രാജമല ലയങ്ങളിലെ ദുരവസ്ഥയ്ക്ക് ആരാണ് കാരണം? തൊഴിലാളികൾ ഇന്നും നേരിടുന്ന ചൂഷണങ്ങൾ

By Babu RamachandranFirst Published Aug 14, 2020, 4:20 PM IST
Highlights

നമ്മൾ എന്നും രാവിലെ സ്വാദോടെ നുകരുന്ന ചുവന്ന തേയില, തോട്ടങ്ങളിലെ തണുപ്പിലും മഴയിലും പണിയെടുത്ത് വ്യാധിപിടിച്ചു മരിച്ചുപോകുന്ന പാവപ്പെട്ട തോട്ടം തൊഴിലാളികളുടെ ജീവരക്തമാണ്..! 

മൂന്നാർ പെട്ടിമുടിയിലെ തോട്ടം തൊഴിലാളികൾ താമസിക്കുന്ന ലയങ്ങൾക്കുമേലെ മണ്ണിടിഞ്ഞുവീണ് അമ്പതിലധികം പേർക്ക് ജീവൻ നഷ്ടപ്പെട്ടതിന്റെ നടുക്കം ഇനിയും മാറിയിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിലൊക്കെയും ആ സംഭവത്തെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ നമ്മൾ തുടർച്ചയായി പത്രങ്ങളിൽ വായിച്ചുകൊണ്ടിരിക്കുകയാണ്, ടിവിയിൽ കണ്ടുകൊണ്ടിരിക്കുകയാണ്. ലയങ്ങളിൽ നിന്ന് കുറെഅകലെയുളള  ഒരു മലയുടെ മുകളിൽ നിന്ന് വമ്പൻ പാറകളും മണ്ണും ഒക്കെയാണ് നിമിഷനേരം കൊണ്ട് ഇടിഞ്ഞ് താഴെ ആ ലയങ്ങൾക്ക് മേലേക്ക് വന്നു വീണത്.

 

"

 

അവിടെ രാത്രി കിടന്നുറങ്ങുകയായിരുന്ന  പലരെയും ഇനിയും കണ്ടുകിട്ടിയിട്ടില്ല. നമ്മളിൽ പലരും ലയം എന്ന പേര് ചിലപ്പോൾ ജീവിതത്തിൽ ആദ്യമായിട്ട് കേൾക്കുന്നത് ഒരുപക്ഷെ  ഇങ്ങനെയൊരു  സംഭവം നടക്കുമ്പോഴായിരിക്കും. അതേസമയം, ലയം എന്ന  പേരും അതിന്റെ ഉള്ളിൽ കഴിയുന്ന തോട്ടം തൊഴിലാളികളുടെ വളരെ മോശപ്പെട്ട ജീവിത സാഹചര്യങ്ങളും പറഞ്ഞുകേട്ടറിവുള്ളവരും ചിലപ്പോൾ നമുക്കിടയിൽ കാണും. പക്ഷേ, നമ്മളിൽ പലർക്കും വേണ്ടത്ര അറിയാത്ത സാമൂഹികവും, തൊഴിൽപരവുമായ വലിയ ചൂഷണങ്ങൾ പലതും അവിടെ നടക്കുന്നുണ്ട്. അവിടത്തെ ദുരിതം നിറഞ്ഞ  ജീവിതത്തെപ്പറ്റി ഇനിയും ലോകത്തോട് ഒരുപാട് കാര്യങ്ങൾ വിളിച്ചുപറയേണ്ടതുണ്ട്.  

എന്താണീ ലയങ്ങൾ?

കഴിഞ്ഞ ദിവസങ്ങളിൽ നിങ്ങളിൽ ചിലരെങ്കിലും ഒരു ചോദ്യം മനസ്സിൽ ചോദിച്ചുകാണും. എന്താണ് ഈ ലയങ്ങൾ? 'ലായം' എന്നുള്ള വാക്ക്  പലരും കേട്ടിട്ടുണ്ടാവും. 'കുതിരലായം' എന്നൊക്കെ. പക്ഷേ, ലയം എന്നുവെച്ചാൽ എന്താണ് ?   തോട്ടം തൊഴിലാളികളുടെ അക്കമോഡേഷനെ എന്തുകൊണ്ടാൻ ലയം എന്ന് വിളിക്കുന്നത്? അതറിയാതെ ചിലരെങ്കിലും കാണും. ലയം/ലായം  ഈ രണ്ടു വാക്കിനും ശബ്ദതാരാവലിയിൽ കൊടുത്തിട്ടുള്ള അർഥം വീട് എന്നുതന്നെ ആണ്. ആ വാക്കുകൾ ഉത്ഭവിച്ചിരിക്കുന്നത്  'ആലയം' എന്ന തമിഴ് മലയാളം വാക്കിൽ നിന്നാണ്. അതിന്റെ അർത്ഥവും വീട് എന്നാണ്. ആലയം ലോപിച്ച് ലയം ആയതാണ് എന്നൊരു വാദമുണ്ട്.  അതേസമയം  വേറെ ഒരുതിയറിയുമുണ്ട് ആ പേരിന് പിന്നിൽ. 'ലേബർ ലൈൻസ്' എന്നാണ് ബ്രിട്ടീഷുകാർ ഈ റോ ഹൗസുകളെ വിളിച്ചിരുന്നത്.  ലേബർ ലൈൻ ചുരുങ്ങി ലൈൻ ആയി എന്നും അതിനോട് തമിഴ്നാട്ടുകാരായ തോട്ടം തൊഴിലാളികൾ  തമ്മിൽ  'ഞാൻ എന്നോട ലൈ'ത്ത്ക്ക് പോക്റെൻ' എന്ന് പറഞ്ഞു തുടങ്ങി, ലൈൻ എന്നുള്ളത് ലോപിച്ച് 'ലൈ' ആയി ലയം ആയതാണ് എന്നും ഒരു വാദമുണ്ട്. രണ്ടായാലും ലയമെന്നത് തോട്ടം തൊഴിലാളികൾക്ക് താമസിക്കാൻ പ്ലാന്റേഷൻ കമ്പനി കൊടുക്കുന്ന അക്കോമഡേഷന്റെ പേരാണ്

 

തേയിലത്തോട്ടങ്ങളിൽ രണ്ടുതരം തൊഴിലാളികൾ ഉണ്ട്. ഒന്ന് പെർമനന്റ്. രണ്ട്, ടെമ്പററി. 1951 -ലെ പ്ലാന്റേഷൻ ലേബർ ആക്റ്റിന്റെ പതിനഞ്ചാം വകുപ്പ് പ്രകാരം,തൊഴിലാളികൾക്ക് താമസിക്കാനുള്ള സൗകര്യം ചെയ്തു കൊടുക്കേണ്ട ചുമതല പ്ലാന്റേഷൻ കമ്പനിയുടേതാണ്. അങ്ങനെ ഒരു നിയമ വ്യവസ്ഥ ഉള്ളതുകൊണ്ട് മാത്രമാണ്, ആദ്യം കമ്പനി നടത്തിയിരുന്ന ബ്രിട്ടീഷുകാരും, പിന്നെ ടാറ്റയും, മറ്റു പ്ലാന്റർമാരും ഒക്കെ  തങ്ങളുടെ തൊഴിലാളികൾക്ക് താമസിക്കാൻ  വേണ്ടി മൂന്നാറിൽ ലേബർ ലൈനുകൾ അഥവാ ലയങ്ങൾ നിർമിച്ചു കൊടുത്തത്. വർഷങ്ങളായിട്ട്   കൃത്യമായ മെയ്ന്റനൻസൊ ഒന്നും ചെയ്യാതെ, ഏത് നിമിഷവും, ഒന്ന് തൊട്ടാൽ പോലും  മറിഞ്ഞു വീഴുന്ന അവസ്ഥയിൽ നിന്നിരുന്ന ഈ ലയങ്ങൾക്കുമേലെക്കാണ് ഉരുൾ പൊട്ടി മണ്ണിടിഞ്ഞു വീണത്. ഇങ്ങനെ ഒരു ദുരന്തം അവിടെ ഏത് നിമിഷവും സംഭവിക്കാം എന്നത് കമ്പനിക്കും, സർക്കാരിനും, എന്തിന് അവിടെ താമസിച്ചിരുന്ന തൊഴിലാളികൾക്കും വരെ അറിയാവുന്ന കാര്യമായിരുന്നു. എന്നിട്ടും അതൊഴിവാക്കാൻ വേണ്ടി ആരും ഒന്നും ചെയ്തില്ല. അങ്ങനെ ഒരു നീതികേടിന്റെ പേരിൽ, ഇപ്പോൾ ഇത്രയും ജീവൻ നഷ്ടപ്പെട്ടിരിക്കുന്ന  ഈ അവസരത്തിലല്ലെങ്കിൽ പിന്നെപ്പോഴാണ് നമ്മൾ ലയങ്ങളിലെ  ജീവിതങ്ങളിലേക്ക് ഒന്ന് തിരിഞ്ഞു നോക്കുക?

