'എല്ലാം വെളുത്തിരിക്കുന്നതെന്താ, അമ്മേ?' - അമേരിക്കയിലെ വർണ്ണവിവേചനത്തെപ്പറ്റി, ബോക്സിങ് ഇതിഹാസം മുഹമ്മദ് അലി

By Web TeamFirst Published Jun 12, 2020, 11:15 AM IST
Highlights

"ഞാൻ നിങ്ങളെ ഭീഷണിപ്പെടുത്തിയാൽ അത് 'ബ്ലാക്ക്'മെയിൽ ആകും. ഞാൻ അന്ന് അമ്മയോട് ചോദിച്ചു, എനിക്ക് ഒരാളെ 'വൈറ്റ്'മെയിൽ ചെയ്താൽ കൊള്ളാം എന്നുണ്ട്."

ജോർജ് ഫ്ലോയ്ഡിന്റെ കൊലപാതകത്തെത്തുടർന്ന് അമേരിക്കയിലെ കറുത്തവർഗക്കാർ അനുഭവിച്ചുകൊണ്ടിരിക്കുന്ന വർണ്ണവിവേചനത്തെക്കുറിച്ചുള്ള ചർച്ചകൾ മാധ്യമങ്ങളിൽ നിറയുകയാണ്. എന്നാൽ, അമേരിക്കയിലെ വർണ്ണവെറിയുടെ ചരിത്രം നൂറ്റാണ്ടുകൾക്ക് മുമ്പേ തുടങ്ങിയതാണ്.

അമേരിക്കയിൽ ജീവിച്ചിരുന്ന ആഫ്രോഅമേരിക്കൻ വംശജനായ ബോർഡെഴുത്തുകാരൻ കാഷ്യസ് ക്ലേ സീനിയറിനും, അടുക്കളപ്പണി ചെയ്യുന്ന ഒഡേസ ക്ലേയ്ക്കും ജനിച്ച കാഷ്യസ് ക്ലേ ജൂനിയർ എന്ന ബാലൻ ചെറുപ്പം തൊട്ടേ പടുദാരിദ്ര്യവും വർണ്ണവെറിയും നേരിട്ടനുഭവിച്ചു വളർന്നുവന്നതാണ്. ചെറുപ്പത്തിൽ ആ ബാലൻ തന്റെ അമ്മയോട് ഏറെ നിഷ്കളങ്കമായി ചോദിച്ച ഒരു ചോദ്യം ഇന്നും അമേരിക്കൻ സമൂഹത്തിൽ ഏറെ പ്രസക്തമാണ്. അത്, ""എല്ലാം വെളുത്തിരിക്കുന്നതെന്താ, അമ്മേ..?" - എന്നതായിരുന്നു. 1971 -ൽ നടന്ന പാർക്കിൻസൺ അഭിമുഖത്തിൽ എത്ര സരസമായിട്ടാണ് അമ്മയുമായി താൻ കുട്ടിക്കാലത്ത് നടത്തിയ ആ സംഭാഷണം മുഹമ്മദ് അലി ഓർത്തെടുക്കുന്നതെന്നു നോക്കൂ. 

 

“How come is everything white?” Muhammad Ali appeared on Parkinson in 1971. pic.twitter.com/crxn4525FF

— BBC Archive (@BBCArchive)

 

 

കാഷ്യസ് ക്ലേ ജൂനിയർ അമ്മയോട് : 

"അമ്മേ... ഒരു കാര്യം ചോദിച്ചോട്ടെ? പള്ളിയിൽ പോകുമ്പോഴൊക്കെ ഞാൻ ഒരു കാര്യം ആലോചിക്കാറുണ്ട്. അവിടെ എല്ലാം വെള്ളനിറത്തിൽ ആയിരിക്കുന്നത് എന്തുകൊണ്ടാ? സ്വർണ്ണനിറത്തിലുള്ള മുടിയും നീലക്കണ്ണുകളുമുള്ള കർത്താവ് യേശു ക്രിസ്തു വെളുത്തിട്ടാണ്. യേശുവിനൊപ്പം തീന്മേശയിൽ ഇരിക്കുന്നവർ എല്ലാവരും വെളുത്തനിറത്തിലുള്ളവരാണ്. മാലാഖമാർ വെളുത്തിട്ടാണ്. അമ്മേ, നമ്മൾ മരിച്ചാൽ സ്വർഗത്തിൽ പോകുമോ നരകത്തിൽ പോകുമോ? "

