Asianet News MalayalamAsianet News Malayalam

സുവർണ ചതുർഭുജ ഹൈവേയിൽ വൻമാറ്റത്തിനൊരുങ്ങി കേന്ദ്രം, റോഡിൽ ഇലക്ട്രിക് ലൈനുകൾ, ഒരുങ്ങുന്നത് വമ്പൻ പ​ദ്ധതി 

റെയിൽവേ പാളങ്ങളിലുള്ള ഇലക്ട്രിക് ലൈനുകൾ പോലെ ഹൈവേകളിൽ വൈദ്യുതി ലൈനുകൾ സ്ഥാപിക്കും. ആ ലൈനുകളുടെ സഹായത്തോടെ വാഹനങ്ങൾ നീങ്ങും. ജര്‍മ്മനിയൽ ഇതിനോടകം തന്നെ ഇത്തരം ഹൈവേ പ്രവർത്തിക്കുന്നുണ്ട്.

Union government introduce new Project in golden golden quadrilateral highway for Electric vehicles prm
Author
First Published Jan 14, 2024, 8:02 PM IST

ദില്ലി: ഇന്ത്യയുടെ നാല് പ്രധാന മെട്രോ നഗരങ്ങളെ ബന്ധിപ്പിക്കുന്ന സുവർണ ചതുർഭുജ ഹൈവേയെ (ഗോൾഡൻ ക്വാഡ്രിലാറ്ററല്‍ ഹൈവേ) 2030 ഓടെ ഇലക്ട്രിക് വാഹന സൗഹൃദമാക്കാനുള്ള നടപടികളിലേക്ക് കേന്ദ്ര ഗതാഗത വകുപ്പ്. ഇതോടെ പെട്രോൾ, ഡീസൽ വാഹനങ്ങളുണ്ടാക്കുന്ന മലിനീകരണം കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷ. ദില്ലി, കൊൽക്കത്ത, ചെന്നൈ, മുംബൈ മെട്രോ നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന 6000 കിലോമീറ്റർ ദൂരം വരുന്ന റോഡ് ശൃംഖലയാണ് സുവർണ ചതുർഭുജ ഹൈവേ. 

ഹൈവേയിൽ സുപ്രധാനമായ അടിസ്ഥാന സൗകര്യ വികസനത്തിന് തുടക്കം കുറിക്കുകയാണ് കേന്ദ്ര ഗതാഗത വകുപ്പ്. രണ്ടു രീതിയിലായിരിക്കും പദ്ധതി നടപ്പാക്കുക. ആദ്യഘട്ടത്തിൽ പൊതുഗതാഗത വാഹനങ്ങൾക്കാകും ഊന്നൽ. രാജ്യത്തെ പ്രധാനപ്പെട്ട ഡീസൽ ബസ് ഉടമകളുമായി കേന്ദ്ര ഗതാഗത വകുപ്പ് പ്രാരംഭ ചർച്ചകൾ നടത്തി കഴിഞ്ഞു. ആദ്യ ഘട്ടത്തിൽ 8,00,000 ഡീസൽ ബസുകൾക്ക് പകരം ഇലക്ട്രിക്ക് ബസുകൾ വരും.

ഇലക്ട്രിക് ബസുകൾക്ക് വേണ്ടി ഹൈവേയുടെ വിവിധ ഇടങ്ങളിൽ ചാർജ്ജിംഗ് സംവിധാനമൊരുക്കും. സൗകര്യങ്ങൾ വന്നാൽ സ്വകാര്യ വാഹന ഉടമകളും മെല്ലെ ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുമെന്ന് കേന്ദ്രസർക്കാർ പ്രതീക്ഷിക്കുന്നു. പദ്ധതിയുടെ രണ്ടാം ഘട്ടമാണ് ഏറെ പ്രധാനം. സുവർണ്ണ ചതുർഭുജത്തെ ഇലക്ട്രിക് ഹൈവേ ആക്കി മാറ്റുകയാണ് രണ്ടാംഘട്ടത്തിലെ ലക്ഷ്യം. അതിനായി നിലവിൽ റെയിൽവേ പാളങ്ങളിലുള്ള ഇലക്ട്രിക് ലൈനുകൾ പോലെ ഹൈവേകളിൽ വൈദ്യുതി ലൈനുകൾ സ്ഥാപിക്കും. ആ ലൈനുകളുടെ സഹായത്തോടെ വാഹനങ്ങൾ നീങ്ങും. ജര്‍മ്മനിയൽ ഇതിനോടകം തന്നെ ഇത്തരം ഹൈവേ പ്രവർത്തിക്കുന്നുണ്ട്. 

ഇലക്ട്രിക്ക് ഹൈവേകളുടെ നിര്‍മ്മാണം ബിൽഡ്-ഒപ്പറേറ്റ്-ട്രാൻസഫര്‍ മോഡലിൽ സ്വകാര്യ കമ്പനികളാകും പൂര്‍ത്തിയാക്കുക. പിന്നീട് ഒരു നിശ്ചിത കാലയളവിലേക്ക് ഇതിന്റെ നടത്തിപ്പും നിര്‍മ്മിക്കുന്ന കമ്പനിക്കായിരിക്കും. ടോളുകളിലൂടെയും മറ്റും ഈ സ്വകാര്യ കമ്പനികൾ ലാഭം ഉണ്ടാക്കിയ ശേഷം സര്‍ക്കാരിന് കൈമാറും. കാർബൺ ബഹിർഗമനം കാരണമുണ്ടാകുന്ന വായു മലിനീകരണം വലിയ അളവിൽ കുറയ്ക്കാൻ ആകുമെന്നതാണ് ആദ്യ നേട്ടം.

നിലവിലെ ഡീസൽ, പെട്രോൾ വാഹനങ്ങൾ മൂലം ഉണ്ടാകുന്ന ശബ്ദ മലീനികരണവും കുറയ്ക്കാനാകും. 6000 കീലോമീറ്റര്‍ ദൂരം വരുന്ന ഹൈവേയിൽ ഇത്രയും വലിയ ഒരു അടിസ്ഥാന സൗകാര്യ വികസനം വെറും 7 വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുക വെല്ലുവിളിയാണെങ്കില്ലും പദ്ധതി പൂര്‍ത്തിയായാൽ രാജ്യത്തിന്റെ ഗതാഗത സംവിധാനത്തിൽ വിപ്ലവകരമായ മാറ്റമുണ്ടാകും.

Latest Videos
Follow Us:
Download App:
  • android
  • ios