Asianet News MalayalamAsianet News Malayalam

Mercedes : അച്ഛനെപ്പോലെ ആ മകളുടെ പേര് സ്വീകരിച്ച് 'മാതാവും', ഈ വണ്ടിക്കമ്പനി ഇനി മുതല്‍ മെഴ്‍സിഡസ്!

1926-ൽ ഡെയിംലര്‌‍ ബെന്‍സ് എജി ആയി യാത്ര ആരംഭിച്ച വാഹന നിർമ്മാതാവിന്റെ സമീപകാല പുനഃസംഘടനകളിലെ ഏറ്റവും പുതിയ മാറ്റമാണ് ഈ റീബ്രാൻഡിംഗ്

Daimler to be officially rebranded as Mercedes Benz on February 1
Author
Mumbai, First Published Jan 31, 2022, 10:33 AM IST

ര്‍മ്മന്‍ ആഡംബര വാഹന ബ്രാന്‍ഡായ മെഴ്‍സിഡസ് ബെന്‍സിന്‍റെ മാതൃ കമ്പനിയാണ് ഡെയിംലർ എജി. ഒരു നൂറ്റാണ്ട് തികയാന്‍ ഒരുങ്ങുന്ന ഡെയ്‌മ്‌ലർ എജിയുടെ പേരില്‍ വന്‍ മാറ്റത്തിന് ഒരുങ്ങുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ട്. 2021 ഫെബ്രുവരി ഒന്നുമുതല്‍ ഡെയിംലർ എജി മെഴ്‌സിഡസ്-ബെൻസ് ഗ്രൂപ്പ് എജി എന്ന് പുനർനാമകരണം ചെയ്യപ്പെടും എന്ന് റോയിട്ടേഴ്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു. 1926-ൽ ഡെയിംലര്‍ ബെന്‍സ് എജി എന്ന പേരിൽ യാത്ര ആരംഭിച്ച വാഹന നിർമ്മാതാവിന്റെ സമീപകാല പുനഃസംഘടനകളിലെ ഏറ്റവും പുതിയ മാറ്റമാണ് ഈ റീബ്രാൻഡിംഗ്. ജര്‍മ്മനിയിലെ ഒരു ഓട്ടോമൊബൈൽ ഡീലറുടെ മകളുടെ പേരില്‍ തുടങ്ങിയ മെഴ്‌സിഡസ് ബ്രാൻഡ്, 1902-ൽ ഡെയിംലർ AG എന്ന് ഔദ്യോഗികമായി പേര് സ്വീകരിക്കുകയായിരുന്നു. 

ഡെയിംലർ സിഇഒ ഒല കല്ലേനിയസ് ആണ് ഇക്കാര്യം വ്യക്തമാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. കമ്പനി ഇലക്ട്രിക്ക് വാഹന മേഖലയിലേക്ക് കൂടുതല്‍ ചുവടുറപ്പിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് ഈ നീക്കം എന്ന് ഓട്ടോമോട്ടീവ് ന്യൂസ് യൂറോപ്പ് റിപ്പോര്‍ട്ട് ചെയ്യുന്നു. ടെസ്‌ലയെ എതിർക്കാൻ ഈ വർഷം അതിന്റെ എല്ലാ സെഗ്‌മെന്റുകളിലും ബാറ്ററിയിൽ പ്രവർത്തിക്കുന്ന മോഡലുകൾ കൊണ്ടുവരാനാണ് മെഴ്‌സിഡസ് ലക്ഷ്യമിടുന്നത്.

“ഗുണനിലവാരം ഉയർത്താൻ ഞങ്ങൾക്ക് ഒരു യഥാർത്ഥ അവസരമുണ്ട്,” കല്ലേനിയസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു, കമ്പനിയുടെ ഒരു നിർദ്ദിഷ്ട ടാർഗെറ്റ് മൂല്യം, കഴിഞ്ഞ 12 മാസത്തിനിടെ മൂല്യത്തിൽ ഏകദേശം 40 ശതമാനം ഉയർന്ന് നിലവിലെ മൂല്യമായ 74 ബില്യൺ യൂറോയിലേക്ക് കടന്നുവെന്നും കമ്പനി പറയുന്നു. 