സമ്പന്നരുടെ ലക്ഷ്വറി ഡ്രിങ്കിൽ നിന്ന് തട്ടുകടയിലേക്കുള്ള തേയിലയുടെ പ്രയാണം

അതിനു മുമ്പ്, തേയിലയെയെപ്പറ്റി രണ്ടു വാക്ക്. തേയില എന്ന ചെടി ലോകത്താദ്യമായി വളർന്നുവന്നത് ചൈനയിലാണ്. ബിസി 2737 തൊട്ടേ ചൈനയിൽ പ്രാകൃതികമായി കണ്ടുവന്നിരുന്ന ഒരു സസ്യമാണ് തേയിലച്ചെടി. അത് ആദ്യമായി പ്രയോജനപ്പെടുത്തിയത് ഒരു മരുന്നെന്ന നിലയ്ക്കാണ്. എഡി നാലാം നൂറ്റാണ്ടിൽ. എഡി ആറാം നൂറ്റാണ്ടിന്റെ ഒടുക്കത്തോടെ അതിന്  ബിവറേജ് അഥവാ ഒരു പാനീയം എന്ന സ്റ്റാറ്റസ് കിട്ടുന്നു. പതിനേഴാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ചൈന വ്യവസായികമായിത്തന്നെ തേയില ഉത്പാദനം തുടങ്ങുന്നു. 1689 -ൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ആദ്യമായി ചൈനയിൽ നിന്ന് നേരിട്ട് തേയില ഇറക്കുമതി ചെയ്തു തുടങ്ങി. അതോടെ ബ്രിട്ടനിലെ അപ്പർ മിഡില് ക്ലസ്സിന്റെ ഫേവ് ബിവറേജ് ആയിട്ട് ചായ മാറുന്നു. അന്നൊക്കെ ചായ എന്നത് ഒരു ലക്ഷ്വറി ഡ്രിങ്ക് ആയിരുന്നു. സമൂഹത്തിലെ പണക്കാർക്ക് മാത്രം നുകരാൻ സാധിച്ചിരുന്ന ഒരു പ്രീമിയം പാനീയം. ആ അവസ്ഥയിൽ നിന്ന് ഇന്ന് കേരളത്തിലെ ഏത് തട്ടുകടകളിലും പത്തുരൂപയിൽ താഴെ കൊടുത്താൽ കിട്ടുന്ന, ഒരുപക്ഷെ പച്ചവെള്ളം കഴിഞ്ഞാൽ ലോകത്തിൽ ഏറ്റവും വിലകുറഞ്ഞ ഡ്രിങ്ക് ആയി ചായ മാറി..  

തേയില ഇന്ത്യൻ മണ്ണിലേക്ക് 

ഇന്ത്യയിൽ തേയില ഉണ്ടെന്ന് ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് ബോധ്യപ്പെടുന്നത്, 1832 -ൽ അവരുടെ ഒരു  മേജർ ആയിട്ടുള്ള റോബർട്ട് ബ്രൂസ് അസമിൽ നാച്വറൽ ആയിട്ട് വളർന്നു വന്നിരുന്ന കുറെ തേയിലച്ചെടികൾ കണ്ടെത്തുമ്പോഴാണ്. അവിടെ സിങ്‌ഫോ എന്നൊരു ഗോത്രക്കാരായിരുന്നു തേയിലചെടികൾ നട്ടു വളർത്തിക്കൊണ്ടിരുന്നത്. മേജർ ബ്രൂസ് അവിടത്തെ ബെസ്സഗോം എന്ന് പേരുള്ള മൂപ്പനെ ചാക്കിട്ട്, അവിടന്ന് കുറെ തേയിലത്തൈ സംഘടിപ്പിച്ച് സ്വന്തം എസ്റ്റേറ്റിൽ കൊണ്ട് നട്ട് അത് വളർത്തി എടുക്കുന്നു. എന്നിട്ട് ഏഴെട്ടു പെട്ടി തേയില ആയപ്പോൾ 1838 -ൽ ബ്രൂസ് അത് ബ്രിട്ടനിലേക്ക് കയറ്റി അയച്ചു വിട്ടിട്ട് പറഞ്ഞു, " ഇതാ ഇവിടെ ഇങ്ങനെ ഒരു വെറൈറ്റി തേയില ഉണ്ട്. കമേർഷ്യലായിട്ട് വളർത്തുന്നോ?" ചായ എത്ര കിട്ടിയാലും തികഞ്ഞിരുന്നില്യാത്ത ഒരു കാലമായിരുന്നു അത് ബ്രിട്ടീഷുകാർക്ക്.  ബ്രൂസ് പറഞ്ഞതും അവർ ചാടിവീണു. അങ്ങനെയാണ് അസമിൽ തേയിലത്തോട്ടങ്ങൾ വരുന്നത്.

ഈ തേയില ഉത്പാദനം എന്നുപറയുന്നത് ശരിക്കും ഒരു 'അഗ്രോ-ഇൻഡസ്ട്രി' ആണ്. അതിൽ കൃഷിയും ഉണ്ട് വ്യവസായവും ഉണ്ട് . തേയിലച്ചെടികൾ വളർത്തിയെടുക്കുന്നത് കൃഷിയാണ്. നുള്ളുന്ന തളിരിലകൾ പ്രോസസ് ചെയ്ത് തേയിലപ്പൊടി ആക്കിയെടുക്കുന്നത് ഒരു ഇൻഡസ്ട്രിയൽ പ്രോസസ് ആണ്. ഇന്ന് ലോകത്താകെ ഏകദേശം 26,62,500 ഹെക്ടർ ഭൂമിയിൽ തേയില കൃഷി ചെയ്യപ്പെടുന്നുണ്ട് എന്നാണ് കണക്ക്. അതിൽ നിന്ന് വർഷാവർഷം, 30,13,807 മെട്രിക് ടൺ തേയില ഉത്പാദിപ്പിക്കപ്പെടുന്നുണ്ട് എന്നും. അതായത് ഹെക്ടർ ഒന്നിന് 1132 കിലോഗ്രാം തേയില വീതം. ഇന്ത്യയും ചൈനയുമാണ് തേയില ഉത്പാദത്തിൽ മുന്നിൽ എങ്കിലും,, ഇന്തോനേഷ്യ, ശ്രീലങ്ക, തുർക്കി, ജപ്പാൻ എന്നീ രാജ്യങ്ങളും തേയില ഉത്പാദിപ്പിക്കുന്നുണ്ട്. ലോകത്തിൽ ഏറ്റവുമധികം തേയില ഉത്പാദിപ്പിക്കുന്നതും കുടിച്ചു തീർക്കുന്നതും നമ്മൾ ഇന്ത്യക്കാർ തന്നെ. ഇന്ത്യയിൽ ഉത്തരേന്ത്യ, ദക്ഷിണേന്ത്യ എന്നിങ്ങനെ രണ്ടു റീജിയനുകളായി തേയിലത്തോട്ടങ്ങൾ വിഭജിക്കപ്പെട്ടിരിക്കുന്നു. ഉത്തരേന്ത്യയിലാണ് 78 ശതമാനം തോട്ടങ്ങളുമുള്ളത്. ദക്ഷിണേന്ത്യയിൽ ബാക്കി 22 ശതമാനം. കേരളത്തിൽ 36,762 ഹെക്ടറിൽ തേയില കൃഷി ഉണ്ട്. അതിൽ 26,615 ഹെക്ടറും ഇടുക്കി ജില്ലയിലാണ്.  അങ്ങനെ തേയില എന്നുപറയുന്ന ഈ അഗ്രോ-ഇൻഡസ്ട്രി ആദ്യമായി ഇന്ത്യയിൽ വന്നത് 1840 -കളിൽ അസമിൽ ആണ്. തേയിലത്തോട്ടങ്ങൾ കേരളത്തിലേക്ക് എത്താൻ പിന്നെയും പത്തുമുപ്പതു കൊല്ലം പിടിച്ചു.

