സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ; സമൂഹത്തിൽ സ്ത്രീകൾ എത്രമാത്രം സുരക്ഷിതരാണ്?

By Priya VargheseFirst Published Mar 26, 2019, 5:35 PM IST
Highlights

സ്ത്രീകള്‍ ആക്രമിക്കപ്പെട്ടാല്‍ ആക്രമിച്ചയാളുടെ മേലല്ല ഇരയാക്കപ്പെട്ട സ്ത്രീയുടെമേല്‍ കുറ്റം ചാര്‍ത്തുന്ന ഒരു സമീപനം നമ്മുടെ സമൂഹത്തിനുണ്ട്. ആക്രമിക്കപ്പെട്ട സ്ത്രീയ്ക്കാണ് പലപ്പോഴും കുറ്റബോധം തോന്നുന്നത്. ആദ്യം അവളുടെ മനസ്സിലേക്ക് വരുന്ന ചോദ്യം- “ഇത് എന്‍റെ തെറ്റുകൊണ്ടാണോ സംഭവിച്ചത്. എന്തുകൊണ്ടാണ് സ്ത്രീ അങ്ങനെ ചിന്തിക്കുന്നത്? ചെറുപ്പം മുതലേ അവളെ ശീലിപ്പിക്കുന്നത് അങ്ങനെ ചിന്തിക്കാനാണ്. 

ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുന്ന മകള്‍ പഠനത്തില്‍ പിന്നോട്ടാണ് എന്ന് അദ്ധ്യാപകരുടെ നിരന്തരമായ പരാതിയെത്തുടര്‍ന്ന് അവളെ ഒരു ട്യൂഷൻ അയക്കാൻ മാതാപിതാക്കള്‍ തീരുമാനിക്കുന്നു. കുടുംബത്തിന്‍റെ സാമ്പത്തിക സ്ഥിതി മോശമായിരുന്നെങ്കില്‍ പോലും സ്കൂള്‍ അധികൃതരുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് അവര്‍ തീരുമാനം എടുക്കുകയായിരുന്നു. അങ്ങനെ അവധിക്കാലത്തും ട്യൂഷന്‍ ക്ലാസ്സില്‍ പോകാന്‍ കുട്ടി നിര്‍ബന്ധിതയായി.

 ഒരു ദിവസം ട്യൂഷന്‍ അദ്ധ്യാപകന്‍ അവളോട് വരാന്‍ പറഞ്ഞ സമയം അവള്‍ എത്തുമ്പോള്‍ മറ്റുകുട്ടികള്‍ ആരും തന്നെ അവിടെ ഉണ്ടായിരുന്നില്ല. കുറച്ചു നേരം കഴിയുമ്പോള്‍ എല്ലാവരും എത്തും എന്ന പ്രതീക്ഷയില്‍ അവള്‍ കാത്തിരുന്നു. പക്ഷേ
മറ്റാരും വന്നില്ല. അദ്ധ്യാപകന്‍ നോട്ട്ബുക്കെടുക്കാന്‍ അവളോട്‌ പറഞ്ഞു. അവള്‍ക്ക് ഏറ്റവും ബുദ്ധിമുട്ടുള്ള കണക്കെന്ന വിഷയമാണ് അദ്ധ്യാപകന്‍ തിരഞ്ഞെടുത്തത്. 

ഒരു ചോദ്യങ്ങള്‍ക്കും ശരിയായ ഉത്തരം കണ്ടെത്താന്‍ അവള്‍ക്കായില്ല. അത് അദ്ധ്യാപകനെ കുപിതനാക്കി. അയാള്‍ സ്ഥിരമായി കുട്ടികളില്‍ പ്രയോഗിക്കാറുള്ള ചൂരല്‍വടി എടുത്തു.അവൾ ശരിക്കും ഭയന്ന് പോയി. ആ ചൂരല്‍വടി ഉപയോഗിച്ച് അയാള്‍ അവളുടെ ശരീരത്തിന്‍റെ പല ഭാഗങ്ങളില്‍ കുത്തി വേദനിപ്പിക്കാന്‍ തുടങ്ങി. വേദന സഹിക്കാനാവാതെ പുറത്തേക്കോടാന്‍ ശ്രമിച്ച അവളെ ബലംപ്രയോഗിച്ചു പിടിച്ചു നിര്‍ത്താന്‍ അയാള്‍ ശ്രമിച്ചു.

