നാല്പത്തഞ്ചു വർഷത്തിനിപ്പുറം നടപ്പിലായ നീതി; രാഷ്ട്രപിതാവിന്റെ ഘാതകനെ ബംഗ്ലാദേശ് തൂക്കിലേറ്റിയപ്പോൾ

By Web TeamFirst Published Apr 12, 2020, 8:49 PM IST
Highlights

ധാക്ക സെൻട്രൽ ജയിലിൽ വെച്ച് വെടിവെച്ചും ബയണറ്റിനു കുത്തിയും ക്യാപ്റ്റൻ ഉൾപ്പെട്ട സംഘം കൊന്നുകളഞ്ഞത് നാല് പ്രമുഖ അവാമി ലീഗ് നേതാക്കളെയാണ്.

രാഷ്ട്രപിതാവായ ഷേഖ് മുജീബുർ റഹ്‌മാനെ കുടുംബത്തോടെ വധിച്ച പട്ടാളസംഘത്തിലെ പ്രധാനികളിൽ ഒരാളായിരുന്ന ക്യാപ്റ്റൻ അബ്ദുൽ മാജിദിനെ ബംഗ്ളാദേശി  ഭരണകൂടം ഇന്നലെ രാത്രി പന്ത്രണ്ടുമണി കഴിഞ്ഞ് ഏതാനും മിനിറ്റുകൾക്കുള്ളിൽ തൂക്കിലേറ്റി. വർഷങ്ങളായി ഇന്ത്യയിൽ എവിടെയോ ഒളിവിൽ പാർക്കുകയായിരുന്ന അബ്ദുൽ മാജിദ് കഴിഞ്ഞ ചൊവ്വാഴ്ചയാണ് ധാക്കയിൽ വെച്ച് അറസ്റ്റിലാകുന്നത്. 'ഈ വർഷം ബംഗ്ളാദേശിന്‌ കിട്ടിയ ഏറ്റവും വലിയ സമ്മാനം' എന്നാണ് ആഭ്യന്തരമന്ത്രി അസദുസ്സമാൻ ഈ അറസ്റ്റിനെ വിശേഷിപ്പിച്ചത്. 

പ്രസിഡന്റ് അബ്ദുൽ ഹമീദ് മാജിദിന്റെ ദയാഹർജി തള്ളിയതോടെയാണ് കഴുവേറ്റത്തിന് വഴിതെളിഞ്ഞത്. രാഷ്ട്രപിതാവിന്റെ വധത്തിന്റെ പേരിൽ ബംഗ്ലാദേശ് സുപ്രീം കോടതി 2009 -ൽ തന്നെ വധശിക്ഷയ്ക്ക് വിധിച്ചു കഴിഞ്ഞിരുന്ന പന്ത്രണ്ടു കുറ്റക്കാരിൽ ഒരാളായിരുന്നു ക്യാപ്റ്റൻ അബ്ദുൽ മാജിദ്. 1975 ഓഗസ്റ്റ് 15 -ന് രാത്രിയിൽ മുജീബുർ റഹ്‌മാന്റെ ഔദ്യോഗിക വസതിയിൽ ഉണ്ടായിരുന്ന അദ്ദേഹത്തിന്റെ സകല ബന്ധുക്കളെയും, എന്തിന് പത്തുവയസ്സുള്ള ഇളയമകനെ വരെ നിർദ്ദയം വെടിവെച്ചു കൊന്നുകളഞ്ഞ സൈനികാക്രമണവും അതിനു ശേഷം നവംബറിൽ നടന്ന ധാക്ക സെൻട്രൽ ജയിൽ കൂട്ടക്കൊലയും ബംഗ്ലാദേശിന്റെ രാഷ്ട്രീയ ചരിത്രത്തിലെ കറുത്ത രണ്ടധ്യായങ്ങളാണ്. ഈ ഗൂഢാലോചനയുടെ ഭാഗമാവുകയും ചെയ്ത പ്രമുഖ സൈനിക ഓഫീസർമാരിൽ ഒരാളാണ് ക്യാപ്റ്റൻ മാജിദ്. പിന്നീടുവന്ന സിയാവുർ റഹ്‌മാൻ സർക്കാർ ഈ ആക്രമണത്തിൽ പങ്കെടുത്ത സകല സൈനികോദ്യോഗസ്ഥരെയും വിദേശ ദൗത്യങ്ങൾക്ക് പറഞ്ഞയച്ചുകൊണ്ട് പുരസ്കരിച്ചു. എൺപതുകളിൽ സെനഗലിലെ ബംഗ്ലാദേശി അംബാസഡർ ആയിരുന്നു ക്യാപ്റ്റൻ മാജിദ്. അതേ സിയാവുർ റഹ്‌മാൻ 1981 -ൽ നടന്ന മറ്റൊരു സൈനിക അട്ടിമറിയിൽ കൊല്ലപ്പെട്ടത് മറ്റൊരു വിരോധാഭാസം. 

