ഒരു വെടിയുണ്ടപോലും പായാതെ ഇരുനൂറിലധികം ജീവൻ പൊലിഞ്ഞ സിയാച്ചിനിൽ ഇന്ത്യ ഇന്നും പിടിച്ചുനിൽക്കുന്നതെന്തിന്?

By Web TeamFirst Published Nov 20, 2019, 11:18 AM IST
Highlights

'ഒരു കാരണവശാലും സിയാച്ചിൻ കൊടുമുടികളിൽ നിന്ന് ഇന്ത്യൻ സൈന്യത്തിന്റെ നിയന്ത്രണം ഒഴിവാക്കാൻ പറ്റില്ല. പാകിസ്ഥാനെന്ന നമ്മുടെ അതിർത്തിരാജ്യത്തെ ഒരിക്കലും നമ്പാൻ പറ്റില്ല എന്നതുതന്നെയാണ് കാരണം.'

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയാണ്, സിയാച്ചിൻ.സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 20000 അടിയോളം ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ കൊടുമുടിയിൽ കഴിഞ്ഞ ദിവസമാണ് ഒരു മലയാളി സൈനികന് ജീവന്‍ നഷ്‍ടമായത്. തിരുവനന്തപുരം കാട്ടാക്കട പൂവച്ചല്‍ കുഴക്കാട് കല്ലണമുഖം ശ്രീശൈലത്തില്‍ അഖില്‍ എസ് എസ് ആണ് മരിച്ചത്. കരസേനയില്‍ നായിക് ആയ അഖില്‍ നഴ്‌സിംഗ് അസിസ്റ്റന്റ് ആയിരുന്നു. 

സിയാച്ചിനിൽ ഇതാദ്യമായിട്ടല്ല ഒരു പട്ടാളക്കാരന് ജീവൻ നഷ്ടപ്പെടുന്നത്. 1984 മുതൽക്ക് സിയാച്ചിനിൽ മരണപ്പെട്ടിട്ടുള്ളത് ഏകദേശം 869 പട്ടാളക്കാരാണെന്ന് സർക്കാർരേഖകൾ സൂചിപ്പിക്കുന്നു. പാർലമെന്റിൽ അവതരിപ്പിക്കപ്പെട്ട മറ്റൊരു കണക്കുപ്രകാരം കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ തന്നെ മരിച്ചിട്ടുള്ളത് 163 പട്ടാളക്കാരാണ്.


ഒരിക്കൽ സിയാച്ചിനിൽ ജോലി ചെയ്യാനുള്ള പ്രയാസങ്ങൾ വിശദീകരിച്ചുകൊണ്ട് അവിടെ നിയോഗിക്കപ്പെട്ടിരുന്ന പട്ടാളക്കാർ തന്നെ പോസ്റ്റുചെയ്ത ഒരു വീഡിയോ ഏറെ വൈറലായിരുന്നു. സിയാച്ചിനിലെ താപനില -70 ഡിഗ്രി സെൽഷ്യസ് വരെ താഴാറുണ്ട്. സമതലങ്ങളിൽ ഉള്ളതിന്റെ പത്തുശതമാനം ഓക്സിജൻ മാത്രമാണ് ഇവിടെ സിയാച്ചിനിൽ ലഭ്യമാകുന്നത്. മഞ്ഞുവീഴ്ച ഒരിക്കൽ തുടങ്ങിയാൽ ചിലപ്പോൾ മൂന്നാഴ്ചവരെ നിൽക്കാതെ മഞ്ഞുപെയ്തുകൊണ്ടിരിക്കും. വർഷാവർഷം 36 അടിക്കുമേൽ മഞ്ഞുവീഴും സിയാച്ചിനിൽ.