 എങ്കിലും ഭാഗ്യംകൊണ്ട് മാത്രം അവള്‍ അവിടെ നിന്നും രക്ഷപെടുകയായിരുന്നു. അവള്‍ കരഞ്ഞുകൊണ്ട് വീട്ടിലേക്ക് ഓടി. അവളുടെ അവസ്ഥ കണ്ട അമ്മ ഭയന്നു. കുറച്ചു നേരം അമ്മയെ കെട്ടിപിടിച്ചവള്‍ വാവിട്ടുകരഞ്ഞു. പിന്നീട് അമ്മയോട് നടന്നതെല്ലാം പറഞ്ഞു. അച്ഛന്‍ ഈ വിവരം അറിഞ്ഞാല്‍ അയാളോട് പോയി ചോദിച്ച് വലിയ പ്രശ്നമാകും. അതിനാല്‍ ഈ വിവരം അച്ഛനോട് പറയില്ല എന്നവള്‍ അമ്മയെകൊണ്ട് സത്യം ചെയ്യിച്ചു. 

ഇത്തരം അനുഭവങ്ങളോടോന്നും പ്രതികരിക്കാന്‍ പ്രാപ്തിയില്ലാതെ വീട്ടില്‍മാത്രം ഒതുങ്ങിക്കൂടുന്ന അവളുടെ അമ്മയും ആരോടും ഇതൊന്നും പറയാതെ എല്ലാം ഉള്ളില്‍ ഒതുക്കി. ഇനി മുതല്‍ ട്യൂഷന്‍ ക്ലാസ്സില്‍ അവളെ വിടണ്ടായെന്ന്
അമ്മ തീരുമാനിച്ചു. ഇന്ന് നമ്മുടെ സമൂഹത്തില്‍ സ്ത്രീകള്‍ എത്രമാത്രം സുരക്ഷിതരാണ്? പൊതുസ്ഥലങ്ങളിലും സ്വന്തം വീടുകളില്‍ പോലും അവര്‍ സുരക്ഷിതരാണോ? എപ്പോള്‍ വേണമെങ്കിലും എവിടെവെച്ചു വേണമെങ്കിലും തങ്ങള്‍ ആക്രമിക്കപ്പെടാം എന്ന ഭീതി ഇന്ന് മിക്ക സ്ത്രീകള്‍ക്കും ഉണ്ട്. 

സ്ത്രീകള്‍ ആക്രമിക്കപ്പെട്ടാല്‍ ആക്രമിച്ചയാളുടെ മേലല്ല ഇരയാക്കപ്പെട്ട സ്ത്രീയുടെമേല്‍ കുറ്റം ചാര്‍ത്തുന്ന ഒരു സമീപനം നമ്മുടെ സമൂഹത്തിനുണ്ട്. ആക്രമിക്കപ്പെട്ട സ്ത്രീയ്ക്കാണ് പലപ്പോഴും കുറ്റബോധം തോന്നുന്നത്. ആദ്യം അവളുടെ മനസ്സിലേക്ക് വരുന്ന ചോദ്യം- “ഇത് എന്‍റെ തെറ്റുകൊണ്ടാണോ സംഭവിച്ചത്. എന്തുകൊണ്ടാണ് സ്ത്രീ അങ്ങനെ ചിന്തിക്കുന്നത്? ചെറുപ്പം മുതലേ അവളെ ശീലിപ്പിക്കുന്നത് അങ്ങനെ ചിന്തിക്കാനാണ്. 

തന്‍റെ ഭാഗത്ത് നിന്നുള്ള എന്തോ കുഴപ്പം കൊണ്ടാണ് തനിക്ക്‌ അതിക്രമത്തിനു ഇരയാകേണ്ടി വരുന്നതെന്ന് അവളെ പഠിപ്പിക്കുന്നു. ഒരു സ്ത്രീയുടെ ധര്‍മ്മം എന്തെല്ലാമാണ്? എല്ലാം സഹിക്കണം, ക്ഷമിക്കണം, ശബ്ദം ഉയര്‍ത്തി സംസാരിക്കരുത്. പ്രതികരിക്കാന്‍ പ്രാപ്തിയില്ലാത്തവളായി അവളെ വളര്‍ത്തുന്നു. പ്രതികരിച്ചാല്‍, ശബ്ദം ഉയര്‍ത്തിയാല്‍ അവള്‍ മോശക്കാരിയാകുന്നു. പീഡനത്തിനിരയായ സ്ത്രീയുടെ നേരെ ചോദ്യങ്ങള്‍ ഉയരുന്നു.

