'ആസിഡ് ആക്രമണത്തിനിരയായ പെണ്‍കുട്ടിയോട് ഈ ചോദ്യം മാത്രം ചോദിക്കരുത്': ലക്ഷ്മി അഗര്‍വാള്‍

By Web TeamFirst Published Apr 4, 2019, 11:15 AM IST
Highlights

എന്നാല്‍ എനിക്ക് അത്ഭുതം തോന്നിയത് അതിലല്ല. എനിക്ക് അറിയാവുന്ന പലരുടെയും പെരുമാറ്റത്തിലെ മാറ്റം കണ്ടിട്ടാണ്.

2005ലാണ് ലക്ഷ്മി അഗര്‍വാള്‍ ആസിഡ് ആക്രമണത്തിനിരയായത്. തന്‍റെ പതിനഞ്ചാം വയസ്സില്‍ മുപ്പത്തിരണ്ടുകാരന്‍റെ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനുള്ള പ്രതികാരമായിരുന്നു ആ ആക്രമണത്തിനു പിന്നില്‍. ദില്ലിയിലെ ഖാന്‍ മാര്‍ക്കറ്റിലെ ഒരു ബസ് സ്റ്റോപ്പില്‍ വെച്ച്  ലക്ഷ്മിയുടെ സുഹൃത്തായ രാഖിയുടെ അറിവോടെയായിരുന്നു സംഭവം. പിടിയിലായ ഗുഡ്ഡുവിനെ 10 വർഷത്തേക്കും രാഖിയെ ഏഴു വർഷത്തേക്കും തടവിനു ശിക്ഷിച്ചിരുന്നു. പക്ഷെ, ആക്രമണത്തിനുശേഷം ഒരു മാസം കഴിഞ്ഞ്‌ ജാമ്യത്തിലിറങ്ങിയ ഗുഡ്ഡു ആഘോഷപൂർവം വിവാഹം കഴിച്ചു. അതായിരുന്നു ലക്ഷ്മിയെ സമൂഹത്തിലേക്കിറങ്ങാന്‍ പ്രേരിപ്പിച്ചത്. അക്രമം നടത്തിയ ആള്‍ ആഘോഷിച്ച് ജീവിക്കുകയും, അതിനെ അതിജീവിച്ചവള്‍ അകത്ത് കഴിയുകയുമല്ല വേണ്ടത് എന്ന തിരിച്ചറിവുണ്ടായിരുന്നു അവള്‍ക്ക്.

 

 
 
 
 
 
 
 
 
 
 
 
 
 

#YearChallenge #10YearChallenge #14YearChallenge #FbYearChallenge

A post shared by Laxmi Agarwal (@thelaxmiagarwal) on Jan 17, 2019 at 3:52am PST

 

ലക്ഷ്മിക്ക് നിരവധി ശസ്ത്രക്രിയകള്‍ വേണ്ടിവന്നു. തുടയില്‍ നിന്നും അരക്കെട്ടില്‍ നിന്നും തൊലിയെടുത്ത് മുഖത്ത് വെച്ചു. വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന്, പ്രണയിക്കാന്‍ തയ്യാറാകാത്തതിന് പല പെണ്‍കുട്ടികള്‍ക്ക് നേരെയും ആസിഡ് ആയുധമാക്കപ്പെട്ടു. അങ്ങനെയാണ് 2006 -ല്‍ ആസിഡ് ആക്രമണത്തെ അതിജീവിച്ച രൂപ എന്ന പെണ്‍കുട്ടിക്കൊപ്പം ലക്ഷ്മി സുപ്രീം കോടതിയെ സമീപിക്കുന്നത്. സുലഭമായി ആസിഡ് വില്‍ക്കുന്നതിനെതിരെ അവര്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കി. 2013 ജൂലൈ 18 -ന് ഇവര്‍ക്ക് അനുകൂലമായി വിധി വന്നു. 18 വയസ്സായവര്‍ക്ക് മാത്രമേ ആസിഡ് വില്‍ക്കാവൂ എന്നും ഉത്തരവില്‍ പറഞ്ഞു. 