പതിനഞ്ചു സെക്കന്റിലധികം ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്തെ തൊലി ലോഹം കൊണ്ടുണ്ടാക്കിയ എന്തിലെങ്കിലും സ്പർശിച്ചുകൊണ്ടിരുന്നാൽ 'ഫ്രോസ്റ്റ് ബൈറ്റ്' അനുഭവപ്പെടും. അവിടം മുറിഞ്ഞുപോകും. ഇവിടെ പട്ടാളക്കാർക്ക് ബോധക്ഷയമുണ്ടാകുന്നതും, അസഹ്യമായ ചെന്നിക്കുത്തനുഭവപ്പെടുന്നതും സാധാരണമാണ്. പോസ്റ്റിങ് കിട്ടിയെത്തുന്ന പട്ടാളക്കാർക്ക് മാസങ്ങൾക്കുള്ളിൽ ഭാരക്കുറവ്, വിശപ്പില്ലായ്‌ക, നിദ്രാവിഹീനത, ഓര്‍മ്മക്കുറവ് എന്നിവയും അനുഭവപ്പെടാറുണ്ട്. സംസാരത്തിൽ അവ്യക്തത വന്ന സംഭവങ്ങളും അപൂർവമല്ല. മലമുകളിലെ ചൂളംകുത്തിവീശുന്ന കാറ്റിന്റെ വേഗം നിമിഷാർദ്ധനേരം കൊണ്ട് 100 മൈലിനു മുകളിലാകും.

 


അതെ, ഏറെ ദുഷ്കരമാണ് ഇവിടത്തെ ജീവിത സാഹചര്യങ്ങൾ. എന്നാൽ പിന്നെ ഇത്ര കഷ്ടപ്പെട്ട് ഇങ്ങനെയൊരു പോസ്റ്റിവിടെ നിലനിർത്തണോ എന്നല്ലേ? വേണം, ഇന്ത്യൻ സൈന്യത്തിന്റെ ആ തീരുമാനത്തിനുപിന്നിൽ വളരെ കൃത്യമായ ഒരു കാരണമുണ്ട്.

പാക് സൈന്യത്തിന്റെ ദുഷ്ടലാക്കും ഓപ്പറേഷൻ മേഘ്ദൂതും

ഒരു കാരണവശാലും സിയാച്ചിൻ കൊടുമുടികളിൽ നിന്ന് തങ്ങളുടെ നിയന്ത്രണം ഒഴിവാക്കാൻ പറ്റുന്ന സാഹചര്യമല്ല എന്തായാലും ഇപ്പോഴുള്ളതെന്നാണ് ഇന്ത്യൻ സൈന്യത്തിന്റെ വിശദീകരണം. പാകിസ്ഥാനെന്ന നമ്മുടെ അതിർത്തിരാജ്യത്തെ ഒട്ടും വിശ്വസിക്കാനാവില്ല എന്നതുതന്നെയാണ് കാരണം. കഴിഞ്ഞ കുറച്ചു വർഷങ്ങളായി സിയാച്ചിൻ കൊടുമുടിയെ പട്ടാളമുക്തമാക്കുന്നതിനെപ്പറ്റി പറഞ്ഞുകൊണ്ടിരിക്കുന്ന അതേ പാകിസ്ഥാൻ സൈന്യം തന്നെയാണ്, 1984 മെയ്‌മാസത്തോടെ സിയാച്ചിൻ പിടിച്ചടക്കാനുള്ള രഹസ്യനീക്കങ്ങൾ നടത്തിയത്. എന്നാൽ, ഭാഗ്യവശാൽ ഇന്ത്യൻ സൈന്യത്തിന് ഏപ്രിലിൽ തന്നെ അതേപ്പറ്റിയുള്ള ഇന്റലിജൻസ് വിവരങ്ങൾ ചോർന്നുകിട്ടുകയും, 1984 ഏപ്രിൽ 13 -ന്  നടത്തിയ ഓപ്പറേഷൻ മേഘ്ദൂത് എന്ന ദൗത്യത്തിലൂടെ ഇന്ത്യൻ പട്ടാളം സിയാച്ചിൻ തങ്ങളുടെ നിയന്ത്രണത്തിലാക്കി, അവിടെ പോസ്റ്റ് നിർമ്മിച്ച് കൊടുമുടിയിൽ ത്രിവർണ്ണപതാക പാറിക്കുകയും ചെയ്തു.