 അവള്‍ എന്തുകൊണ്ട് എതിര്‍ത്തില്ല, എന്തുകൊണ്ട് കാലില്‍വീണ് ഉപദ്രവിക്കരുതെന്ന് അപേക്ഷിച്ചില്ല, എന്തുകൊണ്ട് രക്ഷപെടാന്‍ ശ്രമിച്ചില്ല??? ഇങ്ങനെ പോകുന്നു ചോദ്യങ്ങള്‍. ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ 2012 മുതല്‍ 2016 വരെയുള്ള കണക്കുകള്‍ കാണിക്കുന്നത് ഇന്ത്യയില്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ട ലൈംഗിക അതിക്രമ കേസുകളില്‍ ഇരയാക്കപ്പെട്ടവരില്‍ 40 ശതമാനത്തോളം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളാണ് എന്നാണ്. 

95% പേര്‍ക്കും അതിക്രമം നേരിട്ടത് പരിചയമുള്ള ആളുകളില്‍ നിന്നാണ്. ഓരോ മൂന്നു മിനിറ്റിലും ഒരു സ്ത്രീ ഇന്ത്യയില്‍ അതിക്രമത്തിന്‌ ഇരയാകുന്നു എന്നാണ് കണക്ക്. 2018 ലെ കണക്കു പ്രകാരം ഡല്‍ഹിയില്‍ മാത്രം ഒരു ദിവസം ശരാശരി അഞ്ചു സ്ത്രീകള്‍ മാനഭംഗത്തിന് ഇരയാകുന്നു. 2015 മുതല്‍ 2016 വരെയുള്ള ദേശീയ കുടുംബ സര്‍വ്വേ പ്രകാരം അഞ്ചില്‍ രണ്ട് സ്ത്രീപീഡനങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെടാതെ പോകുന്നു. പീഡനത്തിനിരയായ സ്ത്രീയെ കുടുംബത്തിന്‍റെ അഭിമാനം കാക്കാന്‍ കൊലപ്പെടുത്തുന്നരീതി പല രാജ്യങ്ങളിലും ഉള്ളതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 

തൊഴിലിടങ്ങളിലെ ലൈംഗിക അതിക്രമങ്ങൾ...

സ്ത്രീകളോട് തങ്ങളുടെ കരുത്തു കാണിക്കുക, അവരെ അപമാനിക്കുക, ഭയപ്പെടുത്തുക എന്നെല്ലാമാണ് ലൈംഗിക അതിക്രമത്തിലൂടെ അത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്ന പുരുഷന്മാര്‍ ഉദ്ദേശിക്കുന്നത്. ലൈംഗിക അതിക്രമണങ്ങൾ നടത്തുന്നവരില്‍ എങ്ങനെ ഇത്തരം മാനസികാവസ്ഥ രൂപംകൊണ്ടു?. അവരില്‍ ചെറുപ്പകാലത്ത് അനുഭവിക്കേണ്ടിവന്ന ക്രൂര പീഡനങ്ങള്‍മൂലം സഹജീവികളോട്, പ്രത്യേകിച്ച് തന്നെക്കാളും ബലം കുറഞ്ഞവരോട് (സ്ത്രീകളോടും കുട്ടികളോടും) സഹാനുഭൂതിയോ ദയയോ ഇല്ലാതെയാകുന്നു എന്നതാണ് ഒരു കാരണം. 

ചില പുരുഷന്മാര്‍ തങ്ങളുടെ ശക്തി നശിച്ചുപോകുന്നു എന്ന തോന്നലുണ്ടാകുമ്പോള്‍ അതിനെ പുനർജ്ജീവിപ്പിക്കാനായി ലൈംഗിക അതിക്രമം നടത്തുന്നു. ഇന്റര്‍നാഷണല്‍ മെന്‍ ആന്‍ഡ്‌ ജെന്‍ഡര്‍ ഇക്വാളിറ്റി സര്‍വ്വേ 2011 പ്രകാരം ഇന്ത്യയില്‍ 24 ശതമാനം പുരുഷന്മാര്‍ ഒരിക്കലെങ്കിലും സ്ത്രീകളെ ലൈംഗികമായി അതിക്രമിച്ചിട്ടുള്ളവരാണ്. എന്നാല്‍ ലൈംഗിക അതിക്രമങ്ങളുടെ യഥാര്‍ത്ഥ കണക്കുകള്‍ ഇതിലും വളരെ കൂടുതലാണ് എന്നതാണ് സത്യം. 