മൂന്നാറിലേക്ക് തേയിലയുടെ വരവ്

ടിപ്പുസുൽത്താനെ ഉന്മൂലനം ചെയ്യാൻ വേണ്ടിയുള്ള പാഞ്ഞുപോക്കിനിടെ പതിനെട്ടാം നൂറ്റാണ്ടിലൊക്കെ  മൂന്നാർ വഴി കമ്പനി പട്ടാളം പോയിട്ടുണ്ട് എങ്കിലും, ഈ പ്രദേശത്തെ ആദ്യമായി ശ്രദ്ധിച്ചത് 1862 -ൽ  ജനറൽ ഡഗ്ലസ് ഹാമിൽട്ടൺ ആണ്. മൂന്നാറിൽ എത്തിയ, ജനറൽ ഹാമിൽട്ടന് അന്ന് പ്രദേശത്തിന്റെ ഭൂഭംഗി വല്ലാതെ ബോധിച്ചു. "A view far beyond my power to describe and which must be seen to be appreciated " - വാക്കുകളാൽ അവർണ്ണനീയം, നേരിൽ കണ്ടാലേ അറിയാനാവൂ ഈ ഭംഗി - എന്നാണ് പുള്ളി അന്ന് മൂന്നാറിനെപ്പറ്റി മേലധികാരികൾക്ക് എഴുതി വിട്ടത്. ജനറൽ ഹാമിൽട്ടന്റെ കണ്ണിൽ മൂന്നാറിന്റെ പ്രകൃതിഭംഗി മാത്രമേ പെട്ടിരുന്നുള്ളൂ. അവിടത്തെ കച്ചവട സാധ്യത തിരിച്ചറിഞ്ഞത്, പിന്നീട് വേട്ടയാടാനോ വിനോദസഞ്ചാരത്തിനോ ഒക്കെവേണ്ടി മൂന്നാറിൽ എത്തി, ആനമുടി കയറി അവിടെനിന്ന് താഴേക്ക് നോക്കി, മൂന്നാർ ഹിൽസിന്റെ ഒരു ടോട്ടൽ പിക്ച്ചർ കണ്ട വേറെ രണ്ടുമൂന്ന് സായിപ്പന്മാരാണ്. അവർ പറഞ്ഞിട്ടാണ്  കമ്പനി മൂന്നാറിലേക്ക് 1877 -ൽ ഒരു 2 Man കമ്മീഷനെ  പറഞ്ഞുവിടുന്നത്. മൂന്നാർ മദ്രാസ് ടെറിട്ടറിയിലല്ല,  ട്രാവൻകൂർ ടെറിട്ടറിയിൽ ആണെന്ന് അപ്പോഴാണ് അവർ തിരിച്ചറിഞ്ഞത്. പിന്നീട്,  ജോൺ ഡാനിയേൽ മൺറോ എന്ന സ്റ്റേറ്റ്സ്മാനെ  കമ്പനി  അന്ന് ആ പ്രദേശം കൈവശം വെച്ചനുഭവിച്ചിരുന്ന പൂഞ്ഞാർ  രാജകുടുംബത്തിലെ കോയിക്കൽ കേരളവർമ വലിയരാജയുടെ അടുത്തേക്ക് പറഞ്ഞയക്കുന്നു. അദ്ദേഹത്തിന്,  അന്നത്തെ മൂവായിരം ഉറുപ്പിക പാട്ടവും, അയ്യായിരം ഉറുപ്പിക ഡെപ്പോസിറ്റും ആയി കൊടുത്തിട്ടാണ് അന്ന് കമ്പനി മൂന്നാറിലെ 1,36,300 ഓളം ഏക്കർ വരുന്ന വനപ്രദേശം തേയിലക്കൃഷിക്ക് വേണ്ടി ലീസിനെടുക്കുന്നത്.  

 

 

മുന്നാറിൽ വന്ന മൺറോ സായിപ്പിന് അന്ന് അവിടത്തെ പ്രധാന സ്പോട്ടുകളിലേക്കുള്ള വഴി കാണിച്ചു കൊടുത്തത്  കണ്ണൻ തേവൻ  എന്നിങ്ങനെ പേരുള്ള രണ്ടു മുതുവാൻ ഗോത്രക്കാരായിരുന്നു. അവരുടെ പേരുതന്നെ ആ മലക്കും, അവിടെ പിന്നീട് തുടങ്ങാനിരുന്ന തേയിലക്കമ്പനിക്കും കൊടുത്തത് ജോൺ മൺറോ സായിപ്പാണ്‌. 1897 -ൽ മൂന്നാറിൽ കണ്ണൻ ദേവൻ ഹിൽ പ്രൊഡ്യൂസ് എന്ന സ്ഥാപനംവരുന്നു. അത് മാനേജ് ചെയ്യാൻ വന്നതാണ് ജെയിംസ് ഫിൻലെ എന്ന കമ്പനി. 1964 -ൽ ഫിൻലെയുടെ കൂടെ ജോയിന്റ് വെഞ്ചർ ആയി ടാറ്റായുടെ എൻട്രിയുണ്ടാകുന്നു. താമസിയാതെ ഫിൻലെ ഔട്ടായി കണ്ണൻ ദേവനിൽ ടാറ്റ മാത്രമാകുന്നു. ടാറ്റയ്ക്ക് പുറമെ വേറെയും ചെറിയ ചെറിയ പല പ്ലാന്റർമാരും സ്റ്റേതുകളും മുന്നാറിൽ ഉണ്ട്.

വെള്ളക്കാർ ആദ്യം എത്തിയ കാലത്ത് മൂന്നാറു മുഴുവൻ ആദിവാസികളായ മുതുവന്മാരുടെ സ്വന്തമായിരുന്നു. വെള്ളക്കാർ വന്നു മുതുവന്മാരെ കാടിന്റെ അരികുകളിലേക്ക് ഒതുക്കി, ആ കാടൊക്കെ വെട്ടിത്തെളിച്ച്, അവിടെ തേയില കൃഷി തുടങ്ങുകയായിരുന്നു. അതായത് മുതുവന്മാരെ കുടിയിറക്കി, അവരുടെ കാടൊക്കെ വെട്ടിത്തെളിച്ചതും,  മൂന്നാറിൽ തേയില പിടിപ്പിച്ചതും ഏതാണ്ട് ഒരു കാലത്താണെന്ന് അർഥം. അന്ന് ആ മുതുവാന്മാർ പലരും, കുണ്ടള, മറയൂർ, സൂര്യനെല്ലി ഭാഗങ്ങളിലേക്ക് സായിപ്പന്മാരുടെ കയ്യിൽ നിന്ന് കിട്ടിയത്  വാങ്ങി സ്ഥലം വിട്ടു.

തമിഴരോട് കാണിച്ച വിശ്വാസവഞ്ചന

അന്ന് ബ്രിട്ടീഷുകാർക്ക് കാടുവെട്ടിത്തെളിക്കാനും മണ്ണൊരുക്കാനും തേയില നട്ടുവളർത്താനും  ഒക്കെ നല്ല മെയ്ക്കരുത്തുള്ള പണിക്കാരെ വേണമായിരുന്നു. അതിനവർ റിക്രൂട്ട്മെന്റ് നടത്തിയത്  തമിഴ്‌നാട്ടിലെ മധുര, രാമനാഥപുരം, ചെങ്കോട്ട, രാജപാളയം, തേനി എന്നിവിടങ്ങളിലെ ചില  ഉൾനാടൻ ഗ്രാമങ്ങളിൽ നിന്നുമായിരുന്നു. അവിടെ അക്കാലത്ത് ജാതിവ്യവസ്ഥ കൊടികുത്തി വാഴുന്ന കാലമാണ്. അതിന്റെ ഏറ്റവും അടിത്തട്ടിൽ  കഴിഞ്ഞിരുന്ന താഴ്ന്ന ജാതിക്കാർക്ക് വലിയ കഷ്ടതകൾ, അനീതികൾ ഒക്കെ അനുഭവിക്കേണ്ടി വന്നിരുന്നു. ശരിക്കും ഒരു അടിമ ജീവിതം തന്നെ ആയിരുന്നു അത്. പണ്ണൈയാർ എന്ന് പറയുന്ന അപ്പർ കാസ്റ്റ് ജമീന്താരമാരുടെ അടിമകളായിരുന്നു അവർ. വെള്ളക്കാർ ചെന്ന് ഈ ജമീന്ദാരന്മാരോട് 'നട്‌പ് മുറൈ' ചട്ടം എന്നൊരു ഉടമ്പടി ഒപ്പിട്ട്ട്ട ആണ്, അവർക്ക്  ഇവരെ കൊണ്ടുപോകാനുള്ള സമ്മതത്തിനു വേണ്ടി നഷ്ടപരിഹാരമായി പണം നൽകിയാണ്  ഈ തൊഴിലാളികളെ കൊണ്ടുവരുന്നത്. തേയിലതോട്ടങ്ങളിലെ കങ്കാണിമാർ ആകുന്നത് സാധാരണ  തോട്ടപ്പണിക്കരെക്കാൾ ഉയർന്ന ജാതിക്കാർ ആയിരുന്നു. അതുകൊണ്ട്, നാടുമാറി, ചെയുന്ന ജോലി മാറി എങ്കിലും തമിഴരുടെ അടിമജീവിതം അതുപോലെ തന്നെ തുടർന്നു.

