തലമാറിയാൽ മാറുമോ ശ്രീലങ്കയിലെ പ്രതിസന്ധി..?

By Web TeamFirst Published May 15, 2022, 12:39 AM IST
Highlights

ഒടുവിൽ മുൻ പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെയെ തിരിച്ച് വിളിച്ചാണ് നിലവിലെ ഭരണകൂടം ജനരോഷത്തിൽ നിന്നും തടിയൂരിയത്

സാമ്പത്തിക പ്രതിസന്ധി, രാഷ്ട്രീയ പ്രതിസന്ധി, ഇതേ തുടന്നുണ്ടായ സർക്കാർ വിരുദ്ധ കലാപം. സംഭവ ബഹുലവമായിരുന്നു കഴിഞ്ഞ മൂന്നു മാസമായി ശ്രീലങ്കയിലെ കാര്യങ്ങൾ. അതികായകനായ പ്രധാനമന്ത്രി മഹിന്ദ രാജപക്സെയും കൂട്ടാളികളും അധികാരം ഒഴിഞ്ഞു. ജനങ്ങൾ പുറത്താക്കിയെന്ന് പറയുന്നതാവും കൂടുതൽ ശരി. ഒടുവിൽ മുൻ പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെയെ തിരിച്ച് വിളിച്ചാണ് നിലവിലെ ഭരണകൂടം ജനരോഷത്തിൽ നിന്നും തടിയൂരിയത്.

റെനിലിനാകുമോ ദ്വീപ് രാഷ്ട്രത്തെ കരകയറ്റാൻ..?

നേരത്തെ അഞ്ചു തവണ ലങ്കൻ പ്രധാനമന്ത്രിയായിട്ടുണ്ട് വിക്രമസിംഗെ. ഈ അനുഭവ സമ്പത്താണ് വീണ്ടും അധികാര കസേരയിലെത്താൻ കാരണമെന്ന് ഭംഗിവാക്ക് പറയാം. പക്ഷെ ഈ തീരുമാനത്തെ ശ്രലങ്കൻ ജനത അംഗീകരിക്കുന്നോ എന്നത് പ്രധാനപ്പെട്ട കാര്യമാണ്. പ്രത്യേകിച്ചും തെരഞ്ഞെടുപ്പിലൂടെ ജനാധിപത്യ സർക്കാർ അധികാരത്തിലേറുന്ന രാജ്യത്ത്. പ്രധാനമന്ത്രി സ്ഥാനത്തിരുന്നുകൊണ്ട് 2019 ൽ തെരഞ്ഞെടുപ്പിനെ നേരിട്ട റെനിലിന്റെ പാർട്ടിക്ക് നേടാനായത് ഒരേ ഒരു സീറ്റ് മാത്രം. ലഭിച്ച വോട്ട് ശതമാനവും തുച്ഛം. ജനവിധിയിൽ അമ്പേ പരാജയപ്പെട്ടു. 255 അംഗ ശ്രീലങ്കൻ പാലമെന്റിൽ ഒരംഗത്തെ മാത്രം ജയിപ്പിച്ചെടുക്കാനായ പാർട്ടിയാണ് അധികാര കസേരയിലിരിക്കുന്നതെന്ന്...! പ്രതിപക്ഷ നേതൃസ്ഥാനം പോലും ഇല്ല. രെനിലിന്റെ ജന പിന്തുണ തുലോം തുച്ഛമെന്നർത്ഥം. 

ജനപിന്തുണയക്കപ്പുറം പാർലമെന്റിലെ "പ്രശ്നാധിഷ്ടിത" ഭൂരിപക്ഷം മാത്രം മതിയോ ഭരിക്കാൻ..? തങ്ങൾ തോൽപിച്ച കക്ഷിയുടെ ഭരണത്തിന് പിന്തുണ നൽകാൻ ഭരണപക്ഷ പ്രതിപക്ഷ കക്ഷികൾ തയ്യാറോകുമോ..? തയ്യാറായാൽ തന്നെ എത്രത്തോളം ആത്മാത്ഥത കാണും..? ഇതേ ചൊല്ലി പ്രതിപക്ഷം ഇപ്പോൾ തന്നെ രണ്ട് തട്ടിലാണ്. പ്രതിസന്ധിക്കാലത്ത് ജനങ്ങളുടെ സ്വീകാര്യതയും പിന്തുണയും അത്യാവശ്യമല്ലേ കരകടക്കാൻ..? ലങ്കയിലെ പുതിയ ഭരണകൂടത്തിന് മുന്നിൽ ഉയരുന്ന പ്രധാന ചോദ്യം ഇതാണ്.  അതോ രജപക്സെ പിന്നിൽ നിന്നും നിയന്ത്രിക്കുന്ന നിഴൽ സർക്കാറാണോ രൂപപ്പെടുന്നത്..? പൂർണമായും അധികാരം നഷ്ടപ്പെട്ടാൽ ഉണ്ടായേക്കാവുന്ന പ്രതിസന്ധികൾ മുന്നിൽ കണ്ടുള്ള രജപക്ഷെ കുടുംബത്തിന്റെ കരുനീക്കമാണോ റെനിലിന്റെ സ്ഥാനലബ്ധി..? പ്രസിഡന്റ് സ്ഥാനത്ത് ഗോതബായ രജപക്സെ തന്നെ തുടരുമ്പോൾ സംശയങ്ങൾ പ്രസക്തമാണ്.
 