"സ്വർഗത്തിൽ പോകും" എന്ന് അമ്മയുടെ മറുപടി

'അമ്മയോടൊപ്പം മുഹമ്മദ് അലി '

 "അപ്പൊ എന്താ ഒരു കറുത്ത മാലാഖ പോലും ഇല്ലാഞ്ഞത്? അവരാവും ഈ ഫോട്ടോയൊക്കെ എടുത്തത് അല്ലേ എനിക്ക് തോന്നുന്നത് ഈ വെള്ളക്കാരാണ് സ്വർഗ്ഗത്തിലുള്ളത് എങ്കിൽ അവിടെയും നമ്മൾ കറുത്തവർഗക്കാർ അടുക്കളയിൽ അവരുടെ പാത്രംകഴുകുന്നുണ്ടാകും, അവർക്ക് വേണ്ട പാലും തേനും ഒക്കെ തയ്യാർ ചെയ്യുന്നുണ്ടാകും. "

"എടാ... അങ്ങനൊന്നും പറയാതെ നീ..! " എന്ന് അമ്മ. 

" എനിക്ക് എന്നും വല്ലാത്ത കുതൂഹലമായിരുന്നു. ഞാൻ എന്നുമോർക്കും. സ്വർഗമെന്തെന്നറിയാണേൽ ഞാൻ മരിക്കണം. ഞങ്ങൾ കറുത്തവർഗക്കാർ മരിച്ചാലേ സ്വർഗത്തിൽ പോകൂ. അതെന്താ അങ്ങനെ? ഇവിടെ ഈ ഭൂമിയിൽ തന്നെ ഞങ്ങൾക്ക് നല്ലൊരു വീടും, നല്ല കാറും, വേണ്ട കാശും ഒക്കെ കിട്ടാത്തതെന്താ? ഞങ്ങൾക്കെന്താ ഇവിടെ ഒരു കാലത്തും പാലും തേനുമൊന്നും കിട്ടാത്തത്. ഞാൻ എന്റെ അമ്മയോട് പറഞ്ഞത്, 'എനിക്ക് പാലും തേനും അല്ലമ്മാ, നല്ല സ്റ്റീക്ക് ആണ് ഇഷ്ടം' എന്നാണ്.

 

 

ചുരുക്കത്തിൽ, എനിക്ക് എന്നും വല്ലാത്ത കൗതുകമായിരുന്നു. ഉദാ. ടാർസനെ അറിയില്ലേ ? ആഫ്രിക്കൻ വനാന്തരങ്ങൾ അടക്കിവാണ കാടിന്റെ പുത്രൻ. കിംഗ് ഓഫ് ദ ജംഗിൾ. ആ ടാർസനും വെളുത്തിട്ടായിരുന്നു. അരയിൽ ഒറ്റക്കച്ച മാത്രമുടുത്ത് വള്ളികളിൽ ഊയലാടുന്ന വെള്ളക്കാരനെയാണ് ഞാൻ ആഫ്രിക്കയുടെ ഘോരവനാന്തർഭാഗത്ത് നടന്നതെന്ന് പറയപ്പെടുന്ന കഥയിലും കാണുന്നത്. അവിടെ അയാൾ ആഫ്രിക്കയിലെ മല്ലന്മാരായ കറുത്തവർഗക്കാരെ അടിച്ചോടിക്കുന്നു. സിംഹവുമായി മല്ലയുദ്ധം നടത്തി അതിന്റെ താടിയെല്ല് വലിച്ചുകീറുന്നു. ആ... പിന്നെ, ടാർസന് മൃഗങ്ങളുമായും സംസാരിക്കാനാകും. ആഫ്രിക്കക്കാരൻമാർ അവിടെ നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും സാധിക്കാഞ്ഞ കാര്യം. 

