പെരിസ്‌ട്രോ‌യിക്കയും ഗ്ലാസ്‌നോസ്റ്റും പാളിയപ്പോൾ, ഒടുവിൽ ഗോർബച്ചേവിനെതിരെ അട്ടിമറി നടന്ന നാൾ

By Web TeamFirst Published Aug 18, 2020, 5:49 PM IST
Highlights

അവരുടെ മുന്നിലേക്ക് നടന്നെത്തി അവിടെയുണ്ടായിരുന്ന ഒരു പട്ടാള ടാങ്കിന്റെ മുകളിലേക്ക് വലിഞ്ഞു കയറിയ യെൽത്സിൻ പ്രഖ്യാപിച്ചു, "അട്ടിമറിക്കാർ ഭീകരവാദികളാണ്, അവരെ ചെറുത്ത്  തോല്പിക്കേണ്ടതുണ്ട്." 

1991 ഓഗസ്റ്റ് 18 - സോവിയറ്റ് യൂണിയന്റെ എട്ടാമത്തെ പ്രസിഡന്റായ മിഖായിൽ ഗോർബച്ചേവ്, സ്വന്തം ഗവണ്മെന്റിലെ ചില അംഗങ്ങളും, പട്ടാളത്തിലെയും പൊലീസിലേയും കെജിബിയിലെയും ചില ഉന്നത ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ ഒരു അട്ടിമറിയുടെ ഭാഗമായി, വീട്ടുതടങ്കലിൽ ആക്കപ്പെട്ടു. 1985 -ൽ റഷ്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയും, 1988 -ൽ യൂണിയൻ ഓഫ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്സ്(USSR) ന്റെ പ്രസിഡന്റുമായി അധികാരമേറ്റെടുത്ത അന്നുതൊട്ടേ തന്നെ കള്ളിമുൾമുനയിലൂടെ നഗ്നപാദനായി നടന്നുകൊണ്ടിരുന്ന പ്രതീതിയായിരുന്നു ഗോർബച്ചേവിന്. 

 

 

തനിക്കു മുമ്പ് ലിയോണാർഡ് ബ്രെഷ്നേവിന്റെ കാലം തൊട്ടേ ആവേശിച്ചിരുന്ന, കഴിഞ്ഞ രണ്ട് പതിറ്റാണ്ടു കാലത്തോളം തുടർന്നുപോന്ന,  ആ സ്തംഭനാവസ്ഥയിൽ നിന്ന് സോവിയറ്റ് നാടുകളെ ഉയിർത്തെഴുന്നേൽപ്പിക്കാൻ കച്ചകെട്ടി ഇറങ്ങിയതായിരുന്നു ഗോർബച്ചേവ്. അദ്ദേഹം അധികാരമേറ്റെടുക്കും മുമ്പ് ബ്രെഷ്നേവിന്റെ കാലത്ത് സാമ്പത്തിക പുരോഗതി പൂജ്യമായിരുന്നു. അതേസമയം കോൾഡ് വാർ നടക്കുന്നതുകൊണ്ട് സൈനിക ബജറ്റിലും ആണവ ബജറ്റിലും ഒന്നും ഒരു കുറവും വരുത്താൻ സാധിക്കില്ലായിരുന്നു താനും. മിസൈലുകളും ടാങ്കുകളുമൊക്കെ വാങ്ങാനും അണ്വായുധങ്ങൾ നിർമിക്കാനും ഒക്കെത്തന്നെ ബജറ്റിന്റെ നല്ലൊരു ഭാഗം ചെലവാക്കേണ്ട ഗതികേടായിരുന്നു. 

 

 

തന്റെ ലക്‌ഷ്യം നേടാനായി രണ്ടു നയങ്ങളായിരുന്നു അദ്ദേഹം മുന്നോട്ട് വെച്ചത്.  ഒന്ന്, സമ്പദ്‌വ്യവസ്ഥയുടെ 'പെരിസ്‌ട്രോയിക്ക' അഥവാ പുനഃസംഘടന - അതിൽ വിപണിയുടെ ഉദാരവൽക്കരണം അടക്കമുള്ള വിപ്ലവകരമായ മാറ്റങ്ങൾ അദ്ദേഹം മുന്നോട്ടുവെച്ചു. വിപണി ഉണർന്നാൽ രാജ്യത്ത് സാമ്പത്തിക പുരോഗതി താനേ വന്നുകൊള്ളും എന്നായിരുന്നു ഗോർബച്ചേവ് കരുതിയിരുന്നത്. 1988 -ൽ ഗോർബച്ചേവ് സഹകരണ സംഘങ്ങൾ നിയമപ്രകാരം തുടങ്ങാൻ വേണ്ട നടപടിക്രമങ്ങൾ എളുപ്പമാക്കി.  വിദേശ മൂലധന നിക്ഷേപങ്ങൾ സ്വീകരിച്ചുകൊണ്ടുള്ള, പങ്കാളിത്തത്തോടുള്ള വ്യവസായങ്ങൾ (ജോയിന്റ് വെഞ്ചറുകൾ) പ്രോത്സാഹിപ്പിക്കുന്നത് ഗ്ലാസ്സ്‌നോസ്റ്റിന്റെ ഭാഗമായിരുന്നു. അതിന്റെ ഭാഗമായിട്ടാണ് 1990 -ൽ മോസ്‌കോയിൽ റഷ്യയിലെ ആദ്യത്തെ മക്ഡൊണാൾഡ്‌സ് തുറക്കുന്നത്. 

