിനുള്ളിൽ വെച്ച് തന്നെ പ്രാഥമികമായ ഒരു പരിഹാരം കണ്ടേ ഒക്കൂ.. അല്ലാതെ 911-ൽ വിളിച്ചു പറഞ്ഞ്, കയ്യും കെട്ടി കാത്തിരിക്കാനാവില്ല പൊലീസിനെ. പ്രശ്നങ്ങൾ ഉടലെടുക്കാതെ കാക്കുക, അഥവാ ഉണ്ടായാൽ തന്നെ, കാര്യങ്ങൾ നിയന്ത്രണാധീനമാക്കി നിർത്തുക. 


ഒരാൾ കേറിവരുമ്പോൾ തന്നെ അടിച്ചു ഫിറ്റാണ് എന്ന തോന്നൽ ഉണ്ടെങ്കിൽ, അയാളെ യാത്ര ചെയ്യാൻ അനുവദിക്കാതിരിക്കലാണ് ഉത്തമം.  മദ്യപിച്ച് മദോന്മത്തരായ പലരും കാബിൻ ക്രൂവിനോട് വളരെ വിദ്വേഷപൂർവം പെരുമാറിയ ഒരുപാട് ചരിത്രമുണ്ട്. അതുകൊണ്ട്, മുളയിലേ നുള്ളലാണ് ഉത്തമം. 

ശാരീരികമായ അവശതകൾ, പരിക്ക് എന്നിവ ഉള്ളവരെ നേരത്തെ മനസ്സിലാക്കണം. കാരണം, എമർജൻസി ഡോർ തുറക്കേണ്ട ഉത്തരവാദിത്തം അതിനടുത്ത് ഇരിക്കുന്ന യാത്രക്കാരനാണ്. അങ്ങനെയുള്ള സീറ്റുകളിൽ അവരെ ഇരുത്താൻ പറ്റില്ല. ഏകദേശം മുപ്പതു കിലോ ഭാരമുണ്ട് എമർജൻസി ഡോറിന്റെ ഹാച്ചിന്. അത് വലിച്ചു പോകാനുള്ള മിനിമം ആരോഗ്യം വേണമല്ലോ..! 
 
കാണാൻ അത്യാവശ്യം തടിമിടുക്കുള്ള, കണ്ടാൽ ആയോധന കല അഭ്യസിച്ച ലക്ഷണമുള്ള ആളുകളെ ഞാൻ നോട്ടുചെയ്തു വെക്കും. അവരുടെ സീറ്റ് നമ്പർ ഹൃദിസ്ഥമാക്കും. കാരണം, എന്തെങ്കിലും ആക്രമണം, ആകാശത്തുവെച്ച് ഉണ്ടാവുന്ന പക്ഷം, അവരാണ് എന്റെ ആദ്യ ആശ്രയം. അങ്ങനെ ഒരു പത്തു പേരെ എങ്കിലും ഞാൻ എന്റെ യാത്രക്കാർക്കിടയിൽ മാർക്ക് ചെയ്തു വെക്കും പലയിടത്തായി. അങ്ങനെ വല്ല പ്രശ്നവും ഉരുണ്ടുകൂടി വരുന്ന ലക്ഷണം കാണുമ്പോൾ തന്നെ ഞാൻ രഹസ്യമായി അവരുടെ അടുത്തേക്ക് ചെന്നു അവരോട് അപേക്ഷിക്കും, വേണ്ടിവന്നാൽ എന്നെ സഹായിക്കാമോ എന്ന് ചോദിക്കും. അപൂർവം ചിലപ്പോൾ യാത്രക്കാർ വളരെ വിഭ്രാന്തിയുടെ പെരുമാറും. വളരെ അപൂർവമായി മാത്രം നടക്കുന്ന ഒരു സംഭവം. പക്ഷേ, അങ്ങനൊന്നുണ്ടായാൽ എനിക്ക് യാത്രക്കാരിൽ ചിലരുടെയെങ്കിലും സഹായം വേണ്ടിവരും അവരെ നിയന്ത്രിച്ചിരുത്താൻ. അവർ മറ്റുള്ള യാത്രക്കാരെ ഉപദ്രവിക്കാതെ സൂക്ഷിക്കാൻ. ( അങ്ങനെ ഉണ്ടാവാതിരിക്കട്ടെ.. ) 

സേഫ്റ്റി ഫസ്റ്റ്..! 

