മുള്‍ച്ചട്ട ധരിച്ചും പഞ്ചക്ഷതമേറ്റും സഹനപര്‍വ്വം, ആരുമില്ലാത്ത മനുഷ്യര്‍ക്ക് അഭയമാവല്‍; മറിയം ത്രേസ്യയുടെ ജീവിതം

By Web TeamFirst Published Oct 13, 2019, 11:04 AM IST
Highlights

ചെറുപ്പത്തില്‍ തന്നെ വനത്തില്‍പോയി തനിച്ചിരിക്കുമായിരുന്നു ത്രേസ്യ എന്ന് പറയുന്നു. കൂടാതെ സ്വയം പീഡിപ്പിക്കുകയും ശരീരത്തില്‍ പഞ്ചക്ഷതമേറ്റ് വാങ്ങുക (യേശുവിനെ കുരിശില്‍ തറച്ചപ്പോഴുണ്ടായിരുന്ന അഞ്ച് മുറിവുകള്‍, നെഞ്ചില്‍, കാലില്‍,കൈകളില്‍), മുള്‍ചട്ട ധരിക്കുക, കല്ല് പുറത്തുവെച്ച് മുട്ടിലിഴയുക ഒക്കെ ചെയ്‍തു ത്രേസ്യ.

1876 ഏപ്രില്‍ 26 -ന് തൃശൂര്‍ ജില്ലയിലെ പുത്തന്‍ചിറയില്‍ ചിറമ്മേല്‍ മങ്കിടിയാന്‍ തോമായുടേയും താണ്ടയുടേയും മൂന്നാമത്തെ മകളായിട്ടാണ് ത്രേസ്യയുടെ ജനനം. പുണ്യാളത്തി എന്ന് കുട്ടിക്കാലത്ത് തന്നെ ഇരട്ടപ്പേരായി വിളിക്കപ്പെട്ടവളായിരുന്നു ത്രേസ്യ. കാരണമുണ്ടായിരുന്നു, പ്രായത്തിന്‍റേത് എന്നു വിളിക്കാവുന്ന കുറുമ്പുകളോ കുരുത്തക്കേടുകളോ പോലും ഇല്ലായിരുന്നു കുഞ്ഞുത്രേസ്യക്ക്. മാത്രവുമല്ല. കൂട്ടുകാരിലാരെങ്കിലും എന്തെങ്കിലുമൊപ്പിച്ചാല്‍ അവരെ ശാസിക്കുമായിരുന്നു അന്നേ അവള്‍. ഇങ്ങനെയൊന്നും കാണിക്കരുതേയെന്ന് സ്നേഹപൂര്‍വ്വം പറയും. അതുകൊണ്ടുതന്നെ അവര്‍ക്കിടയിലവള്‍ പുണ്യാളത്തിയായി. 

കൂട്ടുകാര്‍ ഒരിക്കലും കരുതിയിട്ടുണ്ടാവില്ല, തങ്ങള്‍ പുണ്യാളത്തി എന്ന് വിളിക്കുന്ന ത്രേസ്യ പിന്നീട് താണ്ടാന്‍ പോകുന്ന ദൂരം, അനുഭവിക്കാനായുന്ന സഹനപര്‍വ്വം, ഒടുവിലെത്താന്‍ പോകുന്ന ഇടം... ഇന്ന് മുതല്‍ അവരുടെ പുണ്യാളത്തി ത്രേസ്യയെ ലോകവും വിളിക്കുന്നത് പുണ്യാളത്തി എന്ന് തന്നെയായിരിക്കും. വത്തിക്കാനില്‍ ഇന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ നേതൃത്വത്തില്‍ അവരെ വിശുദ്ധയായി പ്രഖ്യാപിക്കും.

ചെറുപ്പത്തിലേ തന്നെ വല്ലാത്ത ഭക്തയായിരുന്നു ത്രേസ്യ. കുര്‍ബാന സ്വീകരിക്കണമെന്ന ശക്തമായ ആഗ്രഹത്താല്‍ അന്ന് ആദ്യകുര്‍ബാന സ്വീകരണം നടത്തിയിരുന്ന പ്രായത്തേക്കാള്‍ മൂന്ന് വര്‍ഷം മുമ്പേ ആദ്യകുര്‍ബാന സ്വീകരണം നടത്തിയിരുന്നു ത്രേസ്യ. കൂടാതെ, നന്നേ ചെറുപ്പത്തില്‍ തന്നെ യേശുവിനെ കുറിച്ചും യേശുദേവന്‍ സഹിച്ച ത്യാഗങ്ങളെ കുറിച്ചും അറിയാനാഗ്രഹം പ്രകടിപ്പിച്ചിരുന്നു അവള്‍. ഒമ്പതാമത്തെ വയസ്സില്‍ തന്നെ ത്രേസ്യ അമ്മയോട് പറഞ്ഞിരുന്നുവത്രെ തനിക്ക് എന്നെന്നും കന്യകയായി കഴിയാനാണ് ഇഷ്ടമെന്ന്. ആഴ്‍ചയില്‍ നാല് ദിവസം അവള്‍ക്ക് ഉപവാസമായിരുന്നു. ഭക്ഷണം കഴിച്ചിരുന്നത് അതില്‍ കയ്‍പുനീര്‍ കലര്‍ത്തിയാണ്. 