തൊഴിലിടങ്ങളിലെ ലൈംഗിക അതിക്രമങ്ങളുടെ കാരണങ്ങള്‍ കാലിഫോര്‍ണിയ പോളിടെക്നിക് സ്റ്റേറ്റ് സര്‍വകലാശാലയിലെ ഡോ. ഷോണ്‍ ബേര്‍ണിന്‍റെ അഭിപ്രായപ്രകാരം തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങളിലൂടെ ലക്ഷ്യം വയ്ക്കുന്നത് സ്ത്രീയുടെമേല്‍ ആധിപത്യം സ്ഥാപിക്കുക എന്നതാണ്. 

പരമ്പരാഗതമായി പുരുഷ മേധാവിത്വം നിലനില്‍ക്കുന്ന തൊഴിലിടങ്ങളിൽ സ്ത്രീകളെ ഭീഷണിപ്പെടുത്തുക, അടിച്ചമര്‍ത്തുക, ദുര്‍ബലപ്പെടുത്തുക, നിരുത്സാഹപ്പെടുത്തുക എന്നൊക്കെയുളള ഉദ്ദേശങ്ങളാണ് പുരുഷന്മാരെ ഇതിനു പ്രേരിപ്പിക്കുന്നത്. മുന്‍പ് പുരുഷന്മാര്‍ അടക്കി വാണിരുന്ന തൊഴില്‍ മേഖലകളില്‍ കടന്നുചെല്ലുന്ന സ്ത്രീകള്‍ ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയാകാന്‍ സാധ്യത കൂടുതലാണ്. 

തൊഴിലിടങ്ങളില്‍ സ്ത്രീകളെ സ്പര്‍ശിക്കുക, സ്ത്രീകളോട് ലൈംഗിക ചുവയുള്ള സംസാരം നടത്തുക, ലൈംഗികമായി ബന്ധപ്പെടാന്‍ ആവശ്യപ്പെടുക, അശ്ലീലചിത്രം കാണിക്കുക എന്നിവയെല്ലാം ലൈംഗിക പീഡനത്തിന്‍റെ പരിധിയില്‍
വരുന്നവയാണ്.

ഗാര്‍ഹിക പീഡനങ്ങള്‍...

മിക്ക കേസുകളിലും ഗാര്‍ഹിക പീഡനങ്ങളില്‍ കുറ്റവാളികളായി കണ്ടുവരുന്നത്‌ ഭര്‍ത്താക്കന്മാരാണ്. ഇന്ത്യയില്‍ 31 ശതമാനം വിവാഹിതരായ സ്ത്രീകള്‍ ശാരീരികവും, മാനസികവും, ലൈംഗികവുമായ പീഡനങ്ങള്‍ക്ക് ഇരയാകുന്നു. വിവാഹിതരല്ലാത്ത സ്ത്രീകളില്‍ 27 ശതമാനം ബന്ധുക്കളില്‍ നിന്നും, 18 ശതമാനം കാമുകന്മാരില്‍നിന്നും, 17 ശതമാനം സുഹൃത്തുക്കളില്‍ നിന്നും പീഡനങ്ങള്‍ക്ക് ഇരയാകുന്നു എന്നാണ് കണക്ക്.

തട്ടിക്കൊണ്ടുപോകല്‍...

ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ പുറത്തുവന്ന കണക്കുകള്‍ ഞെട്ടിപ്പിക്കുന്നതാണ്. 2016ല്‍ ദിവസേന 180 തിലേറെ പെൺകുട്ടികളെയാണ് തട്ടിക്കൊണ്ടുപോയത്. ഇതില്‍ 100 പേരെയോളം വിവാഹം കഴിക്കുന്നതിനും, മറ്റുള്ളവരെ ലൈംഗിക ചൂഷണത്തിനും വേണ്ടിയായിരുന്നു തട്ടിക്കൊണ്ടുപോയത്. 18നും 30നും ഇടയില്‍ പ്രായമുള്ള സ്ത്രീകളെയാണ് തട്ടികൊണ്ടുപോകുന്നവര്‍ ലക്ഷ്യം വയ്ക്കുന്നത്. ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയായ സ്ത്രീകളുടെ മാനസികാവസ്ഥ...