മെഴ്‍സിഡസ് ബെന്‍സിന്‍റെ പേരിന് പിന്നിലെ കഥ
ഒരു ഓട്ടോ മൊബൈല്‍ ഡീലറുടെ മകളുടെ പേര് ലോകത്തിലെ ഏറ്റവും വലിയ കാർ നിർമാണ കമ്പനികളിൽ ഒന്നിന് ലഭിച്ചതിനെപ്പറ്റി തുടക്കത്തില്‍ സൂചിപ്പിച്ചു. കാറുകളോട്‌ കമ്പം പോലുമില്ലാത്ത ഒരു പെണ്‍കുട്ടിയുടെ പേര് വാഹനലോകത്ത് തിളക്കത്തോടെ വീണ്ടും വീണ്ടും ഉദിച്ചുയരുമ്പോള്‍ മെഴ്‍സിഡസ് ബെന്‍സിന്‍റെ ആ ചരിത്രം അറിയാം. ആ കഥ ഇങ്ങനെ.

ജർമൻ വ്യാപാരിയും ഓസ്ട്രിയൻ നയതന്ത്രജ്ഞനും ആരുന്ന എമിൽ ജെലിനെക്കിന്റെ മൂത്തമകളായിരുന്നു 'മെഴ്‍സിഡസ് ജെലിനെക്ക്'. 1896 -ൽ വിയന്നയിലായിരുന്നു അവളുടെ ജനനം. ദയ എന്നർത്ഥമുള്ള ഒരു സ്പാനിഷ് ക്രിസ്ത്യൻ നാമമായിരുന്നു 'മെഴ്‍സിഡസ്'. തന്‍റെ വ്യാപാരം പച്ചപിടിച്ചത്, സമ്പത്ത് കൂമ്പാരമാകാൻ തുടങ്ങിയത് ഒക്കെ, മകൾ 'മെഴ്‌സിഡസ്' തന്റെ ജീവിതത്തിലേക്ക് കടന്നുവന്ന ശേഷമാണ് എന്നായിരുന്നു എമിലിന്റെ ഉറച്ച വിശ്വാസം. 

എമിലിന്റെ കണ്മുന്നിലായിരുന്നു യൂറോപ്പിലെ കാർ വ്യവസായത്തിന്റെ വളർച്ച.  ഏറെ സാദ്ധ്യതകൾ ഒളിഞ്ഞുകിടക്കുന്ന ഒന്നാണ്  അതെന്ന് അദ്ദേഹത്തിന് അതിന്റെ പ്രാരംഭദിശയിൽ തന്നെ ബോധ്യപ്പെട്ടിരുന്നു. 1896 ഡെയിംലർ മോട്ടോർ കമ്പനിയുടെ പരസ്യം കണ്ടപ്പോൾ തന്നെ അദ്ദേഹം അതിൽ ആകൃഷ്ടനായി. എന്താണ് സംഭവം എന്ന് നേരിൽ കണ്ടു ബോധ്യപ്പെടാൻ വേണ്ടി എമിൽ ജർമനിയിലെ കാൻസ്റ്റാറ്റിലുള്ള ഡെയ്മ്ലെറിന്റെ ഫാക്ടറി സന്ദർശിക്കാനായി വെച്ചുപിടിച്ചു. അവിടെ ചെന്ന് കാര്യങ്ങളൊക്കെ കണ്ടപ്പോൾ ഒരു കാർ സ്വന്തമാക്കണം എന്നായി. ഉപയോഗിച്ചുതുടങ്ങി അധികം താമസിയാതെ എമിൽ അതിന്റെ ഒരു ഡീലർഷിപ്പും സ്വന്തമാക്കി. 
 
കാറുകളോട്‌ ഉള്ള ഭ്രമം പോലെ അദ്ദേഹത്തിന് റേസിങ്ങിലും അപാരമായ താത്പര്യമായിരുന്നു. അദ്ദേഹം തന്റെ ഡെയ്മ്ലെർ കാറുമായി 1899 -ൽ നടന്ന നൈസ് കാർ റാലിയിൽ പങ്കെടുത്തു. തന്റെ മകൾ മെഴ്സിഡസിന്റെ പേരിൽ ആയിരുന്നു ആ റാലി എമിലിന്റെ ടീം വിജയകരമായി പൂർത്തിയാക്കിയത്. അടുത്ത ഒരു വർഷം കൊണ്ട് എമിൽ 30 കാറുകൾ വിറ്റു. അന്ന് അതൊക്കെ വമ്പിച്ച സെയിൽസ് ആയിരുന്നു. കൂടുതൽ മികച്ച കാറുകൾ നിർമിക്കാൻ വേണ്ടി എമിൽ എന്നും സമ്മർദ്ദം ചെലുത്തിക്കൊണ്ടിരുന്നു കമ്പനിക്കുമേൽ. 

എമിൽ വളരെ കഠോരമായ വാക്കുകളിലാണ്, ഡെയിംലർ ഡിസൈനർമാരോട് തന്റെ വിയോജിപ്പുകൾ രേഖപ്പെടുത്തിയിരുന്നത്.