 

 

അദ്ദേഹം രണ്ടാമത് കൊണ്ടുവന്ന നയമായിരുന്നു, സർക്കാരിന്റെ പ്രവർത്തനങ്ങളിലെ  'ഗ്ലാസ്സ്‌നോസ്റ്റ്' അഥവാ തുറന്ന മനസ്സോടുള്ള സമീപനം.  ഗോർബച്ചേവ് അധികാരത്തിലേറുമ്പോൾ സോവിയറ്റ് നാടുകൾ അഴിമതിയുടെ കൂത്തരങ്ങായി മാറിക്കഴിഞ്ഞിരുന്നു. പൂഴ്ത്തിവെപ്പും, കരിഞ്ചന്തയുമൊക്കെ സ്ഥിരം കാഴ്ചകളായിരുന്നു ആ നാട്ടിൽ. ആ അവസ്ഥക്ക് മാറ്റമുണ്ടാക്കും എന്നതായിരുന്നു ഗോർബച്ചേവിന്റെ അടുത്ത പ്രഖ്യാപനം. അത് തുറന്ന ചർച്ചകൾക്ക് ഇടങ്ങൾ സൃഷ്ടിക്കാനും, രാജ്യത്തെ ഭരണം കൂടുതൽ കൂടുതൽ ജനാധിപത്യപരമാക്കാനും ഉദ്ദേശിച്ചുകൊണ്ടുള്ള ഒന്നന്നായിരുന്നു. അതോടെ പാർട്ടിക്കുള്ളിൽ നിന്നുതന്നെ കടുത്ത വിമർശനങ്ങൾ വന്നു. പല വൻതോക്കുകളും രാജിവെച്ചിറങ്ങിപ്പോയി. പാർട്ടിയിലെ ജംബോ കമ്മിറ്റികളിൽ അംഗങ്ങളുടെ എണ്ണവും ഗോർബച്ചേവ് വെട്ടിച്ചുരുക്കി. അഴിമതിക്കെതിരായി ഒരു സന്ധിയില്ലാ സമരം തന്നെ ഗോർബച്ചേവ് പ്രഖ്യാപിച്ചു. 

1988 ജൂണിൽ നടന്ന റഷ്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ പത്തൊമ്പതാം ദേശീയ സമ്മേളനത്തിൽ ഗോർബച്ചേവ് ഒന്നിലധികം സ്ഥാനാർത്ഥികൾക്കായുള്ള തെരഞ്ഞെടുപ്പ് എന്ന ആശയം കൊണ്ടുവന്നു. 1990 മാർച്ചിൽ ആർട്ടിക്കിൾ 6 റദ്ദാക്കപ്പെട്ടു. കമ്യൂണിസ്റ്റ് പാർട്ടിയുടെ സർവാധിപത്യം ഇല്ലാതായി. യൂണിയനിലെ ഏതെങ്കിലും റിപ്പബ്ലിക് കമ്യൂണിസത്തെ നിന്നകന്നാൽ സൈനികമായി അത് തടയാം എന്ന 'ബ്രെഷ്നേവ് ഡോക്രൈൻ' കൂടി ഗോർബച്ചേവ് റദ്ദാക്കിയതോടെ യുഎസ്എസാറിന്റെ വിഘടനത്തിന് അരങ്ങൊരുങ്ങി. ആദ്യം വിട്ടുപോയത് 1991 മാർച്ച് 11 -ന് ലിത്വേനിയ ആയിരുന്നു. 