മിസ് അമേരിക്ക എന്നും വെളുത്തവർഗക്കാരി മാത്രമാണ് ആവുക. അതെന്തുകൊണ്ടെന്ന് ഞാൻ ഇപ്പോഴും ഓർക്കും. അമേരിക്കയിൽ ഇത്രയധികം ബ്രൗൺ സുന്ദരിമാർ ഉണ്ടായിരുന്നിട്ടും, എന്നും മിസ് അമേരിക്ക വെളുത്തുതന്നെ ഇരുന്നു. മിസ് വേൾഡും, മിസ് യൂണിവേഴ്സും ഒക്കെ എന്നും വെളുവെളാന്നു തന്നെ ഇരുന്നു. 

നാട്ടിലുള്ള എല്ലാ ഉത്പന്നങ്ങളുടെ പേരിലും വൈറ്റ് എന്നുണ്ടായിരുന്നു. വൈറ്റ് ഹൗസ് സിഗാർ, വൈറ്റ് ക്‌ളൗഡ്‌ ടിഷ്യൂ പേപ്പർ എല്ലാം വൈറ്റ്. എയ്ഞ്ചൽ ഫ്രൂട്ട് കേക്ക് എന്നും വെളുപ്പായിരുന്നു. ഡെവിൾ ഫ്രൂട്ട് കേക്ക് എന്നും ചോക്കലേറ്റ് മാത്രമായിരുന്നു. 

അമേരിക്കൻ പ്രസിഡന്റ് വിരാജിച്ചിരുന്നത് വൈറ്റ് ഹൗസിൽ ആയിരുന്നു. മേരി ഹാഡ് എ ലിറ്റിൽ ലാംബ്, ഹേർ ഫീറ്റ് വേർ വൈറ്റ് ആസ് സ്നോ, സ്നോ വൈറ്റ്, സാന്താ ക്ളോസ് ഒരു വെള്ളക്കാരനായിരുന്നു. നല്ലതൊക്കെ വെളുപ്പായിരുന്നു. ചീത്തതൊക്കെ കറുപ്പും. വിരൂപയായ താറാവിൻ കുഞ്ഞ് എന്നും കറുത്ത നിരത്തിലായിരുന്നു. കരിംപൂച്ചയെ കണികണ്ടാലാണ് ദുശ്ശകുനം. ഞാൻ നിങ്ങളെ ഭീഷണിപ്പെടുത്തിയാൽ അത് 'ബ്ലാക്ക്'മെയിൽ ആകും. ഞാൻ അന്ന് അമ്മയോട് ചോദിച്ചു, എനിക്ക് ഒരാളെ 'വൈറ്റ്'മെയിൽ ചെയ്താൽ കൊള്ളാം എന്നുണ്ട്. അവരിലുമില്ലേ കള്ളം പറയുന്നവരും, ദുഷ്ടരും. അങ്ങനെ എല്ലാം പ്രശ്നമാണ് ഇന്നാട്ടിൽ എന്നെനിക്ക് നന്നേ കുഞ്ഞുന്നാളിൽ തന്നെ തോന്നിയിരുന്നു. 

 

 

 

അങ്ങനെ അതറിഞ്ഞുകൊണ്ടാണ് ഞാൻ വളർന്നു വലുതായത്. 1960 -ൽ, പതിനെട്ടാമത്തെ വയസ്സിലാണ് ഞാൻ അമേരിക്കയ്ക്കുവേണ്ടി സമ്മർ ഒളിമ്പിക്സിൽ ലൈറ്റ് വെയ്റ്റ് ബോക്സിങ്ങിൽ സ്വർണമെഡൽ നേടുന്നത്. റോമിൽ ആയിരുന്നു മത്സരങ്ങൾ. അവിടെ അമേരിക്കയുടെ ഈ ലോകത്തെ എല്ലാ ശത്രുക്കളെയും ഇടിക്കൂട്ടിൽ നിലം പറ്റിച്ച് ഞാൻ സ്വർണം നേടി. ലോകത്തിനു മുന്നിൽ അമേരിക്കയുടെ യശസ്സുയർത്തി. എന്തോ വലിയൊരു കണ്ടുപിടുത്തം നടത്തിയ ശാസ്ത്രജ്ഞന്റെ ഗമയായിരുന്നു അപ്പോഴെനിക്ക്. തിരിച്ചു ചെന്ന് എന്റെ കൂട്ടർക്ക് ഞാൻ സ്വാതന്ത്ര്യം നേടിക്കൊടുക്കും എന്ന് മനസ്സിൽ ഉറപ്പിച്ചു ഞാൻ അവിടെ വെച്ച്. 