ജോലിചെയ്യാൻ അക്കാലത്ത് ആദ്യം വന്നത് ഏതാണ്ട് അഞ്ഞൂറോളം പേരാണ്. അവരെ കുടുംബമായി  നാനൂറും അഞ്ഞൂറും കിലോമീറ്റർ ദൂരം നടത്തിച്ചാണ് മൂന്നാറിലേക്ക് കൊണ്ടുവന്നത്. പലരെയും  കൊണ്ടുവന്നത് പറഞ്ഞു പറ്റിച്ചാണ്. 'തേയിലച്ചെടി ആട്ടിനാൽ കാശ് സിന്തും', തിരിച്ച് ലീവിന് പോകുമ്പോൾ  സഞ്ചി നിറച്ച് ഊരിക്ക് കൊണ്ട് പോകാം. എന്നൊക്കെ ആ പാവങ്ങളെ പറഞ്ഞു വിശ്വസിപ്പിച്ചാണ്‌ വെള്ളക്കാരുടെ കങ്കാണിമാർ അവരിൽ പലരെയും മൂന്നാറിൽ എത്തിച്ചത്. ഈ തൊഴിലാളികളുടെമേൽ അടിച്ചേല്പിക്കപ്പെട്ട ബോണ്ടഡ് ലേബറിന്റെ ആദ്യകാലത്തുള്ള പ്രകടമായ ഒരു ലക്ഷണം അവരുടെ പേ സ്ലിപ്പ് ആയിരുന്നു. തൊഴിലാളികളുടെ ഭാഷയിൽ പറഞ്ഞാൽ പിരതി. അവർക്കിടയിൽ അന്ന് രണ്ടുതരം പിരതി ഉണ്ടായിരുന്നു. ഒന്ന് വെള്ള പിരതി , കറുപ്പ് പിരതി .  ഈ തമിഴർക്ക് കമ്പനി ആദ്യമൊക്കെ ജീവൻ നിലനിർത്താൻ വേണ്ട അരിയും പലചരക്കും ഒക്കെ കടംകൊടുത്തു. പക്ഷേ, അതിന്റെ കണക്ക് വെച്ചു കമ്പനി, ഒരുമാസം കഴിഞ്ഞ് കണക്ക് നോക്കിയപ്പോൾ, അന്നത്തെ തുച്ഛമായ കൂലി വെച്ച് നോക്കുമ്പോൾ അവരിൽ പലരും പണം കമ്പനിക്ക്  അങ്ങോട്ട് കൊടുക്കാനായിരുന്നു ഉണ്ടായിരുന്നത്, കമ്പനിയുടെ കണക്കിൽ. ആ കടം മറന്നു പോകാതിരിക്കാൻ കമ്പനി അവരുടെ പേ സ്ലിപ്പിൽ ഒരു കറുപ്പടയാളം വെച്ചു . കറുത്ത അടയാളം ഇല്ലാത്തവർക്ക് 'വെള്ള പിരതി'യാണ് എന്ന് പറഞ്ഞു അന്ന്. അങ്ങനെ വൈറ്റ് സ്ലിപ്പ് ഉള്ളവർ വളരെ ചുരുക്കമായിരുന്നു. കങ്കാണിക്ക് അത്ര വേണ്ടപ്പെട്ട ചുരുക്കംചിലർ മാത്രം. അതിന്റെ പേരിൽ കങ്കാണിമാർ തൊഴിലാളികളെ ലൈംഗികമായിപ്പോലും ചൂഷണം ചെയ്തു അന്ന്.

തേയിലത്തോട്ടങ്ങളിലെ അധികാര ഘടന

തേയിലത്തോട്ടത്തിലെ തൊഴിലാളികളുടെ ജീവിതം മനസ്സിലാക്കണമെങ്കിൽ അവിടെ നടക്കുന്ന ജോലി എന്തെന്ന് ആദ്യം മനസ്സിലാവണം. ഉദാ. കണ്ണൻ ദേവൻ ഹിൽസ് പ്ലാന്റേഷൻസ് എന്ന ഒരു തേയിലക്കമ്പനിക്ക് മാത്രം മൂന്നാറിൽ ഉള്ളത് 36 ടീ എസ്റ്റേറ്റുകളാണ്. ഓരോ എസ്റ്റേറ്റും മൂന്നു മുതൽ അഞ്ചു വരെ ഡിവിഷനുകളായി തിരിച്ചിട്ടുണ്ടാകും. തേയിലക്കമ്പനികളിൽ ഹൈറാർക്കി അഥവാ അധികാര ശ്രേണി എന്നുപറയുന്നത് വളരെ കർക്കശമായി പിന്തുടരുന്ന ഒന്നാണ്. ടോപ്പിൽ Managing Director, പിന്നെ  Regional Manager, പിന്നെ group manager, അതിന് താഴെ manager, അയാൾക്ക് റിപ്പോർട്ട് ചെയ്യുന്ന ഒരു സൂപ്രണ്ട്, അയാളുടെ കീഴിൽ ഫീൽഡ് ഓഫീസർമാർ - ഇത്രയുമാണ് അധികാരത്തിന്റെ ഒരു ഗ്രൂപ്പ്. അത് ഹൈറാർക്കിയുടെ മുകൾ ഭാഗമാണ്.  തോട്ടങ്ങളുടെ അധികാരശ്രേണിയിൽ ഏറ്റവും താഴെത്തട്ടിൽ ഉള്ളവരാണ് ഈ തോട്ടം തൊഴിലാളികൾ എന്ന് പറയുന്നത്. അവരെ, മാനേജ്‌മെന്റിന്റെ ഏറ്റവും താഴെത്തട്ടിലുള്ള പ്രതിനിധികളായ ഫീൽഡ് ഓഫീസർമാരുമായി കണക്റ്റ് ചെയ്യുന്നവരാണ് സൂപ്പർവൈസർമാർ അല്ലെങ്കിൽ കങ്കാണിമാർ. ഈ ഒരു അധികാരഘടനയിൽ തോട്ടം തൊഴിലാളികൾക്കോ അവരുടെ സമുദായങ്ങളിൽ നിന്നുള്ള യുവതലമുറക്കോ ഒന്നും ഒരിക്കലും മുകളിലേക്ക് എത്തിപ്പെടാൻ പറ്റില്ല. അവർക്ക് ഒരിക്കലും ഒരു സൂപ്പർവൈസർ തസ്തികക്ക് മുകളിലേക്ക് ഉയരാൻ കഴിയില്ല. അതുകൊണ്ടുതന്നെ അവരുടെ താത്പര്യങ്ങൾ ഒരിക്കലും മാനേജ്മെന്റ് തലത്തിൽ അഡ്രസ് ചെയ്യപ്പെടുകയോ സംരക്ഷിക്കപ്പെടുകയോ ചെയ്യുന്നില്ല. അവരുടെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുന്നുമില്ല.  പണിക്കാരിൽ, പുരുഷന്മാർ  മിക്കവർക്കും തോട്ടത്തിലെ തേയിലച്ചെടികൾക്ക് മരുന്നടിക്കുന്ന പണിയാണ്. ചിലർ ഫാക്ടറിയിലെ മെക്കാനിക്കൽ പണികളിലും ഉണ്ട്. സ്ത്രീകൾ ഉള്ളത് തേയിലയുടെ കിളുന്തിലകൾ നുള്ളുന്ന പണിയിലാണ് ഉള്ളത്. ചുരുങ്ങിയത് 9 മണിക്കൂർ എങ്കിലും ദിവസവും ജോലി ചെയ്യണം. ദിവസേന 21 കിലോ എങ്കിലും നുള്ളിയാൽ മാത്രമേ അവർക്ക് ആഴ്ചക്കാഴ്ചക്കുള്ള ശമ്പളം കിട്ടൂ,   ഇത്രയുമാണ് അധികാരത്തിന്റെ ഒരു സ്ട്രക്ച്ചർ. അത് മൊത്തം കമ്പനിയുടെ. ഒരു ഡിവിഷൻ നോക്കിയാൽ അതിൽ ഒരു ഹൈ മാനേജർ ഉണ്ടാകും, ഒരു അസിസ്റ്റന്റ് മാനേജർ. പിന്നെ നാലോ അഞ്ചോ ഫീൽഡ് ഓഫീസർമാർ. അഞ്ചോ ആറോ സൂപ്പർവൈസർമാർ.  ഈ അധികാരത്തിന്റെ ഒരു ഫ്ലോ, നിർബന്ധമായും പിന്തുടരേണ്ട ഒന്നാണ്. ഒന്നിനെയും ബൈപ്പാസ് ചെയ്യാൻ കഴിയില്ല എന്നർത്ഥം. 

 

 

പ്ലാന്റേഷൻ വർക്കേഴ്‌സായ തമിഴന്മാർക്കോ അവരുടെ സമുദായങ്ങളിൽ നിന്നുള്ള പിന്മുറക്കാർക്കോ ഒന്നും ഒരിക്കലും അധികാരത്തിന്റെ ഈ ശ്രേണിയിൽ സൂപ്പർവൈസർ തസ്തികക്ക് മുകളിലേക്ക് കയറാൻ പറ്റില്ല. അതുകൊണ്ടുതന്നെ അവരുടെ താത്പര്യങ്ങൾ  സംരക്ഷിക്കപ്പെടുന്നില്ല, അവരുടെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുന്നുമില്ല. മാത്രവുമല്ല വർക്കേഴ്സിൽ പലരും സ്ത്രീകളാണ്. കണ്ണൻദേവനിൽ സ്ത്രീകളായ വർക്കേഴ്‌സിനെ സൂപ്പർവൈസർ ലെവലിൽ പോലും വെച്ച് പൊറുപ്പിച്ച ചരിത്രമില്ല. മാത്രവുമല്ല, നിങ്ങൾ എന്ത് ജോലി ചെയ്യുന്നു എന്നത് നിങ്ങളുടെ ജെൻഡറിനെക്കൂടി ആശ്രയിച്ചിരിക്കും. പുരുഷന്മാർക്ക് മിക്കവർക്കും ഹാഫ് ഡേ മാത്രമേ ജോലിയുള്ളൂ. രാവിലെ എട്ടുമണി തൊട്ട് ഉച്ചക്ക് ഒന്നര വരെ.  മിക്കവാറും മരുന്നടിക്കുന്ന പണിയിലാണ് ഏർപ്പെടാറുള്ളത് അവർ. ചിലർ ഫാക്ടറിയിലെ മെക്കാനിക്കൽ പണികളിലും ഉണ്ട്. വളരെ ആയാസമുള്ള പണിയാണ് തേയിലക്കുള്ള മരുന്നടി എന്നതുകൊണ്ട്, സ്ത്രീകൾ അതിനു മുതിരാറുമില്ല.