 

 

ഷേഖിനെ കുടുംബസമേതം വധിച്ച ആക്രമണത്തിന് ശേഷവും കൊലയാളികളെല്ലാം തന്നെ ബംഗ്ലാദേശിൽ തന്നെ തുടർന്നെങ്കിലും, 1996 ഷേഖ് ഹസീന അധികാരത്തിലേറിയപ്പോൾ അവർ നാലുവഴിക്ക് ജീവനും കൊണ്ട് പലായനം ചെയ്യുകയാണ് ഉണ്ടായത്. ഷേഖ് ഹസീന അധികാരം കിട്ടിയ പാടേ ചെയ്തത് തന്റെ അച്ഛന്റെ ഘാതകരെ വിചാരണചെയ്യുകയാണ്. 2010 -ൽ ഈ ഗൂഢാലോചനയിലും അതിന്റെ തുടർച്ചയായി നടന്ന ആക്രമണത്തിലും പങ്കുണ്ടായിരുന്നു അഞ്ചുപേരെ ബംഗ്ലാദേശി ഗവണ്മെന്റ് തൂക്കിലേറ്റുകയുണ്ടായിരുന്നു. ഒരാൾ സിംബാബ്‌വെയിൽ വാർധക്യസഹജമായ കാരണങ്ങളാൽ മരിച്ചു. ബാക്കിയുണ്ടായിരുന്ന, ക്യാപ്റ്റൻ അബ്ദുൽ മാജിദ് അടക്കമുള്ള ആറു കുറ്റവാളികൾ കാനഡയിലും, അമേരിക്കയിലും, ഇന്ത്യയിലും ഒക്കെയായി ഒളിവിൽ കഴിഞ്ഞുകൂടുകയായിരുന്നു. യാദൃച്ഛികമായിട്ടാണ് ക്യാപ്റ്റൻ മാജിദ് ധാക്കയിൽ വെച്ച് പിടിക്കപ്പെടുന്നതും വധശിക്ഷയ്ക്ക് വിധേയനാക്കപ്പെടുന്നതും. 

ആരായിരുന്നു മുജീബുർ റഹ്‌മാൻ ?

