ക്രിസ്ത്യനെന്ന് ബിജെപി, ജൂതയെന്ന് കോണ്‍ഗ്രസ്; ആം ആദ്‍മിയുടെ മിന്നുംതാരം ആതിഷി മര്‍ലേന പേര് ചുരുക്കിയതെന്തിന്?

By Web TeamFirst Published Feb 11, 2020, 5:42 PM IST
Highlights

ആതിഷി മര്‍ലേന എന്ന പേര് വിവാദമായതിനെത്തുടര്‍ന്ന് മര്‍ലേന എന്ന ഉപനാമം (second name) ഉപേക്ഷിച്ചയാളാണ് ആതിഷി. ദൽഹി സർവകലാശാലയിലെ അധ്യാപകരായ വിജയ് സിംഗിന്റെയും തൃപ്‍ത വാഹിയുടെയും മകളാണ് ആതിഷി. മിശ്രവിവാഹിതരായിരുന്നു അവര്‍. അതുകൊണ്ടുതന്നെ മകളുടെ പേരിന്‍റെ കൂടെ ജാതിപ്പേരോ കുടുംബത്തിന്‍റെ പേരോ ചേര്‍ക്കാന്‍ അവര്‍ താല്‍പര്യപ്പെട്ടിരുന്നില്ല.

ഡെല്‍ഹി തെരഞ്ഞെടുപ്പില്‍ അവസാനനിമിഷം വരെ ആശങ്കയുയര്‍ത്തിയ ചോദ്യം മനീഷ് സിസോദിയയും ആതിഷിയും വിജയിക്കുമോ എന്നതായിരുന്നു. എന്നാല്‍, വളരെ കുറഞ്ഞ വോട്ടുകള്‍ക്ക് അവസാനനിമിഷം ഇരുവരും വിജയിച്ചു. ഒരുപക്ഷേ, ഇവര്‍ പരാജയപ്പെട്ടിരുന്നുവെങ്കില്‍ പാര്‍ട്ടിക്കത് കനത്ത അടിയായി മാറിയേനെ. പട്‍പർഗഞ്ചിൽ മത്സരിച്ച മനീഷ് സിസോദിയ ഉപമുഖ്യമന്ത്രിയായിരുന്നു. കൽക്കാജിയിൽ മത്സരിച്ച ആതിഷിയാകട്ടെ പാര്‍ട്ടിയിലെ പ്രധാനപ്പെട്ട വ്യക്തിയും, പാര്‍ട്ടി വക്താവായി നിരന്തരം മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നയാളും. 

ആരാണ് ആതിഷി?

ആം ആദ്‍മി പാര്‍ട്ടിയിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്നു എപ്പോഴും ആതിഷി. പക്വതയാര്‍ന്ന അവരുടെ സംസാരശൈലിയും മറ്റും എല്ലാവരെയും ആകര്‍ഷിച്ചിരുന്നു. രാഷ്ട്രീയ പ്രവര്‍ത്തക എന്നതിലുപരി വിദ്യാഭ്യാസരംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരാളെന്ന നിലയില്‍ക്കൂടി പ്രസിദ്ധയാണ് ആതിഷി മര്‍ലേന എന്ന ആതിഷി. 2001 -ലാണ് ആതിഷി ദൽഹി സെന്റ് സ്റ്റീഫൻ കോളേജിൽ നിന്നും ചരിത്രത്തിൽ ബിരുദം നേടുന്നത്. സർവകലാശാലയിലെ ഒന്നാം റാങ്കുകാരിയായിരുന്നു അവരന്ന്. ചരിത്രത്തില്‍ ബിരുദാനന്തര ബിരുദമെടുക്കുന്നത് ഓക്സ്ഫോഡ് സർവകലാശാലയില്‍നിന്നും. 2003 -ൽ സ്കോളർഷിപ്പോടെയായിരുന്നു ആതിഷി ഓക്സ്ഫോഡില്‍ തന്‍റെ പഠനം പൂര്‍ത്തിയാക്കിയത്. പിന്നീട് ഓക്സ്ഫോഡിൽതന്നെ ഗവേഷകയായും പ്രവർത്തിച്ചിട്ടുണ്ട്. 

