AFSPA : ഇന്ത്യൻ സൈന്യത്തിന് അഫ്‌സ്പ നിയമം നൽകുന്ന പരിരക്ഷ എന്താണ്?

By Web TeamFirst Published Dec 6, 2021, 2:12 PM IST
Highlights

സുപ്രീം കോടതി 2016 -ൽ നിരീക്ഷിച്ചിട്ടുള്ളത്, നിയമത്തിന്റെ ആറാം വകുപ്പ്, നിയമം ദുരുപയോഗം ചെയ്തു നടത്തപ്പെടുന്ന അതിക്രമങ്ങൾക്ക് ഒരു വിധത്തിലുള്ള പരിരക്ഷകളും നൽകില്ല എന്നാണ്. 

ശനിയാഴ്ച വൈകുന്നേരം നാഗാലാൻഡിൽ(Nagaland), ഭീകരവാദികളെ ലക്ഷ്യമിട്ടുകൊണ്ട് സൈന്യം( armed forces) നടത്തിയ ഒരു ആക്രമണത്തിൽ ആളുമാറി, പ്രദേശത്തെ ഒരു ഖനിയിൽ നിന്ന് ജോലി കഴിഞ്ഞു തിരിച്ചു പോവുകയായിരുന്ന നിരപരാധികളായ ചില ഗ്രാമീണർ(villagers) കൊല്ലപ്പെടുന്നു. തുടർന്ന് നടന്ന ലഹളയിൽ ഒരു സൈനികൻ വിധിക്കപ്പെടുന്നു. തുടർന്ന് നടന്ന സൈനിക ആക്ഷനിൽ വീണ്ടും ഗ്രാമീണർ വധിക്കപ്പെടുന്നു. ആകെ മരണം 15. ഈ അക്രമണങ്ങളെത്തുടർന്ന് നാഗാലാൻഡ് ആകെ കലുഷിതമായ സാഹചര്യത്തിൽ വീണ്ടും ചർച്ചയിലേക്ക് വന്നിരിക്കുന്നത് വളരെ വിവാദാസ്പദം എന്നുതന്നെ പറയാവുന്ന Armed Forces (Special Powers) Act, 1958 എന്ന നിയമമാണ്. 

എന്താണ് AFSPA ?

സായുധസേനാ പ്രത്യേകാധികാര നിയമം എന്ന പേരിൽ ഒരു സവിശേഷ നിയമം നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങൾക്ക് മാത്രമായി നടപ്പിലാക്കുന്നതിനെക്കുറിച്ച് കേന്ദ്രം  ആലോചിക്കുന്നത്, അവിടം കേന്ദ്രീകരിച്ചുണ്ടായ വിഘടന വാദം അതിന്റെ പരമകാഷ്ഠ പ്രാപിച്ച സമയത്താണ്. അന്ന്, ആ കലുഷിത സാഹചര്യത്തിൽ ഇന്ത്യൻ ആർമി, എയർ ഫോഴ്‌സ്, കേന്ദ്ര സായുധ പാരാമിലിട്ടറി സേനകൾ എന്നിവയ്ക്ക് നൽകപ്പെട്ട, 'പ്രത്യേകാധികാരങ്ങൾ' (special power)  പിന്നീട് പ്രദേശത്തെ സ്ഥിതി മെച്ചപ്പെട്ടിട്ടും പിൻവലിക്കപ്പെടുകയുണ്ടായില്ല.  ഈ സവിഷേധാധികാരങ്ങൾ കാരണം സൈന്യത്തിന് അവർ പ്രവർത്തിക്കുന്ന എന്തിൽ നിന്നും നിയമപരിരക്ഷ ലഭ്യമാണോ? ഭരണഘടന ഈ രാജ്യത്തെ ജനങ്ങൾക്ക് വാഗ്ദാനം ചെയ്തിട്ടുള്ള പ്രാഥമികമായ മനുഷ്യാവകാശങ്ങളെ ഈ നിയമം റദ്ദുചെയ്യുന്നുണ്ടോ? 

ഇങ്ങനെ ഒരു പ്രത്യേകാധികാരം സൈന്യത്തിന് അനുവദിച്ചു നൽകിയതിന് പിന്നിൽ ഒരേയൊരു ഉദ്ദേശ്യം മാത്രമാണുള്ളത്, 'ക്രമസമാധാനനില തകരാതെ നോക്കുക'. പ്രദേശവാസികൾ നിയമം ലംഘിക്കും, പ്രദേശത്ത് അക്രമം നടക്കും എന്നു തോന്നിയാൽ, ആവശ്യമായ മുന്നറിയിപ്പ് നൽകിയ ശേഷം, ആവശ്യമെങ്കിൽ വെടിയുതിർക്കാനുള്ള അധികാരം AFSPA സൈനികർക്ക് നൽകുന്നുണ്ട്. സംശയം തോന്നുന്ന പക്ഷം, ആരെയും വാറണ്ടില്ലാതെ അറസ്റ്റു ചെയ്യാനും ഈ നിയമം പ്രകാരം സാധിക്കും.  അതുപോലെ ഏതൊരു കേന്ദ്രവും മുൻ‌കൂർ അനുമതി കൂടാതെ തന്നെ ചെന്ന് പരിശോധിക്കാനും, ആവശ്യമെങ്കിൽ ലൈസൻസ് ഉള്ള ആയുധങ്ങൾ ആണെങ്കിൽ പോലും പിടിച്ചെടുക്കാനും സൈന്യത്തിന് ഈ നിയമത്തിന്റെ  വകുപ്പുകൾ ധാരാളമാണ്. 

