കിഫ്‌ബി കേസിൽ കേരളം ദില്ലിയിൽ നിന്നിറക്കുന്ന ഈ 'നരി' ആരാണ് ?

By Web TeamFirst Published Nov 22, 2020, 12:25 PM IST
Highlights

ഭോപ്പാൽ വിഷവാതക ദുരന്തത്തിൽ വിദേശ കമ്പനിക്കുവേണ്ടി വാദിച്ച അതേ നരിമാനെയാണ് ഇപ്പോൾ കേരളം കിഫ്‌ബി കേസിൽ നിയമോപദേശത്തിന് ആശ്രയിക്കാനൊരുങ്ങുന്നത്.

അഡ്വ. ഫാലി സാം നരിമാൻ എന്നുപറയുന്നത് 1971 മുതൽ സുപ്രീം കോടതിയിൽ മുഴങ്ങിക്കൊണ്ടിരിക്കുന്ന ഒരു പ്രൗഢസ്വരമാണ്. 1991 മുതൽ ബാർ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റാണ് നരിമാൻ. സാധാരണ ഗതിയിൽ, ദില്ലിക്ക് പുറത്തുള്ള ഹൈക്കോടതികളിൽ ഹാജരാകുന്ന പതിവ് നരിമാനില്ലാത്തതാണ്. എന്നാലും, ഇപ്പോൾ കിഫ്‌ബി കേസിലെ അത്യസാധാരണമായ സാഹചര്യം കണക്കിലെടുത്ത് കേരള ഹൈക്കോടതിയിലേക്ക്, സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച്, ഒരു വീഡിയോ കോൺഫറൻസിങ്ങിലൂടെ എങ്കിലും നരിമാന്റെ അതിവിദഗ്ധമായ നിയമോപദേശമെത്തിക്കാനുള്ള സാദ്ധ്യതകൾ തിരയുകയാണ് കേരള സർക്കാർ.

കിഫ്ബിയും മസാല ബോണ്ടുകളും ഭരണഘടന വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട്, ഹൈക്കോടതിയുടെ പരിഗണനയിലുള്ള റിട്ട് ഹർജിയിലാണ് സർക്കാർ ഇപ്പോൾ ഈ നിയമോപദേശം തേടിയിരിട്ടുള്ളത്. ധനവകുപ്പിന്റെ നിർദേശ പ്രകാരം അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസ് ഈ കേസുമായി ബന്ധപ്പെട്ട ഫയലുകളൊക്കെയും ഫാലി നരിമാന്റെ ഓഫീസിനു കൈമാറിയതായും റിപ്പോർട്ടുകളുണ്ട്.

ആരാണ് ഈ ഫാലി എസ് നരിമാൻ?

അന്താരാഷ്ട്ര തലത്തിൽ വരെ പുരസ്കാരങ്ങൾ നേടിയിട്ടുള്ള  ഒരു നിയമജ്ഞനാണ് ഫാലി നരിമാൻ. ഭരണഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വാദം നടത്തുന്ന ഇന്ത്യയിലെ ഏറ്റവും വിദദ്ധരായ അഭിഭാഷകരിലൊരാൾ ഇദ്ദേഹമാണ്. ഇപ്പോൾ കിഫ്‌ബി കേസിൽ, വിദേശത്തുനിന്ന് വായ്പകളെടുക്കാനുള്ള സംസ്ഥാന സർക്കാരുകളുടെ അധികാരത്തെ നിയന്ത്രിക്കുന്ന ഭരണഘടനയുടെ 293 (1) അനുച്ഛേദവുമായി ബന്ധപ്പെട്ടുള്ള നിയമോപദേശമാണ് സർക്കാർ ഫാലി എസ് നരിമാനിൽ നിന്ന് സ്വീകരിക്കാൻ ശ്രമിക്കുന്നതെന്നറിയുന്നു.

മുംബൈയിലെ ഒരു പാഴ്സി കുടുംബത്തിലെ അംഗമായ ഫാലി നരിമാൻ, ഷിംലയിലെ ബിഷപ്പ് കോട്ടൺ സ്‌കൂളിൽ പ്രാഥമിക വിദ്യാഭ്യാസവും, മുംബൈ സെന്റ് സേവിയേഴ്സിൽ നിന്ന് ചരിത്രത്തിലും എക്കണോമിക്സിലും ബിരുദവും നേടിയ ശേഷമാണ്, 1950 -ൽ മുംബൈ ഗവണ്മെന്റ് ലോ കോളേജിൽ നിന്ന് ഗോൾഡ് മെഡലോടെ നിയമബിരുദം നേടുന്നത്. ആദ്യം പ്രാക്ടീസ് തുടങ്ങുന്നത് ബോംബെ ഹൈക്കോടതിയിലാണ്. അവിടെ രണ്ടു പതിറ്റാണ്ടിലധികം കാലം സ്തുത്യർഹമായ സേവനം നടത്തിയ ശേഷം,  1971 -ലാണ് നരിമാൻ സുപ്രീം കോടതിയിലെ സീനിയർ അഭിഭാഷകനായി നിയമിക്കപ്പെടുന്നത്.