" നിങ്ങളുടെ ഡിസൈനർമാരെ വല്ല ഭ്രാന്താശുപത്രിയിലും കൊണ്ടിടുകയാണ് വേണ്ടത്. " "കുതിരവണ്ടിയേക്കാൾ ഒട്ടും മെച്ചമല്ല നിങ്ങളുടെ കാർ. പിന്നെ എനിക്ക് കുതിരവണ്ടി തന്നെ അങ്ങുപയോഗിച്ചാൽ പോരെ? എന്തിനാ ഞാൻ നിങ്ങളുടെ ഈ ലൊടുക്ക് കാർ വാങ്ങുന്നെ ?"

എമിലിന്റെ നിരന്തര പീഡനങ്ങളാണ് കുറേക്കൂടി നല്ല പെർഫോമൻസ് ഉള്ള ഒരു സ്പോർട്സ് കാർ നിർമിക്കാൻ ഡെയ്മ്ലെർ കമ്പനിയെ പ്രേരിപ്പിച്ചത്.

" റേസിങ്ങിൽ ജയിക്കാൻ പറ്റുന്നവന്റെ വണ്ടിയേ നാളെ ആളുകൾ വാങ്ങൂ. എന്നും ആളുകൾക്ക് പ്രിയം ജയിക്കുന്നവരെത്തന്നെ ആയിരിക്കും. എന്നും അതങ്ങനെ തന്നെ ആയിരിക്കും. റേസിങ്ങിൽ നിന്ന് വിട്ടുനിൽക്കുന്നത് ഒരു കമേഴ്‌സ്യൽ സൂയിസൈഡ് ആണ്... " എന്ന് എമിൽ അന്ന് വളരെ കൃത്യമായി പറഞ്ഞു.

 വില്പന അത്ര പന്തിയല്ലാത്ത ഒരു വർഷം, എന്തുചെയ്യണം എന്നറിയാതെ നിന്ന ഡെയ്മ്ലെർ മാനേജർമാർക്ക് മുന്നിൽ എമിൽ ഒരു ഓഫർ വെച്ചു, "എന്റെ മോളുടെ പേര് ഇടാമോ കാറിന് ? എങ്കിൽ ഞാൻ 36 എണ്ണം ഒറ്റയടിക്ക് വാങ്ങാം". അമേരിക്കയിലേക്കും, പല യൂറോപ്യൻ രാജ്യങ്ങളിലേക്കും ഡെയ്മ്ലെർ സപ്ലൈ ചെയ്യാനുള്ള അവകാശം അയാൾ നേരത്തെ സ്വന്തമാക്കിക്കഴിഞ്ഞിരുന്നു. ഒടുവിൽ ഡെയ്മ്ലെർ മോട്ടോർസ് എമിലിന്റെ വാക്ക് ചെവിക്കൊണ്ടു. 1901 -ൽ അവർ പുറത്തിറക്കിയ പുതിയ സ്പോർട്സ് കാറിന് അവർ മെഴ്സിഡസ് 35 HP എന്ന് പേരിട്ടു. അത് അക്കൊല്ലത്തെ നൈസ് റേസുകളിലെ പിടിച്ചാൽ കിട്ടാത്ത താരമായി. അതോടെ ഡെയ്മ്ലെർ മോട്ടോഴ്സിന്റെ വില്പന ആകാശം തൊട്ടു. അക്കൊല്ലത്തെ പത്രങ്ങൾ വെണ്ടക്കാ അക്ഷരത്തിൽ തലക്കെട്ട് നിരത്തി, " ഇത് 'മെഴ്‍സിഡസ്' യുഗത്തിന്റെ പിറവി..."
 
സ്വന്തം പേരിൽ പുറത്തിറങ്ങിയ ഒരു മോട്ടോർ കാർ നാട്ടിലെ കാർപ്രേമികളുടെ ഹരമായി മാറിയ 1901 -ൽ മെഴ്‍സിഡസിന് പ്രായം വെറും പതിനൊന്നു വയസുമാത്രം. അവൾക്ക് 13 വയസ്സുള്ളപ്പോൾ, അച്ഛൻ എമിൽ മകളുടെ ഭാഗ്യത്തെ പിന്തുടർന്ന് സ്വന്തം പേരുപോലും മാറ്റി ജെലിനെക്ക് മെഴ്‍സിഡസ് എന്നാക്കി. അത് ഒരുപക്ഷേ ലോകത്തിലെ തന്നെ ആദ്യ സംഭവമായിരുന്നിരിക്കണം. ഒരു അച്ഛൻ ആദ്യമായി മകളുടെ പേര് അക്ഷരാർത്ഥത്തിൽ 'സ്വന്ത'മാക്കി. എന്നാൽ അദ്ദേഹം പ്രതീക്ഷിച്ച ഒരു സമ്പൽസമൃദ്ധി പിന്നീട് അങ്ങോട്ടുണ്ടായില്ല. ഒന്നാം ലോകമഹായുദ്ധകാലത്ത് ജെലിനെക്കിനുമേൽ ചാരപ്രവർത്തനത്തിന്റെ ആരോപണം ഉന്നയിക്കപ്പെട്ടു. അദ്ദേഹത്തിന്റെ സമ്പത്തുമുഴുവൻ കണ്ടുകെട്ടി. 1918 -ൽ സ്വിറ്റ്‌സർലണ്ടിൽ ഒരു അഭയാർത്ഥിയായി കഴിഞ്ഞു കൂടുന്ന കാലത്ത് അദ്ദേഹം  മരണപ്പെട്ടു. 
 