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയുടെ പിതാവാണ് ബംഗ്ളാദേശ് എന്ന രാഷ്ട്രസങ്കല്പത്തെ നെഞ്ചേറ്റി നടന്ന്, മരണത്തെയും പാകിസ്താനെയും വെല്ലുവിളിച്ചു കൊണ്ട്, സ്വാതന്ത്ര്യത്തിലേക്ക് ബംഗ്ലാദേശി ജനതയെ കൈപിടിച്ച് നടത്തിയ ഷേഖ് മുജീബുർ റഹ്‌മാൻ എന്ന ആ ജനപ്രിയ നേതാവ്. 1971 മാർച്ചിൽ ധാക്കയിലെ റേസ് കോഴ്സ് മൈതാനിയിൽ പത്തുലക്ഷത്തോളം വരുന്ന ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് ഷേഖ് മുജീബുർ റഹ്‌മാൻ നടത്തിയ പ്രസംഗമാണ് സ്വാതന്ത്ര്യ സമരത്തിന്റെ കൊട്ടിക്കലാശത്തിനു തുടക്കമിടുന്നത്. ആ പ്രസംഗം നടക്കാതിരിക്കാൻ പാകിസ്ഥാൻ സർക്കാർ പലതും ചെയ്‌തെങ്കിലും അന്ന് റഹ്‌മാൻ ജനങ്ങളുടെ മനസ്സിലേക്ക് സ്വാതന്ത്ര്യാഭിവാഞ്ഛയുടെ കനൽ കോരിയിടുക തന്നെ ചെയ്തു. പ്രശ്നം പരിഹരിക്കാനുള്ള ചർച്ചകൾക്കായി പാക് പ്രസിഡന്റ് യഹിയാ ഖാൻ നേരിട്ട് ധാക്ക സന്ദർശിച്ച് ഷേഖ് മുജീബുർ റഹ്മാനുമായി ചർച്ചകൾ നടത്തിയെങ്കിലും അതൊക്കെ അലസിപ്പോയി. യഹിയാ ഖാൻ തിരികെ പോയ അന്ന് രാത്രി തന്നെ പാക് പട്ടാളം ധാക്കയിൽ പരക്കെ അക്രമം അഴിച്ചുവിട്ടു. 

 

 

സ്വാതന്ത്ര്യം പ്രഖ്യാപിച്ചുകൊള്ളാൻ ഷേഖ് മുജീബുർ റഹ്‌മാൻ റേഡിയോയിലൂടെ ആഹ്വാനം നൽകി. ജനങ്ങളോടുള്ള റഹ്‌മാന്റെ നിർദേശം ഇങ്ങനെയായിരുന്നു," ഞാൻ ബംഗ്ലാദേശിലെ ജനങ്ങളോട് ആഹ്വാനം ചെയ്യാൻ ആഗ്രഹിക്കുകയാണ്, നിങ്ങൾ എവിടെയാണെങ്കിലും, നിങ്ങളുടെ കയ്യിൽ കിട്ടുന്നത് എന്തുതന്നെയായാലും, അതെടുത്ത് പാകിസ്ഥാനി സൈന്യത്തെ പ്രതിരോധിക്കുക. ഈ മണ്ണിൽ നിന്ന് പാകിസ്താന്റെ അവസാനത്തെ സൈനികനേയും പുറത്തുചാടിക്കുന്നതുവരെ നമ്മുടെ പോരാട്ടം തുടരും."

മാർച്ച് 25 -ന് രാത്രി, ജനറൽ ടിക്കാ ഖാന്റ പാക് പട്ടാളം ഷേഖ് മുജീബുർ റഹ്‌മാന്റെ വസതിയിൽ അദ്ദേഹത്തെ തേടിയെത്തി. ഗേറ്റ് കടന്നതും അവർ വെടിവെപ്പുതുടങ്ങി. ഷേഖിന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന ഒരു പ്രാദേശിക സുരക്ഷാ ഉദ്യോഗസ്ഥന് വെടിയേറ്റു. അദ്ദേഹം തൽക്ഷണം കൊല്ലപ്പെട്ടു. പട്ടാള ഉദ്യോഗസ്ഥൻ മെഗാഫോണിലൂടെ ഷേഖിനോട് താഴെയിറങ്ങി വരാൻ ആവശ്യപ്പെട്ടു. അദ്ദേഹം ഇറങ്ങി വന്നു. തോക്കിന്റെ പാത്തികൊണ്ട് തള്ളിത്തള്ളി അദ്ദേഹത്തെ ജീപ്പിലേക്ക് കയറ്റി. റേഡിയോയിൽ സൈനികോദ്യോഗസ്ഥന്റെ സന്ദേശമിങ്ങനെ," ബിഗ് ബേർഡ് ഇൻ കേജ്‌, സ്മാൾ ബേർഡ്‌സ് ഹാവ് ഫ്ലോൺ...". എന്നുവെച്ചാൽ, "വലിയ പക്ഷി കൂട്ടിൽ കേറിയിട്ടുണ്ട്, ചെറിയ പക്ഷികൾ പറന്നു പോയി..." എന്ന്. 