 

 

ഗോർബച്ചേവിന്റെ  വിപ്ലവകരമായ നയങ്ങൾക്ക് സ്വന്തം രാജ്യത്തിനുള്ളിൽ ഏറെ വിമർശകരുണ്ടായി. ഒരുവശത്ത് രാജ്യത്തെ സ്തംഭനാവസ്ഥയിൽ പിടിച്ചു നിർത്താൻ, അധോഗതിയിലേക്ക് നയിക്കാൻ മിനക്കെട്ടിരുന്ന പഴയ കക്ഷികൾ ഗോർബച്ചേവിനെതിരെ തിരിഞ്ഞപ്പോൾ, മറ്റൊരു ഭാഗത്തു നിന്ന ബോറിസ് യെൽത്സിൻ എന്ന സോഷ്യലിസ്റ്റ് നേതാവിന്റെ എതിർപ്പുകളുമുണ്ടായി.  ഗോർബച്ചേവിനേക്കാൾ കൂടുതൽ വേഗത്തിൽ നാട്ടിൽ വിപ്ലവം കൊണ്ടുവരാനാകും എന്ന് ഉറച്ചു വിശ്വസിച്ച ഒരാളായിരുന്നു യെൽത്സിൻ. സോവിയറ്റ് നാടുകളിൽ ഏറ്റവും പുരോഗമിച്ചിട്ടുള്ള റഷ്യ എന്ന സോഷ്യലിസ്റ്റ് രാജ്യത്തിന്റെ പ്രസിഡന്റായിരുന്നു അദ്ദേഹം. ഗോർബച്ചേവിന്റെ കൊട്ടിഘോഷിക്കപ്പെട്ട നയങ്ങൾ പാതിവെന്ത പരുവത്തിനുള്ളതാണ് എന്നായിരുന്നു യെൽത്സിനെപ്പോലുള്ളവരുടെ തുറന്ന വിമർശനം. 

1991 ഓഗസ്റ്റിലെ പട്ടാള അട്ടിമറിക്ക് പിന്നിൽ പ്രവർത്തിച്ചത് ഗോർബച്ചേവ് ഗവണ്മെന്റിനുള്ളിൽ തന്നെയുള്ള യാഥാസ്ഥിതിക വിഭാഗവും പട്ടാളവും കെജിബിയും പൊലീസും ഒക്കെ ചേർന്നായിരുന്നു. ക്രിമിയയിലെ തന്റെ അവധിക്കാല വസതിക്കുള്ളിൽ കഴിയുകയായിരുന്ന ഗോർബച്ചേവിനെ അട്ടിമറിക്കാർ പുറത്തിറങ്ങാൻ വിടാതെ അവിടെ തന്നെ പിടിച്ചു വെച്ചു. രാജിവെക്കാൻ അവർ നിർബന്ധിച്ചു. ഗോർബച്ചേവ് വഴങ്ങിയില്ല. ഗെന്നഡി യാനായെവ് എന്ന വൈസ് പ്രസിഡന്റിനെ മുന്നിൽ നിർത്തിയാണ് അട്ടിമറിക്കാർ കളിച്ചത്. ഗോർബച്ചേവിന്റെ ആരോഗ്യം മോശമായി എന്നാണ് അവർ ആദ്യം പറഞ്ഞത്. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകൊണ്ടാണ് അവർ ഭരണനിയന്ത്രണം പിടിച്ചെടുത്തത്. 

 

 

അങ്ങനെ ഗോർബച്ചേവിനെ സ്വന്തം പാർട്ടിയിലെ വിമതർ ആമപ്പൂട്ടിട്ട് പൂട്ടിയ നേരത്താണ് യെൽത്സിനും പാർട്ടിക്കാരും സംഭവങ്ങളിൽ ഇടപെടുന്നത്. രാജ്യത്തിന്റെ സ്ഥിരത തകർക്കുന്ന അട്ടിമറിക്കെതിരെ പോരാടാൻ, തെരുവിലിറങ്ങി സമരം ചെയ്യാൻ യെൽത്സിൻ തന്റെ വോട്ടർമാരോട് ആവശ്യപ്പെട്ടു. പട്ടാളക്കാരുടെ ഒരു സംഘം യെൽത്സിനെ അറസ്റ്റു ചെയ്യാൻ വേണ്ടി പാർലമെന്റിലേക്ക് ചെല്ലുമ്പോൾ അവിടെ വഴി തടഞ്ഞു കൊണ്ട് ആയുധമേന്തിയവരും അല്ലാത്തവരുമായ ആയിരക്കണക്കിന് ജനങ്ങൾ  നിൽപ്പുറപ്പിച്ചിരിക്കുന്നത് കണ്ടു. അവരുടെ മുന്നിലേക്ക് നടന്നെത്തി അവിടെയുണ്ടായിരുന്ന ഒരു പട്ടാള ടാങ്കിന്റെ മുകളിലേക്ക് വലിഞ്ഞു കയറിയ യെൽത്സിൻ പ്രഖ്യാപിച്ചു, "അട്ടിമറിക്കാർ ഭീകരവാദികളാണ്, അവരെ ചെറുത്ത് തോല്പിക്കേണ്ടതുണ്ട്." അപ്പുറത്ത് ജനപിന്തുണ അനുനിമിഷം ഇരട്ടിക്കുന്നത് കണ്ടപ്പോൾ, അട്ടിമറിക്കാനെത്തിയ പട്ടാളം പിന്മടങ്ങി. ആ സംഘത്തിലെ തന്നെ നല്ലൊരു ഭാഗം, ഈ ജനങ്ങൾക്കൊപ്പം ചേർന്ന് അട്ടിമറിക്കെതിരെ സമരം ചെയ്യാൻ തീരുമാനമെടുക്കുകയും ചെയ്തു.