ലക്ഷ്മിയുടെ പേരിനൊപ്പം ഒരു 'സാ' കൂടിയുണ്ട്. അത് സ്റ്റോപ് ആസിഡ് അറ്റാക്ക് എന്നാണ് വായിക്കേണ്ടത്. ലക്ഷ്മി ആസിഡ് ആക്രമണത്തെ അതിജീവിച്ച ഒരുവളായി മാത്രമല്ല നില കൊള്ളുന്നത്. തന്നേപ്പോലുള്ള നിരവധി പേരെ ചേര്‍ത്തുനിര്‍ത്തുന്ന ഒരു സാമൂഹ്യപ്രവര്‍ത്തക കൂടിയാണ് ലക്ഷ്മി. ആസിഡ് ആക്രമണവും പൊള്ളലുമേല്‍ക്കേണ്ടി വന്ന നിരവധി പേരെയാണ് ലക്ഷ്മിയുടെ നേതൃത്വത്തില്‍ പുനരധിവസിപ്പിച്ചത്.

2014 മാര്‍ച്ചില്‍  വാഷിങ്ങ്ടണിലെ യു എസ്‌ സ്റ്റേറ്റ്‌ ഡിപ്പർട്ട്മെന്‍റ് സമ്മേളനഹാളില്‍വെച്ച്  മിഷേൽ ഒബാമ, ഒരു ഇന്ത്യക്കാരി യുവതിക്ക് ഒരു അവാർഡ്‌ സമ്മാനിച്ചു. യുഎസ് രാജ്യാന്തര ധീരതാ അവാര്‍ഡ് ലക്ഷ്മിക്ക്. അതേ വര്‍ഷം തന്നെ, ഹൃദയാഘാതത്തെ തുടര്‍ന്ന് ലക്ഷ്മിക്ക് തന്‍റെ അച്ഛനെ നഷ്ടപ്പെട്ടു. അതിനിടയില്‍ ക്ഷയം ബാധിച്ച് സഹോദരനും പോയി. അതേ വര്‍ഷം തന്നെയാണ് പത്രപ്രവർത്തകനും സാമൂഹിക പ്രവർത്തകനുമായ അലോക്‌ ദീക്ഷിതും ലക്ഷ്മിയും ഒരുമിച്ച് ജീവിച്ച് തുടങ്ങിയത്. ലക്ഷ്മി സ്റ്റോപ്പ്‌ ആസിഡ്‌ അറ്റാക്കിന്‍റെ ക്യാമ്പെയിൻ കോ -ഓർഡിനേറ്ററായിരുന്നു അലോക്‌ ദീക്ഷിത്. ഇവര്‍ക്ക് ഒരു മകളുമുണ്ടായി, പിഹു. എന്നാല്‍, ചില അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ ഇരുവരും തമ്മില്‍ പിരിഞ്ഞു. മകള്‍, ലക്ഷ്മിക്കൊപ്പമാണ്.

കുറച്ച് ദിവസങ്ങള്‍ മുമ്പാണ് തന്‍റെ പുതിയ ചിത്രമായ 'ഛപാക്'- ന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ദീപിക പങ്കുവെച്ചത്.  ലക്ഷ്മിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണ് ദീപിക പദുക്കോൺ നായികയാകുന്ന 'ഛപാക്'. 2019ലെ ഇന്ത്യ റണ്‍വേയില്‍ ലക്ഷ്മിയും റാമ്പ് വോക്ക് ചെയ്തു.

റാമ്പ് വോക്ക്  ചെയ്തപ്പോള്‍ ഭയം ഉണ്ടായിരുന്നോ?