എന്നാൽ, സൈനികരുടെ സ്ഥിരം പതിവുകൾക്ക് വിരുദ്ധമായി, മൂന്നു ദിവസം ധാക്കയിൽ തടവിൽ പാർപ്പിച്ച ശേഷം ഷേഖിനെ ഇസ്ലാമാബാദിലേക്ക് കൊണ്ടുപോയി. അവിടെ എത്തിച്ച ശേഷം ഷേഖ് മുജീബുർ റഹമാനെ അവർ മിയാവാലി ജയിലിൽ പാർപ്പിച്ചു. ഷേഖ് ഒമ്പതു മാസത്തോളം തടവിൽ കഴിഞ്ഞു പാകിസ്ഥാനിൽ. 1971 ഡിസംബർ 3 -നാണ് ബംഗ്ളാദേശിന്റെ സ്വാതന്ത്ര്യസമരത്തിന്റെ പേരിൽ പാകിസ്ഥാൻ ഇന്ത്യയുമായി യുദ്ധത്തിന് പുറപ്പെടുന്നത്. യുദ്ധം തുടങ്ങി പാകിസ്ഥാൻ തോൽവി സമ്മതിക്കും മുമ്പ്, അതായത് ഡിസംബർ 16 -ന് മുമ്പെപ്പോഴോ ഒരു ട്രിബുണൽ ഷേക്ക് മുജീബുർ റഹ്‌മാനെ വധശിക്ഷയ്ക്ക് വിധിച്ചു. അതിനിടെ പാകിസ്ഥാനിൽ ഭരണമാറ്റമുണ്ടായി. സുൾഫിക്കർ അലി ഭൂട്ടോ ഭരണത്തിലേറി. അദ്ദേഹം  മിയാവാലി ജയിലിൽ നിന്ന് റാവൽപിണ്ടിക്കടുത്തുള്ള ഒരു ഗസ്റ്റ് ഹൗസിലേക്ക് ഷേഖിനെ മാറ്റി. 

തുടർന്ന് സുൾഫിക്കർ അലി ഭൂട്ടോ ഷേക്ക് മുജീബുർ റഹ്‌മാനുമായി ബംഗ്ലാദേശ് പ്രശ്നം എങ്ങനെ പരിഹരിക്കാം എന്നതുസംബന്ധിച്ച് നിരവധി ചർച്ചകൾ നടത്തി. എന്നാൽ, തിരികെ നാട്ടിലേക്ക് ചെന്ന് തന്റെ ജനങ്ങളുമായി ചർച്ച ചെയ്ത ശേഷമല്ലാതെ ഒരു ഒത്തുതീർപ്പിനും താൻ തയ്യാറില്ല എന്നായി ഷേഖ്. ഒടുവിൽ റാവൽപിണ്ടിയിലെ ചക്‌ലാലാ  വിമാനത്താവളത്തിൽ നിന്ന് ഭൂട്ടോ തന്നെ അദ്ദേഹത്തെ തിരികെ ധാക്കയിലേക്കുള്ള വിമാനത്തിൽ കയറ്റി പറഞ്ഞുവിട്ടു. ലണ്ടനിൽ രണ്ടു ദിവസത്തെ സ്റ്റോപ്പ് ഓവർ, പിന്നെ ദില്ലിയിൽ മൂന്നുമണിക്കൂർ. അതായിരുന്നു ധാക്കയിലേക്കുള്ള ഷേഖിന്റെ റൂട്ട് മാപ്പ്. ദില്ലിയെത്തിയ ഷേഖിനെ സ്വീകരിച്ചത് അന്നത്തെ പ്രസിഡന്റായ വിവി ഗിരിയും പ്രധാനമന്ത്രിയായ ഇന്ദിരാ ഗാന്ധിയും ചേർന്നാണ്. ദില്ലി കന്റോണ്മെന്റിൽ നടന്ന ചെറിയൊരു സമ്മേളനത്തിൽ സംസാരിച്ച മുജീബ് തങ്ങളുടെ സ്വാതന്ത്ര്യ സമരത്തിന് ഇന്ത്യ നൽകിയ പിന്തുണയ്ക്ക് ജനങ്ങളോട് നന്ദി പറഞ്ഞു. ദില്ലിയിൽ നിന്ന് ധാക്കയിൽ മുജീബ് റഹ്‌മാൻ വന്നിറങ്ങിയപ്പോൾ അദ്ദേഹത്തെ സ്വീകരിക്കാൻ അവിടെ തടിച്ചു കൂടിയത് പത്തുലക്ഷത്തിൽ പരം പേരാണ്. 