"സിയാച്ചിൻ വിട്ടുകൊടുക്കുന്ന പ്രശ്നമേ ഉദിക്കുന്നില്ല. ഏറെ അഭിമാനത്തോടെയാണ് ഇന്ത്യൻ സൈനികർ സിയാച്ചിനിലെ പോസ്റ്റിങ്ങ് ഏറ്റെടുക്കുന്നത്. അവിടെ സേവനമനുഷ്ഠിക്കുന്നത് ഏറെ ശ്രമകരമായ ഒരു ദൗത്യമാണ്. എന്നാൽ രാജ്യത്തിൻറെ സുരക്ഷയ്ക്കായാണ് ഒരു പട്ടാളക്കാരൻ എന്നും പ്രഥമപരിഗണന നൽകുന്നത്" എന്ന് സിയാച്ചിനിലേക്ക് ആദ്യമായി ഇന്ത്യൻ പട്ടാളസംഘത്തെ നയിച്ച റിട്ട. ലെഫ്റ്റനന്റ് ജനറൽ സഞ്ജയ് കുൽക്കർണി പറഞ്ഞു. അതിർത്തിയിലെ മലഞ്ചെരിവുകളും, കുന്നുകളും, താഴ്വരകളും നിറഞ്ഞ ഭൂപ്രകൃതിയിൽ, പട്ടാളത്തിന് എന്നും ശത്രുക്കൾക്കുമേൽ മേൽക്കൈ നൽകുന്ന ഒന്നുണ്ട്. 'ഉയരം'. ആരാണോ ശത്രുവിനേക്കാൾ ഉയരത്തിൽ ഇരിക്കുന്നത് അവർക്കാണ് കൂടുതൽ ഫലപ്രദമായി ആക്രമിക്കാൻ സാധിക്കുക. സിയാച്ചിൻ കൊടുമുടികൾ വിട്ടിറങ്ങി ഇന്ത്യൻ പട്ടാളം പോരുകയും, പിന്നാലെ പാക് സൈന്യം അവിടെ തങ്ങളുടെ സൈനിക സംവിധാനങ്ങൾ സ്ഥാപിക്കുകയും ചെയ്‌താൽ, അതോടെ അതിനെ ചുറ്റിപ്പറ്റിനിൽക്കുന്ന താഴ്വരകളിലെല്ലാം അവരുടെ നേരിട്ടുള്ള നിയന്ത്രണവും വന്നുചേരും. നാളെ ഒരു യുദ്ധമുണ്ടായാല്‍, ആ ഉയരത്തിലിരുന്നുകൊണ്ട് താഴ്വരയിലേക്കും, അതുവഴി പോകുന്ന ഖാർദുങ് ലാ പാസിലേക്കും വെടിയുതിർക്കാനും ഷെല്ലിങ്ങ് നടത്താനും അവർക്കാകും.

ഒരു വെടിയുണ്ട പോലുമുതിരാതെ നഷ്ടമായത് 200 -ലധികം ജീവൻ

2003 -ന് ശേഷം സിയാച്ചിനിൽ ഒരു വെടിയുണ്ടപോലും ഉതിർന്നിട്ടില്ല. എന്നിട്ടും അവിടെ മരണപ്പെട്ടത് 200 -ലധികം പേരാണ്. മഞ്ഞിടിച്ചിലും, കാലാവസ്ഥാപരമായ കാരണങ്ങളുമാണ് ഇവിടെ മരണങ്ങൾക്കിടയാക്കുന്നത്. കാലാവസ്ഥയെ പ്രതിരോധിക്കാൻപോന്ന വസ്ത്രങ്ങളും, ഹിമപാതങ്ങളെപ്പറ്റിയുള്ള കൃത്യമായ മുന്നറിയിപ്പുകളും കിട്ടുകയാണെങ്കിൽ സിയാച്ചിനിലും അതിജീവനം കഠിനമാവില്ല എന്നാണ് പട്ടാളക്കാർ തന്നെ പറയുന്നത്. ആഗോളതാപനമാണ് സിയാച്ചിനിലെ കാലാവസ്ഥയെ മോശമാക്കുന്ന മറ്റൊരു ഘടകം. കഴിഞ്ഞ ഒരുപതിറ്റാണ്ടുകാലം കൊണ്ട് 800 മീറ്ററോളമാണ് സിയാച്ചിൻ കൊടുമുടിയുടെ ശിഖരം ഇറങ്ങിവന്നിരിയ്ക്കുന്നതെന്നാണ് വിദഗ്ദ്ധർ പറയുന്നത്.

click me!