രാഷ്ട്രീയമാറ്റം കൊണ്ടാകുമോ കടക്കെണിയിൽ നിന്നും രക്ഷപ്പെടാൻ.

കടക്കെണിയിലാണ് ദ്വീപ് രാജ്യം.  ഭരണാധികാരികൾ കയ്യും കണക്കുമില്ലാതെ കടം വാങ്ങിക്കൂട്ടി. കടപ്പണത്തിൽ തീർത്ത നിർമിതികൾ വികസന മാതൃകകളായി ചൂണ്ടിക്കാട്ടി നിർവൃതികൊണ്ടു. യാത്രയ്ക്ക് ജനങ്ങളുണ്ടോ എന്ന് നോക്കാതെ വിമാനത്താവളങ്ങളും റയിൽ പാളങ്ങളുമൊരുക്കി,  കടത്താൻ ചരക്കുകളില്ലെങ്കിലും തുറമുഖങ്ങൾ പണിത് വികസന നായകരായി. മധ്യവർഗ വോട്ടുകൾ ലക്ഷ്യമിട്ട പദ്ധതികളെല്ലാം കടമെടുത്ത പണത്തിന്മേലായിരുന്നു. ഇതാണ് ഒടുവിൽ ശ്രീലങ്കൻ ഭരണകൂടത്തേയും ജനതയേയും തീരാ ദുരിതത്തിലെത്തിച്ചത്. ഹമ്പൻ ടോട്ടയിലെ തുറമുഖത്തിനായി 900 കോടിയാണ് ചൈനീസ് കമ്പനിയിൽ നിന്നും കടമെടുത്തത്. ( സാമ്പത്തിക പ്രതിസന്ധിയിൽ പെട്ട് ശ്രീലങ്കൻ രൂപ തകരുകയും പലിശ പെരുകുകയുംചെയ്തതോടെ കടത്തിന്റെ മൂല്യം ഇപ്പോൾ 4670 കോടിയായി ഉയന്നു ) ഐഎംഎഫിൽനിന്ന്‌ എടുത്ത വായ്പ . അതിനുപുറമെ ജപ്പാൻ, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളിൽനിന്നും വാങ്ങിയ കടം.  വിദേശകടം 71 ബില്യൺ ഡോളർ കടന്നു. 

കൊവിഡ് പ്രതിസന്ധിയും യുക്രൈൻ റഷ്യ യുദ്ധവുമൊക്കെയായി പുതിയ ലോക സാഹചര്യവും ദ്വീപ് രാജ്യത്തെ വലച്ചു. പ്രധാന ധനാഗമമാർഗമായ വിനോദസഞ്ചാരമേഖല അടഞ്ഞു. തേയില കയറ്റുമതി നിലച്ചു. പ്രവാസികൾ തിരിച്ചെത്തിയതോടെ വിദേശ വരുമാനം ഇടിഞ്ഞു. നേരിട്ടുള്ള വിദേശ നിക്ഷേപങ്ങളും കുറഞ്ഞു. രാസ വള നിരോധനത്തിലൂടെ തരിശായ കാഷിക മേഖല. അക്രമാസക്തമായ സർക്കാർ വിരുദ്ധ കാലാപവും  സർക്കാറിന്റെ വീഴ്ചയും അന്താരാഷ്ട്ര തലത്തിൽ വിശ്വാസ്യതയും കുറച്ചു. രൂപ ചര്ത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ സ്വയം പാപ്പരായി പ്രഖ്യാപിച്ച സർക്കാർ. ഈ സാഹചര്യങ്ങളെല്ലാം അതേ പടി തുടരുകയാണ് ഇപ്പോഴും. ഭരണ തലപ്പത്തെ മാറ്റംകൊണ്ട് മാത്രം ഇവയെ മറികടക്കാനാവില്ലെന്ന് ഉറപ്പ്. എന്തായിരുക്കും 72 പിന്നിട്ട റെനിൽ വിക്രമസിംഗെയുടെ കയ്യിലെ മാന്ത്രിക വടി...? ശ്രീലങ്കൻ ജനത മാത്രമല്ല ലോകം ഒന്നാകെ ഉറ്റു നോക്കുന്നുണ്ട്.  

തീരുമോ ലങ്കാ ദഹനം..?