വിമാനം ടേക്ക് ഓഫ് ചെയ്യും മുമ്പേ ഞാൻ പരിശോധിച്ചുറപ്പിക്കുന്ന ഒരു കാര്യമുണ്ട്. ഏതെങ്കിലും പൈലറ്റ്, അല്ലെങ്കിൽ കാബിൻ ക്രൂ യാത്രകകർക്കിടയിൽ ഉണ്ടോ എന്ന്. അതുപോലെ ഡോക്ടർമാർ, പാരാമെഡിക്സ്, നഴ്സസ്, മെക്കാനിക്കൽ, ഇലക്ട്രിക്കൽ എൻജിനീയർമാർ അങ്ങനെ തങ്ങളുടേതായ രീതിയിൽ എനിക്ക് പിന്നീട് സഹായകമായേക്കാവുന്ന ആരെങ്കിലും ഈ യാത്രക്കാർക്കിടയിൽ ഉണ്ടോ എന്ന് ഞാൻ ആദ്യമേ കണ്ടെത്തും. അവരുടെ സീറ്റ് നമ്പർ നോട്ട് ചെയ്‌തുവെക്കും. ഇത് വളരെ സഹായകമാണ്.  ഇതിന്റെ വളരെ പ്രസിദ്ധമായ ഒരു ഉദാഹരണം അയോവയിലെ സിയൂക്സ് പട്ടണത്തിൽ ക്രാഷ് ലാൻഡ് ചെയ്ത യുണൈറ്റഡ് എയർലൈൻസ് വിമാനത്തിന്റെ കഥയാണ്. ആ അപകടം എല്ലാ യാത്രക്കാരുടേയും ജീവനെടുക്കാൻ പോന്ന ഒന്നായിരുന്നു. എന്നാൽ, വിമാനത്തിന് മെക്കാനിക്കൽ പ്രശ്നം ഉണ്ടായപ്പോഴേക്കും, ഒരു ഫ്‌ളൈറ്റ് അറ്റൻഡന്റിന് യാത്രക്കാരിൽ പരിചയസമ്പന്നനായ ഒരു പൈലറ്റ് ഉണ്ടെന്നുള്ള കാര്യം ഓർമവന്നു. ആ എയർ ഹോസ്റ്റസ്, പ്രസ്തുതവിവരം കാപ്റ്റനെ അറിയിച്ചു. കാപ്റ്റൻ അയാളെയും വിളിച്ചുകൊണ്ട് കോക്ക്പിറ്റിലേക്ക് വരാൻ പറഞ്ഞു. ഈ പൈലറ്റിന്റെ സഹായമാണ് പിന്നീട് ആ വിമാനത്തിലുള്ളവരുടെ ജീവൻ രക്ഷിക്കാൻ കാരണമായത്. 

ഇക്കാലത്തെ രാഷ്ട്രീയ കാലാവസ്ഥ, വിമാനയാത്രയെ കൂടുതൽ അപകടം നിറഞ്ഞതാക്കുന്നു. കാബിനിനുള്ളിലെ സാഹചര്യത്തെപ്പറ്റി ഒരു ക്രൂ മെമ്പർ വളരെ അലേർട്ട് ആവേണ്ട സാഹചര്യമാണ്. അതിന് ഓരോ യാത്രക്കാരനെപ്പറ്റിയും ക്രൂ അടുത്തറിയേണ്ടതുണ്ട്. അതിനാൽ ആദ്യത്തെ രണ്ടു സെക്കന്റിനുള്ളിൽ തന്നെ ഒരു യാത്രക്കാരനെ നിരീക്ഷിച്ച് വേണ്ട വിവരങ്ങൾ മനസിലാക്കേണ്ടത് അത്യാവശ്യമാണ്. 