ഞാന്‍ ഇതിന് മുമ്പും നിരവധി തവണ റാമ്പ് വോക്ക് ചെയ്തിട്ടുണ്ട്. പലപ്പോഴും ഞാന്‍ കാണുന്ന കാഴ്ചയാണ് മോഡലുകള്‍ ബാക്ക് സ്റ്റേജില്‍ ടെന്‍ഷന്‍ അടിച്ചുനില്‍ക്കുന്നത്. എനിക്ക് യാതൊരു ടെന്‍ഷനും ഉണ്ടായിരുന്നില്ല. ഞാന്‍ ആദ്യമായി റാംപില്‍ ചുവട് വച്ചത് ഓര്‍ത്തുപോയി. ഞാന്‍ ശരിക്കും ഡാന്‍സ് ചെയ്യുകയായിരുന്നു. 

 

'ഛപാക്'- ന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ദീപിക പങ്കുവെച്ചതിന് ശേഷം ജീവിതത്തിലുണ്ടായ മാറ്റം?

ആ വാര്‍ത്ത വന്നതിന് ശേഷം എനിക്ക് പരിചയം പോലുമില്ലാത്തവരില്‍ നിന്നാണ് എനിക്ക് കൂടുതല്‍ സ്നേഹം ലഭിച്ചത്. നിരവധിപേരാണ് അഭിനന്ദനം അറിയിക്കാനായി വിളിക്കുകയും മെസ്സേജ് അയക്കുകയും ചെയ്തത്. എന്നാല്‍ എനിക്ക് അത്ഭുതം തോന്നിയത് അതിലല്ല. എനിക്ക് അറിയാവുന്ന പലരുടെയും പെരുമാറ്റത്തിലെ മാറ്റം കണ്ടിട്ടാണ്. ആസിഡ് ആക്രമണത്തിന് ശേഷം എല്ലാവരും എന്നെ വിട്ടുപോയി. അവരില്‍ പലരുമാണ് ഇപ്പോള്‍ എനിക്ക് മെസ്സേജ് അയക്കുന്നത്. എനിക്ക് അറിയായിരുന്നു നീ ഇങ്ങനെ പ്രശസ്തയാകും എന്നൊക്കെ. 

അത്തരം മെസ്സേജുകള്‍ക്ക് മറുപടി നല്‍കാറുണ്ടോ?

ഞാന്‍ എല്ലാവരോടും നന്ദി പറയാറുണ്ട്. കാരണം ഞാന് അനുഭവിച്ച പോലൊരു ഒറ്റപ്പെടല്‍ മറ്റാരും അനുഭവിക്കാന്‍ പാടില്ല എന്ന് എനിക്കുണ്ട്.

ആസിഡ് ആക്രമണത്തിനിരയായ പെണ്‍കുട്ടിയോട് ഒരാള്‍ പറയാന്‍ പാടില്ലാത്ത കാര്യം?

ഒരു പെണ്‍കുട്ടി ആസിഡ്  ആക്രമണത്തിനിരയായാല്‍ സമൂഹം ആദ്യം അവളോട് ചോദിക്കുന്ന കാര്യം ഇതാണ്. "അയ്യോ ഇനി എങ്ങനെ നീ വിവാഹം കഴിക്കും"- ഈ ചോദ്യം മാത്രമേ ചോദിക്കൂ. ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലെ ഏറ്റവും വലിയ കാര്യം വിവാഹമാണോ? അവളുടെ മുഖത്തിലാണോ അവളുടെ ജീവിതം ഇരിക്കുന്നത്? ഞാന്‍ മുമ്പും പറഞ്ഞിട്ടുണ്ട്. ഞാന്‍ എന്നെ ഒരു ഇരയായി അല്ല കാണുന്നത്. മാതാപിതാക്കള്‍ ചെയ്യേണ്ടത് പെണ്‍കുട്ടികള്‍ക്ക് വിദ്യഭ്യാസം നല്‍കുക എന്നാണ്.

കടപ്പാട്: ഹിന്ദുസ്ഥാന്‍ ടൈംസ് 

click me!