ഭരണ വിരുദ്ധ സമരത്തിൽ എരിയുകയായിരുന്നു ലങ്ക. പ്രസിഡന്റിന്റേയും പ്രധാനമന്ത്രിയുടേയും കുടുംബ വീട് കത്തിച്ചു. മന്ത്രിമാരുടേയും ഉദ്യോഗസ്ഥരുടേയും വീടുകൾ തകർത്തു. ചാരമായത് കോടിക്കണക്കിന് പൊതു മുതൽ. അക്ഷരാത്ഥത്തിൽ ലങ്കാദഹനം. പൊലീസിനേയും പട്ടാളക്കാരേയും ഇറക്കിയാണ് സമരക്കാരെ ഭരണകൂടം നേരിട്ടത്. അടിയന്താരവസ്ഥയും കർഫ്യൂവും പ്രഖ്യാപിച്ചു. പ്രതിഷേധത്തിന് കാരണമായ സംഭവങ്ങൾ ഇപ്പോഴും അതു പോലെ നിൽക്കുകയാണ്. ഭരണകൂടം രാജിവച്ചതൊഴികെ. ഇന്ധന ക്ഷാമവും ഭക്ഷ്യ പ്രതിസന്ധിയും രൂക്ഷമാണ്. ദിവസത്തിൽ പകുതിയിലേറെയും വൈദ്യുതി മുടക്കം, ഉയരുന്ന പണപ്പെരുപ്പം. സാഹജര്യങ്ങൾക്ക് മാറ്റമില്ലെങ്കിൽ ജനങ്ങൾ വീണ്ടും തെരുവിലിറങ്ങാൻ സാധ്യത ഏറെ.
 
അവസാനിക്കുമോ കുടുംബ വാഴ്ച..?

മഹിന്ദെ രാജപക്സെ പ്രധാനമന്ത്രി ആയിരുന്നെങ്കിൽ പ്രസിഡണ്ട് സ്ഥാനത്ത് ഇളയ സഹോദരൻ ഗോതബായ, ധനമന്ത്രി പദത്തിലുൾപ്പെടെ ഇയാളുടെ സഹോദരങ്ങളും മക്കളും. പ്രധാന സ്ഥാനങ്ങളിലെല്ലാം കുടുംബത്തിൽ നിന്നുള്ളവർ. സൈനിക തലവനായി വിശ്വസ്തൻ. കഴിഞ്ഞ രണ്ടു വർഷമായി രജപക്ഷെ കുടുംബത്തിന്റെ ഏകാധിപത്യമായിരുന്നു ശ്രീലങ്കയിൽ. തെരഞ്ഞെടുക്കപ്പെട്ട സ്വേച്ഛാധിപത്യം’. ഇതിനായി ഭരണഘടന വരേ മാറ്റി. പാലമെന്റിന് കൂടുതൽ അധികാരം നൽകുമെന്നാണ് ഇപ്പോൾ ഗോതബായ പറയുന്നത്. ഇതിനായി ഭരണഘടനയിൽ മാറ്റം വരുത്തുമത്രെ. രജപക്സെ കുടുംബത്തിൽ നിന്നും ആരും അധികാരത്തിൽ ഉണ്ടാകില്ലെന്നും പ്രസിഡന്റ് ഉറപ്പ് പറയുന്നു. സ്ഥായിയായ സർക്കാർ എത്തുന്നതോടെ പദവി ഒഴിയുമെന്നും ഗോതബായ ഉറപ്പു നൽകുന്നുണ്ട്. ജനരോഷം അണക്കാനുള്ള കേവലം വാക്കുകൾ എന്നതിനപ്പുറം ഇവയെല്ലാം നടപ്പായാൽ യഥാർത്ഥ ജനാധിപത്യ വഴിയിലേക്ക്  ലങ്കക്ക് വീണ്ടും എത്താം. നല്ലൊരു മാറ്റത്തിന്റെ തുടക്കവുമാകുമത്.
 
ശ്രീലങ്ക വരും കാലത്തിന്റെ സൂചന..?

ശ്രീലങ്കയിലെ പ്രതിസന്ധി മറ്റു ലോക രാജ്യങ്ങളേയും കാത്തിരിക്കുന്നനെന്നാണ് വിദഗ്ധർ പറയുന്നത്. സാമ്പത്തിക തകച്ചയിൽ ശ്രീലങ്ക ആദ്യം വീണെന്ന് മാത്രം. കോവിഡും യുക്രൈൻ യുദ്ധവും നൂറിലേറെ രാഷ്ട്രങ്ങളിലെ സമ്പദ്‌വ്യവസ്ഥയെ തകർത്തെന്നാണ് ലോകബാങ്കും ഐ.എം.എഫും പറയുന്നത്. 69 രാജ്യങ്ങൾ കടക്കെണിയിലും രൂക്ഷമായ വിലക്കയറ്റത്തിലും കുരുങ്ങിക്കിടക്കുന്നെന്ന് യുനൈറ്റഡ് നാഷൻസ് കോൺഫറൻസ് ഓൺ ട്രേഡ് ആൻഡ് ഡവലപ്‌മെന്റിന്റെ പുതിയ റിപ്പോട്ടിലുണ്ട്. രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയിലെത്തിയതും വിദേശ കമ്പനികൾ ഇന്ത്യയിൽ നിന്ന് ഓഹരികൾ പിൻവലിക്കുന്നതും, ഒടുവിൽ ഗോതമ്പ് കയറ്റുമതി വിലക്കിയതടക്കം  ഇന്ത്യയിലും ഒട്ടും ശുഭകരമല്ലെന്നത്ഥം.

click me!