കങ്കാണിമാരുടെ ക്രൂരതകൾ, വിവേചനങ്ങൾ 

വളരെ ക്രൂരമായിട്ടാണ് കങ്കാണിമാർ തൊഴിലാളികളോട് പെരുമാറിയിരുന്നത്. അച്ചടക്കം ഉറപ്പിക്കാൻ എന്നപേരിൽ ശാരീരികമായ മർദ്ദനങ്ങൾ പതിവായിരുന്നു. വിവേചനങ്ങളും  അനവധി നിലനിന്നിരുന്നു അന്ന്. അതിൽ ഒന്ന്, കറുത്ത കോട്ടിട്ട കങ്കാണിക്കും, സോക്‌സും ഷൂസും ധരിച്ചെത്തുന്ന അയ്യാ എന്ന കണക്കപ്പിള്ളക്കും മുന്നിലൂടെ  തൊഴിലാളികൾ ചെരിപ്പിട്ട് നടക്കാൻ പാടില്ല എന്ന നിയമം ആയിരുന്നു. അങ്ങനെ ഒരു അലിഖിത നിയമം, മൂന്നാറിലെ എസ്റേറ്റുകളിൽ ഏതാണ്ട്, 1980 വരെയൊക്കെ നിലവിൽ ഉണ്ടായിരുന്നുവത്രെ.  എന്തെങ്കിലും അനുസരണക്കേട് ജോലിയുടെ കാര്യത്തിലോ പെരുമാറ്റത്തിലോ ഉണ്ടായാൽ കങ്കാണിയുടെ കയ്യിൽ നിന്ന്  കുറുവടികൊണ്ട് പൊതിരെ തല്ലു കിട്ടും.  തല്ലുകൊണ്ട് പുറം പൊളിഞ്ഞപ്പോൾ, മനസ്സ് മുറിഞ്ഞപ്പോൾ, പണിക്കാരിൽ ചിലരൊക്കെ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. പക്ഷേ, ചെക്ക് പോസ്റ്റുകളിലും മറ്റും വെച്ച് പിടിക്കപ്പെട്ട് ഇരട്ടി തല്ലുകിട്ടി പിന്നെയും അവർ തിരികെ ജോലിക്കെത്തി. ഒടുവിലൊടുവിൽ, ഓടിപ്പോക്ക് നിന്നു. അവരുടെ പ്രതിഷേധങ്ങൾ രാത്രികളിൽ പാടിയിരുന്ന പാട്ടുകളിൽ ഒതുങ്ങി. അവരുടെ ഒരു സങ്കടപ്പാട്ട് ഇങ്ങനെയായിരുന്നു, " കങ്കാണി കങ്കാണി/ കറുപ്പു കോട്ടു കങ്കാണി /കണ്ടിപ്പുടൻ നിക്ക്റാനെ, കൊടുമൈക്കാരൻ കങ്കാണി..." - കറുപ്പ് കോട്ടിട്ട കങ്കാണി, വല്ലാത്ത ക്രൂരനാണപ്പാ... എന്നാണ് പാട്ടിൽ പറയുന്നത്.

അങ്ങനെ കങ്കാണിമാരെ ഭയന്ന് അടങ്ങിയൊതുങ്ങി കഴിഞ്ഞുകൂടിയ തൊഴിലാളികൾക്ക്, ആദ്യം സായിപ്പ് ഒരു സമാശ്വാസം എന്ന നിലക്കും പിന്നീട് 1951 -ൽ പ്ലാന്റേഷൻ നിയമം വന്നപ്പോൾ അതിന്റെ സ്റ്റാറ്റിയൂട്ടറി  ഒബ്ലിഗേഷന്റെ പുറത്തും  കുടുംബത്തോടെ പൊറുക്കാൻ വേണ്ടി ലയങ്ങൾ ഉണ്ടാക്കിക്കൊടുത്തു. അതൊരു 'ഫ്രീ അക്കോമഡേഷൻ' ആയിരുന്നു. പക്ഷേ, ഒറ്റനോട്ടത്തിൽ തൊഴിലാളികളുടെ ക്ഷേമത്തിന് വേണ്ടി മുതലാളി ഒരുക്കിക്കൊടുത്ത ഒരു സൗകര്യം എന്ന് തോന്നിക്കാം എങ്കിലും, അത് അവർ സമയത്തിനു ജോലിക്കെത്തുന്നുണ്ട് എന്നുറപ്പിക്കാൻ വേണ്ടിക്കൂടി ആയിരുന്നു. അവരുടെ  ഇതേ ലയങ്ങളാണ് ഈ  ജോലിയെ ഒരു ബോണ്ടഡ് ലേബർ അഥവാ അടിമപ്പണി ആക്കി നിലനിർത്തിയത്. പലവിധ ചൂഷണങ്ങൾ നിലനിന്നിട്ടും പുതിയ തലമുറകളെയും അതിൽ തന്നെ തളച്ചിട്ടത്.  അത് കമ്പനി സാധിച്ചെടുത്തത് റിട്ടയർമെന്റ് ഏജ് എന്ന് പറയുന്ന ഒരു കുരുക്കിലൂടെയാണ്.  അതായത്, തോട്ടം തൊഴിലാളികൾ 58 വയസ്സാകുമ്പോൾ റിട്ടയർ ചെയ്തു കൊള്ളണം. നിർബന്ധമായും ചെയ്യണം.  തുടരാൻ പറ്റില്ല പിന്നെ. റിട്ടയർമെന്റ് കഴിഞ്ഞാൽ, അന്നുവരെ താമസിച്ച ലയങ്ങൾ ഒഴിഞ്ഞു കൊടുക്കാൻ അവർ ബാധ്യസ്ഥരാണ് എന്നാണ് കമ്പനി നിയമം. റിട്ടയർ ആകുന്ന അന്ന് തന്നെ സ്വന്തം പെട്ടിയും കിടക്കയുമെടുത്ത് ലയത്തിലെ  പോർഷന്റെ വാതിൽ പൂട്ടി അതിന്റെ താക്കോൽ സൂപ്പർ വൈസറെ ഏൽപ്പിച്ച് പടിയിറങ്ങിക്കോളണം. അങ്ങനെ വാർധക്യത്തിൽ തെരുവിലേക്കിറങ്ങേണ്ടി വന്നാൽ, അവർ എന്തുചെയ്യും? സ്വന്തം നാട്ടിൽ നിന്ന് പുറപ്പെട്ടു പോന്നിട്ട്  വർഷം പത്തുനാല്പത് കഴിഞ്ഞു. ഇനി അങ്ങട്ട്  ചെന്നാൽ  അവിടെ തലചായ്ക്കാൻ സ്ഥലമില്ല. അതുകൊണ്ട്, ഇപ്പോൾ കഴിഞ്ഞുകൂടുന്ന ലയത്തിൽ നിന്ന് തങ്ങളെ ഇറക്കിവിടുന്ന സാഹചര്യം ഒഴിവാക്കാൻവേണ്ടിമാത്രം അവർ തങ്ങളുടെ അടുത്ത തലമുറയെ, ചെറുപ്പം മക്കളെ, അതേ തോട്ടങ്ങളിൽ തൊഴിലാളികളായി ചേർക്കും. അങ്ങനെ തലമുറ  തലമുറയായി തുടർന്നു പോകേണ്ടി വരുന്നതാണ്  ലയങ്ങളിലെ തൊഴിലാളികളുടെ ദുരിത ജീവിതം. അങ്ങനെ ഇപ്പോൾ അവിടെ ജോലി ചെയ്യുന്നത് ആദ്യമായി മൂന്നാറിൽ എത്തിയ തമിഴരുടെ ആറാമത്തെ തലമുറയാണ്.
 
കടുപ്പമാണ് തേയിലത്തോട്ടങ്ങളിലെ സ്ത്രീകളുടെ പണി

ജോലിയുടെ പ്രയാസങ്ങൾ ചില്ലറയൊന്നും അല്ല. രാവിലെ അഞ്ചുമണിക്ക് എഴുന്നേൽക്കണം. ജോലി ചെയുന്ന സ്ഥലം മിക്കവാറും താമസിക്കുന്ന ലയത്തിൽ നിന്ന് രണ്ടുമൂന്ന് കിലോമീറ്റർ ദൂരെയാവും. ഏകദേശം 7.45 ആകുമ്പോൾ എസ്റ്റേറ്റിൽ എത്താൻ പാകത്തിനാണ് അവരുടെ നടപ്പ്. അത് ഏറെ റിസ്കുള്ള നടത്തമാണ്. നടന്നുപോകുന്ന വഴിയേ അവരെ കാത്ത്  അട്ടയും  ആനയും അടക്കം പലതുമുണ്ടാകാം.
അതൊക്കെ പറയുന്ന ഒരു മുദ്രാവാക്യം പോലും സ്ത്രീ തൊഴിലാളികൾക്കിടയിൽ ഉണ്ടായിരുന്നു . "ഉൻ പേച്ച് കേട്ട് താൻ, യാനയിന്നു പാക്കാതെ, അഞ്ചുമണിക്ക് പോണോമേ..!" എന്നാണ് അവർ കങ്കാണിമാരെ നോക്കി മുദ്രാവാക്യം വിളിച്ചത്. ഉച്ചക്കത്തെ ഭക്ഷണമൊക്കെ കണക്കാണ്. വല്ലതും പൊതിഞ്ഞു കെട്ടി എടുത്തിട്ടുണ്ടെങ്കിൽ ധൃതിപ്പെട്ട് നിന്ന നിൽപ്പിനു തന്നെയാണ് തീറ്റ. വൈകുന്നേരത്തിനിടെ ഓരോ  കടും ചായ കിട്ട്യാലായി. വൈകുന്നെരം അഞ്ചുമണി വരെ  നല്ല മിനക്കെട്ട പണിയാണ് തോട്ടത്തിൽ. വേണ്ടത്ര ആഹാരം കഴിക്കാത്തതുകൊണ്ട് തോട്ടം തൊഴിലാളികളിൽ മിക്കവർക്കും നല്ല വിളർച്ചയും, പോഷകാഹാരക്കുറവും കണ്ടു വരുന്നുണ്ട്. 