 

യുദ്ധാനന്തരം സ്വതന്ത്രമായ ബംഗ്ളാദേശിനെ അടുത്ത മൂന്നുവർഷം ഭരിച്ചത് തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടി പ്രധാനമന്ത്രി പദത്തിലേറിയ ഷേഖ് മുജീബുർ റഹ്‌മാൻ തന്നെയായിരുന്നു. 1975 -ൽ ഇതേ ഷേഖ് ബംഗ്ലാദേശിൽ രാഷ്ട്രീയ സ്ഥിരത കൊണ്ടുവരാൻ എന്ന പേരിൽ ബംഗ്ലാദേശ് കൃഷക് ശ്രമിക് അവാമി ലീഗ്(BAKSAL) എന്നപേരിൽ ദേശീയ ഐക്യ ഗവണ്മെന്റുണ്ടാക്കി അതിന്റെ പ്രസിഡന്റുപദത്തിൽ സ്വയം അവരോധിച്ചു. രാജ്യത്തെ സമസ്ത രാഷ്ട്രീയ പാർട്ടികളെയും നിരോധിച്ചു. പത്രങ്ങൾക്ക് സെൻസർഷിപ്പ് ഏർപ്പെടുത്തി. നാടിനെ പുരോഗതിയിലേക്ക് നയിക്കാൻ എന്ന അവകാശവാദത്തോടെ നടത്തിയ ഈ പ്രവർത്തനങ്ങൾ അത്രയും നാല് പിന്തുണച്ച ജനങ്ങൾക്കിടയിൽ നിന്നുതന്നെ കടുത്ത എതിർപ്പുകൾ ക്ഷണിച്ചുവരുത്തി. 

അത്  നാട്ടിൽ വിത്തിട്ടത് ഇടതുപക്ഷ അതിതീവ്രനിലപാടുകളോട് കൂടിയ ഒരു സംഘടനയ്ക്കാണ്. പേര്, ജാതീയ സമാജ് താന്ത്രിക ദൾ. ബംഗ്ലാദേശി അവാമി ലീഗിന്റെ തന്നെ വിദ്യാർത്ഥി വിഭാഗമായ ബംഗ്ലാദേശ് ഛാത്രലീഗിൽ നിന്ന് വിപ്ലവമുണ്ടാക്കി ഇറങ്ങിപ്പോയവരുടെ കൂട്ടമായിരുന്നു ജെഎസ്‌ഡി. അതിന്റെ സായുധസേനയായിരുന്ന ഗോണോബാഹിനിയുടെ തലപ്പത്തുണ്ടായിരുന്ന കേണൽ അബു താഹിർ, രാഷ്ട്രീയ നേതാവായ ഹസനുൽ ഹഖ് ഇനു എന്നിവർ ചേർന്ന് സർക്കാരിനെ പിന്തുണയ്ക്കുന്നവരെ കൂട്ടത്തോടെ കൊന്നൊടുക്കാൻ തുടങ്ങി. അന്ന് വധിക്കപ്പെട്ടവരിൽ അവാമി ലീഗ് പ്രവർത്തകരുണ്ടായിരുന്നു, സർക്കാർ ഉദ്യോഗസ്ഥരുണ്ടായിരുന്നു, പൊലീസുകാരുണ്ടായിരുന്നു. അങ്ങനെ ആകെ കലുഷിതമായ ഒരു രാഷ്ട്രീയ കാലാവസ്ഥ രാജ്യത്ത് സംജാതമായതാണ് മുജീബിന്റെ കൊലപാതകത്തിലേക്ക് നയിച്ചത്.

