പ്രീമിയം ഹാച്ച്ബാക്കായ ഇഗ്നീസിന്‍റെ 2020 ഫേസ് ലിഫ്റ്റ് പതിപ്പിനെ  അവതരിപ്പിക്കുന്ന തീയ്യതി പുറത്തുവിട്ട് മാരുതി സുസുക്കി. നടക്കാനിരിക്കുന്ന ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ ഫെബ്രുവരി 7-ന് വാഹനത്തെ അവതരിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. 

പരീക്ഷണയോട്ടം നടത്തുന്ന 2020 ഇഗ്നിസിന്‍റെ ചിത്രങ്ങള്‍ ഓണ്‍ലൈന്‍ ലോകത്ത് നേരത്തേ പ്രചരിച്ചിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ എക്സ്‍പ്രസൊ മൈക്രോ എസ്‌യുവിയിൽ നിന്ന് പ്രചോദനം ഉൾകൊണ്ട ക്രോം ടച്ചുള്ള ഗ്രിൽ ആണ് എക്‌സ്റ്റീരിയലെ പ്രധാന ആകർഷണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഫോക്‌സ് സ്‌കഫ് പ്ലേറ്റുകൾ ചേർത്ത് മുൻപിലെയും പിന്നെലേയും ബമ്പറുകൾ പുതുക്കി. പിൻ ബമ്പറിൽ കുത്തനെ റിഫ്ളക്ടറുകളും സ്ഥാനം പിടിച്ചു.   സ്‍മാർട് പ്ലേ  സ്റ്റുഡിയോ ഇന്‍ഫോടെയിമെന്റ് സിസ്റ്റം 2020 ഇഗ്നിസ്സിലും ഇടം പിടിക്കും.

ആദ്യം വിപണിയിലെത്തിയപ്പോൾ പെട്രോൾ ഡീസൽ എഞ്ചിനുകളിൽ ഇഗ്നിസ് ലഭ്യമായിരുന്നെങ്കിലും പിന്നീട് ഡീസൽ എൻജിൻ ഓപ്ഷൻ മാരുതി സുസുക്കി പിൻവലിച്ചിരുന്നു. പുത്തൻ ഇഗ്നിസ് മോഡലും പെട്രോൾ എൻജിനിൽ മാത്രം വിപണിയിലെത്താനാണ് സാധ്യത. മാരുതി സുസുക്കി സ്വിഫ്റ്റിനെയും ബലേനോയെയും ചലിപ്പിക്കുന്ന BS6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കുന്ന 1.2-ലിറ്റർ, 4-സിലിൻഡർ പെട്രോൾ എഞ്ചിനാവും പുത്തൻ ഇഗ്നിസ്സിൽ ഇടംപിടിക്കുക. 83 എച്ച്പി പവറും 113 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന എൻജിൻ 5-സ്പീഡ് മാന്വൽ അല്ലെങ്കിൽ എഎംടി ഗിയർബോക്‌സുകളുമായി ബന്ധിപ്പിക്കും.

മാരുതി സുസുക്കിയുടെ സ്റ്റൈലിഷ് മോഡലായിരുന്ന റിറ്റ്സിനു പകരക്കാരനായി 2017-ലാണ് പ്രീമിയം ഹാച്ച്ബാക്കായ ഇഗ്നീസിനെ മാരുതി അവതരിപ്പിച്ചത്. 2019 മോഡല്‍ വാഹനത്തെ കഴിഞ്ഞ ഫെബ്രുവരിലും അവതരിപ്പിച്ചു. ഈ മോഡലാണ് നിലവില്‍ വിപണിയിലുള്ളത്. റിവേഴ്‌സ് പാര്‍ക്കിങ് അസിസ്റ്റ് സിസ്റ്റം, കോ-ഡ്രൈവര്‍ സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, ഹൈ സ്പീഡ് അലേര്‍ട്ട് എന്നീ സുരക്ഷാ സംവിധാനങ്ങള്‍ എല്ലാ വേരിയന്റിലും സ്റ്റാന്റേര്‍ഡായി ഉള്‍പ്പെടുത്തിയാണ് വാഹനം എത്തുന്നത്.

82 ബിഎച്ച്പി പവറും 113 എന്‍എം ടോര്‍ക്കും നല്‍കുന്ന 1.2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് പുതിയ ഇഗ്നിസിന്‍റെയും ഹൃദയം. 5 സ്പീഡ് മാനുവല്‍, 5 സ്പീഡ് എഎംടിയാണ് ട്രാന്സ്‍മിഷന്‍.

എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പ്, പ്രെജക്റ്റര്‍ ഹെഡ്‌ലാമ്പ്, റേഡിയേറ്റര്‍ ഗ്രില്‍ എന്നിവയെല്ലാം മുന്‍ മോഡലിന് സമാനമാണ്‌. ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗ്, എബിഎസ്, ഇബിഡി, സീറ്റ് ബെല്‍റ്റ് പ്രീ-ടെന്‍ഷനേഴ്‌സ്, ഐസോഫിക്‌സ് ചൈല്‍ഡ് സീറ്റ് ആങ്കര്‍ എന്നിവയും സുരക്ഷയ്ക്കായി ഇഗ്നീസിലുണ്ട്.

നെക്‌സ ബ്ലൂ, ഗ്ലിസ്റ്റനിങ് ഗ്രേ, സില്‍ക്കി സില്‍വര്‍, പേള്‍ ആര്‍ക്ടിക് വൈറ്റ്, ടിന്‍സല്‍ ബ്ലൂ, അപ്ടൗണ്‍ റെഡ് എന്നീ ആറ് സിംഗിള്‍ നിറങ്ങളിലും ടിന്‍സല്‍ ബ്ലൂ-പേള്‍ ആര്‍ക്ടിക് വൈറ്റ്, ടിന്‍സല്‍ ബ്ലൂ-മിഡ്‌നൈറ്റ് ബ്ലാക്ക്, അപ്ടൗണ്‍ റെഡ്-മിഡ്‌നൈറ്റ് ബ്ലാക്ക് എന്നീ മൂന്ന് ഇരട്ട നിറത്തിലുമാണ് വാഹനം എത്തുന്നത്. 4.79 ലക്ഷം മുതല്‍ 7.14 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.