ഉദാഹരണത്തിന് കടുത്ത പനി ബാധിച്ച ഒരാൾ വിമാനത്തിൽ കേറാൻ വരുന്നു എന്ന് കരുതുക. അത് പകർച്ചപ്പനികൾ വല്ലതും ആണ് എങ്കിൽ ആ വിമാനത്തിലെ അടഞ്ഞ എയർകണ്ടീഷൻഡ് സാഹചര്യത്തിൽ അടുത്ത പത്ത് പന്ത്രണ്ടു മണിക്കൂർ നേരം ആ രോഗബാധിതർ മറ്റു പത്തുനൂറ് യാത്രക്കാരുടെ കൂടെ ചെലവിട്ടാൽ ആ പനി അവരിലേക്ക്‌ കൂടി പകരാം. അങ്ങനെയുള്ള യാത്രക്കാരെ പനി മാറിയ ശേഷം അടുത്ത ഫ്‌ളൈറ്റിൽ വിടുന്നതാവും ഉചിതം. അതിനൊക്കെ സ്വാഗതം ചെയ്യുക എന്ന ലളിതമായ പ്രക്രിയയോടൊപ്പം വളരെ ഫലപ്രദമായ ഒരു നിരീക്ഷണം കൂടി ചെയ്യേണ്ടി വരും .

അതുപോലെ തന്നെ വിമാനത്തിൽ നിന്നും ഇറങ്ങിപ്പോവും വഴിയുള്ള നന്ദി പറച്ചിലും.  വിമാനം നിലംതൊട്ടാൽ, എത്രയും പെട്ടെന്ന് ഇട്ടിരിക്കുന്ന യൂണിഫോമിൽ നിന്നും ഇറങ്ങിയോടി വല്ല ബാത്ത് ടബ്ബിലോ, അല്ലെങ്കിൽ പുതപ്പിനുള്ളിലോ നൂണ്ടുകേറിക്കിടക്കാൻ തോന്നും. അത്രയ്ക്ക് ക്ഷീണം തോന്നുന്നുണ്ടാവും. ഇനിയും ഡ്യൂട്ടി സമയം ബാക്കിയുണ്ടെങ്കിൽ, അടുത്ത ഡ്യൂട്ടിക്ക് മുമ്പ് എങ്ങനെ ലഞ്ച് കഴിക്കാം എന്നാവും ചിന്ത. അതുപോലെ, വിമാനത്തിനകത്ത് എന്തെങ്കിലും കാരണവശാൽ എനിക്ക് മുഖം കറുപ്പിച്ച് സംസാരിക്കേണ്ടി വന്നിട്ടുള്ള യാത്രക്കാരൻ പുറത്തേക്കു പോവുംവഴി കണക്കുതീർക്കാൻ വേണ്ടി മുഖം വലിച്ചുകെട്ടി കടന്നുവരുന്നുണ്ടാവും. അവരോടൊക്കെ തികച്ചും സൗമ്യമായ മുഖഭാവത്തോടെ, ഏറെ ഹൃദ്യമായി എനിക്ക് പറയേണ്ടതുണ്ട്, " താങ്ക് യൂ സർ.. മാഡം.. ഹോപ്പ് യൂ എഞ്ചോയ്ഡ് ദി ഫ്ലൈറ്റ്.. " കാരണം എന്റെ യാത്ര അവിടെ അവസാനിക്കുന്നില്ല. ഈ ചെറിയ ലോകത്തിൽ ഇനിയും എവിടെയെങ്കിലുമൊക്കെ വെച്ച് കണ്ടുമുട്ടേണ്ടവർ നമ്മൾ..!

click me!