1. വല്ലാത്ത ഭയം
2. ആരെയും പ്രത്യേകിച്ച് പുരുഷന്മാരെ വിശ്വസിക്കാന്‍ കൊള്ളില്ല എന്ന തോന്നല്‍
3. നിസ്സഹായയാണ് എന്ന തോന്നല്‍
4. ഇതെല്ലാം സംഭവിച്ചത് സ്വന്തം ബലഹീനതകൊണ്ടാണ് എന്ന തോന്നല്‍
5. സ്വയം കുറ്റപ്പെടുത്തല്‍
6. നടന്നതെല്ലാം ഒരു സിനിമ കാണും പോലെ ആവര്‍ത്തിച്ച് മനസ്സിലേക്ക് വന്നുകൊണ്ടിരിക്കും

എന്തുകൊണ്ടാണ് സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ പലതും റിപ്പോര്‍ട്ട്‌ ചെയ്യപ്പെടാത്തത്? മറ്റുള്ളവര്‍ അറിയും എന്ന നാണക്കേടുകൊണ്ടോ, കുടുംബത്തിന്‍റെ പേരു ചീത്തയാകും. എന്നതു കൊണ്ടോ, ഭീഷണിമൂലമോ മിക്ക സ്ത്രീകളും ഇതു റിപ്പോര്‍ട്ട്‌ ചെയ്യാന്‍ തയ്യാറാകില്ല. ചില കേസുകളില്‍ പലതവണ അതിക്രമം നേരിട്ടതിനു ശേഷമാകും ഇര അത് നിയമത്തിനു മുന്‍പില്‍ തുറന്നുപറയാന്‍ ധൈര്യം കാണിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഇരയുടെ സമ്മതം കൂടാതെ ബലപ്രയോഗത്തിലൂടെ അവളെ കീഴ്പ്പെടുത്തി, അവളെ വേദനിപ്പിച്ച് ആനന്തം കണ്ടെത്തുകയാണ് ലൈംഗിക അതിക്രമം നടത്തുന്നവര്‍ ചെയ്യുന്നത്.

സ്ത്രീസുരക്ഷ എങ്ങനെ ഉറപ്പുവരുത്താം?

സ്ത്രീകള്‍ തങ്ങള്‍ നേരിടുന്ന ചൂഷണങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യാന്‍ മുന്നോട്ടു വരികയും അതുവഴി ചൂഷകര്‍ ശിക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്തുകയും ചെയ്യണം. തങ്ങളുടെ ദുരനുഭവങ്ങള്‍ പുറത്തു പറയുന്നത് കുടുംബത്തിനും ഭാവിജീവിതത്തിനുമൊക്കെ ദോഷം ചെയ്യുമെന്ന് ചെറുപ്പം മുതലേ പെണ്‍കുട്ടികളെ പഠിപ്പിക്കുന്ന രീതി അവസാനിപ്പിക്കണം. 

ഇരയെ അപഹസിക്കുന്ന സമൂഹത്തിന്‍റെ മനോഭാവം ശരിയല്ല. സ്ത്രീകള്‍ ആധുനിക വസ്ത്രധാരണത്തിനു പകരം പരമ്പരാഗത രീതി സ്വീകരിച്ച്, രാത്രിയിലുള്ള സഞ്ചാരം അവസാനിപ്പിച്ച്, വീട്ടില്‍തന്നെ ഇരുന്നാല്‍ പൂര്‍ണ്ണ സുരക്ഷിതരാകും എന്ന ഇടുങ്ങിയ ചിന്താഗതിക്കു മാറ്റം വരേണ്ട കാലം കഴിഞ്ഞിരിക്കുന്നു. എല്ലാ മേഖലയിലും സ്ത്രീകള്‍ക്കു സുരക്ഷിതരായി ജോലിചെയ്യാനുള്ള സാഹചര്യമുണ്ടാകാന്‍ എന്തെല്ലാം ചെയ്യേണ്ടതുണ്ട് എന്ന നിലയിലുള്ള ചിന്തകളും ചര്‍ച്ചകളും നടത്തേണ്ട സമയമാണിത്.

എഴുതിയത്:

പ്രിയ വര്‍ഗീസ്‌
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്
പ്രതീക്ഷ, പുഷ്പഗിരി മെഡിക്കല്‍ കോളേജ്.

click me!