ഗൂഢാലോചനാ സംഘം 

മേജർ സയ്യിദ് ഫാറൂഖ് റഹ്മാൻ, ഖണ്ടാകർ അബ്ദുർ റാഷിദ്, ശരീഫുൽ ഹഖ് ദാലിം, മൊഹിയുദ്ദിൻ അഹമ്മദ് എകെഎം  മൊഹിയുദ്ദിൻ അഹമ്മദ്, ബസലുൽ ഹുദാ,  എസ് എച്ച് ബി എം നൂർ ചൗധരി എന്നിവർ ചേർന്നാണ് ഷേഖ് മുജീബുർ റഹ്‌മാൻ ഗവണ്മെന്റിനെ മറിച്ചിടാനും ഷേഖിനെ വധിക്കാനുമുള്ള ഗൂഢാലോചന നടത്തിയത്. ഇതിൽ മിക്കവാറും പട്ടാളക്കാരായിരുന്നു. പട്ടാളഭരണം സ്ഥാപിക്കുക എന്നതായിരുന്നു ലക്‌ഷ്യം. മുജീബിന്റെ ഗവൺമെന്റിലെ മന്ത്രിയായിരുന്ന ഖണ്ടാകർ മുഷ്‌താഖ്‌ റാഷിദ് പ്രസിഡന്റാവാൻ ലക്ഷ്യമിട്ട് കൂടെക്കൂടി.  പട്ടാളക്കാരുടെ ഈ ഗൂഢാലോചനയ്ക്ക് അമേരിക്കൻ ചാരസംഘടനയായ സിഐഎയുടെ എല്ലാ അനുഗ്രഹാശിസ്സുകളും ഉണ്ടായിരുന്നു എന്നും ആക്ഷേപമുണ്ട്. 

കൊലപാതകം നടന്നദിവസം : 1975 ഓഗസ്റ്റ് 15 

അന്നേ ദിവസം പുലർച്ചെയോടെ നാലുസംഘങ്ങളായി പിരിഞ്ഞാണ് കൊലപാതകികൾ മുജീബിന്റെ വീടാക്രമിക്കുന്നത്. വീടിന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന പട്ടാള പ്ലാറ്റൂൺ യാതൊരു വിധത്തിലുള്ള ചെറുത്തുനിൽപ്പും നടത്തിയില്ല. ആദ്യം കൊല്ലപ്പെട്ടത് മുജീബിന്റെ മകൻ ഷേഖ് കമാൽ ആണ്.  വീടിന്റെ പൂമുഖത്തുവെച്ചാണ് അദ്ദേഹം വെടിയേറ്റുവീണത്. വെടിയൊച്ചകൾ കേട്ടതും ഷേഖ് പട്ടാളമേധാവി ഷാഫീയുള്ളയുമായി ഫോണിൽ ബന്ധപ്പെട്ടു. അദ്ദേഹം ക്രുദ്ധനായി ജനറൽ ഷാഫീയുള്ളയോട് പറഞ്ഞു, " നിങ്ങളുടെ പട്ടാളക്കാർ എന്റെ വീടാക്രമിച്ചിരിക്കുകയാണ്. അവരോട് തിരികെപ്പോകാൻ പറയൂ. " ജനറലിന്റെ പ്രതികരണം ആശാവഹമായിരുന്നില്ല. കോണിപ്പടിയിറങ്ങി താഴെ വന്ന ഷേഖിനു നേരെ താഴെ നിന്ന് കൊലപാതകികൾ വെടിയുതിർത്തു. മുഖമടിച്ചു താഴെ വീണ മുജീബ് കോണിപ്പടിയിലൂടെ ഉരുണ്ട് താഴെ വീണു.  അപ്പോഴും അദ്ദേഹത്തിന്റെ കയ്യിൽ തന്നെ ഉണ്ടായിരുന്ന ട്രേഡ് മാർക്ക് പുകയില പൈപ്പിൽ നിന്ന് അപ്പോഴും പുക ഉയരുന്നുണ്ടായിരുന്നു...!