ചെറുപ്പത്തില്‍ തന്നെ വനത്തില്‍പോയി തനിച്ചിരിക്കുമായിരുന്നു ത്രേസ്യ എന്ന് പറയുന്നു. കൂടാതെ സ്വയം പീഡിപ്പിക്കുകയും ശരീരത്തില്‍ പഞ്ചക്ഷതമേറ്റ് വാങ്ങുക (യേശുവിനെ കുരിശില്‍ തറച്ചപ്പോഴുണ്ടായിരുന്ന അഞ്ച് മുറിവുകള്‍, നെഞ്ചില്‍, കാലില്‍,കൈകളില്‍), മുള്‍ചട്ട ധരിക്കുക, കല്ല് പുറത്തുവെച്ച് മുട്ടിലിഴയുക ഒക്കെ ചെയ്‍തു ത്രേസ്യ. ത്രേസ്യക്ക് ഭ്രാന്താണെന്ന് പറഞ്ഞുനടന്നവരും കുറവല്ല. പക്ഷേ, അമ്മ അവളെ കളിയാക്കിയില്ല. പകരം മകളുടെ ഭക്തിയെ മനസിലാക്കിയ താണ്ട അവളെ ചേര്‍ത്തുപിടിച്ചു.

അപ്പന്‍റെ മദ്യപാനം കുടുംബത്തെ ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ടിരുന്നു. പന്ത്രണ്ടാമത്തെ വയസ്സില്‍ അമ്മ മരിച്ചു. അവളെ എന്നും ചേര്‍ത്തുപിടിച്ചിരുന്നത് അമ്മയായിരുന്നു. അവരാണവള്‍ക്ക് ദൈവത്തിലേക്കും സമൂഹത്തിലേക്കുമുള്ള വാതില്‍ തുറന്നുവച്ചത്. ആ അമ്മയുടെ മരണം അവളെ നയിച്ചത് വല്ലാത്ത വേദനയിലേക്കായിരുന്നു. എന്നാല്‍, തന്‍റെ ജീവിതം മറ്റുള്ളവര്‍ക്കായി ഉഴിഞ്ഞുവെക്കണമെന്ന് അപ്പോഴേക്കും ഉറപ്പിച്ചിരുന്നുവല്ലോ ത്രേസ്യ. പ്രാര്‍ത്ഥനയിലവള്‍ അഭയം കണ്ടെത്തി. 

പ്രാര്‍ത്ഥനയും അഭയമാവലും

അപ്പോഴും ദൈവത്തിലേക്കുള്ള തന്‍റെ ചേര്‍ന്നുനില്‍പ്പ് തന്നോളം മനസിലാക്കാന്‍ പോന്ന ആരേയും അവള്‍ കണ്ടുമുട്ടിയിരുന്നില്ല. പക്ഷേ, 1902 -ല്‍ അത് സംഭവിച്ചു. ആ വര്‍ഷം മാര്‍ച്ച് മാസത്തില്‍ പുത്തന്‍ചിറ പള്ളിയില്‍ നടന്ന ധ്യാനത്തിലായിരുന്നു അവള്‍ മാള പള്ളിവികാരി ഫാ. ജോസഫ് വിതയത്തിനോട് തന്‍റെ മനസിന്‍റെ സഞ്ചാരവഴികളെ കുറിച്ച് തുറന്നുപറയുന്നത്. അന്നവിടെ കുമ്പസാരം സ്വീകരിക്കാനെത്തിയതായിരുന്നു അദ്ദേഹം. അദ്ദേഹത്തിന് അവളെ മനസിലാക്കാനായി. അന്നുമുതല്‍ അദ്ദേഹം അവളുടെ ആത്മീയ പിതാവായി മാറി. അക്കാലത്ത് തന്നെ രൂപതാ അധികാരികളോട് അദ്ദേഹം ത്രേസ്യയുടെ ഈ ആത്മീയജീവിതത്തെ കുറിച്ച് സംസാരിക്കുന്നുണ്ട്. കത്തുകളെഴുതുന്നുണ്ട്. 