ലയങ്ങളിലെ ദുരിത ജീവിതം

വൈകുന്നേരം ലയത്തിലേക്ക് തിരിച്ചുവന്നാലും തീരില്ല പെണ്ണുങ്ങളുടെ പണി. ഓരോ വീട്ടിലും വീട്ടിൽ അഞ്ചും എട്ടും പേരുണ്ടാകും. അവർക്കൊക്കെ വേണ്ട അത്താഴം ഉണ്ടാക്കണം. വെള്ളം പിടിച്ചുകൊണ്ടുവരണം. കുഞ്ഞുങ്ങളെ നോക്കണം, വീടുവൃത്തിയാകണം, അലക്കണം. അതിനൊന്നും വേറെ ആരും വരില്ല. ലയങ്ങളിൽ ഒരു മുറി, ഒരു അടുക്കള ഇത്രയും ചേർന്നതാണ് ഒരു തൊഴിലാളി കുടുംബത്തിന് അനുവദിച്ചിട്ടുള്ള പോർഷൻ. അതിലാണ് ഏഴെട്ടുപേരടങ്ങുന്ന കുടുംബം ഒന്നിച്ച് കിടന്നുറങ്ങുന്നത്. കുളിമുറി-കക്കൂസുകൾ കാണും. അത് കോമൺ ആയിട്ടാവും ഉണ്ടാവുക. ഈ ലയങ്ങളിലൂടെ അറ്റകുറ്റപ്പണികൾ ചെയ്യേണ്ടത് കമ്പനിയാണ് എന്നാണ് വെപ്പ്. എന്നാൽ അത് വീണ്ടും വിധം നടക്കുന്നില്ല. സാനിറ്റേഷൻ വ്യവസ്ഥകൾ വളരെ മോശമാണ്.  ടോയ്‌ലറ്റിൽ ഇരിക്കുന്നത് പോലും എപ്പോഴാണ് ഓടോ ആസ്ബറ്റോസ് ഷീറ്റോ കഴുക്കോലോ ഒടിഞ്ഞ് തലയിൽ വീഴുമോ എന്ന ഭയത്തോടെ ആണ്.

നരകത്തിൽ നിന്ന് കരകയറിയ അപൂർവം ചിലർ
 
ഈ ദുരിതജീവിതത്തിൽ നിന്ന് അപൂർവം ചിലർ രക്ഷപ്പെട്ട കഥയുമുണ്ട്. അതിൽ ഒരാളാണ് പ്രൊഫ. ജയകൃഷ്ണൻ എന്ന കേരള സർവകലാശാല കാര്യവട്ടം ക്യാമ്പസ്സിലെ തമിഴ് വിഭാഗം പ്രൊഫസർ. മൂന്നാറിലെ ഒരു ലയത്തിൽ ജനിച്ചു വളർന്നിട്ടും സ്വന്തം അധ്വാനം ഒന്ന് കൊണ്ടുമാത്രം പഠിച്ച് പ്രൊഫസർ ആയ അദ്ദേഹം, ലയങ്ങളിലെ കുട്ടികളെ അവിടത്തെ കമ്പനിയുടെ നീരാളിപ്പിടുത്തങ്ങളിൽ നിന്ന് മോചിപ്പിച്ച് തിരുവനന്തപുരത്ത്  കൊണ്ടുവന്ന് പഠിപ്പിച്ച് അടുത്ത തലമുറയെ എങ്കിലും ദുരിതങ്ങളിൽ നിന്ന് മോചിപ്പിക്കാൻ  വേണ്ട നിരന്തര ശ്രമങ്ങൾ അദ്ദേഹം നടത്തുന്നുണ്ട്. എല്ലാവർഷവും പത്തിരുനൂറ്റമ്പത് കുട്ടികളുടെ  ജീവിതത്തിലെങ്കിലും മാറ്റങ്ങൾ ഉണ്ടാക്കാൻ അദ്ദേഹം ശ്രമിക്കാറുണ്ട്.

 

 

അതുപോലെ മറ്റൊരു പ്രചോദനപരമായ കഥ കണ്ണൂർ റേഞ്ച് ഡിഐജി സേതുരാമൻ ഐപിഎസിന്റേതാണ്. ചെറുപ്പത്തിൽ  പഠിക്കാൻ മിടുക്കനായിരുന്ന സേതുരാമന്  സൈനിക സ്‌കൂളിൽ പ്രവേശനം കിട്ടി പോയ ശേഷമാണ്  ഐപിഎസിലേക്കുള്ള വഴി തെളിഞ്ഞത്. സേതുരാമൻ ഒരു അപവാദം മാത്രമാണ്. അതല്ല അവിടത്തെ കുട്ടികളുടെ സ്വാഭാവികമായ ഭാവി.  

മൂന്നാറിലെ ട്രേഡ് യൂണിയനുകളുടെ ചരിത്രം

കങ്കാണിമാരുടെ ചൂഷണങ്ങൾ അരങ്ങു തകർത്തുകൊണ്ടിരുന്ന മൂന്നാറിലേക്ക് ആദ്യമായി ട്രേഡ് യൂണിയനുണ്ടാക്കാൻ പോകുന്നത് റോസമ്മ പുന്നൂസ് ഒക്കെയാണ്.  അന്ന് കമ്യൂണിസ്റ്റ് പാർട്ടി പിളർന്നിട്ടില്ല. എഐടിയുസി നേതാവായിരുന്ന റോസമ്മയ്ക്ക് പക്ഷേ, പ്ലാന്റർമാരുടെ ഭീഷണികൾ ഏറെ നേടിടേണ്ടി വന്നിരുന്ന കാലമാണ് അത്. അനുമതിയില്ല ട്രേഡ് യൂണിയൻ പ്രവർത്തിക്കാൻ എസ്റ്റേറ്റിൽ. പ്രവർത്തിക്കുന്നത് പോട്ടെ റോസമ്മയെ ഒരു എസ്റ്റേറ്റിന്റെയും ഗേറ്റിന്റെ അകത്തേക്ക് കയറ്റരുത് എന്നായിരുന്നു പ്ലാന്റർമാരുടെ സംഘടനാ യോഗം കൂടി തീരുമാനിച്ചത്. ഒരു എസ്റ്റേറ്റിൽ ചെന്നപ്പോൾ ഗേറ്റ് പൂട്ടി ഇട്ടിരിക്കുന്നു. റോസമ്മ പൂട്ട് പൊളിച്ച് അകത്ത് ചെന്നാണ് തൊഴിലാളികളെ  കണ്ടു പ്രസംഗിച്ചത്. മറ്റൊരു എസ്റ്റേറ്റിൽ റോസമ്മ പുന്നൂസ് ചെന്ന് പ്രസംഗിച്ച ശേഷം ഇറങ്ങിപ്പോരാൻ നേരത്തേക്ക് മാനേജർ പറഞ്ഞിട്ട് കങ്കാണി ഗേറ്റ് പൂട്ടിട്ട് പൂട്ടിക്കളഞ്ഞു. രണ്ടുപ്രാവശ്യവും പോലീസിൽ കേസായി.

 

 

തുടക്കത്തിലെ എതിർപ്പുകൾക്ക് ശേഷം പ്ലാന്റേഷൻ മുതലാളിമാർ ട്രേഡ് യൂണിയനുകളെ അംഗീകരിച്ചു. ട്രേഡ് യൂണിയൻ നേതാക്കളെ തങ്ങളുടെ കൂടെക്കൂട്ടി എന്ന് പറയുന്നതാവും ശരി. സിഐടിയു, എഐടിയുസി, ഐഎൻടിയുസി എന്നീ മൂന്നു പ്രധാന ട്രേഡ് യൂണിയനുകളും  മൂന്നാറിലെ തൊഴിലാളികൾക്കിടയിൽ കഴിഞ്ഞ കുറെ പതിറ്റാണ്ടുകളായി സജീവമാണ്. എന്നിട്ടും, തൊഴിലാളികളുടെ ജീവിതം നരകതുല്യമാക്കുന്ന സാഹചര്യങ്ങൾക്കെതിരെ ഒരു ചെറുവിരലനക്കാൻ പോലും ഒരു യൂണിയനും തയ്യാറില്ല. പ്ലാന്റർമാരുടെ ധാർഷ്ട്യത്തിനെതിരെയും, കങ്കാണിമാരുടെ മുഷ്കിനെതിരെയും ശബ്ദമുയർത്തിക്കൊണ്ട് വളർന്നുവന്ന മൂന്നാറിലെ ട്രേഡ് യൂണിയനുകൾ ഇന്ന് അവിടെ നടക്കുന്ന സകല കച്ചവടത്തിലും കമ്മീഷൻ പറ്റാൻ വേണ്ടി നടക്കുന്നവരാണ് എന്ന ആക്ഷേപം തൊഴിലാളികൾക്കിടയിൽ നിന്നുതന്നെ  ഉയർന്നു വരുന്നുണ്ട്.
 
