ഓണമിങ്ങെത്തുമ്പോൾ ദൈവം തന്റെ സ്വന്തം നാടിനെ ഒന്നുകൂടി ചേർത്തു പിടിക്കും. പുതിയ ഉടുപ്പിട്ട്, തല നിറയെ പൂ വച്ച്, കാലിൽ പാദസരങ്ങളും മെയ് നിറയെ ആഭരണങ്ങളുമിട്ട് അണിയിച്ചൊരുക്കും. കേരളത്തിലെ ചില ജില്ലകൾ അങ്ങനെയാണ് ഓണനാളുകളിൽ‌ കൂടുതൽ അണിഞ്ഞൊരുങ്ങുന്നത്. നമ്മുടെ നാടിന്റെ തനതു കലകളും കളികളും കാഴ്ചകളുമായിരിക്കും ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ. ഓണമറിയണമെങ്കിൽ, ഓണത്തിന്റെ കഥകളും കലകളും കളികളും അറിയണമെങ്കിൽ ഈ അഞ്ചു ജില്ലകളിലെ ഓണാഘോഷങ്ങളിൽ കൂടി പങ്കെടുക്കണം. 

ഓണവില്ലിൻ തംബുരു മീട്ടി തിരുവനന്തപുരം

ശ്രീപദ്മനാഭന്റെ നാട്ടിലെ ഓണത്തിന് പണ്ടത്തെ മാവേലി നാടിന്റെ ഭം​ഗിയുണ്ട്. ഓണം വാരാഘോഷത്തിന് മുമ്പ് തന്നെ തലസ്ഥാന ന​ഗരം ഓണവിളക്കുകൾ തെളിക്കും. പ്രധാന തെരുവുകളും കെട്ടിടങ്ങളും വൈദ്യുതവിളക്കുകൾ കൊണ്ട് അലങ്കരിച്ചാണ് അനന്തപുരി ഓണത്തിന്റെ വരവറിയിക്കുന്നത്. സാംസ്കാരിക സം​ഗമങ്ങളും ആഘോഷങ്ങളും ഏറ്റവും കൂടുതലൽ സംഘടിപ്പിക്കുന്ന ജില്ലയും തിരുവനന്തപുരമാണ്. ഒരാഴ്ച നീണ്ടു നിൽക്കുന്ന പരിപാടികളിലൂടെയായിരിക്കും ന​ഗരം കടന്നു പോകുക. ഓണനാളിൽ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ സമർപ്പിക്കുന്ന ഓണവില്ല് തയ്യാറാക്കുന്നത് തിരുവനന്തപുരത്താണ്. കരമനയിൽ സ്ഥിതി ചെയ്യുന്ന ഓണവില്ല് കുടുംബമാണ് കാലങ്ങളായി ഓണവില്ല് തയ്യാറാക്കി ക്ഷേത്രത്തിൽ സമർപ്പിക്കുന്നത്.  

ആലപ്പുഴയിലെ കായൽഭം​ഗി

കിഴക്കിന്റെ വെനീസായ ആലപ്പുഴയും ഓണാഘോഷങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന ജില്ലകളിലൊന്നാണ്. കേരളവും ഓണവും കാണാനെത്തുന്ന വിദേശികൾ‌ ആദ്യം എത്തുന്ന ജില്ലയും ആലപ്പുഴ തന്നെ. കായൽ ഭം​ഗിയും ഹൗസ്ബോട്ടുകളുമാണ് ആലപ്പുഴയുടെ ആകർഷണങ്ങൽ. വിശാലമായി കിടക്കുന്ന കായൽപ്പരപ്പിൽ ഹൗസ്ബോട്ടിൽ സഞ്ചരിക്കാനും പ്രകൃതി ഭം​ഗി അതിന്റെ പൂർണ്ണതയിൽ ആസ്വദിക്കാനും സാധിക്കുന്നു എന്നതാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം. ഓണമെത്തുമ്പോഴേയ്ക്കും ആലപ്പുഴയിലേക്ക് വിദേശികളെന്ന പോലെ സ്വദേശികളും ഓടിയെത്താറുണ്ട്. ഉത്രാടം മുതൽ ചതയം വരെയുള്ള നാല്  ഓണദിനങ്ങളിലും ആലപ്പുഴ ഓണത്തിരക്കിലായിരിക്കും.  