 

 

അക്രമികൾ ആരെയും വെറുതെ വിടാനുള്ള മൂഡിൽ അല്ലായിരുന്നു. അടുത്തതായി ഷേഖിന്റെ ഭാര്യയെ അവർ തോക്കിനിരയാക്കി. ഷേഖിന്റെ രണ്ടു പുത്രവധുക്കളും കൊലചെയ്യപ്പെട്ടു. എന്തിന്, ഷേഖിന്റെ ഏറ്റവും ഇളയപുത്രൻ, പത്തുവയസ്സുകാരൻ ഷേഖ് റസൽ മുജീബിനെപ്പോലും അവർ വെറുതെ വിട്ടില്ല. ഒന്നൊന്നായി എല്ലാവരെയും, വെടിവെച്ചു കൊന്നുകളഞ്ഞ ശേഷം മൃതദേഹങ്ങൾ ഓരോരുത്തരെയായി വലിച്ചിഴച്ചു കൊണ്ടുവന്ന് പട്ടാളട്രക്കിൽ കൊണ്ടിടുകയായിരുന്നു. അടുത്ത ദിവസം, അതായത് ഓഗസ്റ്റ് 16 -ന് മുജീബുർ റഹ്‌മാന്റേതൊഴിച്ചുള്ള മറ്റു മൃതദേഹങ്ങൾ എല്ലാം കൂടി ഒന്നിച്ച് ഒരു കുഴിയിൽ ഇട്ടു വെട്ടിമൂടുകയാണുണ്ടായത്. ഷേഖിന്റെ മൃതദേഹം മാത്രം അദ്ദേഹത്തിന്റെ ജന്മനാടായ റ്റംഗിപാഡയിൽ എത്തിച്ച് അദ്ദേഹത്തിന്റെ പിതാവിന്റെ കുഴിമാടത്തിനടുത്ത് തന്നെ മറവു ചെയ്യുകയാണുണ്ടായത്. ആദ്യ സംഘം ഷേഖിന്റെ വീട്ടിലേക്ക് വന്ന അതേ സമയത്തു തന്നെ മറ്റു മൂന്നു സംഘങ്ങൾ അവാമി ലീഗിന്റെ മറ്റുള്ള പ്രധാന നേതാക്കളെ ഇല്ലാതാക്കാൻ വേണ്ടി നിയുക്തരായിരുന്നു. അവരും അതേ രാത്രിയിൽ തന്നെ നിരവധി പേരെ കൊന്നുതള്ളി. 