പെമ്പിളൈ ഒരുമയുടെ പിറവി

ഈ അസംതൃപ്തി ഒരു പ്രകടമായ വിമതസ്വരത്തിന്റെ രൂപമെടുത്തത്  2015  സെപ്റ്റംബർ ആദ്യവാരത്തിലാണ് . അന്ന്,  കണ്ണൻ ദേവൻ പ്ലാന്റേഷൻസ്  അവരുടെ തൊഴിലാളികളുടെ ബോണസ് പകുതിയാക്കാൻ തീരുമാനിച്ച്‌ . അന്നതിനെതിരെ ശബ്ദമുയർത്തേണ്ട ട്രേഡ് യൂണിയനുകളിൽ നിന്ന് ഒരു പ്രതികരണവുമുണ്ടാകാതിരുന്നതോടെ, മൂന്നാറിലെ സ്ത്രീത്തൊഴിലാളികളിൽ നിന്ന് കടുത്തഎതിർപ്പുണ്ടായി. ആദ്യത്തെ പൊട്ടിത്തെറി ഉണ്ടായത് സെപ്തംബർ നാലാം തീയതി നടന്ന, പുരുഷന്മാർ മാത്രം പങ്കെടുത്ത ഒരു ട്രേഡ് യൂണിയൻ കമ്മിറ്റി മീറ്റിങിനിടെയാണ്. ആണുങ്ങൾ കമ്മിറ്റി കൂടുന്നിടത്തേക്ക് രഹസ്യമായി കടന്നുവന്ന ലിസി സണ്ണിയും ഗോമതിയും അടക്കമുള്ള പത്തു സ്ത്രീ തൊഴിലാളികൾ മൈക് പിടിച്ചു വാങ്ങിക്കൊണ്ട് അവരോട് ഇക്കാര്യത്തിൽ ഒരു വിശദീകരണം ആരാഞ്ഞു.  

അടുത്ത ദിവസം, അതായത് സെപ്തംബർ അഞ്ചാം തീയതി ഇതേ പത്തു വനിതാ തൊഴിലാളികൾ കണ്ണൻ ദേവൻ പ്ലാന്റേഷൻസിന്റെ ജനറൽ സ്റ്റോറിന് മുന്നിൽ  മുദ്രാവാക്യങ്ങളും പ്ലക്കാർഡുകളുമായി ഇരിക്കാൻ തുടങ്ങി.  പകുതിയാക്കിക്കളഞ്ഞ തങ്ങളുടെ ബോണസ് പുനഃസ്ഥാപിക്കണം എന്നായിരുന്നു അവരുടെ ആവശ്യം. അന്നുമുതൽ ഓരോ ദിവസവും അമ്പതും നൂറും സ്ത്രീ തൊഴിലാളികൾ വീതം ജോലിക്ക് കയറാതെ അവരുടെ കൂടെ കൂടി. ഓരോ ദിവസവും വരുന്നവരുടെ എണ്ണം  കൂടിക്കൊണ്ടുവന്നു. അങ്ങനെ ഏതാണ്ട് അയ്യായിരത്തോളം സ്ത്രീകൾ ഒന്നിച്ചതോടെ  അവരും മാധ്യമങ്ങളും അതിനെ പെമ്പിളൈ ഒരുമൈ എന്ന് വിളിച്ചു. അതായത് 'സ്ത്രീകളുടെ ഒരുമ'.

അവസാന ദിവസം വരെയും അവിടേക്ക് മറ്റൊരു രാഷ്ട്രീയ സംഘടനയുടെ നേതാക്കളെയും ആ സ്ത്രീകൾ അടുപ്പിച്ചില്ല. അവസാന ദിവസം അച്യുതാനന്ദൻ അവിടേക്ക് വന്നെത്തിയപ്പോൾ അദ്ദേഹത്തെ മാത്രം അവർ കയ്യടികളോടെ സ്വീകരിച്ചു. സമരം തീരും വരെ അച്യുതാനന്ദൻ അവരുടെ കൂടെത്തന്നെ ഇരിക്കും എന്ന് പ്രഖ്യാപിച്ചതോടെ, കൂടെ പത്തോളം മണിക്കൂർ ആ തണുപ്പത്ത് ഇരുന്നപ്പോൾ, ഉമ്മൻ‌ചാണ്ടി സർക്കാരിന് വഴങ്ങാതെ  നിവൃത്തിയില്ലാതെയായി.  ഒടുവിൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും തൊഴിൽ വകുപ്പ് മന്ത്രി ഷിബു ബേബി ജോണും ഒക്കെ ഇടപെട്ട് കമ്പനിപ്രതിനിധികളുമായി നടത്തിയ മാരത്തോൺ ചർച്ചകൾക്കൊടുവിൽ ബോണസ് പുനഃസ്ഥാപിക്കപ്പെടുകയും, മിനിമം വേജ് 301 രൂപയാക്കി നിശ്ചയിക്കുകയും ചെയ്തതോടെ  രണ്ടാഴ്ചയോളം നീണ്ടു നിന്ന സമരം ഒത്തുതീർന്നു.

 

 

പിന്നീട് പെമ്പിളൈ ഒരുമൈ നേതൃത്വത്തിനിടെ തന്നെ പല അഭിപ്രായ ഭിന്നതകളും ഉയർന്നു വന്നു പ്രസിഡന്റായ ലിസി സണ്ണി, സെക്രട്ടറിയായ ഗോമതിക്കെതിരെ പോലീസ് കേസ് കൊടുത്തു. ഗോമതിയുടെ മകനെതിരെ ഒരു ക്രിമിനൽ കേസ് വന്നു. അങ്ങനെ പെമ്പിളൈ ഒരുമൈ എന്ന അന്നത്തെ ആ ഐതിഹാസികമായ അരാഷ്ട്രീയ വനിതാ തൊഴിലാളി ഒരുമ, ചിതറിപ്പോകുന്ന കാഴ്ചയും നമ്മൾ കണ്ടു.  എസ്റ്റേറ്റിലെ സ്ത്രീ തൊഴിലാളികളുടെ ആ കൂട്ടായ്മയെ തകർത്തതിൽ അവിടത്തെ ട്രേഡ് യൂണിയനുകൾക്കും അവയെ നയിക്കുന്ന രാഷ്ട്രീയ പ്രത്യയ ശാസ്ത്രങ്ങൾക്കും ചെറുതല്ലാത്ത പങ്കുണ്ട്. ഇപ്പോൾ തീർത്തും ശിഥിലമായിപ്പോയി എന്നാലും , മൂന്നാറിലെ സ്ത്രീ സംഘർഷങ്ങളുടെ ചരിത്രത്തിലെ നിഷേധിക്കാനാവാത്ത ഒരു പേരാണ് പെമ്പിളൈ ഒരുമൈ എന്നത്.

നോക്കെത്താവുന്നതിലും അപ്പുറത്തുള്ള അധോലോകം 

മൂന്നാറില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ രാജമലക്കപ്പുറമുള്ള നെയ്മക്കാട് ഡിവിഷനിലാണ് പെട്ടിമുടി എന്ന  സ്ഥലം. അവിടെ ഏതുനിമിഷവും ഇടിഞ്ഞു വീഴാവുന്ന  മലകളുടെ ഇടയിലെ താഴ്വരകളിലാണ് തോട്ടം തൊഴിലാളികളുടെ ലയങ്ങൾ ഉള്ളത് എന്ന് ഏല്ലാവർക്കും അറിയാവുന്നതാണ്. എന്നിട്ടും,  ഇങ്ങനെ ഒരു അപകടമുണ്ടായാൽ ആ വിവരം ഒന്ന് പുറം ലോകത്തെ അറിയിക്കാനുള്ള ഒരു വിധത്തിലുള്ള സാങ്കേതിക  സംവിധാനങ്ങളും അവിടെ  ഉണ്ടായിരുന്നില്ല. ഒന്ന് കറണ്ട് പോയാൽ പോലും വരാൻ ദിവസങ്ങൾ എടുക്കും ഇവിടെ. അങ്ങനെ തുടർച്ചയായി മൂന്ന് ദിവസം കറണ്ടില്ലാതിരുന്ന സമയത്താണ്  ഈ ലയങ്ങൾ നിന്നിരുന്നതിന്റെ മൂന്ന് കിലോമീറ്റർ അപ്പുറത്തുള്ള ഏതോ മലയിൽ ഉരുൾ പൊട്ടിയതും അവിടന്ന് മണ്ണും പാറയും ഒലിച്ചിങ്ങോട്ട് വന്നതും  അത് ലയങ്ങളുടെ മേലേക്ക് വീണതും.