 

 

അതിനിടെ ഗോർബച്ചേവിന് മോചനമുണ്ടായി. അദ്ദേഹത്തെ മോസ്കോയിലേക്ക് വിമാനമാർഗം കൊണ്ടുപോയതുകൊണ്ട് അന്ന് അദ്ദേഹത്തിന്റെ ജീവൻ രക്ഷപ്പെട്ടു എങ്കിലും, രാജ്യത്ത് ഉടലെടുത്ത അസുരക്ഷിതാവസ്ഥ, അധികാര അസന്തുലിതാവസ്ഥ ഒക്കെ യൂണിയന് വലിയ അടിയായി. വരും മാസങ്ങളിൽ ഗോർബച്ചേവ് റഷ്യൻ കമ്യൂണിസ്റ്റ് പാർട്ടി തന്നെ പിരിച്ചുവിട്ടു. 1991 ഡിസംബറിൽ അദ്ദേഹം സകല സ്ഥാനങ്ങളും രാജിവെച്ചിറങ്ങി. അതിന്റെ ഗുണം പൂർണമായും കിട്ടിയത് ബോറിസ് യെൽത്സിനായിരുന്നു. ബാൾട്ടിക് സ്റ്റേറ്റുകൾക്ക് സ്വാതന്ത്ര്യം കിട്ടി. ബാക്കിയുള്ള റിപ്പബ്ലിക്കുകൾ ചേർന്ന് കുറേക്കൂടി ഉദാരമായ, സാമ്പത്തികശാസ്ത്രത്തിൽ ഊന്നിയുള്ള ഒരു ഫെഡറേഷൻ പ്രഖ്യാപിക്കപ്പെട്ടു. അവർ അതിനെ കോൺഫെഡറേഷൻ ഓഫ് ഇൻഡിപെൻഡന്റ് സ്റ്റേറ്റ്സ്(CIS) എന്ന് വിളിച്ചു. USSR -ന്റെ തകർച്ചക്ക് ശേഷം ആ പ്രദേശത്തെ ഏറ്റവും ശക്തമായ രാജ്യമായി റഷ്യ ഉയർന്നുവന്നു. 

ആരായിരുന്നു യുഎസ്എസ്ആറിന്റെ തകർച്ചക്ക് കാരണം എന്ന് കൃത്യമായി പറയുക പ്രയാസമാകും. വലിയൊരു പക്ഷം ആളുകൾ ഇതിനു കാരണക്കാരനായ ചൂണ്ടിക്കാണിക്കുന്നത് ഗോർബച്ചേവിനെയും അദ്ദേഹം നടപ്പിലാക്കിയ പെരിസ്‌ട്രോയിക്ക, ഗ്ലാസ്‌നോസ്റ്റ് തുടങ്ങിയ വിപ്ലവാത്മകമായ നയപരിഷ്കരണങ്ങളെയുമാണ്. എന്നാൽ, ബ്രെഷ്നേവിന്റെ കാലം മുതൽക്കുള്ള പോളിസികളും, ആ കാലങ്ങളിൽ തുടർന്നുപോന്ന ഉയർന്ന സൈനിക-പ്രതിരോധ ബജറ്റുകളും, 1989 നവംബറിലെ ജർമൻ മതിൽ തകർന്നതും, ലോകത്തിന്റെ വിവിധഭാഗങ്ങളിൽ ഉണ്ടായ കമ്യൂണിസ്റ്റ് ഭരണകൂടങ്ങളുടെ പതനവും ഒക്കെ യുഎസ്എസ്ആറിന്റെ പതനത്തിനു കാരണമാണ് എന്നാണ് മറ്റുപലരും പറയുന്നത്. 

കാരണം ആരായാലും, എന്തായാലും തൊണ്ണൂറുകളിൽ സംഭവിച്ച സോവിയറ്റ് യൂണിയന്റെ പതനം സമീപകാലത്തുണ്ടായ ഏറ്റവും അവിസ്മരണീയമായ ഒരു സംഭവമായിത്തന്നെ ലോകചരിത്രത്തിന്റെ താളുകളിൽ രേഖപ്പെടുത്തപ്പെടും.

click me!