 

വിദ്യാഭ്യാസമേഖലയിലെ പ്രവര്‍ത്തനം

കഴിഞ്ഞ കുറച്ചു നാളുകളായി വിദ്യാഭ്യാസ മേഖലയിൽ ഡൽഹിയിലെ സർക്കാർ സ്‍കൂളുകൾ കൈവരിച്ച വിപ്ലവകരമായ നേട്ടങ്ങളുടെ പിന്നിൽ പ്രവർത്തിച്ച കരുത്തായിരുന്നു ആതിഷി. ദില്ലിയിലെ വിദ്യാഭ്യാസ മന്ത്രി മനീഷ് സിസോദിയയുടെ ഉപദേശകയായിരുന്നു അവർ. അവരുടെ നേതൃത്വത്തിൽ സർക്കാർ സ്‍കൂളുകൾ ദേശീയ പരീക്ഷകളിൽ സ്വകാര്യ സ്‍കൂളുകളേക്കാൾ മികച്ച ഫലങ്ങൾ നേടുകയുണ്ടായി. അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കാനായി അവരുടെ മേൽനോട്ടത്തിൽ 8,000 പുതിയ ക്ലാസ് മുറികൾ നിർമ്മിക്കപ്പെട്ടു. എല്ലാ സ്‍കൂളുകളിലും ആദ്യമായി രക്ഷാകർതൃ-അധ്യാപക യോഗങ്ങൾ നടന്നു. അവരുടെ പ്രവർത്തങ്ങൾ എല്ലാവരിലും മതിപ്പുളവാക്കി. അവരുടെ വർധിച്ചുവന്ന പ്രശസ്‍തി പക്ഷേ ചിലരെ അസ്വസ്ഥരാക്കി. ആതിഷിയുടെ നിയമനത്തിന് ദേശീയ സർക്കാരിന്‍റെ അംഗീകാരമില്ല എന്നാരോപിച്ച് ഇന്ത്യയുടെ ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ വർഷം അവരെ ആ സ്ഥാനത്ത് നിന്ന് പിരിച്ചുവിട്ടു. ഒരുപക്ഷേ, ആത്മാർത്ഥതയ്ക്കുള്ള കൂലിയാണോ ഇത് എന്ന് ആരായാലും ചിന്തിച്ചുപോകുന്ന പ്രവര്‍ത്തിയായിരുന്നു അതെന്ന് പറയാതെവയ്യ. എന്നാൽ ആതിഷിയ്ക്ക് അത്ഭുതം മാത്രമേ തോന്നിയുള്ളൂ. പ്രതിഫലം ഒന്നും വാങ്ങാതെയാണ് അവർ ഒരു ഉപദേഷ്ടാവായി പ്രവർത്തിച്ചിരുന്നത്. ആതിഷിയെ പിരിച്ചുവിട്ടത് എല്ലാ കോണിൽനിന്നും വലിയ രീതിയിലുള്ള പ്രതിഷേധത്തിന് വഴിയൊരുക്കിയിരുന്നു.

 

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കുവേണ്ടി വിദ്യാഭ്യാസരംഗത്ത് എന്തെങ്കിലും ചെയ്യണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു ആതിഷിക്ക്. അങ്ങനെയാണവര്‍ സര്‍ക്കാര്‍ സ്‍കൂളുകള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നത്. ഭോപ്പാലിലെ ഒരു കൊച്ചു സ്‍കൂളില്‍ അധ്യാപികയായും അവര്‍ ജോലി നോക്കിയിരുന്നു. സാമൂഹ്യപ്രവര്‍ത്തനം ഇഷ്‍ടപ്പെട്ട ആതിഷി വിവിധ എന്‍ജിഒ -കളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുമുണ്ടായിരുന്നു. ആ സമയത്താണ് അവര്‍ പ്രശാന്ത് ഭൂഷനെ കണ്ടുമുട്ടുന്നതും അവര്‍ പറഞ്ഞ അറിവിലൂടെ ആം ആദ്‍മി പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കപ്പെടുന്നതും. ആതിഷിയെപ്പോലൊരാളെ ആകര്‍ഷിക്കാവുന്ന എല്ലാം ആ പാര്‍ട്ടിയിലുണ്ടായിരുന്നു. അങ്ങനെ അവര്‍ ആം ആദ്‍മിയില്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്നു. 