അഫ്‌സ്പ നിയമത്തിന്റെ നാലാം വകുപ്പ് പ്രകാരം സവിശേഷ അധികാരങ്ങൾ അങ്ങനെ പലതും സൈന്യം നൽകുന്നുണ്ട്. ഇതേ നിയമത്തിന്റെ മൂന്നാം വകുപ്പ് പ്രകാരം പ്രശ്‌നബാധിത പ്രദേശം(disturbed area) ആയി പ്രഖ്യാപിക്കപ്പെടുന്ന പ്രവിശ്യകളിൽ മാത്രമേ ഈ നിയമം പ്രാബല്യത്തിൽ വരുത്താൻ കേന്ദ്രത്തിനു സാധിക്കൂ. നിലവിൽ അസം, നാഗാലാ‌ൻഡ്, മണിപ്പൂർ, അരുണാചൽ പ്രദേശിലെ മൂന്നു ജില്ലകൾ, അരുണാചലിലെ തന്നെ എട്ടു പൊലീസ് സ്റ്റേഷനുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങൾ എന്നിവിടങ്ങൾ മാത്രമാണ് ഈ നിർവചനത്തിൽ വരുന്നത്. ജമ്മു കാശ്മീരിൽ നിലവിലുള്ളത് 1990 -ൽ പാസ്സാക്കപ്പെട്ട മറ്റൊരു പ്രത്യേകാധികാര (Armed Forces (Jammu and Kashmir) Special Powers Act, 1990) നിയമമാണ്  

എന്നാൽ ഇവിടെ അവശേഷിക്കുന്ന ചോദ്യം ലളിതമാണ്. എന്തെങ്കിലും കാരണവശാൽ സൈന്യം നിരപരാധികളെ വധിക്കുന്ന സാഹചര്യമുണ്ടായാൽ, അവിടെ ഈ നിയമം സൈന്യത്തിന് വിചാരണയിൽ നിന്ന് പരിരക്ഷ നൽകുമോ? ' പ്രദേശത്തെ ക്രമസമാധാനനില പരിരക്ഷിക്കാൻ, അക്രമാസക്തമായ വ്യക്തികൾക്കോ, ജനക്കൂട്ടത്തിനോ നേർക്ക്, വേണ്ടത്ര മുന്നറിയിപ്പുകൾ കൊടുത്ത ശേഷം' മാത്രം നടത്തപ്പെടുന്ന സായുധ നടപടികൾക്ക് മാത്രമാണ് നിയമം പരിരക്ഷ നൽകുക. ഈ നിയമം അതിലെ വകുപ്പുകളുടെ പേരിൽ തന്നെ വിവാദങ്ങൾക്ക് തിരികൊളുത്തിയിട്ടുണ്ട് എങ്കിലും, നിരപരാധികളായ ഗ്രാമീണർ കൊല്ലപ്പെട്ട അവസരങ്ങളിലാണ് ഈ നിയമം തന്നെയും വിമർശനങ്ങൾക്ക് വിധേയമായിട്ടുള്ളത്. ഈ കൊലപാതകങ്ങൾ (extra-judicial killing), സമക്ഷത്ത് വന്നപ്പോൾ സുപ്രീം കോടതി 2016 -ൽ നിരീക്ഷിച്ചിട്ടുള്ളത്, നിയമത്തിന്റെ ആറാം വകുപ്പ്, നിയമം ദുരുപയോഗം ചെയ്തു നടത്തപ്പെടുന്ന അതിക്രമങ്ങൾക്ക് ഒരു വിധത്തിലുള്ള പരിരക്ഷകളും നൽകില്ല എന്നാണ്. മണിപ്പൂരിൽ കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ നടന്നിട്ടുണ്ട് എന്നാരോപിക്കപ്പെടുന്ന 1,528 വ്യാജ എൻകൗണ്ടർ കൊലപാതകങ്ങളുടെ കണക്കുകൾ സഹിതം Extra Judicial Execution Victim Families Association നൽകിയ പൊതു താത്പര്യ ഹർജി പരിഗണിക്കുമ്പോഴാണ് ജസ്റ്റിസ് മദൻ ലോകുർ, ജസ്റ്റിസ് യുയു ലളിത് എന്നിവർ അടങ്ങിയ ബെഞ്ച് പ്രസ്തുത നിരീക്ഷണം നടത്തിയത്. 

 ഏറ്റവും ഒടുവിലായി അഫ്സ്പക്കെതിരെ രംഗത്തു വന്നിട്ടുള്ളത് മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സംഗ്മയാണ്. ഈ കരിനിയമം അടിയന്തരമായി പിൻവലിക്കണം എന്നാണ് സംഗ്മ ആവശ്യപ്പെട്ടിട്ടുള്ളത്. കേന്ദ്രം ഭരിക്കുന്ന എൻഡിഎയുടെ ഭാഗമായ നാഷണൽ പീപ്പിൾസ് പാർട്ടിയുടെ നേതാവാണ് സംഗ്മ.

AFSPA should be repealed

— Conrad Sangma (@SangmaConrad)
click me!