പുലികളിച്ച് തൃശ്ശൂർ

ഓണത്തിന് പുലികളിറങ്ങുന്ന ജില്ലയാണ് തൃശൂർ. ലോകത്തിന്റെ ആഘോഷഭൂപടത്തിൽ തൃശൂർ ജില്ല അടയാളപ്പെടുന്നതും പുലികളിയുടെ പേരിലാണ്. നൂറ് കണക്കിന് പുലികളാണ് ഓണനാളിൽ‌ തൃശൂരിലിറങ്ങുന്നത്. തൃശൂരിലെ സ്വരാജ് ​ഗ്രൗണ്ടിൽ നിന്നും പരമ്പരാ​ഗത വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് പുലികളി ആരംഭിക്കുന്നത്. കൂട്ടത്തിൽ‌ പരമ്പരാ​ഗത കലാരൂപങ്ങളുടെ ഒരു നിര തന്നെയുണ്ടാകും. തൃശൂർ പൂരം കഴിഞ്ഞാൽ ഓണനാളുകളിലെ പുലികളിയാണ് തൃശൂരിനെ പ്രശസ്തമാക്കുന്നത്. ഓണം കാണാനെത്തുന്നവർ തൃശൂരിലെ ഓണം കൂടി കണ്ടറിയണം. 


 
ഓണത്തല്ലുമായി പാലക്കാട്

പാലക്കാട് ജില്ല ഓണാഘോഷങ്ങളിൽ വ്യത്യസ്തമാകുന്നത് ഓണത്തല്ലിന്റെ പേരിലാണ്. പണ്ടത്തെ ഓണക്കളികളിൽ പ്രധാനപ്പെട്ട സ്ഥാനെ ഓണത്തല്ലിനുണ്ടായിരുന്നു. രണ്ട് പേർ ചേർന്ന് പരസ്പരം വെല്ലവിളി നടത്തി കളിച്ചിരുന്ന കളിയാണിതെന്ന് പറയാം. എന്നാൽ ഒരാള്ർ ജയിച്ച് കഴിഞ്ഞാൽ മാത്രമേ ഈ കളി അവസാനിക്കുകയുള്ളൂ. ഓണത്തല്ല് കാണണമെങ്കിൽ പാലക്കാട് ജില്ലയിൽ പോകണം എന്ന് സാരം. അതുപോലെ സദ്യയുടെ കാര്യത്തിലും പാലക്കാട് പ്രത്യേകതയുണ്ട്. സദ്യ കഴിച്ച് കഴിഞ്ഞതിന് ശേഷമായിരിക്കും ഓണത്തല്ല് നടത്തുന്നത്.  

ഓണപ്പൊട്ടന്റെ കണ്ണൂർ

ഓണത്തോടനുബന്ധിച്ച് തെയ്യം നടത്തുന്ന ജില്ലായാണ് കണ്ണൂർ. അതുപോലെ വടക്കേ മലബാറിൽ ഓണത്തോട് അനുബന്ധിച്ച് അവതരിപ്പിക്കപ്പെടുന്ന തെയ്യം കലാരൂപമാണ് ഓണപ്പൊട്ടൻ. വായ് തുറക്കാതെ ആം​ഗ്യത്തിൽ കാര്യങ്ങൾ അവതരിപ്പിക്കുന്നതിനാലാണ് ഓണപ്പൊട്ടൻ എന്നറിയപ്പെടുന്നത്. കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ ഉൾ​ഗ്രാമങ്ങളിലാണ് ഓണപ്പൊട്ടനിറങ്ങുന്നത്. ​ഗ്രാമവാസികളെ സംബന്ധിച്ചിടത്തോളം ഓണപ്പൊട്ടൻ ദൈവമാണ്. എല്ലാവരും അനു​ഗ്രഹം സ്വീകരിച്ചാണ് ഓണപ്പൊട്ടനെ വരവേൽക്കുന്നത്. 

ഓണം കൂടാനെത്തുന്നവർ ഈ ജില്ലകൾ കൂടി സന്ദർശിക്കണം. കാരണം മൺമറഞ്ഞുപോയിക്കൊണ്ടിരിക്കുന്ന പരമ്പരാ​ഗത ഓണക്കാഴ്ചകൾ ഇവിടെ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് ഓണത്തെക്കുറിച്ച് പറയുമ്പോൾ ഈ ജില്ലകളെ പ്രത്യേകം എടുത്തു പറയുന്നത്.