Latest Videos

പാകിസ്ഥാനുമായുള്ള യുദ്ധത്തിൽ ഇന്ത്യയെ സഹായിച്ച മനുഷ്യൻ, ജോലി കന്നുകാലിയെ മേയ്ക്കൽ, ആരാണ് ആ ഹീറോ?

By Web TeamFirst Published Jun 30, 2021, 2:55 PM IST
Highlights

ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിലെ ജവാൻ‌മാർ അദ്ദേഹത്തെ സ്നേഹത്തോടെ 'ഓൾഡ് വാർ ക്യാമൽ' എന്ന് വിളിച്ചു. യുദ്ധവേളയിൽ ഇന്തോ-പാക് അതിർത്തിയിൽ അദ്ദേഹം കണ്ണുനട്ട് ഇരിക്കുമായിരുന്നു. 

1971 ഡിസംബർ 16 -ന് ഇന്ത്യ പാകിസ്ഥാനെതിരെ നിർണായകമായ യുദ്ധം ജയിച്ചു. അന്ന് ആ യുദ്ധത്തിൽ രാജ്യത്തെ സംരക്ഷിക്കാനുള്ള ദൗത്യവുമായി മുന്നോട്ട് പോയ ധീരരായ സൈനികരുടെ കൂട്ടത്തിൽ ബനസ്‌കന്തയിലെ കന്നുകാലിയെ മേയ്ക്കുന്ന റാഞ്ചോഡ് പഗിയുമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ അസാധാരണമായ കഴിവ് മൂലം 1971 -ലെ യുദ്ധത്തിൽ മാത്രമല്ല, 1965 -ലെ യുദ്ധത്തിലും ശത്രു സൈനികരെ തോൽപിക്കാൻ ഇന്ത്യൻ സൈന്യത്തിന് കഴിഞ്ഞു. എന്തായിരുന്നു ആ അസാധാരണ കഴിവ് എന്നല്ലേ? ഒരാളുടെ കാൽപ്പാട് നോക്കി ആ വ്യക്തിയുടെ പ്രായം, ഉയരം, തൂക്കം, ആണാണോ പെണ്ണാണോ എന്നിവ കണ്ടെത്താൻ അദ്ദേഹത്തിന് സാധിക്കുമായിരുന്നു. ഇത് മൂലം സൈനിക നീക്കങ്ങളെക്കുറിച്ചുള്ള നിർണായക അറിവുകൾ കൈമാറാൻ പഗിയ്ക്ക് കഴിഞ്ഞിരുന്നു. ഈ കഴിവ് ഉപയോഗിച്ച് അദ്ദേഹം അനേകം സൈനികരുടെ ജീവനാണ് രക്ഷിച്ചിട്ടുള്ളത്.      

2013 -ൽ അദ്ദേഹത്തിന്റെ മരണശേഷം അതിർത്തി സുരക്ഷാസേന ബഹുമാനാർത്ഥം അവരുടെ ഒരു ബനസ്‌കന്ത ഔട്ട്പോസ്റ്റിന് അദ്ദേഹത്തിന്റെ പേര് നൽകുകയുണ്ടായി. അദ്ദേഹത്തിന്റെ ഒരു പ്രതിമയും അതിനടുത്ത് തന്നെ അവർ സ്ഥാപിച്ചിട്ടുണ്ട്. ഇത് യുദ്ധങ്ങളിൽ അദ്ദേഹം ഇന്ത്യയ്ക്ക് നൽകിയ സംഭാവനയെ വിളിച്ചോതുന്നു. ഗുജറാത്തിലെ ഒരു ഗ്രാമത്തിലാണ് പഗി ജനിച്ചത്. റബറിസ് എന്ന നാടോടി സമുദായത്തിലെ അംഗമായിരുന്നു അദ്ദേഹം. 

പാക്കിസ്ഥാനുമായി അതിർത്തി പങ്കിടുന്ന ബനസ്‌കന്ത ഗ്രാമത്തിലെ കന്നുകാലികളെ മേയ്ക്കുന്ന ജോലിയായിരുന്നു അദ്ദേഹത്തിന്. എന്നാൽ, അദ്ദേഹത്തിന്റെ ഈ അസാധാരണമായ ട്രാക്കിംഗ് കഴിവുകൾ കാരണം ലോക്കൽ പൊലീസിന്റെ ഒരു ഗൈഡായും അദ്ദേഹം പ്രവർത്തിച്ചിരുന്നു. പിന്നീട്  യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ അദ്ദേഹത്തെ ഇന്ത്യൻ സൈന്യം സ്കൗട്ടായി നിയമിച്ചു. റാഞ്ചോഡ് റാബറി എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാർത്ഥ പേര്. കാല്പാടുകൾ നിർണയിക്കാനുള്ള കഴിവ് കാരണം അദ്ദേഹത്തിന് ആളുകൾ പഗി എന്ന വിളിപ്പേര് നൽകിയതാണ്. പഗി എന്നാൽ ട്രാക്കർ എന്നാണ് അർത്ഥം.  

ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിലെ ജവാൻ‌മാർ അദ്ദേഹത്തെ സ്നേഹത്തോടെ 'ഓൾഡ് വാർ ക്യാമൽ' എന്ന് വിളിച്ചു. യുദ്ധവേളയിൽ ഇന്തോ-പാക് അതിർത്തിയിൽ അദ്ദേഹം കണ്ണുനട്ട് ഇരിക്കുമായിരുന്നു. പാകിസ്ഥാനിൽ നിന്ന് ആരെങ്കിലും നുഴഞ്ഞുകയറുന്നുണ്ടോ എന്ന് നോക്കാൻ. നുഴഞ്ഞുകയറ്റക്കാരുടെ എണ്ണം, അവരുടെ ചലനത്തിന്റെ വേഗത, ലഗേജ് കൂടെയുണ്ടോ എന്നിങ്ങനെയുള്ള കാര്യങ്ങൾ കണ്ടെത്താൻ അദ്ദേഹത്തിന് കാൽപ്പാടുകൾ നോക്കിയാൽ മതിയായിരുന്നു. എത്ര സമയം കഴിഞ്ഞുവെന്നും, നുഴഞ്ഞുകയറ്റക്കാർ പോയ ദിശ എന്താണെന്നും അവർ നിലത്ത് ഇരുന്നിട്ടുണ്ടോ, സംസാരിച്ചിട്ടുണ്ടോ എന്നെല്ലാം അദ്ദേഹത്തിന് മനസ്സിലാക്കാൻ സാധിച്ചിരുന്നു. അതിനാൽ, അതിർത്തി സുരക്ഷാ സേനയ്ക്കും ഇന്ത്യൻ സൈന്യത്തിനും അദ്ദേഹം നൽകിയ വിവരങ്ങൾ നിർണായകമായിരുന്നു. നിരവധി ഇന്ത്യൻ സൈനികരുടെ ജീവൻ ഇത് മൂലം രക്ഷിക്കാൻ അദ്ദേഹത്തിനായിട്ടുണ്ട്.    

സൈന്യം എന്ത് ഉത്തരവാദിതം നൽകിയാലും, ഏറ്റവും വിശ്വസ്തനായ പഗി സ്വന്തം സുരക്ഷ പോലും നോക്കാതെ അത് നിറവേറ്റുമായിരുന്നു. 1965 -ലെ യുദ്ധ സമയത്ത് അടുത്തുള്ള വനത്തിൽ ഒളിച്ചിരുന്ന 1200 പാകിസ്ഥാൻ സൈനികരുടെ സ്ഥാനം അദ്ദേഹം കണ്ടെത്തുകയുണ്ടായി. ഇന്ത്യയുടെ നിർണായക വിജയത്തിന് അത് കാരണമായി. ഇത് കൂടാതെ, 1971 -ലും പാലി നഗർ പോസ്റ്റ് പിടിച്ചെടുക്കാൻ സൈന്യത്തെ സഹായിച്ചത് അദ്ദേഹമായിരുന്നു. 

1971 -ലെ യുദ്ധത്തിനുശേഷം, ഇതിഹാസ ഫീൽഡ് മാർഷൽ സാം മനേക് ഷാ പഗിയെ സ്വന്തം സ്ഥലത്തേയ്ക്ക് ക്ഷണിച്ചു. ഗുജറാത്തിൽ നിന്ന് പഗിയെ എതിരേൽക്കാൻ ഒരു ഹെലികോപ്റ്റർ തന്നെ അദ്ദേഹം അയച്ചു. നേരിൽ കണ്ടപ്പോൾ മനേക് ഷാ പഗിയുടെ പ്രവർത്തനത്തെ അഭിനന്ദിക്കുകയും 300 രൂപ പാരിതോഷികം നൽകുകയും തുടർന്ന് അദ്ദേഹത്തോടൊപ്പം ഇരുന്ന് ഉച്ചഭക്ഷണം പങ്കിടുകയും ചെയ്തു. പഗിയുടെ സേവനം കണ്ട, മനേക് ഷാ ഇന്ത്യൻ സൈന്യത്തിൽ അദ്ദേഹത്തിനായി ഒരു പ്രത്യേക പോസ്റ്റ് തന്നെ സൃഷ്ടിച്ചു. മനേക് ഷായുടെ അവസാനസമയത്തും പഗിയെക്കുറിച്ചാണ് കൂടുതലും പറഞ്ഞിരുന്നതെന്ന് പറയുന്നു. വർഷങ്ങളുടെ നീണ്ട നിസ്വാർത്ഥ സേവനത്തിന് പഗിയ്ക്ക് 'സംഗ്രം മെഡൽ', 'പൊലീസ് മെഡൽ', 'സമർ സേവാ സ്റ്റാർ' തുടങ്ങിയ അവാർഡുകളും ലഭിച്ചിട്ടുണ്ട്. 2013 ജനുവരി 17 -ന് 113 -ാം വയസിൽ അദ്ദേഹം അന്തരിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!