മകൾ മെഴ്‍സിഡസോ? അവളുടെ ആദ്യവിവാഹം വിവാഹമോചനത്തിൽ ചെന്നവസാനിച്ചു. പിന്നെയും വിവാഹം കഴിച്ചു. അതും പരാജയപ്പെട്ടു. രണ്ടിലുംകൂടി രണ്ടു കുട്ടികള്‍ മാത്രം അവശേഷിച്ചു. ആദ്യ ഭർത്താവ് നിർബന്ധിത സൈനിക സേവനത്തിന് പറഞ്ഞയക്കപ്പെട്ടു. രണ്ടാമത്തെ ഭർത്താവ് വിവാഹം കഴിഞ്ഞ് ഏറെ നാള്‍ പിന്നിടും മുമ്പേ മരിച്ചും പോയി. രണ്ടു നേരം വയറുനിറക്കാൻ അയല്‍പ്പക്കത്ത് താമസിക്കുന്നവരോട് കൈ നീട്ടി ഇരക്കേണ്ടി വന്നു മെഴ്‍സിഡസിന്.   1929 -ൽ 39-ാം വയസില്‍ അസ്ഥിയിലെ കാൻസർ ബാധയെത്തുടർന്ന് മരണത്തിന് കീഴടങ്ങിയ  'മെഴ്‍സിഡസ്' വിയന്നയിലെ കുടുംബക്കല്ലറയിലേക്ക് മടങ്ങി. 

മെഴ്‍സിഡസിന്റെ മരണത്തിന് മൂന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ് കാൾ ബെൻസ് എന്ന ഒരു മെക്കാനിക്കൽ എഞ്ചിനീയർ തുടങ്ങിയ ബെന്‍സ് എന്ന കാർ കമ്പനി നഷ്‍ടത്തിലേക്ക് കൂപ്പുകുത്തിക്കിടന്ന ഡെയ്മ്ലെർ മോട്ടോഴ്സിനെ വിഴുങ്ങിയിരുന്നു. 1926ല്‍ ഇരുകമ്പനികളും കൂടി ലയിപ്പിച്ചുകൊണ്ട് ഡെയിംലര്‍ ബെന്‍സ് എജി എന്ന പുതിയൊരു സ്ഥാപനം തുടങ്ങിയ കാള്‍ ബെൻസ് പക്ഷേ 'മെഴ്‍സിഡസ്' എന്ന ഭാഗ്യനാമം ഒഴിവാക്കാന്‍ ഒരുക്കമായിരുന്നില്ല. ഡെയിംലര്‍ ബെന്‍സിന് കീഴില്‍ 'മെഴ്‍സിഡസ്-ബെൻസ്' എന്ന വ്യാപാരനാമം അങ്ങനെയാണ് ഉണ്ടാകുന്നത്. ഇപ്പോഴിതാ പണ്ട് മെഴ്‍സിഡസിന്‍റെ അച്ഛന്‍ ചെയ്‍തതുപോലെ ഒരു നൂറ്റാണ്ടിനകം മെഴ്‍സിഡസിന്റെ പേര് മുഴുവനായും ഡെയിംലര്‍ ബെന്‍സ് സവീകരിച്ചിരിക്കുന്നു എന്നതും കൌതുകകരമാണ്.  ചുരുക്കത്തില്‍, മകളുടെ ഭാഗ്യത്തിൽ വിശ്വസിച്ചു കൊണ്ട് ഒരച്ഛൻ നടത്തിയ ആ  'പേരിടീൽ', കാർ നിർമ്മാണ വ്യവസായത്തിന്റെ ചരിത്രത്തിൽ തങ്കലിപികളാൽ എഴുതപ്പെട്ട ഒരു വിലപിടിപ്പുള്ള ബ്രാൻഡ് നാമമായി ഇന്നും തലയെടുപ്പോടെ നിലനിൽക്കുന്നു.  

Follow Us:
Download App:
  • android
  • ios