നമ്മുടെ നാട്ടിൽ പലേടത്തും ലോക്ക് ഡൌൺ ഒക്കെ ആണെങ്കിലും തേയിലത്തോട്ടത്തിൽ അതിന്റെ പേരിൽ പണി മുടക്കാൻ പറ്റില്ല. വളർന്നു വരുന്ന  കിളുന്തുകൾ ദിവസവും പറിച്ചെടുത്തെ പറ്റൂ. അതുകൊണ്ട് കോവിഡ് സാധ്യത പോലും അവഗണിച്ച് അവർ തങ്ങളുടെ ജോലി തുടരുക തന്നെയാണ് ചെയ്തത്. സാമൂഹിക അകലം പാലിക്കുകയോ മാസ്ക് ധരിക്കുകയോ ഒന്നും പല എസ്റ്റേറ്റുകളിൽ ഉണ്ടായിട്ടില്ല. നല്ല വീര്യമുള്ള എൻഡോസൾഫാന് സമാനമായ വീര്യമുള്ള രാസ കീടനാശിനികൾ  അടിച്ചാണ് തേയിലച്ചെടികളെ കീടങ്ങളുടെയും പൂച്ചികളുടെയും ഒക്കെ ആക്രമണത്തിൽ നിന്ന് രക്ഷിക്കുന്നത്, ഈ തേയില ചെടികളുടെ കിളുന്ത് നുള്ളേണ്ടി വരുന്ന കൈകാര്യം ചെയ്യേണ്ടി വരുന്ന സ്ത്രീകൾക്ക് ആ കീടനാശിനികളുമായുള്ള നിരന്തര സമ്പർക്കം  കൊണ്ടുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളും ചെറുതല്ല.അവർക്ക് മാരക രോഗങ്ങൾ ഉണ്ടാവുന്നു. അടുത്ത തലമുറക്ക് ശാരീരിക വൈകല്യങ്ങൾ ഉണ്ടാവുന്നു. 

മൂന്നാറിൽ ഒരു സന്ദർശകൻ എന്ന നിലയിൽ ചെല്ലുന്ന ആർക്കും, സഞ്ചരിക്കാവുന്ന ദൂരങ്ങൾക്ക് പരിമിതിയുണ്ട്. മൂന്നാറിൽ ചെന്നാൽ, രാജമല എന്നുപറയുന്ന സ്ഥലം, ടൂറിസ്റ്റുകൾ വരയാടുകളെ കാണാൻ വേണ്ടി പോകുന്ന പരമാവധി ദൂരമാണ്. അതിനും അപ്പുറത്തേക്ക് കുറേക്കൂടി ദൂരം പോയാലാണ്  പെട്ടിമുടിയിൽ എത്തുക.  കൃത്യമായ ടാർ റോഡുകളൊന്നും തന്നെ ഈ വഴിക്കില്ല. ബസ് സർവീസുമില്ല. ചില പ്രൈവറ്റ് ജീപ്പുകളിൽ മാത്രമേ അവിടെ എത്തിപ്പെടാൻ പറ്റൂ. അവിടേക്ക് അവിടെ താമസിക്കുന്ന  തോട്ടം തൊഴിലാളികൾക്കല്ലാതെ അധികമാർക്കും സാധാരണ ചെന്നുപെടാൻ പോലും ആയെന്നുവരില്ല. അവിടെ മറ്റൊരു വലിയ അധോലോകമാണ് ഉള്ളത്. നമ്മളുടെ കണ്ണുകളുടെ പരിധിക്ക് അപ്പുറമാണ് ആ ലോകത്തെ ജീവിതം.

ലയങ്ങൾ അക്ഷരാർത്ഥത്തിൽ ഒരു 'പാതാളലോകം'

ആമസോൺ പ്രൈമിൽ അടുത്തിടെ വന്ന ഒരു വെബ് സീരീസ് ഉണ്ട് 'പാതാൾ ലോക്'എന്നപേരിൽ. അതിൽ ദില്ലിയിലെ മൂന്നുലോകങ്ങളെപ്പറ്റി പറയുന്നുണ്ട്. ദേവന്മാർ വസിക്കുന്ന സ്വർഗ്ഗലോകം, മനുഷ്യർ വസിക്കുന്ന ഭൂലോകം, കീടങ്ങൾ കഴിഞ്ഞുകൂടുന്ന പാതാളലോകം. കീടങ്ങൾ പാതാളലോകത്ത് പരസ്പരം മല്ലുപിടിച്ചാലോ, കൊന്നാലോ, ജീവിച്ചാലോ, മരിച്ചാലോ  ഒന്നും മനുഷ്യർക്കും ദേവന്മാർക്കും ഒരു കുഴപ്പവുമില്ല എന്നാണ് അതിലെ പൊലീസ് ഇൻസ്‌പെക്ടർ പറയുന്നത്. അതുതന്നെയാണ് മൂന്നാറിലെ ലയങ്ങളുടെ അവസ്ഥ. മൂന്നാറിലെ തേയിലത്തൊഴിലാളികൾ കഴിയുന്ന ലയങ്ങൾ ഒരു  പാതാളലോകമാണ്.

മൂന്നാറിലും സമീപ പട്ടണങ്ങളും അടങ്ങുന്ന ഭൂലോകത്തുള്ള മനുഷ്യരെയോ വലിയ നഗരങ്ങളിലെ സ്വർഗ്ഗലോകത്തുകഴിയുന്ന ദേവന്മാരെയോ ഒന്നും,  ഈ പാതാളവാസികൾ എങ്ങനെ കഴിഞ്ഞുകൂടുന്നു എന്ന ചിന്ത ഒരു പരിധിയിലധികം അലട്ടാറില്ല. അതേസമയം, ഈ അധോലോകത്തെ അതേപടി നിലനിർത്താൻ, കമ്പനിയുടെ ലാഭത്തിൽ നിന്ന് ഇവരുടെ ക്ഷേമത്തിനായി ഒരു നയാപൈസപോലും അധികമായി പാഴാകാതിരിക്കാൻ കമ്പനിയുടെ കങ്കാണിമാരും, ഫീൽഡ് ഓഫീസർമാരും, മാനേജർമാരും അടങ്ങുന്ന വലിയൊരു കോക്കസ് തന്നെ അഹോരാത്രം പ്രയത്നിക്കുന്നുണ്ട്. അത് പുറമെ നിന്ന് നോക്കിയാൽ കാണാത്തത്ര കയ്യടക്കത്തോടെ നടപ്പിലാക്കപ്പെടുന്നതാണ്. ഈ ഗൂഢസംഘത്തിന്റെ പ്രവൃത്തികൾക്ക് തടയിടാൻ ഇനിയെങ്കിലും, സർക്കാരിന്റെ ഭാഗത്തുനിന്ന്  കുറേക്കൂടി കൃത്യമായ ഒരു ഇടപെടൽ, നിലവിലുള്ള സംവിധാനത്തിന്റെ ഉടച്ചുവാർക്കൽ തന്നെ ഇല്ലെങ്കിൽ ലയങ്ങളിലെ മനുഷ്യരുടെ നരകജീവിതത്തിന് ഒരു മാറ്റവുമുണ്ടാവില്ല. ഇന്നുണ്ടായ ദുരന്തം അടുത്ത കൊല്ലം മറ്റൊരു ലയത്തിൽ ഇനിയും ആവർത്തിക്കപ്പെടാം. 

1940 -കളിൽ സ്റ്റേറ്റിനുള്ളിലെ കമ്പനി ആശുപത്രിയിൽ ഡോക്ടർ ആയി ജോലി ചെയ്തിരുന്ന ഡോ. പിഎച്ച് ഡാനിയേൽ എഴുതിയ ഒരു നോവൽ ഉണ്ട്, സിവപ്പ് തേയിലൈ എന്ന് പറഞ്ഞിട്ട്.  അതിൽ അദ്ദേഹം പറഞ്ഞ് വെച്ചിട്ടുള്ള ഒരു വാചകം ഓർമിപ്പിച്ചുകൊണ്ട് നിർത്താം. " നിങ്ങളൊക്കെ രാത്രി അല്ലൽ അറിയാതെ സുഖമായി കിടന്നുറങ്ങിയശേഷം അടുത്ത ദിവസം രാവിലെ ഉച്ചിയിൽ വെയിലടിക്കുമ്പോൾ എഴുന്നേറ്റിരുന്ന് പാതി കണ്ണും പൂട്ടി ഇരുന്നു നുകരുമല്ലോ, റെഡ് ടി, സിവപ്പ് തേയിലൈ, അത് ഈ ലയങ്ങളിൽ കീടങ്ങളെപ്പോലെ കഴിയേണ്ടി വരുന്ന, എസ്റ്റേറ്റുകളിൽ മഞ്ഞത്തും തണുപ്പത്തും കിടന്നു പെടാപ്പാടു പെട്ട് വ്യാധിപിടിച്ച് മരിച്ചു പോകുന്ന ഈ മനുഷ്യരുടെ ചോരയാണ്...! ചോര..! "

click me!