അന്ന്, റോമിൽ നിന്ന് തിരികെ വന്നതിന്റെ അടുത്ത ദിവസം വൈകുനേരം, എന്റെ സ്വന്തം നാട്ടിൽ, ഡൗൺടൗണിൽ ഉള്ള ഒരു കോഫീഷോപ്പിൽ ചെന്ന് കസേര വലിച്ചിട്ടിരുന്ന്, തികഞ്ഞ ആത്മവിശ്വാസത്തോടെ ഞാൻ പറഞ്ഞു, " ഒരു കപ്പ് കോഫി, ഒരു ഹോട്ട് ഡോഗും." കൗണ്ടറിനു പിന്നിൽ ഇരുന്ന സ്ത്രീ പറഞ്ഞതെന്തെന്നോ," വീ ഡോണ്ട് സെർവ് നീഗ്രോസ് ഹിയർ " എന്ന്. 

ആ ഉത്തരം കേട്ട് എന്റെ കിളിപോയി. ഞാൻ പറഞ്ഞു., "നീഗ്രോകളെ തിന്നുന്ന സ്വഭാവം എനിക്കുമില്ല. എനിക്ക് വേണ്ട സാധനം, ഒരു കപ്പ് കോഫീ, ഒരു ഹോട്ട് ഡോഗ് : അതുരണ്ടുമാണ് ഞാൻ ഓർഡർ ചെയ്തത്. "

ആ സ്ത്രീയ്ക്ക് അനക്കമില്ല," നോക്കൂ... ഞാൻ ഒരു ഒളിമ്പിക് ഗോൾഡ് മെഡൽ വിന്നർ ആണ്. രണ്ടു ദിവസം മുമ്പാണ് ഞാൻ ഈ രാജ്യത്തിനുവേണ്ടി ഇറ്റലിയിൽ ചെന്ന് റോമിലെ ഇടിക്കൂട്ടിൽ മറ്റുരാജ്യങ്ങളുടെ താരങ്ങളോട് പോരാടി ജയിച്ച് രാജ്യത്തിൻറെ അന്തസ്സുയർത്തിപ്പിടിച്ചത്. എനിക്ക് വിശക്കുന്നു. ഭക്ഷണം തരണം" 

ആ സ്ത്രീ അവരുടെ മാനേജരോട് ചെന്ന് കാര്യം പറഞ്ഞപ്പോൾ അയാൾ പറഞ്ഞത്, എന്നോട് പുറത്തു പോകാനാണ്. അങ്ങനെ സ്വന്തം നാടിനുവേണ്ടി വിശ്വം ജയിച്ചു വന്ന എനിക്ക്, സ്വന്തം പട്ടണത്തിലെ ആ കോഫീഷോപ്പിൽ നിന്ന് അപമാനിതനായി തലയും കുനിച്ച് പുറത്തിറങ്ങിപ്പോരേണ്ടി വന്നു.

 

 

സ്വന്തം നാടിനുവേണ്ടി ഒളിമ്പിക്സ് സ്വർണ്ണം നേടിവന്ന എനിക്ക് ഒരു ഡൌൺ ടൌൺ റെസ്റ്റോറന്റിൽ ഇരുന്ന് ഒരു കോഫിയും ഹോട്ട് ഡോഗും കഴിക്കാൻ പറ്റുന്നില്ല എങ്കിൽ ഈ നാടിന് എന്തോ കുഴപ്പമുണ്ട്. സത്യം. എനിക്ക് ഈ അടിമ ജീവിതം മടുത്തു. ആ നിമിഷം തൊട്ടാണ് ഞാൻ ഒരു മുസ്ലിം ആയി മാറിയത്. ഇസ്ലാം മതം സ്വീകരിച്ച്, അടിമത്തത്തിന്റെ പ്രതീകമായ കാഷ്യസ് ക്ലേ വേണ്ടെന്നു വെച്ച് മുഹമ്മദ് അലി എന്ന പേര് കൈക്കൊണ്ടത്. 
 

click me!