 



ഇന്ത്യൻ ഭരണഘടനയുടെ കാലാനുസൃതമായ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ച ഒരാൾ കൂടിയാണ് ഫാലി എസ് നരിമാൻ.  1972 -ൽ ഇന്ത്യയുടെ അഡീഷണൽ സോളിസിറ്റർ ജനറൽ ആയി നിയമിക്കപ്പെട്ട ഫാലി നരിമാൻ, 1975 -ൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ രാജി വെക്കുകയായിരുന്നു.

ഇതിനു മുമ്പ് നരിമാൻ വാദിച്ച പ്രധാന കേസുകൾ, ഒന്ന്, ഭോപ്പാലിൽ ഗ്യാസ് ദുരന്തമുണ്ടായപ്പോൾ അന്ന് യൂണിയൻ കാർബൈഡ് എന്ന വിദേശ കമ്പനിക്കുവേണ്ടി, കേന്ദ്ര സർക്കാരിനും ഇരകൾക്കും എതിരെ ഹാജരായത് ഫാലി എസ് നരിമാനായിരുന്നു.  അന്ന് ആ കേസേറ്റെടുത്തത് ഒരു തെറ്റായ തീരുമാനമായിപ്പോയി എന്ന് പിന്നീട് നരിമാൻ പലയിടത്തും സമ്മതിച്ചിട്ടുണ്ട്. ഈ കേസിനു പുറമെ, സുപ്രീം കോടതി AoR അസോസിയേഷൻ കേസ്, ഗോളക്നാഥ് കേസ്, എസ്പി ഗുപ്ത കേസ്, ടിഎംഎ പൈ കേസ് എന്നിങ്ങനെ പല പ്രസിദ്ധമായ കേസുകളും ഫാലി നരിമാൻ സുപ്രീം കോടതിയിൽ വാദിച്ചിട്ടുണ്ട്. അവയൊക്കെ ഇന്ത്യൻ നിയമ  ചരിത്രത്തിന്റെ ഭാഗവുമാണ്.

ഗുജറാത്തിലെ നർമദാ അണക്കെട്ടുമായി ബന്ധപ്പെട്ട കേസിൽ സംസ്ഥാന സർക്കാരിനുവേണ്ടി വാദിച്ച നരിമാൻ, കേസിനിടക്ക് പ്രദേശത്തെ ക്രിസ്തുമതവിശ്വാസികൾ ആക്രമിക്കപ്പെട്ടത്തിലും ബൈബിൾ കത്തിച്ചതിലുമൊക്കെ പ്രതിഷേധിച്ച് വക്കാലത്തിൽ നിന്ന്  പിൻവാങ്ങിയിരുന്നു. 2014 -ൽ അഴിമതി ആരോപണത്തെ തുടർന്ന് ജയലളിതയ്ക്ക് ജയിലിൽ പോകേണ്ടി വന്നപ്പോൾ അന്ന് സുപ്രീം കോടതിയിൽ നിന്ന് അവർക്ക്  ജാമ്യം എടുത്ത് കൊടുത്തതും ഇതേ നരിമാനായിരുന്നു.

ദില്ലിയിലെ ലീഗൽ സർക്കിളുകളിൽ സമരാധ്യനായ ഫാലി എസ് നരിമാൻ എന്ന സീനിയർ സുപ്രീം കോടതി അഭിഭാഷകനെ രാഷ്ട്രം പരമോന്നത സിവിലിയൻ ബഹുമതിയായ പത്മ വിഭൂഷൺ  നൽകി ആദരിച്ചിട്ടുള്ളതാണ്. 1999 മുതൽ അഞ്ചുവർഷം രാജ്യസഭാംഗവും ആയിരുന്നു നരിമാൻ. ഇന്ന്, സുപ്രീം കോടതിയിൽ സിറ്റിംഗ് ഒന്നിന് 15 ലക്ഷത്തിനും 20 ലക്ഷത്തിനും ഇടയിൽ ഫീസ് ഈടാക്കുന്ന, ഒരു പക്ഷെ രാജ്യത്തെ ഏറ്റവും വിലയേറിയ അഭിഭാഷകരിലൊരാൾ കൂടി ആയ,  ഫാലി എസ് നരിമാനെത്തന്നെ കേരള സർക്കാർ കിഫ്ബിയിൽ രംഗത്തിറക്കുമ്പോൾ ഹൈക്കോടതിയിലെ വാദങ്ങൾക്ക് വീറൊട്ടും തന്നെ കുറയാനിടയില്ല.

click me!