 

തുടക്കത്തിൽ, പാർട്ടി നേതാക്കളിലൊരാളായ യോഗേന്ദ്ര യാദവിന്‍റെ നേതൃത്വത്തിൽ ആം ആദ്‍മി പാർട്ടിയുടെ ആദ്യ പ്രകടനപത്രിക തയ്യാറാക്കി. അതിന്‍റെ നയ ഗവേഷണ സംഘത്തിൽ ആതിഷി പ്രവർത്തിച്ചിരുന്നു. 2015 -ൽ ക്രമേണ പാർട്ടിയുടെ മുഖമായി മാറാൻ തുടങ്ങി അവര്‍. നാട് നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് അവർക്ക് കർശനമായ നിലപാടുണ്ടായിരുന്നു. 2015 -ൽ ആഭ്യന്തര കലഹത്തിനിടെ ഭൂഷനെയും യാദവിനെയും ആം ആദ്‍മി പാർട്ടിയിൽ നിന്ന് പുറത്താക്കി. അതിനെ തുടർന്ന് പാർട്ടി മേധാവി അരവിന്ദ് കെജ്‌രിവാൾ വിജയിച്ചു. ആതിഷി ഇപ്പോൾ കെജ്‌രിവാളിനെ പിന്തുണയ്ക്കുന്നു. 

 

പേരിനെ ചൊല്ലിയും തര്‍ക്കം 

ആതിഷി മര്‍ലേന എന്ന പേര് വിവാദമായതിനെത്തുടര്‍ന്ന് മര്‍ലേന എന്ന ഉപനാമം (second name) ഉപേക്ഷിച്ചയാളാണ് ആതിഷി. ദൽഹി സർവകലാശാലയിലെ അധ്യാപകരായ വിജയ് സിംഗിന്റെയും തൃപ്‍ത വാഹിയുടെയും മകളാണ് ആതിഷി. മിശ്രവിവാഹിതരായിരുന്നു അവര്‍. അതുകൊണ്ടുതന്നെ മകളുടെ പേരിന്‍റെ കൂടെ ജാതിപ്പേരോ കുടുംബത്തിന്‍റെ പേരോ ചേര്‍ക്കാന്‍ അവര്‍ താല്‍പര്യപ്പെട്ടിരുന്നില്ല. പകരം ഇടതുപക്ഷ സഹയാത്രികരായ അവര്‍ മകളുടെ പേരിനൊപ്പം മർലേന എന്ന് ചേര്‍ത്തുവിളിച്ചു. മാർക്സിന്‍റേയും ലെനിന്റേയും പേര് കൂട്ടിച്ചേര്‍ത്തായിരുന്നു അച്ഛനമ്മമാര്‍ ആതിഷിക്കൊപ്പം മര്‍ലേന എന്നുകൂടി ചേര്‍ത്തുവച്ചത്.

 

എന്നാല്‍, മര്‍ലേന എന്ന ഉപനാമം കാരണം അവര്‍ ക്രിസ്ത്യനാണെന്നും ജൂതയാണെന്നുമടക്കമുള്ള പരാമര്‍ശങ്ങളും വിദ്വേഷപ്രചരണങ്ങളുമാണ് ബിജെപിയും കോണ്‍ഗ്രസും ഉയര്‍ത്തിയത്. താന്‍ വിദേശിയാണെന്നും ക്രിസ്ത്യനാണെന്നും പ്രചാരണം നടത്തി വോട്ട് ധ്രുവീകരിക്കാന്‍ ശ്രമിക്കുന്നുവെന്ന് കാണിച്ച് ആതിഷി തന്‍റെ ഉപനാമം ഉപേക്ഷിക്കുകയായിരുന്നു. പേരിന്‍റെ പിറകില്‍ നടന്നുകളയാന്‍ തനിക്ക് നേരമില്ലെന്നും അന്ന് ആതിഷി പറയുകയുണ്ടായി. ഒപ്പം ഒന്നുകൂടി അന്നവര്‍ പറഞ്ഞു, 'തന്‍റെ രജപുത്ര വംശത്തെ സൂചിപ്പിക്കുന്ന അവസാന നാമം സിംഗ് എന്നതുപോലും പണ്ടേക്കുപണ്ടേ താന്‍ ഉപേക്ഷിച്ചതാണ്. എന്‍റെ ജാതിയോ മതമോ അല്ല, എന്‍റെ പ്രവര്‍ത്തനങ്ങള്‍ നോക്കിയാവണം ആളുകള്‍ തന്നെ ശ്രദ്ധിക്കുന്നത്' എന്ന്. 

ഏതായാലും ആതിഷിയുടെ വിജയം വിദ്യാഭ്യാസരംഗത്തിന് മുതല്‍ക്കൂട്ടാവുമെന്ന് കരുതാം. 

click me!