വസൂരി എന്ന മാറാരോഗം പടര്‍ന്നുപിടിച്ച കാലത്ത് രോഗികളെ സാന്ത്വനിപ്പിക്കാന്‍ മടിച്ചുനില്‍ക്കാതെയെത്തി ത്രേസ്യ. ഈ സാമൂഹ്യസേവനങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ അവളുടെ കൂടെ മൂന്ന് കൂട്ടുകാരികളുമുണ്ടായിരുന്നു. അവരാണ് മാളിയേക്കല്‍ കൂനന്‍ ത്രേസ്യ, മാളിയേക്കല്‍ കൂനന്‍ കൊച്ചുമറിയം, കരിമാലിക്കല്‍ മറിയം എന്നിവര്‍. അവര്‍ നാലുപേരും ചേര്‍ന്ന് സമൂഹത്തിലെ വേദനയനുഭവിക്കുന്ന മനുഷ്യര്‍ക്കിടയിലേക്കിറങ്ങിച്ചെന്നു. സന്യാസിയാക്കാനായി ത്രേസ്യയുടെ വീട്ടുകാര്‍ അവളെ ഒല്ലൂരിലെ കര്‍മ്മലീത്താ മഠത്തിലാക്കുന്നുണ്ട്. എന്നാല്‍, തന്‍റെ സന്യാസത്തിനുള്ള ഇടമതല്ലെന്ന് വേദനയോടെ അവള്‍ തിരിച്ചറിയുകയാണ്. അന്നവിടെ എവുപ്രാസ്യാമ്മയുണ്ട്. അവരോട് അവള്‍ തന്‍റെ വേദനകളും ചിന്താകുഴപ്പങ്ങളും പങ്കുവെച്ചു. അങ്ങനെ, സന്യാസം പൂര്‍ത്തിയാക്കാതെ വെറും രണ്ടുമാസത്തെ മഠത്തിലെ ജീവിതത്തിന് ശേഷം അവള്‍ തിരികെവന്നു. 

അവളുടെ ആത്മസംഘര്‍ഷങ്ങളെ കുറിച്ച് ധാരണയുണ്ടായിരുന്ന വിതയത്തിലച്ചനാണ് നാട്ടില്‍ അവള്‍ക്കായി ഒരു കുഞ്ഞുഭവനം പണികഴിപ്പിക്കുന്നത്. അങ്ങനെ ആ നാല് കൂട്ടുകാരികളും ചേര്‍ന്ന് അവിടെ താമസിച്ചു. പ്രാര്‍ത്ഥനയും സഹായഹസ്തങ്ങളുമായി ചുറ്റിലേക്കുമിറങ്ങി. 1914 -മേയ് 13 -ന് അവിടെയെത്തിച്ചേര്‍ന്ന മേനാച്ചേരി പിതാവാണ് ആ ഭവനം ഒരു ആശ്രമമാക്കി മാറ്റാനുള്ള ആഗ്രഹം വിതയത്തിലച്ചനെ അറിയിക്കുന്നത്. അങ്ങനെ 14 -ന് ഹോളി ഫാമിലി കോണ്‍ഗ്രിഗേഷന്‍ എന്നറിയപ്പെട്ട തിരുക്കുടുംബ സന്യാസസഭ പിറവിയെടുക്കുന്നു. ത്രേസ്യ, മറിയം ത്രേസ്യയാവുകയും അവര്‍ക്ക് സഭാവസ്ത്രം നല്‍കുകയും ചെയ്തതും അപ്പോഴാണ്. 

പിന്നീട് ആ സന്യാസീമഠം വളരുകയും പെണ്‍കുട്ടികള്‍ക്കായുള്ള വിദ്യാലയം തുടങ്ങുകയും ചെയ്‍തു. രോഗികളെ ശുശ്രൂഷിക്കുകയും, അനാഥര്‍ക്ക് കൈത്താങ്ങുകയും, മദ്യപരെ അതില്‍നിന്ന് പുറത്തുകടത്തുകയും ഒക്കെ ചെയ്‍തു മഠം. 1926 -ലാണ്... തുമ്പൂരിലെ മൂന്നാമത്തെ ഭവനത്തിന്‍റെ വെഞ്ചരിപ്പ്. ഏഴുപേര്‍ വ്രതവാഗ്ദാനം ചെയ്‍ത് സന്യാസികളാകുന്നു. പുതുതായി ചേര്‍ന്ന ആറുപേര്‍ക്ക് ശിരോവസ്ത്രം. വലിയ ആള്‍ക്കൂട്ടമാണ് അന്നവിടെയെത്തിച്ചേര്‍ന്നത്. പക്ഷേ, ആ തിരക്കിനിടയില്‍ മുട്ടുകുത്തി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന മറിയം ത്രേസ്യയുടെ കാലിലേക്ക് ഒരു ക്രാസിക്കാല്‍ ഒടിഞ്ഞുവീണു. അതാണ്, അവരുടെ മരണത്തിലേക്ക് എത്തിച്ചതും. ജൂണ്‍ ഏഴിന് വിതയത്തിലച്ചനാണ് അന്ത്യകൂദാശ നല്‍കുന്നത്. എട്ടാം തീയതി അവര്‍ എന്നേക്കുമായി ദൈവത്തിലങ്കലേക്ക് മടങ്ങി. 

ഇന്ന്, കേരളക്കരയിലെ ആ ത്രേസ്യ പുണ്യവതിയാകുന്നു. ലോകത്തിനാകെ... ഇത് കേരളത്തിലെ വിശ്വാസിസമൂഹത്തിന് ഏറ്റവും പ്രധാനപ്പെട്ട ദിനമാകുന്നതും അങ്ങനെയാണ്. 

click me!