കുറ്റവിചാരണയും ശിക്ഷ നടപ്പിലാക്കലും  

പ്രസിഡന്റ്  ഖണ്ടാകർ മുഷ്‌താഖ്‌ റാഷിദ് 'ഇൻഡെംനിറ്റി ലോ' എന്നൊരു നിയമം പാസ്സാക്കിയതിന്റെ ബലത്തിൽ പട്ടാളം ഗൂഢാലോചനക്കാർക്കെതിരെ കോർട്ട് മാർഷ്യൽ നടപടികൾ സ്വീകരിക്കാൻ വിസമ്മതിച്ചു. 1996 -ൽ അധികാരത്തിലേറിയ ഷേഖിന്റെ മകൾ ഹസീനയാണ് പ്രസ്തുത നിയമം റദ്ദാക്കി വിചാരണയ്ക്ക് വഴിയൊരുക്കിയത്. മേജർ സയ്യിദ് ഫാറൂഖ് റഹ്മാൻ ധാക്കയിൽ വെച്ച് അറസ്റ്റു ചെയ്യപ്പെട്ടു. നാടുവിട്ടോടി തായ്‌ലൻഡിൽ ചെന്ന ശേഷം ഷോപ്പ് ലിഫ്‌റ്റിംഗിന് പിടിയിലായി ജയിൽ ശിക്ഷ അനുഭവിച്ചു കൊണ്ടിരുന്ന ബസലുൽ ഹുദായെ ബംഗ്ലാദേശ് ഗവണ്മെന്റ് നാട്ടിലേക്ക് കൊണ്ടുവന്നു, പട്ടാളത്തിൽ സേവനമനുഷ്ഠിച്ചു കൊണ്ടിരിക്കെയാണ് കേണൽ മൊഹിയുദ്ദിൻ അഹമ്മദ് അറസ്റ്റിലാകുന്നത്. കേണൽ സുൽത്താൻ ഷഹരിയാർ ഖാനെ വിദേശ സർവീസിൽ നിന്ന് തിരികെ വിളിച്ച് അറസ്റ്റു ചെയ്തു. എകെഎം മൊഹിയുദ്ദിൻ അഹമ്മദ്, ബസലുൽ ഹുദാ,  മേജർ സയ്യിദ് ഫാറൂഖ് റഹ്മാൻ, കേണൽസുൽത്താൻ ഷഹരിയാർ ഖാൻ എന്നിവരെ 2010 ജനുവരിയിൽ തൂക്കിലേറ്റി. 

'ധാക്കാ സെൻട്രൽ ജയിലിൽ കൊല ചെയ്യപ്പെട്ടവർ '

ഷേഖിന്റെ വധത്തിനു രണ്ടുമാസം കഴിഞ്ഞു നടന്ന ധാക്ക സെൻട്രൽ ജയിൽ കൂട്ടക്കൊലയിൽ പങ്കെടുത്തു എന്നതാണ് ക്യാപ്റ്റൻ അബ്ദുൽ മാജിദിന്റെ മേൽ ചുമത്തപ്പെട്ട കുറ്റം. വെടിവെച്ചും ബയണറ്റിനു കുത്തിയും ക്യാപ്റ്റന്റെ നേതൃത്വത്തിലുള്ള സംഘം കൊന്നുകളഞ്ഞത് സയ്യിദ് നസ്രുൾ ഇസ്ലാം, താജുദ്ദിൻ അഹമ്മദ്, അബ്ദുൽ ഹസ്നത് മുഹമ്മദ് കമറുസ്സമാൻ, മുഹമ്മദ് മൻസൂർ അലി എന്നീ പ്രമുഖ അവാമി ലീഗ് നേതാക്കളെയാണ്. ഈ കേസിൽ മാത്രം ബംഗ്ലാദേശ് ഇന്നുവരെ 13 പട്ടാള ഓഫീസർമാരെ വധശിക്ഷയ്ക്ക് വിധേയരാക്കിക്കഴിഞ്ഞു. 23 വർഷക്കാലം അജ്ഞാതവാസത്തിൽ കഴിഞ്ഞ ശേഷം കഴിഞ്ഞ ചൊവ്വാഴ്ചയാണ് ക്യാപ്റ്റൻ അബ്ദുൽ മജീദ് ധാക്കയിലേക്ക് തിരികെ എത്തിയത്. വന്നു കേറിയപാടെ അദ്ദേഹത്തെ പൊലീസ് അറസ്റ്റുചെയ്യുകയും, ഏറെ നാളായി നടപ്പിലാക്കാൻ കാത്തുവെച്ചിരുന്ന വധശിക്ഷ നടപ്പിലാക്കുകയുമായിരുന്നു. 

click me!